ചൈനയില്‍ കൊവിഡ് പടരുമ്പോള്‍ പാലായിലെ റബര്‍ കര്‍ഷകര്‍ ഭയക്കേണ്ടതുണ്ടോ?

By Biju S  |  First Published Dec 30, 2022, 3:33 PM IST

കോവിഡ് പടര്‍ന്നു പിടിച്ചാല്‍ അത് ചൈനയിലെ വ്യവസായത്തെയും വാണിജ്യത്തെയും നിശ്ചലമാക്കും. അവര്‍ റബര്‍ വാങ്ങാതാവുകയോ കുറയ്ക്കുകയോ ചെയ്താല്‍  ലോക വിപണിയില്‍ റബര്‍ കെട്ടികിടക്കും. ചൈനയില്‍ നിന്ന് ഉത്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക്  പോയില്ലെങ്കിലും അവിടെയും   വാണിജ്യം സ്തംഭിക്കും. അതും റബര്‍ വിപണിയെ തളര്‍ത്തും.  


ചൈനയില്‍ കൊവിഡ് പടരുകയാണ്. അവിടെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞുവെന്നും, ശവശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അടഞ്ഞ രാജ്യമായതിനാല്‍  ചൈനയിലെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് അറിയില്ല. ചൈനയില്‍ അത്ര ഭയാനകമൊന്നുമല്ല കാര്യങ്ങളെന്ന് മൂന്ന് മലയാളികള്‍ പറയുന്ന ഒരു വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെയും വസ്തുത നമുക്ക് അറിയില്ല. വഴിപോക്കര്‍ പറയുന്ന കാര്യങ്ങള്‍ സൂചനയാണ്, എന്നാല്‍ അത് ആധികാരികമാകണമെന്നില്ല. പക്ഷേ ഒരു വസ്തുത തെളിഞ്ഞു വരുന്നുണ്ട്. 

പശ്ചിമ ഘട്ടത്തിലെ മലയോരവാസികള്‍ ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ് . വിഴിഞ്ഞത്തില്‍ നിന്ന് വ്യത്യസ്തമായി പരിസ്ഥിതിലോല ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കുറച്ചു കൂടി ഉഷാറായി ഇടപെട്ടു. എന്നാല്‍ മലയാളികള്‍ യഥാര്‍ത്ഥ  പ്രശ്‌നം നേരിടാന്‍ പോകുന്നുതേ  ഉള്ളു. ചൈനയില്‍ കോവിഡ് കൂടിയാല്‍ അതിന്റെ  പുളിപ്പ് അറിയാന്‍ പോകുന്നത് പാലായിലും  കാഞ്ഞിരപ്പള്ളിയിലും താമരശ്ശേരിയിലുമൊക്കെയാവും എന്നതാണ് വാസ്തവം. അതെങ്ങനെ എന്നാണ് ചോദ്യമെങ്കില്‍ ഈ കണക്കുകള്‍ കാണൂ: 

Latest Videos

undefined

ലോകത്തെ ആകെ പ്രതിവര്‍ഷ  റബര്‍ ഉപയോഗം 140 ലക്ഷം ടണ്‍. 2020ല്‍ ചൈന വാങ്ങിയ റബര്‍ 45.49 ലക്ഷം. 2021ല്‍ അത് 48 ലക്ഷം ടണ്‍ ആയി ഉയര്‍ന്നു. അതായത് ലോകത്തെ മൂന്നിലൊന്ന്  റബര്‍ ഉപഭോഗം ചൈനയുടെതാണ്. റബര്‍ ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്തുള്ള നമ്മുടെ ഉപയോഗ തോത് 12 ലക്ഷം ടണ്‍ ആണ്. അതായത് ചൈനയുടെ നാലിലൊന്ന്. എന്നാല്‍, ചൈന നേരിട്ട് ഇന്ത്യില്‍ നിന്ന് റബര്‍ വാങ്ങുന്നില്ല.. അവര്‍ പ്രധാനമായും വാങ്ങുന്നത് തായ്‌ലാന്‍ഡ്, ഇന്‍ഡൊനീഷ്യ, വിയ്റ്റനാം എന്നിവിടങ്ങളില്‍ നിന്നാണ്. 

എന്നാല്‍, കോവിഡ് പടര്‍ന്നു പിടിച്ചാല്‍ അത് ചൈനയിലെ വ്യവസായത്തെയും വാണിജ്യത്തെയും നിശ്ചലമാക്കും. അവര്‍ റബര്‍ വാങ്ങാതാവുകയോ കുറയ്ക്കുകയോ ചെയ്താല്‍  ലോക വിപണിയില്‍ റബര്‍ കെട്ടികിടക്കും. ചൈനയില്‍ നിന്ന് ഉത്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക്  പോയില്ലെങ്കിലും അവിടെയും   വാണിജ്യം സ്തംഭിക്കും. അതും റബര്‍ വിപണിയെ തളര്‍ത്തും.  കാരണം റബര്‍  പ്രധാനമായി  ഉപയോഗിക്കുന്നത് ടയറിനായാണ്. ചൈനയിലത് 65 ശതമാനമാണെങ്കില്‍ ഇന്ത്യയിലത് 73 ശതമാനമാണ്. ശിഷ്ടം മാത്രമാണ് മറ്റ് വ്യവസായങ്ങള്‍ റബര്‍ ഉപയോഗിക്കുന്നത്. ലോകം ചലിച്ചില്ലെങ്കില്‍ നമ്മുടെ റബര്‍ കര്‍ഷകര്‍ പട്ടിണിയിലാകും. 

 

 

ഒരു കാലത്ത് റബര്‍ എന്ന് വച്ചാല്‍ കേരളമായിരുന്നു. ഇന്ത്യയുടെ റബര്‍ ഉത്പാദനം ഏതാണ്ട് മുഴുവനായിട്ടും  കേരളത്തിലായിരുന്നു. റബര്‍ ബോര്‍ഡിന്റെ ആസ്ഥാനം കോട്ടയം. ഇവിടെയുള്ള പാലായാണ് നമ്മുടെ ഓര്‍മ്മകളിലെ റബര്‍ തലസ്ഥാനം. റബറിന് കിട്ടിയ വിലയാണ് ഈ പ്രദേശങ്ങളുടെ സാമ്പത്തിക സാമൂഹ്യ അഭിവൃദ്ധിക്ക് കാരണം. അതിനാല്‍ തന്നെ റബര്‍ കര്‍ഷകരുടെ അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തത്തില്‍ മേല്‍ പടുത്തുയര്‍ത്തിയ പാലാക്കാരുടെ കേരളകോണ്‍ഗ്രസ് റബറിനായി അക്ഷീണം പോരാടി. കേരളത്തിലെ സ്വന്തം തേങ്ങടയക്കം ഒരു വിളക്കും കിട്ടാത്ത പരിഗണന റബറിന് കിട്ടാന്‍ കാരണംഈ രാഷ്ട്രീയ സമ്മര്‍ദ്ദമായിരുന്നു. എന്നാല്‍ മാണി സാറടക്കം ആ പഴയ തലമുറ അരങ്ങൊഴിഞ്ഞതോടെ റബറിനുള്ള രാഷ്ട്രീയ സ്വാധീനം നഷ്ടമായി. ഇപ്പോള്‍ നീതി ആയോഗ് അഥവാ മോദിയുടെ ആസൂത്രണ കമ്മീഷന്‍ റബര്‍ ബോര്‍ഡ് എന്ന പ്രസ്ഥാനം തന്നെ റദ്ദാക്കണമെന്ന നിലപാടിലാണ്.സ്വാതന്ത്ര്യാനന്തരം 1947-ല്‍ റബര്‍ ആക്റ്റ് പ്രകാരം ഇന്ത്യയില്‍ റബര്‍ കൃഷി വ്യാപിപ്പിക്കാനാണ് ഈ സ്ഥാപനം നിലവില്‍ വരുന്നത്. സൈനിക ആവശ്യങ്ങള്‍ക്കടക്കം വേണ്ട അസംസ്‌കൃത പദാര്‍ത്ഥമായ റബറിനെ തന്ത്രപ്രാധാന്യമുള്ള ഉത്പന്നമായാണ് രാജ്യങ്ങള്‍ കണക്കാകുന്നത്. അതിനാലാണ് കാര്‍ഷിക വിളയാണെങ്കിലും  നമ്മളതിനെ വാണിജ്യ വ്യവസായ വകുപ്പിന് കീഴിലാക്കിയത്. ആഭ്യന്തരമായി പരമാവധി റബര്‍  ഉത്പാദിപ്പിച്ച് വിദേശനാണ്യം ലാഭിക്കുകയായിരുന്നു ലക്ഷ്യം.

അതിനാല്‍ പരമാവധി പ്രോത്സാഹനം ആദ്യ  കാലങ്ങളില്‍ റബറിന് കിട്ടി. ഈര്‍പ്പവും മലഞ്ചെരുവും പോലുള്ള അനുകൂല അവസ്ഥ മൂലം അങ്ങനെ കേരളത്തില്‍ റബര്‍ തഴച്ചു വളര്‍ന്നു. റബറിന്റെ  രാജ്യത്തെ 91 ശതമാനം   കൃഷി സ്ഥലവും 92 ശതമാനം ഉത്പാദനവും കേരളത്തിലായിരുന്നു. രാജ്യത്തെ ഏതാണ്ട് 13 ലക്ഷം റബര്‍ കര്‍ഷകരുണ്ടായിരുന്നതില്‍ 11 ലക്ഷവും കേരളത്തിലായിരുന്നു അടുത്ത കാലം വരെ. 6 ലക്ഷത്തോളം തൊഴിലാളികളും ഉണ്ടായിരുന്നു. ഒരു കാലത്ത് കുടുംബമൊന്നാകെയുള്ള അദ്ധ്വാനമാണ് റബര്‍ കൃഷിയെ മുന്നോട്ടു നയിച്ചത്. കേരളത്തിലെ 6 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. എന്നാല്‍ ഈ സ്ഥിതി മാറുകയാണ്. 2019-ല്‍ പുറത്തു വന്ന ദേശീയ റബര്‍ നയം പ്രകാരം കേരളത്തില്‍ റബര്‍ കൃഷി അധികമാണെന്നും 4 മുതല്‍ 7 ശതമാനം വരെ കുറയ്ക്കാനും ശുപാര്‍ശ വന്നു. റബര്‍ കൃഷിക്ക് അനുയോജ്യമായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 11 ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശ വന്നു.    അതായത് 5 ലക്ഷം ഹെക്ടറില്‍ അവിടങ്ങളില്‍ കൃഷി വ്യാപിപ്പിക്കണം. കേരളം കഴിഞ്ഞാല്‍ ഇപ്പോള്‍ ത്രിപുരയാണ് റബര്‍ കൃഷിയില്‍ മുന്നില്‍ 85000-ല്‍പ്പരം ഹെക്ടറിലായി അവര്‍ 80,000 ടണ്‍ ഉത്പാദിപ്പിക്കുന്നു. 

2021-ല്‍  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 3858 ഹെക്ടര്‍ പ്രദേശത്താണ് റബര്‍ കൃഷി വ്യാപിപ്പിച്ചത്. 2022-ല്‍ ഇത് 23082 ഹെക്ടറിലേക്ക് കുതിച്ചു. ഏതാണ്ട് ആറിരട്ടി  വര്‍ദ്ധന. 2023-ല്‍ 50,000, 2024-ല്‍ 60,000, 2025-ല്‍ മറ്റൊരു 60,000 ഹെക്ടര്‍ അതാണ് ലക്ഷ്യമിടുന്നത്. 2027-28 ഓടെ ഇതില്‍ നിന്ന് പാലെടുത്ത് തുടങ്ങും. അതായത് 2030-ഓടെ റബറില്‍ കേരളത്തിന്റെ മേല്‍ക്കോയ്മ നഷടപ്പെടും.

ഒന്നറിയണം, നമ്മുടെ റബര്‍ കൃഷിയില്‍ കുറച്ചു മാത്രമേ വന്‍കിട തോട്ടങ്ങളുള്ളു. ശിഷ്ടമെല്ലാം 10 ഹെക്ടറില്‍ താഴെയുള്ള-അതില്‍ മഹാ ഭുരിപക്ഷവും ഒരു ഹെക്ടറില്‍ കുറവുള്ള- തോട്ടങ്ങളാണ്. അതായത് റബറില്‍ നിന്ന്  കിട്ടിയ വരുമാനം കൊണ്ട് നിരവധി കുടുംബങ്ങളാണ് സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ന്നത്. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേ റബര്‍ കൃഷി വ്യാപനം നമ്മുടെ നാട്ടിലെ പോലെയല്ല.അവിടെ കോര്‍പ്പേററ്റുകളാണ് റബര്‍ കൃഷിക്കായി രംഗത്തിറങ്ങിയിരിക്കുന്നത്. ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ അഥവാ ആത്മ അടുത്ത 5 വര്‍ഷത്തേക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 2 ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്കാണ് റബര്‍കൃഷി വ്യാപനം പ്രഖ്യാപിച്ചിട്ടുള്ളത്. 1,100 കോടിയുടെ ഈ പദ്ധതിയില്‍ മുല്‍മുടക്ക് നടത്തുന്നത് ജെ.കെ, അപ്പോളോ, സിയാറ്റ്, എം.ആര്‍.എഫ് പോലുള്ള വമ്പന്‍ ടയര്‍ ഉത്പാദന കമ്പനികളായിരിക്കും. വടക്കു കിഴക്കന്‍ കര്‍ഷകര്‍ ഒരു തരത്തില്‍ ഭുമി വാടകയ്ക്ക് കൊടുക്കുന്നതു പോലെയായിരിക്കും. കാര്യങ്ങള്‍ നടത്തുന്നത് ടയര്‍ കമ്പനികളായതിനാല്‍ ഇനി റബര്‍ ബോര്‍ഡിന് വലിയ പ്രസക്തിയുണ്ടാകില്ല എന്നതിനാലാണ് അവരെ നിഷ്‌കാസനം ചെയ്യാന്‍ നീതി ആയോഗ് ശുപാര്‍ശ ചെയ്യുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍  നിന്നുള്ളവര്‍ ഇതിനെ കാണുന്നത് വലിയ വികസനമായാണ്. റോഡടക്കം പുതിയ  ധാരാളം അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനകം വലിയ തോതില്‍ ആരംഭിച്ചു കഴിഞ്ഞു. പക്ഷേ സവിശേഷമായ ഗോത്ര വിഭാഗങ്ങള്‍ അധിവസിക്കുന്ന പരിസ്ഥിതി ലോല പ്രദേശങ്ങളിലെ കാലാവസ്ഥക്കും, ഭുപ്രകൃതിക്കും ഭക്ഷ്യ സുരക്ഷയ്ക്കും  ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് 2019-ലെ ദേശീയ റബര്‍ നയസമീപനം രേഖ സൂക്ഷ്മമായി വായിച്ചാല്‍ മനസ്സിലാകും. . കേരളത്തിലാണെങ്കിലും റബര്‍ കൃഷി സാമൂഹ്യ സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കിയെങ്കിലും അത് പരിസ്ഥിതിയെയും ഭക്ഷ്യ സുരക്ഷയെയും ബാധിച്ചിരുന്നു.

 

 

എന്നാല്‍ റബറും മറ്റേതൊരു മരത്തെയും പോലെ  പരിസ്ഥിതി  ധര്‍മ്മം നിര്‍വഹിക്കുന്നുണ്ട്. കാര്‍ബണ്‍ ഡൈ ഓക്‌സിഡ് വലിച്ചെടുത്ത് ഓക്‌സിജന്‍ പുറംതള്ളല്‍ നടത്തുന്നതിനാല്‍ കാര്‍ബണ്‍ ഫണ്ട് നേടിയെടുക്കാന്‍ വ്യവസായികള്‍ ശ്രമിക്കുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും എന്തിന് വിദേശത്തെ തോട്ടങ്ങളിലുടെയും പേരില്‍   ഇത്തരത്തില്‍ കാര്‍ബണ്‍ ഫണ്ട് നേടിയെടുക്കാന്‍ അവര്‍ ചരട് വലികള്‍ നടത്തുന്നുണ്ട്. ആസിയാന്‍ കരാറിന്റെ മറവില്‍  ലാവോസിലും, തായ്‌ലന്റിലും , കമ്പോഡയിലും രാജ്യാന്തര നിക്ഷേകര്‍ റബര്‍  കൃഷിക്കായി എത്തിയിട്ടുണ്ട്. ഐവറി കോസ്റ്റ് പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇപ്പോള്‍ റബര്‍ കൃഷിക്കായി ടയര്‍ വ്യവസായികളും സ്വകാര്യ സംരംഭകരും എത്തുന്നുണ്ട്. ഇന്ത്യയിലെ    വ്യവസായികളും ഈ രംഗത്ത് എത്തിയിട്ടുണ്ട്. സ്വാഭാവികമായും ഇനി അവിടുന്നങ്ങളില്‍ നിന്നുള്ള റബര്‍ കൂടുതലായി അവര്‍  ഇന്ത്യയിലേക്ക് എത്തിക്കുന്നതോടെ റബറിന് വീണ്ടും വിലയിടിയും. 

വാചകമടിക്ക് അപ്പുറം  റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സംസ്ഥാന  സര്‍ക്കാറുകളും  രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ഇപ്പോള്‍ തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം.  കേരളത്തില്‍ പൊതുമേഖലയിലെ റബര്‍ ഫാക്ടറികള്‍ പ്രഖ്യാപനത്തിനപ്പുറം ഒന്നും കാര്യമായി പ്രവര്‍ത്തിച്ചില്ല. കെ.എം മാണി അടക്കമുള്ളവര്‍ മുന്‍കൈയെടുത്തിട്ടും പാലാഴി പോലുള്ള റബര്‍ കമ്പനികള്‍ ലക്ഷ്യം കാണാതെ അകാല ചരമത്തിലേക്കാണ് പോയത്. ഏഷ്യയിലെ തന്നെ ആദ്യ പൊതുമേഖലാ റബര്‍ കമ്പനിയായ തിരുവനന്തപുരത്തെ  ട്രിവാന്‍ഡ്രം റബര്‍ വര്‍ക്‌സ് പതിറ്റാണ്ടുകള്‍ക്ക്   മുമ്പ് ഊര്‍ദ്ധശ്വാസം വലിച്ച് അവസാനിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് സൈനികര്‍ക്കുള്ള ടെന്റടക്കം നിര്‍മ്മിക്കാന്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ തുടങ്ങിയ നമ്മുടെ പ്രധാന വ്യവസായമായിരുന്നു അത്. ചാക്കയിലെ  ഫാക്ടറി വളപ്പില്‍ റെയിവേ സ്റ്റേഷന്‍ വരെയുണ്ടായിരുന്ന കമ്പനി ജനാധിപത്യ സര്‍ക്കാറുകളുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം കെട്ടടങ്ങിയതാണ് ചരിത്രം.    
 

click me!