പുഷ്പവതി: പാട്ടും പോരാട്ടവും

By Web Team  |  First Published Feb 23, 2021, 6:49 PM IST

പുഷ്പവതിയുടെ സംഗീതത്തിന്റെ പല കരകള്‍. പാട്ടുറവകള്‍. പാര്‍വതിയുടെ കോളം തുടരുന്നു. 


സ്വന്തം ചിന്തകളെ ക്രോഡീകരിച്ച് കര്‍ണ്ണാടക സംഗീതം പകര്‍ന്ന അറിവിനെ ഉപയോഗിച്ച് പുഷ്പവതി പാടുന്നു. സാമൂഹ്യ,രാഷ്ട്രീയ പ്രശ്‌നങ്ങളോട് പ്രതികരിയ്ക്കുന്നു. എല്ലാവിധ വിവേചനങ്ങളോടും എതിരെ നിന്നുകൊണ്ട്  മനുഷ്യപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ സംഗീതത്തെ സ്വന്തം വഴിയിലൂടെ ഉപയോഗിയ്ക്കുന്നു. ഒപ്പം സംഗീതം എന്ന അനുഭവം ഇതിനുമൊക്കെ അപ്പുറത്താണ് എന്നും വിളിച്ചു പറയുന്നു. കേരളത്തിലെ മറ്റേതൊരു ഗായികമാരേക്കാളും ആര്‍ജ്ജവമുള്ള ഒരിടം സ്വയം നിര്‍മ്മിയ്ക്കുകയാണ് പുഷ്പവതി എന്ന സംഗീതജ്ഞ. 

 

Latest Videos

 

പുഷ്പവതി പൊയ്പ്പാടത്ത് എന്ന സംഗീതജ്ഞയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നത് രണ്ട് വഴികളിലൂടെയാണ്.  ആദ്യത്തേത് തീര്‍ച്ചയായും സംഗീതത്തിലൂടെ. രണ്ടാമത്തേത് സോഷ്യല്‍ മീഡിയയിലൂടെയും. പുഷ്പവതിയുടെ സംഗീതലോകത്തെ കുറിച്ച് പറയുംമുമ്പ് സോഷ്യല്‍ മീഡിയയിലെ ചില സ്ത്രീ പരിസരങ്ങളെ കുറിച്ചുകൂടി ഒന്നു പറഞ്ഞുവെയ്ക്കേണ്ടതുണ്ടെന്നു തോന്നുന്നു. 

എഫ്.ബി പോലുള്ള സോഷ്യല്‍ മീഡിയയില്‍, ചുറ്റുപാടുകളോട് നിരന്തരം സംസാരിച്ചും, ഇടപെട്ടും കഴിവുകള്‍ ഉപയോഗിച്ച് 'സ്വന്തം ഇടങ്ങള്‍'  നിര്‍മ്മിച്ചെടുക്കുന്നത് സ്ത്രീകള്‍ ആവുമ്പോള്‍ അതിനൊരു സാമൂഹികമാനം കൂടി കൈവരുന്നുണ്ട്. ആണ്‍കോയ്മയില്‍ അടിയുറച്ച ഒരു സാംസ്‌കാരിക പരിസരത്തു നിന്നു നോക്കുമ്പോഴാണ് 'ഇടങ്ങളെ പിടിച്ചെടുക്കല്‍' സ്ത്രീകളുടെ ഒരു സാമൂഹിക മുന്നേറ്റം കൂടിയാവുന്നത്. അതിനൊരു പ്രത്യേക സൗന്ദര്യമുണ്ടാവാറുണ്ട്. പുഷ്പവതിയുടെ സോഷ്യല്‍മീഡിയ ഇടപെടലുകള്‍ അത്തരത്തില്‍ കലാപരവും, വ്യക്തിപരവും ആയി ശക്തിയാര്‍ജ്ജിച്ചതുമാണ്. സാമൂഹികാധികാരം ഒരു വ്യക്തിയില്‍ ഏറ്റവും സ്വാഭാവികതയില്‍ നിക്ഷേപിയ്ക്കുന്ന വിശേഷാധികാരത്തിന്റെ ശക്തിയല്ല അത്. മറിച്ച്, സ്വന്തം  ജീവിതപരിസരങ്ങളിലൂടെ, അനുഭവങ്ങളിലൂടെ, ചിന്തകളിലൂടെ, പഠനങ്ങളിലൂടെ, കഴിവുകളിലൂടെ സ്വന്തമായി നേടിയെടുത്ത ശക്തിയാണത്. 

എഫ്. ബി പോലുള്ള സോഷ്യല്‍  മീഡിയ ഇടങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍, പ്രത്യേകിച്ച് രാഷ്ട്രീയനിലപാടുകളോ, ലൈംഗികത അടക്കമുള്ള വിഷയങ്ങളോ മുന്നോട്ടുവെയ്ക്കുമ്പോള്‍, സ്ത്രീകള്‍ സവിശേഷമായി നേരിടുന്ന വലിയൊരു മനുഷ്യാവകാശ പ്രശ്‌നമുണ്ട്. സ്വകാര്യ ജീവിതം പോലും നിരന്തരം നിരീക്ഷണത്തില്‍ (surveillance) അകപ്പെടുത്തേണ്ടി വരുന്ന പ്രശ്‌നം. ഇത്തരത്തിലുള്ള അതിസൂക്ഷ്മങ്ങളായ നിരന്തര സംഘര്‍ഷങ്ങളെ, സമ്മര്‍ദ്ദങ്ങളെ മറികടന്ന് ഒരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ തന്റേതായ ഒരിടത്തെ നിര്‍മ്മിയ്ക്കുമ്പോള്‍ അതൊരു മുന്നേറ്റമായി മാറുന്നു.  സ്വന്തമായ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഇടം നേടിയെടുക്കുന്നതില്‍, മറ്റനേകം സ്ത്രീകള്‍ക്കും അത് ധൈര്യം പകരുന്നു. പുഷ്പവതിയെ പോലുള്ള കഴിവുറ്റ ഒരു സംഗീതജ്ഞ, സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് സംഗീതമേഖലയില്‍ അത് നേടിയെടുക്കുമ്പോള്‍ അതൊരു സാമൂഹിക മുന്നേറ്റമായി മാറുന്നു.   

 

.......................

Read more: 'മാരവൈരി രമണി': കാമത്തിനും  പ്രണയത്തിനുമിടയില്‍ 

പുഷ്പവതി

Read more: കുമ്പളങ്ങി നൈറ്റ്സിലെ 'ചെരാതുകള്‍' വീണ്ടും കേള്‍ക്കുമ്പോള്‍

..................................

 

''മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സമാന്തരമായ ദൃശ്യമാധ്യമ സാധ്യതയാണ് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ പ്രദാനം ചെയ്യുന്നത്. അദൃശ്യവല്‍ക്കരിക്കപ്പെട്ട ഒരുപാടാളുകള്‍ക്ക് അവരുടെ സര്‍ഗ്ഗാത്മകതയെ പ്രകടിപ്പിക്കുവാനുള്ള നല്ലൊരു ഉപാധിയാണത്. സാമ്പത്തിക നേട്ടം ഒന്നുമില്ലെങ്കിലും ഇങ്ങനെയൊക്കെ സംവേദന ശേഷിയുള്ളവര്‍ ഈ സമൂഹത്തിലുണ്ട് എന്നറിയിക്കാന്‍ ഇതുവഴി കഴിയും.''- പുഷ്പവതി ഈ ലേഖികയോട് അഭിമുഖത്തില്‍ പറഞ്ഞു.

സെല്‍ഫ് മാര്‍ക്കറ്റിംഗിനുള്ള ഇടമായി സോഷ്യല്‍ മീഡിയയെ മാറ്റുന്ന പുതിയ സാഹചര്യത്തില്‍, ഈ പ്രസ്താവനയെ ഒന്നു കൂടി വിശദീകരിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. പുഷ്പവതിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ സമാനമായ സാഹചര്യത്തിലുള്ള മറ്റു പലരുടേതില്‍നിന്നും മാറിനില്‍ക്കുന്നത് അതിലെ രാഷ്ട്രീയമായ ഉള്ളടക്കം കൊണ്ടാണ്. വ്യക്തിപരതയുടെയോ, മാര്‍ക്കറ്റിംഗിന്റെയോ ഇടമായല്ല, രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയോടെ സ്വന്തം കലാപ്രവര്‍ത്തനങ്ങളെ സഹജീവികളിലേക്ക് എത്തിക്കാനുള്ള ഇടമായാണ് പുഷ്പവതി സമീപിക്കുന്നത്. മുകളില്‍ അവര്‍ തന്നെ സൂചിപ്പിക്കുന്നതുപോലെ, അരികുകളിലേക്ക് വകഞ്ഞുമാറ്റപ്പെടുന്നവരുടെ ആത്മപ്രകാശനങ്ങള്‍ സഹജമായി ചെന്നെത്തുന്ന രാഷ്ട്രീയതലം തന്നെയാണ് ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്. ജീവിക്കുന്ന കാലത്തോടും ദേശത്തോടുമുള്ള രാഷ്ട്രീയ സംവാദത്തിന്റെ സാദ്ധ്യതകളാണ് അവര്‍ ആരായുന്നതും. 

...............................

Read more: രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്? 

പുഷ്പവതി

Read more: കണ്ണൂര്‍ രാജന്‍: കാലത്തിനു മുമ്പേ പറന്ന സംഗീതം
...............................

 

രാഷ്ട്രീയ സംവാദ സാദ്ധ്യതകള്‍

അങ്ങനെയൊക്കെയുള്ള ഒരുവള്‍ സംഗീതത്തെ എങ്ങനെയാവും സമീപിക്കുന്നുണ്ടാവുക? ഈ ചോദ്യം മുന്നോട്ടുവെച്ചപ്പോള്‍ പുഷ്പവതിയുടെ മുറപടി ഇതായിരുന്നു: 'സംഗീതം വളരെ സൂക്ഷ്മമായ കലയാണ്. വരികള്‍ പോലും ആവശ്യമില്ലാത്ത സംവേദന ഭാഷ. ഉപകരണ സംഗീതം ഒക്കെ നമ്മെ അത്രയധികം ധ്യാനാത്മകമാക്കുന്നത് അതുകൊണ്ടാണ്. വ്യക്തിപരമായി എനിക്കത് ആത്മീയമായ ഔഷധമാണ്.  എന്നാല്‍, 
അതിനും അപ്പുറത്താണ് സംഗീതമെന്ന അനുഭവം. സമൂഹത്തോട് പറയാനുള്ളത് എന്റെ പാട്ടിലൂടെ പറയുന്നു എന്ന് പറയുമ്പോഴും സാമൂഹ്യതലം മാത്രമല്ല അതിനുള്ളത്. ''

പുഷ്പവതിയുടെ ഈ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത്, പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഉണ്ടായ സമരങ്ങളുടെ കാലത്തെ അവരുടെ പാട്ടിടപെടലുകളാണ്. അന്ന് പുഷ്പവതിയുടെ ശബ്ദത്തില്‍ എഫ്.ബിയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു പാട്ടുണ്ട്. ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ 'ഹം ദേഖേംഗെ' എന്ന് തുടങ്ങുന്ന ഉറുദു കവിതയ്ക്ക് ഷമീന ബീഗം എഴുതിയ മലയാള വിവര്‍ത്തനം പുഷ്പവതി തന്നെ ഈണമിട്ട് പാടുകയായിരുന്നു 'കാണും നാം ഉണ്മയില്‍  ആ ദിനം' എന്ന പാട്ട്. ദില്ലിയിലെ കര്‍ഷ സമര പശ്ചാത്തലത്തില്‍  ഓര്‍ക്കസ്ട്രയോട് കൂടി ഗുണമേന്മയുള്ള റെക്കോര്‍ഡിംഗില്‍ യൂ റ്റിയുബിലെത്തിയ ആ പാട്ട് ഒരുപാട് ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. പുഷ്പവതിയുടെ ദൃഢതയാര്‍ന്ന ശബ്ദത്തില്‍ തന്നെ കേള്‍ക്കേണ്ട ഒരു പാട്ടാണത്. 

 

 

സംഗീതം സൂക്ഷ്മമായ കലയാണ് എന്ന് പുഷ്പവതി പറയുമ്പോഴും ഈ പാട്ട്, അതിന്റെ സംഗീതരചനയിലൂടെയും പാടുന്നതിലൂടെയും സംവേദിയ്ക്കുന്നത് വിശാലമായാണ്. ഒരുപക്ഷെ സൂക്ഷ്മമായ ഉപയോഗം അതിനെ വിശാലപ്പെടുത്തുന്നതാകാം. അവകാശങ്ങള്‍ക്കു വേണ്ടി സമരങ്ങളിലേര്‍പ്പെടുന്ന സഹജരെ ചെന്ന് തൊടുക എന്ന രാഷ്ട്രീയസൂക്ഷ്മത കൂടി അതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. അല്ലെങ്കില്‍ കല, കലാകാരിയെ ആത്മീയമായി സ്പര്‍ശിയ്ക്കുന്നതോ, കല കലാകാരിയോട് നീതി പുലര്‍ത്തുന്നതോ കൊണ്ടുമാകാം.

'ആത്യന്തികമായി എന്റെ കല ആദ്യം എന്നോട് തന്നെയാണ് നീതി പുലര്‍ത്തേണ്ടത്. ആത്മീയമായി എന്നെ സ്പര്‍ശിക്കാന്‍ അതിന് കഴിയണം. 
എന്റെ സ്വത്വ, രാഷ്ട്രീയചിന്ത കൂടി അതില്‍ ഉള്‍ച്ചേരുന്നു എന്ന് മാത്രം. ഉള്ളിനെ സംവേദിപ്പിക്കുന്ന വരികള്‍ക്ക് ജീവന്‍ നല്‍കാനാണ് ഞാന്‍ സംഗീതം ഉപാധിയാക്കുന്നത്.'-പുഷ്പവതി പറയുന്നു. 

 


പൊതുവായ സംവേദന ഇടങ്ങളുടെ അഭാവം

പുഷ്പവതിയുടെ സംഗീത രചനാ തത്വം ഏറ്റവും ലളിതമാണ്. പാട്ടിന്  സമൂഹത്തെ നയിയ്ക്കാനുള്ള ശേഷിയുണ്ട് എന്ന സാമൂഹ്യബോധത്തോടും,  പ്രതികരണശേഷിയുള്ള അത്തരം സംഗീത സംസ്‌കാരധാരകളോടും ചേര്‍ന്ന് നിന്നാണ് പുഷ്പവതി സംസാരിക്കുന്നത്. ഈയൊരു സംഗീതബോധമണ്ഡലത്തിലേക്ക് ഒരു പാട്ടുകാരി ചെന്നെത്തുന്നത് അത്ര ലളിതമായല്ല. സംഗീതത്തെ കുറിച്ച് സംസാരിയ്ക്കുമ്പോള്‍ ഏറ്റവും അപൂര്‍വ്വമായി മാത്രം കേള്‍ക്കുന്ന ഒരു സാംസ്‌കാരികബോധം കൂടിയാണിത്. സമൂഹത്തെ നയിയ്ക്കാന്‍ സംഗീതം കൊണ്ട് സാധിയ്ക്കും എന്ന ചിന്ത, പൊതുവേ കലയുടെ സൗന്ദര്യപരമായ, അതിന്റെ സാങ്കേതിക വശങ്ങളിലോ, കേവലമായ മഹത്വവല്‍ക്കരണങ്ങളിലോ മാത്രം അഭിരമിച്ചു പോകുന്ന കലാപ്രയോക്താക്കള്‍ക്ക് എളുപ്പം ഉണ്ടാവുന്നതല്ല. പ്രത്യേകിച്ച് കര്‍ണ്ണാടക സംഗീതമെന്ന പാഠ്യപദ്ധതിയുടെ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഒരു സ്ത്രീയ്ക്ക്! സമൂഹത്തെ നയിയ്ക്കാന്‍ സംഗീതം കൊണ്ടാവും എന്ന് കര്‍ണ്ണാടക സംഗീത ലോകത്ത് നിന്ന് ഒരു സ്ത്രീ പറയുന്നത് അത്ര ലളിതമല്ല.

സംഗീതത്തെ അതിന്റെ ഏറ്റവും 'പ്രബലമായ' ഒരു ചട്ടക്കൂടില്‍നിന്നും അണുവിട ചലിയ്ക്കാതെ, അതിന്റെ ഘടനയെ  സംരക്ഷിച്ച് നിലനിര്‍ത്തുക എന്ന ഒറ്റ കര്‍ത്തവ്യത്തില്‍ മുഴുകിപ്പോയാല്‍, അത് ചിലപ്പോഴെങ്കിലും സംഗീതവിരുദ്ധം കൂടിയായി പോകില്ലേ എന്ന് ചിന്തിയ്ക്കാവുന്ന ഒരു സാദ്ധ്യതയും നിലനില്‍ക്കുന്നുണ്ട്.  ഈ ലേഖനത്തിനു വേണ്ടി പുഷ്പവതിയുമായി സംസാരിച്ചപ്പോള്‍ അവരുടെ വാക്കുകളിലുടനീളം ജീവന്‍ തുടിച്ചു നിന്നത് അത്തരത്തിലുള്ള സാമൂഹ്യ, സാംസ്‌കാരിക, സംഗീത ബോധമായിരുന്നു. 

''പാട്ടിന്  ഒരു സമൂഹത്തെ നയിക്കാനുള്ള ശേഷിയുണ്ട്. സിനിമാ സംഗീതത്തിലെ രചനകള്‍ക്ക് അതിലെ പ്രമേയവുമായി ബന്ധമുണ്ടാകണം.
നല്ല പ്രമേയം ഉണ്ടാകുമ്പോള്‍ നല്ല ഗാനരചനകള്‍ക്ക് സാധ്യതയുണ്ടാകും. അത്തരം വരികള്‍ക്ക് അത് ആവശ്യപ്പെടുന്ന സംഗീതം വന്നു ചേരണം. 
അത് എല്ലാ കാലത്തും നിലനില്‍ക്കും.''-അഭിമുഖത്തിലൊരിടത്ത് പുഷ്പവതി പറയുന്നു. 

'സ്ത്രീകളുടേതായ പൊതു ഇടങ്ങള്‍ എല്ലാ മേഖലയിലും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സംഗീതലോകം അതിലൊന്നുമാത്രമാണ്. 
ഇവിടെ ഗായിക എന്ന പദവിയില്‍ ഒതുങ്ങി പോകുന്ന പ്രതിഭാധനരായ സ്ത്രീകള്‍ക്ക് ഇത്തരം പൊതുവായ സംവേദന ഇടങ്ങള്‍ ഇനിയും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ആരും നമുക്ക് അത് കൊണ്ടുതരില്ല.''

 


നാരായണ ഗുരുവും പൊയ്കയില്‍ അപ്പച്ചനും

അപൂര്‍വമായി ചില പാട്ടുകള്‍ക്ക് രചന നിര്‍വഹിച്ചിട്ടുണ്ട് പുഷ്പവതി.  ഭക്തിയായിരുന്നു മിക്ക പാട്ടുകളുടെയും പ്രതിപാദ്യ വിഷയം. 'അംബാവനം വൃന്ദാവനം' എന്നു പേരിട്ട,  10 ഗാനങ്ങള്‍ വരുന്ന  ഭക്തിഗാന ആല്‍ബത്തില്‍ നാലു ഗാനങ്ങള്‍ എഴുതിയത്  പുഷ്പവതി ആയിരുന്നു. അതെല്ലാം പലപ്പോഴായി എഴുതിയ, ദൈവത്തോടുള്ള പങ്കുവക്കലുകളാണ് എന്ന് പുഷ്പവതി പറയുന്നു.

കൂടാതെ, പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകള്‍ക്ക് അവര്‍ ഈണം നല്‍കിയിട്ടുണ്ട്. എങ്ങനെയാണ് പൊയ്കയില്‍ അപ്പച്ചനില്‍ എത്തിയത് എന്ന് ചോദിച്ചപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു: 'വര്‍ണ്ണ വിവേചനത്തെ, ജാതി വിവേചനത്തെ അഭിസംബോധന ചെയ്യേണ്ടത് അനിവാര്യമായ കാലഘട്ടത്തില്‍ കൂടിയാണ് നമ്മള്‍ കടന്നു പോകുന്നത്. പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളെ രാഷ്ട്രീയമായിത്തന്നെ ഉയര്‍ത്തി പിടിക്കേണ്ടതുണ്ടെന്ന തോന്നലാണ് അദ്ദേഹത്തിന്റെ വരികള്‍ക്ക് സംഗീതം കൊടുക്കാന്‍ പ്രേരണയായത്.'

കേരളത്തിന്റെ ചരിത്രത്തില്‍ ജാതി അടിമത്തം അനുഭവിച്ചിരുന്ന ദളിത് സമൂഹത്തിന്റെ  ജീവിതം എന്തായിരുന്നെന്ന് കേരളത്തിന്റെ പുതുകാലത്തിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിയ്ക്കുക എന്ന വലിയൊരു ദൗത്യമാണ് പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളിലൂടെ പുഷ്പവതി ഏറ്റെടുക്കുന്നത്. കബീര്‍ ദാസിന്റെ വരികള്‍ പാടി പ്രകാശിപ്പിയ്ക്കുമ്പോള്‍ പുഷ്പവതി തുറന്നുപ്രഖ്യാപിക്കുന്നത്, ഇതുപോലൊരു കാലത്തോടുള്ള തന്റെ മതേതരത്വ നിലപാടുകളാണ്.  

 

 

ശ്രീനാരായണ ഗുരു ദേവന്റെ വരികള്‍ക്കും പുഷ്പവതി ഈണമിട്ടിട്ടുണ്ട്. 2014-ല്‍ ആണ ഗുരുവിന്റെ കൃതികള്‍ക്ക് ഈണമിട്ട് 'ശ്രീനാരായണ ഗുരു ദര്‍ശനം 'എന്ന പേരില്‍ ഇറക്കിയത്. ''കക്ഷിരാഷ്ട്രീയഭേദമന്യേ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന ഒരു വിഭാഗം മനുഷ്യര്‍ നേരിടുന്ന അവസര നിഷേധങ്ങള്‍ ഇന്നും ജാതി അകലങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. ഒരു സമൂഹം വളരെ ആരോഗ്യകരമാകുന്നത് തുല്യത കൊണ്ടും അവസരസമത്വം കൊണ്ടും അധികാര പങ്കാളിത്തം കൊണ്ടുമാണ്.''-പുഷ്പവതി പറയുന്നു. 

ജാതി വിവേചനം അനുഭവിച്ച അനുഭവ പാഠം കൊണ്ടാണ് ഗുരുവിനെയും പൊയ്കയില്‍ അപ്പച്ചനെയും കബീര്‍ ദാസിനെയുമൊക്കെ പാടി നടക്കുന്നതെന്ന് അവര്‍ തുറന്നുപറയുന്നുണ്ട്. ''എന്റെ സംഗീതം ഉയര്‍ന്നു വരുന്നത് വളരെ അടിത്തട്ടില്‍ നിന്നാണ്.''

കര്‍ണാടക സംഗീത കച്ചേരിയുടെ ഘടനക്കകത്തേക്കു പുരോഗമനാത്മകമായ ആശയങ്ങളെ സന്നിവേശിപ്പിച്ചുള്ള ടി എം കൃഷ്ണയുടെ നിലപാടുകളെ ഏറെ പോസിറ്റീവായി കാണുന്ന ഒരാളാണ് പുഷ്പവതി.  കര്‍ണ്ണാടക സംഗീത ലോകത്ത് നിലനില്‍ക്കുന്ന ജാതീയതയെ  പ്രശ്‌നവല്‍ക്കരിച്ച് കാണുകയും അതിനെതിരെ നിലപാടുകള്‍ ഉയര്‍ത്തുകയും ചെയ്യുന്ന സംഗീതജ്ഞനാണ് ടി എം കൃഷ്ണ. സംഗീതം രാഷ്ട്രീയ കലയാണ് എന്ന അതേ പ്രഖ്യാപനം തന്നെയാണ് പുഷ്പവതിയും പങ്കുവെയ്ക്കുന്നത്. എന്നാല്‍, ഇരുവരുടെയും ഇടപെടലുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും കാതലായ ചില വ്യത്യസ്തതകള്‍ കാണാനാവും. ജാതി വിവേചനം അനുഭവിച്ചിട്ടില്ലാത്ത, ജാതിശ്രേണിയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന, പുരുഷനായ കൃഷ്ണ പറയുന്നതും, തന്റെ സംഗീതം അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വരുന്നതാണ് എന്ന് ജാതി വിവേചനത്തിന്റെ അനുഭവച്ചൂടില്‍ നിന്നുകൊണ്ട്, പുഷ്പവതി എന്ന സ്ത്രീ പറയുമ്പോഴും അത് ഒരു പോലെയല്ല. ഇരുവരും നേരിടുന്ന കലാപരമായ സംഘര്‍ഷങ്ങള്‍ താരതമ്യപ്പെടുത്താനാവുന്നതല്ല. പുഷ്പവതിയുടെ വാക്കുകളില്‍ ആ സംഘര്‍ഷവും അതില്‍ നിന്നുമുരുത്തിരിഞ്ഞു വരുന്ന നിലപാടുകളുടെ, ആശയവ്യക്തതയുടെ ഒക്കെ  വിശാലമായ സംഗീതവെളിച്ചം  തെളിഞ്ഞു കാണാനാവും. മിക്കവാറും ഒറ്റയാള്‍ പോരാട്ടമെന്നോ, ഒറ്റയ്ക്കുള്ള സഞ്ചാരമെന്നോ പറയാവുന്നതാണ് അത്.  

കര്‍ണാടക സംഗീതത്തിലെ പല രാഗങ്ങളും ലോകസംഗീതത്തിലും ഉണ്ട്. ഏറ്റവും കാലപ്പഴക്കം ഉള്ള ഗാനശാഖകളായ നാടന്‍പാട്ടുകളും നാടോടിപ്പാട്ടുകളും എല്ലാം തന്നെയാണ് കര്‍ണാടക സംഗീതത്തിന്റെയും അടിത്തറയാവുന്നത് എന്ന്  അഭിപ്രായപ്പെടുന്നുണ്ട് പുഷ്പവതി. 

സ്വന്തം ചിന്തകളെ ക്രോഡീകരിച്ച് കര്‍ണ്ണാടക സംഗീതം പകര്‍ന്ന അറിവിനെ ഉപയോഗിച്ച് പുഷ്പവതി പാടുന്നു. സാമൂഹ്യ,രാഷ്ട്രീയ പ്രശ്‌നങ്ങളോട് പ്രതികരിയ്ക്കുന്നു. എല്ലാവിധ വിവേചനങ്ങളോടും എതിരെ നിന്നുകൊണ്ട്  മനുഷ്യപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ സംഗീതത്തെ സ്വന്തം വഴിയിലൂടെ ഉപയോഗിയ്ക്കുന്നു. ഒപ്പം സംഗീതം എന്ന അനുഭവം ഇതിനുമൊക്കെ അപ്പുറത്താണ് എന്നും വിളിച്ചു പറയുന്നു. കേരളത്തിലെ മറ്റേതൊരു ഗായികമാരേക്കാളും ആര്‍ജ്ജവമുള്ള ഒരിടം സ്വയം നിര്‍മ്മിയ്ക്കുകയാണ് പുഷ്പവതി എന്ന സംഗീതജ്ഞ. 

'മഹിഷാസുരമര്‍ദ്ദിനി ' എന്ന പദപ്രയോഗം പുഷ്പവതി പാടുന്നത് അതിന്റെ അര്‍ത്ഥത്തിനെ മാറ്റിപ്പണിഞ്ഞു കൊണ്ടാണ്. 'മഹിഷാസുരനെ മര്‍ദ്ദിയ്ക്കുന്നവള്‍'  എന്ന അര്‍ത്ഥത്തിനു പകരം  'ഇരുട്ടു പിടിച്ച മനസ്സുള്ളവരെ ഇല്ലായ്മ ചെയ്യുന്നവള്‍' എന്നര്‍ത്ഥത്തിലാണ് താനത് പാടുന്നതെന്ന് പുഷ്പവതി പറയുന്നു. കറുപ്പിനെ അസുര ഗുണമായി കാണുന്നതിനെ, കറുപ്പിനെ കറുത്ത പോത്തിനോടുപമിയ്ക്കുന്നതിനെ മാറ്റിയെടുക്കുന്ന അര്‍ത്ഥം! 'അപ്പോഴാണ് സമാധാനം' എന്ന് പറയുന്നു പുഷ്പവതി. 

 

 

വെള്ളിത്തിരയിലെ പുഷ്പവതി

'നമ്മള്‍' എന്ന സിനിമയിലെ കാത്തുകാത്തൊരു മഴയത്ത്,  'നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി' എന്ന സിനിമയിലെ പുഞ്ചിരിമൊട്ടിന് പൂവഴക്, 'സോള്‍ട് ആന്റ് പെപ്പറി'ലെ ചെമ്പാവ് പുന്നെല്ലിന്‍ ചോറോ, 'വിക്രമാദിത്യനി'ലെ മാനത്തെ ചന്ദനക്കീറ്, 'ഉല്‍സാഹക്കമ്മിറ്റി'യിലെ മേരി തുടുത്തൊരു മേരി, 'തൃശ്ശിവപ്പേരൂര്‍ ക്‌ളിപ്തം' എന്ന സിനിമയിലെ തൃശ്ശൂര് മുഴുവന്‍ റൗണ്ടണ്, 'കായംകുളം കൊച്ചുണ്ണി'യിലെ നൃത്തഗീതികളെന്നും, 'നാന്‍ പെറ്റ മകന്‍' എന്ന സിനിമയ്ക്കായി പാടിയ മുറിവേറ്റു വീഴുന്നു എന്നീ പാട്ടുകളാണ് മലയാള പിന്നണി സംഗീതത്തില്‍ പുഷ്പവതിയെ അടയാളപ്പെടുത്തിയത്. ഇതില്‍ 'നാന്‍ പെറ്റ മകനി'ല്‍ പാടിയ മുറിവേറ്റു വീഴുന്നു എന്ന ഗാനം പല നിലയ്ക്കും സവിശേഷമാണ്. 

 

 

അകം തുറന്നിടുന്ന പാട്ടാണ് പുഷ്പവതിയുടേത്. 'നാന്‍ പെറ്റ മകന്‍' എന്ന സിനിമയിലെ , 'മുറിവേറ്റു വീഴുന്നു' എന്ന പാട്ടിനെ, സംഗീതസംവിധായകനായ ബിജിബാല്‍ ധൈര്യത്തോടെ ഏല്‍പ്പിച്ചു കൊടുത്തത് പുഷ്പവതി എന്ന ഗായികയുടെ സവിശേഷതകളെ കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാകണം. ഒരുപക്ഷെ പുഷ്പവതി പാടിയ മറ്റു സിനിമാപാട്ടുകളില്‍ നിന്നുമൊക്കെ വേറിട്ട് നില്‍ക്കുന്ന പാട്ടുകളില്‍ ഒന്ന് തന്നെയാണിത്. ഒരു നിലവിളിയുണര്‍ത്തുന്ന ആ പാട്ട്, അതിന്റെ ഏറ്റവും മുകളറ്റത്തെ മറ്റൊരു നോട്ടില്‍ ചെന്നു തൊടുമ്പോള്‍ ആ പാട്ട് കൊണ്ടുദ്ദേശിച്ച ചില വൈകാരികമുഹൂര്‍ത്തങ്ങളെ അത് പൂര്‍ത്തീകരിയ്ക്കുകയും ചെയ്യുന്നു. അകത്തേയ്ക്കൊതുക്കി ശബ്ദം കൊണ്ട് മധുരിപ്പിയ്ക്കാതെ, പുറത്തേക്കൊഴുക്കുന്ന ജീവസംഗീതമായി അത് മാറുന്നു.  

ഇരുട്ടു നിറഞ്ഞ ഭൂതകാലത്തില്‍ നിന്നുമുള്ള ഒരേടാണ് പുഷ്പവതിയുടെ ശബ്ദത്തില്‍ നമ്മള്‍ കേട്ട 'മൂക്കുത്തി' എന്ന വീഡിയോ ആല്‍ബം. പാട്ട് കേവലമൊരു പാട്ട് മാത്രമല്ല. അത് കേവലം കേള്‍വിയുടെ സുഖം മാത്രമല്ല. ചരിത്രപരമായ ഓര്‍മകളിലേക്ക് ഒരു വഴി തുറക്കലാണ് പാട്ട്. ആറാട്ടുപുഴ വേലായുധപണിക്കരുടെ ഓര്‍മ്മയാണത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍  1860-ല്‍ പന്തളത്ത് നടന്ന മൂക്കുത്തി സമരത്തിന്റെ ഓര്‍മ്മയും. ജാതിശ്രേണിയില്‍ മുകളിലുള്ളവര്‍ക്ക് മാത്രം മൂക്കുത്തി ധരിക്കാന്‍ അവകാശമുണ്ടായിരുന്ന കാലത്ത് മൂക്കുത്തി ധരിച്ച് പണിക്കെത്തിയ ദലിത് യുവതിയുടെ മൂക്കുത്തി പറിച്ചെടുക്കുകയും അപമാനിക്കുകയും ചെയ്ത മേലാളന്‍മാര്‍ക്കെതിരായി നടന്ന സമരമായിരുന്നു അത്. നിരവധി കീഴാള സ്ത്രീകള്‍ മൂക്കുത്തി അണിഞ്ഞ് പൊതുസ്ഥലത്ത് ജാഥ നടത്തുകയായിരുന്നു അന്ന്. അവകാശ സമര ഓര്‍മകളുടെ ചുവപ്പുള്ളൊരു മുക്കുത്തിയാണ് പുഷ്പാവതി ആലപിച്ച ഗാനം. ശ്രീ നാരായണ ഗുരു 1888ല്‍ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തുന്നതിനും മുന്‍പ് അവര്‍ണ്ണര്‍ക്കായി ശിവക്ഷേത്രം പണികഴിപ്പിച്ചയാളാണ് ആറാട്ടുപുഴ വേലായുധ പണിക്കര്‍. 1866-ല്‍ കേരളത്തിലെ ആദ്യ കര്‍ഷക സമരം നയിച്ച് ജാതി മേലാളരെ മുട്ടുകുത്തിച്ചവന്‍. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ കൂടിയാണ് 'മൂക്കുത്തി'.

 

 


വാര്‍പ്പുമാതൃകകള്‍ക്കപ്പുറം

ഗായകര്‍ക്ക് അവരുടെ തനതായ ശബ്ദം ഒരനുഗ്രഹമാണെന്ന് കരുതപ്പെടുന്നുണ്ട് മിക്കപ്പോഴും. എന്നാല്‍ മലയാള സിനിമാ സംഗീത ലോകം ഗായകരുടെ ശബ്ദഗുണത്തിന് ഏകതാനമായ ചില മാനദണ്ഡങ്ങളെ, വാര്‍പ്പുമാതൃകകളെ ഉണ്ടാക്കിയെടുത്തിട്ടുമുണ്ട്. പൗരുഷമേറിയ ശബ്ദം, ഭാവഗായകന്‍, ഏറ്റവും മധുരമായ, തേനൂറുന്ന സ്ത്രീ ശബ്ദം, മെലഡി ക്വീന്‍, എന്നിങ്ങനെയുള്ള സംബോധനകളില്‍, ഗായകരുടെ ശബ്ദഗുണത്തിന് പ്രാധാന്യം കൊടുക്കുന്ന ചില ധ്വനികള്‍ അടങ്ങിയിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട ഒരു ഗായകനെ/ ഗായികയെ ഓര്‍ക്കുമ്പോള്‍ അവരുടെ ശബ്ദം തന്നെയാണ് ഓര്‍മ്മയില്‍ വരിക.

എന്നാല്‍, സത്യത്തില്‍ ഒരു ഗായിക/ ഗായകന്‍ അവരുടെ ഗായകപദവികള്‍ക്കുമപ്പുറത്തേയ്ക്ക്, സംഗീതജ്ഞര്‍ എന്ന നിലയിലേയ്ക്ക് വളരുന്നത്, കേവലം ശബ്ദഗുണം കൊണ്ട് മാത്രമാവുന്നില്ല. അതില്‍ പ്രധാനം അവര്‍ ആര്‍ജ്ജിച്ചെടുത്തിട്ടുള്ള സംഗീതബോധം കൂടിയാണ്. സംഗീതസംസ്‌കാരമാണ്. സംഗീതത്തില്‍ പ്രദേശങ്ങളുണ്ട്, ജീവിച്ച ജീവിതങ്ങളുണ്ട്, ഒരു ജനതയുടെ അനുഭവങ്ങളുമുണ്ട്, ഈണങ്ങളുണ്ട് എന്ന തിരിച്ചറിവുകളാണ്.

എം.എസ് ബാബുരാജിന്റെ പാട്ടുകള്‍  കെ.ജെ.യേശുദാസ് മനോഹരമായി പാടുന്നതും, ബാബുരാജ് അത് സ്വയം പാടുന്നതും രണ്ടും രണ്ടാവുന്നത് അതുകൊണ്ടാണ്. ബാബുരാജ് പാടിക്കേള്‍ക്കുമ്പോള്‍ മറ്റൊരു ലോകം തന്നെ നമുക്ക് മുന്നില്‍ വിടര്‍ന്നു മുഴങ്ങുന്നതിന്റെ കാരണവും മറ്റൊന്നുമായിരിയ്ക്കില്ല.

ഇതിനെ തിരിച്ചറിഞ്ഞ് പ്രയോഗിയ്ക്കുമ്പോഴാണ് ചിലരൊക്കെ ഗായകപദവികള്‍ക്കും അപ്പുറത്തേയ്ക്ക് എത്തിച്ചേരുന്നത്. അവരുടെ ഉള്ളിലെ സംഗീതം, കേവലം പാടുക എന്നതിനപ്പുറം സാംസ്‌കാരികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. പുഷ്പവതി എന്ന ഗായികയില്‍ ആ തിരിച്ചറിവും, പ്രയോഗിയ്ക്കാനുള്ള ധിഷണയും ഒരുമിച്ച് ചേര്‍ന്നിട്ടുള്ളതാണ്. ശബ്ദത്തിന്റെ പതിവ് വാര്‍പ്പുമാതൃകകളില്‍ ചെന്ന് ചേരേണ്ടതാവുന്നില്ല പുഷ്പവതിയുടെ സംഗീതം. അതിന്റെ ഭാഷ തീര്‍ച്ചയായും ഹൃദയത്തിന്റെ ഭാഷയാണ്.  

 

 

അതിനുള്ള തികഞ്ഞ ഒരു ഉദാഹരണമാണ് 'ആസാദി' എന്ന പാട്ട്. പുഷ്പവതി തന്നെ സംഗീത രചന നടത്തിയ, ഒരു രാജസ്ഥാനി സംഗീതാംശം, അതിന്റെ ഈണത്തിലും താളത്തിലും ഉപയോഗിച്ച് കരുത്തുള്ള, ഉറപ്പുള്ള തുറന്ന പാട്ടായിരുന്നു അത്.

അതേ ശബ്ദം ഉപയോഗിച്ച് പുഷ്പവതി പൊയ്കയില്‍ അപ്പച്ചന്റെ വരികള്‍ തൊട്ട് കര്‍ണ്ണാടക സംഗീത കൃതി വരെ പാടുകയും ചെയ്യുന്നു. സംഗീത രചന അടക്കമുള്ള നേതൃശേഷി ആവശ്യമുള്ള, കര്‍തൃത്വപദവി കൂടി കൈകാര്യം ചെയ്യാന്‍ കഴിവും ധിഷണയും ഉള്ള പുഷ്പവതിയെ പോലെയുള്ള സ്ത്രീകള്‍ അത്തരം ഇടങ്ങളിലേക്ക് വരേണ്ടത് ഒരു സാമൂഹ്യ, സാംസ്‌കാരിക, പുരോഗമന ആവശ്യമാണ്.

പുഷ്പവതിയുടെ സംഗീതബോധവും ശബ്ദവും മലയാള സിനിമാ സംഗീതലോകം ഉപയോഗിക്കാനിരിയ്ക്കുന്നതേ ഉള്ളു.

click me!