നൊമാദിക് റിപ്പബ്ലിക്. നതാലിയ ഷൈന്‍ അറയ്ക്കല്‍ എഴുതുന്ന കോളം.
'വെറുമൊരു വംശവെറിയുടെ മാത്രം കഥയല്ല ഓഷോവിറ്റ്‌സ്. ഞങ്ങളോടൊപ്പം തടവിലാക്കപ്പെട്ടവരില്‍ ജൂതര്‍ വളരെ കുറവായിരുന്നു. അധികവും നാസി ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയവര്‍, സോഷ്യലിസത്തെ തുറന്നു പിന്തുണച്ചവര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പണ്ഡിതര്‍. ജൂതര്‍ ഒരു മഞ്ഞ ത്രികോണ ബാഡ്ജ് ധരിക്കേണ്ടിയിരുന്നു. രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ചുവപ്പ്, ക്രിമിനലുകള്‍ എന്ന് അവര്‍ തീരുമാനിച്ചവര്‍ക്കു പച്ച. ജൂത മതസ്ഥരെ പ്രണയിച്ചു വിവാഹം കഴിച്ച ജര്‍മ്മന്‍ സ്ത്രീകളെ വേശ്യകളാക്കി മുദ്ര കുത്തി. അവര്‍ക്ക് കറുത്ത ബാഡ്ജ്.'
''Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by narrow domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way into the dreary desert sand of dead habit;'
ശനിയാഴ്ചകളില്‍ വൈകുന്നേരം ചായകുടിക്കാനും വിശേഷങ്ങള്‍ പങ്കു വെയ്ക്കാനും എന്റെ സ്വീകരണ മുറിയില്‍ ഒത്തുചേരുന്ന കുറച്ചു കൂട്ടുകാര്‍. ഞാനവരെ ഫുള്‍-ഹൗസ് എന്ന് വിളിച്ചു പോരുന്നു. പലതരം ചായകളും വിഭവങ്ങളും ഞങ്ങള്‍ ഓരോ ആഴ്ചകളില്‍ പരീക്ഷിക്കുന്നു. ഞാനവര്‍ക്ക് ഫിംഗര്‍ ഫുഡ് ഉണ്ടാക്കി നല്‍കുന്നു. അവര്‍ ഓരോരുത്തരും ചെറിയ വിഭവങ്ങള്‍ ഉണ്ടാക്കി കൊണ്ടുവന്ന് വിളമ്പുന്നു. ചെറിയ സാന്‍ഡ് വിച്ചുകള്‍, കപ്പ് കേക്കുകള്‍, പലതരം ചീസ് കഷ്ണങ്ങള്‍ ഒക്കെ എന്റെ മേശപ്പുറത്തു നിറയുന്നു. കൂട്ടത്തില്‍ വിശേഷങ്ങളും കിംവദന്തികളും കൂടി വിളമ്പുന്നു.
ഓരോരുത്തരും ഫുള്‍-ഹൗസിന്റെ മേശപ്പുറത്തേയ്ക്ക് കൊണ്ടു വരുന്നത് ഓരോന്നാണ്. ഒരാള്‍ പാട്ട് പാടുന്നു, മറ്റൊരാള്‍ പിയാനോ വായിക്കുന്നു, മൂന്നാമതൊരാളോ ഏറ്റവും പുതിയ വാര്‍ത്തകളും ഗോസിപ്പുകളും ഞങ്ങളെ അറിയിക്കുന്നു, നാലാമത്തെയാള്‍ ഫാഷനിലെ പുതിയ ട്രെന്‍ഡുകളെ കുറിച്ചാണ് സംസാരിക്കുക. ഞാനാണ് കൂട്ടത്തിലെ സ്‌റ്റോറി-ടെല്ലര്‍.
കഴിഞ്ഞ വസന്തകാലത്ത് എന്റെ ചെറിയ അടുക്കളത്തോട്ടത്തില്‍ നിന്നും വിളവെടുത്ത തക്കാളികള്‍ കൊണ്ട് ഞാന്‍ ടൊമാറ്റോ-റ്റാര്‍ട്ട് എന്നൊരു വിഭവം ഉണ്ടാക്കി അടുത്തയിടെ ഫുള്‍-ഹൗസിന്റെ മേശമേല്‍ വിളമ്പി. അത് കഴിച്ചയുടന്‍ എല്ലാവര്‍ക്കും അതിന്റെ കഥ അറിയണം.
ഞാന്‍ ചോദിച്ചു. 'അതിലൊരു കഥ ഒളിച്ചിരിപ്പുണ്ട് എന്ന് നിങ്ങള്‍ക്ക് എന്താണുറപ്പ്?'.
'ഞങ്ങള്‍ക്കുറപ്പാണ്', എന്ന് ഒറ്റ സ്വരത്തില്‍ അവരേവരും.
എന്നാലൊന്നു കൊതിപ്പിച്ച ശേഷം ആ കഥ പറയാമെന്നു ഞാനും ചിന്തിച്ചു. ശേഷം 'എന്നെ ഈ വിഭവം ഉണ്ടാക്കാന്‍ പഠിപ്പിച്ചത് ഓഷോവിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് അതിജീവിച്ച ഒരാളാണ്' എന്ന് പറഞ്ഞു ഞാന്‍ കഥ തുടങ്ങി. അത് കേട്ടയുടന്‍ ചിലചിലപ്പ് അവസാനിപ്പിച്ച് ആകാംക്ഷയോടെ എന്റെ നേരെ തിരിഞ്ഞ എല്ലാ കണ്ണുകളിലേയ്ക്കും ഒന്നോടിച്ചു നോക്കി കൊണ്ട് ഞാന്‍ ആ കഥ പറഞ്ഞു.
വളരെ കൗതുകകരമായ ഒരു ചെറു പട്ടണത്തിന്റെ ബഹളങ്ങളൊഴിഞ്ഞ പാര്‍പ്പിടങ്ങള്‍ നിറഞ്ഞ പ്രദേശത്താണ് ഞാനന്ന് താമസിച്ചിരുന്നത്. തുറമുഖത്തെ കുന്നുകള്‍ മൂടുന്ന വിധത്തില്‍ പല അടുക്കുകളിലായി കെട്ടിടങ്ങള്‍. ഇടയില്‍ വളര്‍ന്നു നില്‍ക്കുന്ന പച്ചപ്പ്. തീരത്തോട് ചേര്‍ന്നു നങ്കൂരമിട്ടിരിക്കുന്ന ആധുനിക സൗകര്യങ്ങള്‍ ഉള്ള അനേകം കപ്പലുകള്‍, ചെറുവഞ്ചികള്‍. പഴയ കെട്ടിടങ്ങളാല്‍ സമ്പന്നമായ തെരുവുകള്‍. തെരുവിലേയ്ക്ക് തുറക്കുന്ന കൂറ്റന്‍ ജനാലകളും ബാല്‍ക്കണികളും.
പച്ചക്കറികളും വിചിത്രമായ പലതരം പഴവര്‍ഗ്ഗങ്ങളും നിറഞ്ഞിരിക്കുന്ന പീടികകളാല്‍ സമൃദ്ധമായ വ്യാപാര കേന്ദ്രങ്ങള്‍. കൗതുക വസ്തുക്കള്‍ വില്‍ക്കുന്ന വഴിവാണിഭക്കാര്‍, തത്സമയം പാചകം ചെയ്ത്, ചില അഭ്യാസങ്ങളും പൊടികൈകളും കാട്ടി ആളുകളുടെ ശ്രദ്ധ കവരുന്ന ചെറുകിട ഭക്ഷണശാലകള്‍.
ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങള്‍ക്ക് തീ പിടിച്ച വിലയായിരുന്നു അവിടുത്തെ പുസ്തക ശാലകളില്‍. ഒരു ചെറിയ സമ്പാദ്യം മാസാമാസം പുസ്തകം വാങ്ങാന്‍ സ്വരൂപിച്ചു വരവേയാണ് വ്യായാമ നടത്തത്തിനിടയില്‍ ഞാനാ യൂസ്ഡ് ബുക്‌സ് കട കണ്ടു പിടിക്കുന്നത്. Grenier de livres. പുസ്തകങ്ങളുടെ തട്ടിന്‍പുറം എന്ന് അര്‍ത്ഥം. രണ്ടു നിലകളില്‍ യാതൊരു വിധ അടുക്കും ചിട്ടയുമില്ലാതെ കുന്നു കൂട്ടി ഇട്ടിരിക്കുന്ന പുസ്തകങ്ങള്‍. പടികളുടെ വക്കില്‍ വരെ പുസ്തകങ്ങള്‍. പലയിടത്തും ഒഴിഞ്ഞ ഷെല്‍ഫുകള്‍ ഉണ്ടായിട്ടടക്കം ഇങ്ങനെ പുസ്തകങ്ങള്‍ കുന്നു കൂട്ടി ഇട്ടിരിക്കുന്ന കടയുടമസ്ഥയോട് അന്നെനിക്ക് വലിയ വെറുപ്പ് തോന്നിയിരുന്നു.
ആ പഴയ കെട്ടിടം അവര്‍ക്ക് അവരുടെ മുത്തച്ഛനില്‍ നിന്നോ മറ്റോ പാരമ്പര്യവശാല്‍ ലഭിച്ചിരുന്നതാവാം. അദ്ദേഹത്തിന് പുസ്തകങ്ങളില്‍ താല്പര്യം ഉണ്ടായിരുന്നിരിക്കാം. എന്തായാലും ഈ സ്ത്രീക്ക് അത് ഇല്ല. പിന്നെ എന്തിനവിടെ പുസ്തകങ്ങള്‍ വില്‍ക്കുന്നു. പൊടി പുരണ്ടാലും കുഴപ്പമില്ലാത്ത മറ്റു വല്ലതും വിറ്റൂടെ എന്നൊക്കെ ആദ്യം ആദ്യം ചിന്തിച്ചിരുന്നു. തരം തെറ്റി ഒന്നിനുമേല്‍ ഒന്നായി വെച്ചിരിക്കുന്ന പുസ്തകങ്ങളില്‍ പലതിനും വില എഴുതിയിട്ടുണ്ടാവില്ല. ചിലപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട് വാങ്ങാന്‍ ചെല്ലുന്ന ആളെ അനുസരിച്ചാണ് അവര്‍ വില പറയുക എന്ന്. വീട്ടില്‍ നിന്ന് പവര്‍ വാക്കിങ് ചെയ്തു സ്വെറ്റ് സ്യൂട്ടില്‍ ചെല്ലുന്ന ഞാന്‍ വല്ല തെരുവുതെണ്ടിയും ആണെന്ന് അവര്‍ ധരിച്ചിട്ടുണ്ടാവണം. സ്ഥിരമായി എനിക്ക് വിലകുറച്ചു നല്ല പുസ്തകങ്ങള്‍ ലഭിച്ചിരുന്നു.
പുസ്തകങ്ങള്‍ വെയ്ക്കാന്‍ സ്ഥലമില്ലാതാവുമ്പോള്‍ അവര്‍ വലിയ ഡിസ്‌കൗണ്ട് വില്‍പ്പന നടത്തിയിരുന്നു. ആ ദിവസങ്ങളില്‍ എന്നെ അവര്‍ക്ക് അവിടുന്ന് ഓടിച്ചു വിടേണ്ടി വരാറുണ്ട്. കുറച്ചു OCDയുള്ള ഞാന്‍ ഈ അരാജകത്വം കാണുമ്പോള്‍ സഹിക്കവയ്യാതെ ഒരു ഷെല്‍ഫ് തിരഞ്ഞെടുത്തു അതില്‍ തരം തിരിച്ചു പുസ്തകങ്ങള്‍ അടുക്കി തുടങ്ങും.
അങ്ങനെയൊരിക്കല്‍ അടുക്കി കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വളരെ നാളായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു പുസ്തകം എന്റെ കയ്യില്‍ ഉടക്കി. ജാപ്പനീസ് എഴുത്തുകാരന്‍ കവകാമി രചിച്ച 'മനസുരു' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ. ഞാനതിന്റെ വില അന്വേഷിച്ചു. കുറച്ചു കൂടുതലാണ് പറഞ്ഞത്. സ്വതവേ ഒരു പിശുക്കിയായ ഞാന്‍ ആകെ ഒന്ന് പരുങ്ങി. ഒന്നും കൂടി ചോദിച്ചു. അവര്‍ എന്നോട് തിരിച്ചൊരു ചോദ്യം. ഇവിടെ പാര്‍ട് ടൈം ജോലി വേണോ എന്ന്. പുസ്തകങ്ങള്‍ കിട്ടും, ഭക്ഷണവും കിട്ടും, മറ്റു കൂലി ഒന്നും ഇല്ല. ഞാന്‍ വീടും ജോലിയും ഇല്ലാത്തവളല്ല എന്നും ഒരു OCDയുള്ള പ്രാരബ്ധക്കാരി മാത്രമാണെന്നും അവരോടു പറയാന്‍ നില്‍ക്കാതെ ജീവിതത്തില്‍ ഏറ്റവും നല്ലൊരു ജോലി കിട്ടിയ സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു. ഷെല്‍ഫുകളില്‍ പുസ്തകങ്ങള്‍ വൃത്തിയായി തരം തിരിച്ചു അടുക്കി, എനിക്ക് നല്ല തൃപ്തി വന്നു.
അങ്ങനെയാണ് ഞാന്‍ ആ പഴയ പുസ്തകശാലയിലെ പാര്‍ട്ട്-ടൈം ജീവനക്കാരിയായത്. പുസ്തകങ്ങള്‍ അടുക്കി വെയ്ക്കാന്‍ ശ്രദ്ധയില്ലെങ്കിലും വളരെ സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യാന്‍ അവര്‍ക്ക് നല്ല മിടുക്കുണ്ടെന്നു ഞാന്‍ അറിയുന്നതും ആ ജോലിക്കിടയില്‍ ആണ്. ഭക്ഷണം ആളുകളെ അടുപ്പിക്കുമെന്നു പറയുന്നത് ശരിയാണ്. ഞാന്‍ അന്ന് വരെ കഴിച്ചിട്ടുള്ളതില്‍ ഏറ്റവും സവിശേഷമായ ടൊമാറ്റോ ടാര്‍ട്ടിന്റെ റെസിപ്പി അന്വേഷിച്ചത് കടയുടമസ്ഥയുടെ ഭൂതകാലത്തിലേയ്ക്കും അവരുടെ അനുഭവങ്ങളിലേയ്ക്കും എനിക്കുള്ള ഒരു സീസണ്‍ പാസായി.
ആദ്യത്തെ അപരിചിത്വം ഒഴിഞ്ഞപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ കാമില യാനസ് - ഓഷോവിറ്റ്‌സ് അതിജീവിച്ചവരില്‍ ഒരുവള്‍.
1944ലാണ് അന്ന് ആറു വയസ്സുകാരിയായിരുന്ന കാമില ഓഷോവിറ്റ്‌സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ എത്തിപ്പെട്ടതു. താമസിയാതെ അവിടെ നിന്നും തരം തിരിക്കപ്പെട്ട് രാവെന്‍സ്ബര്‍ക്കില്‍ ഉള്ള സ്ത്രീകള്‍ക്കായുള്ള ക്യാമ്പിലും. 130,000 സ്ത്രീകളാണ് ആ ക്യാമ്പില്‍ കാമിലയെ പോലെ അകപ്പെട്ടത്. അവരില്‍ ഭൂരിപക്ഷവും പിന്നീട് പുറം ലോകം കാണുകയുണ്ടായില്ല. 'ഓഷോവിറ്റ്സിലേയ്ക്ക് എട്ട് വയസ്സില്‍ നാട് കടത്തപ്പെട്ട എന്റെ ജ്യേഷ്ഠന്‍ ലെവിയെ ഞാന്‍ ഓര്‍ക്കുന്നു. ജീവിതം തട്ടി തെറുപ്പിക്കപ്പെട്ടപ്പോള്‍ അവന്റെ മനസ്സില്‍ എന്തായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. മുദ്ര വെച്ചൊരു വാഗണില്‍ അവനെ കൊണ്ട് പോയി, തടവിലിട്ടു, ഒരു ചൂളയില്‍ കത്തിച്ചു ചാമ്പലാക്കി. എന്നിട്ട് അവര്‍ എന്ത് നേടി?'
........................................................................................
മുദ്ര വെച്ചൊരു വാഗണില്‍ അവനെ കൊണ്ട് പോയി, തടവിലിട്ടു, ഒരു ചൂളയില്‍ കത്തിച്ചു ചാമ്പലാക്കി. എന്നിട്ട് അവര്‍ എന്ത് നേടി?'
Photo: Jacek Abramowicz\ Pixabay
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ കുറിച്ച് അന്ന് വരെ ഞാന്‍ അറിയാത്ത ഞെട്ടിപ്പിക്കുന്ന വിവരണങ്ങളാണ് കാമിലയില്‍ നിന്നും ലഭിച്ചത്. 'വെറുമൊരു വംശവെറിയുടെ മാത്രം കഥയല്ല ഓഷോവിറ്റ്‌സ്. ഞങ്ങളോടൊപ്പം തടവിലാക്കപ്പെട്ടവരില്‍ ജൂതര്‍ വളരെ കുറവായിരുന്നു. അധികവും നാസി ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയവര്‍, സോഷ്യലിസത്തെ തുറന്നു പിന്തുണച്ചവര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പണ്ഡിതര്‍. ജൂതര്‍ ഒരു മഞ്ഞ ത്രികോണ ബാഡ്ജ് ധരിക്കേണ്ടിയിരുന്നു. രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ചുവപ്പ്, ക്രിമിനലുകള്‍ എന്ന് അവര്‍ തീരുമാനിച്ചവര്‍ക്കു പച്ച. ജൂത മതസ്ഥരെ പ്രണയിച്ചു വിവാഹം കഴിച്ച ജര്‍മ്മന്‍ സ്ത്രീകളെ വേശ്യകളാക്കി മുദ്ര കുത്തി. അവര്‍ക്ക് കറുത്ത ബാഡ്ജ്.'
'പ്രഹരങ്ങളും ഒടിഞ്ഞ വാരിയെല്ലുകളും അപമാനവും ഭീതിയും, ഇവയെക്കാള്‍ ഭേദം മരണമാണെന്ന് ചിന്തിച്ചു കൊണ്ട് എത്ര നാള്‍. എന്നെ പോലെ അസംഖ്യം കുരുന്നുകളുടെ മേല്‍ മരുന്നുകള്‍ കുത്തി വെച്ച് അവരുടെ ഭ്രാന്തന്‍ ഡോക്ടര്‍മാരുടെ പരീക്ഷണങ്ങള്‍. ഒറ്റ ഞൊടി കൊണ്ട് ഗ്യാസ് ചേംബറിലേയ്‌ക്കോ പരീക്ഷണ പീഡനങ്ങളിലേയ്‌ക്കോ കൂപ്പു കുത്തിയ ജീവിതങ്ങള്‍'.
കഥ പറച്ചിലില്‍ ഒരു ഇടവേളയെടുത്തു ഞാന്‍ നോക്കവേ എന്റെ മേശയ്ക്കു ചുറ്റും നിറഞ്ഞ കുറേ കണ്ണുകള്‍. ഞാന്‍ തുടര്‍ന്നു. 'കുട്ടികളെന്നോ ഗര്‍ഭിണികളെന്നോ ഭേദമില്ലാതെ, 250 പേര്‍ക്കുള്ള ബാരക്കുകളില്‍ രണ്ടായിരത്തിലധികം ആളുകളെ കുത്തി നിറച്ചു. അഞ്ഞൂറിലധികം സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ വാതിലുകളില്ലാത്ത മൂന്ന് ശൗചാലയങ്ങള്‍ മാത്രം. പ്രതികരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ വേട്ട നായ്ക്കളെ അഴിച്ചു വിട്ടു. ഒടുക്കം സോവിയറ്റുകള്‍ ക്യാമ്പില്‍ ഉള്ളവരെ മോചിപ്പിച്ചപ്പോള്‍ വെറും മൂവായിരത്തോളം സ്ത്രീകള്‍ മാത്രം അല്‍പപ്രാണനോടെ അവശേഷിച്ചു.'
'ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതകളിലൊന്ന് അതിജീവിച്ചവര്‍ തങ്ങളുടെ വീണു പോയ സ്‌നേഹിതരെ ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു, തങ്ങളുടെ ചെറു പ്രതിരോധങ്ങളെ കുറിച്ച് അഭിമാനിച്ചു, രഹസ്യമായി ചരിത്ര പഠന ക്ലാസ്സുകള്‍ നടത്തി, ക്യാമ്പില്‍ തങ്ങള്‍ ഉപയോഗിച്ച രഹസ്യ ഭാഷ മറ്റുള്ളവരെ പഠിപ്പിക്കാന്‍ തുനിഞ്ഞു. ഇനി ഒരിക്കലും അവ ആവശ്യം വരില്ല എന്നറിയാമായിരുന്നിട്ടും. സ്ത്രീകള്‍ പാചകവിധികള്‍ പരസ്പരം കൈമാറി, തങ്ങള്‍ ഏറ്റവും അടുത്ത സ്‌നേഹിതകള്‍ ആണെന്ന് നടിച്ചു. പതിയെ എല്ലാവരും തങ്ങളുടെ ജീവിതവുമായി പലയിടങ്ങളിലേയ്ക്ക് പലായനം ചെയ്തു. തന്റെ അമ്മയോടൊപ്പം ക്യാമ്പ് മോചിതയായ കാമില ഞാന്‍ ജീവിച്ചിരുന്ന ആ പട്ടണത്തില്‍ എത്തിപ്പെട്ടു പുതിയ ഒരു ജീവിതം കെട്ടിപ്പടുത്തു. പക്ഷെ തന്റെ ദുരിതകാലത്തു പഠിച്ച ടൊമാറ്റോ റ്റാര്‍ട്ടിന്റെ പാചകവിധി അവര്‍ ഒരിക്കലും മറന്നില്ല. അതിജീവനത്തിന്റെ വലിയൊരു ദൃഷ്ടാന്തമാണ് താനെന്നു സ്വയം ഓര്‍മ്മിപ്പിക്കാന്‍ അവരത് ഇടയ്ക്കിടെ പാകം ചെയ്തു. വംശവെറിയുടെ, അടിമത്തത്തിന്റെ ഒരു കാലം അതിജീവിച്ചതിന്റെ അസന്ദിഗ്ധതയുമായാണ് അവര്‍ ഇപ്പോള്‍ ജീവിക്കുന്നത്'. ഞാന്‍ കഥ പറഞ്ഞവസാനിപ്പിച്ചു.
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം എന്റെ സുഹൃത്തായ ഡെബ്ര എന്നെ തിരുത്തി കൊണ്ട് പറഞ്ഞു, 'വംശവെറിയുടെ കാലം ഇനിയും അവസാനിച്ചിട്ടില്ല, എന്റെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് മുമ്പില്‍ വെച്ച് ജൂതരെന്ന പേരില്‍ മൂന്ന് കുരുന്നുകളെ വെടിയുതിര്‍ത്തു കൊല്ലപ്പെടുത്തിയിട്ട് അധികം കാലമായില്ല. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞു, ഈ ആധുനിക ലോകത്തും ഒരു മതത്തില്‍ പിറന്നതിന്റെ പേരില്‍ തങ്ങള്‍ കൊല്ലപ്പെടും എന്ന് ആ കുഞ്ഞുങ്ങള്‍ ധരിച്ചിട്ടുണ്ടാവുമോ'.
വേദനിപ്പിക്കുന്ന ഓര്‍മ്മകളും ദുഃഖങ്ങളും പങ്കുവെച്ചതിന്റെ അസുഖകരമായ മന്ദതയില്‍ അന്ന് ഫുള്‍ ഹൗസ് ഒച്ചപ്പാടും കളിചിരികളും ഇല്ലാതെ ശാന്തമായി അവസാനിച്ചു. എന്റെ കൂട്ടുകാര്‍ പരസ്പരം പുണര്‍ന്ന ശേഷം അവരവരുടെ ഭവനങ്ങളിലേയ്ക്ക് പിരിഞ്ഞു പോയി. പിറന്ന നാടിന്റെ സഹിഷ്ണുതയെ കുറിച്ച് ഊറ്റം കൊള്ളുന്ന ഞാനോ ഇതൊരിക്കലും എന്റെ നാട്ടില്‍ സംഭവിക്കില്ല എന്നോര്‍ത്ത് സമാധാനിക്കാന്‍ ശ്രമിച്ചു.
കഴിഞ്ഞ ശനിയാഴ്ച വീണ്ടും ഒരു ഫുള്‍ ഹൗസ്. കപ്പ് കേക്കുകള്‍ ഉണ്ടാക്കി ഐസിങ് ചെയ്ത് ഭക്ഷണയോഗ്യമായ മുത്തുകള്‍ അതില്‍ പതിപ്പിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെ അസമില്‍ നിന്നുള്ള വാര്‍ത്ത എന്റെ മുന്നില്‍. രണ്ടര ഹെക്റ്റര്‍ സ്ഥലത്ത് അസമിലെ ഗോല്‍പര ജില്ലയില്‍ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനായി ഇന്ത്യയിലെ ആദ്യത്തെ തടങ്കല്‍ പാളയം. ഒരു നിമിഷം കൊണ്ട് പിറന്ന നാട്ടില്‍ അന്യരായി തീര്‍ന്ന മനുഷ്യരെ ശത്രുക്കളായി മുദ്രകുത്തി തടവിലിടാനുള്ള ബാരക്കുകള്‍. ചരിത്രം ആവര്‍ത്തിക്കാന്‍ പോകുന്നത് നാസികളുടെയും ഫാസിസ്റ്റുകളുടെയും നാട്ടില്‍ അല്ല ഇന്ത്യയിലാണ് എന്നത് ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. ശേഷം ഉണ്ടോ ഇല്ലയോ എന്നെനിക്കുറപ്പില്ലാത്ത ഒരു ദൈവത്തിന്റെ കൈകളില്‍ എന്റെ രാജ്യത്തെയും അതിന്റെ ഭാവിയെയും ഭരമേല്പിച്ചു കൊണ്ട് ഞാന്‍ ഒരു മൂഢയെ പോലെ എന്റെ പതിവ് ജോലികളില്‍ വ്യാപൃതയായി.
'Where the mind is led forward by thee into ever-widening thought and action
Into that heaven of freedom, my Father, let my country awake.'
ഉദ്ധരണി : ഗീതാഞ്ജലി -35 -രബീന്ദ്രനാഥ ടാഗോര്‍
OCD -Obsessive Compulsive Disorder
നൊമാദിക് റിപ്പബ്ലിക്:
ഏതു മുയല്‍ക്കുഴിയിലൂടെയാവും അവള്‍ അപ്രത്യക്ഷമായിരിക്കുക?
യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ഓളങ്ങള്‍ പോലെ പിന്തുടരുന്ന ഒരു നഗരം!