ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് മേരിയുടെ അതിജീവന ഗാഥകള്‍
മേരീ, നീയാണ് പെണ്ണ്. കുന്നുകള്‍ ചവിട്ടിക്കയറിയ, ഇപ്പോഴും നെഞ്ചിലൊരു തീപ്പൊരി സൂക്ഷിക്കുന്ന മേരിപ്പെണ്ണ്. നമ്മള്‍ ഒരുമിച്ചൊരു പട്ടം പറത്തും. ഉയരെ....ഉയരെ പട്ടത്തിനൊപ്പം നമ്മുടെ പൊട്ടിച്ചിരികളും ഉയരും
undefined
'എനിക്ക് വയ്യ ഇത് മുഴുവന്‍ തൂത്ത് തുടയ്ക്കാന്‍. നടുവേദനിച്ചിട്ട് വയ്യ' രാവിലെ തന്നെ പരാതി തുടങ്ങാന്‍ തീരുമാനിച്ചായിരുന്നു ഉറക്കം വിട്ടെഴുന്നേറ്റത്. ബ്രേക്ഫാസ്റ്റ് ്ഉണ്ടാക്കണോ ക്ലീനിംഗ് തുടങ്ങണോ എന്ന് ആലോചിച്ച് എഴുന്നേറ്റ പടി അങ്ങനെയിരുന്നു. വെളുപ്പാന്‍ കാലത്തെപ്പോഴോ പേടി സ്വപ്നം കണ്ടുവെന്ന് കുഞ്ഞിക്കള്ളം പറഞ്ഞ് അമ്മച്ചൂട് പറ്റി കിടക്കാന്‍ വന്ന കുഞ്ഞി, കണ്ണ് പാതി തുറന്ന് ചോദിച്ചു'അമ്മേ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയോ?'
ഒന്നും പറയാതെ അവളെ ഒന്നുകൂടി കെട്ടിപ്പിടിച്ച് വെറുതെ കണ്ണടച്ചു കിടന്നു.
ക്രിസ്തുമസ് കാലമായിരുന്നു. കൊറോണ വന്നത് കാരണം ആഘോഷങ്ങളും കൂടിച്ചേരലുകളും ഇല്ലെങ്കിലും വീടിന്റെ അറ്റകുറ്റപ്പണികള്‍ ബാക്കിയാക്കിയ പൊടി തൂത്ത് തുടച്ചേ പറ്റൂ. എങ്ങനെ എളുപ്പവഴിയില്‍ തൂത്ത് തുടയ്ക്കാം എന്ന് ആലോചനകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വേറൊരു നടുവ് വേദനക്കാരിയുടെ മെസേജ് വരുന്നത്. അവള്‍ക്ക് പരിചയമുള്ള ഒരു ക്ലീനിംഗ് ഏജന്‍സിയുടെ നമ്പര്‍. പിന്നെ ഒന്നും ആലോചിച്ചില്ല അവരെ വിളിച്ചു ബുക്ക് ചെയ്തു എന്നിട്ട് കാത്തിരിപ്പായി.
മേരി എന്നായിരുന്നു അവളുടെ പേര്. 'കറുപ്പിനഴക്' എന്ന പാട്ട്പാടാന്‍ തോന്നുന്നത് പോലെ ഒരു കറുത്ത സുന്ദരി. കൂടെ സ്പാനിഷ് മാത്രം അറിയാവുന്ന ഗ്രേസിയും. വന്ന ഉടനേ അവര്‍പണികള്‍ തുടങ്ങി. ഒന്നും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. അവര്‍ എല്ലാം വൃത്തിയിലും ഭംഗിയിലും ചെയ്യുന്നുണ്ടായിരുന്നു. ഞാനും അവരുടെ കൂടെ കൂടി. ക്ളീനിംഗിനിടയില്‍ ഞാന്‍ അവരോട് വിശേഷങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു. ഗ്രേസിയോട് ഞാന്‍ ചോദിക്കുന്നതൊക്കെ തര്‍ജ്ജമ ചെയ്ത്‌കൊടുക്കുന്നത് മേരി ആയിരുന്നു. അപ്പോള്‍ എനിക്കൊരു സംശയം ആഫ്രിക്കന്‍ അമേരിക്കക്കാരിയായ ഇവള്‍ എങ്ങനെ ഇത്ര നന്നായി സ്പാനിഷ് പറയുന്നു? എന്റെ സംശയത്തിന്റെ മറുപടി ഒരു ജനതയുടെ ജീവിതമായിരുന്നു.
ഏകദേശം 68 ശതമാനത്തോളം പേര്‍ സ്പാനിഷ് സംസാരിക്കുന്ന ആഫ്രിക്കന്‍ രാജ്യമായ Equatorial Guinea എന്ന രാജ്യത്തു നിന്നുമാണ് മേരി വരുന്നത്. സ്പാനിഷ് കോളനിയായിരുന്നത് കൊണ്ട് ഭൂരിഭാഗം പേരും സ്പാനിഷ് സംസാരിക്കും. അമേരിക്കയില്‍ വന്നിട്ട് 15 വര്‍ഷത്തോളം ആകുന്നു. എങ്ങനെയാണ് ഇവിടെ എത്തിപ്പെട്ടതെന്ന് ഞാനവളോട് തിരക്കി. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു 'അത് ഒരു സ്റ്റുഡന്റ് വിസ ആയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് ഞാന്‍ ഒളിച്ചു കടന്നു.' മിഴിച്ചിരിക്കുന്ന എന്നോട് അവള്‍ പറഞ്ഞു'ഞാന്‍ ആ ഏജന്റിനെ പിന്നെ ഒരിക്കലും വിളിച്ചിട്ടില്ല. തനിയെ ഇവിടെ ജീവിതം തുടങ്ങി.'
എയര്‍പോര്‍ട്ടില്‍ നിന്നും തെരുവിലേക്കാണ് അവള്‍ വന്നത്. വന്ന ദിവസം തെരുവിലൂടെ അലഞ്ഞു തിരിഞ്ഞ അവളെ ആരോ റേപ്പ് ചെയ്തു. പകരം അവള്‍ക്ക് ഒരു പാലത്തിന്റെ അടിയില്‍ ഒരാഴ്ച്ച ഉറങ്ങാനുള്ള സ്ഥലം അയാള്‍ കൊടുത്തു. സ്റ്റുഡന്റ് വിസയില്‍ വന്ന അവള്‍ കോളേജില്‍ പോകാത്തതെന്ത് എന്ന ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞു-'പഠിക്കാനല്ലായിരുന്നു, ആഫ്രിക്കയില്‍ നിന്ന് രക്ഷപെടാനായിരുന്നു ഞാന്‍ പോന്നത്.'
അവള്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു, നൈജീരിയന്‍ ജിഹാദി ഗ്രൂപ് ആയ ബോക്കോ ഹറാമിനെ കുറിച്ച്, മറ്റ് പല ഭീകര സംഘടനകളെക്കുറിച്ച്. ഇതിനിടയില്‍ മേരിയുടെ കയ്യിലിരുന്ന ക്ലീനിംഗ് ബ്രഷ് എന്റെ കയ്യില്‍ എത്തിയിരുന്നു. ഞാന്‍ ഭിത്തിയൊക്കെ തുടക്കുകയും മേരി കഥ പറയുകയും. 'നീ ബോക്കോ ഹറാമിനെ നേരില്‍ കണ്ടിട്ടുണ്ടോ' എന്ന എന്റെ ചോദ്യത്തിന് അവള്‍ ഒരു പുച്ഛച്ചിരി കൊണ്ടാണ് മറുപടിപറഞ്ഞത്. മലാബോയിലെ തെരുവുകളില്‍ കൂടി ബോക്കോഹറാം എന്താണെന്ന് പോലുമറിയാതെ അവളുടെ സഹോദരന്‍ തോക്കേന്തി നടന്ന കഥ പറയുമ്പോള്‍ എനിക്ക് ശ്വാസം വിലങ്ങി. അവള്‍ പറഞ്ഞു 'ഞങ്ങള്‍ക്ക് ആഹാരം കഴിക്കണമായിരുന്നു.'
ചെയ്യുന്ന ക്രൂരതകള്‍ക്ക് ലഭിക്കുന്ന പണം കൊണ്ട് അവളുടെ സഹോദരന്‍ വീട്ടിലേക്ക് ആഹാര സാധനങ്ങള്‍ വാങ്ങി.
ഒരിക്കല്‍ അവര്‍ സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയ വാര്‍ത്ത ഞാന്‍ വായിച്ചിരുന്നു എന്ന് പറഞ്ഞപ്പോള്‍ മേരി എന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. പിന്നെ പറഞ്ഞു' പുറംലോകത്ത് എത്തുന്നതിനേക്കാള്‍ എത്രയോ അധികം പേര്‍ അവരുടെ ക്രൂരതയ്ക്ക് ഇരയാവുന്നു.' പിന്നെ അവള്‍ എന്റെകയ്യില്‍ നിന്നും ബ്രഷ് വാങ്ങി ഭിത്തികള്‍ വൃത്തിയാക്കാന്‍ തുടങ്ങി.
ഞാന്‍ പതിയെ എന്നോട് തന്നെയെന്നോണം പറഞ്ഞു-'എന്തിനാണ് ഈ മനുഷ്യര്‍ ഇങ്ങനെ കൊല്ലുകയും മറ്റുള്ളവരെ നോവിക്കുകയും ചെയ്യുന്നത്?' മറുപടി മേരിയില്‍ നിന്ന് വന്ന ഒരു പൊട്ടിത്തെറി ആയിരുന്നു.
'അവര്‍ക്ക് ഭ്രാന്താണ്.' എന്താണ് ചെയ്യുന്നതെന്നോ അത് എന്തിനാണെന്നോ ബോക്കോ ഹറാമില്‍ ചെന്നുപെടുന്ന ഭൂരിഭാഗം യുവാക്കള്‍ക്കും അറിയില്ല. ആണ്‍കുട്ടികളെ ബലമായി തട്ടിക്കൊണ്ടുപോകുകയും പരിശീലനം നല്‍കുകയും ചെയ്യുന്നു. പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുകയും അതിന് വഴങ്ങാത്തവരെ കൊല്ലുകയും ചെയ്യുന്നു. ബോക്കോ ഹറാമിന്റെ ക്രൂരതകളില്‍ നിന്ന് രക്ഷപെട്ടോടിയ സ്ത്രീകളെ നൈജീരിയന്‍ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്തു. വിശന്ന് മരിക്കാറായ പെണ്‍കുട്ടികളെ ഭക്ഷണം വാഗ്ദാനം ചെയ്ത് അവരുടെ ശരീരങ്ങളെ ദിവസങ്ങളോളം ഉപയോഗിച്ചു. വെറുതെ ഒരു രസത്തിന് വേണ്ടി അവര്‍ മനുഷ്യരെ കൊല്ലുമെന്ന് അവള്‍പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ സമയത്ത് മേരി അവിടെ ഉണ്ടായിരുന്നോ എന്ന് ഞാന്‍ തിരക്കി. 'ഇല്ല പക്ഷേ എന്റെ ഒരകന്ന ബന്ധുവായ പെണ്‍കുട്ടി ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവള്‍ ഒരിക്കലും വീട്ടില്‍ തിരിച്ചുവന്നില്ല.' അവള്‍ ഭിത്തി വൃത്തിയാക്കിയതിന് ശേഷം തറ തുടയ്ക്കാന്‍ തുടങ്ങിയിരുന്നു.
പട്ടിണി കൊണ്ടും രോഗങ്ങള്‍ കൊണ്ടും വലഞ്ഞിരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഭീകരസംഘടനകള്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും ജനങ്ങളുടെ സുരക്ഷിതത്വവും ഒരുപോലെ തകരുന്നു. വരള്‍ച്ച മൂലം വിണ്ടുണങ്ങിയ നിലങ്ങളും കണ്ണുകളില്‍ കടലോളം ആഴത്തില്‍ ദൈന്യതയുമുള്ള മുഖങ്ങളും എന്റെയുള്ളില്‍ മിന്നിമാഞ്ഞു.
എപ്പോഴെങ്കിലും നാട്ടില്‍ തിരികെ പോകണമെന്ന് തോന്നിയിട്ടുണ്ടോ എന്ന് ഞാന്‍ അവളോട് തിരക്കി. 'ഇല്ല, തെരുവുകള്‍ക്ക് ചിലപ്പോഴൊക്കെ ചോര മണമാണ്.' എന്റെ മുഖത്ത് നോക്കാതെ അവള്‍ പറഞ്ഞു. ഇനിയും അവളോട് ഏറെ ചോദിക്കാനുണ്ടായിരുന്നു പക്ഷേ ധൈര്യമുണ്ടായില്ല. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ തെരുവിലേക്ക് നടന്നുപോയവള്‍, റേപ്പ് ചെയ്തവനോട് വിലപേശി ഒരാഴ്ച തലചായ്ക്കാനുള്ള സ്ഥലം നേടിയെടുത്തവള്‍, കിട്ടിയ പണികളൊക്കെ ചെയ്ത് ഓരോ ചില്ലിയും സ്വരുക്കൂട്ടി സ്വന്തമായി ഒരു ക്ലീനിംഗ് ഏജന്‍സി തുടങ്ങിയവള്‍...പത്ത്‌പേര്‍ക്ക് ജോലി കൊടുക്കാന്‍ തക്കവിധം അവളുടെ സ്ഥാപനം ഇന്ന് വലുതായിരിക്കുന്നു. സ്റ്റുഡന്റ് വിസ മാറി യു എസ് സിറ്റിസണ്‍ ആകാന്‍ വേണ്ടി ഒരാളെ വിവാഹം കഴിച്ച കാര്യം പറഞ്ഞ് അവള്‍ ചിരിച്ചു. ഭര്‍ത്താവും രണ്ടു കുഞ്ഞുങ്ങളുമായി അവള്‍ ഇന്ന് സന്തോഷമായി ജീവിക്കുന്നു.
എന്നോട് സംസാരിക്കുന്നതിനിടയില്‍ രോഷം കൊണ്ട് അവളുടെ സ്വരം പല പ്രാവശ്യം ഉയര്‍ന്നെങ്കിലും മുഖത്തെ ചിരി അല്‍പ്പവും മാഞ്ഞില്ല. ഇടയ്ക്കിടെ സ്ഥാനം തെറ്റുന്ന മാസ്‌കിനിടയിലൂടെ അവളുടെ മുല്ലപ്പൂ പല്ല് കാണിച്ചുള്ള ചിരി പല പ്രാവശ്യം ഞാന്‍ കണ്ടു. ആ ചിരിയുടെ മുന്‍പില്‍ ദുരിതങ്ങള്‍പോലും ഒന്ന് പിന്മാറിയത് പോലെ.
അതിജീവനത്തിന്റെ വഴികള്‍ എത്ര വിചിത്രമാണ്! ചിലരെ മുന്നോട്ട് കൊണ്ടുപോകുന്നത് കടമകള്‍ ആകും. ചിലര്‍ക്ക് കാത്തിരിക്കാനുള്ള ആരെങ്കിലും, മറ്റ് ചിലര്‍ക്ക് അത് സ്വന്തം സ്വപ്നങ്ങള്‍.
സംസാരത്തിനിടയില്‍ മേരി അവള്‍ പണ്ട് ചെയ്ത ഒരു പ്രതിജ്ഞയെപ്പറ്റി പറഞ്ഞു.
അരക്ഷിതവും കലാപകലുഷിതവുമായ നാട്ടില്‍ ജീവിച്ചിരുന്ന കാലത്ത് അവള്‍ ഓര്‍ത്തിരുന്നു, എന്നെങ്കിലും അവള്‍ക്കൊരു മകനുണ്ടായാല്‍ അവന്‍ ബോക്കോ ഹറാമില്‍ എത്താതെ നോക്കുമെന്ന്. അടുത്ത വാചകം കേട്ടപ്പോള്‍പേടി കൊണ്ട് എന്റെ ഉടല്‍ ഒന്ന് വിറച്ചു'അങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ തന്നെ അവനെ കൊന്നേനെ' അവളുടെ മുഖം കണ്ടിട്ട് അങ്ങനെ തന്നെ അവള്‍ ചെയ്യുമായിരുന്നു എന്നെനിക്ക് ഉറപ്പായി. ഒരു പെണ്‍കുട്ടി തനിക്ക് എന്നോ ജനിച്ചേക്കാവുന്ന മകനെ കൊല്ലാന്‍ ചിന്തിച്ചിരുന്നെങ്കില്‍ എത്ര കഠിനമായിരിക്കണം അവരുടെ ജീവിത വഴികള്‍!'
'നിനക്ക് ഇനിയും പഠിക്കാന്‍ പോകണമെന്നുണ്ടോ'- ഞാനവളോട് ചോദിച്ചു. ഇളയ കുട്ടിക്ക് നാല് വയസ്സാണ് അവന്‍ അല്‍പ്പം കൂടി മുതിര്‍ന്നാല്‍ ചിലപ്പോള്‍ പോകും എന്ന് അവള്‍ മറുപടി പറഞ്ഞു.
വീട് മുഴുവന്‍ വൃത്തിയാക്കി അവര്‍ പോകാനൊരുങ്ങി. ഉച്ചഭക്ഷണംഅവര്‍ക്ക് ഉള്ളതും വാങ്ങിയിരുന്നു. അതുമായി മാറിയിരുന്ന് കഴിക്കാന്‍ തുടങ്ങിയ അവളെ ഞാന്‍ എന്റെയൊപ്പം പിടിച്ചിരുത്തി. ഞാനാണ് മാറിയിരിക്കേണ്ടവള്‍. ഇവള്‍ അനുഭവിച്ചതും അതിജീവിച്ചതും ഓര്‍ക്കുമ്പോള്‍ എനിക്ക് ഒന്നിനെപ്പറ്റിയും പരാതി പറയാന്‍ അവകാശമില്ലെന്ന് ഞാനോര്‍ത്തു. ഓരോ സ്പൂണ്‍ ഭക്ഷണം കഴിക്കുമ്പോഴും അവള്‍ പറഞ്ഞു കൊണ്ടിരുന്നു 'നന്ദി, വളരെ രുചികരമാണ് ഈ ഭക്ഷണം.' എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അവളുടെ തൊലിക്കറുപ്പ് എത്രമേശകളില്‍ നിന്ന് അവളെയും പൂര്‍വികരെയും ആട്ടിപ്പായിച്ചിട്ടുണ്ടാവും! എന്നിട്ടും ഒന്നിലും തളരാതെ, വിട്ടുകൊടുക്കാതെ...എല്ലാറ്റിലും ഉപരിയായി മുഖത്തെ ചിരി വാടാതെ അവള്‍ ഇവിടെ വരെ നടന്നെത്തിയിരിക്കുന്നു. ഇവളാണ് യഥാര്‍ത്ഥ പോരാളി, എന്റെ മനസ്സ് പറഞ്ഞു. സ്വപ്നങ്ങള്‍ക്ക് പിറകേ നടന്നവള്‍, സ്വപ്നം കണ്ട സ്വാതന്ത്ര്യം കൈയിലൊതുക്കിയവള്‍.
ക്ലീനിംഗ് സാമഗ്രികള്‍ ഒക്കെയെടുത്ത് വണ്ടിയിലേക്ക്‌നടക്കുമ്പോള്‍ ഞാനും അവളുടെ പിറകേ യാത്രയാക്കാന്‍ ചെന്നു. ഇനിയും വിളിക്കണം എന്ന് പറഞ്ഞ അവളോട് കുഞ്ഞുങ്ങളെ കൂട്ടി ഒരിക്കല്‍ വരൂ എന്ന് പറഞ്ഞപ്പോള്‍ അവള്‍ ഒന്ന് കൂടി ചിരിച്ചു. അപ്പോള്‍ സകല വിലക്കുകളും മറന്ന് ഞാനവളെ ഇറുകെ കെട്ടിപ്പിടിച്ചു. എന്റെ തലയില്‍ പറ്റിയിരുന്ന പൊടി അവള്‍ കൈ കൊണ്ട് തട്ടിക്കളഞ്ഞു. മേരിയും ഞാനും കൂട്ടുകാരായി.
ഒരു കുന്നിന്‍ചെരിവില്‍ അവളോടൊത്ത് പട്ടം പറപ്പിക്കണമെന്ന് ആ നിമിഷം ഞാനാഗ്രഹിച്ചു.
ലോകമെങ്ങുമുള്ള എല്ലാ മതിലുകളുടെയും മുകളില്‍ ചുവപ്പ് നിറമുള്ള ഞങ്ങളുടെ പട്ടം പറന്നുയരും. ഉയരുന്ന പട്ടത്തിനൊപ്പം ആയിരമായിരം ആളുകളുടെ ആനന്ദാരവം ഉയരും. തോക്കുകള്‍ നിശബ്ദമാകുന്ന ആ നിമിഷത്തില്‍ ലോകമെങ്ങുമുള്ള കുഞ്ഞുങ്ങള്‍ മനോഹരമായി പുഞ്ചിരിക്കും. പിന്നെ ഉറച്ച കാല്‍ചുവടുകളുമായി തലയുയര്‍ത്തി അവര്‍ മുന്നോട്ട് നടക്കും. ലക്ഷ്യത്തിലേക്ക്, അവരുടെ സ്വപ്നത്തിലേക്ക്.