ലോകം മാറിമറിഞ്ഞ കാലത്ത്  കുട്ടികള്‍ക്ക് നഷ്ടമാവുന്നത്

By Web Team  |  First Published Jul 12, 2021, 4:15 PM IST

സ്‌കൂളും പ്ലേസ്‌കൂളും ഒക്കെ അടഞ്ഞുപോയ കൊവിഡിന്റെ കാലത്ത് നിങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്. നമിത സുധാകര്‍ എഴുതുന്നു


നല്ല മഴയത്തു നനഞ്ഞ പുസ്തകങ്ങള്‍ അടക്കി പിടിച്ച്, ഭാരമേറിയ ബാഗും തൂക്കി നനഞ്ഞു സ്‌കൂളിലേക്ക് പോയൊരു കുട്ടിക്കാലം നമുക്ക് ഉണ്ടായിരുന്നു പിന്നീട് അവിടെ നിന്നും, കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ സ്‌കൂള്‍ ബസ്സുകളും ഓട്ടോറിക്ഷകളും  വീടുകള്‍ക്ക് മുന്നില്‍ സന്നദ്ധരായി നില്‍ക്കുന്ന കാലം കടന്നു വന്നു. എന്നാല്‍ അതും മാറി സ്വന്തം വീടുകളിലെ കംപ്യൂട്ടറുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും മുന്നിലിരുന്ന് വിദൂരങ്ങളില്‍ ഇരിക്കുന്ന സുഹൃത്തിനെയും ടീച്ചറെയും നോക്കി കാര്യങ്ങള്‍ പഠിച്ചെടുക്കുന്ന കാലത്തിലാണ് നമ്മളിപ്പോള്‍. 

അതെ, മഹാമാരി ലോകത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ വീടുകളില്‍ ഒതുക്കിയിരിക്കുന്നു.

Latest Videos

undefined

 

 

മഹാമാരിക്കാലത്തെ മാറ്റങ്ങള്‍
പുതിയതായി അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിച്ചവര്‍ക്ക് അമ്മ  സ്‌കൂളില്‍ തനിച്ചാക്കി പോയ നൊമ്പരങ്ങള്‍  ഇല്ല. ആദ്യദിവസം അമ്മയെ വൈകുന്നേരം വരെ കാത്തു നിന്ന വേദനകള്‍ ഇല്ല. പുതിയ കൂട്ടുകാരെ നേരിട്ട് കണ്ടതിന്റെ സന്തോഷങ്ങളോ മധുരം നുണഞ്ഞ ഓര്‍മകളോ ഇല്ല.  മൊബൈല്‍ ഫോണുകള്‍ക്ക് മുന്നില്‍ അവര്‍ തങ്ങളുടെ വിദ്യാഭ്യാസ ജീവിതം ആരംഭിച്ചിരിക്കുന്നു. അവരവരുടെ വീടുകളിലെ നാല് ചുവരുകള്‍ ക്ലാസ് റൂമുകള്‍ ആക്കി മാറ്റിയിരിക്കുന്നു.

പത്താം തരത്തില്‍ നിന്നും പ്ലസ്ടുവിലേക്ക് കാലെടുത്തു വെച്ച പലരും പരീക്ഷണങ്ങളുടെയും നിഗമനകളുടെയും ആവശ്യകതകളില്ലാതെ ലാഘവത്തോടെ ജീവിതത്തിന്റെ മറ്റൊരു മനോഹരമായ ഘട്ടം കടന്നു പോകുന്നു. പുതിയതായി കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ കലാലയ ജീവിതത്തിന്റെ തിരിച്ചെടുക്കാനാകാത്ത ഓര്‍മ്മകള്‍ ഇല്ലാതെ, സമരങ്ങളും ആഘോഷങ്ങളും അനുഭവങ്ങളുമൊന്നുമില്ലാതെ വര്‍ഷം തള്ളി നീക്കുന്നു.

നഷ്ടങ്ങളുടെ പാഠങ്ങള്‍ 
എന്തൊക്കെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്നത്? ഇന്ത്യ പോലൊരു രാജ്യത്ത്, ദിവസം ഉച്ചഭക്ഷണത്തിനു വേണ്ടി സ്‌കൂളുകളില്‍ പോയിരുന്ന നല്ലൊരു വിഭാഗം കുട്ടികള്‍ ആവശ്യത്തിന് മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഇല്ലാതെ പിന്‍നിരയിലേക്ക് മാറ്റി നിര്‍ത്തപ്പെടുകയാണ്. മൊബൈല്‍ ഫോണുകള്‍ ഉള്ളവര്‍ക്കാവട്ടെ വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ല. സര്‍ക്കാര്‍ ഇടപെടലുകള്‍ വൈകിയതിനാല്‍, ഒരു വര്‍ഷം  സന്നദ്ധ സംഘടനകളുടെ സഹായ ഹസ്തത്തിന് വേണ്ടി കാത്തു നില്‍ക്കേണ്ടിവന്നു പലര്‍ക്കും. 

കുട്ടികള്‍ പലപ്പോഴും ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാര്യമായി  എടുക്കുന്നില്ലെന്ന് അധ്യാപകര്‍ പറയുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഗൗരവത്തോടെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നു. ഏറെ നേരം ചെറിയ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ഒതുക്കപ്പെടുന്ന അവര്‍ പലപ്പോഴും ഇടപെടലുകള്‍ ഇല്ലാതെ ക്ലാസ്സുകള്‍ക്ക് മുന്നില്‍ ഇരിക്കുന്നു. ആഘോഷങ്ങള്‍ ഇല്ലാതെ, വിശേഷങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ കഴിയാതെ നാല്ചുവരുകളില്‍ സ്വന്തം ക്ലാസ് സങ്കല്‍പ്പിച്ചെടുത്ത് തളരുന്നു.  പാഠപുസ്തകങ്ങളില്‍  നിന്നും മാത്രം ഉള്‍ക്കൊള്ളുന്ന പാഠങ്ങളില്‍ അവരുടെ സാമൂഹിക വളര്‍ച്ചയും ഒതുങ്ങി പോയിരിക്കുന്നു. പുസ്തകങ്ങള്‍ക്കപ്പുറമുള്ള അനുഭവങ്ങളില്‍ കൂടിയുണ്ടാകുന്ന സാമൂഹിക വളര്‍ച്ചയും സ്‌കൂളുകളില്‍ പോവുക, വരിക എന്ന ദൈനംദിന പ്രക്രിയയില്‍ നിന്നും ഉണ്ടാവേണ്ട ചിട്ടയായ ജീവിതവും അവര്‍ക്ക് നഷ്ടമായിരിക്കുന്നു. 

ചിലപ്പോഴൊക്കെ അവരുടെ കഴിവുകള്‍ ഓണ്‍ലൈന്‍ ചിത്രങ്ങളിലൂടെ അപ്ലോഡ് ചെയ്ത് സംതൃപ്തി അടയേണ്ടി വരുന്നു. അവരുടെ കഴിവുകള്‍ മുഴുവന്‍ ക്ലാസ്സിനും മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ആകാതെ ബുദ്ധിമുട്ടുന്നു. ഗവ. സ്‌കൂളുകളെ അഭയം പ്രാപിച്ചു തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ ഭദ്രത ഉറപ്പുവരുത്തിയ മാതാപിതാക്കള്‍ വീടുകളില്‍ അവര്‍ക്ക് അവശ്യ സൗകര്യങ്ങള്‍ നല്കാനാകാതെ ബുദ്ധിമുട്ടുന്നു .പലപ്പോഴും കാര്യങ്ങള്‍ വ്യക്തമായി ഗ്രഹിക്കാന്‍ ആകാതെ അവര്‍ പാഠങ്ങളില്‍ നിന്നും മറ്റു പാഠങ്ങളിലേക്ക് നീങ്ങുന്നു. 

എവിടെ നിന്നും ക്ലാസുകള്‍ കേള്‍ക്കാം എന്നുള്ളതു കൊണ്ടും ഒരു സ്ഥലത്തു തന്നെ താമസിച്ചു കൊണ്ട് സ്‌കൂളില്‍ പോകണം എന്നില്ലാത്തതിനാലും പലപ്പോഴും കുട്ടികള്‍ അവയ്ക്കു നല്‍കുന്ന പ്രാധാന്യം കുറഞ്ഞു വരുന്നു.
ഇന്റര്‍നെറ്റിന്റെ പുതിയ ലോകം കേവലം ക്ലാസ് റൂമുകള്‍ക്ക് ഉപരി പല വിഷയങ്ങളിലും കൂടുതല്‍ പഠിക്കുവാന്‍ പ്രേരണ നല്‍കുന്നു. പക്ഷെ പലപ്പോഴും കുട്ടികള്‍ പാഠ്യവിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെയാകുന്നു.

അധ്യാപകരുടെ പ്രശ്‌നങ്ങള്‍
ഇതിനൊപ്പം വായിക്കേണ്ടതാണ് അധ്യാപകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. കുട്ടികളെ  നേരിട്ട് കാണാന്‍ കഴിയാതെ അവര്‍ക്ക് ഓരോരുത്തര്‍ക്കും ആവശ്യമായ ശ്രദ്ധ നല്‍കാന്‍ കഴിയാതെ ഓരോ വിദ്യാര്‍ഥിയുടെയും വ്യക്തിത്വ വികസനത്തിന്റെ ഭാഗമാകാന്‍ കഴിയാതെ വിദൂരങ്ങളില്‍ നിന്നും അവരെ നോക്കി കാണുകയാണ് അധ്യാപകര്‍. എത്രമാത്രം അവര്‍ മുന്നേറുന്നു എന്നു മനസിലാക്കാനാകാതെ, പഠന നിലവാരം അളക്കുവാന്‍ വ്യക്തമായ അളവുകോലുകള്‍ ഇല്ലാതെ അവര്‍ കഴിയുന്നു.  പരീക്ഷയില്‍  പുലര്‍ത്തുന്ന സത്യസന്ധത പലപ്പോഴും ചോദ്യ ചിഹ്നമായി മാത്രം മാറുമ്പോള്‍ അധ്യാപകരും വിഷമിക്കുകയാണ്. എല്ലാത്തിനുമുള്ള ഒഴികഴിവായി മാറുന്നു, നെറ്റ് ഇല്ല എന്ന പരാതി. പലപ്പോഴും ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കുവാന്‍ അധ്യാപകര്‍ നന്നേ ബുദ്ധിമുട്ടുന്നു. 

ഉന്നത വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. പരീക്ഷണങ്ങളില്‍ നിന്നും, കണ്ടും നിരീക്ഷിച്ചും ചെയ്തു വരുന്ന പ്രൊജക്ടുകളില്‍ നിന്നും പഠിക്കേണ്ട പലതും അവര്‍ക്ക് നഷ്ടമാകുന്നു. കൂട്ടമായി ചെയ്യുന്ന പ്രവൃത്തികള്‍ (ഗ്രൂപ്പ് വര്‍ക്കുകള്‍) അവര്‍ക്ക് നഷ്ടമാവുന്നു. 

 

click me!