നിധീഷ് നന്ദനം എഴുതുന്ന ലണ്ടന്‍ യാത്രാക്കുറിപ്പുകള്‍ തുടരുന്നു
ഭയമുറഞ്ഞു നിശബ്ദമായ് തീര്‍ന്ന ഉള്ളറകളില്‍ നിന്നും ചെവി വട്ടം പിടിക്കുമ്പോള്‍ കറുത്ത വവ്വാല്‍ക്കൂട്ടങ്ങള്‍ ചിറകടിച്ചുയരുന്നത് കേള്‍ക്കാം. ചെന്നായ്കൂട്ടങ്ങളുടെ ഓരിയിടലുകള്‍ തിരമാലയ്ക്കൊപ്പം അലയടിക്കുന്നത് കേള്‍ക്കാം. അപ്പോഴൊരു നിമിഷം കണ്ണടയ്ക്കുക. പക്ഷെ തിരിഞ്ഞു നോക്കരുത്. പിന്‍കഴുത്തിലമര്‍ന്ന ദ്രംഷ്ടയില്‍ നിന്നിറ്റു വീണ ചുടുചോരത്തുള്ളികള്‍ ചിലപ്പോള്‍ നിങ്ങളുടെ ബോധം നഷ്ടപ്പെടുത്തിയേക്കാം.
undefined
സ്‌കോട്‌ലാന്റ് തലസ്ഥാനമായ എഡിന്‍ബറയില്‍ നിന്നും ലണ്ടനിലേക്ക് തിരിച്ചപ്പോള്‍ പതിവ് വഴി വിട്ടുമാറി ഇത്തവണ യാത്ര വടക്കന്‍ കടലിന്റെ തീരത്തു കൂടിയാക്കി. ബ്രാം സ്‌റ്റോക്കര്‍ എന്ന എഴുത്തുകാരന്റെയുള്ളില്‍ രക്തദാഹിയായ ഡ്രാക്കുളയുടെ വിത്തു പാകിയ വിറ്റ്ബി അബ്ബെ എന്ന പ്രേതാലയം സന്ദര്‍ശിക്കണം എന്ന ഒരൊറ്റ ആഗ്രഹമായിരുന്നു മനസ്സില്‍.
കടലിനോരം പറ്റിയുള്ള വിശാലമായ വഴിയില്‍ വാഹനത്തിരക്ക് തെല്ലുമേയില്ല. ഏകാന്തത മുറ്റിയ വിരസയാത്രയില്‍ ഡ്രാക്കുളയുടെ കഥ പറയാം.
കാര്‍പത്യന്‍ മലനിരകളില്‍ പെടുന്ന ട്രാന്‍സില്‍വാനിയയിലെ കൊടും കാടിനുള്ളില്‍ പണിതുയര്‍ത്തിയ പടുകൂറ്റന്‍ കോട്ടയ്ക്കുള്ളിലെ ശവക്കല്ലറയില്‍ ഗാഢനിദ്രയിലായിരിക്കും പകല്‍ മുഴുവന്‍ ഡ്രാക്കുളപ്രഭു. രാത്രിയുടെ ഏകാന്ത യാമങ്ങളില്‍ കൂറ്റാക്കൂരിരുട്ട് പടര്‍ന്നിറങ്ങുമ്പോള്‍ ഡ്രാക്കുളപ്രഭു മനുഷ്യരക്തം കുടിക്കാനിറങ്ങും. യൗവനം തുളുമ്പുന്ന തരുണീ മണികളെ തേടിപ്പിടിച്ചു പിന്‍കഴുത്തില്‍ പല്ലുകളാഴ്ത്തി രക്തപാനം ചെയ്യുന്നതാണ് ഡ്രാക്കുളയുടെ ഇഷ്ട വിനോദം. തന്റെ നിത്യയൗവനം നിലനിര്‍ത്തുന്നതിനാണ് ഇദ്ദേഹം യുവതികളുടെ രക്തം കുടിക്കുന്നത്. രക്തമൂറ്റിക്കുടിച്ചു കഴിഞ്ഞ യുവതികള്‍ ഡ്രാക്കുളയുടെ അടിമകളായ രക്തരക്ഷസുകളായി കോട്ടയ്ക്കുള്ളില്‍ പാറി നടക്കും. അങ്ങനെയിരിക്കെ ജോനാഥന്‍ ഹാര്‍ക്കാര്‍ എന്ന എസ്‌റ്റേറ്റ് ഏജന്റ് തന്റെ ഇടപാടുകാരനെ തിരക്കി ട്രാന്‍സില്‍വാലിയയിലെത്തുന്നതും പിന്നീട് ജോനാഥന്റെയൊപ്പം ഡ്രാക്കുള ബ്രിട്ടനിലെ വിറ്റ്ബിയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. വിശാലമായ പാടങ്ങളും പുഴകളും മലഞ്ചെരിവുകളും പിന്നിട്ട് വിറ്റ്ബിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ, കടലിനോടു ചേര്‍ന്ന് കുന്നിന്‍ മുകളില്‍, തലമുറകളുടെ പ്രേതകഥകളെ തന്നിലേക്കാവാഹിച്ച് തലയുയര്‍ത്തി നില്‍ക്കുന്നൊരു പ്രേതാലയം കാണാം. അതാണ് ഞങ്ങള്‍ തേടിയെത്തിയ വിറ്റ്ബി അബ്ബെ.
തിരമാലകള്‍ക്കിടയിലെ നിശ്ശബ്ദതകളില്‍ കറുത്ത വവ്വാലിന്റെ ചിറകടികളുയരുന്ന, അസ്ഥിപഞ്ജരങ്ങളെ നിരന്തരമോര്‍മ്മിപ്പിക്കുന്ന ഈ കല്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നാണ് തനിക്കു ശേഷമുള്ള തലമുറകളെ ഭയത്തിന്റെ നിഴല്‍പ്പാടിന് പിന്നില്‍ നിര്‍ത്തിയ, ദ്രംഷ്ടകളില്‍ നിന്ന് ചുടുചോരയിറ്റു വീഴുന്ന ഡ്രാക്കുളയെന്ന രക്തരക്ഷസിനെ ബ്രാം സ്റ്റോക്കര്‍ കണ്ടെടുക്കുന്നത്. സമീപ വര്‍ത്തമാനകാല സംഭവങ്ങളെ കെട്ടുകഥകളില്‍ സന്നിവേശിപ്പിച്ച് താന്‍ കേട്ടതും അറിഞ്ഞതുമായ സ്ഥല സൂചികകളെ കഥാപരിസരമാക്കി മാറ്റി യാഥാര്‍ഥ്യത്തിന്റെ മേമ്പൊടി വിതറി, പത്രവാര്‍ത്തകളും സ്ഥിതി വിവരങ്ങളുമൊപ്പിച്ച് സ്‌റ്റോക്കര്‍ ഡ്രാക്കുളയുടെ കഥ പറഞ്ഞപ്പോള്‍ ലോകം അത് വിശ്വസിച്ചു. കേട്ടവര്‍ കേട്ടവര്‍ പിന്നെയും പിന്നെയും അതിശയോക്തി കലര്‍ത്തി അത് പറഞ്ഞു പരത്തി. പിന്‍കഴുത്തില്‍ വന്നു വീഴുന്ന കൂര്‍ത്ത ദ്രഷ്ട്ര പേടിച്ചു ആളുകള്‍ രാത്രിയില്‍ പുറത്തിറങ്ങാതായി.
യഥാര്‍ത്ഥത്തില്‍ ആംഗ്ലോ- സാക്‌സണ്‍ കാലഘട്ടമായ ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒരു ക്രിസ്തീയ ആശ്രമമായിരുന്നു വിറ്റ്ബി അബ്ബെ. സെല്‍റ്റിക് സന്യാസിവര്യന്മാരും പില്‍ക്കാലത്ത് റോമന്‍ സന്യാസികളും ഇവിടെ അന്തേവാസികളായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഹെന്റി എട്ടാമന്റെ ആക്രമണങ്ങളെ തുടര്‍ന്ന് ഇത് തകര്‍ക്കപ്പെടുകയുണ്ടായി.. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കടല്‍ നാവികര്‍ക്കുള്ള വഴിയടയാളമായി കുന്നിന്മുകളിലെ കൂറ്റന്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍ അങ്ങനെ നിലനിന്നു പോന്നു..
1800 -കളുടെ അവസാനപാദങ്ങളില്‍ ഇവിടെ പതിവുകാരനായിരുന്നു ബ്രം സ്‌റ്റോക്കര്‍. യൂറോപ്പില്‍ നിന്നെങ്ങോ ഒഴുകിവന്നു ലണ്ടന്റെ തീരത്തടിഞ്ഞ 'ഡിമീറ്റര്‍' എന്ന ആളില്ലാക്കപ്പലിനെയും അതില്‍ക്കണ്ടെന്ന് ആളുകള്‍ പറഞ്ഞു നടന്ന ഭീമന്‍ നായയെയും സ്റ്റോക്കര്‍ തന്റെ കഥയിലേക്കെടുത്തു. അങ്ങനെ ഡ്രാക്കുള ഡിമീറ്റര്‍ എന്ന പായ്ക്കപ്പലില്‍ കയറി ട്രാന്‍സില്‍വാലിയയില്‍ നിന്നും ബ്രിട്ടനിലെത്തി.
ഏത് വീക്ഷണകോണില്‍ നിന്ന് നോക്കിയാലും ഈ തകര്‍ന്ന കോട്ടയും അതിനു ചുറ്റുമുള്ള പുല്‍മേടുകളും അതിമനോഹരമാണ്. ദുരൂഹത മുറ്റിയ കല്‍ക്കെട്ടുകളും ഭീതിയുടെ ഇരുട്ടുവീണ ഉള്ളറകളുമായി ഈ കോട്ട സഞ്ചാരികളെ ഉദ്യോഗത്തിന്റെ പരകോടിയിലെത്തിക്കുന്നു.. പാതിയടര്‍ന്നു വീണ ചുമരുകളും താഴിട്ടു പൂട്ടിയ ഒറ്റക്കല്‍ത്തുറങ്കും ഉള്ളിലെ ഭീതിയെ വീണ്ടുമുണര്‍ത്തുന്നു.
ഭയമുറഞ്ഞു നിശബ്ദമായ് തീര്‍ന്ന ഉള്ളറകളില്‍ നിന്നും ചെവി വട്ടം പിടിക്കുമ്പോള്‍ കറുത്ത വവ്വാല്‍ക്കൂട്ടങ്ങള്‍ ചിറകടിച്ചുയരുന്നത് കേള്‍ക്കാം. ചെന്നായ്കൂട്ടങ്ങളുടെ ഓരിയിടലുകള്‍ തിരമാലയ്ക്കൊപ്പം അലയടിക്കുന്നത് കേള്‍ക്കാം. അപ്പോഴൊരു നിമിഷം കണ്ണടയ്ക്കുക. പക്ഷെ തിരിഞ്ഞു നോക്കരുത്. പിന്‍കഴുത്തിലമര്‍ന്ന ദ്രംഷ്ടയില്‍ നിന്നിറ്റു വീണ ചുടുചോരത്തുള്ളികള്‍ ചിലപ്പോള്‍ നിങ്ങളുടെ ബോധം നഷ്ടപ്പെടുത്തിയേക്കാം.
പടിഞ്ഞാറ്റു സൂര്യന്‍ ചെന്താരകചുവപ്പു പടര്‍ത്തിത്തുടങ്ങിയപ്പോള്‍ കോട്ടയ്ക്ക് പുറത്തിറങ്ങി. അരികിലെ വിറ്റ്ബി മ്യൂസിയത്തില്‍ ഈ കോട്ടയുടെ ചരിത്രം അനാവരണം ചെയ്യുന്നുണ്ട്. അതൊന്നു ചുറ്റിക്കാണാം. ഗിഫ്റ്റ് ഷോപ്പില്‍ നിന്നും ഡ്രാക്കുളക്കോട്ടയുടെ ഓര്‍മ്മശകലങ്ങള്‍ വാങ്ങാം.. ഇനി മടങ്ങാം. രാവേറെ പുലരുവോളം ഡ്രാക്കുളയെപ്പേടിച്ച് കണ്ണിമ ചിമ്മാതിരിക്കാം.