പ്രണയത്തെ സിനിമേലെടുക്കുമ്പോള്‍...

By K P Jayakumar  |  First Published May 13, 2020, 3:59 PM IST

കെ. പി ജയകുമാര്‍ എഴുതുന്നു: സിനിമേലെടുത്തപ്പോള്‍', മാറിയത് ലോകമല്ല, പ്രണയമാണ്. ചുംബനമാകട്ടെ പ്രണയത്തിലേയ്‌ക്കോ കലാപത്തിലേക്കോ പരിഭാഷപ്പെട്ടതുമില്ല.


സമൂഹത്താല്‍ ചുറ്റപ്പെട്ടതും, സമൂഹ്യസദാചാരത്തെ മുറിവേല്‍പ്പിക്കാത്തതുമായ പ്രണയ നാട്യങ്ങളിലാണ് സിനിമ ഊന്നുന്നത്. സാമൂഹ്യ/സദാചാര വഴക്കങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കിയും ഉദാത്ത സൗന്ദര്യ/നന്‍മകളുടെ സന്ദര്‍ഭങ്ങളിലേക്ക് ഉയര്‍ത്തിയും പ്രണയത്തിന്റെ പ്രശ്നസ്ഥലത്തെ സിനിമ മറികടക്കുന്നു.

 

Latest Videos

undefined

 

'രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു...' എന്ന് ഒക്ടോവിയ പാസ്. 'സ്നേഹിക്കുകയെന്നാല്‍ പോരാടുകയെന്നാണ്, കതകുകള്‍ തുറക്കുകയെന്നാണ്...' എന്നും കവിത തുടരുന്നു. എന്നിട്ട് പോരാട്ടം നടന്നോ? കതകുകള്‍ മലര്‍ക്കെ തുറക്കുകയും ഉടലുകള്‍ക്ക് ചിറകുമുളയ്ക്കുകയും അഭിലാഷങ്ങള്‍ പറന്നുയരുകയും വീഞ്ഞ് വീഞ്ഞായും ജലം ജലമായും അതിന്റെ ആത്മത്തെ, സ്വത്വത്തെ വീണ്ടെടുക്കുകയും ചെയ്‌തോ? പ്രണയവും ചുംബനവും ലോകത്തെ ജീവിതത്തെ മാറ്റിമറിക്കുക തന്നെ ചെയ്തു. പക്ഷെ 'സിനിമേലെടുത്തപ്പോള്‍', മാറിയത് ലോകമല്ല, പ്രണയമാണ്. ചുംബനമാകട്ടെ പ്രണയത്തിലേയ്‌ക്കോ കലാപത്തിലേക്കോ പരിഭാഷപ്പെട്ടതുമില്ല.  

പ്രണയത്തിന്റെ ജാതിനാട്യങ്ങളെ ആഖ്യാനപ്പെടുത്തിയ ചിത്രമാണ് നീലക്കുയില്‍ (പി ഭാസ്‌കരന്‍, രാമുകാര്യാട്ട്, 1953). 'നിത്യജീവിതത്തില്‍ നിന്നു പറിച്ചെടുത്ത കഥാപാത്രങ്ങളും അവരുടെ കൊച്ചു നൊമ്പരങ്ങളും ആഹ്ലാദങ്ങളു'മായി പുറത്തുവന്ന നീലക്കുയിലിന്റെ പ്രമേയത്തിന്റെ ഒരു ധാര സവര്‍ണ്ണനായ ശ്രീധരന്‍ മാസ്റ്ററും ദലിത് യുവതിയായ നീലിയും തമ്മിലുള്ള പ്രണയമാണ്. ഗര്‍ഭിണിയാകുന്ന നീലിയെ മാസ്റ്റര്‍ കൈയൊഴിയുകയും സ്വജാതിയില്‍പെട്ട നളിനിയെ വിവാഹംകഴിക്കുകയും ചെയ്യുന്നു. അനാഥയാകുന്ന നീലി റെയില്‍വെ ട്രാക്കിനടുത്ത് കുഞ്ഞിനെ പ്രസവിക്കുകയും ആ പ്രസവത്തോടെ മരിക്കുകയും ചെയ്യുന്നു. പോസ്റ്റുമാന്‍ ശങ്കരന്‍ നായരാണ് കുഞ്ഞിനെ എടുത്തുവളര്‍ത്തുന്നത്. നളിനി- ശ്രീധരന്‍ മാസ്റ്റര്‍ ദമ്പതികള്‍ക്ക് മക്കളില്ല. ചലച്ചിത്രത്തിനൊടുവില്‍ മാസ്റ്റര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് സ്വന്തം മകനെ സ്വീകരിക്കുന്നു. 

പുരോഗമനസാഹിത്യത്തിന്റെ കലാപരമായ വഴികളിലൂടെ പ്രധാനമായും റിയലിസ്റ്റ്് സങ്കേതത്തിലൂന്നിക്കൊണ്ടുള്ളതായിരുന്നു ചലച്ചിത്രത്തിന്റെ ആഖ്യാനരീതി. ഇത്തരമൊരാഖ്യാനം സ്ത്രീ/ദലിത് ശരീരങ്ങളുടെ പ്രതിനിധാനങ്ങളെ എങ്ങനെ പ്രതിപാദിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നീലിയുടെ പ്രണയത്തിനും രതിക്കും പ്രസവത്തിനും മരണത്തിനും ഒരു ഉപകഥയുടെ പ്രാധാന്യം മാത്രമാണ് ലഭിക്കുന്നത്. നീലിയുടെ ഗര്‍ഭവും അനാഥത്വവും ദാരുണമായ മരണവും ആഖ്യാനത്തിന്റെ അതിരുകളില്‍ അമര്‍ന്നുപോകുമ്പോള്‍, ശ്രീധരന്‍ മാസ്റ്ററുടെ സന്താനഭാഗ്യമില്ലായ്മയിലും മാനസാന്തരത്തിലും കുട്ടിയെ ഏറ്റെടുക്കല്‍ എന്ന നന്‍മയിലും ആഖ്യാനം തറഞ്ഞുനില്‍ക്കുന്നു. അത്തരം മഹത്വവല്‍ക്കരണങ്ങളിലൂടെ കീഴാള സ്ത്രീയുടെ ശാരീരിക/ മാനസിക ലോകങ്ങള്‍ ആഖ്യാനത്തിന് പുറത്താകുന്നു. സമൂഹത്താല്‍ ചുറ്റപ്പെട്ടതും, സമൂഹ്യസദാചാരത്തെ മുറിവേല്‍പ്പിക്കാത്തതുമായ പ്രണയ നാട്യങ്ങളിലാണ് സിനിമ ഊന്നുന്നത്. സാമൂഹ്യ/സദാചാര വഴക്കങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കിയും ഉദാത്ത സൗന്ദര്യ/നന്‍മകളുടെ സന്ദര്‍ഭങ്ങളിലേക്ക് ഉയര്‍ത്തിയും പ്രണയത്തിന്റെ പ്രശ്നസ്ഥലത്തെ സിനിമ മറികടക്കുന്നു.

 

....................................................

Read more: ഓരോരോ ജയകൃഷ്ണന്‍മാര്‍, അവരുടെ ഉള്ളിലെ ക്ലാരമാര്‍...!
....................................................

 

സമകാലിക മലയാളസിനിമയിലും ഇതിന്റെ ആവര്‍ത്തനം കാണാം. സമ്പന്നകുടുംബത്തിലെ നായകന്‍ അടിച്ചുതളിക്കാരിയെ പ്രണയിക്കുന്നതാണ് നന്ദനം (രഞ്ജിത്, 2002). മാറിയ മധ്യവര്‍ഗ്ഗ സാമൂഹ്യസദാചാരത്തിനുള്ളില്‍ പരിഹരിക്കപ്പെടേണ്ട രണ്ട് പ്രശ്നങ്ങള്‍ ഈ ചിത്രത്തിനുണ്ടായിരുന്നു. ഒന്ന് ജാതി തന്നെ, 'നല്ലവനായ കാമുകന്‍' സ്വജാതിയില്‍പ്പെട്ട പ്രാരബ്ധക്കാരിയായ നായികയുടെ ദുഃഖഭരിതമായ ജീവിതത്തിന് സാന്ത്വനമാകുന്നതോടെ പ്രശ്നം ഒരളവുവരെ പരിഹരിക്കപ്പെടുന്നു. കാസ്റ്റിനുള്ളില്‍ നിലനില്‍ക്കുന്ന ക്ലാസാണ് രണ്ടാമത്തെ പ്രശ്നം. രണ്ടുരീതിയിലാണ് സിനിമ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നത്. ഔപചാരികമായി വിദ്യാഭാസം നേടാനാവാതെ വലിയവീട്ടിലെ അടുക്കളക്കാരിയാകേണ്ടിവന്ന പെണ്‍കുട്ടിയുടെ 'ശാലീനത'യിലൂടെയും 'അടക്ക'വും 'ഒതുക്ക'വുമുള്ള പെരുമാറ്റത്തിലും 'ഉത്തമ കുടുംബിനി' സങ്കല്‍പ്പത്തിന് ചേര്‍ന്നവളാണ് നായികയെന്ന് സ്ഥാപിക്കുന്നു. മറ്റൊന്ന് സംഗീതാദി സുകുമാരകലകളില്‍ നിപുണയായ അവളില്‍ പാരമ്പര്യമായി സാംസ്‌കാരിക മൂലധനത്തിന്റെ വന്‍നിക്ഷേപമുണ്ടെന്ന് കാട്ടിത്തരുന്നു. ബന്ധുമിത്രാദികളുടെ മുന്നില്‍ 'കൃഷ്ണാ... കൃഷ്ണാ...' എന്ന് നെഞ്ചുപൊട്ടി പാടിക്കൊണ്ട് അത് പരസ്യമായി തെളിയിക്കുന്നുമുണ്ട്. എന്നിട്ടും അല്‍പ്പം ബാക്കിനില്‍ക്കുന്ന 'ക്ലാസ്' പ്രശ്നം പരിഹരിക്കാന്‍ ദൈവംതമ്പുരാന്‍ നേരിട്ടവതരിക്കുന്നു! പ്രണയം വിജയിക്കുന്നു, സിനിമയും.   

പ്രേക്ഷകരുടെ സാമാന്യ യുക്തിയെ (ബുദ്ധിയെയും) ചോദ്യം ചെയ്യുന്നതായിട്ടുപോലും ഈ പ്രശ്ന പരിഹാരത്തില്‍ തൃപ്തരായ മധ്യവര്‍ഗ്ഗ പ്രേക്ഷകസമൂഹം സിനിമയില്‍ ആശ്വാസംകൊണ്ടു. വരേണ്യതയും സമ്പത്തും കാമശാസ്ത്ര ലക്ഷണപ്രകാരമുള്ള കലാനൈപുണിയും ഉടലഴകുമുള്ള നായിക കേരളത്തില്‍ ഉയര്‍ന്നുവന്ന മധ്യവര്‍ഗ്ഗ പ്രേക്ഷകരുടെ കാമനകളുമായി താദാത്മ്യപ്പെടുന്നു. 'ഉണ്ടക്കണ്ണിയുടെയും പൊടിമീശക്കാരന്റെയും' കൗമാര പ്രണയം മധ്യവയസ്സില്‍ പൂവണിയുന്നതിന്റെ ആനന്ദമാണ് ലാല്‍ജോസിന്റെ 'ക്ലാസ് മേറ്റ്സ്' (2006 ) പങ്കുവച്ചത്. പണക്കാരിയും കുലീനയും നൃത്താദി സുകുമാര കലകളില്‍ നിപുണയുമായ കാമുകി, ദരിദ്രനെങ്കിലും വരേണ്യസാംസ്‌കാരിക മൂലധനത്തിന്റെ ഉടമയായ കാമുകന്‍, പ്രണയ ഫോര്‍മുലക്ക് മാറ്റമൊന്നുമില്ല. നായകന്റെ നാടുവിടലും സമ്പന്നനായുള്ള മടങ്ങിവരവും ജാതിയ്ക്കുള്ളിലെ 'വര്‍ഗ്ഗ' പ്രശ്നത്തിന് പരിഹാരവുമാകുന്നുണ്ട്. (പണ്ടത്തെ മലയാള നായകന്‍മാര്‍ സ്ഥിരമായി പോകാറുണ്ടായിരുന്ന മുംബൈയിലേക്കുതന്നെയാണ് ഈ നായകനും പോകുന്നത്!) 

പുതിയ കാമനകളിലേക്ക് വളരാന്‍ വിസമ്മതിക്കുന്ന ചലച്ചിത്ര സദാചാരബോധം നായികാ നായകന്‍മാരെ വാര്‍പ്പുമാതൃകകളാക്കി പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എത്രമേല്‍ ചുംബിക്കിലും പ്രണയിക്കാത്ത ലോകമേ... 

click me!