ഇപ്പോഴേ ആസ്വദിക്കുക, സന്തോഷിക്കുക, ആവോളം ചിരിക്കുക...ഒരു മധ്യവയസ്‌കന്റെ പത്ത് കല്‍പനകള്‍...
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എഴുതുന്നു
നിങ്ങള്‍ ഇന്ന് ഇപ്പോള്‍ മരിക്കുകയാണെങ്കില്‍ നിങ്ങള്‍ സന്തോഷവാനായിട്ടായിരിക്കുമോ മരിക്കുന്നത്? അതോ എന്തൊക്കെയോ ജീവിതത്തില്‍ ചെയ്യാന്‍ ഉണ്ടെന്ന തോന്നലില്‍ ആയിരിക്കുമോ മരിക്കുന്നത്. സ്‌കൂള്‍ പഠനം കഴിഞ്ഞു ജീവിച്ചു തുടങ്ങണം എന്നോ, ജോലി കിട്ടി കഴിഞ്ഞു ശരിക്കും ജീവിച്ചു തുടങ്ങണം എന്നോ, കുട്ടികള്‍ ഒരു വഴിക്കായിട്ടു ജീവിച്ചു തുടങ്ങണം എന്നോ, അവസാനം റിട്ടയര്‍ ആയി കഴിഞ്ഞു ശരിക്കും ആസ്വദിച്ചു ജീവിക്കണം എന്നോ ഒക്കെ കരുതി ജീവിതത്തെ മറ്റൊരു സമയത്തേക്ക് തള്ളി വൈകാതെ ഇപ്പോള്‍ തന്നെ നിങ്ങള്‍ ജീവിതം ആസ്വദിച്ചു തുടങ്ങൂ. ജീവിതം ഒരു ലക്ഷ്യമല്ല മറിച്ച് ഒരു യാത്രയാണ്.
undefined
ഏതാണ്ട് നാല്‍പത്തിയഞ്ചു വയസ്സിനോടടുത്ത് പ്രായമാകുമ്പോള്‍ ആളുകള്‍ക്ക് പിടിപെടുന്ന ഒരു സംഭവമാണെന്ന് തോന്നുന്നു, മധ്യ ജീവിത പ്രതിസന്ധി എന്ന് മലയാളത്തില്‍ അധികം പറഞ്ഞു കേള്‍ക്കാത്ത മിഡ് ലൈഫ് ക്രൈസിസ്. ലോകം മാറ്റുവാന്‍ വെമ്പി ഒരുമ്പെട്ടിറങ്ങിയ ചെറുപ്പകാലത്തില്‍ നിന്നും ജീവിതാനുഭവങ്ങളുടെ തീക്ഷ്ണത പാകപ്പെടുത്തിയ ഒരു മനസുമായി ഒരു തിരിഞ്ഞു നോക്കലാണ് പലപ്പോഴും ഇതിന്റെ ഭാഗമായി സംഭവിക്കുന്നത്.
പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ടാകാം ഈ പ്രതിസന്ധി ഉണ്ടാകുന്നത്. എന്റെ കാര്യത്തില്‍ എന്റെ ബാപ്പയുടെ മരണമാണ് ഇതുവരെയുള്ള ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ ഒരു പ്രേരണയായത്. അല്ലെങ്കിലും മരണ ഭീതിയാണ് മനുഷ്യരെ കൊണ്ട് അവര്‍ക്ക് കഴിയുന്നതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്യിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
മരണഭീതി യാഥാര്‍ത്ഥത്തില്‍ ജീവിതഭീതിയില്‍ നിന്ന് ഉടലെടുക്കുന്നത് ആണെന്ന് മാര്‍ക്ക് ടൈ്വന്‍ ആണ് പറഞ്ഞതെന്നു തോന്നുന്നു. ജീവിതം മുഴുവനായി തന്റേതായ കണക്കു വട്ടങ്ങളില്‍ ആസ്വദിച്ച് ജീവിച്ചു തീര്‍ത്ത ഒരാള്‍ക്ക്, മരിക്കാന്‍ ഭയം ഉണ്ടാകില്ല. അങ്ങനെയുള്ളവര്‍ മരിക്കാന്‍ എന്നും തയ്യാറായിരിക്കുന്നവര്‍ ആയിരിക്കും. എന്നാല്‍ തന്റെ നിയന്ത്രണത്തില്‍ ഉള്ള കാര്യങ്ങള്‍ കൊണ്ടോ അല്ലാതെയോ തന്റെ ആഗ്രഹം പോലെ ജീവിച്ചു തീര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്കാണ് മരിക്കാന്‍ ഭയം തോന്നുക.
മനുഷ്യര്‍ എഴുതുന്നതും , ചിത്രം വരക്കുന്നതും , പ്രതിമ നിര്‍മിക്കുന്നതും പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതും മുതല്‍, ചൊവ്വയിലേക്ക് റോക്കറ്റ് അയക്കുന്നത് വരെ മരണത്തെ തോല്‍പ്പിക്കാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങളുടെ ഫലമാണ്. 'ഐന്‍സ്റ്റീനെ പോലെ, എസ്പി ബാലസുബ്രഹ്മണ്യത്തെ പോലെ ടോള്‍സ്‌റ്റോയിയെ പോലെ, മൈക്കലാഞ്ചലോയെ പോലെ തന്റെ ജീവിതകാലത്തെ കവച്ചുവയ്ക്കുന്ന എന്തെങ്കിലും ചെയ്യുന്നവര്‍ ഉണ്ടാകാം , പക്ഷെ ഞാന്‍ ഉള്‍പ്പെടെ നമ്മളില്‍ പലരും അതുപോലെ ഒന്നും ചെയ്യാത്തവരായിരിക്കും. ഒന്നും ചെയ്യാതെ എന്നാല്‍ എന്നും തിരക്കിട്ടു ജീവിതം നടത്തികൊണ്ടുപോകുന്ന അനേക ലക്ഷം ആളുകളില്‍ ചിലര്‍. നമ്മുടെ ജീവിതങ്ങള്‍ മരണത്തെ തോല്‍പ്പിക്കുന്നത് ഒരു പക്ഷെ നമ്മുടെ കുട്ടികളിലൂടെ മാത്രമായിരിക്കാം. പക്ഷെ ഒന്നുറപ്പാണ്. നമ്മളെല്ലാം മരണത്തിലേക്കുള്ള യാത്രയിലാണ്. മരണത്തെ ജീവിതം കൊണ്ട് തോല്‍പ്പിക്കുക എന്ന ഒരു ഉദ്യമത്തിലാണ് നമ്മള്‍ ഓരോരുത്തരും ഏര്‍പ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ നാലു പതിറ്റാണ്ടിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ പഠിച്ച ചില പാഠങ്ങള്‍ താഴെ കൊടുക്കുന്നു. ഇതൊരു മധ്യവയസ്‌കന്റെ ജല്‍പനങ്ങള്‍ മാത്രമാണ്. വായിച്ചിട്ടു നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് എടുത്തിട്ട് ബാക്കിയുള്ളത് വലിച്ചെറിഞ്ഞു കളയുക.
1
ജീവിതം ഒരിക്കലും നിങ്ങള്‍ വിചാരിക്കുന്ന വഴികളിലൂടെ പോകണം എന്നില്ല. നോക്കൂ, ഒരു ആഴ്ചയില്‍ കപ്പലണ്ടി വിറ്റു കിട്ടിയ മുപ്പത്തി അഞ്ചു രൂപ കൊണ്ട് തുടങ്ങിയതാണ് എന്റെ ആദ്യത്തെ ബാങ്ക് അക്കൗണ്ട്. എംസിഎ പഠിച്ചാല്‍ ദിവസം നൂറു രൂപ കിട്ടുന്ന ജോലി നേവിയില്‍ കിട്ടുമെന്ന് ആരോ പറഞ്ഞറിഞ്ഞാണ് ഞാന്‍ എംസിഎ എന്‍ട്രന്‍സിന് അപേക്ഷിച്ചത് തന്നെ. അമേരിക്കയില്‍ വരുമെന്നോ ഇവിടെ സ്ഥിര താമസം ആക്കുമെന്നോ , വീട് വാങ്ങുമെന്നോ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്യുമെന്നോ എന്റെ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. നിങ്ങളുടെ ജീവിതവും ഇതുപോലെ തന്നെ നിങ്ങള്‍ വിചാരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും. നമ്മള്‍ എത്രയൊക്കെ പ്ലാന്‍ ചെയ്താലും അതുപോലെ തന്നെ സംഭവിക്കണം എന്ന് ഒരു ഉറപ്പുമില്ല. നമുക്ക് ചെയ്യാവുന്ന ഒരേ ഒരു കാര്യം ഇപ്പോഴുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ ജീവിതം പ്ലാന്‍ ചെയ്യാം എന്നത് മാത്രമാണ്.
2
നിങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും പ്രധാനമെന്നു തോന്നുന്ന പല കാര്യങ്ങളും ജീവിതത്തില്‍ വലിയ പ്രാധാന്യം ഇല്ലാത്തവയാണ് എന്ന് പിന്നീട് കാണാന്‍ കഴിയും. പത്തില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് എല്ലാ വിഷയത്തിലും എ+ വാങ്ങുന്നത് ആയിരിക്കും ഏറ്റവും പ്രധാനം. പക്ഷെ എന്റെ ജോലി സംബന്ധമായ അനുഭവത്തില്‍ നല്ലൊരു കോളേജ് വിദ്യാഭ്യാസം പലപ്പോഴും ഒരു തൊഴില്‍ തുടങ്ങാന്‍ ഉപകാരപ്പെടും എന്നല്ലാതെ അത് കഴിഞ്ഞ് ആ തൊഴിലില്‍ അഭിവൃദ്ധി പ്രാപിക്കുന്നത് കഴിവിനോടൊപ്പം മറ്റുള്ളവരോട് നമ്മള്‍ എങ്ങിനെ പെരുമാറുന്നു എന്നതിനെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. ഇതുപോലെ തന്നെയാണ് തോല്‍വിയുടെ കഥയും. ഒരു പരീക്ഷയില്‍ തോറ്റാല്‍ ജീവിതം തന്നെ കുട്ടിച്ചോറായി എന്ന് കരുതുന്നവര്‍ ആണ് പലരും. ഉദാഹരണത്തിന് കണക്കിന് പരാജയപ്പെടും എന്ന് പേടിച്ച് കോളേജില്‍ ബിഎസ്സി ഫിസിക്‌സ് പരീക്ഷ ഒരു വര്‍ഷം എഴുതാതെ പോയ ഒരു വ്യക്തിയാണ് ഞാന്‍. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ വെറുതെ കളഞ്ഞു എന്ന് ഞാന്‍ കരുതിയ അക്കൊല്ലം നടന്ന സമ്പൂര്‍ണ സാക്ഷരതാ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച പരിചയം എനിക്ക് ജീവിതത്തില്‍ എത്ര മാത്രം മുതല്‍ക്കൂട്ടായി എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. നമ്മുടെ കുട്ടികളെ ഒരിക്കലെങ്കിലും തോല്‍ക്കാന്‍ അനുവദിക്കുക എന്നത് നമുക്ക് അവരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് എന്ന് കരുതുന്ന ഒരു രക്ഷിതാവ് കൂടിയാണ് ഞാന്‍.
3
നമുക്ക് കിട്ടുന്ന മാര്‍ക്കുകളെക്കാളും ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലിയെക്കാളും ഒരു പക്ഷെ കൂടുതല്‍ പ്രധാനം നമ്മുടെ ജീവിത പങ്കാളിയും കുട്ടികളും സുഹൃത്തുക്കളും മറ്റുമാണ്. പഠിക്കാതെ ജോലി എടുക്കാതെ നടക്കണം എന്നല്ല, മറിച്ച് ഒരു മിനിമം ജീവിത സാഹചര്യം ഉണ്ടായി കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ പണം കൊണ്ട് ജീവിതത്തില്‍ സന്തോഷം കൂടണം എന്നില്ല. മറിച്ച് കൂടുതല്‍ ശമ്പളം കിട്ടുന്ന ജോലി ഉണ്ടായിട്ടും സ്‌നേഹം ഇല്ലാത്ത ഒരു കുടുംബം കിട്ടിയിട്ട് വലിയ കാര്യമില്ല. ജീവിതത്തില്‍ നമുക്ക് സ്‌നേഹിക്കാനും നമ്മളെ സ്‌നേഹിക്കാനും ഒരു പങ്കാളിയെ കിട്ടുന്നതും, നമ്മുടെ ആശയങ്ങളോട് അടുത്ത നില്‍ക്കുന്ന സുഹൃത്തുക്കളെ കിട്ടുന്നതും എല്ലാം വലിയ ജോലി കിട്ടുന്നത് പോലെ തന്നെയോ അതിനേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതോ ആയ കാര്യങ്ങളാണ്.
4
പലപ്പോഴും ചെറിയ കാര്യങ്ങളില്‍ ആണ് സന്തോഷമിരിക്കുന്നത്. പലപ്പോഴും ചെറിയ ചെറിയ കാര്യങ്ങളാണ് ജീവിതത്തില്‍ അവസാന കാലത്ത് നിങ്ങള്‍ ഓര്‍ത്തിരിക്കാന്‍ പോകുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ ഒരു ട്രിപ്പ് പോയാല്‍ അന്ന് താമസിച്ച പഞ്ചനക്ഷത്ര ഹോട്ടല്‍ ആയിരിക്കില്ല ഒരു പക്ഷെ നിങ്ങളുടെ ഓര്‍മയില്‍ നില്‍ക്കുന്നത്, മറിച്ച് ഒരു ലോക്കല്‍ റെസ്റ്ററന്റില്‍ വച്ച് നിങ്ങള്‍ പരിചയപ്പെട്ട് സംസാരിച്ച തദ്ദേശവാസികളായ സുഹൃത്തുക്കളോ, നിങ്ങളും പങ്കാളിയും കൈകോര്‍ത്തു പിടിച്ച് നഗരത്തിലൂടെ നടന്നതോ മറ്റോ മാത്രമായിരിക്കാം. ഈജിപ്തിലെ പുരാതനമായ പല കാഴ്ചകളും കണ്ട എനിക്ക് ഇപ്പോഴും ഈജിപ്ത് എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നത് അറബി സബ് ടൈറ്റിലുകള്‍ വച്ച് ഇന്ത്യന്‍ ടിവി സീരിയല്‍ കാണുന്ന അവിടെയുള്ള ഒരു ഗ്രാമത്തിലെ ഒരു കുടുംബത്തെയാണ്. മറ്റൊന്ന് വലിയ യാത്രകള്‍ പോകാന്‍ വേറെ രാജ്യങ്ങളിലേക്ക് പോകണം എന്ന് തന്നെയില്ല. പള്ളുരുത്തിയില്‍ നിന്ന് സൈക്കിള്‍ ചവിട്ടി മട്ടാഞ്ചേരിയില്‍ പോയപ്പോഴും, എറണാകുളത്ത് നിന്ന് പുറക്കാടേക്ക് ബാപ്പയുടെ കുടുംബത്തെ കാണാന്‍ കെഎസ്ആര്‍ടിസി ബസില്‍ ചെറുപ്പത്തില്‍ പോയപ്പോഴും അനുഭവിച്ച അനുഭൂതി വേറെ ഒരു വലിയ യാത്രയും തന്നിട്ടില്ല.
5
എല്ലാവര്‍ക്കും ഒരേ മൂല്യമാണ്. പണം ഇല്ലാത്തവനും ഉള്ളവനും, വിദ്യഭ്യാസം ഉള്ളവനും, ഇല്ലാത്തവനും വ്യത്യസ്ത മൂല്യങ്ങള്‍ ഒന്നുമില്ല. ഇത് മനസിലാക്കാന്‍ കഴിഞ്ഞാല്‍ തന്നെ ജീവിതം പകുതി വിജയമാകും. എല്ലാവരും അവരവരുടേതായ രീതിയില്‍ അദ്വിതീയരാണ്. ഒരേ അനുഭവത്തിലൂടെ കടന്നുപോയ രണ്ടു പേര് ലോകത്തുണ്ടാവില്ല. അതുകൊണ്ടു തന്നെ എല്ലാവരെയും നമുക്ക് പുതിയ എന്തെങ്കിലും പഠിക്കാന്‍ ഉണ്ടാകും എന്നപോലെ ഇടപെടുക.
6
The Subtle Art of Not Giving a F*ck എന്നൊരു പുസ്തകമുണ്ട്. രത്‌നച്ചുരുക്കം ഇതാണ്. നമ്മള്‍ എല്ലാവരും പലപ്പോഴും പല പ്രശ്ങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്, പലപ്പോഴും മറ്റുളളവരുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍. എല്ലാ വിഷയങ്ങളിലും പ്രതികരിക്കാന്‍ നിന്നാല്‍ അത് ആരോഗ്യകരമായ ഒരു പ്രവണതയല്ല. നമുക്ക് പ്രാധാന്യമുള്ള നമ്മളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന കാര്യത്തില്‍ മാത്രമേ പ്രതികരിക്കുക. ആളുകള്‍ പലപ്പോഴും അവരവര്‍ക്ക് പ്രാധാന്യമുള്ള കാര്യങ്ങളുടെ ഒരു മുന്‍ഗണന ലിസ്റ്റ് മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ്. നിങ്ങള്‍ വലിയ പ്രാധാന്യത്തോടെ കാണുന്ന കാര്യങ്ങളെ അവര്‍ക്ക് തീര്‍ത്തും അപ്രധാനം ആയേക്കാം. CAA , വാളയാറിലെ പെണ്‍കുട്ടികളുടെ മരണം തുടങ്ങിയ കാര്യങ്ങള്‍ പ്രധാന്യമുള്ളവയായി ഞാന്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടര്‍ കാണുമ്പോള്‍ നമ്മളെല്ലാം ചാണകം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നത് മറ്റു ചിലര്‍ക്ക് പ്രാധാന്യം ഉള്ളതായി തോന്നുന്നത്. എല്ലാവരോടും എല്ലാ സമയത്തും തര്‍ക്കിച്ചിട്ടു കാര്യമൊന്നുമില്ല. നമ്മുടെ മന:സമാധാനം പോകുമെന്നല്ലാതെ.. Choose your battles wisely..
7
മനുഷ്യ ബന്ധങ്ങള്‍ എന്നും ഒരേ പോലെ തന്നെ ഉണ്ടാകണം എന്നില്ല. പല തവണ ശ്രമിച്ചിട്ടും വിജയിക്കാതെ വരുന്ന ബന്ധങ്ങള്‍ വിട്ടുകളയുന്നതാണ് പലപ്പോഴും നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നല്ലത്. കുട്ടികള്‍ , സമൂഹം , കുടുംബം എന്നൊക്കെ പറഞ്ഞു പലപ്പോഴും ജീവിതം പാഴാക്കുന്നവരാണ് നമ്മളില്‍ പലരും. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി വലിയ തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കാന്‍ ഇഷ്ടമില്ലാതെ വിവാഹം കഴിച്ചു സ്വന്തം ജീവിതവും പങ്കാളിയുടെ ജീവിതവും ഒരേ പോലെ ദുരിതപൂര്‍ണമാക്കിയ അനേകം പെര്‍ എന്റെ പരിചയത്തിലുണ്ട്.
8
ഒരാളെ വിധിക്കാന്‍ നമുക്ക് എളുപ്പമാണ്, പക്ഷെ എന്തൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുവന്നവരാണ് മറ്റുളളവര്‍ എന്ന് നിങ്ങള്‍ക്ക് അറിയണമെന്നില്ല. ജോലി സ്ഥലത്ത് ആരോടും സംസാരിക്കാതെ നടക്കുന്ന, പാര്‍ട്ടികളില്‍ വരാത്ത, തികച്ചും ബോര്‍ എന്ന് കരുതുന്ന നിങ്ങളുടെ സഹപ്രവര്‍ത്തകന്‍ / സഹപ്രവര്‍ത്തക ഒരു പക്ഷെ ചെറുപ്പത്തിലേ ലൈംഗിക അതിക്രമത്തിന്റെ ഇരയായിരിക്കാം... കയ്യില്‍ നിന്ന് ഒരു പൈസ ചെലവാക്കാതെ നടക്കുന്ന നിങ്ങളുടെ രക്ഷിതാവ് ഒരു പക്ഷെ ചെറുപ്പത്തില്‍ ജീവിത ദുരിതത്തിന്റെ അനുഭവത്തില്‍ ആയിരിക്കാം അത് ചെയ്യുന്നത്.
9
ജീവിതം ആസ്വദിക്കുക. ഒരു പൂവിരിയുന്നതും ചെടി മുളക്കുന്നതും, നിങ്ങള്‍ ഭക്ഷണം നല്‍കുമ്പോള്‍ നായ വാലാട്ടുന്നതും മുതല്‍ പലപ്പോഴും ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങള്‍ നമ്മള്‍ കാണാതെ പോകുന്നവയാണ്. ഇതുവരെയുള്ള എല്ലാം മറന്നു ലോകത്തെയും മനുഷ്യരെയും പുതിയ കണ്ണിലൂടെ കാണാന്‍ ഒന്ന് ശ്രമിച്ചു നോക്കൂ, പുതിയൊരു ലോകം നിങ്ങളുടെ മുന്നില്‍ തെളിഞ്ഞു വരും.
10
ഏറ്റവും അവസാനമായി ഏറ്റവും പ്രാധാന്യം ഉള്ള ഒരു കാര്യം. നിങ്ങള്‍ ഇന്ന് ഇപ്പോള്‍ മരിക്കുകയാണെങ്കില്‍ നിങ്ങള്‍ സന്തോഷവാനായിട്ടായിരിക്കുമോ മരിക്കുന്നത്? അതോ എന്തൊക്കെയോ ജീവിതത്തില്‍ ചെയ്യാന്‍ ഉണ്ടെന്ന തോന്നലില്‍ ആയിരിക്കുമോ മരിക്കുന്നത്. സ്‌കൂള്‍ പഠനം കഴിഞ്ഞു ജീവിച്ചു തുടങ്ങണം എന്നോ, ജോലി കിട്ടി കഴിഞ്ഞു ശരിക്കും ജീവിച്ചു തുടങ്ങണം എന്നോ, കുട്ടികള്‍ ഒരു വഴിക്കായിട്ടു ജീവിച്ചു തുടങ്ങണം എന്നോ, അവസാനം റിട്ടയര്‍ ആയി കഴിഞ്ഞു ശരിക്കും ആസ്വദിച്ചു ജീവിക്കണം എന്നോ ഒക്കെ കരുതി ജീവിതത്തെ മറ്റൊരു സമയത്തേക്ക് തള്ളി വൈകാതെ ഇപ്പോള്‍ തന്നെ നിങ്ങള്‍ ജീവിതം ആസ്വദിച്ചു തുടങ്ങൂ. ജീവിതം ഒരു ലക്ഷ്യമല്ല മറിച്ച് ഒരു യാത്രയാണ്. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ യാത്ര പോവുകയും, നോവലുകളും മറ്റും വായിക്കുകയും, പ്രണയിക്കുകയും എല്ലാം ചെയ്യുന്നതും ജീവിതമാണ്. എന്റെ പ്രായത്തില്‍ നിങ്ങള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാലോചിക്കുന്നത് ഒരു പക്ഷെ കോളേജ് കാലം ആയിരിക്കാം. ജോലി , വിവാഹം കുട്ടികള്‍ തുടങ്ങി എല്ലാം ജീവിതത്തിന്റെ ഭാഗം തന്നെയാണ്, ഇത് മാറ്റി വച്ചിട്ട് വേറെ ഒരു ജീവിതം എന്നൊന്നില്ല.
ആവോളം ചിരിക്കുക...
ഞാന്‍ മുന്‍പേ പറഞ്ഞ പോലെ മരണഭയം വന്ന ഒരു മധ്യവയസ്‌കന്റെ ജല്‍പനങ്ങള്‍ മാത്രമാണിത്.
മറന്നു കളഞ്ഞേക്കുക,
പക്ഷെ ദയവായി നിങ്ങളുടെ ജീവിതം മറ്റൊരു സമയത്തേക്ക് മാറ്റി വയ്ക്കാതിരിക്കുക.
ഇപ്പോഴേ ആസ്വദിക്കുക, സന്തോഷിക്കുക, ആവോളം ചിരിക്കുക...
നസീര്‍ ഹുസൈന്‍ എഴുതിയ മറ്റ് കുറിപ്പുകള്‍
ട്രംപിനറിയുമോ സ്റ്റീവ് ജോബ്‌സ് ആരെന്ന്?
ആരെങ്കിലും നമ്മുടെ ആണ്‍കുട്ടികള്‍ക്കു ഇക്കാര്യം പറഞ്ഞു കൊടുത്തെങ്കില്‍
'ഞാന്‍ ഒരു തമിഴ് മലയാളി ഹിന്ദു മുസ്ലിം ഇന്ത്യന്‍ അമേരിക്കന്‍'
അതിര്‍ത്തി, ഹാ എത്ര വലിയ തമാശ!
കണ്ണാടി ന്യൂറോണുകള്‍ നമ്മളോട് ചെയ്യുന്നത്
ഒരു മുസ്ലിം വേദം വായിക്കുമ്പോൾ
ഘര്‍ വാപ്പച്ചിയും കുറേ ഘര്‍ ഉമ്മച്ചിമാരും!
ഫേസ്ബുക്ക് നമ്മോടു ചെയ്യുന്നത്
മോഹന്‍ലാല്‍ എന്ത് കൊണ്ടാണ് ഇടത്തോട്ട് ചരിഞ്ഞു നടക്കുന്നത്?
ചെറിയ പെരുന്നാളിന് ഒരു പ്ലേറ്റ് സ്നേഹം
നിങ്ങള്‍ക്കറിയാത്ത നിങ്ങളുടെ രഹസ്യങ്ങള്‍
ഒരു വെജിറ്റേറിയൻ തമിഴ് ഹിന്ദുവും, കേരള നോൺ വെജിറ്റേറിയൻ മുസ്ലിം നാമധാരിയും പ്രേമിക്കുമ്പോള്‍
എത്രയൊക്കെ അടക്കിവയ്ക്കാൻ നോക്കിയാലും ചില കാര്യങ്ങൾ വഴി, ലൈംഗികത പുറത്ത് വരും
ഒരു പരിചയവും ഇല്ലാത്ത ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ കഴിയുമോ?
'കുമ്പളങ്ങി നൈറ്റ്സി'ല്‍ കാണാത്ത വേറെയും ജീവിതങ്ങളുണ്ട് കുമ്പളങ്ങിയില്‍
അടുത്ത് ചെന്ന് ധൈര്യം സംഭരിച്ച് ഞാൻ അവരോട് ചോദിച്ചു, 'ചേച്ചി വരുന്നോ?'
: