ഷാനി മോളേ, അന്ന് ഉപ്പയും നീയും എങ്ങോട്ടാണ് പോയത്?

By Nee Evideyaanu  |  First Published Apr 18, 2019, 6:40 PM IST

ആനി ടീച്ചറുടെ ക്ലാസായ രണ്ടാം ക്ലാസിലേക്ക് ജയിച്ചു ചെല്ലുമ്പോള്‍ ഞാനിരിക്കുന്ന ബെഞ്ചില്‍ അന്ന് ഒന്നാം ക്ലാസില്‍ ഇല്ലാതിരുന്ന ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഷാനി മോള്‍. അപരിചിത്വം ഇല്ലാതെ അവളെന്നോട് ചിരിച്ചു. 


കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍. നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

Latest Videos

undefined

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

നഴ്സറി ക്ലാസിലെ വയറുവേദനക്കാരിയില്‍ നിന്ന് ഒന്നാം ക്ലാസില്‍ എത്തിയപ്പോള്‍  വയറുവേദന എന്ന കാരണത്തിന് പകരം മറ്റ് പല അടവുകളും ഞാന്‍ കണ്ടെത്തി തുടങ്ങിയിരുന്നു. ദിവസവും രണ്ട് വരകോപ്പി എഴുതാനുള്ള മടിയും പിന്നെ രാവിലത്തെ അസംബ്ലിയുമെല്ലാം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോഴും മടിയുടെ അവസ്ഥാന്തരങ്ങള്‍ മാത്രമാണ് എന്റെ എല്ലാ സിക്ക് ലീവുകള്‍ എന്നത് വേറെ കാര്യം.

സ്കുളിന് മുന്നിലൂടെ     12.45 -ന് സുബ്രമണ്യന്‍ ബസ് പോകുമ്പോളേയ്ക്കും ബാഗിനുള്ളിലെ തേങ്ങ ചമ്മന്തിയുടെ മണം വിശപ്പിനെ തുറന്ന് വിടും. പിന്നെ ബെല്ലടിക്കാനൊന്നും ഞങ്ങള്‍ കുട്ടികള്‍ കാത്തു നില്‍ക്കാറില്ല. ഒറ്റയോട്ടമാണ്. ആ ബസിന്റെ ഒച്ചയോളം കാതോര്‍ത്ത ഒന്നും തന്നെ പിന്നെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.  ഒന്നാം ക്ലാസിലെ ഓര്‍മ്മകളില്‍ ഉള്ളത് ഒരു ചുവന്ന അടപ്പുള്ള പച്ച വാട്ടര്‍  ബോട്ടിലും പിന്നെ ലത ടീച്ചറുമാണ്.

ആനി ടീച്ചറുടെ ക്ലാസായ രണ്ടാം ക്ലാസിലേക്ക് ജയിച്ചു ചെല്ലുമ്പോള്‍ ഞാനിരിക്കുന്ന ബെഞ്ചില്‍ അന്ന് ഒന്നാം ക്ലാസില്‍ ഇല്ലാതിരുന്ന ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഷാനി മോള്‍. അപരിചിത്വം ഇല്ലാതെ അവളെന്നോട് ചിരിച്ചു. അമ്മയോട് തല്ലിട്ട്  മൂപ്പന്റെ കടയില്‍ നിന്നും  വാങ്ങിയ ചോക്ക് പെന്‍സില്‍ അന്ന്  അവള്‍ക്ക് നല്‍കാന്‍ എന്തോ  എനിക്കൊരു മടിയും തോന്നിയില്ല. അന്ന് ഞങ്ങള്‍ ഒരുമ്മിച്ചാണ് ഭക്ഷണം കഴിച്ചതും, അവളെനിക്ക് ചോറിനോട് പറ്റി പിടിച്ചിരിക്കുന്ന തക്കാളി ചമ്മന്തി  തന്നതും എനിക്ക് ഓര്‍മ്മയുണ്ട്. ഇന്നുമുണ്ട് മൊരിഞ്ഞ വെളുത്തുള്ളിയോട് വെളിച്ചെണ്ണ ചേര്‍ത്തിളക്കിയ തക്കാളിയുടെ സ്വാദ് നാവിന്‍ തുമ്പില്‍.  പോപ്പി കുടയുടെ പരസ്യം കണ്ട് കരഞ്ഞ് പിഴിഞ്ഞതിന് അമ്മ ഇന്‍സ്റ്റാളുമെന്‍റായി എനിക്കൊരു ഓറഞ്ച് പൂക്കളുള്ള  പുള്ളിക്കുട വാങ്ങി തന്നു. മഴ പെയ്താലും ഇല്ലേലും അതും ചൂടിയാണ്   വീട്ടിലേക്ക് പോവുക. ഒരൂസം  ആ കുട കറക്കി കറക്കി വീട്ടിലേക്ക്  പോകുമ്പോള്‍ അമ്മയോട് പറഞ്ഞത് ഷാനിയെ കുറിച്ചായിരുന്നു. 

അവളുടെ വാപ്പയ്ക്ക് മീന്‍ കച്ചോടം ആണെന്നും, അങ്ങനെ എന്തൊക്കെയോ...   അതാണ് അവളെ കുറിച്ച്  ആകെ അറിയുന്ന കാര്യം അന്ന്. ഇന്നും അത് തന്നെ. വീടോ നാടോ ഒന്നും അന്ന് ചോദിച്ചിരുന്നില്ല. ആദ്യമായി പുസ്തകത്താളുകള്‍ക്കിടയില്‍ പെറ്റു പെരുകിയ മയില്‍പീലി കുഞ്ഞുങ്ങളെ കാണിച്ച് തന്നതും അവള്‍ തന്നെ...   പിന്നെ പിന്നെ 'ഒന്നാനാം കൊച്ചുതുമ്പി' എന്ന പാഠം വായിച്ചു പഠിക്കാനും,  സ്കൂളിലെ പുളി മരച്ചോട്ടിലേക്കും, കളിയിടങ്ങളിലേക്കുമെല്ലാം ശരീരത്തിന്റെ ഒരു ഭാഗമെന്നോണം ആ കൂട്ടുകാരി ഉണ്ടായിരുന്നു. അവള്‍ അവധിയെടുക്കുമ്പോള്‍ കൂട്ടുകൂടാന്‍ ആരുമില്ലാതെ കളിസ്ഥലങ്ങളില്‍ ഞാനൊരു കാഴ്ച്ചക്കാരിയാകും.. പ്രിയപ്പെട്ടവരോട് ചേര്‍ന്ന് തന്നെ നില്‍ക്കണമെന്ന ആദ്യകാല ഫിലോസഫികളാകണം ഫോട്ടോ എടുക്കുന്ന ദിവസം അവള്‍ക്കൊപ്പം നില്‍ക്കണമെന്ന്  ഒരുപാട് ആഗ്രഹിച്ചത്. 
വര്‍ഷാവസാന ദിനങ്ങളില്‍ അവള്‍ ക്ലാസില്‍ വരാതെയായി. ക്സാസിലേക്ക് കയറാനുള്ള അവസാന ബെല്ലിലും അവള്‍ക്കായുള്ള കാത്തിരിപ്പ് മൂന്നാം ക്ലാസിന്റെ ആദ്യ ദിവസം വരെ നീണ്ടു നിന്നു. പിന്നെ ആരോ പറഞ്ഞു അവളും വാപ്പയും  വേറെ സ്ഥലം മാറി പോയെന്ന്... 

ചങ്കുകളാണെന്ന് പറഞ്ഞ് പിന്നെ ഒത്തിരി കൂട്ടുകാര് എന്റെ ചെറുവിരലില്‍ കോര്‍ത്ത് കെട്ടി  നടന്നിട്ടുണ്ട്. അനിവാര്യമായ കൊഴിഞ്ഞു പോക്ക് അനുസ്യൂതം തുടര്‍ന്നു.  അവരാരും തന്നെ ഓര്‍മ്മകളുടെ നെല്ലിപ്പടിയിലെ വേദനയായി മാറിയിട്ടില്ല. പെറ്റു പെരുകിയ ഓര്‍മ്മകളുടെ മയില്‍പ്പീലി പുസ്തകം തുറന്ന് ഇവള്‍ മാത്രം ഇടയ്ക്ക് വരും. അതു കൊണ്ടാണ് ഇപ്പോഴും  മഴ തോരുന്ന ഇടവഴിലേക്ക് നോക്കി ഞാന്‍ ആരോടോ പറയുന്നത് 'ഓളു  തന്ന്യാ ഇപ്പളും ന്റെ കൂട്ടുകാരി'ന്ന്..

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!