കാതലിലെ ഓമന മാത്രമല്ല, 'പരീക്ഷണകല്യാണ'ങ്ങള്‍ക്ക് ഇരകള്‍ വേറെയുമുണ്ട്!

By Speak Up  |  First Published Dec 5, 2023, 4:37 PM IST

എനിക്കും ചിലത് പറയാനുണ്ട്. റഫീസ് മാറഞ്ചേരി എഴുതുന്നു


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined


ഉറക്കത്തില്‍ മൂത്രമൊഴിക്കുക എന്നത് അവളുടെ ശീലമായിരുന്നു.  അലാറം വെച്ച് ഉറക്കത്തിനു ഇടവേള നിശ്ചയിച്ച് മൂത്രമൊഴിച്ച് കിടന്നിട്ടും ഉസ്താദിനേയും പണിക്കരെയും കണ്ട് പ്രതിനിധികള്‍ ചെയ്തിട്ടും ശീലം മാറിയില്ല. അപ്പോഴാണ് കല്യാണം കഴിഞ്ഞാല്‍ ശീലം മാറുമെന്ന് വേണ്ടപ്പെട്ടവര്‍ ആരോ ഉപദേശിച്ചത്! താലിച്ചരടില്‍ തളച്ചിട്ടും ഒളിപ്പിച്ചുവെച്ച ശീലം മാറിയില്ല, പകരം ബന്ധം വേര്‍പെടുത്തേണ്ടി വന്നു!

എന്തൊക്കെ പറഞ്ഞിട്ടും ചെയ്തിട്ടും മകന്റെ ലഹരി ഉപയോഗത്തിന് യാതൊരു അറുതിയുമില്ല. അപ്പോഴാണ് ഇനി സ്‌നേഹം കൊണ്ട് മാത്രേ ഇവനെ മാറ്റിയെടുക്കാന്‍ കഴിയൂ എന്ന് വീട്ടുകാര്‍ക്ക് തോന്നിത്തുടങ്ങിയത്. അന്വേഷണത്തിനൊടുവില്‍ എല്ലാം സഹിക്കാന്‍ പ്രാപ്തയായ ഒരുവളെ കണ്ടെത്തി മിന്നു ചാര്‍ത്തിച്ചു. ലഹരി ഉപയോഗത്തിന് അറുതിയുണ്ടായില്ല, ഒരാള്‍ കൂടി അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വന്നു. ജീവിതം ദുസ്സഹമെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ നല്ല പാതി മടങ്ങി, മറുപാതി മാറ്റമില്ലാതെ പുകഞ്ഞു!

ജന്മനാലുള്ള വൈകൃതങ്ങള്‍, മനോ വൈകല്യങ്ങള്‍, സ്വഭാവ രീതികള്‍, ഹോര്‍മോണ്‍ തകരാറുകള്‍, ദുശ്ശീലങ്ങള്‍  എന്നിവയൊക്കെ ഒളിപ്പിച്ചു വെച്ച് വിവാഹ ബന്ധങ്ങള്‍ക്ക് മുതിരുന്നവര്‍ ഏറെയാണ്. വിവാഹം കഴിഞ്ഞാല്‍ എല്ലാം ശരിയാകും എന്ന ധാരണയില്‍എത്രയെത്ര രോഗങ്ങളും ശീലങ്ങളുമാണ് നമ്മള്‍ മാറുമെന്ന് കരുതിയത്! ഇതൊന്നും ഒരു ഡോക്ടറുടെ ഉപദേശപ്രകാരമായിരുന്നില്ല; പണ്ടുമുതലേ കേട്ടുവന്ന കല്യാണം കഴിഞ്ഞാല്‍ എല്ലാം മാറുമെന്ന അന്ധമായ ധാരണ ഒന്നുകൊണ്ടു മാത്രം!

ജിയോബേബി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം 'കാതലി'ലെ ഓമനയെ പോലെ എത്രയെത്ര ഓമനമാര്‍ സമൂഹമെന്ത് വിചാരിക്കും എന്നു കരുതി എല്ലാം സഹിച്ചു കഴിയുന്നുണ്ടാവും? തിരിച്ചു പോയാല്‍ എന്ത് എന്ന ചോദ്യച്ചിഹ്നം ജീവിതത്തിന് മുമ്പില്‍ വെല്ലുവിളിയായി നില്‍ക്കുന്ന എത്രയെത്ര തൊഴില്‍രഹിതരുണ്ടാകും? അതേ പോലെ സ്വന്തം ഇഷ്ടത്തെ പണയം വെച്ച് മുന്നോട്ട് പോകുന്ന, സമൂഹം എന്തുകരുതുമെന്ന് ചിന്തിച്ച് സഹിക്കുന്ന എത്ര പുരുഷന്മാര്‍! സ്‌നേഹ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ആയുസ്സിന്റെ താളുകള്‍ കണ്ണീര്‍ നനച്ച് മറിക്കുന്നവര്‍!

ഒളിപ്പിച്ചു വെച്ച ഒന്നിനെയും വിവാഹമെന്നല്ല ഒരു ബന്ധവും  ശരിയാക്കുന്നില്ല. എല്ലാം മുന്‍കൂറായി പറഞ്ഞും പങ്കുവെച്ചും ഇണക്കി ചേര്‍ത്തത് മാത്രമാണ് സ്‌നേഹത്തിന്റെ നീരുവറ്റാതെ  ജീവിതാവസാനം വരെ ഉണങ്ങാതിരുന്നിട്ടുള്ളത്. അല്ലാത്തതൊക്കെ മുറിഞ്ഞ് വൈവാഹിക പംക്തിയില്‍ വീണ്ടും പുതിയ സ്വപ്നങ്ങളെ തേടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്; തന്റേതല്ലാത്ത കാരണത്താല്‍ എന്ന വാചകം ചേര്‍ത്തുള്ള പുനര്‍വിവാഹത്തിന്റെ പുതിയ പ്രതീക്ഷകളുമായി..!

സ്വയം വെളിപ്പെടുത്താതെ ജീവിക്കുക എന്നതും സ്വന്തം ഇഷ്ടത്തെ പണയം വെച്ച് അനുസരിക്കുക എന്നതും ആത്മഹത്യാപരമെങ്കില്‍ അതിനായി മറ്റൊരാളുടെ ജീവിതം ബലിയാക്കുന്നത് കൊടിയ പാതകം തന്നെയാണ്. ശരീരത്തിനും മനസ്സിനും അവകാശങ്ങളുണ്ട്, സ്വാതന്ത്ര്യങ്ങളുണ്ട്. അവയെ തടങ്കലിട്ട് ഏത് സൗകര്യങ്ങള്‍ കൊണ്ടാണ് സൗഖ്യം നേടാനാവുക!
 

Also Read: പോണ്‍ അഡിക്ടായ ഭര്‍ത്താവ്, നിരന്തര ബലാല്‍സംഗങ്ങള്‍, ഇങ്ങനെയുമുണ്ട് മനുഷ്യര്‍!

click me!