സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍

By Alakananda RFirst Published Oct 9, 2024, 2:16 PM IST
Highlights


നസ്റള്ളയുടെ മരണ ശേഷം അദ്ദേഹം സമാധാന ഉടമ്പടിക്ക് തയ്യാറായിരുന്നുവെന്ന് അറിയിച്ചിരുന്നെന്നും എന്നാല്‍ നെതന്യാഹു ആദ്യം സമ്മതിക്കുകയും പിന്നീട് പിന്മാറുകയുമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. 


ഇസ്രയേലിനെ വേരോടെ വകവരുത്തണമെന്ന ലക്ഷ്യം തന്നെയാണ് ഹിസ്ബുള്ളക്ക്. എക്സസ് ഓഫ് റെസിസ്റ്റന്‍സ് (Axis of Resistance) എന്ന് പേരിട്ട ഒരു സംഘടനയുടെ കീഴിൽ ഇസ്രയേലിനെതിരെ ഒളിഞ്ഞു തെളിഞ്ഞുമുള്ള പോരാട്ടത്തിലാണ് ഇറാൻ. അതുതന്നെയാണ് ഇസ്രയേലിന്‍റെയും നിലപാട്. നിഴൽയുദ്ധത്തിലാണ് ഇരുവരും. യെമനിൽ, ഗാസയിൽ, സിറിയയിൽ. ഇതിനെല്ലാം അമേരിക്കയുടെ മൗനാനുവാദമുണ്ട്. പക്ഷേ, ഇറാന്‍റെ ആക്രമണത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് അമേരിക്കയുടെ വാദം. പക്ഷേ, സൂചനയുണ്ടായിരുന്നിരിക്കണം. അറബ് ഉദ്യോഗസ്ഥർക്ക് ഇറാൻ മുന്നറിയിപ്പ് ടെലഗ്രാഫ് ചെയ്തു എന്ന് വാൾ സ്ട്രീറ്റ് ജേർണൽ. പക്ഷേ, ഏത് യുദ്ധത്തിനും ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ സന്ദേശം കൈമാറിയെന്നും വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോര്‍ട്ട് ചെയ്തു.

ഇല്ലാതായ പിന്‍ഗാമി

Latest Videos

ഹിസ്ബുള്ളയുടെ അടുത്ത നേതാവായി ഹാഷിം സഫീദ്ദീനെ (Hashem Safieddine) പരിഗണിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. നസ്റള്ളയുടെ ബന്ധു. പക്ഷേ, ആ സ്ഥാനമേറ്റെടുക്കാനുള്ള കഴിവുണ്ടോ എന്നതിൽ സംഘടനയ്ക്കുള്ളിൽ തന്നെ സംശയമുണ്ട്. വ്യക്തിപ്രഭാവമില്ല. ഉന്നത സ്ഥാനത്തുമല്ല. നസ്റള്ളയെ അനുകരിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം. കാര്യമെന്തായാലും ബുധനാഴ്ച ബെയ്റൂട്ടിൽ വീണ ഇസ്രയേലി റോക്കറ്റുകളുടെ ലക്ഷ്യം സഫീദ്ദീന്‍ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. നസ്റള്ള കൊല്ലപ്പെട്ട സ്ഥലത്തിനടുത്തുള്ള ബങ്കറിൽ ഹിസ്ബുള്ള നേതാക്കളുടെ യോഗം നടക്കുമ്പോഴാണ് റോക്കറ്റുകൾ ആ ലക്ഷ്യവും കണ്ടത്.

നസ്റള്ളയ്ക്ക് സമ്മതം, പക്ഷേ കീഴ്മേൽ മറിഞ്ഞത് നെതന്യാഹു

ഇതിനിടെ ലബനീസ് വിദേശകാര്യമന്ത്രി എൻഎന്നിന് നൽകിയ അഭിമുഖത്തിൽ വെടിനിർത്തലിന് നസ്റള്ള സമ്മതിച്ചിരുന്നു എന്ന് വെളിപ്പെടുത്തി. കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ്. അമേരിക്കൻ ഫ്രഞ്ച് പ്രസിഡന്‍റുമാരും മറ്റ് നേതാക്കളും യുഎൻ പൊതുസഭയുടെ സമയത്ത് വെടിനിർത്തൽ നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. അത് നസ്റള്ളയുടെ കൂടി സമ്മതത്തോടെയായിരുന്നു എന്നാണിപ്പോൾ ലബനീസ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും അംഗീകരിച്ചിരുന്നു എന്നും മന്ത്രി കൂട്ടിചേര്‍ത്തു. പക്ഷേ, നസ്റള്ളയുടെ സമ്മതത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ബൈഡൻ സർക്കാരിന്‍റെ വക്താവ് അറിയിച്ചത്. എന്നാൽ, അമേരിക്ക നിർദ്ദേശം മുന്നോട്ടുവയ്ക്കുമുമ്പ് നസ്റള്ള സമ്മതമറിയിച്ചിരുന്നു എന്ന് പടിഞ്ഞാറിന്‍റെ അടക്കം രണ്ട് സ്രോതസുകൾ വെളിപ്പെടുത്തി എന്നാണ് സിഎന്‍എന്‍ റിപ്പോർട്ട്. സ്ഥിരീകരണം ഇനി അസാധ്യമാണ്.

ഹസൻ നസ്റള്ള; ഹിസ്ബുള്ളയെ ലെബനണില്‍ നിര്‍ണ്ണായക ശക്തിയാക്കിയ നേതാവ്

ഹിസ്ബുള്ള ഒരിക്കലും പരസ്യമായി അവരുടെ നിലപാട് അറിയിച്ചിരുന്നില്ല. പക്ഷേ, നെതന്യാഹു ആദ്യം സമ്മതിച്ചതാണെന്നും പിന്നീട് നേർവിപരീതം പ്രസ്താവിക്കുകയും ആക്രമിക്കുകയും ചെയ്തതാണെന്നും നേരത്തെ തന്നെ പുറത്തുവന്ന കാര്യങ്ങളാണ്. നസ്റള്ളയടക്കം 7 ഹിസ്ബുള്ള നേതാക്കളെയാണ് ഇസ്രയേൽ ഇതിനകം വധിച്ചത്. ഇനി ബാക്കിയുള്ളവർ നാലോ അഞ്ചോ പേർ മാത്രമാണ്. അതിലൊരാളാവും നസ്റള്ളയുടെ പിൻഗാമിയാകുക. ഹിസ്ബുള്ള ഇപ്പോൾ നേരിടുന്നത് ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയ പ്രതിസന്ധിയെന്ന് വ്യക്തമാണ്.

നേരിട്ട് ഇറാന്‍

ഇറാന്‍റെ പരമാധികാരം ലംഘിച്ചതിന്, ഇസ്രയേലിന്‍റെ അമ്പരപ്പിക്കുന്ന കുറ്റകൃത്യങ്ങൾക്ക്, 'ഒരു  ചെറിയ ശിക്ഷ' എന്നാണ് ഇസ്രയേലിനുനേരെ തൊടുത്തുവിട്ട മിസൈൽ പെരുമഴയെ അയത്തൊള്ള അലി ഖമനേയി വിശേഷിപ്പിച്ചത്. ഇനിയധികനാൾ ഇസ്രയേൽ ഉണ്ടാവില്ല എന്നൊരു മുന്നറിയിപ്പും നൽകി. 5 വർഷത്തിന് ശേഷമാണ് ഖമനേയി പൊതുസദസിൽ, പളളിയിലെത്തിയെ വിശ്വാസികളെ അഭിസംബോധന ചെയ്തത്.

ലബനണിലെ പേജർ സ്ഫോടനം; പഴയ തന്ത്രം പക്ഷേ, കൂട്ട ആക്രമണം ആദ്യം

ഖമനേയി പൊതുസദസിൽ പറഞ്ഞത്

ഇസ്രയേലിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് നസ്റള്ളയ്ക്ക് പ്രശംസ. തങ്ങൾക്കൊപ്പം നസ്റള്ളയുടെ വഴിയും ഊർജവും എന്നുമുണ്ടാവും എന്ന വാക്കുകൾ. സയണിസം പ്രഖ്യാപിത ശത്രു. അൽ അഖ്സ പള്ളിക്ക് വേണ്ടിയും ലബനണ് വേണ്ടിയും ഇനിയും നിലകൊളളണം എന്ന് ആഹ്വാനം. കരകളും അവിടത്തെ പ്രകൃതിവിഭവങ്ങളും മുഴുവൻ പിടിച്ചെടുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അതിന് വേണ്ടിയുള്ള അമേരിക്കയുടെ ഉപകരണമാണ് ഇസ്രയേൽ... എന്നൊക്കെയാണ് ഖമനേയി ആരോപിച്ചത്. അതവരുടെ സ്വപ്നമായിരിക്കാം. പക്ഷേ സയണിസ്റ്റ് ശത്രുവിനെ വേരോടെ പിഴുതെറിയും. അവർക്ക് വേരുകളില്ല. അമേരിക്കയുടെ പിന്തുണയോടെ മാത്രം നിലനിൽക്കുന്ന ഒന്നാണ് ഇസ്രയേൽ. ഇതൊക്കെയായിരുന്നു ഖമനേയിയുടെ വാക്കുകൾ.

ഇസ്മയിൽ ഹന്യയെ തങ്ങളുടെ മണ്ണിൽ വച്ച് കൊന്നതിന്‍റെ അരിശവും അപമാനവും തീർന്നിട്ടില്ല ഇറാന്. ഹന്യയുടെ രക്തസാക്ഷിത്വത്തിന് പ്രതികാരം വീട്ടണമെന്ന ആഗ്രഹത്തിന് കരുത്ത് കൂടിക്കൂടിവരികയായിരുന്നു. ഇപ്പോൾ നടത്തിയത് ബെയ്റൂട്ട് ആക്രമണത്തിലെ കൊലപാതകങ്ങൾക്കാണ്. നസ്റള്ള മാത്രമല്ല ഇറാൻ പ്രതിനിധി ബ്രിഗേഡ് ജനറൽ അബ്ബാസ് നിൽഫറോഷാനും ആക്രണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ റെവലൂഷണറി ഗാർഡിന്‍റെ വിദേശഘടകം നേതാവുമായിരുന്ന അബ്ബാസ്, ലെബനണിലെത്തിയത് നസ്റള്ളക്ക് ജാഗ്രതാ നിർദ്ദേശം നൽകാനായിരുന്നു. ഖമനേയിയുടെ ദൂതനായി അവിടെ എത്തിയ അബ്ബാസിന്‍റെ കൊലപാതകം കൂടിയായപ്പോൾ ഇറാന് അപ്രതീക്ഷിത തിരിച്ചടി രണ്ടായി. ഈ ആക്രമണത്തോടൊപ്പം തന്നെ ഇസ്രയേൽ ലബനണിലും കടന്നുകയറി.

ലെബനണിലെ പേജർ സ്ഫോടനം; രാജ്യാതിർത്തികള്‍ കടക്കുന്ന അന്വേഷണം

പെയ്തിറങ്ങിയ മിസൈലുകൾ

180 മിസൈലുകളാണ് ഇസ്രയേൽ ആകാശത്ത് പെയ്തിറങ്ങിയത്. ഇറാനിയൻ മാധ്യമ റിപ്പോർട്ടുകളനുസരിച്ച് 200 ഓളം. അതിന് 15 മിനിറ്റ് മുമ്പ് ഇസ്രയേലിൽ സൈറനുകൾ മുഴങ്ങി.അതോടെ  ഇസ്രയേലിലെ 10 മില്യൻ വരുന്ന ജനം ബോംബ് ഷെൽട്ടറുകളിലേക്ക് പാഞ്ഞു. ടെൽ അവീവിലും ജറുസലേമിലും ആകാശത്ത് തീപ്പന്തങ്ങൾ കാണാമായിരുന്നു. ചിലതൊക്കെ പൊട്ടിത്തെറിക്കുന്ന ശബ്ദവും കേട്ടു. ഇസ്രയേലിലെ മൂന്ന് വ്യോമസേനാ ആസ്ഥാനങ്ങളും ഇസ്രയേലി ടാങ്കുകളും ഇന്ധന ശേഖരണ സംവിധാനവും  തക‍ർത്തുവെന്നാണ് ഇറാൻ അവകാശപ്പെട്ടത്. മഴ പെയ്യുന്നത് പോലെ മിസൈലുകളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പെയ്തിറങ്ങി.
 
നെവാട്ടിം എയർ ബേസിലും (Nevatim Airbase) ടെൽ അവീവിലെ മൊസാദ് ചാരസംഘടനയുടെ ആസ്ഥാനത്തും മിസൈലുകൾ വീഴുന്നത് കാണാമായിരുന്നു. തടുക്കാന്‍ പറ്റാത്ത ഫത്താഹ് (Fattah) എന്ന ഹൈപ്പർസോണിക് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചുവെന്നും അവകാശപ്പെട്ടു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നെ ഇസ്രയേലും അംഗീകരിച്ചു. പക്ഷേ, ഹൈപ്പർസോണിക് മിസൈലുകൾ ഉണ്ടായിരുന്നില്ലെന്നാണ് ഇസ്രയേൽ അറിയിച്ചത്. വിമാനങ്ങളോ ആയുധങ്ങളോ തകർന്നില്ലെന്നും വ്യക്തമാക്കി.

ശിക്ഷ കഴിഞ്ഞു, ഇനി ഇല്ല

എന്തായാലും ആക്രമണത്തിന് ശേഷം ഏതാണ്ടുടൻ തന്നെ ഇറാന്‍റെ സമൂഹ മാധ്യമ പ്രസ്താവന വന്നു. യുഎന്നിലെ ഇറാൻ പ്രതിനിധിയുടെ കുറിപ്പ്, ഇസ്രയേലിന് അർഹിക്കുന്ന ശിക്ഷ കൊടുത്തു കഴിഞ്ഞു എന്ന്. ഇനി ആക്രമണമില്ല എന്ന സൂചന വേണമെങ്കിൽ വായിച്ചെടുക്കാവുന്ന കുറിപ്പ്. എന്തായാലും പിന്നെ ആക്രമണം ഉണ്ടായില്ല. പക്ഷേ, ഇസ്രയേൽ തിരിച്ചടിച്ചാൽ ഫലം കനത്തത് എന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു അതിൽ. ആക്രമണം നടന്നയുടൻ അമേരിക്കൻ പ്രസിഡന്‍റും സുരക്ഷാസമിതിയും അടിയന്തരയോഗം ചേർന്നു. തീരുമാനങ്ങളായി പുറത്തുവന്നത് ഇസ്രയേലിനെ പിന്തുണയ്ക്കുമെന്നതാണ്. ഏതുതരത്തിലെ പിന്തുണയെന്ന് മാത്രം വ്യക്തമായില്ല. എന്നാല്‍, ഇറാന്‍റെ മിസൈലുകൾ വെടിവച്ചിടുന്നതിൽ മേഖലയിൽ നങ്കൂരമിട്ടിരുന്ന അമേരിക്കൻ കപ്പലുകളും സഹായിച്ചു എന്ന്  പിന്നീട് പ്രസ്താവനകളെത്തി. അപ്പോഴും ലോകത്തിലെ മികച്ച വ്യോമപ്രതിരോധ സംവിധാനം ഇസ്രയേലിന്‍റെതാണെന്ന് ഖ്യാതി.
 

click me!