യുദ്ധം അവസാനിപ്പിച്ച് സ്ഥിരമായ സമാധാനത്തിനുള്ള നിർദ്ദേശങ്ങളിൽ രണ്ട് കൂട്ടർക്കും വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കും എന്നതിൽ ബൈഡന്‍റെ ഒപ്പിട്ട ഗ്യാരന്‍റി വേണമെന്നാണ് ഹമാസിന്‍റെ ആവശ്യം.
ഗാസ സംഘർഷം അവസാനിപ്പിക്കാൻ പലവഴിക്ക് ശ്രമിക്കുകയാണ് ചില രാജ്യങ്ങളൊഴികെയുള്ളവർ. സമാധാന ധാരണയിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നു ഹമാസ് എന്ന് പറഞ്ഞത് അമേരിക്ക. പക്ഷേ, ഇല്ലെന്ന് ഹമാസ്. ഇസ്രയേൽ അംഗീകരിച്ചു എന്ന് പറയുന്നുണ്ടെങ്കിലും ഇസ്രയേലിന്‍റെ ഭാഗത്തുനിന്ന് പരസ്യപ്രസ്താവന ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം, റഫായിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്.
ഹമാസിന്‍റെ ഇസ്രയേൽ ആക്രമണത്തോടെ തുടങ്ങിയതാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ മധ്യസ്ഥശ്രമങ്ങൾ. ചർച്ചകളും സന്ദർശനങ്ങളും തുടരെ തുടരെ നടക്കുകയാണ്. ഖത്തറും ഈജിപ്തുമാണ് ഹമാസുമായി ചർച്ചകൾ നടത്തുന്നത്. അത് ഇസ്രയേലിനെയും വൈറ്റ്ഹൗസിനേയും അറിയിക്കുകയാണ് ബൈഡന്‍റെ ചുമതല. പശ്ചിമേഷ്യയാകെ യുദ്ധം പടരുന്നതിൽ നിന്ന് തടയുകയാണ് ലോകരാജ്യങ്ങളുടെ ലക്ഷ്യം. ഹമാസിനെ പിന്തുണക്കുന്ന ഇറാൻ, ലബനണിൽ നിന്ന് ഇസ്രയേലിനെ വെല്ലുവിളിക്കുന്ന ഹെസ്ബുള്ള, യുദ്ധം പലതലങ്ങളിലേക്ക് പടരാൻ വലിയ സമയമെടുക്കില്ലെന്ന് വ്യക്തമാണ്. അതുതടയാനുള്ള ശ്രമത്തിലാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ.
ഇസ്രയേലാണ് അതിന് തടസം നിൽക്കുന്നതെന്ന് ഹമാസ് ആരോപിക്കുന്നു. പക്ഷേ, ധാരണയിൽ മറുപടി പറയാൻ തന്നെ രണ്ടാഴ്ചയെടുത്ത ഹമാസ്, മുമ്പ് സമ്മതിച്ച വ്യവസ്ഥകളിൽ പോലും മാറ്റം വരുത്താൻ ആവശ്യപ്പെടുകയാണെന്ന് പറയുന്നു അമേരിക്ക. കൂട്ടക്കൊലയ്ക്ക് അമേരിക്കയും കൂട്ടുനിൽക്കുകയാണെന്ന് തിരിച്ചടിക്കുന്നു ഹമാസ്. യുദ്ധ വിവരണങ്ങള്‍ മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. രണ്ട് കൂട്ടരുടെയും ലക്ഷ്യം മറുപക്ഷത്തെ തോൽപ്പിക്കുക. അവർ പറയുന്നതെല്ലാം അസത്യം എന്ന വരുത്തിത്തീർക്കുക എന്നതാണ്. 'ഏത് വിശ്വസിക്കണം' എന്നത് ചോദ്യചിഹ്നമായി നില്‍ക്കുന്നു.
ഹമാസ് മുന്നോട്ട് വച്ചിരിക്കുന്ന മാറ്റങ്ങളിൽ പലതും നടക്കാത്തതാണെന്നും മുമ്പ് സമ്മതിച്ചത് പിന്നെ മാറ്റിപ്പറയുന്നത് പ്രയാസമെന്നും പറഞ്ഞത് ആന്‍റണി ബ്ലിങ്കൻ. ഇസ്രയേൽ സമ്മതിക്കുന്നതില്ലല്ലോ എന്നാണ് അപ്പോള്‍ ഹമാസിന്‍റെ മറുചോദ്യം. പക്ഷേ, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബ്ലിങ്കൻ അറിയിച്ചത് ഇസ്രയേലിന്‍റെ സമ്മതമാണ്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പക്ഷേ, പരസ്യമാക്കിയിട്ടില്ല. ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞതിന്‍റെ വിശദമായ രൂപമാണത്. ഇത് രണ്ടും തമ്മിൽ എത്ര വ്യത്യാസമുണ്ട് എന്നത് വ്യക്തവുമല്ല.
ഉപാധികള്‍, നിര്‍ദ്ദേശങ്ങള്‍
ബന്ദികളെയും പലസ്തീനി തടവുകാരെയും കൈമാറുന്നതും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളാണ് പ്രധാനം. ആദ്യം വെടിനിർത്തൽ, സ്ത്രീകളും മുതിർന്നവരുമായ ബന്ദികളുടെ കൈമാറ്റം, പകരം കുറച്ചേറെ പലസ്തീനി തടവുകാരുടെ മോചനം, ഗാസയിലെ ഭൂരിപക്ഷം പ്രദേശങ്ങളിൽ നിന്നുള്ള സൈനിക പിൻമാറ്റം. രണ്ടാം ഘട്ടത്തിൽ ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളുടെയും മോചനം, പൂർണ സൈനിക പിൻമാറ്റം. മൂന്നാം ഘട്ടത്തിൽ ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറണം, പിന്നെ ഗാസയുടെ പുനർനിർമ്മാണം.
യുദ്ധം അവസാനിപ്പിച്ച് സ്ഥിരമായ സമാധാനത്തിനുള്ള നിർദ്ദേശങ്ങളിൽ രണ്ട് കൂട്ടർക്കും വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കും എന്നതിൽ ബൈഡന്‍റെ ഒപ്പിട്ട ഗ്യാരന്‍റി വേണമെന്നാണ് ഹമാസിന്‍റെ ആവശ്യം. അത് കിട്ടിയാലേ നിർദ്ദേശങ്ങളിൽ ഒപ്പിടൂ എന്നാണത്രേ ഹമാസിന്‍റെ നിലപാട്. ഹമാസിന്‍റെ ഭരണ, സൈനിക ആസ്തികൾ വേരോടെ പിഴുതിട്ടേ യുദ്ധം അവസാനിപ്പിക്കൂ എന്നാണ് ഇസ്രയേലിന്‍റെ വാശി. അതിലാണ് തർക്കമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്.
നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലത്പക്ഷം ഇടഞ്ഞ് നിൽക്കുകയാണ്. സമാധാനം അംഗീകരിച്ചാൽ സഖ്യം വിടും, പിന്നാലെ സർക്കാർ വീഴും എന്നാണ് ഭീഷണി. ഇസ്രയേലിന്‍റെ യുദ്ധകാല മന്ത്രിസഭ നിർദ്ദേശങ്ങൾ അംഗീകരിക്കയും ചെയ്തിരുന്നു. പക്ഷേ, അതങ്ങനെ വിട്ടുകളയാൻ ഇത്തവണ അമേരിക്കയും മറ്റ് രാജ്യങ്ങളും തയ്യാറല്ല. വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ജാക് സുള്ളിവന്‍റെ വാക്കുകൾ അത് വ്യക്തമാക്കുന്നു. ഹമാസ് പറയുന്ന മാറ്റങ്ങൾ ചെറുതാണ്, പ്രതീക്ഷിച്ചതുമാണ് എന്നാണ് സള്ളിവന്‍റെ വാക്ക്. തർക്കിക്കാനുള്ള സമയമൊക്കെ കഴിഞ്ഞു. പ്രശ്നങ്ങളെല്ലാം അവസാനിപ്പിക്കേണ്ട സമയമായി എന്നാണ് ബ്ലിങ്കന്‍റെയും നിലപാട്.
യുദ്ധം ഇതുവരെ ബാക്കിവച്ചത്
ഹമാസ്, ഇസ്രയേൽ ആക്രമിച്ചത് ഒക്ടോബർ ഏഴിനാണ്. 1,200 പേരെ കൊന്നു, 250 ലേറെ പേരെ ബന്ദികളാക്കി കൊണ്ടുപോയി. മരിച്ചതിന് തുല്യമായി പീഡിപ്പിച്ച് ഉപേക്ഷിച്ചവരും അതിന് ദൃക്സാക്ഷികളായി സമനില തെറ്റിയവരും വേറെ. ഹമാസ് തന്നെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ കണ്ടാണ് അമേരിക്കയും ഇസ്രയേലിന് പിന്തുണ അറിയിച്ചത്. പക്ഷേ, അതിന് ശേഷം തുടങ്ങിയ ഇസ്രയേലിന്‍റെ ആക്രമണത്തിൽ ഇതുവരെ മരിച്ചത് 37,000 പലസ്തീനികൾ. രണ്ടര ലക്ഷത്തോളം പേർ അഭയാർത്ഥികളായി. ക്ഷാമത്തോട് വളരെയടുത്തിരിക്കുന്നു ഭൂരിപക്ഷവും എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 5 വയസിൽ താഴെയുള്ള 8,000 ത്തോളം കുഞ്ഞുങ്ങൾ അങ്ങേയറ്റത്തെ പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്നങ്ങൾക്ക് ചികിത്സയിലാണ്. ഇസ്രയേലും ഹമാസും യുദ്ധകുറ്റകൃത്യങ്ങൾ ചെയ്തു എന്നാണ് യുഎൻ അന്വേഷണത്തിലെ കണ്ടെത്തൽ.
ഇപ്പോൾ ചർച്ചകളും സമാധാനശ്രമങ്ങളും തുടരുമ്പോഴും റഫായിലും മധ്യ ഗാസയിലും ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്. മരണങ്ങളും. ഖത്തറിലാണ് ചർച്ചകൾ നടക്കുന്നത്. ഹമാസ് നേതാക്കൾക്ക് അഭയം നൽകിയിരിക്കുന്ന നാട്. അമേരിക്കയും ഈജിപ്തും ഖത്തറും നയിക്കുന്ന മധ്യസ്ഥചർച്ചകൾ വെറുതേയാവില്ലെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. രണ്ടുകൂട്ടരും വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് വ്യക്തം.