കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സൗഹൃദം തേടി, സഹായം തേടി പുടിന്‍റെ യാത്രകള്‍

By Alakananda R  |  First Published Jun 23, 2024, 12:32 PM IST


യുക്രൈന്‍ യുദ്ധം പുടിനെ ചെറുതൊന്നുമല്ല വലച്ചത്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഒപ്പം ആയുധ ക്ഷാമവും. ഈ അവസരത്തിലാണ് സൗഹൃദ രാജ്യങ്ങളോടുള്ള അടുപ്പം ശക്തമാക്കാന്‍ പുടിന്‍റെ കിഴക്കനേഷ്യന്‍ നയതന്ത്ര യാത്ര. 



ഷ്യൻ പ്രസിഡന്‍റിന്‍റെ വടക്കൻ കൊറിയ, വിയറ്റ്നാം സന്ദർശനമായിരുന്നു കഴിഞ്ഞയാഴ്ച ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ഒടുവില്‍ ആ ആശങ്കകൾ സത്യമായി. പടിഞ്ഞാറിനെ പ്രകോപിപ്പിച്ച് കൊണ്ട്, പരസ്പര സുരക്ഷ ഉറപ്പാക്കുന്ന കരാറിൽ പുടിനും കിമ്മും ഒപ്പിട്ടു. വമ്പൻ സ്വീകരണമാണ് കിം, പുടിനായി ഒരുക്കിയത്. 2000 -ന് ശേഷം ആദ്യമായാണ് പുടിൻ, വടക്കൻ കൊറിയയിലെത്തുന്നത്. അന്ന് പ്രസിഡന്‍റായി അധികകാലം കഴിയും മുമ്പായിരുന്നു സന്ദർശനം. കിം ജോങ് ഉന്നിന്‍റെ അച്ഛൻ കിം ജോങ് ഇല്‍ ആയിരുന്നു അന്നത്തെ നേതാവ്. ഇപ്പോഴത്തെ സന്ദർശനത്തിന് പലതാണ് കാരണങ്ങൾ. രണ്ടുകൂട്ടർക്കും പ്രയോജനമുള്ള പലത്.

പ്യോങ്യാങിലെ പ്രധാന ചത്വരത്തിൽ സൈനിക പരേഡും ജനക്കൂട്ടവും റോസാപ്പൂക്കളുമായാണ് വടക്കന്‍ കൊറിയ പുടിനെ സ്വാഗതം ചെയ്തത്. തുറന്ന ലിമൂസിനിൽ രണ്ട് നേതാക്കളും തോളോടുതോൾ ചേർന്ന് നിന്ന് യാത്ര ചെയ്തു. ഈ ആഘോഷം പുടിൻ തിരികെപ്പോകുന്നതുവരെ രാജ്യത്ത് എല്ലായിടത്തും പിന്തുടർന്നു എന്നാണ് റിപ്പോർട്ട്. സൗഹൃദ സന്ദർശനം എന്നായിരുന്നു വിശേഷണമെങ്കിലും യുക്രൈന്‍ യുദ്ധം, ആണവ പദ്ധതി, എന്നിവയുടെ പശ്ചാത്തലത്തിലാണ് സന്ദർശനത്തിന് ഇത്രയും പ്രാധാന്യമുണ്ടായത്.  ഇരുരാജ്യങ്ങളും തമ്മില്‍ ഈ രണ്ട് കാര്യങ്ങളെയും ബാധിക്കുന്ന ധാരണകളുണ്ടായാൽ യുദ്ധ സാഹചര്യമാവും ഫലം എന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. 

Latest Videos

(വ്ളാഡിമിർ പുടിൻ)

ജി 7 ഉച്ചകോടി; യുക്രൈന് ആശ്വാസം, പക്ഷേ, യൂറോപ്യന്‍ യൂണിയനിലെ തീവ്രവലത് മുന്നേറ്റത്തില്‍ ആശങ്ക

ആക്രമിച്ചാല്‍, സഹകരണം 

യുക്രൈൻ യുദ്ധത്തിന് പൂർണപിന്തുണ നൽകിയ ചുരുക്കം നേതാക്കളിൽ ഒരാളാണ് കിം. പടിഞ്ഞാറിന്‍റെ ഉപരോധം നേരിടുന്നു രണ്ടുപേരും. റഷ്യക്ക് ആയുധങ്ങൾ വേണം. വടക്കന്‍ കൊറിയ ബാലിസ്റ്റിക് മിസൈലുകളും വെടിക്കോപ്പുകളും  റഷ്യക്ക് നൽകിയതിന് തെളിവുണ്ടെന്ന് അമേരിക്കയും തെക്കൻ കൊറിയയും പറയുന്നു. പകരം ഭക്ഷണം, ഊർജം, ബഹിരാകാശ പദ്ധതി എന്നിവയിൽ റഷ്യ, വടക്കന്‍ കൊറിയയെ സഹായിക്കുന്നു. ഇത്തവണത്തെ പക്ഷേ, അമേരിക്കയുടെ കാഴ്ചപ്പാടിൽ കൂടിക്കാഴ്ച പരിധികൾ കടന്നു. പുറത്ത് നിന്ന് ആക്രമണം ഉണ്ടായാൽ പരസ്പരം സഹായിക്കുമെന്ന കരാറിൽ രണ്ടുകൂട്ടരും ഒപ്പിട്ടു. അതിൽ, പടിഞ്ഞാറ് ഞെട്ടി. 'പടിഞ്ഞാറൻ വിരുദ്ധ സഖ്യത്തിന് തുല്യമായ കരാർ'. കിം തന്നെ കരാറിനെ വിശേഷിപ്പിച്ചത് അങ്ങനെയാണ്. 

രണ്ടാം ലോക മഹയുദ്ധത്തിന് ശേഷം രൂപമെടുത്തപ്പോൾത്തന്നെ സോവിയറ്റ് യൂണിയനോടായിരുന്നു വടക്കൻ കൊറിയയുടെ അടുപ്പം. കിം ഇൽ സുങായിരുന്നു ആദ്യത്തെ വടക്കന്‍ കൊറിയൻ മേധാവി. തെക്കൻ കൊറിയയ്ക്ക് കിട്ടുന്ന അമേരിക്കൻ പിന്തുണയ്ക്ക് പകരമായിരുന്നു വടക്കിനോടുള്ള സോവിയറ്റ് യൂണിയന്‍റെ സൗഹൃദം. പക്ഷേ, സോവിയറ്റ് തകർച്ചയോടെ വടക്കന്‍ കൊറിയയും അനാഥമായി. ക്ഷാമം വരെ നേരിട്ടു രാജ്യം. പുടിൻ പ്രസിഡന്‍റ് ആയതോടെ പഴയ സൗഹൃദം പുനസ്ഥാപിച്ചു. അന്ന് കിം ജോങ് ഇല്ലാണ് നാട് ഭരിച്ചിരുന്നത്. പുടിൻ, വടന്‍ കൊറിയയിലെത്തുന്ന ആദ്യത്തെ റഷ്യൻ മേധാവിയായി. അതിനുശേഷം കിം ജോങ് ഇൽ, റഷ്യ സന്ദർശിച്ചു. 9 ദിവസത്തെ ട്രെയിൻ യാത്ര. സഹകരണ കരാർ ഒപ്പിട്ടു. പക്ഷേ, സൈനിക സഹകരണം മാത്രം ഉണ്ടായില്ല. 

കിം ജോങ് ഉൻ ഭരണമേറ്റ് കുറേക്കാലം വലിയ സഹകരണമുണ്ടായിരുന്നില്ല. പടിഞ്ഞാറുമായി സൗഹൃദമുണ്ടായിരുന്ന കാലത്ത് പുടിൻ, കിമ്മിനെതിരായ ഉപരോധങ്ങൾ അംഗീകരിച്ചിട്ടുണ്ട്. 2018 -ലെ നയതന്ത്ര കൂടിക്കാഴ്ചകളിൽ കിം കൂടുതൽ തവണ കണ്ടത് തെക്കന്‍ കൊറിയൻ പ്രസിഡന്‍റ് മൂന്‍ ജേ ഇന്നിനെയാണ്.  പിന്നെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ. 

(വ്ളാഡിമിർ പുടിനും കിം ജോംഗ് ഉനും)

ഗാസ സംഘര്‍ഷം ഒഴിവാക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ ഊർജ്ജിതം; പക്ഷേ, അയയാതെ ഹമാസും ഇസ്രയേലും

ഒറ്റപ്പെട്ടവരുടെ ഒത്തുചേരല്‍

ഇപ്പോൾ പക്ഷേ, സ്ഥിതി മാറിയിരിക്കുന്നു. പുടിനും കിമ്മിനെ പോലെ ആഗോള രംഗത്ത് ഒറ്റപ്പെട്ടിരിക്കുന്നു. രണ്ട് കൂട്ടർക്കും പരസ്പരം ആവശ്യങ്ങളുണ്ട്. അതിന്‍റെ ഭാഗമാണ് കരാർ. 'സമാധാനത്തിന് വേണ്ടി' എന്നാണ് കിം വിശേഷിപ്പിക്കുന്നത്. യുക്രൈന്‍ യുദ്ധത്തിലെ പിന്തുണയ്ക്ക് നന്ദി പറഞ്ഞു പുടിൻ. രണ്ട് കൂട്ടരും അന്താരാഷ്ട്ര വേദിയിൽ ഒറ്റപ്പെട്ടവർ. പരസ്പര സഹായം കരുത്താകും. 

റഷ്യക്ക് ആയുധം, വടക്കന്‍ കൊറിയയ്ക്ക് സൈനിക സാങ്കേതിക വിദ്യ. രണ്ട് കാര്യത്തിലും പടിഞ്ഞാറിന് ആശങ്ക മാത്രമേയുള്ളൂ. വടക്കന്‍ കൊറിയ, സുരക്ഷാ സമിതി ഉപരോധങ്ങൾ മറികടക്കുന്നോ എന്നറിയാൻ പരിശോധനകൾ വേണെമെന്ന യുഎന്‍ സുരക്ഷാ സമിതി പ്രമേയം മാർച്ചിൽ റഷ്യ വീറ്റോ ചെയ്തിരുന്നു. അതിന്‍റെ പിന്നാലെയാണ് ഇരുവരും തമ്മിലുള്ള സൈനിക സഹകരണ കരാർ. പക്ഷേ, ഇതിന്‍റെയെല്ലാം പിന്നിൽ മൂന്നാമതൊരാളുണ്ട് എന്ന് നിരീക്ഷകർ. 

ഷീ ജിങ് പിങ് എന്ന തന്ത്രശാലി

കളത്തിലെ ശരിയായ കളിക്കാരൻ, ചൈനീസ് പ്രസിഡന്‍റ് ഷീ ജിങ് പിങ് ആണെന്ന് നിരീക്ഷകര്‍. ഷീക്ക് ഈ കൂട്ടുകെട്ട് അത്ര ശക്തമാകുന്നത് ഇഷ്ടമല്ലെന്നാണ് നിരീക്ഷണം. കൂട്ടുകെട്ടിന് പരിധി വേണമെന്നുള്ള ഷീയുടെ ആഗ്രഹം പുടിന് അറിയാം എന്നാണതിന്‍റെ ബാക്കി. മേയിലെ സന്ദർശനത്തിന് ശേഷം നേരെ വടക്കൻ കൊറിയയിലേക്ക് പോകുന്നതിൽ നിന്ന് ഷീ, പുടിനെ തടഞ്ഞു എന്നാണ് റിപ്പോർട്ട്. അതേസമയം പുടിനുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ പഴി കേൾക്കുന്നുണ്ട് ഷീ. പടിഞ്ഞാറിന്‍റെ മുന്നറിയിപ്പുകൾ അങ്ങനെയങ്ങ് തള്ളിക്കളയാൻ ഷീക്ക് പറ്റില്ല. 

അതുമൊരു പരസ്പര സഹായ സഹകരണ സംഘമാണ്. വിനോദ സഞ്ചാരം, നിക്ഷേപം, ഇതൊക്കെ വേണം ചൈനയ്ക്ക്. യൂറോപ്യൻ സഞ്ചാരികൾക്ക് വിസയില്ലാത്ത യാത്രകൾ വരെ അനുവദിക്കുന്നു ചൈന. 'പാണ്ട നയതന്ത്രം' (Panda Diplomacy) വേറെ. ഒറ്റപ്പെടുത്തൽ ഷീക്ക് താൽപര്യമില്ല. ചൈനീസ് സമ്പദ്‌വ്യവസ്ഥയും വിപണിയും ഉത്പാദനമേഖലയും അത് താങ്ങില്ല. ഷീയുടെ ആഗോള നേതാവാകാനുള്ള മോഹം വേറെ. യുക്രൈന്‍ യുദ്ധത്തെ തള്ളിപ്പറഞ്ഞില്ലെങ്കിലും റഷ്യക്ക് കാര്യമായ സൈനിക സഹായം ഷീ നൽകിയിട്ടില്ല. കിമ്മിനോട് ചെറിയ താൽപര്യക്കുറവുണ്ടെന്നാണ് ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലെ വിലയിരുത്തൽ. 

ജപ്പാനും തെക്കൻ കൊറിയയും അടുത്തത് കിമ്മിന്‍റെ ആയുധ പരീക്ഷണങ്ങൾ കാരണമാണ്. സംഘർഷം കൂടുമ്പോൾ ശാന്തസമുദ്രത്തിൽ യുദ്ധക്കപ്പലുകൾ കൂടുന്നതും ഷീക്ക് താൽപര്യമില്ല. എന്തായാലും റഷ്യ, കിമ്മിനെ അത്രയ്ക്കങ്ങ് സഹായിക്കുന്നത് ഷീക്ക് പഥ്യമല്ല. അതുകൊണ്ട് സഹായത്തിന് പരിധിയുണ്ടാവും എന്നാണ് ഈ വാദക്കാരുടെ വിലയിരുത്തൽ. 

റഷ്യക്കും വടക്കൻ കൊറിയക്കും ചൈനയെ ആവശ്യമാണ്, റഷ്യയുടെ എണ്ണ വാങ്ങുന്നത് ചൈന. വടക്കൻ കൊറിയയുടെ 80 ശതമാനം വ്യാപാരവും ചൈനയുമായാണ്. അതുകൊണ്ടാവണം, കിം വിരിച്ച ചുവന്ന പരവതാനിയിലൂടെ നടന്നെങ്കിലും ഷീയെ പ്രശംസിച്ച പോലെ പുടിൻ കിമ്മിനെ പ്രശംസിച്ചില്ല എന്നാണ് കണ്ടെത്തൽ. 'സഹോദരൻ' എന്നാണ് ഷീയെ വിശേഷിപ്പിച്ചത്. തന്‍റെ കുടുംബം ചൈനീസ് ഭാഷ പഠിക്കുന്നു എന്നുവരെ പറഞ്ഞു. അങ്ങനെയൊരു കീഴടങ്ങൽ പക്ഷേ, കിമ്മിനോട് ഉണ്ടായില്ല. പുടിൻ, കിമ്മിന് സമ്മാനമായി നൽകിയത് ഓറസ് കാറാണ്. റഷ്യൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വാഹനമാണിത്. രണ്ടാം തവണയാണ് ഈ കാർ നൽകുന്നത്. പിന്നെയൊരു ടീ സെറ്റും. പുടിന് ലഭിച്ചതാകട്ടെ സ്വദേശികളായ രണ്ട് നായക്കുട്ടികളും.  സമ്മാനം കൊടുത്ത കാറിൽ പുടിൻ കിമ്മിനെയും കൊണ്ട് ഡ്രൈവിന് പോയി. പുടിൻ ഡ്രൈവ് ചെയ്തു. തിരിച്ചു വന്നപ്പോൾ കിം ഏറ്റെടുത്തു ഡ്രൈവിംഗ് സീറ്റ്. അങ്ങേയറ്റത്തെ സുരക്ഷാ ക്രമീകരണങ്ങൾക്കിടെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു ചടങ്ങ്. പക്ഷേ കൗതുകകരം. അതുതന്നെയാണ് ഉദ്ദേശ്യവും. 

(വ്ളാഡിമിർ പുടിനും വിയറ്റ്നാം പ്രസിഡന്‍റ് തോ ലാമും)

ദക്ഷിണാഫ്രിക്ക; മണ്ടേലയുടെ പാര്‍ട്ടിക്ക് 30 വര്‍ഷത്തിനിടെ ആദ്യമായി ഭൂരിപക്ഷം നഷ്ടമായി

'മുള നയതന്ത്രം' പയറ്റി വിയറ്റ്നാം

വടക്കന്‍ കൊറിയയിൽ നിന്ന് പുടിനെത്തിയത് നേരെ വിയറ്റ്നാമിൽ. യുക്രൈൻ അധിനിവേശം ന്യായീകരിക്കാനുള്ള വേദി വിയറ്റ്നാം ഒരുക്കിക്കൊടുത്തു എന്ന് അമേരിക്ക ആരോപിച്ചു. പക്ഷേ, വിയറ്റ്നാമും റഷ്യയും പണ്ടേ സുഹൃത്തുക്കളാണ്. ലെനിന്‍റെ പ്രതിമ ഇപ്പോഴും ഹാനോയിയെ അലങ്കരിക്കുന്നു. എല്ലാ വർഷവും ലെനിന്‍റെ പിറന്നാളിന് വിയറ്റ്നാം ഉദ്യോഗസ്ഥ സംഘം പ്രതിമയ്ക്ക് മുന്നില്‍ പൂക്കൾ സമർപ്പിച്ച് തലകുനിച്ചു നിൽക്കും.

വടക്കന്‍ കൊറിയയെ പോലെ തന്നെ കമ്മ്യൂണിസ്റ്റ് രാജ്യമായ കാലത്ത് തുടങ്ങിയതാണ് സോവിയറ്റ് - വിയറ്റ്നാം ബന്ധം. കംബോഡിയയിലെ ഖമർറൂഷ് ഭരണകൂടത്തെ പുറത്താക്കാൻ കംബോഡിയ ആക്രമിച്ച വിയറ്റ്നാമിനെ അന്ന് ചൈനയടക്കം ഒറ്റപ്പെടുത്തി. പക്ഷേ, സോവിയറ്റ് യൂണിയൻ മാത്രം ഒപ്പം നിന്നു. ഇന്ന് വിയറ്റ്നാം ഒരുപാട് മുന്നിലാണ്. വ്യാപാര പങ്കാളികൾ അമേരിക്കയും, യൂറോപ്പും ചൈനയുമൊക്കെയാണ്. പഴയ ശത്രുവായ അമേരിക്കയുമായി നല്ല ബന്ധമാണ് വിയറ്റ്നാമിന്. ഏജന്‍റ് ഓറഞ്ച് ( Agent Oreange) അടക്കം വിഷം വിതറി തലമുറകളെ തന്നെ രോഗബാധിതരാക്കിയ അമേരിക്കയുടെ നടപടി യുദ്ധകുറ്റകൃത്യമാണ്. എന്നിട്ടും അത് മാറ്റിവച്ച്, സൗഹൃദത്തിലായി വിയറ്റ്നാം. ചൈനയുമായും നല്ല ബന്ധം തന്നെ.

പക്ഷേ, പഴയ കഥകൾ വിയറ്റ്നാം അങ്ങനെ മറന്നിട്ടില്ല. റഷ്യൻ സൈനികോപകരണങ്ങൾ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. തെക്കൻ ചൈന കടലിലെ എണ്ണ ഖനനത്തിന് റഷ്യൻ എണ്ണക്കമ്പനികളാണ് പങ്കാളികൾ. പക്ഷേ, മാറിയ സാഹചര്യങ്ങൾ വിയറ്റ്നാമിന് പ്രശ്നമായത് യുക്രൈൻ അധിനിവേശത്തോടെയാണ്. റഷ്യയെ തള്ളാനും വയ്യ, കൊള്ളാനും വയ്യാത്ത അവസ്ഥ. ഒരുതരത്തിലാണ് രണ്ടുവള്ളത്തിൽ കാലുചവുട്ടി പോകുന്നത്. റഷ്യക്കെതിരായ യുഎൻ പ്രമേയങ്ങളിൽ നിന്ന് വിട്ടുനിന്ന വിയറ്റ്നാം, കീവിന് ചില സഹായങ്ങളും ചെയ്തു. ഈ തന്ത്രപരമായ നിലപാടിന് പാർട്ടി നേതൃത്വം ഇട്ടിരിക്കുന്ന പേര്  'മുള നയതന്ത്രം' (Bamboo Diplomacy) എന്നാണ്. അതായത് 'കാറ്റിന് അനുസരിച്ച് വളയുക, പക്ഷം പിടിക്കില്ല' എന്ന് തന്നെ. 

ഏഷ്യൻ രാജ്യങ്ങൾക്ക് യുക്രൈന്‍ യുദ്ധം ഇപ്പോഴും, ദൂരെയെവിടെയോ നടക്കുന്ന യുദ്ധമാണ്. അതുതന്നെയാണ് വിയറ്റ്നാമിലെ പൊതുജനത്തിന്‍റെയും നിലപാട്. അതുകൊണ്ട് വിയന്‍റ്നാംമീസ് ജനതയ്ക്ക് പുടിനോട് ഉടനെയൊന്നും ശത്രുത ഉണ്ടാകില്ല. പക്ഷേ, എത്രനാൾ അങ്ങനെ പോകുമെന്നും ഉറപ്പില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ രാജികളും നേതൃമാറ്റങ്ങളും ചിലപ്പോൾ ബാംബൂ നയതന്ത്രത്തെയും സ്വാധീനിച്ചേക്കാം. തൽകാലം പക്ഷേ, പുടിനെയും റഷ്യയേയും വിലമതിക്കുന്നു വിയറ്റ്നാം.

click me!