സ്‌കൂളില്ലെന്ന മെസേജ് വന്നപ്പോള്‍ കുട്ടികള്‍ക്കെല്ലാം  സന്തോഷമായി, പക്ഷേ, അതു നീണ്ടുനിന്നില്ല!

By Web Team  |  First Published Jul 15, 2021, 7:42 PM IST

സ്‌കൂളും പ്ലേസ്‌കൂളും ഒക്കെ അടഞ്ഞുപോയ കൊവിഡിന്റെ കാലത്ത് നിങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്. പ്രീതി രാകേഷ്‌ എഴുതുന്നു 


സ്‌കൂളും പ്ലേസ്‌കൂളും ഒക്കെ അടഞ്ഞുപോയ കൊവിഡിന്റെ കാലത്ത് നിങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്? അവരുടെ ലോകം കൂടുതല്‍ ഇടുങ്ങിപ്പോയോ? അതോ, ഇന്റര്‍നെറ്റിലൂടെ അവര്‍ കൂടുതലായി ലോകത്തെ അറിയുന്നുണ്ടോ? നിങ്ങളുടെ അനുഭവങ്ങള്‍ വിശദമായി എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം, കുട്ടികളുടെയും നിങ്ങളുടെയും ഫോട്ടോകളും വിലാസവും. സബ്ജക്ട് ലൈനില്‍ ലോക്ക്ഡൗണ്‍ കുട്ടികള്‍ എന്നെഴുതണം. വിലാസം: submissions@asianetnews.in

 

Latest Videos

undefined

 

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ കീഴടക്കിയപ്പോള്‍ അതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയത് കുട്ടികളാണ്. ഭാഷ, ദേശം എന്നീ അതിര്‍വരമ്പുകള്‍ കവിഞ്ഞ് എല്ലാ കുഞ്ഞുങ്ങളുടെയും ഒന്നര വര്‍ഷത്തിലേറെയാണ് കോവിഡ് കവര്‍ന്നെടുത്തത്. കുട്ടികളെ സംബന്ധിച്ച് മാനസികവും ബുദ്ധിപരവുമായ അവരുടെ വളര്‍ച്ചയെ ഈയൊരു സംഘര്‍ഷാവസ്ഥ സാരമായി ബാധിച്ചിട്ടുണ്ട്. അറിയാതെ ഒരു വ്യക്തിയില്‍ സംഭവിക്കുന്ന സാമൂഹികമായ വളര്‍ച്ചക്ക് വിള്ളല്‍ സംഭവിച്ചിരിക്കുന്നു.

ലോകം മുഴുവനുമുള്ള ജനങ്ങള്‍ ഒരുമിച്ച് മാനസിക സംഘര്‍ഷത്തിന് അടിമപ്പെട്ട ഒരു സാഹചര്യം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ ബാധിച്ചിരിക്കുന്ന ഒന്നാണ് കോവിഡിന് ശേഷമുള്ള പെരുമാറ്റ വൈവിധ്യങ്ങള്‍. ഇത് അര്‍ഹിയ്ക്കുന്ന പ്രാധാന്യം നല്‍കി പരിഹരിക്കപ്പെടേണ്ട വസ്തുതയാണ്.

കോവിഡിന്റെ പ്രയാണം ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ ബാംഗ്ലൂര്‍ ആയിരുന്നു. ഭര്‍ത്താവ് രാകേഷ് ബാംഗ്ലൂരില്‍ ഐ ടി പ്രൊഫഷണല്‍  ആണ്. ഞങ്ങള്‍ക്ക് രണ്ടു മക്കളാണ്. സമര്‍ഥ്, റിയ. ബാംഗ്ലൂര്‍ അഹദ് യൂഫോറിയ അപ്പാര്‍ട്‌മെന്റിലായിരുന്നു ഞങ്ങളുടെ താമസം. ഏകദേശം പത്ത് ഏക്കറോളം വരുന്ന അപ്പാര്‍ട്‌മെന്റ് ബ്ലോക്കുകളും അതിനുള്ളിലെ അമിനിറ്റീസും വളരെ പെട്ടെന്നാണ് നിശ്ചലമായത്. ബാംഗ്ലൂര്‍ ഈസ്റ്റ് ഡി പി എസില്‍ യു കെ ജി യില്‍ ആയിരുന്നു സമര്‍ഥ് പഠിച്ചിരുന്നത്. സ്‌കൂള്‍ അടയ്ക്കുകയാണെന്ന് മെസേജ് വന്നതോടെ കുട്ടികള്‍ക്കെല്ലാം സന്തോഷമായി. കൂടുതല്‍ സ്വതന്ത്രരായത്തിലുള്ള ആഹ്ലാദമായിരുന്നു എല്ലാവര്‍ക്കും.

പിന്നീട് നാലു ചുവരുകള്‍ക്കുള്ളില്‍ ഭീതിയോടെ തളയ്ക്കപ്പെട്ടു. കുടുംബ സുഹൃത്തുക്കളായ ഹാരിസ്, നെബി, നൗഫല്‍, സജ്ന, പ്രസാദ്, അര്‍ച്ചന തുടങ്ങിയവരുമായി നടത്താറുള്ള വീഡിയോ കോളുകള്‍ മാത്രമായിരുന്നു അക്കാലത്തെ ഏക ആശ്വാസം. കുട്ടികള്‍ക്ക് അവരുടെ കൂട്ടുകാരെ വീഡിയോ കോളുകളിലൂടെ മാത്രം കാണേണ്ടി വന്നു. ഇടയ്‌ക്കൊക്കെ നിയന്ത്രണങ്ങള്‍ തെറ്റി കരച്ചിലിലും ബഹളത്തിലേയ്ക്കും കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. അടച്ചിടലും നിയന്ത്രണങ്ങളും സാമൂഹിക അകലങ്ങളും കുട്ടികളില്‍ ദേഷ്യവും ഭയവും നിറച്ചു. കുട്ടികളിലെ ചിരി പോലും പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു

കുട്ടികളുടെ അലസതയും വിഷമവും മാറ്റാന്‍ ടിവിയും ടാബും കൂടുതല്‍ സമയം കൊടുത്തു. ചെറിയ ആക്ടിവിറ്റീസും പെയിന്റിങ്ങും കളറിങ്ങും ആയി അവരുടെ ദിവസങ്ങള്‍ കടന്നു പോയി. യൂട്യൂബിലൂടെ ടെക്‌നിക്കല്‍ ആയിട്ടുള്ള വീഡിയോകള്‍  കാണാനാണ് സമര്‍ഥ് കൂടുതല്‍ ഉത്സാഹം കാണിച്ചത്. മകള്‍ റിയ മൂന്നു വയസ്സേ കഴിഞ്ഞുള്ളു. സ്‌കൂള്‍ എന്താണെന്ന് അവള്‍ക്ക് അറിയില്ല. ചേട്ടന്റെ കൂടെ വീഡിയോകള്‍ കണ്ടും കളിച്ചും കൊറോണയെ പേടിച്ചും കുഞ്ഞും ദിവസങ്ങള്‍ തള്ളി നീക്കി. ഇടയ്ക്ക് രാത്രിയില്‍ ഭയന്നു ചോദിക്കുമായിരുന്നു കുറുമ്പ് കാണിച്ചാലാണോ കൊറോണ വരികയെന്ന്.കൂട്ടുകാരെയെല്ലാം വിളിച്ചു സംസാരിക്കുമ്പോള്‍ കുട്ടികളുടെ ബുദ്ധിമുട്ടുകളെ കുറിച്ചു സംസാരിക്കാനേ അവര്‍ക്കും സമയം ഉണ്ടായിരുന്നുള്ളു. സമര്‍ഥിന്റെയും റിയയുടെയും കൂട്ടുകാരായ ഹനയും പ്രാര്‍ത്ഥനയും അയക്കുന്ന കുക്കിംഗ് വീഡിയോസും അഫാനുവിന്റെ കുറുമ്പ് ഫോട്ടോസുമെല്ലാം ഇവര്‍ ആസ്വദിച്ചു. ഇന്റര്‍നെറ്റിലൂടെ കുട്ടികള്‍ ലോകം മുഴുവന്‍ കണ്ടുവെന്നത് ഒരു സത്യമാണ്. ഇത്തരം സന്തോഷങ്ങള്‍ക്കിടയിലും അവര്‍ക്ക് നിഷിദ്ധമായിക്കൊണ്ടിരിക്കുന്ന അവരുടെ സ്വാതന്ത്ര്യത്തെ കുറിച്ച് അവര്‍ ബോധവാന്മാരായിരുന്നു. താമസിയാതെ എന്തു പറഞ്ഞാലും പെട്ടെന്ന് ദേഷ്യം വരിക പെട്ടെന്നു കരയുക ആവശ്യമില്ലാതെ വാശി കാണിക്കുക എന്നീ തലങ്ങളിലേക്കെത്തി. മുതിര്‍ന്നവരുടെ മാനസികാവസ്ഥക്ക് ചിലപ്പോഴൊക്കെ കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയാതെയായി.

തികച്ചും സൗഹൃദാന്തരീക്ഷത്തിലുള്ള ക്ലാസ് റൂമും അവിടത്തെ രസകരങ്ങളായ ആക്ടിവിറ്റീസും സ്‌കൂളിലെ മനോഹരമായ കോമ്പൗണ്ടും പാര്‍ക്കുകളും സ്‌കൂള്‍ ബസ്സിലെ ആയമാര്‍ വരെ അവരുടെ നഷ്ടങ്ങളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. വീക്കെന്റിലെ ഔട്ടിങ്ങും, അതില്ലെങ്കില്‍ തന്നെ സന്ധ്യാ സമയങ്ങളില്‍ കൂട്ടുകാരെല്ലാം ഒന്നിച്ചു കൂടുന്നതും അടുത്ത കഫെയില്‍ പോയി കാപ്പി കുടിക്കുന്നതും അപാര്‍ട്‌മെന്റിലെ ഗെറ്റ് ടുഗെദറുകളും മറ്റ് ആഘോഷങ്ങളും എല്ലാം അവര്‍ക്ക് ഓര്‍മ്മകള്‍ മാത്രമായി. ജനലിലൂടെ കാണാവുന്ന  വിജനമായ പാര്‍ക്കും നിശ്ചലമായി കിടക്കുന്ന സ്വിമ്മിംഗ് പൂളും അവരില്‍ വിഷാദം പടര്‍ത്തി.

കോവിഡ് അതിന്റെ സംഹാരം തുടര്‍ന്നു കൊണ്ടിരിക്കുകയും ഭീതി നിറയുന്ന വാര്‍ത്തകള്‍ പരക്കുകയും ചെയ്തു കൊണ്ടിരിക്കെ ഞങ്ങള്‍ ഫ്രണ്ട്സ് എല്ലാവരും ഒന്നിച്ച് കേരളത്തിലേക്ക് തിരിക്കാന്‍ രജിസ്റ്റര്‍ ചെയ്തു.

ജൂലൈ നാലാം തിയതി നാട്ടിലെത്തി. കുട്ടികളുടെ മുഖം വിടര്‍ന്നു. വീടിനകത്തും തൊടിയിലും ഓടിക്കളിക്കാനും മഴ കൊണ്ടു നടക്കാനും തുടങ്ങിയതോടെ നഷ്ടമായ അവരുടെ ഉത്സാഹം തിരിച്ചെത്തി. തുമ്പിയെയും തുമ്പയെയും അവര്‍ അടുത്തു കണ്ടു. വീടിന് അരികിലായി പടര്‍ത്തിയ പാഷന്‍ ഫ്രൂട്ട് പന്തലില്‍ കൂട് കൂട്ടിയ കിളിയോട് ചങ്ങാത്തം കൂടി. മതിയാവോളം മണ്ണില്‍ കളിച്ചു. ഓണമെത്തിയപ്പോള്‍ മുക്കൂറ്റിയും  കോളാമ്പിയും നന്ത്യാര്‍വട്ടവും ചെത്തിയും തുളസിയും ചെമ്പരത്തിയും പൂവാകയും ഒരുക്കി പൂക്കളമിടാനും ഓണം കൊള്ളാനും അവര്‍ക്ക് വലിയ സന്തോഷമായിരുന്നു.

 

ബാംഗ്ലൂര്‍ നിന്നും വരുമ്പോള്‍ രണ്ടാഴ്ച മാത്രം നാട്ടില്‍ നില്‍ക്കാന്‍ പറ്റുന്ന അവരെ ഇങ്ങനെയൊരു മാറ്റം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. അങ്ങനെ നാടായി നന്നായി ഇണങ്ങിച്ചേര്‍ന്നു. അപ്പോഴും ആരുമായി അടുത്ത് ഇടപെടാന്‍ കഴിയാത്തത് അവരെ വേദനിപ്പിച്ചു.

അടുത്ത വീടുകളിലൊക്കെ കുട്ടികളുണ്ട്. അവരുമായിട്ടുള്ള സംസാരം വളരെ ദൂരത്തു നിന്നു മാത്രം. ഇടയ്‌ക്കൊക്കെ ചോദിക്കും എപ്പോഴാണ് കൊറോണ പോകുന്നത് എന്ന്. അത് ചോദിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിഴലിക്കുന്ന വിഷാദം സ്പഷ്ടമാണ്. സാമൂഹികമായ കടുത്ത നിയന്ത്രണങ്ങള്‍ കുഞ്ഞുങ്ങളില്‍ ഏല്പിച്ച മുറിവുകള്‍ ഒരിയ്ക്കലും ഉണങ്ങില്ല. കാരണം വ്യക്തിജീവിതത്തില്‍ ബാല്യത്തിനോളം പ്രാധാന്യം മറ്റൊന്നിനും ഇല്ലല്ലോ. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്ക് നഷ്ടമായ അവരുടെ സന്തോഷങ്ങള്‍ ജീവിതമെന്ന പുസ്തകത്തില്‍ ദുഃഖ ചിത്രങ്ങളായി അവശേഷിക്കും.

നിയന്ത്രണങ്ങള്‍ എല്ലാം അവരുടെ സുരക്ഷയെ കരുതിയാണെന്ന തിരിച്ചറിവ് അവരിലേക്ക് പകരാന്‍ ശ്രമിക്കുമ്പോഴൊക്കെ അതുള്‍ക്കൊള്ളാനുള്ള മാനസിക തലം അവരില്‍ രൂപപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം. അതിന്റെ ധ്വനിയാണ് വൈറസ് എന്നു കേള്‍ക്കുമ്പോള്‍ പിന്നീടവര്‍ കാണിക്കുന്ന വൈമുഖ്യം.

അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുമ്പോള്‍ കാണുന്ന അടഞ്ഞു കിടക്കുന്ന സ്‌കൂളുകളും അവിടെ കനം തൂങ്ങിനില്‍ക്കുന്ന മൗനവും ആരിലും നൊമ്പരമുണര്‍ത്തും. നിശ്ചലമായ സ്‌കൂളുകള്‍ കുഞ്ഞുങ്ങളുടെ കാല്‍പ്പാദങ്ങളേല്ക്കാന്‍ കൊതിയോടെ കാത്തിരിക്കുന്നു. കൊച്ചു പാര്‍ക്കുകളിലെ ഉപകരണങ്ങള്‍ തുരുമ്പിച്ചു തുടങ്ങിയിരിക്കുന്നു. ക്ളാസ്റൂമുകളില്‍ തളം കെട്ടി നില്‍ക്കുന്ന നിശബ്ദതയും സ്വയം ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു.

കുട്ടികള്‍ക്ക് ഒരു അധ്യയന വര്‍ഷം നഷ്ടമായിരിക്കുന്നു. അടുത്തതും അതേ രീതിയില്‍ തന്നെ മുന്നോട്ടു പോകുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. അത് കുട്ടികളില്‍  എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് ചിന്തനീയമാണ്. തികച്ചും ഗൃഹന്തരീക്ഷത്തില്‍ നെറ്റിലൂടെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ആദ്യമെല്ലാം അവര്‍ ആസ്വദിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ക്ലാസ്സുകളില്‍ അവരുടെ മനസ്സാന്നിധ്യം എത്രത്തോളം ഉണ്ടെന്നത് സംശയമാണ്.

അധ്യാപകര്‍ പിന്തുടരുന്ന ഓരോ പാഠങ്ങളും കുട്ടികള്‍ എത്രത്തോളം ഹൃദിസ്ഥമാക്കുന്നുണ്ട് എന്നതും അറിയില്ല. കാരണം മിക്കവാറും എല്ലാ ക്ലാസ്സുകളും ശ്രദ്ധിച്ച് നോട്ടുകള്‍ തയ്യാറാക്കുന്നതും ഹോംവര്‍ക്കുകള്‍ ചെയ്യുന്നത് വരെയും അമ്മമാരാണ്. നോട്ടുകള്‍ എഴുതാനും ഹോംവര്‍ക്ക് ചെയ്യാനും കുട്ടികളെ പഴയതു പോലെ നിര്‍ബന്ധിക്കാനോ ശാസിക്കാനോ കഴിയില്ല. കാരണം ഈ ഒരു അവസ്ഥയില്‍ മാനസികമായി ഒരു തരത്തിലും കുട്ടികളെ തളര്‍ത്തുന്നത് ശരിയല്ല.

കൊറോണ വൈറസ് പുതിയ രൂപാന്തരങ്ങള്‍ സംഭവിച്ച് കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ഇവിടെ തന്നെ കണ്ടേക്കാം. നമുക്കും കൂടുതല്‍ രോഗപ്രതിരോധശേഷി നേടി കുട്ടികളെയും അതിന് പ്രാപ്തരാക്കി അതിജീവിയ്ക്കാം. നല്ലൊരു നാളെക്കായി പ്രാര്‍ത്ഥിയ്ക്കാം. നന്മകള്‍ മാത്രം സംഭവിയ്ക്കട്ടെ.

 

ലോക്ക്ഡൗണ്‍ കുട്ടികള്‍. മറ്റു കുറിപ്പുകള്‍ വായിക്കാം

അടഞ്ഞു പോവുന്നു, നമ്മുടെ കുട്ടികള്‍!

ക്ലാസ് മുറിയില്‍ കിട്ടേണ്ടത്  ഓണ്‍ലൈനില്‍ കിട്ടുമോ?

ലോകം മാറിമറിഞ്ഞ കാലത്ത്  കുട്ടികള്‍ക്ക് നഷ്ടമാവുന്നത്

ഓണ്‍ലൈന്‍ ക്ലാസുകള്‍: കുട്ടികള്‍ക്ക് എന്താണ്  പറയാനുള്ളത്?

click me!