ലോകത്തിന്റെ വാക്‌സീന്‍ പവര്‍ഹൗസായിട്ടും നമുക്ക് വാക്‌സീന്‍ കിട്ടാതായത് എങ്ങനെയാണ്?

By Alaka Nanda  |  First Published May 12, 2021, 9:14 PM IST

ലോകജാലകം. കൊവിഡ് വാക്‌സിന്‍: കിട്ടാക്കനിയായത് എന്തുകൊണ്ടാണ്. അളകനന്ദ എഴുതുന്നു


ഇന്ത്യ എന്ന വാക്‌സിന്‍ പവര്‍ഹൗസില്‍ ആകെ രണ്ട് സ്ഥാപനങ്ങളാണ് കൊവിഡ് വാക്‌സിന്‍ ഇതുവരെ നിര്‍മ്മിച്ചിരുന്നത്. അതും സ്വകാര്യ സ്ഥാപനങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും വെറും സാനിറ്റൈസര്‍ നിര്‍മ്മിച്ച് സമയം കളയുമ്പോഴാണ് എല്ലാം സ്വകാര്യ മേഖലക്ക് മാത്രമായുള്ള നീക്കിവയ്ക്കല്‍. പൊതുമേഖലാസ്ഥാപനങ്ങളെ ഒതുക്കിയതില്‍ മുന്‍സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. ഉത്പാദിപ്പിച്ചതില്‍ 60 മില്യന്‍ അസ്ട്രസെനകയും കുറേയറെ കൊവാക്‌സിനും ഇന്ത്യ കയറ്റി അയക്കുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ തിരിച്ച് അതേതോതില്‍ സഹായിക്കാന്‍ അധികം പേരില്ല. ലോകം ഇന്ത്യയെ കൈവിട്ടു എന്ന രീതിയിലാണ് വിദേശമാധ്യമങ്ങളിലെ വാര്‍ത്തകള്‍. അവസാനം ചൈനയുടെ സഹായം സ്വീകരിക്കാനും തീരുമാനിച്ചു ഇന്ത്യ.

 

Latest Videos

undefined

 

അമേരിക്കയില്‍ കൊവിഡ് പഴങ്കഥയായിക്കൊണ്ടിരിക്കുന്നു. ട്രംപ് മാറി ബൈഡന്‍ ഭരണമേറ്റതോടെ എല്ലാം ശരിയായി അമേരിക്കയില്‍. പക്ഷേ ലോകത്തിന്റെ വാക്‌സീന്‍ പവര്‍ഹൗസ് എന്നുപേരുള്ള ഇന്ത്യ തലകുത്തി വീണിരിക്കുന്നു.  'വാക്‌സിനേഷന്‍ ഉത്സവം' എന്ന പ്രഖ്യാപിച്ചിട്ട് വാക്‌സീനില്ലെന്ന് എഴുതിവച്ച് അടച്ചിട്ടു, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. ഓക്‌സിജന്‍ കിട്ടാതെ മരിച്ചുവീഴുന്നു ജനം. രണ്ടാംതരംഗം എന്ന സാധ്യത മുന്നില്‍ക്കണ്ടിട്ടും, ജനോം സീക്വന്‍സിംഗ് നടത്തിയില്ല, ചെയ്തതിന്റെ ഫലം ലോകരാജ്യങ്ങളിലെ ഗവേഷകര്‍ക്ക് കൈമാറിയില്ല എന്ന് കുറ്റപ്പെടുത്തുന്നു ശാസ്ത്രലോകം.  ഒരു രാജ്യത്തു ഇതുവരെ ഉണ്ടാകാത്ത പ്രതിദിന വര്‍ധന. ഇതെല്ലാം അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പടരുമോ എന്ന പേടിച്ച് വിദേശരാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്.

അമേരിക്കയില്‍ കേസുകള്‍ ആയിരത്തില്‍ താഴെയാണിപ്പോള്‍. മാസ്‌കുകള്‍ നിര്‍ബന്ധമല്ല, കൂട്ടംകൂടാന്‍, വ്യവസ്ഥകളുണ്ടെന്നുമാത്രം. അമേരിക്കയില്‍ അനുമതി കൊടുക്കാത്ത അസ്ട്രസെനക വാക്‌സിന്‍ ഇന്ത്യക്ക് തരാമെന്ന് പറഞ്ഞിരിക്കുന്നു, അമേരിക്ക. ബ്രിട്ടന്‍ ഓക്‌സിജനും വെന്റിലേറ്ററും തരും, പക്ഷേ വാക്‌സിന്‍ തരില്ല. ഇന്ത്യക്ക് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്നും അതിന്റെ അടിസ്ഥാനം ബ്രിട്ടന്റെ സാങ്കേതികവിദ്യയാണെന്നും അത്രയൊക്കെ മതി എന്നുമാണ് ബ്രിട്ടിഷ് ആരോഗ്യമന്ത്രിയുടെ മറുപടി. അസ്ട്രസെനക വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പുവരുത്തിയശേഷമേ അമേരിക്ക കയറ്റി അയക്കൂ എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. അതായത് യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ സര്‍ട്ടിഫൈ ചെയ്തശേഷം. പിന്നെ, റഷ്യ. അവര്‍ സ്പുട്‌നിക് അയക്കുന്നുണ്ട്, എണ്ണം വ്യക്തമല്ല, ബാക്കി ഇവിടെ നിര്‍മ്മിക്കാനാണ് ധാരണ. 

 

 

ഇന്ത്യ എന്ന വാക്‌സിന്‍ പവര്‍ഹൗസില്‍ ആകെ രണ്ട് സ്ഥാപനങ്ങളാണ് കൊവിഡ് വാക്‌സിന്‍ ഇതുവരെ നിര്‍മ്മിച്ചിരുന്നത്. അതും സ്വകാര്യ സ്ഥാപനങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും വെറും സാനിറ്റൈസര്‍ നിര്‍മ്മിച്ച് സമയം കളയുമ്പോഴാണ് എല്ലാം സ്വകാര്യ മേഖലക്ക് മാത്രമായുള്ള നീക്കിവയ്ക്കല്‍. പൊതുമേഖലാസ്ഥാപനങ്ങളെ ഒതുക്കിയതില്‍ മുന്‍സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. ഉത്പാദിപ്പിച്ചതില്‍ 60 മില്യന്‍ അസ്ട്രസെനകയും കുറേയറെ കൊവാക്‌സിനും ഇന്ത്യ കയറ്റി അയക്കുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ തിരിച്ച് അതേതോതില്‍ സഹായിക്കാന്‍ അധികം പേരില്ല. ലോകം ഇന്ത്യയെ കൈവിട്ടു എന്ന രീതിയിലാണ് വിദേശമാധ്യമങ്ങളിലെ വാര്‍ത്തകള്‍. അവസാനം ചൈനയുടെ സഹായം സ്വീകരിക്കാനും തീരുമാനിച്ചു ഇന്ത്യ.

അമേരിക്ക ഏര്‍പ്പെടുത്തിയ ബൗദ്ധിക സ്വത്തവകാശ നിയന്ത്രണം പിന്‍വലിക്കണം എന്നാണ് ഇന്ത്യ അഭ്യര്‍ത്ഥിച്ചത്. അങ്ങനെയെങ്കില്‍ ഇന്ത്യക്കും മറ്റ് രാജ്യങ്ങള്‍ക്കും വാക്‌സിന്‍ ഉത്പാദനത്തില്‍ കൂടുതല്‍ മുന്നോട്ടുപോകാനാകും. പേറ്റന്റില്‍ ഇളവ് വേണമെന്ന് ലോകവ്യാപാര സംഘടനയില്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചു, ഇന്ത്യയും ദക്ഷിണാഫ്രിക്കയും.  അങ്ങനെയൊരു തുല്യത വേണ്ടെന്നാണ്  അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇതുവരെ എടുത്തിരുന്ന നിലപാട്. പക്ഷേ ഇപ്പോള്‍ ബൈഡന്‍ സര്‍ക്കാര്‍ ഒരു താല്‍കാലിക നടപടിക്ക് അനുകൂലമാണ്. ബൗദ്ധിക സ്വത്തവകാശം നിര്‍ണയിക്കുന്ന സമിതി അടുത്തമാസമേ ചര്‍ച്ച തുടങ്ങു. മുമ്പ് എതിര്‍ത്തിരുന്ന ഫ്രാന്‍സും യൂറോപ്യന്‍ യൂനിയനും പിന്തുണ അറിയിച്ചു. പക്ഷേ വാക്‌സിന്‍ കമ്പനികള്‍ക്ക് അതിനോട് വലിയ പ്രിയമില്ല. പേറ്റന്റ് സംരക്ഷണം ഉണ്ടെങ്കിലേ കണ്ടെത്തലുകള്‍ക്ക് ഉണര്‍വുള്ളു എന്നാണവരുടെ പക്ഷം. അമേരിക്കയുള്‍പ്പടെ പിന്തുണക്കുന്ന വിവരം പുറത്തുവന്നതോടെ കമ്പനികളുടെ ഓഹരിവിലയും ഇടിഞ്ഞു. സാങ്കേതിക വിദ്യാ കൈമാറ്റവും അവര്‍ എതിര്‍ക്കുന്നു. അത് നിര്‍ബന്ധിച്ച് നടപ്പാക്കാനാവില്ലെന്നും മരുന്നു കമ്പനികളുടെ അന്താരാഷ്ട്ര ഫെഡറേഷന്‍ അറിയിച്ചിരിക്കയാണ്. 

വിതരണത്തിലെ തടസ്സങ്ങളും വാക്‌സീന്‍ ദരിദ്രരാജ്യങ്ങള്‍ക്ക് കൊടുക്കാനുള്ള സമ്പന്നരാജ്യങ്ങളുടെ വിസമ്മതവും ആണ് ആദ്യം പരിഹരിക്കേണ്ടതെന്നും മരുന്നു ഉല്‍പ്പാദകരുടെ രാജ്യാന്തര ഫെഡറേഷന്‍ (INTERNATIONAL FEDERATION OF PHARMACEUTICAL MANUFACTURERE AND ASSOCIATIONS)  മേധാവി തോമസ് സിയുനി വ്യക്തമാക്കുന്നു. ജോണ്‍ ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യരിറ്റി അംഗങ്ങളും പേറ്റന്റ് ഇളവിനെ എതിര്‍ക്കുന്നു. കുത്തക വിട്ടുകൊടുക്കാന്‍ ആരും തയ്യാറല്ലെന്ന് ചുരുക്കം. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല പറഞ്ഞതും ഇതിന്റെ വകഭേദം തന്നെയാണ്. 150 രൂപ എന്ന ആദ്യത്തെ വിലതന്നെ ലാഭമാണ്. പക്ഷേ ലക്ഷ്യം സൂപ്പര്‍ ലാഭമാണ്, ഇപ്പോള്‍ പറഞ്ഞിരിക്കുന്ന 300 രൂപ എന്ന സൂപ്പര്‍ പ്രോഫിറ്റ്.  

പക്ഷേ ഇന്ത്യയുടെ ദുരവസ്ഥ നമ്മുടേതു മാത്രമല്ല, ഈ മേഖലയുടെ മുഴുവനാണ്.  ഇന്ത്യന്‍ വാക്‌സിനെ ആശ്രയിച്ചിരുന്ന നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലൊക്കെ വൈറസ് പടരുകയാണ്.  പടരുക മാത്രമല്ല, രൂപമാറ്റവും വരുന്നു.  ഇതിനെല്ലാം തടസ്സമാവുകയാണ് വാക്‌സിന്റെ ലഭ്യത. ഈ ലഭ്യതക്കുറവ് ലോകാരോഗ്യസംഘടന മൂന്‍കൂട്ടി കണ്ടിരുന്നു. ലോകത്തെ സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രമാകും വാക്‌സിനുകള്‍ കിട്ടുക, ദരിദ്രരാജ്യങ്ങള്‍ അല്ലെങ്കില്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ പിന്തള്ളപ്പെടും എന്ന ആശങ്ക ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു. അങ്ങനെയാണ് കൊവാക്‌സ് എന്ന പദ്ധതി തുടങ്ങിയത്.  ദരിദ്രരാജ്യങ്ങള്‍ക്ക് 2021 അവസാനിക്കുംമുമ്പ് വാക്‌സിന്‍ ലഭ്യമാക്കുകയാണ് കെവാക്‌സിന്റെ ലക്ഷ്യം.  രണ്ട് തലങ്ങളിലാണത്, ഒന്ന് സമ്പന്ന രാജ്യങ്ങള്‍ക്കായി ഒരു ശേഖരം, അവര്‍ക്ക് വേണമെങ്കില്‍ വാങ്ങാം. അതിനുപകരം ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ കിട്ടാന്‍ പണം നല്‍കണം. 190 രാജ്യങ്ങള്‍ അതില്‍ ഒപ്പുവച്ചു, പക്ഷേ വാക്‌സിന്‍ വാങ്ങിയ സമ്പന്നരാജ്യങ്ങള്‍ പകരം ദരിദ്രരാജ്യങ്ങളെ സഹായിച്ചില്ല. കൊവാക്‌സ് വാക്‌സിനായി ആശ്രയിക്കുന്നത് പ്രധാനമായും ഇന്ത്യയേയുമാണ്. ഇന്ത്യയിലെ ക്ഷാമം കൊവാക്‌സിനെ ബാധിച്ചു.

 

 

അമേരിക്ക പോലെയുള്ള സമ്പന്നരാജ്യങ്ങള്‍ വളരെനേരത്തെ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി ധാരണയിലെത്തിയിരുന്നു. 2020 മേയില്‍ 300 മില്യന്‍ ഡോസിനുവേണ്ടി അസ്ട്രസെനകയ്ക്ക് അമേരിക്ക നല്‍കിയത് 1.2 ബില്യന്‍ ഡോളറാണ്. അസട്രസെനക ഇതുവരെ അമേരിക്ക അംഗീകരിച്ചിട്ടില്ലെന്നോര്‍ക്കണം. 2021 ജനുവരിയായപ്പോഴേക്ക്, ഫൈസര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചതിന്റെ 96 ശതമാനം ഡോസ് വാക്‌സിനും സമ്പന്നരാജ്യങ്ങള്‍ ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞിരുന്നു. മോഡേണ വാക്‌സിന്റെ 100 ശതമാനവും. മാര്‍ച്ച് മാസത്തോടെ ആകെ ജനസംഖ്യയുടെ  അഞ്ചുമടങ്ങ് വാക്‌സിന്‍ ഡോസ് സ്വന്തമാക്കി കാനഡ. അമേരിക്ക ജനസംഖ്യയുടെ ഇരട്ടിയും. സമ്പന്നരാജ്യങ്ങളിലെ ജനസംഖ്യ ലോകത്ത് 16 ശതമാനം മാത്രം. പക്ഷേ 1 ബില്യന്‍ ഡോസുകളുടെ 46 ശതമാനവും അവര്‍ സ്വന്തമാക്കി. ജനസംഖ്യയുടെ 10 ശതമാനം പേരുടെ വാസസ്ഥലമായ ദരിദ്ര രാജ്യങ്ങള്‍ക്ക് കിട്ടിയത് .4 ശതമാനം വാക്‌സിന്‍ മാത്രം. വാക്‌സിന്‍ നിര്‍മ്മാണക്കമ്പനികളെല്ലാം സമ്പന്നരാജ്യങ്ങളിലാണ്. അതുകൊണ്ട് കയറ്റുമതി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. എന്തായാലും ബൈഡന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഇന്ത്യയെ സഹായിക്കാന്‍ അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി ഉപരോധങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂനിയന്‍ കുറച്ച്  താമസിച്ചാണ് നടപടി തുടങ്ങിയത്. അതിന് പഴിയും കേട്ടു. ജര്‍മ്മനിയുള്‍പ്പടെ റഷ്യന്‍ വാക്്‌സിനെ ആശ്രയിക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ബ്രക്‌സിറ്റ് സഹായിച്ചു, അല്ലെങ്കില്‍ പെട്ടേനെ എന്നൊക്കെ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ പറയുന്നുണ്ട്.  പക്ഷേ അതുവെറുതേ, കാരണം അംഗരാജ്യങ്ങള്‍ക്ക് വാക്‌സീന്‍ സ്വന്തമായി വാങ്ങാനുള്ള അനുവാദമുണ്ട്.

ഇന്ത്യ കാത്തിരിക്കുന്ന പേറ്റന്റ് നിയമത്തിലെ ഇളവ് നടപ്പിലായാലും വാക്‌സിന്‍ കമ്പനികളുടെ എതിര്‍പ്പ് മറികടക്കുന്നത് എളുപ്പമല്ല. സാങ്കേതികവിദ്യാകൈമാറ്റവും പ്രയാസമാകും. ചെലവുകുറഞ്ഞ വാക്‌സിനും കൂടുതല്‍ നിര്‍മ്മാണകമ്പനികളും എന്ന സ്വപ്നം നടപ്പാകാന്‍ അത്ര എളുപ്പമല്ലെന്ന് ചുരുക്കം.

 


ലോക ജാലകം: അളകനന്ദ എഴുതിയ കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

 

click me!