പഞ്ഞിക്കഷണങ്ങളില്‍ പറ്റിപ്പിടിച്ച്, പാതി മുറിഞ്ഞ ഒരു കുഞ്ഞുകൈപ്പത്തി!

By Web Team  |  First Published Aug 18, 2022, 5:51 PM IST

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് ദില്ലിയിലെ ഒരു അനധികൃത അബോര്‍ഷന്‍ ക്ലിനിക്കിലെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍


പോകുന്നവഴി ചുരിദാറിന്റെ മുകളില്‍ ഇട്ടിരുന്ന വെള്ളക്കോട്ട് ഊരിയെറിഞ്ഞ് ഞാന്‍ ജനുവരിയുടെ കുത്തുന്ന തണുപ്പിലേക്ക് ഓടിയിറങ്ങി. രാവിലെ ഊരിയിട്ട സ്വെറ്ററോ ഷാളോ എടുക്കാതെ, ബാഗ് പോലും എടുക്കാന്‍ നില്‍ക്കാതെ ഞാനോടി. ബസ്സിന് കാത്തു നില്‍ക്കാതെ, റൂമിലേക്കുള്ള വഴി തെറ്റുമോയെന്നു പോലും ചിന്തിക്കാതെ ഡല്‍ഹിയുടെ തണുപ്പിലും തിരക്കിലും ഒളിച്ചു. ഓട്ടമെന്നോ നടത്തമെന്നോ പേരിടാനാകാത്ത ഏറെനേരത്തെ അലച്ചിലിന് ശേഷം റൂമിന്റെ വാതിലില്‍ മുട്ടുമ്പോള്‍ വീണു പോയിരുന്നു.

Latest Videos

undefined

Also Read :  എങ്ങനേലും ജോലി പോവണേ എന്ന് ഒരു നഴ്‌സ് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?

 

അവധി ദിവസത്തിന്റെ എല്ലാ ആലസ്യത്തോടും കൂടി സോഫയില്‍ ചുരുണ്ടു കൂടിയിരിക്കുന്ന ഒരു ദിവസമായിരുന്നു അത്. വായനയുടെയും ഉറക്കത്തിന്റെയും ഇടയിലുള്ള അലസത നിറഞ്ഞ സമയം. ന്യൂസ്ചാനലില്‍ അന്നത്തെ പ്രധാന വാര്‍ത്തകള്‍. പുതുതായി സ്ഥാനമേറ്റ  പ്രസിഡന്റിന്റെ നയങ്ങളും ഉടന്‍ നടപ്പാക്കാനിരിക്കുന്ന തീരുമാനങ്ങളും വായിക്കുന്ന സ്വര്‍ണ്ണതലമുടിയുള്ള ചെറുപ്പക്കാരി. അബോര്‍ഷന്‍ നിയമപരമാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വന്നപ്പോള്‍ ഒന്ന് ശ്രദ്ധിച്ചു. എന്നും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നതും ശരിയോ തെറ്റോ എന്ന് ഒരിക്കലും കൃത്യമായ നിര്‍വചനം നല്‍കാന്‍ സാധിക്കാത്തതുമായ ഒരു വിഷയമാണ് അബോര്‍ഷന്‍. ഇരുപതിലേറെ വര്‍ഷങ്ങള്‍ നീണ്ട നഴ്‌സിംഗ് കരിയറില്‍ അബോര്‍ഷനുമായി ബന്ധപ്പെട്ട് ഒരുപാട് പേര്‍ ഓര്‍മ്മയിലുണ്ട്. 

ആ വാര്‍ത്ത എന്റെ ഓര്‍മ്മകളെ കൊണ്ടുചെന്നെത്തിച്ചത് ഡല്‍ഹി നഗരത്തില്‍ ആദ്യകാലത്ത് ഒരു ജോലിതേടിനടന്ന ദിവസങ്ങളിലേക്കായിരുന്നു. നഴ്‌സിംഗ് പാസായ സര്‍ട്ടിഫിക്കറ്റുമായി അലഞ്ഞുനടന്ന ദിവസങ്ങള്‍. നഗരം അതിന്റെ വശ്യതയുമായി തലയുയര്‍ത്തി നിന്നു. കൂടുതല്‍ മെച്ചപ്പെട്ട സ്ഥലങ്ങളിലേക്ക് പോകുന്നതുവരെ ഒരിടത്താവളമായി ഡല്‍ഹി പലരെയും പുണര്‍ന്നു. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് പായുന്ന നഗരത്തിന്റെ കോണില്‍ അപരിചിതത്വത്തിന്റെ നിസ്സഹായതയില്‍ പലപ്പോഴും ഞാന്‍ തളര്‍ന്നു. 

ഓടുന്ന നഗരത്തിനൊപ്പം എത്താനാവാത്ത ദിനങ്ങളില്‍ തിരികെ നാട്ടിലേക്ക് പോയാലോ എന്നൊരു ചിന്ത പലപ്പോഴും മനസ്സിലേക്ക് കടന്നുവരാറുണ്ട്.

'എന്നിട്ടെന്ത്?'

ഞാന്‍ എന്നോടുതന്നെ ചോദിച്ചു. 

തണുപ്പുകാലത്ത് നേരത്തെ വരുന്ന രാത്രി, നഗരത്തെ പൊതിഞ്ഞിരുന്നു. മുറിയില്‍ കൂടെയുള്ള രണ്ടുപേരിലൊരാള്‍ അത്താഴത്തിന് ചപ്പാത്തിയുണ്ടാക്കുന്നു. 

'എല്ലാം ശരിയാകും. ആദ്യമൊക്കെ ഒരു ജോലി കിട്ടാന്‍ ബുദ്ധിമുട്ടാണ്'

പലപ്പോഴും അവരുടെ ആശ്വാസവാക്കുകള്‍ എന്നെത്തേടി വന്നിരുന്നു. മുറിയുടെ ഇടുക്കം ശ്വാസം മുട്ടിച്ചപ്പോള്‍ ഞാന്‍ പതിയെ ടെറസിലേക്ക് നടന്നു. തുളച്ചുകയറുന്ന തണുപ്പ് വകവെയ്ക്കാതെ അവിടെ നില്‍ക്കുമ്പോള്‍ ഞാനുറപ്പിച്ചു. ഇനി വയ്യ ഈ അലച്ചില്‍. തിരിച്ചുപോകാം. ശൂന്യതയിലേക്ക് നോക്കി എത്രനേരം നിന്നുവെന്നറിയില്ല. 

'ക്യാ ഹുവാ ബേട്ടി? നിനക്ക് തണുക്കുന്നില്ലേ?' അയല്‍പക്കത്തെ ടെറസില്‍നിന്നാണ്. മൂക്കുത്തി തിളങ്ങുന്ന, കടുംനിറത്തില്‍ ലിപ്സ്റ്റിക് ഇട്ട ഒരു മുഖം. ലളിതാ ദീദി. മലയാളിയാണ്. അവര്‍ വിവാഹം കഴിച്ചിരിക്കുന്നത് ഒരുനോര്‍ത്തിന്ത്യനെയും.

'എന്തുപറ്റി, മുഖമൊക്കെ വല്ലാതെ?'

'ഞാന്‍ തിരിച്ചുപോകുകയാണ്. ജോലിയൊന്നും ശരിയാകുന്നില്ല.'

ആരോടോ ഉള്ള പരിഭവം പോലെ എന്റെ സ്വരം നനഞ്ഞിരുന്നു.

'നീ നേഴ്‌സ് അല്ലേ? ജോലിയൊക്കെ നമുക്ക് ശരിയാക്കാം. പോ, റൂമില്‍ പോ. തണുപ്പടിച്ചു നിന്ന് അസുഖം വരണ്ട.'

പറച്ചിലിനൊപ്പം അവരുടെ മുഖം മറഞ്ഞു.

പിറ്റേന്ന് രാവിലെ ദീദിയോടൊപ്പം ചെന്നെത്തിയത് അവര്‍ ജോലി ചെയ്യുന്ന ക്ലിനിക്കിലായിരുന്നു. ഡോക്ടര്‍മാരായ ദമ്പതികള്‍ നടത്തുന്ന ഒരു ക്ലിനിക്ക്. നാലോ അഞ്ചോ കിടക്കകള്‍. പ്രസവത്തിനായി ഒരു മുറി. ഒരു ചെറിയ ഓപ്പറേഷന്‍ റൂം. അധികം തിരക്കൊന്നുമില്ല. ദീദി എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. എന്റെ സര്‍ട്ടിഫിക്കറ്റ് അവര്‍ അലസമായി ഒന്നോടിച്ചു നോക്കി. പിന്നെ ചെയ്യാനുള്ള ജോലികള്‍ വിശദീകരിച്ചു. 

ദിവസങ്ങള്‍ ശാന്തമായി കടന്നുപോയി. ചെറിയ അസുഖങ്ങളുമായി ചില രോഗികള്‍ വരുന്നതൊഴിച്ചാല്‍ കാര്യമായ ജോലികള്‍ ഒന്നുമുണ്ടായിരുന്നില്ല. 

മെഡിക്കല്‍ റെപ്പുമാര്‍ എത്തിക്കുന്ന മരുന്നുകള്‍ തരം തിരിച്ച് അടുക്കി വെയ്ക്കുക, എല്ലായിടവും തൂത്തുതുടച്ചു വൃത്തിയാക്കി വെയ്ക്കുക ഇവയൊക്കെയായിരുന്നു ജോലികള്‍. അപ്പോഴേക്കും ഞാനും മഹാനഗരത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. കിട്ടിയ ചെറിയ ജോലിയില്‍നിന്നുള്ള വരുമാനം, ഇനി കിട്ടാന്‍ സാധ്യതയുള്ള അല്‍പ്പംകൂടി മെച്ചപ്പെട്ട ജോലി എന്നിങ്ങനെ സ്വപ്നങ്ങള്‍ എന്നെയും വന്നുപൊതിഞ്ഞു. 

 

................................

Also Read : നെഞ്ചില്‍ നിന്നും കുഞ്ഞു പറിച്ചെടുക്കപ്പെട്ട ഒരമ്മ

Also Read : ഭ്രാന്തിനേക്കാള്‍ ആഴമേറിയ മുറിവുകള്‍
................................

 

'നിന്നെ എല്ലാം പഠിപ്പിച്ചുതരാം, കുറച്ചുനാള്‍ നീയിവിടെ നില്‍ക്കണം. മലയാളി നഴ്‌സുമാര്‍ നല്ല ജോലികിട്ടുമ്പോള്‍ ഇവിടെനിന്ന് പോകും. നീ ഉടനെയൊന്നും പോകുന്നില്ലല്ലോ?'- ഒരിക്കല്‍ ഡോക്ടര്‍ എന്നോട് ചോദിച്ചു.

പോകുമെന്നോ ഇല്ലെന്നോ ഉറപ്പിക്കാന്‍ പറ്റാത്ത ഒരു തലയാട്ടലില്‍ ഞാന്‍ എന്തോ പണിയിലേക്ക് തിരിഞ്ഞു. 

'അവള്‍ ഇവിടെ നില്‍ക്കും മാഡം. വളരെ നല്ല കുട്ടിയാണ്.' 

ദീദി ഡോക്ടറെ നോക്കിച്ചിരിച്ചു.  

ആ ക്ലിനിക്കിന്റെ പുറക് വശത്ത് ഒരു മരമുണ്ടായിരുന്നു. ഒരു വശത്തെ ചില്ലകള്‍ മാത്രം ഉണങ്ങിയ ഒരു മരം. അതിന്റെ പ്രത്യേകത കൊണ്ടാവണം ഷെല്‍ഫുകള്‍ തൂത്ത് തുടക്കുമ്പോള്‍ കൈകള്‍ പലപ്പോഴും നിശ്ചലമാകുകയും നോട്ടം പുറത്തേക്ക് പായുകയും ചെയ്തിരുന്നു. വൈകുന്നേരമാകുമ്പോള്‍ മരത്തിന്റെ ഉണങ്ങിയ ചില്ലകളില്‍ നിറയെ പക്ഷികള്‍ വന്നിരിക്കും. മരണം പോലെ തണുത്തുറഞ്ഞ കണ്ണുകളുള്ള കറുത്ത പക്ഷികള്‍! 

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ എന്നെ അവരുടെ മുറിയിലേക്ക് വിളിപ്പിച്ചു.

'ഇന്നുമുതല്‍ ഓപ്പറേഷന്‍ തീയേറ്ററിലാണ് നിനക്ക് ജോലി. ദീദി എല്ലാം പഠിപ്പിച്ചു തരും.'

അടുത്ത് നിന്ന ദീദി തലയാട്ടി. അന്നുവരെ കേസുകള്‍ നടക്കുമ്പോള്‍ ദീദിയായിരുന്നു ഡോക്ടറിനൊപ്പം. എനിക്ക് ഓപ്പറേഷന്‍ തീയേറ്ററിലെ ജോലി പറ്റില്ല എന്ന് അറിയാവുന്ന ഭാഷയില്‍ ഒക്കെ പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. 

'കിട്ടിയ ജോലിയില്‍ പിടിച്ചു നില്‍ക്കാന്‍ നോക്ക്. അത് ചെയ്യില്ല  ഇത് ചെയ്യില്ല എന്നൊക്കെ പറഞ്ഞാല്‍ വീട്ടില്‍പ്പോയി ഇരിക്കേണ്ടിവരും.'

അവരുടെ സ്വരത്തില്‍ പരിഹാസം നിറഞ്ഞുനിന്നു. കാലുകള്‍ ഉറഞ്ഞതുപോലെ നിന്ന എന്നെ മറികടന്ന് അവര്‍ ഓപ്പറേഷന്‍ റൂമിലേക്ക് നടന്നു.

ചെറിയ ഒരു മുറിയായിരുന്നു ഓപ്പറേഷന്‍ തീയേറ്റര്‍. കനത്ത കാലുകളും അതിനേക്കാള്‍ ഭാരപ്പെട്ട മനസ്സുമായി അവരുടെ പുറകെ ഞാന്‍ നടന്നു. പച്ചനിറമുള്ള ഷീറ്റ് വിരിച്ച മേശ, മുകളില്‍ ലൈറ്റ്, സര്‍ജറിക്കുള്ള ഉപകരണങ്ങള്‍ വെച്ചിരിക്കുന്ന സ്റ്റീല്‍ ട്രേകള്‍. ഒരു കര്‍ട്ടന്‍ വലിച്ചിട്ട് ദീദി എന്റെ കാഴ്ചയെ മറച്ചു.

'ദാ അവിടെ.' 

അവര്‍ അടുത്ത മുറിയിലേക്ക് എന്നെ കൊണ്ടുപോയി. അഴുക്കായ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കഴുകുന്ന സ്ഥലമായിരുന്നു അത്. അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ക്ലോറിന്റെയും മറ്റെന്തൊക്കെയോ ക്ലീനിംഗ്‌സാധനങ്ങളുടെയും രൂക്ഷഗന്ധം.

'ഇതൊക്കെ ക്ളീന്‍ ചെയ്ത് ആ ട്രേയില്‍ വെയ്ക്ക്. എന്നിട്ട് സ്റ്റെറിലൈസ് ചെയ്യണം.'

അവരുടെ സ്വരത്തില്‍ അധികാരം മുഴച്ചുനിന്നു. അത്രനാള്‍ പരിചയിച്ച സ്‌നേഹംനിറഞ്ഞ സംസാരം പെട്ടെന്ന് മാറിയതുപോലെ! ഞാന്‍ പതിയെ ഉപകരണങ്ങള്‍ കഴുകിത്തുടങ്ങി.

അന്നൊരു ഞായറാഴ്ചയായിരുന്നു. പള്ളിയില്‍ പോയി അല്‍പ്പം താമസിച്ചാണ് ഞാന്‍ ജോലിക്കെത്തിയത്. 

'ഇന്ന് ഓപ്പറേഷന്‍ ഉണ്ട്.'

എന്നെക്കണ്ടപ്പോള്‍, തറ തുടക്കുന്ന പയ്യന്‍ പറഞ്ഞു.

'ദീദി നിങ്ങള്‍ വന്നില്ലേയെന്ന് തിരക്കി...'

അവന്‍ തന്റെ പണി തുടര്‍ന്നു.

ആ കൊച്ചുമുറിയില്‍ മയക്കത്തിലാണ്ടു കിടക്കുന്ന ആരോ ഒരാളുണ്ട്. വരാന്തയില്‍ മധ്യവയസ്സ് തോന്നിക്കുന്ന ഒരു പുരുഷന്‍ ഇരിക്കുന്നു. അകത്തു കിടക്കുന്നയാളുടെ ബന്ധു ആവണം. ഇട്ടിരുന്ന സ്വെറ്റര്‍ ഊരിമാറ്റി ഒരു വെളുത്തകോട്ട് ചുരിദാറിന് മേലെയിട്ട് ഞാന്‍ അകത്തേക്ക് നടന്നു.

'നീ പറഞ്ഞതിലും കൂടുതല്‍ താമസിച്ചു. എനിക്ക് ഇത് തീര്‍ത്തിട്ട് വീട്ടില്‍ പോകണം.'

പച്ചനിറമുള്ള കര്‍ട്ടന്‍ മാറ്റി ഇറങ്ങിവന്ന ദീദി എന്നോട് ഹിന്ദിയില്‍ പറഞ്ഞു.

'വേസ്റ്റ് എടുത്തു പുറത്തെ കൊട്ടയില്‍ ഇട്.'

അവരുടെ മുഖം കനത്തിരുന്നു.

ഞാന്‍ അവരുടെ കയ്യില്‍നിന്ന് ബക്കറ്റ് വാങ്ങി. പച്ച നിറമുള്ള തുണികളില്‍ ചോര പുരണ്ടിരിക്കുന്നു. അടുത്ത ബക്കറ്റില്‍ കുറേ പഞ്ഞിക്കഷണങ്ങളും രക്തക്കട്ടകളും. ബക്കറ്റുകളും താങ്ങിയെടുത്ത് പുറത്തേക്ക് നടന്ന എന്റെ വയറിനുള്ളില്‍നിന്ന് എന്തോ ഉരുണ്ടുകയറി വരുന്നത് പോലെ ഒരു തോന്നല്‍. തലയ്ക്ക് ഭാരക്കുറവ്. 

തുണി കഴുകാനുള്ളത് വലിയൊരു ബക്കറ്റില്‍ ഇട്ട് അടുത്ത ബക്കറ്റുമായി ഞാന്‍ വലിയ വേസ്റ്റ് കുട്ടയുടെ അടുത്തേക്ക് നടന്നു. ബക്കറ്റിലെ വേസ്റ്റ് കുട്ടയിലേക്ക് നിക്ഷേപിച്ചതും, കാത്തിരുന്നത് പോലെ മരത്തില്‍കൂടിയിരുന്ന പക്ഷികള്‍ പറന്ന് വന്ന് അതിന്റെ ചുറ്റുമിരുന്നു. ഇതെല്ലാം കൂടി എന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചാലോ എന്ന് പേടിച്ച ഞാന്‍ ബക്കറ്റിന്റെ അടിയില്‍ അവശേഷിച്ചിരുന്ന വേസ്റ്റുമായി അകത്തേക്ക് ഓടിക്കയറി.

പ്രതീക്ഷിച്ചത് കിട്ടാത്ത അമര്‍ഷത്തിലെന്നോണം പക്ഷികള്‍ എന്നെ ചെരിഞ്ഞു നോക്കി. അവയുടെ കണ്ണുകളില്‍ രൂക്ഷഭാവം. ബക്കറ്റിലേക്ക് നോക്കിയ എന്റെ കണ്ണുകള്‍ തുറിച്ചപടി ഇരുന്നു. അവശേഷിച്ചിരുന്ന പഞ്ഞിക്കഷണങ്ങളില്‍ പറ്റിപ്പിടിച്ച് ഒരു കുഞ്ഞുകൈപ്പത്തി!

പാതി മുറിഞ്ഞ ഒരു കൈപ്പത്തി!

ബാക്കി ശരീരഭാഗങ്ങള്‍ അതിനടിയില്‍ ഉണ്ടായിരുന്നിരിക്കണം. അത് ഒരു അബോര്‍ഷന്‍ ക്ലിനിക് ആയിരുന്നു! ഒരു മാനദണ്ഡങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ അനേകം അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ ഒന്ന്.

 

.......................................

Also Read : പതിനഞ്ച് വയസ്സ്, രണ്ടാമതും ഗര്‍ഭിണി!
Also Read : അലങ്കാര തൊങ്ങലുകള്‍ കൊണ്ട് മൂടാനാവില്ല, നഴ്‌സുമാരുടെ ജീവിതമുറിവുകള്‍
.......................................

 

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു. പിന്നെ അവിടെ നിന്ന് ഇറങ്ങിയോടി. 

പോകുന്നവഴി ചുരിദാറിന്റെ മുകളില്‍ ഇട്ടിരുന്ന വെള്ളക്കോട്ട് ഊരിയെറിഞ്ഞ് ഞാന്‍ ജനുവരിയുടെ കുത്തുന്ന തണുപ്പിലേക്ക് ഓടിയിറങ്ങി. രാവിലെ ഊരിയിട്ട സ്വെറ്ററോ ഷാളോ എടുക്കാതെ, ബാഗ് പോലും എടുക്കാന്‍ നില്‍ക്കാതെ ഞാനോടി. ബസ്സിന് കാത്തു നില്‍ക്കാതെ, റൂമിലേക്കുള്ള വഴി തെറ്റുമോയെന്നു പോലും ചിന്തിക്കാതെ ഡല്‍ഹിയുടെ തണുപ്പിലും തിരക്കിലും ഒളിച്ചു. ഓട്ടമെന്നോ നടത്തമെന്നോ പേരിടാനാകാത്ത ഏറെനേരത്തെ അലച്ചിലിന് ശേഷം റൂമിന്റെ വാതിലില്‍ മുട്ടുമ്പോള്‍ വീണു പോയിരുന്നു. ഒരു കാല്‍ റൂമിലേക്ക് എടുത്തുവെച്ചത് മാത്രം ഓര്‍മ്മയുണ്ട്. കണ്ണ് തുറക്കുമ്പോള്‍ തുള്ളി വിറയ്ക്കുന്ന പനിയുമായി കിടക്കുകയാണ്. ചലനമറ്റ ഒരു കുഞ്ഞു കൈപ്പത്തി എന്നെ അടിച്ചു വീഴിച്ചിരുന്നു.  

അടുത്ത ദിവസം ദീദി എന്നെത്തിരക്കി വന്നു. 'നീയെന്തുപണിയാ കാണിച്ചത് മോളേ? നീ പോന്നത് ഡോക്ടര്‍ക്ക് സങ്കടമായി. വാ എഴുന്നേറ്റ് റെഡിയാക്.'

അവരുടെ പഴയ സ്‌നേഹം തിരിച്ചുവന്നിരുന്നു.അവര്‍ എന്നെ നിര്‍ബന്ധമായി ജോലിക്ക് പിടിച്ചുകൊണ്ട് പോകുമെന്നുള്ള ഒരു പേടി മനസ്സിലുയര്‍ന്നു. കൂടെ താമസിച്ചിരുന്നവര്‍ ബലമായെന്നോണം അവരെ പറഞ്ഞുവിടുമ്പോള്‍ പേടി കൊണ്ട് എന്റെ ദേഹം വിറങ്ങലിച്ചിരുന്നു. 

മുറിഞ്ഞു വീണ ശരീര ഭാഗങ്ങളും അമര്‍ന്ന് പോയ കുഞ്ഞു നിലവിളികളും ചേര്‍ന്ന് എന്നെ ഉടച്ചുകളഞ്ഞൊരു കാലമായിരുന്നു അത്. ആ ക്ലിനിക്കില്‍ നിന്ന് ഇറങ്ങിയോടിയതിന് ശേഷമുള്ള കുറേ ദിവസങ്ങള്‍ നിഴലുകളും ഇരുളും കെട്ടുപിണഞ്ഞൊരു കാട്ടിലായിരുന്നു ഞാന്‍. ദുഃസ്വപ്നങ്ങളുടെ ഊഞ്ഞാല്‍ക്കട്ടിലില്‍ കിടത്തി കുഞ്ഞുകൈപ്പത്തികള്‍ എന്നെ ഞെരിച്ചു.

അന്ന് ഏറെ പ്രിയപ്പെട്ട കവിതയായിരുന്നു നാറാണത്ത് ഭ്രാന്തന്‍. 

'ഓരോ ശിശുരോദനത്തിലും കേട്ടു ഞാന്‍
ഒരു കോടി ഈശ്വര വിലാപം...'

എന്ന വരികള്‍ തലച്ചോറിനുള്ളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അതെന്നെ  അടക്കാനാവാത്ത ഉന്മാദത്തിലേക്ക് തള്ളിവിട്ടു. കിളിച്ചിലക്കലുകള്‍ കാതുകളില്‍ പതിഞ്ഞിട്ടുണ്ടാവണം. ഉടഞ്ഞ ശില്‍പ്പങ്ങള്‍ പോലെ, ഒരു പേക്കിനാവിന്റെ അലകള്‍ പോലെ ആ വരികള്‍ എന്നില്‍ അഗ്‌നിയായ് പടര്‍ന്നു. പിന്നെ ആ കവിത കേള്‍ക്കുമ്പോഴെല്ലാം റൂംമേറ്റിനോട് ആവശ്യമില്ലാതെ കലഹിച്ചു. 

ഏറെ നാളുകളെടുത്തു ആ ട്രോമയില്‍ നിന്ന് പുറത്ത് വരാന്‍. അത്ര നാളും കൂടെ താമസിച്ചിരുന്നവര്‍ കൈപിടിച്ച് നടത്തി. അതിന് ശേഷം ജോലി കിട്ടിയ ഹോസ്പിറ്റലില്‍ നടുവൊടിക്കുന്ന ജോലിയായിരുന്നെങ്കിലും അതായിരുന്നു സന്തോഷം. 

 

...................................

Also Read : പ്രസവാനന്തര വിഷാദങ്ങളില്‍  മണിച്ചേച്ചിമാരുടെ ജീവിതം

Read Also: നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെയാണ്  ആത്മഹത്യയിലേക്ക് മുറിഞ്ഞുവീഴുന്നത്?

................................

 

രണ്ട്

എന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അബോര്‍ഷന്‍. അതിന് വേണ്ടി പല രാജ്യങ്ങളിലും പല നിയമങ്ങള്‍ ഉണ്ട്. ഭൂരിഭാഗം ഇടങ്ങളിലും അമ്മയുടെ ആരോഗ്യം അപകടത്തിലാക്കുന്ന സന്ദര്‍ഭങ്ങളില്‍ ആണ് അബോര്‍ഷന്‍ ചെയ്യാന്‍ അനുമതിയുള്ളത്. ഒരു ജീവനും പറിച്ചെറിയുന്നത് അത്ര എളുപ്പമല്ല. 

തീര്‍ച്ചയായും ഒരു സ്ത്രീക്ക് അവളുടെ ശരീരത്തിന് മേല്‍ പൂര്‍ണ്ണ അവകാശം ഉണ്ട്. പക്ഷേ ജനിക്കാത്ത ഒരു ജീവനും അതിന്റെ അവകാശത്തിനും വേണ്ടി ആര് സ്വരമുയര്‍ത്തും? ഇരു കോശങ്ങള്‍ ഒന്നുചേര്‍ന്ന് ഉടലെടുക്കുന്ന ഒരു ജീവന്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ വെറുതെ മുറിച്ചു കളയാവുന്ന ഒന്നാണോ എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. അബോര്‍ഷന് എതിരെയും അനുകൂലിച്ചുമുള്ള  വാക്പയറ്റുകളില്‍ സ്ഥാപിതതാല്പര്യങ്ങള്‍ കടന്നു വരുന്നുണ്ട്. തികച്ചും വ്യക്തിപരമായത് മുതല്‍ പെണ്‍ഭ്രൂണങ്ങളെ തിരഞ്ഞു പിടിച്ചുകൊല്ലുന്നത് വരെ പല വകഭേദങ്ങള്‍. 

ഒരു സ്ത്രീ ഗര്‍ഭിണി ആകുന്നത് റേപ്പ് മൂലമാണെങ്കില്‍ ആ കുഞ്ഞിനെ അവള്‍ക്ക് എങ്ങനെ സ്‌നേഹിക്കാന്‍ പറ്റും? പ്രതീക്ഷിക്കാത്ത സമയത്ത് ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പരാജയം മൂലം ഒരു കുഞ്ഞുണ്ടായാല്‍ എങ്ങനെയാവും ആ ജീവന്‍ സ്വീകരിക്കപ്പെടുക? മതപരമായ വിശ്വാസങ്ങളുടെ പേരില്‍ അമ്മയുടെ ആരോഗ്യംപോലും അപകടത്തിലാക്കി ഒരു കുഞ്ഞ് ജനിക്കുന്നതിനെ എങ്ങനെ നിര്‍വചിക്കണം?

മുന്നിലെ ഉത്തരമില്ലാത്ത  അനേകം ചോദ്യങ്ങളുടെ നിരയിലാണ് ഈ ചോദ്യങ്ങളും. 

ഒന്ന് മാത്രമേ അറിയൂ, മുറിഞ്ഞ കുഞ്ഞു കൈപ്പത്തികൊണ്ടുള്ള അടി തടുക്കാന്‍ മനസ്സ് ഇനിയും പാകപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ വകഭേദങ്ങള്‍ പലതാണ്. പക്ഷേ കുഞ്ഞു കരച്ചിലുകള്‍ കലുഷിതമാക്കുന്ന ഒരു കാലം മുറിച്ചു കടക്കാന്‍ നമ്മള്‍ എത്ര ദൂരം താണ്ടണം?

ഒരു നഴ്‌സിന്റെ ഓര്‍മ്മകുറിപ്പുകള്‍: മുഴുവനായി വായിക്കാം
 

click me!