ആരാണ് എനിക്കീ പേരിട്ടത്; ഒരു പാവം കഞ്ഞിയുടെ ആത്മഗതം

By Chilla Lit Space  |  First Published Jan 4, 2023, 3:19 PM IST

എല്ലാം തകര്‍ക്കുന്ന കൊടുങ്കാറ്റിനു പോലുമുണ്ട് നല്ല സ്‌റ്റൈലന്‍ പേര്. ഒരു ദുരന്തവും വരുത്താതെ നന്മ മാത്രം ചെയ്യുന്ന എനിക്ക് പേര് കഞ്ഞി! എന്തിനാണ് ഇങ്ങനെ ഒരു ചിറ്റമ്മ നയം?


കല്യാണത്തിനോ വിശേഷ ദിവസമോ എന്നെയാരും കൊണ്ട് പോകില്ല. എന്നാല്‍ ലോകത്തു ഏറ്റവും വിശ്വസിച്ചു കഴിക്കാവുന്ന ഭക്ഷണമാണെന്ന് വാ തോരാതെ വിളിച്ചു പറയും. അല്ല മനുഷ്യരെ, ശരിക്കും നിങ്ങള്‍ക്ക് വട്ടാണോ?

 

Latest Videos

undefined

 

സത്യത്തില്‍ എനിക്കീ പേരിട്ടതാരാണ്? ഇക്കാലമത്രയും എന്നെ അലട്ടിക്കൊണ്ടിരിക്കുന്നത് ഇക്കാര്യമാണ് ബ്രോ. വാസ്തവത്തില്‍ എല്ലാവരും പറയും ഞാന്‍ നല്ല ഭക്ഷണമാണെന്ന്. ഏത് രോഗാവസ്ഥയിലും ധൈര്യമായി കഴിക്കാവുന്ന മുതലാണെന്ന്. എന്നിട്ടുമെന്ത് കൊണ്ടാണ് മനുഷ്യരേ നിങ്ങളെനിക്ക് ഇതുപോലൊരു പേരിട്ടത്, കഞ്ഞിയാണ് പോലും, കഞ്ഞി...!

കാണാന്‍ ഒരു ലുക്ക് ഇല്ലെന്നെ ഉള്ളൂ. നമ്മള്‍ പാവങ്ങളാണ് സാറമ്മാരേ. പണ്ടൊക്കെ വീടുകളില്‍ ഒരു നേരം ഞാന്‍ തന്നെ വേണമായിരുന്നു, അതുകൊണ്ട് അവര്‍ എല്ലാരും നല്ല ആരോഗ്യത്തോടെയും, ദീര്‍ഘായുസ്സോടെയും ഇരുന്നു. ഈ തിരക്കില്‍ എനിക്ക് ഡിഗ്രി എടുക്കാന്‍ ഒന്നും പോകാന്‍ പറ്റിയില്ല, സത്യമാണ് എന്നാലും ഇങ്ങനെ ഒക്കെ അവഗണിക്കാമോ...

ഇപ്പോഴത്തെ കുറെ ന്യൂ ജെന്‍ പിള്ളേരുണ്ട്.  കഞ്ഞി എന്ന് കേട്ടാല്‍ മതി അയ്യേ എന്ന് പറയും. എനിക്കിത് മനസിലാകുന്നേയില്ല.  അയ്യേ എന്ന് പറയാന്‍ ഞാന്‍ എന്താണ് ചെയ്തത്. ഒന്നും മിണ്ടാതെ എല്ലാം അടക്കി പിടിച്ചു ഇത്രകാലം ജീവിച്ചത് കൊണ്ടാണോ എന്നെ നിങ്ങള്‍ കഞ്ഞിയാക്കുന്നത്? 

കല്യാണത്തിനോ വിശേഷ ദിവസമോ എന്നെയാരും കൊണ്ട് പോകില്ല. എന്നാല്‍ ലോകത്തു ഏറ്റവും വിശ്വസിച്ചു കഴിക്കാവുന്ന ഭക്ഷണമാണെന്ന് വാ തോരാതെ വിളിച്ചു പറയും. അല്ല മനുഷ്യരെ, ശരിക്കും നിങ്ങള്‍ക്ക് വട്ടാണോ?

ഞാന്‍ ഒരു പരദൂഷണവും പറയാത്ത ആള്‍ ആയതു നിങ്ങള്‍ക്ക് കൊള്ളാം. എനിക്ക് ഫേസ്ബുക്ക് അക്കൗണ്ടില്ല. ഞാനെന്റെ തോന്നലുകള്‍ പച്ചയ്ക്ക് പറയാറില്ല. എനിക്ക് പേരിട്ടവനെതിരെ പോലും ഒരു പോസ്റ്റിട്ടില്ല. പാവം കഞ്ഞി എന്ന് പറഞ്ഞു പണ്ട് മുതലേ എന്നെ അടിച്ചമര്‍ത്തി. ആ ചക്കര വാക്കില്‍ ഞാന്‍ വീണു പോയി. എന്ത് ചെയ്യാനാ, ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡിനെ പോലെ എനിക്ക് ചതിയും വഞ്ചനയും അറിയില്ലല്ലോ. ഞാന്‍ നിങ്ങളുടെ ഒപ്പം ഉള്ളപ്പോള്‍, എന്തെങ്കിലും പരിഭവമോ പരാതിയോ നിങ്ങളുടെ ഹാര്‍ട്ട് പറഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ നിങ്ങളുടെ ഉള്ളിലെ കിഡ്‌നിയോ, വയറോ, കംപ്ലയിന്റ് പറഞ്ഞിട്ടുണ്ടോ, നിങ്ങള്‍ ചിന്തിക്കണം. 

എന്നാലും അസുഖം വന്നാല്‍ എല്ലാവമ്മാരും ഓടി വരും. ലോകത്തെ എല്ലാ വലിയ ഡോക്ടര്‍മാരും പറയും, കഞ്ഞി കുടിക്കൂ എന്ന്. കാരണമെന്താ, എന്നെ ഉപദ്രവിക്കുന്നവനെ പോലും ഞാന്‍ ചതിക്കില്ല. 

 

 

രോഗം വരുമ്പോ ഒക്കെയുള്ള തള്ള് കേള്‍ക്കണം. വരുന്നവനും, പോകുന്നവനും ഒക്കെ പറയും ഈ സമയത്തു കഞ്ഞി ആണ് ബെസ്റ്റ് എന്ന്. പാലം കടക്കുവോളം നാരായണാ, പാലം കടന്നാല്‍ കൂരായണ എന്ന് പറയുന്ന പോലെ അസുഖം മാറിയാല്‍ പിന്നെ എന്നെ തിരിഞ്ഞു നോക്കില്ല. അതും പോരാതെ മാനസിക പീഡനം വേറെയും. എവിടെ വെച്ചു കണ്ടാലും പറയും, അയ്യേ നീ കഞ്ഞി ആണോ കുടിക്കുന്നത് എന്ന്. കഷ്ടകാലത്തു ഞാനാണ് ഒപ്പമുണ്ടായിരുന്നത് എന്നൊരു ചിന്ത പോലും ഇല്ലാതെ നാട്ടുകാരുടെ മുന്നില്‍ വച്ചു വേദനിപ്പിക്കും, മുറിവേല്‍പ്പിക്കും. 

പക്ഷേ, നിങ്ങള്‍ സ്വന്തം ശരീരത്തോട് ചോദിച്ചു നോക്കൂ. സ്വന്തം ഹൃദയത്തോട് ചോദിച്ചു നോക്കൂ. അപ്പോള്‍ അവര്‍ പറഞ്ഞുതരും ഞാനാരാണെന്ന്. ഇനി നിങ്ങളോട് പറഞ്ഞില്ലെങ്കിലും എന്നോട് പറയാറുണ്ട്, ഫാസ്റ്റ് ഫുഡ്‌ കാരണം അവര്‍ അനുഭവിക്കുന്ന ദണ്ണങ്ങള്‍. അതു വന്നതില്‍ പിന്നെ ഒരു സമാധാനം ഉണ്ടായിട്ടില്ലെന്ന്. 

എന്നിട്ടെന്താ സ്വന്തം ഹൃദയത്തെക്കുറിച്ച് ആര്‍ക്കെങ്കിലും വല്ല ആലോചനയുണ്ടോ. കിട്ടുമ്പോള്‍, തോന്നുമ്പോള്‍ ഫാസ്റ്റ് ഫുഡ് വാരിവലിച്ചു തിന്നും. വയറു വീര്‍ത്തു നടക്കും. മേലനങ്ങാതെ കിടക്കും. പിന്നെ കുറച്ചു കാലം കഴിയുമ്പോള്‍ വല്ല അസുഖം വരും. അപ്പോള്‍, ചാടിവരും, അയ്യോ എന്റെ കഞ്ഞീ എന്നും പറഞ്ഞ്. 

ഇനി മറ്റൊരു കോമഡി കേള്‍ക്കണോ. ഈ മനുഷ്യന്‍മാര്‍ ഉണ്ടല്ലോ, വല്ല പെണ്‍പിള്ളേരുടെയും പുറകെ പോയിട്ട് ഒരു ഡയലോഗ് ഉണ്ട്. നീ ഇല്ലാത്ത ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണെന്ന്.   എന്നിട്ടോ ബോധവും വെളിവും ഇല്ലാത്ത പെണ്ണുങ്ങള്‍ ഇതു കേട്ടു വീണ് അവന്റെ കൂടെ പോകും. അതു കഴിഞ്ഞിട്ടോ, അവന്‍ അവള്‍ക്ക് ആദ്യം വാങ്ങി കൊടുക്കുന്നത് പിസയും, ബര്‍ഗറും. 

നിങ്ങള്‍ ഒന്ന് മനസിലാക്കണം, കഞ്ഞി കുടിച്ചു നിങ്ങള്‍ക്കൊരിക്കലും അസുഖം വന്നിട്ടില്ല. കണ്ണില്‍ കണ്ട ഫാസ്റ്റ് ഫുഡ് മുഴുവന്‍ കഴിച്ച്, കൊളസ്‌ട്രോള്‍, ബിപി, ഷുഗര്‍ അങ്ങനെ മനുഷ്യന് മനസിലാകാത്ത അസുഖം മുഴുവന്‍ വരുമ്പോള്‍ കാശും കളഞ്ഞു അവസാനം ദൈവത്തെ വിളിച്ചു കരയും. ദൈവം തന്നെ അല്ലേ ഈ തങ്കപ്പെട്ട മനസുള്ള എന്നെ സൃഷ്ടിച്ചത്. എന്നിട്ട് എന്നെ കണ്ടാല്‍ ഒരു കിലോ മീറ്റര്‍ ദൂരെക്കൂടി നടക്കുന്ന നിങ്ങള്‍ ഓരോന്ന് വാങ്ങി കഴിച്ചിട്ട് ദൈവം എന്തു പറയാന്‍ ആണ്. പറഞ്ഞാല്‍ കൂടി പോകും എന്നുള്ളത് കൊണ്ടാവും പാവം ദൈവം പോലും മിണ്ടാതെ ഇരിക്കുന്നത്!

ഞാനാദ്യം പറഞ്ഞ പേരിന്റെ കാര്യം തന്നെ വിശദമായി പറയാം. അത്രയും വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം എന്റെ ജീവിതത്തിലില്ല. എല്ലാം തകര്‍ക്കുന്ന കൊടുങ്കാറ്റിനു പോലുമുണ്ട് നല്ല സ്‌റ്റൈലന്‍ പേര്. ഒരു ദുരന്തവും വരുത്താതെ നന്മ മാത്രം ചെയ്യുന്ന എനിക്ക് പേര് കഞ്ഞി! എന്തിനാണ് ഇങ്ങനെ ഒരു ചിറ്റമ്മ നയം? പെണ്ണുങ്ങള്‍ക്ക് എങ്കിലും മനസ്സലിവ് ഉണ്ടാകും എന്ന് ഞാന്‍ കരുതിയിരുന്നു. കഞ്ഞി അല്ലേ ഏറ്റവും എളുപ്പമുള്ള ഭക്ഷണം. കുക്കറില്‍  ആണെങ്കില്‍ അതിലും എളുപ്പം. കൂടെ കഴിക്കാന്‍ ഒരു ചമ്മന്തിയോ, അച്ചാറോ, പപ്പടമോ ഒക്കെ മതി. പക്ഷെ ആരോട് പറയാന്‍? അടുക്കളപ്പണി വയ്യേ എന്നും പറഞ്ഞു അവര്‍ ഇപ്പോള്‍ മൊബൈലില്‍ കുത്തി ഓര്‍ഡര്‍ ചെയ്താണ് കഴിക്കുന്നത്. 

എനിക്ക് പിന്നെ, ഗസറ്റില്‍ ഒന്നും പോയി പേര് മാറ്റാന്‍ ആവില്ലലോ?  കഞ്ഞി എന്നും പറഞ്ഞു മാറ്റി നിര്‍ത്തുന്നത് കൊണ്ട് എനിക്ക് ഒരു ആധാര്‍ കാര്‍ഡ് പോലും ഇല്ല. നിങ്ങള്‍ക്ക് അറിയാമോ, ഈ പിസ്സയ്ക്കും ബര്‍ഗറിനും വരെ ഉണ്ട് ബ്രാന്‍ഡ് നെയിം. എനിക്ക് മാത്രം ഊളക്കഞ്ഞി എന്ന പേര്! 

അവഗണന സഹിച്ചു ജീവിച്ചു മടുത്തു. ഒളിഞ്ഞും മറഞ്ഞും എന്നെ വേദനിപ്പിക്കുന്നതിലും ഭേദം നിങ്ങള്‍ക്ക് എന്നെ പിടിച്ചു നിര്‍ത്തി 'എടാ കഞ്ഞീ' എന്നും പറഞ്ഞു ചെവിക്കുറ്റി നോക്കി അടിക്കുന്നതാണ്. അതോടെ കഴിയുമല്ലോ എല്ലാം...


 

click me!