സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പില്‍  പുസ്തകങ്ങള്‍ നമ്മെ തേടിവരുന്നു...

By Rathnakaran mangad  |  First Published Nov 13, 2019, 7:20 PM IST

നിശ്ചലയാത്രകള്‍: മാങ്ങാട് രത്നാകരന്റെ കോളം തുടരുന്നു . മൈലാപ്പൂരിലെ മറ്റൊരു ക്ഷേത്രം 


മൈലാപ്പൂരിലേക്കുള്ള യാത്രയുടെ രഹസ്യം ഇത്രയേയുള്ളൂ. നാല്‍ക്കവലയുടെ മൂലയില്‍ മരച്ചുവട്ടില്‍ നീണ്ടു പരന്നുകിടക്കുന്ന ഒരു സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടയുണ്ട് അഥവാ പുസ്തക വീട്. പുസ്തകക്കൂമ്പാരങ്ങളാണ് ആ വീടിന്റെ ചുമരുകള്‍. ആള്‍വാര്‍ എന്നു പേരുള്ള അര്‍ദ്ധനഗ്നനായ ഒരു വൃദ്ധനാണ് പുസ്തകക്കടയുടെ നടത്തിപ്പുകാരന്‍. പുസ്തകങ്ങളുടെ പൊടിതുടച്ചും പേജുപിന്നിയ പുസ്തകങ്ങള്‍ ഒട്ടിച്ചും മറ്റ് കൈവേലകള്‍ ചെയ്തും സ്വയം മുഴുകിയിരിക്കുന്ന ആള്‍വാര്‍ ഒരു താപസനെപ്പോലെയായിരുന്നു. 

 

Latest Videos

undefined

 

മദിരാശിയിലെ മൈലാപ്പൂരിലെ കപാലീശ്വരക്ഷേത്രവും വിശാലമായ ക്ഷേത്രക്കുളവും എന്റെ പ്രഭാതങ്ങളിലും രാത്രികളിലും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. അഗ്രഹാരങ്ങളുടെ മുറ്റത്ത് നന്നേ പ്രഭാതത്തില്‍ അരിപ്പൊടിയില്‍ സ്ത്രീകള്‍ ഒരുക്കുന്ന കോലങ്ങളുടെ രൂപഘടനയില്‍ അതിശയിച്ചും കപാലീശ്വര ക്ഷേത്രത്തില്‍നിന്നും ഒഴുകിവരുന്ന സുന്ദരാംബാളിനെ കേട്ടും അങ്ങനെ നടക്കും. മൈലാപ്പൂരിലെ പ്രഭാതം നേരത്തെ തുടങ്ങുന്ന പോലെത്തന്നെ, രാത്രി പെട്ടെന്നു തീരും. സര്‍വ്വത്ര ശാന്തി!

ഈ ശാന്തിയുടെ വ്യാപ്തി അറിയണമോ? തൊഴില്‍കൊണ്ട് സി.ഐ.ഡി ആയ എന്റെ പ്രിയസുഹൃത്ത് ഉണ്ണിത്താന്‍ മാഷ് ഒരു സംഭവകഥ പറഞ്ഞു.  ട്രിപ്പിക്ലേനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന് മൈലാപ്പൂരിലേക്ക് സ്ഥലം മാറ്റം കിട്ടി. ഒരുനാള്‍ ഈ പൊലീസുകാരന്‍ നമ്മുടെ സി.ഐ.ഡിയെ കണ്ടപ്പോള്‍, തലചൊറിഞ്ഞ് കൈനീട്ടിയത്രെ. 

'എതാവത് കൊടുങ്കോ സാര്‍, ബ്രാഹ്മിന്‍ ഏരിയ സര്‍, ക്രൈം ഒന്നുമേ കെടായത്'. 

 

..................................................................

പുസ്തകങ്ങളുടെ പൊടിതുടച്ചും പേജുപിന്നിയ പുസ്തകങ്ങള്‍ ഒട്ടിച്ചും മറ്റ് കൈവേലകള്‍ ചെയ്തും സ്വയം മുഴുകിയിരിക്കുന്ന ആള്‍വാര്‍ ഒരു താപസനെപ്പോലെയായിരുന്നു

എം.ടി വാസുദേവന്‍ നായര്‍ മൈലാപ്പൂരിലെ ആള്‍വാരുടെ പുസ്തകക്കടയില്‍
 

മൈലാപ്പൂരിലേക്കുള്ള യാത്രയുടെ രഹസ്യം ഇത്രയേയുള്ളൂ. നാല്‍ക്കവലയുടെ മൂലയില്‍ മരച്ചുവട്ടില്‍ നീണ്ടു പരന്നുകിടക്കുന്ന ഒരു സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടയുണ്ട് അഥവാ പുസ്തക വീട്. പുസ്തകക്കൂമ്പാരങ്ങളാണ് ആ വീടിന്റെ ചുമരുകള്‍. ആള്‍വാര്‍ എന്നു പേരുള്ള അര്‍ദ്ധനഗ്നനായ ഒരു വൃദ്ധനാണ് പുസ്തകക്കടയുടെ നടത്തിപ്പുകാരന്‍. പുസ്തകങ്ങളുടെ പൊടിതുടച്ചും പേജുപിന്നിയ പുസ്തകങ്ങള്‍ ഒട്ടിച്ചും മറ്റ് കൈവേലകള്‍ ചെയ്തും സ്വയം മുഴുകിയിരിക്കുന്ന ആള്‍വാര്‍ ഒരു താപസനെപ്പോലെയായിരുന്നു. 

അങ്ങനെയൊരുനാള്‍, പൊടിപിടിച്ച പുസ്തകക്കൂമ്പാരങ്ങളില്‍ തിരയുമ്പോള്‍ ഒരു പുസ്തകം തെളിഞ്ഞുവന്നു. മുഖച്ചട്ടയില്‍ മാക്സ് ഏണ്‍സ്റ്റിന്റെ പെയിന്റിംഗ് ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞു. അലോഹാ കാര്‍പെന്തിയറുടെ (Alejo Carpentier) ദ് ലോസ്റ്റ് സ്റ്റെപ്സ് (െപന്‍ഗ്വിന്‍, ലണ്ടന്‍, 1968) അന്വേഷിച്ചു കണ്ടെത്താത്ത പുസ്തകമിതാ, എന്റെ കൈകളില്‍! 

ദ് ലോസ്റ്റ് സ്റ്റെപ്സിനെക്കുറിച്ച് ആദ്യമായി അറിയുന്നത് മാര്‍കേസിന്റെ മിഗ്വേല്‍ ലിറ്റിന്‍ ജീവിതകഥയായ ചിലിയില്‍ ഒളിച്ചും പാത്തും ( Clandestitine in Chile ) എന്ന രചനയിലൂടെയാണ്. മാര്‍കേസ് അസൂയപ്പെട്ടു കാണണം, ലിറ്റിന്‍ എങ്ങോട്ടു പോകുമ്പോഴും കൊണ്ടുനടക്കാറുള്ള പുസ്തകമാണ് ദ് ലോസ്റ്റ് സ്റ്റെപ്സ്

 

..................................................................

ആ കാര്‍പെന്തിയറുടെ ഏറ്റവും മികച്ച നോവലാണ് എന്റെ കൈകളില്‍!

അലെഹോ കാര്‍പെന്തിയര്‍

 

ലാറ്റിനമേരിക്കന്‍ വസന്തമായിരുന്നു എന്റെ ഇരുപതുകളില്‍. ഏകാന്തതതയുടെ നൂറു വര്‍ഷങ്ങളിലൂടെയാണ് ആ വസന്തകാലം കേരളത്തില്‍ വന്നത്. നെരൂദക്കവിതകളിലൂടെയും. പിന്നാലെ റൂള്‍ഫോ വന്നു. ബോര്‍ഹെസ് വന്നു. അമാദു വന്നു. സാരമാഗു വന്നു. 'ഭയങ്കരനായ' ഗോയ്തിസോലോയും വന്നു. ഇവരെയൊക്കെ തുറന്നുവിട്ട എഴുത്തുകാരന്‍, പക്ഷേ അങ്ങനെ വന്നില്ല -അലെഹോ കാര്‍പെന്തിയര്‍. ദ് വെസേ്റ്റേണ്‍ കാനണില്‍ ഹരോള്‍ഡ് ബ്ലൂമിന്റെ പരാമര്‍ശം വായിച്ചിരുന്നു. ''ഞാന്‍ ബോര്‍ഹെസിനും നെരൂദയ്ക്കും ചുറ്റും വട്ടമിടുന്ന ആളാണെങ്കിലും ഭാവികാലം അവരെയെല്ലാവരെയും അപേക്ഷിച്ച് കാര്‍പെന്തിയറുടെ ഔന്നത്യം സ്ഥാപിക്കാനാണിട. ''

ആ കാര്‍പെന്തിയറുടെ ഏറ്റവും മികച്ച നോവലാണ് എന്റെ കൈകളില്‍! വളരെക്കാലത്തിനുശേഷം കോവളത്തെ ഒരു ഹോട്ടലില്‍ ലിറ്റിനെ ചെന്നുകാണുമ്പോള്‍, ഒരു തുള്ളി പോലും ഇംഗ്ലീഷറിയാത്ത ലിറ്റിനോട്, തപാല്‍ മാര്‍ഗം നീന്തിപ്പഠിച്ച സ്പാനിഷില്‍ he leido Los pasos perdidos എന്നു പറഞ്ഞപ്പോള്‍ തുളുമ്പുന്ന സന്തോഷത്തേടെ ലിറ്റിന്‍ എന്നെ ചേര്‍ത്തുപിടിച്ചു. 

ദ് ലോസ്റ്റ് സ്റ്റെപ്സിന്റെ കഥ ഒരു വാക്യത്തില്‍ എഴുതാം. ആദിമ പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ മടക്കം. അതിന്റെ അനുഭൂതി പക്ഷേ വാക്കുകള്‍ക്ക് പ്രാപിക്കാനാവുകയില്ല. താരതമ്യപ്പെടുത്തിയാല്‍ ഖസാക്ക് നോവലിലെ നായകന്റെ മടക്കവും അന്വേഷണവും വെറും കുട്ടിക്കളി. 

അതുകൊണ്ട് എം കൃഷ്ണന്‍ നായര്‍ പറയാറുള്ള ശൈലിയില്‍, കൈകഴുകിയേ ഈ നോവല്‍ വായിക്കാനെടുക്കൂ. ഉദാത്തമായ കലയെന്താണെന്ന് ഗ്രഹിക്കൂ! മഹാമേരുവായ കാര്‍പെന്തിയറെവിടെ, ഇവിടത്തെ പുല്‍ക്കൊടികളെവിടെ!

 

..................................................................

ഇതു വായിച്ചില്ലെന്നോ? നൂറു രൂപ പറഞ്ഞത്, പേഞ്ഞുപേഞ്ഞ് (വില പേശുന്നതിനും കെഞ്ചുന്നതിനുമുള്ള ഞങ്ങളുടെ നാട്ടിലെ വാക്ക്) അറുപത് രൂപയാക്കി വാങ്ങി. 

ലേഖകന്‍ ആള്‍വാരുടെ പുസ്തകക്കടയില്‍
 

മൈലാപ്പൂരില്‍ മറ്റൊരു ദിവസം പുസ്തകക്കൂമ്പാരങ്ങള്‍ക്കിടയില്‍ ഒരു സചിത്രകവിതാ പുസ്തകം ടൈംബോംബ് പോലെ തുടിച്ചുകിടക്കുന്നു. ബെര്‍തോള്‍ട് ബെഹ്തിന്റെ വാര്‍ പ്രൈമര്‍ (ലിബ്രിസ്, ലണ്ടന്‍, 1998) അതുശരി, ഇതു വായിച്ചില്ലെന്നോ? നൂറു രൂപ പറഞ്ഞത്, പേഞ്ഞുപേഞ്ഞ് (വില പേശുന്നതിനും കെഞ്ചുന്നതിനുമുള്ള ഞങ്ങളുടെ നാട്ടിലെ വാക്ക്) അറുപത് രൂപയാക്കി വാങ്ങി. 

ഇംഗ്ലീഷില്‍ വന്ന ബ്രെഹ്ത് കവിതകളും കഥകളും നാടകങ്ങളും ഡയറിയും സിദ്ധാന്തക്കുറിപ്പുകളും അതിലേറെ 'സംഭ്രമജനകം' എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പടയോട്ടങ്ങള്‍ നിറഞ്ഞ ജീവചരിത്രഗ്രന്ഥങ്ങളുമല്ലാം തപ്പിപ്പിടിച്ചു വായിച്ചതിന്റെ ചൂടു ബാക്കിയുണ്ടായിരുന്നു. താനെന്താണ് ചെയ്യുന്നതെന്ന് ശരിക്കും ബോധ്യമുള്ള ഒരേയൊരു കവിയെ, കിടക്കയില്‍ മൂത്രമൊഴിക്കുന്നതുപോലെ 'അറിയാതെ എഴുതിപ്പോവുന്ന' കവികള്‍ക്കുമേലെ പ്രതിഷ്ഠിച്ചിരുന്നു. അറിഞ്ഞും വായിച്ചും പഠിച്ചും എഴുതുന്ന കവിതകള്‍. കുഞ്ഞുകാര്യങ്ങള്‍ക്കുപോലും വിശദമായ പഠനം, ബെഹ്തിന്റെ ജീവിതത്തിലെ രസകരമായ ഒരു സന്ദര്‍ഭം കേട്ടിട്ടുണ്ടോ? 

1928-ല്‍ ജര്‍മനിയിലെ പേരുകേട്ട കാര്‍ കമ്പനിയായ സ്റ്റെയര്‍ കടുത്ത കാര്‍ പ്രേമിയും 'ചെകുത്താന്‍ ഡ്രൈവറുമായ' ബ്രെഹ്തിനെ സമീപിച്ച് 'ഒരു പരസ്യ കവിത എഴുതിത്തരാമോ' എന്നു ചോദിച്ചു. 'പണത്തിനുവേണ്ടി മാത്രം എഴുതിയിരുന്ന' ബ്രെഹ്ത് സ്വാഭാവികമായും എന്ത് തരുമെന്നു ചോദിച്ചു. സ്റ്റെയറിന്റെ ഒരു ലക്ഷ്വറി കാര്‍ തരാമെന്ന് കമ്പനി. കമ്പനിയുടെ ബ്രോഷറും മറ്റു വിശദാംശങ്ങളും സ്റ്റെയറിന്റെ ഇലക്ട്രിക്കല്‍ കണക്ഷനുമെല്ലാം പഠിച്ചതിനുശേഷം ബ്രെഹ്ത് ഒരു വാക്യം എഴുതിക്കൊടുത്തു. 'ഇതിന്റെ മോട്ടോര്‍ ചിന്തിക്കുന്ന ലോഹമാണ്' (Its motor is a thinking ore). ഈ വാക്യവും ബ്രെഹ്ത് സ്റ്റെയര്‍ ഓടിച്ചുപോകുന്ന ചിത്രവുമായിരുന്നു അക്കാലത്ത് സ്റ്റെയര്‍ കാറിന്റെ മുഴുപ്പേജ് പരസ്യം. 

 

..................................................................

യുദ്ധംപോലെത്തന്നെ ഫോട്ടോഗ്രാഫിയും മനുഷ്യവിരുദ്ധമായിത്തീരുന്ന സന്ദര്‍ഭങ്ങള്‍ ബ്രെഹ്ത് കണ്ടു.


ബെര്‍തോള്‍ട് ബ്രെഹ്ത്

 

'വീടിനു ചായമടിക്കുന്നവന്‍' (The house painter) എന്ന് ബ്രെഹ്ത് വിശേഷിപ്പിക്കാറുള്ള അഡോള്‍ഫ് ഹിറ്റ്ലറുടെ കാലവും പതനത്തിനുശേഷമുള്ള കാലവുമാണ് വാര്‍ പ്രൈമറില്‍. വിശേഷിച്ചും 1940 തൊട്ട് 1950 വരെയുള്ള വര്‍ഷങ്ങള്‍. 1937-ല്‍ ബ്രെഹ്ത് ജര്‍മന്‍ വാര്‍ പ്രൈമര്‍ എന്ന പേരില്‍, ഒരു ഘടനയും അനുസരിക്കാത്ത നാസി വിരുദ്ധ കുറുംകവിതകള്‍ എഴുതിയിരുന്നു. ആദ്യ വരിയായിരുന്നു അവയുടെ ശീര്‍ഷകം. അതിലെ ഏറ്റവും പ്രസിദ്ധമായ കവിതകള്‍ ഇവയാകാം.  

ചുമരില്‍ ഇങ്ങനെ എഴുതിയിരുന്നു:
യുദ്ധം വേണ്ടത് മറ്റവര്‍ക്കാണ്
അതെഴുതിയവന്‍
വീണുകഴിഞ്ഞിരുന്നു.

രാത്രി, ദമ്പതികള്‍ കിടക്കയില്‍
യുവതികള്‍ അനാഥരെ
ഗര്‍ഭം ധരിക്കും.

 

..................................................................

യുദ്ധത്തിന്റെ ഭീതിദവും ദാരുണവുമായ ഫോട്ടോകള്‍ക്കും പശ്ചാത്തല ഫോട്ടോകള്‍ക്കും കീഴെ നാലുവരിക്കവിതകള്‍ -രാഷ്ട്രീയ ശ്ലോകങ്ങള്‍-ബ്രെഹ്ത് എഴുതി.

വാര്‍ പ്രൈമര്‍

 

ബ്രെഹ്ത്, യുദ്ധം സംബന്ധിച്ച ഫോട്ടോഗ്രാഫുകള്‍ ശേഖരിക്കുകയും മുറിച്ചെടുത്ത് തന്റെ ജേണലില്‍ ഒട്ടിച്ചുവെക്കുകയും ചെയ്തിരുന്നു. വിശേഷിച്ചും അന്നത്തെ പ്രസിദ്ധമായ ലൈഫ് മാഗസിനില്‍ നിന്നുള്ളവ. ഫോട്ടോഗ്രാഫിയോടുള്ള ബ്രെഹ്തിന്റെ താല്പര്യം ഫോട്ടോഗ്രാഫിയെ ബൂള്‍ഷ്വാസി കള്ളം പറയാന്‍ ഉപയോഗിക്കുന്നത് എങ്ങനെ എന്ന അന്വേഷണത്തിലേക്ക് ദിശതിരിച്ചു. യുദ്ധത്തിന്റെ ഭീതിദവും ദാരുണവുമായ ഫോട്ടോകള്‍ക്കും പശ്ചാത്തല ഫോട്ടോകള്‍ക്കും കീഴെ നാലുവരിക്കവിതകള്‍ -രാഷ്ട്രീയ ശ്ലോകങ്ങള്‍-ബ്രെഹ്ത് എഴുതി. കവിതയുടെ ഭാവനാത്മകതയും മുദ്രാവാക്യത്തിന്റെ താളവും കണ്ണീരും ചിരിയും അലിവും നനവുമെല്ലാം ആ നാലുവരിക്കവിതകളില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. യുദ്ധംപോലെത്തന്നെ ഫോട്ടോഗ്രാഫിയും മനുഷ്യവിരുദ്ധമായിത്തീരുന്ന സന്ദര്‍ഭങ്ങള്‍ ബ്രെഹ്ത് കണ്ടു. ഉദാഹരണത്തിന് 12-ാം കവിതയില്‍ ഇങ്ങനെ എഴുതുന്നു.

അങ്ങനെ ഞങ്ങള്‍ അയാളെ ചുമരിനോട് ചേര്‍ത്തുനിര്‍ത്തി. ഒരമ്മയുടെ മകന്‍, നാം എന്തായിരുന്നോ, അതുപോലൊരാള്‍. 
    അവനെ ഒരു വെടിയുണ്ടയാല്‍ തീര്‍ത്തു.
    അവനെന്തുപറ്റിയെന്നു കാണിച്ചുതരാന്‍
    ഞങ്ങള്‍ ഈ രംഗം ക്യാമറയില്‍ പകര്‍ത്തി. 

ഗോയയുടെ 'ഡിസാസ്റ്റേഴ്സ് ഓഫ് വാര്‍' ചിത്രപരമ്പരയ്ക്കു ശേഷം (1810-1820) യുദ്ധത്തിന്റെ നിശിതമായ വിമര്‍ശമാണ് ബ്രെഹ്തിന്റെ വാര്‍ പ്രൈമര്‍. അതില്‍ യുദ്ധം മനുഷ്യാവസ്ഥയില്‍ സൃഷ്ടിക്കുന്ന നിശ്ശൂന്യതേയാടെ വെളിപ്പെടുന്നു. 

വാര്‍ പ്രൈമറിന്റെ തുടര്‍ച്ചയായി പീസ് പ്രൈമര്‍ കൂടി ബ്രെഹ്ത് ഉദ്ദേശിച്ചിരുന്നു. കിഴക്കന്‍ ജര്‍മനിയിലെ വിദ്യാര്‍ത്ഥി -തൊഴിലാളി പ്രതിനിധികളുടെ ഒരു യോഗത്തിന്റെ ഫോട്ടോഗ്രാഫിനു കീഴെ യുദ്ധത്തിന്റെ ഭൂതത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഭാവികാലപാഠം കൂടി അവതരിപ്പിക്കുന്നു. 

നിങ്ങളെപ്പോലുള്ളവര്‍ യുദ്ധത്തില്‍ ഒടുങ്ങിയെന്നു മറക്കരുതേ
അവരിവിടെ ഇരിക്കാന്‍ ജീവിച്ചിരിപ്പില്ല. നിങ്ങള്‍ ഇരിക്കുന്നു.
അതുകൊണ്ട് കാര്യങ്ങളില്‍നിന്ന് തലയൂരരുത്.
പകരം പഠിക്കാന്‍ പഠിക്കൂ. 
പഠിക്കാന്‍ പഠിക്കുന്നതെന്തിനെന്നും പഠിക്കൂ. 
(84 -ാം കവിത)

വാര്‍ പ്രൈമര്‍ കിട്ടിയതിനു തൊട്ടടുത്ത ദിവസങ്ങളില്‍ ദാ കിടക്കുന്ന മറ്റൊരു പുസ്തകം. ഹെന്റി കാര്‍തിയര്‍ ബ്രസ്സന്‍ പോര്‍ടെയ്രിറ്റ്സ്. അതിശയിച്ചു. ലാന്‍ഡ് മാര്‍ക്കില്‍ (മദിരാശിയിലെ പ്രശസ്തമായ പുസ്തകക്കട) തപ്പിയാലും ഓര്‍ഡര്‍ ചെയ്താലും കിട്ടാത്ത പുസ്തകങ്ങള്‍ എങ്ങനെ ഇവിടെ വന്നെത്തുന്നു! പുസ്തകമെടുത്ത് മറിച്ചുനോക്കിയപ്പോള്‍ 'ദുരൂഹ സാഹചര്യങ്ങളില്‍' കൈമറിഞ്ഞുവന്നതെന്നു മനസ്സിലായി. ജന്‍മദിന സമ്മാനമാണ്. To Sidharth, many many happy returns of the day, may more to come, with love. പിന്നെ പേരു തിരിച്ചറിയാത്ത ഒപ്പും. 1 dec, 87 എന്ന തീയതിയും. പ്രിയപ്പെട്ട സിദ്ധാര്‍ത്ഥാ, നിന്നെയെങ്ങനെ ബ്രസ്സന്‍ കൈവിട്ടു? അതോ എന്നെത്തേടി വന്നതോ? 

 

..................................................................

ലൈക്ക ക്യാമറയുമായി ബ്രസ്സന്‍ ലോകമെങ്ങും ഉണ്ടായിരുന്നു. തൊണ്ണൂറ്റിയഞ്ചുവര്‍ഷം നീണ്ടു ആ ജീവിതം

ഹെന്റി കാര്‍തിയര്‍ ബ്രസ്സന്‍

 

ഞാനാ പുസ്തകം വാങ്ങിക്കുമ്പോഴേക്കും (1992) ബ്രസ്സന്‍ ഫോട്ടോഗ്രാഫിയെ കൈവിട്ട് ചിത്രകലയിലേക്ക് തിരിഞ്ഞിട്ട് 29 വര്‍ഷമായിരുന്നു. ഫോട്ടോഗ്രാഫിയുടെ ആവിഷ്‌കാര സാധ്യതയെ അദ്ദേഹം അവിശ്വസിച്ചു തുടങ്ങിയിരിക്കണം. അല്ലെങ്കില്‍, ഫോട്ടോഗ്രാഫിക്കായി താന്‍ ഉപേക്ഷിച്ച ചിത്രകലയെ വീണ്ടും ആശ്ലേഷിച്ചതാവണം. എന്തായാലും അസാദ്ധ്യമെന്നു പോലും തോന്നാവുന്ന ആവിഷ്‌കാരങ്ങളാണ് 'പോര്‍ട്രെയിറ്റ്സ്'. 

തന്റെ ലൈക്ക ക്യാമറയുമായി ബ്രസ്സന്‍ ലോകമെങ്ങും ഉണ്ടായിരുന്നു. തൊണ്ണൂറ്റിയഞ്ചുവര്‍ഷം നീണ്ടു ആ ജീവിതം. (1908-2004). 'ആധുനിക ഫോട്ടോ ജേണലിസത്തിന്റെ പിതാവ്'. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തെ പിടിച്ചുകുലുക്കിയ പ്രധാന സംഭവങ്ങളുടെയെല്ലാം ദൃക്സാക്ഷിയായിരുന്നു. സ്പാനിഷ് ആഭ്യന്തര യുദ്ധം, രണ്ടാം ലോക മഹായുദ്ധം, മഹാത്മാഗാന്ധി വധവും സംസ്‌കാരവും, ചൈനയില്‍ മാവോയുടെ ഉദയം, പാരീസിലെ 1968-ലെ വിദ്യാര്‍ത്ഥി കലാപം, ബെര്‍ലിന്‍ മതിലിന്റെ വീഴ്ച എല്ലാം ബ്രസ്സന്റെ ദൃശ്യങ്ങളില്‍ സൂക്ഷ്മമായും സാന്ദ്രമായും ലോകം കണ്ടു. 

ഇരുപതാം നൂറ്റാണ്ട് മനുഷ്യവംശത്തിനു എന്തായിരുന്നുവെന്ന് പറഞ്ഞുതന്ന കേമന്‍മാര്‍ അവരുടെ സവിശേഷമായ കേമത്തത്തോടെ തന്നെ, തേനിച്ചയുടെ കുത്തല്‍' പോലുള്ള ഒരു മാത്രയില്‍ നിശ്ചലമായി ഈ പോര്‍ട്രയിറ്റുകളിലുണ്ട്. ശൂന്യതയെ കൃഷ്ണമണികളിലാവാഹിച്ച് കമ്യൂ, ചുഴിഞ്ഞുതറഞ്ഞ് ബെക്കറ്റ്, ജീവിതത്തോട് കണ്ണില്‍ ചിരിച്ച് ഷെനെ, അധൃഷ്യനായ മത്തിസ്, പ്രസന്നനായി താത്തി, നീണ്ടുനിവര്‍ന്ന് ഫോക്നര്‍, കാഴ്ചയെ മുറിച്ച് പിക്കാസോ, ഗാഢചിന്തയില്‍ സാര്‍ത്ര്, കെട്ടുകഥയിലെന്നപോലെ ഷഗാള്‍, മുഖമില്ലാതെ ബേക്കണ്‍, ചിന്താലോല ധൂമികയില്‍ യുങ്ങ്, മനസ്സിലെ മൂളക്കവുമായി എസ്രാപൗണ്ട്, കുഴപ്പത്തിനു ഘടന തേടി ലെവി സ്ട്രോസ്, ചിഹ്നങ്ങളുമായി ബാര്‍ത്ത്, കോണിപ്പടിയും സൈക്കിളുമായി ദുഷാംപ്, അങ്ങനെയങ്ങനെ. 

 

..................................................................

ഇരുപതാം നൂറ്റാണ്ട് മനുഷ്യവംശത്തിനു എന്തായിരുന്നുവെന്ന് പറഞ്ഞുതന്ന കേമന്‍മാര്‍ അവരുടെ സവിശേഷമായ കേമത്തത്തോടെ തന്നെ, തേനിച്ചയുടെ കുത്തല്‍' പോലുള്ള ഒരു മാത്രയില്‍ നിശ്ചലമായി ഈ പോര്‍ട്രയിറ്റുകളിലുണ്ട്.

പോര്‍ടെയ്രിറ്റ്സ്

 

ബ്രസ്സന്‍ ഏറ്റവും കൂടുതല്‍ നോക്കിയിട്ടുള്ളത് ഒരേയൊരു കലാകാരനെയാണ്. വിശ്രുത ശില്‍പ്പി ആല്‍ബെര്‍ട്ടോ ജിയോകോമെറ്റിയെ. ഈ പുസ്തകത്തിലെ ജിയോ കോമെറ്റിയുടെ 1938-ലെയും 1964-ലെയും രണ്ട് പോര്‍ട്രെയിറ്റുകളില്‍ ജിയോ കോമെറ്റിയും മത്തിസും മാത്രം രണ്ടു വട്ടം കടന്നുവരുന്നു. ബ്രസ്സന്റെ ജിയോ കോമെറ്റി പോര്‍ട്രെയിറ്റുകളുടെ ബൃഹദ് സമാഹാരം ടേറ്റ് മോഡേണിലെ പുസ്തകക്കടയില്‍ മറിച്ചുനോക്കിയിരുന്നു. തീവില, ഞാന്‍ കൈ പിന്‍വലിച്ചു. എന്നെങ്കിലും അതു കൈമറിഞ്ഞ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടയില്‍ വരാതിരിക്കില്ല. 

ഫസ്റ്റ് ഹാന്‍ഡ് ഷോപ്പില്‍ പുസ്തകങ്ങള്‍ നാം തേടിപ്പോകുന്നു. സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പില്‍ പുസ്തകങ്ങള്‍ നമ്മെ തേടിവരുന്നു.

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍

 

click me!