മറിയം ഖാത്തൂൻ; ഇന്ത്യയില്‍ അഭയം തേടിയ ഒരു അഭയാര്‍ത്ഥി സ്ത്രീയുടെ ജീവിതം

By Soumya R Krishna  |  First Published May 20, 2023, 3:03 PM IST

രണ്ട് വയസ്സുള്ളപ്പോൾ സ്വന്തം അച്ഛനെ പട്ടാളക്കാർ കൊല്ലുന്നത് കണ്ടുകൊണ്ടാണ് മറിയം ഖാത്തൂൻ വളർന്നത്. പിന്നീട് ഇങ്ങോട്ട് മ്യാൻമറിൽ നടന്ന പല സംഘർഷങ്ങൾക്കും സാക്ഷിയായി. ഒടുവിൽ അവിടെ ജീവിക്കാൻ നിവിർത്തി ഇല്ലാതെ ആയപ്പോഴാണ് പത്ത് വർഷം മുമ്പ് കുടുംബത്തിനൊപ്പം ഇന്ത്യയിലെത്തുന്നത്.... ഒരു റോഹിങ്ക്യന്‍ അഭയാര്‍ത്ഥി സ്ത്രീയുടെ ജീവിതത്തെ കുറിച്ച് ഏഷ്യാനെറ്റ് ദില്ലി റിപ്പോര്‍ട്ടര്‍ സൗമ്യ ആര്‍ കൃഷ്ണ എഴുതുന്നു. 



ദില്ലിയിലെ തെരുവിലുറങ്ങുന്നവരുടെയും ചേരിയിൽ കഴിയുന്നവരുടെയുമൊക്കെ ദുരവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അതിലുമെല്ലാം പരിതാപകരമായ കാഴ്ച്ചകളായിരുന്നു കാളിന്ദികുഞ്ചിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലേത്. അർദ്ധരാത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ ക്യാമ്പിലെ മുഴുവൻ കുടിലുകളും കത്തി നശിച്ച സമയത്താണ് അവിടെ ആദ്യം പോകുന്നത്. പിന്നീട് പല തവണ പോയിട്ടുണ്ട്.
 
ക്യാമ്പിലെ ആളുകൾക്ക് പൊതുവിൽ മാധ്യമങ്ങളെ ഇഷ്ടമല്ല. ക്യാമറയുമായി വരുന്നവർക്ക് മുന്നിൽ അവർ വാ തുറക്കില്ല. ഹിന്ദി നന്നായി അറിയാവുന്നവർ പോലും ഭാഷ അറിയാത്തത് പോലെ അഭിനയിക്കും. മാധ്യമങ്ങളിൽ നിന്നും അത്രയധികം മോശം അനുഭവങ്ങളുള്ളത് കൊണ്ടാണ് അങ്ങനെയെന്നാണ് അവർ പിന്നീട് പറഞ്ഞിട്ടുണ്ട്. വളരെ പണിപ്പെട്ടാണ് വാർത്തയുടെ ഉദ്ദേശം, അവരെ ഉപദ്രവിക്കാനല്ലെന്ന് ബോധ്യപ്പെടുത്തിയിരുന്നത്. എന്നാൽ തന്നെ സ്ത്രീകളുടെ പ്രതികരണം കിട്ടില്ല. അവരുടെ വിശ്വാസമാണോ, പേടിയാണോ തടസ്സമെന്നറിയില്ല, ക്യാമറയിൽ ഷൂട്ട് ചെയ്യരുത് എന്ന് സ്ത്രീകൾ തീർത്തു പറയും. അങ്ങനെ നിൽക്കുമ്പോഴാണ് ഒരു പൂച്ചയേയും കൊണ്ട് മറിയം ഖാത്തൂൻ ഫ്രെയിമിലേക്ക് കയറി വന്നത്.
 
ജനിച്ച മണ്ണിലെ അക്രമങ്ങളും സംഘർഷവും. തുടർന്ന് കടന്നു വന്ന പലായനത്തിന്‍റെ ദുരിതം പിടിച്ച ഓർമ്മകളും മിക്ക മനുഷ്യരുടെയും മനസ്സിനെ ആഴത്തിൽ മുറിപ്പെടുത്തിയിരുന്നു. മറിയത്തെ പോലെ ചിലർക്ക് ആ ആഘാതത്തിൽ നിന്ന് ഇപ്പോഴും തിരിച്ചെത്താനായിട്ടില്ല. ചില സമയത്ത് സ്ഥലകാല ബോധമില്ലാതെ മറിയം നടക്കും. അവർ കടന്നുവന്ന അനുഭവങ്ങൾ കേട്ടപ്പോൾ പക്ഷേ, എനിക്ക് ഇപ്പോഴും തകരാതെ പിടിച്ചു നിൽക്കുന്നതിൽ അവരോട് സ്നേഹവും ബഹുമാനവും തോന്നി. രണ്ട് വയസ്സുള്ളപ്പോൾ സ്വന്തം അച്ഛനെ പട്ടാളക്കാർ കൊല്ലുന്നത് കണ്ടുകൊണ്ടാണ് മറിയം ഖാത്തൂൻ വളർന്നത്. പിന്നീട് ഇങ്ങോട്ട് മ്യാൻമറിൽ നടന്ന പല സംഘർഷങ്ങൾക്കും സാക്ഷിയായി. ഒടുവിൽ അവിടെ ജീവിക്കാൻ നിവിർത്തി ഇല്ലാതെ ആയപ്പോഴാണ് പത്ത് വർഷം മുമ്പ് കുടുംബത്തിനൊപ്പം ഇന്ത്യയിലെത്തുന്നത്.

Latest Videos

undefined

തെരഞ്ഞെടുപ്പുകളില്‍ മാത്രം ഓര്‍ക്കപ്പെടുന്ന ചില പെൺജീവിതങ്ങൾ !
 
ഇന്ത്യയിൽ അഭയം തേടിയെങ്കിലും പലപ്പോഴും ഇവിടെ ജീവിക്കാൻ അനുവദിക്കാത്ത സമീപനം ചിലർ സ്വീകരിക്കാറുണ്ടെന്നാണ് മറിയത്തിന്‍റെ അനുഭവം. ചെറിയ കുടില്‍ പണിത് അവിടെ യുഎൻ എത്തിച്ചിരുന്ന റേഷൻ കൊണ്ടാണ് അവര്‍ ജീവിച്ച് തുടങ്ങിയത്. പതുക്കെ പതുക്കെ ചെറിയ ചെറിയ ജോലികൾ ചെയ്ത് തുടങ്ങി. ജോലി ചെയ്ത് കിട്ടുന്ന പണം മുഴുവൻ അവർ സൂക്ഷിക്കുന്നത് അവരുടെ വീടുകളിൽ തന്നെയാണ്. അങ്ങനെ കഴിയുന്നതിനിടെ രണ്ട് തവണയാണ് അവരുടെ കുടിലുകൾക്ക് തീപ്പിടിച്ചത്. പുറത്തുനിന്നും ആരോ തീയിട്ടതാണെന്നാണ് മറിയം ഇന്നും വിശ്വസിക്കുന്നത്. ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച പൈസയും, ഭക്ഷണ സാധനങ്ങളും, കുട്ടികളുടെ പുസ്തകവുമെല്ലാം കത്തി നശിച്ചു. ആദ്യത്തെ തീപ്പിടിത്തം കഴിഞ്ഞ് ജീവിതം തിരിച്ചു പിടിക്കും മുമ്പ് വീണ്ടും കത്തി. രണ്ടാമത്തെ തവണ ഒന്നും വിടാതെ കുടിലുകൾ മുഴുവൻ കത്തിയമര്‍ന്നു. 

പെണ്ണിന് ഹോക്കി പറ്റില്ലെന്നവർ, രാജ്യത്തിന് ഒളിമ്പ്യന്മാരെ സമ്മാനിച്ച് പ്രീതം ദീദി

അതിന് ശേഷമാണ് ഇവരെ തൊട്ടടുത്തുള്ള പ്രദേശത്ത് ടെൻറുകളിലേക്ക് മാറ്റിയത്. ടാർപോളിൻ കൊണ്ട് കെട്ടിയ ടെൻറുകൾക്ക് അകത്തും പുറത്തും ഈച്ച പൊതിഞ്ഞിരിക്കുന്നത് കാണാം. കഷ്ടിച്ച് മൂന്ന് പേർക്ക് നിൽക്കാനാകുന്ന മുറികൾക്കുള്ളിൽ കഴിയുന്നത് അഞ്ചും ആറും പേർ. ക്യാമ്പിലെവിടെയും ഒരു ശുചിമുറി പോലുമില്ലെന്നതാണ് ഏറ്റവും വലിയ ദുരിതം. രാത്രിയിൽ അറ്റകൈക്ക് പ്ലാസ്റ്റിക് കവറും ബക്കറ്റ് പോലും ഉപയോഗിക്കേണ്ടി വരുന്ന ഗതികേടുണ്ട്. വെള്ളം പോലും റേഷനാണ്. എന്നാലും പരാതികളൊന്നും പറയാറില്ലിവര്‍. എല്ലാം സഹിച്ച് കഴിയുന്നതിനിടയിൽ ക്യാമ്പ് ഡിറ്റൻഷൻ സെൻറർ ആക്കാൻ സർക്കാർ നിർദ്ദേശിച്ചു, ദില്ലിയിൽ നിന്ന് ഒഴിപ്പിക്കാൻ തീരുമാനിച്ചു എന്നൊക്കെ വാർത്തകൾ വരും. നേരിട്ട് അറിയിപ്പ് വരുംവരെ ഒരു വാർത്തയും വിശ്വസിക്കില്ലെങ്കിലും ഓരോന്നും കേൾക്കുമ്പോഴും ഉള്ളിലെ ആധി കൂടും.  ഇപ്പോൾ കുട്ടികൾക്ക് പഠിക്കാനും, ചെറിയ ജോലികൾ നോക്കാനും പറ്റുന്നുണ്ട്. നാളെ അതിനും കഴിയാതെയാകുമോയെന്ന് പേടിയിലാണ് ഓരോ ദിവസവും കടന്നുപോകുന്നതെന്ന് ഇവര്‍ പറയുന്നു. 

മൂന്നാം ക്ലാസ് വരെ പഠിച്ച, ദില്ലിയില്‍ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കാനെത്തിയ അട്ടപ്പാടിക്കാരി പൊന്നി

click me!