വോഡഫോണ്‍ ഐഡിയയും ബിഎസ്എന്‍എല്ലും ഒന്നാവുമോ?

By Abhilash G Nair  |  First Published Aug 5, 2021, 9:56 PM IST

മണി ടൈം. ബിസിനസ് മേഖലയിലെ പുതുചലനങ്ങള്‍. പിന്നണിയിലെ ചെറുചലനങ്ങള്‍. അഭിലാഷ് ജി നായര്‍ എഴുതുന്ന കോളം


ടെലികോം മേഖലയില്‍ ജിയോയുടെ കടന്നു കയറ്റം ബിഎസ്എന്‍എലിന്റെയും മറ്റ് ചെറുകിട ടെലികോം കമ്പനികളുടേയും നടുവൊടിച്ചത് നമ്മള്‍ കണ്ടതാണ്.  ടെലികോം മേഖലയില്‍ സര്‍വ്വ പ്രതാപിയായി വാണരുളിയ വോഡഫോണും ഐഡിയയും പിടിച്ചു നില്‍ക്കാന്‍ സകല ശ്രമവും നടത്തി. ഒടുവില്‍ ലയിച്ച് വോഡഫോണ്‍ ഐഡിയ എന്ന ഒറ്റകമ്പനിയായി നില്‍ക്കാനുള്ള നീക്കവും തകരുകയാണ്. 

 

Latest Videos

undefined

 

വിഐ എന്ന വോഡഫോണ്‍ ഐഡിയക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് രാജ്യത്തെ ടെലികോം മേഖല. കമ്പനിയെ രക്ഷിക്കാന്‍ ആരെങ്കിലും  മുന്നോട്ടു വരണമെന്ന് ഉടമകള്‍ തന്നെ അഭ്യര്‍ത്ഥിക്കുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോഴുള്ളത്. കമ്പനിയുടെ 27.66 ശതമാനം ഓഹരികള്‍ കൈവശമുള്ള ആദിത്യ ബിര്‍ള ഗ്രൂപ്പ്  ഓഹരികള്‍ ആര്‍ക്കു വേണമെങ്കിലും നല്‍കാമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. സര്‍ക്കാരിനോ സ്വകാര്യ കമ്പനിക്കോ  കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിനോ   ആര്‍ക്കു വേണമെങ്കിലും നല്‍കാമെന്ന നിലപാടിലാണ് ബിര്‍ള. അതീവ ഗുരുതര പ്രതിസന്ധിയിലാണ് വി. എന്നു വെച്ചാല്‍ എപ്പോള്‍ വേണമെങ്കിലും  പൂട്ടിപ്പോകാവുന്ന അവസ്ഥയിലെത്തിയെന്ന് സാരം. 

ടെലികോം മേഖലയില്‍ ജിയോയുടെ കടന്നു കയറ്റം ബിഎസ്എന്‍എലിന്റെയും മറ്റ് ചെറുകിട ടെലികോം കമ്പനികളുടേയും നടുവൊടിച്ചത് നമ്മള്‍ കണ്ടതാണ്.  ടെലികോം മേഖലയില്‍ സര്‍വ്വ പ്രതാപിയായി വാണരുളിയ വോഡഫോണും ഐഡിയയും പിടിച്ചു നില്‍ക്കാന്‍ സകല ശ്രമവും നടത്തി. ഒടുവില്‍ ലയിച്ച് വോഡഫോണ്‍ ഐഡിയ എന്ന ഒറ്റകമ്പനിയായി നില്‍ക്കാനുള്ള നീക്കവും തകരുകയാണ്. 

പഴയ സ്‌പെക്ട്രം കുടിശ്ശിക മുതല്‍ ജിയോ ഉയര്‍ത്തിയ മത്സരത്തിലുണ്ടായ വമ്പന്‍ വരുമാന നഷ്ടം വരെ ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടി. 1. 8 ലക്ഷം കോടി രൂപയാണ് വിഐയുടെ ബാധ്യത. ഇതില്‍ ഒന്നര ലക്ഷം കോടി രൂപ കൊടുക്കാനുള്ളത് കേന്ദ്ര സര്‍ക്കാരിനും. ബാക്കി ബാങ്കുകള്‍ക്ക്. അടുത്ത 12 മാസത്തിനുള്ളില്‍  കുറഞ്ഞത് 23200 കോടി രൂപ  എങ്കിലും തിരിച്ചടക്കേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പണം കണ്ടെത്താന്‍ വി ക്ക് കഴിയില്ല.  അങ്ങനെയെങ്കില്‍ വി യെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ? ബിഎസ്എന്‍എല്ലിനോട് വി യെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പറയുമോ? ഈ കാര്യം മാത്രമാണ് ഇനി അറിയേണ്ടത്.  

കേന്ദ്രം നിര്‍ദ്ദേശിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന് വി യെ കൈമാറാന്‍ തയ്യാറാണെന്ന് പറഞ്ഞ ബിര്‍ളയുടെ മനസ്സിലിരുപ്പും  ബിഎസ്എന്‍എല്‍ ഏറ്റെടുക്കട്ടെ എന്നാണ്.  വി യുടെയും ബിഎസ്എന്‍എല്ലിന്റെയും  മാത്രമല്ല രാജ്യത്തെ ടെലികോം മേഖലയിലെ നിരവധി കമ്പനികളുടെ അന്തകനായി മാറിയ ജിയോയ്‌ക്കെതിരെയുള്ള പുതിയ നീക്കത്തിന് ഈ സഹകരണം ഒരു പക്ഷെ ഗുണമായേക്കാം.  27 കോടി വരിക്കാര്‍ ഇപ്പോഴും വോഡഫോണ്‍ ഐഡിയക്കുണ്ട് എന്നത് ചില്ലറ കാര്യമല്ല.  ഇതൊക്കെയാണെങ്കിലും വി യും ബിഎസ്എന്‍എല്ലും സഹകരിക്കുന്ന നാളുകള്‍ സ്വപ്നം കാണാന്‍ വരട്ടെ. കാരണം തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. മുകേഷ് അംബാനിക്ക് ടെലികോം രംഗത്ത് ഇനിയുമൊരു മത്സരം കൊടുക്കണമോയെന്ന് പ്രധാനമന്ത്രി തീരുമാനിക്കട്ടെ.

 

രാകേഷ് ജുന്‍ജുന്‍വാല

 

ചിലവു കുറഞ്ഞ വിമാന സര്‍വ്വീസ്:
ജുന്‍ജുന്‍വാല വിജയിക്കുമോ? 

ഇന്‍ഡ്യയുടെ വാറന്‍ ബഫറ്റായ രാകേഷ് ജുന്‍ജുന്‍വാല വിമാനക്കമ്പനി തുടങ്ങുന്നുവെന്ന വാര്‍ത്ത അമ്പരപ്പോടെയാണ് നിക്ഷേപകര്‍ കേട്ടത്. ജുന്‍ജുന്‍വാല  ഏത്   ഓഹരി വാങ്ങിയാലും അങ്ങോട്ട് നിക്ഷേപകര്‍ ഇരച്ചുകയറുന്നതാണ് പൊതുവെയുള്ള കാഴ്ച. ജുന്‍ജുന്‍വാല വാങ്ങിയെങ്കില്‍ കണ്ണടച്ച് വാങ്ങാം ലാഭം ഉറപ്പെന്നാണ് സാധാരണക്കാരായ നിക്ഷേപകരുടെയും വിശ്വാസം.

അങ്ങനെയിരിക്കയാണ് ജുന്‍ജുന്‍വാല 'ആകാശ് എയര്‍' എന്ന ചിലവു കുറഞ്ഞ വിമാനക്കമ്പനിയുടെ പ്രധാന സംരംഭകനാകുന്നുവെന്ന  സൂചന കഴിഞ്ഞ ദിവസം വന്നത് . വിമാനക്കമ്പനി തുടങ്ങി കൈ പൊള്ളിയ നിരവധി സംരംഭകരെ കണ്ടിട്ടുള്ളതിനാല്‍ ജുന്‍ജുന്‍വാലക്ക് എന്ത് പറ്റിയെന്ന് ഇത്തവണ പലരും ചോദിക്കുന്നുണ്ട്. പക്ഷെ  കക്ഷി  മുന്നോട്ടു തന്നെ. ചിലവു കുറഞ്ഞ വിമാന സര്‍വ്വീസാണ് ലക്ഷ്യം. മുമ്പ് പലരും പയറ്റി നോക്കിയിട്ടുള്ള അതേ മേഖല. അവരൊക്കെ പൊളിഞ്ഞ് പാപ്പരായി. 

പക്ഷെ  ആത്മ വിശ്വാസത്തിലാണ്  ജുന്‍ജുന്‍വാല. ആകാശ് എയറിന്റെ നടത്തിപ്പിനായി  പരിചയ സമ്പന്നരെ കണ്ടെത്തിക്കഴിഞ്ഞു. അടുത്ത വര്‍ഷം ഏപ്രിലില്‍ സര്‍വ്വീസ് തുടങ്ങും. കൊവിഡ് വ്യാപനത്തില്‍ ലോകത്ത് തന്നെ ഏറ്റവും വലിയ തിരിച്ചടിയുണ്ടായ മേഖലയാണ് വ്യോമയാനം . കൊവിഡ് ഭീഷണി മറി കടക്കുന്നതോടെ ഇത്ര നാള്‍ വീട്ടിലടച്ചിരുന്നവരെല്ലാം കൊതിയോടെ യാത്ര ചെയ്യാനിറങ്ങും.  നിരക്ക് തീരെ കുറഞ്ഞ സര്‍വ്വീസായതിനാല്‍ സംഗതി ഹിറ്റാകും. 

ഇതൊക്കെയാണ് ജുന്‍ജുന്‍വാല ആരാധകരുടെ പ്രതീക്ഷ. തൊട്ടതെല്ലാം പൊന്നാക്കിയവനെന്ന പേര്  അദ്ദേഹം കളഞ്ഞുകുളിക്കില്ലെന്ന് പ്രതീക്ഷിക്കാം 


 

click me!