ഓർക്കുക സംസാരിക്കാനുള്ള കഴിവുപോലെ പ്രധാനമാണ്, ചില അവസരങ്ങളിൽ ഒന്നും സംസാരിക്കാതെ ഇരിക്കാനുള്ള കഴിവും. നന്മമരത്തിൻറെ ചെയ്തികൾ പൊതു പ്രവർത്തകർക്ക് ഒരു പാഠമാണ്.
മെഡിസിനിൽ നോബൽ സമ്മാനം (2001) നേടിയ ശാസ്ത്രജ്ഞൻ ടിം ഹണ്ട്, കൊറിയയുടെ തലസ്ഥാനം ആയ സോളിൽ വെച്ച്, 2015 ജൂണിൽ നടന്ന ഒരു സമ്മേളനത്തിൽ (World Conference of Science Journalists) സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. കോൺഫറൻസ് ഹാൾ മുഴുവനും, ലോകത്തിൽ നിന്നുള്ള പ്രശസ്തരായ ശാസ്ത്രജ്ഞൻമാരും, ശാസ്ത്രലേഖനങ്ങളുടെ റിപ്പോർട്ടറന്മാരുമാണ്.
undefined
അദ്ദേഹം പറഞ്ഞെതെന്തെന്നാൽ, ''സയൻസ് റിസർച്ച് ലാബുകളിൽ പെൺകുട്ടികൾ ജോലി ചെയ്യുമ്പോൾ പ്രധാനമായും, മൂന്ന് കാര്യങ്ങൾ സംഭവിക്കാം. നിങ്ങൾ അവരുമായി സ്നേഹത്തിലാകാം, അല്ലെങ്കിൽ അവർ നിങ്ങളുമായി സ്‌നേഹത്തിലാകാം. അവരെ വിമർശിച്ചാൽ, അവർ കരയും." ('Girls' working in science is that three things happen when they are in the lab... You fall in love with them, they fall in love with you and when you criticize them, they cry.)
ഇതിലും വലിയ സെക്സിസ്റ്റ് (ലൈംഗീക വിഭജന മനോഭാവമുള്ള) കമെന്റുകൾ കേട്ടിട്ടുള്ള നമുക്ക്, ഇതൊരു വലിയ കാര്യമായി തോന്നില്ല. അല്ലേ? ഇതിലെന്താണ് തെറ്റ്? എന്ന് ചിന്തിക്കുന്നവരും ഉണ്ടാവാം. പക്ഷേ, പാശ്ചാത്യരാജ്യത്തൊക്കെ ഇങ്ങനെ പറയുന്നത് വളരെ കുറ്റകരമാണ്. വാക്കിലും പ്രവൃത്തിയിലും ഒരുതരത്തിലും ലിംഗപരമായ വിഭജന മനോഭാവം കാണിക്കാൻ പാടില്ല. പ്രത്യേകിച്ചും ഉത്തരവാദിത്വപ്പെട്ട പദവികളിൽ ഇരിക്കുന്നവർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ.
അദ്ദേഹം ലണ്ടനിലെ പ്രശസ്തമായ റോയൽ സൊസൈറ്റിയുടെ ഫെല്ലോ ആയിരുന്നു. ഈ പ്രസ്താവന നടത്തിയ ഉടനെ റോയൽ സൊസൈറ്റിയുടെ ട്വീറ്റിൽ പറഞ്ഞു, ഞങ്ങളുടെ കാഴ്‍ചപ്പാടല്ല, സയന്‍സിന് സ്ത്രീകളെ വേണം ('don’t reflect our views.' 'Science needs women.') എന്ന്. അങ്ങനെ സംസാരം വിവാദമായതിനെ തുടർന്ന് അദ്ദേഹം BBC -യിൽക്കൂടി ക്ഷമാപണം നടത്തി. തെറ്റുകൾ മുഴുവൻ ഏറ്റുപറഞ്ഞു.
പക്ഷേ, അദ്ദേഹത്തിന് ആ ഒരു പ്രസ്താവനയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. നോബേൽ ജേതാവാണ്, റോയല്‍ സൊസൈറ്റി ഫെല്ലോ ആണ്, പ്രശസ്ത ശാസ്ത്രജ്ഞൻ ആണ്, സര്‍ പദവി കിട്ടിയ ആളാണ് എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല, അദ്ദേഹത്തിന്‍റെ ഈയൊരു കമന്‍റിന്‍റെ (തമാശയുടെ) പേരിൽ അദ്ദേഹത്തിന് തന്‍റെ യൂണിവേഴ്‍സിറ്റി കോളേജ് ലണ്ടനിലുള്ള ജോലി രാജി വയ്‌ക്കേണ്ടി വന്നു.
ഇതുപോലെ ധാരാളം വിവാദങ്ങളിൽ പെട്ട ആളാണ്, ഇറ്റാലിയൻ പ്രധാനമന്ത്രി ആയിരുന്ന സിൽവിയോ ബർലോസ്‌സ്‍കൂണി. 2008 -ൽ സ്പാനിഷ് തെരഞ്ഞടുപ്പിനുശേഷം ജോസ് ലൂയിസ് സപ്പാറ്റെറോ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. 'സപ്പാറ്റെറോ സ്ത്രീകൾക്ക് മുൻതൂക്കമുള്ള ഒരു ഗവൺമെന്‍റാണ് രൂപീകരിച്ചത്. അതിനെ നയിക്കാൻ അദ്ദേഹം കുറച്ച് കഷ്ടപ്പെടേണ്ടി വരും. സാരമില്ല, ചോദിച്ചുവാങ്ങിയ കഷ്ടപ്പാടാണ്..! (Zapatero has formed a government that is too pink… He will have problems leading them. Now he's asked for it.) എന്നായിരുന്നു അത്. പതിനേഴ് സ്ത്രീ ക്യാബിനറ്റ് മന്ത്രിമാരെ തെരഞ്ഞെടുത്തതിന് ആണ് 'ടൂ പിങ്ക്' എന്ന് അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവന, രണ്ടുരാജ്യങ്ങളിലെയും സ്ത്രീകൾക്കിടയില്‍ അനിഷ്ടം ഉണ്ടാക്കി.
പറഞ്ഞുവന്നത്, രാക്ഷ്ട്രീയക്കാരും, കവികളും, നന്മ മരങ്ങളും ഒദ്യോഗിക പദവികളിൽ ഇരിക്കുന്നവരും, വാക്കുകൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പ്രത്യേകിച്ചും സെക്സിസ്റ്റ് കമന്‍റുകള്‍ (ലിംഗപരമായി വിഭജന മനോഭാവമുള്ള) കമന്‍റുകൾ ഒരിക്കലും പ്രയോഗിച്ചുകൂടാ. പല രാജ്യങ്ങളിലും മന്ത്രിമാർ മുൻകൂട്ടി തയ്യാറാക്കിയ പ്രസ്ഥാവന വായിക്കുക ആണ് പതിവ്. നമ്മുടെ രാഷ്ട്രീയനേതാക്കൾക്കും അനുകരിക്കാവുന്ന മാതൃകയാണ്.
ചില സമയങ്ങളിൽ വാ പൂട്ടി ഇരിക്കുന്നതാവും സംസാരിക്കുന്നതിനേക്കാൾ ഫലപ്രദം. അമേരിക്കൻ എഴുത്തുകാരനായ ജോഷ് ബില്ലിങ്സ് (യഥാർത്ഥ പേര് Henry Wheeler Shaw) ഒരിക്കൽ വളരെ രസകരമായ കാര്യം പറഞ്ഞു. ''ഇത് എനിക്കിപ്പോൾ പറഞ്ഞേ തീരൂ എന്ന് മനസ്സിൽ തോന്നുമ്പോളും, ജീവിതം തകർന്നു എന്ന അവസ്ഥയിലും നാക്ക് കടിച്ചു പിടിക്കുന്നതാണ് ഉത്തമം.''
ഓർക്കുക സംസാരിക്കാനുള്ള കഴിവുപോലെ പ്രധാനമാണ്, ചില അവസരങ്ങളിൽ ഒന്നും സംസാരിക്കാതെ ഇരിക്കാനുള്ള കഴിവും. നന്മമരത്തിൻറെ ചെയ്തികൾ പൊതുപ്രവർത്തകർക്ക് ഒരു പാഠമാണ്. പേരു പറഞ്ഞില്ലെങ്കിലും അദ്ദേഹം പറഞ്ഞ വാക്കുകൾ ഒരു സ്ത്രീക്ക് എതിരെയും പ്രയോഗിക്കരുതാത്തതാണ്. അദ്ദേഹം ഇത്രയും കാലം പടുത്തുയർത്തിയ ചീട്ടുകൊട്ടാരം ഒരു നിമിഷംകൊണ്ട് തകർന്നത് കണ്ടില്ലേ?
നമ്മൾ വികാരവിക്ഷോഭത്തിൽ പറയാനുദ്ദേശിക്കുന്ന കാര്യം പറഞ്ഞില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. പക്ഷേ, പറഞ്ഞാലോ? ചിലപ്പോൾ, അതൊരു ദുരന്തമായി മാറാം. നന്മമരമെന്നു കരുതിയ ആൾക്ക് സംഭവിച്ചതു പോലെ. എത്ര വലിയ മരം ആയാലും, പറഞ്ഞ വാക്കുകൾ മാപ്പർഹിക്കാത്തതാണ്.