നീ എവിടെയാണ്. സ്‌നേഹ നായര്‍ എഴുതുന്നു
കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്.
ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...
undefined
പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.
പതിവ്‌പോലെ ഹോസ്റ്റലിലേക്ക് തിരിച്ച് പോകുവാനുള്ള ഞായറാഴ്ച വന്നെത്തി. വീടെത്തുമ്പോള്‍ മാത്രം അനുഭവിക്കുന്ന സുഖനിദ്ര നഷ്ടമാകുമ്പോഴുള്ള സകല ദേഷ്യവും പ്രകടിപ്പിച്ചോണ്ടാണ് അച്ഛന്റെ ബൈക്കിന് പുറകെ ഇരുന്നത്. എന്നെ പറഞ്ഞു വിടാന്‍ വല്ലാത്ത തന്ത്രപാട് കാണിക്കുന്ന അച്ഛനോട് നാളെ പോകാം ഞാനെന്ന് പറയുവാനുള്ള ധൈര്യമുണ്ടായില്ല. തിങ്കളാഴ്ച ലാബില്‍ കേറണമല്ലോയെന്ന് അമ്മയുടെ വക താക്കീത്. കടന്നല്‍ കുത്തിയത് പോലെ മുഖം വീര്‍പ്പിച്ചാണ് അന്നത്തെ യാത്ര തുടങ്ങിയത്.
അതിരാവിലെയുള്ള കുളിര്‍മഞ്ഞിലൂടെ വണ്ടിയോടിച്ചുപോകുമ്പോള്‍ അച്ഛന്‍ പാടാറുള്ള പാട്ടുകളൊക്കെയും നല്ല ഓളം തീര്‍ത്തിരുന്നു. ഞാനും ഇടയ്ക്ക് കൂടെപാടും. പക്ഷേ അന്നെന്തൊ റെയില്‍വേ സ്‌റ്റേഷന്‍ എത്തും വരെ മുഖം മ്ലാനമായിരുന്നു. സ്ലീപ്പര്‍ ടിക്കറ്റ് എടുത്ത ശേഷം ട്രെയിന്‍ വരുന്നതുവരെ അച്ഛന്‍ ഒരേ ഇരുപ്പാണ്. ഞാന്‍ കൊച്ചുകുട്ടിയൊന്നുമല്ല, അച്ഛ പോയ്‌ക്കോ, എനിക്കറിയാം ട്രെയിന്‍ കയറിപോകാനെന്ന് ആയിരം ആവര്‍ത്തി പറഞ്ഞു. പക്ഷേ അച്ഛന്‍ കേട്ടില്ല. കേരള എക്്‌സ്പ്രസിലെ ബോഗികളില്‍ മകളേറ്റവും സുരക്ഷിതമായിരിക്കുന്നത് ഏതു സീറ്റിലാകുമെന്ന ഒറ്റ ചിന്തയേ ആ മനസ്സില്‍ ഉണ്ടായിരുന്നിരിക്കുകയുള്ളൂ. അങ്ങനെ അച്ഛന്‍ കണ്ടെത്തിത്തന്ന സീറ്റില്‍ ഇരുന്ന് ഹെഡ്‌സെറ്റ് ചെവിയില്‍ തിരുകി പാട്ടു കേള്‍ക്കാന്‍ തുടങ്ങിയ നിമിഷം മാത്രമേ ഓര്‍മ്മയുള്ളൂ. ഗുലാം അലിയുടെ ഗസല്‍മാധുര്യത്തിലലിഞ്ഞ് ഏകാന്തതയുടെ ആഴങ്ങളില്‍ മൂങ്ങാംകുഴിയിട്ട് കളിച്ചപ്പോള്‍ പെട്ടെന്നൊരു ഉള്‍വിളിപോലെ അച്ഛന്റെ ശബ്ദം. പാതിമയക്കത്തില്‍ നിന്നെഴുന്നേറ്റപ്പോഴാണോര്‍ത്തത്, അച്ഛനോട് യാത്രപോലും പറഞ്ഞില്ലല്ലോയെന്ന്. അപ്പോള്‍ മാത്രമാണ് കൂടെയുണ്ടായിരുന്ന യാത്രികരെ ഞാന്‍ ശ്രദ്ധിച്ചത്. ഭാര്യയും ഭര്‍ത്താവും ഒന്നരവയസ്സോളം പ്രായം തോന്നിക്കുന്ന അവരുടെ കുഞ്ഞ് മുത്തും. ക്രീം കളര്‍ തുണിയില്‍ നിറയെ പൂക്കള്‍ തുന്നിപിടുപ്പിച്ച ഉടുപ്പണിഞ്ഞ സുന്ദരനായ കുട്ടി എന്നെ നോക്കി കുടുകുടാ ചിരിച്ചപ്പോള്‍ സ്വതവേയുള്ള ഗൗരവമൊക്കെ തനിയെ മാഞ്ഞുപോയി.
ഇത്രയ്ക്ക് മനോഹരമായ പുഞ്ചിരി ഞാന്‍ കണ്ടിട്ടേയില്ല!
എന്തുകണ്ടിട്ടാണ് സ്വതവേ അഹങ്കാരം നിറഞ്ഞ മുഖഭാവമുള്ള ഈ എന്നോട് അവന്‍ പാല്‍പുഞ്ചിരിതന്ന് ചിണുങ്ങിയത്? എന്റെ ചുവന്ന ഹെഡ് സെറ്റ് വിഴുങ്ങാന്‍ ചെവി പിടിച്ച് തിരുമ്മിയത്. വിരലുകളില്‍ തൂങ്ങിയാടിക്കളിച്ചത്. അവന്റെ അമ്മയുടെ മടിയിലിരിക്കുമ്പോഴും വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നു അവന്. എന്റെ അടുത്തേക്ക് വരാനായ് പാല്‍പുഞ്ചിരിവിരിയിച്ചുകൊണ്ടേയിരുന്നു. ഇത്രയ്ക്ക് തീക്ഷ്ണമായി എന്നെ സ്‌നേഹിക്കാന്‍ അവനീ ഹൃദയത്തിന്റെ ഏത് അറയിലേക്കാണ് കണ്ണിറുക്കിനോക്കിയത്? എനിക്കറിയില്ല.
അമ്മയുടെ മടിയിലിരിക്കുമ്പോഴും വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നു അവന്.
കുറേ നേരം എന്റെ മടിയിലിരുന്ന് കളിച്ച് എന്തൊക്കെയോ പിറുപിറുത്ത ആ കുഞ്ഞിനോട് തോന്നിയ മാനസിക അടുപ്പം പറഞ്ഞറിയിക്കാനാകുന്നില്ല. അവന്റെ അമ്മയും അച്ഛനുമൊക്കെ ഫോണില്‍ സിനിമകാണുന്ന തിരക്കിലായിരുന്നു. അതിനിടയിലെപ്പോഴോ ഇവനുള്ള കാര്യം അവര്‍ മറന്നുപോയത്‌കൊണ്ടാവാം അവനെന്നോട് ഇത്രയധികം കൂട്ടായത്. 12 മണിയോടടുത്തായപ്പോള്‍ അവര്‍ ഭക്ഷണം കഴിക്കാനായി കുഞ്ഞിനെ എന്റെ അടുക്കല്‍ നിന്നും വാങ്ങിച്ചു. അപ്പോഴും ഞാനോ അവരോ ഞങ്ങളുടെ പേരുകളോ വിവരങ്ങളോ ഒന്നും കൈമാറിയില്ല. തിരുവനന്തപുരത്തേക്കാണ് പോകുന്നതെന്ന് അവരും ചെങ്ങന്നൂരിലേക്കെന്ന് ഞാനും പറയുകമാത്രം ചെയ്തു. അവന്റെ പേരെന്തെന്ന് ചോദിക്കുവാനുള്ള ചിന്ത അവനോട് തോന്നിയ അടങ്ങാത്ത വാല്‍സല്യത്താല്‍ അലിഞ്ഞുപോയി. ചെങ്ങന്നൂരെത്താറായെന്ന് സഹയാത്രികരിലൊരാള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഇവനെ പിരിയേണ്ടിവരുമല്ലോയെന്ന് ഞാനോര്‍ത്തത്. കൈയിലുള്ള മിഠായികളിലൊന്ന് കൈയില്‍വച്ചുകൊടുത്ത് തിരിഞ്ഞു നോക്കാതെ നടന്നപ്പോള്‍ എന്റെ കണ്ണുകളില്‍ നിന്ന് ധാരയായി കണ്ണുനീരൊഴുകി.. ട്രെയിനിന്റെ കടകടാശബ്ദത്തില്‍ അവന്റെ വാശിപിടിച്ചുള്ള കരച്ചില്‍ അലിഞ്ഞില്ലാതാവുകയും ചെയ്തു.
എന്റെ കുഞ്ഞു മുത്തേ.. നിനക്ക് തരാനായ് വാത്സല്യത്തിന്റെ നീരുറവ എന്നില്‍ ഉരുവം കൊണ്ടിട്ടുണ്ട്. ആരെന്നുപോലുമറിയാത്ത, പേരുംപോലുമറിയാത്ത ആ കുഞ്ഞിക്കൈകളെ ഞാനിനി ഏത് പ്ലാറ്റ്‌ഫോമിലാണ് തിരയേണ്ടത്? ഞാനൊരു വയസ്സിയായി പരിണമിക്കുന്ന നിമിഷം, അവനിതുപോലെ ഈ വൃദ്ധയുടെ ചുളിഞ്ഞ ഞരമ്പുനോക്കി ചിരിക്കുമോ? അവനെന്നെ പരിചയമേ ഉണ്ടാവില്ല. കാലമെന്ന അസുരന്‍ തീനാവുകൊണ്ടില്ലാതാക്കുന്നത് വിശേഷണങ്ങള്‍ക്കതീതമായ ബന്ധങ്ങളെയാണ്.
ഇടയ്ക്കിടെ അവനെയോര്‍ക്കുമ്പോഴൊക്കെ അടിവയറ്റില്‍ ഒരാളല്‍ തോന്നും. ചേച്ചിമാരുടെ കുഞ്ഞുങ്ങളൊട്‌പോലും പരിധിക്കപ്പുറം അടുപ്പം കാണിക്കാത്ത ഈ പരുക്കന്‍ ഹൃദയത്തില്‍ അവനെങ്ങനെയാണ് കൂടു കെട്ടിയത്...? ഒന്നുമാത്രം അറിയാം, അവനെ ഓര്‍ക്കുമ്പോഴൊക്കെ എന്റെ ചുരത്താത്ത മാറിടത്തില്‍ വാത്സല്യം നിറയുന്നു. ചുണ്ടുകള്‍ അവനെ ഉമ്മവയ്ക്കുവാനായ് വിറയ്ക്കുന്നു.
നീയിപ്പോള്‍ എവിടെയാണ് കുഞ്ഞാ?
'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം