നീലവെളിച്ചം: ബിജു റോക്കി എഴുതിയ കവിതകൾ

By Vaakkulsavam Literary Fest  |  First Published Jan 24, 2021, 4:03 PM IST

വാക്കുല്‍സവത്തില്‍ ബിജു റോക്കിയുടെ കവിതകള്‍


 മാധ്യമപ്രവര്‍ത്തനം, കോപ്പി റൈറ്റിംഗ്, കവിത. ഈ മൂന്നു വഴികളിലുള്ള നടത്തങ്ങളാണ് ബിജു റോക്കിയുടെ എഴുത്തുകള്‍. മാധ്യമപ്രവര്‍ത്തനത്തിലെത്തുമ്പോള്‍ മറ്റെല്ലാവരെയും പോലെ വസ്തുനിഷ്ഠതയിലാണ് ബിജുവിന്റെ കണ്ണ്. ഭാവനയും വിപണി താല്‍പ്പര്യങ്ങളും ജനപ്രിയതയും പരസ്യമെഴുത്തിനെ നിര്‍ണയിക്കുന്നു. എന്നാല്‍, കവിതയിലെത്തുമ്പോള്‍ ബിജു മറ്റൊരാളാണ്. അവിടെ ബാഹ്യഘടകങ്ങള്‍ തീര്‍ക്കുന്ന ചതുരക്കള്ളികളില്ല. സമയപരിധിയോ ഔട്ട്പുട്ടിനുമേലുള്ള അദൃശ്യസമ്മര്‍ദ്ദങ്ങളോ ഇല്ല. ഏറ്റവും സ്വാഭാവികമായി, ഏറ്റവും സൂക്ഷ്മമായി ബിജു അവിടെ താന്‍ ജീവിക്കുന്ന കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്നു.  എവിടെയും രേഖപ്പെടുത്താതെ പോവുന്ന വിങ്ങലുകളും സ്വാസ്ഥ്യം കെടുത്തുന്ന കാഴ്ചകളും ഉള്ളു പൊള്ളിക്കുന്ന അനുഭവങ്ങളും ഭാവനയുടെ ഉന്‍മാദങ്ങളും അവിടെ നിറയുന്നു. ഭാഷയുമൊത്തുള്ള പല മാതിരി വിനിമയങ്ങള്‍, ആഖ്യാനത്തിലേക്ക് ഒളികണ്ണിട്ടെത്തുന്ന കുറുമ്പുകള്‍, നിര്‍മമതയോടെ ലോകം കാണുന്നവര്‍ക്ക് സഹജമായ നോട്ടങ്ങള്‍ എന്നിങ്ങനെ കവിത അതിനുമാത്രം തൊടാനാവുന്ന ഇടങ്ങള്‍ തേടുന്നു. കോപ്പിയെഴുത്തിനൊപ്പം വന്നു ചേരുന്ന ഭാഷാസൂക്ഷ്മത കവിതയെ കൂടുതല്‍ കൂര്‍പ്പിച്ചു നിര്‍ത്തുന്നു. മറ്റാരും കാണാത്തത് തേടിക്കൊണ്ടിരിക്കുന്ന ജേണലിസ്റ്റിന്റെ കണ്ണുകള്‍ പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പുകളെ സവിശേഷതലങ്ങളിലേക്ക് വളര്‍ത്തുന്നു. ബിജുവിന്റെ കവിത പുതുകാലത്തെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുന്നു. 

 

Latest Videos

undefined

 

വേല

രാവിലെ പശുവിനെ
തൊടിയില്‍ അഴിച്ചുകെട്ടിയതാണ്
ആറിന്റെ ചൂളം വിളിയില്‍,
ചന്നംപിന്നം മഴയില്‍
അഴിക്കാന്‍ ചെന്നപ്പോള്‍
കെട്ടിയ തെങ്ങില്‍
പശു കുതിരയായി
നനഞ്ഞ് നില്‍ക്കുന്നു

പള്ളയിലെ തവിട്ട്പുള്ളി അതേപടി
അതേ ചെരിഞ്ഞ നോട്ടം
രണ്ട് കെട്ടിട്ട കയര്‍ ഞാന്നുകിടപ്പുമുണ്ട്
കുതിരയായി നടിക്കുന്ന പശുവാണോ
കുതിര തന്നെയാണോ
വളഞ്ഞുനിന്ന് നോക്കിയിട്ടും
കുതിര തെല്ലും പശുവാകുന്നില്ല
കൂസലൊന്നുമില്ല.
മഴയോട്
വാടാ പുല്ലേയെന്ന ഭാവം.
നാളെ ചായക്കടക്കാരനോട്
എന്ത് പറയും?

 

ഡിവൈഡറിലെ
ഏകാന്തത

മഹാനഗരത്തിലെ
മേല്‍പ്പാലത്തിന് ചുവടെ
ഡിവൈഡറിലാണ്
ഏകാന്തത
പായ വിരിക്കുന്നത്
വഴികടക്കുമ്പോള്‍
ചമ്മിയ ചിരിയൊലിപ്പിച്ച്
തൂണില്‍ ചാരി
മൂടിപ്പുതച്ചിരിക്കുന്നത്  കണ്ടിട്ടുണ്ട്

ഭിക്ഷചോദിക്കുമോ എന്ന പേടിയില്‍
പലപ്പോഴും ആ ഭാഗത്തേക്ക്
തിരിഞ്ഞുനോക്കാറില്ല
അറിയാമല്ലോ
തട്ടിപ്പുകേസാണ്
പിടിച്ചുപറിക്കാനും വിരുതുണ്ട്
പരിചയം കാണിച്ചാല്‍
തലേല് കേറി നെരങ്ങിയേക്കും

വെറുതെ അഭിനയമാണ്
ഒളിച്ചുവെയ്ക്കാന്‍ മിടുക്കനാണ്
ഭാണ്ഡക്കെട്ടിനകത്തേക്ക്
ഒരു കാല്‍ മടക്കിവെച്ചും
ഷര്‍ട്ടിനുള്ളില്‍ ഒരു കൈയ്യൊളിപ്പിച്ചും
പിച്ചതെണ്ടിയിരിക്കും.
കളിപ്പീരാണ്
ജോലി ചെയ്ത് ജീവിക്കാന്‍ മടിയാണ്
ഇത്തിക്കണ്ണിയാണ്

അതിദാരുണമായ
ഏഴ് മുറിവുകളും വരച്ച് വെച്ചതാണ്
കണ്ടില്ലേ, ബ്ലേഡ് വരഞ്ഞപ്പോലെ
ചുവപ്പ് ചായമൊലിക്കുന്നത്

കീറിയ തുണിയില്‍
അലിഞ്ഞേക്കരുത്
അലക്കിവെച്ചത് സഞ്ചിയിലുണ്ട്
നോട്ടുകെട്ടുകളും അമൂല്യ നാണയങ്ങളും
തിട്ടമില്ലാത്തയത്രയും ആധാരങ്ങളും.

ലോകത്തിലെ ഏറ്റവും ധനികനാണ്
തൊലിപ്പുറമേ കണ്ടതില്‍ വിശ്വസിക്കല്ലേ
ശരിക്കുമുള്ള ഏകാന്തത
അകത്താണ്

പൂര്‍ണമായൊന്നും
പുറത്ത് കാണിക്കുന്നില്ല എന്നേയുള്ളു

 

നീലവെളിച്ചം

ഉടലഴിഞ്ഞ
വഞ്ചിപോലെ
കടല്‍ക്കരയില്‍ കിടക്കുന്നു

കാറ്റെറിഞ്ഞ പൊടിമണല്‍
കണ്‍കുഴികളേറ്റ് വാങ്ങുന്നു

കാണാം, കാലങ്ങളായി
തിരപ്പുറത്ത്  നീലവെളിച്ചം കെട്ടി
നൃത്തമാടിനില്‍ക്കുന്ന
വിഷാദം പറ്റിയ നുരകളെ.
ഇരുള്‍പ്പടര്‍പ്പുകളില്‍നിന്നി-
ഴഞ്ഞിറങ്ങും നാഗകന്യകകളെ.

നക്ഷത്രങ്ങള്‍ തുന്നിയ രംഗപടമിട്ട്
മുഴുചന്ദ്രിക  വെട്ടം മിന്നിച്ച രാത്രിയില്‍
താളി പതഞ്ഞ കുളിമുറിയില്‍
സോഫിയയുടെ ശ്വാസം
പൂപോലെ പറിച്ചത്
എന്തിനെന്നെനിക്കിന്നുമറിയില്ല.

പട്ടിയുടെ അതേ അപശ്രുതി
വഴിക്കാണിച്ച മറ്റൊരു ജന്മത്തില്‍
കുളിര്‍മുറിയില്‍
ഷവര്‍ തുറന്ന്
ഷാമ്പൂ പതപ്പിച്ചുനിന്ന
സലോമിയെ
മായിച്ചതും
എന്തിനെന്നെനിക്കിന്നുമറിയില്ല.

കടല്‍ക്കരയില്‍ കിടക്കുന്നു
തായ്ത്തണ്ടില്‍
എഴുന്നുനില്‍ക്കും
പെരുമീനിന്‍ മുള്‍ക്കൂട്.

കാറ്റിന്റെ തോളില്‍ പിടിച്ചെണീറ്റ്
വീണ്ടും ചിതറിവീഴുന്നു.
തിരപ്പുറത്തെ നീലവെളിച്ചത്തില്‍
നൃത്തം വെയ്ക്കുന്നു
സോഫിയയും സലോമിയും.

click me!