നീറ്റ് വിവാദം; രാജ്യം മുഴുവന്‍ വ്യാപിച്ച 'സോൾവർ ഗ്യാങും' ചേരുന്ന ചോദ്യപേപ്പറുകളും

By Dhanesh Ravindran  |  First Published Jun 27, 2024, 3:29 PM IST

അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഉന്നത പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ പരീക്ഷാ തട്ടിപ്പിന് ആരാണ് കാരണം? നീറ്റ് പരീക്ഷാ തട്ടിപ്പിന്‍റെ ഉള്ളുകള്ളികളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ രണ്ടാം ഭാഗം വായിക്കാം.  



ത്തരേന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോരുന്നത് ഇന്ന് ദേശീയ തലക്കെട്ടുകളാണ്. പൊതു തെരഞ്ഞെടുപ്പിന് മുമ്പാണ് യു പി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്. വലിയ വിവാദമായ സംഭവം യോഗി സർക്കാരിനെ പ്രതിരോധത്തിലാക്കി. അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നതോടെ ചോദ്യപേപ്പർ മാഫിയുടെ ഇടപെടൽ പുറത്തുവന്നു. ഒടുവില്‍ യുപി - ബീഹാർ - ജാർഖണ്ഡ് ഉൾപ്പെടെ പടർന്ന് കിടക്കുന്ന കുപ്രസിദ്ധ മാഫിയിലേക്ക് തന്നെ അന്വേഷണം എത്തുന്നു.  

നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

Latest Videos

undefined

'സോൾവർ ഗ്യാങും' ചോദ്യപേപ്പര്‍ ചോര്‍ച്ചയും

'സോൾവർ ഗ്യാങ്' (solver gang) എന്ന വിളിപ്പേരുള്ള പരീക്ഷാ തട്ടിപ്പ് സംഘത്തിലേക്ക് അന്വേഷണം നീങ്ങി. സമൂഹമാധ്യമങ്ങളിലൂടെ ആവശ്യക്കാരെ കണ്ടെത്തുകയാണ് ഇവരുടെ രീതി. പിന്നീട്, സമൂഹ മാധ്യമങ്ങളില്‍ തന്നെ ചോദ്യപേപ്പറുകള്‍ അപ്ലോഡ് ചെയ്യുന്നതാണ് സംഘത്തിന്‍റെ പ്രവര്‍ത്തന രീതി. സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യക്കാരെ കണ്ടെത്തുകയാണ് ഇവരുടെ രീതി.  മാതൃകാ ചോദ്യപേപ്പറുകളും അതിലെ ഉത്തരങ്ങളുമൊക്കെ എത്തിച്ച് വിശ്വാസ്യത നേടി എടുക്കുകയാണ് സംഘം ആദ്യം ചെയ്യുന്നത്. വളരെ വേഗം രാജ്യത്തിന്‍റെ മുക്കിലും മൂലയിലും എത്താന്‍ പാകത്തിലുള്ള ബന്ധങ്ങൾ വരെ ഇവർക്കുണ്ട്. ഈ സംഘത്തിന്‍റെ തലവൻ എന്ന് വിളിക്കുന്നത് യുപി സ്വദേശി രവി അത്രിയാണ്. വിവിധ സംസ്ഥാനങ്ങളിലുടനീളം പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുള്ള കുറ്റവാളി. 

(സോള്‍വര്‍ ഗ്യാങിലെ രവി അത്രിയും സഞ്ജീവ് മുഖിയയും)

ഫിസിക്സിന് 85% മാർക്ക്, കെമിസ്ട്രിക്ക് 5 ശതമാനവും! ചോദ്യപേപ്പർ മുമ്പേ ലഭിച്ച വിദ്യാർഥിയുടെ മാർക്ക് ലിസ്റ്റ്

അന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥി, ഇന്ന് ചോദ്യ പേപ്പര്‍ ചോർച്ചാ സംഘത്തലവന്‍

മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കാൻ പോയ വിദ്യാർത്ഥി പിന്നീട്, ചോദ്യപേപ്പർ ചോർച്ചകളുടെ തലവനായി മാറിയതിന്‍റെ കഥയാണ് രവി അത്രിയുടേത്.  2007 -ലാണ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കുടുംബം അത്രിയെ രാജസ്ഥാനിലെ പ്രശസ്തമായ പ്രവേശന പരീക്ഷാ കോച്ചിംഗ് സെന്‍ററുകളുടെ ആസ്ഥാനമായ കോട്ടയിലേക്ക് അയച്ചത്. ആ പോക്ക് ഡോക്ടറാകാനായിരുന്നില്ല മറിച്ച് കുപ്രസിദ്ധ മാഫിയ തലവനിലേക്കുള്ള രവിയുടെ തുടക്കമായിരുന്നു. അഞ്ച് വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ 2012 -ൽ പ്രവേശന പരീക്ഷ പാസായ രവി പിജിഐ റോഹ്തക്കിൽ പ്രവേശനം നേടിയെങ്കിലും നാലാം വർഷം പരീക്ഷയെഴുതിയില്ല. ഇക്കാലമാവുമ്പോഴേക്കും ഇയാള്‍ പരീക്ഷാ മാഫിയയുമായി സമ്പർക്കം പുലർത്തിയിരുന്നു. ഒപ്പം മറ്റ് ഉദ്യോഗാർത്ഥികളുടെ പകരക്കാരാനായി പരീക്ഷ എഴുതി തട്ടിപ്പുകളിലേക്കും കടന്നിരുന്നു.  

സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നു; പരീക്ഷ മാറ്റി, കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷാഫലവും വൈകും

പിന്നീട്, സ്വന്തമായി ഒരു സംഘത്തെ ഉണ്ടാക്കി ചോദ്യപേപ്പറുകൾ ചോർത്തുന്ന മാഫിയയായി വളര്‍ന്നു. വിവാദമായ യുപി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയതിന് രവിയെ കഴിഞ്ഞ ഏപ്രിലിൽ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ജയിലിന് പുറത്ത് ഇയാളുടെ സംഘാംഗങ്ങള്‍ നിര്‍ബാധം പ്രവർത്തനം തുടരുകയാണ്.

രാജ്യം മൊത്തം വ്യാപിച്ച ഗ്യാങ്

ഈ ഗ്യാങ്ങിലെ പ്രധാനപ്പെട്ട ഒരാള്‍, നളന്ദാ സ്വദേശിയും ബീഹാറിലെ മുഖ്യ കണ്ണിയും സർക്കാർ കോളേജിലെ ജീവനക്കാരനുമായ സഞ്ജീവ് മുഖിയയാണ്. പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട സഞ്ജീവിന്‍റെ പങ്കിന് രണ്ട് പതിറ്റാണ്ടിന്‍റെ കഥയുണ്ട്. നളന്ദ കോളജില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍റായിരുന്ന സഞ്ജീവ്, 2016 -ലെ കുപ്രസിദ്ധ ബീഹാര്‍ പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പരീക്ഷാത്തട്ടിപ്പുകളുടെ ഒരു വലിയ ചരിത്രം തന്നെ ഇയാള്‍ക്കുണ്ട്. 

ചോദ്യപ്പേപ്പര്‍ വിവാദം: എൻടിഎ ഡയറക്ടര്‍ ജനറൽ സുബോധ് കുമാര്‍ സിങിനെ നീക്കി; പകരം ചുമതല പ്രദീപ് സിങ് കരോളക്ക്

ബീഹാർ അധ്യാപക റിക്രൂട്ട്‌മെന്‍റ് പരീക്ഷയിൽ കൃത്രിമത്വം കാട്ടിയതിനെത്തുടര്‍ന്ന്‌ ഇയാളുടെ മകൻ ഡോ. ശിവ് എന്ന ബിട്ടു, ഈ വർഷം ആദ്യം അറസ്റ്റിലായിരുന്നു. മുഖിയയും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ടെങ്കിലും അറസ്റ്റ് ഉണ്ടായില്ല. മുഖിയയുടെ അടുത്ത അനുയായിയായ ബല്‍ദേവ് കുമാറിനാണ് ചോദ്യപേപ്പറിന്‍റെ പകര്‍പ്പ് ലഭിച്ചതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തൽ. ഇയാള്‍ പരീക്ഷയുടെ അന്ന് ഉത്തരം അടക്കം മത്സരാര്‍ത്ഥികള്‍ക്ക് കൈമാറിയിരുന്നു. ബല്‍ദേവ് ഈ കേസിലെ പ്രതികളില്‍ ഒരാളാണ്. ജാര്‍ഖണ്ഡില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. 

നീറ്റ് പരീക്ഷ ക്രമക്കേട്; രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്ത് എൻടിഎ

ബീഹാർ സർക്കാരിൽ ജൂനിയർ എഞ്ചീനീയറായ സിഖ്ന്ദർ പ്രസാദ്, നീറ്റ് ചോദ്യപേപ്പർ ചോർത്തി 40 ലക്ഷത്തിന് വിൽപനയ്ക്ക് വച്ചെന്ന് മൊഴി നൽകി. ഇതിന് സഹായം നൽകിയവരിൽ ഐടി എഞ്ചീനീയറായ മുംഗീർ സ്വദേശി അമിത് ആനന്ദുമുണ്ട്. ആവശ്യക്കാരെ കണ്ടെത്തി പണം വാങ്ങുന്നതിന് ഇടനില നിന്ന നളന്ദാ സ്വദേശി റോഷൻ കുമാറും അറസ്റ്റിലായി. സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ ഈ സംഘാംഗങ്ങളെ തേടി ബീഹാറും ജാർഖണ്ഡും കടന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം പുരോഗമിക്കുകയാണ്. 
 

ഒന്നാം ഭാഗം;  നീറ്റ് വിവാദം; രാജ്യം മുഴുവന്‍ വ്യാപിച്ച പ്രവേശന പരീക്ഷാ തട്ടിപ്പിന്‍റെ വ്യാപ്തി

മൂന്നാം ഭാഗം: നീറ്റ് വിവാദം; എന്‍ടിഎയും ചോദ്യപേപ്പര്‍ ചോരുന്ന വഴികളും

click me!