ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

By Rasheed KP  |  First Published Mar 27, 2020, 9:44 PM IST

ലോക്ക്ഡൗണ്‍ നേരങ്ങളിലെ സെക്‌സിസ്റ്റ് തമാശകള്‍. കെ. പി റഷീദ് എഴുതുന്ന ലോക്ക്ഡൗണ്‍ കാല കുറിപ്പുകള്‍ മൂന്നാം ദിവസം.


എങ്ങനെയാണ്, ഇത്തരം തമാശകള്‍ ഉണ്ടാവുന്നത്? അതെങ്ങനെയാണ്, സ്ത്രീകള്‍ക്കു പോലും ചിരിക്കാനുള്ള ഒന്നായി മാറുന്നത്? ആ ചിന്തകളാണ് ലോക്ക്ഡൗണ്‍ കാലത്തെ, ലിംഗഭേദത്തെക്കുറിച്ചുള്ള ആലോചനകളിലേക്ക് കൊണ്ടുപോയത്. ലോക്ക് ഡൗണ്‍ പോലുള്ള നിസ്സഹായതയില്‍നിന്നുണ്ടാവുന്ന ജീവിതാവസ്ഥകള്‍ ആണിനും പെണ്ണിനും ഒരേ അനുഭവമാണോ സമ്മാനിക്കുന്നത്? അതോ, രണ്ടിനുമിടയ്ക്ക് പതിവുപോലെ വലിയ വ്യത്യാസങ്ങളുണ്ടോ?

 

Latest Videos

undefined

 

'ഉറങ്ങാന്‍ കട്ടിലില്‍ ചെന്നപ്പോള്‍ ഏതോ ഒരുത്തിയുണ്ട് അവിടെക്കിടക്കുന്നു, സൂക്ഷിച്ചു നോക്കിയപ്പോള്‍, ഭാര്യയാണ്. ലോക്ക്ഡ് ഡൗണ്‍ കാരണം, ബ്യൂട്ടി പാര്‍ലര്‍ അടച്ചിട്ടപ്പോള്‍, മേക്കപ്പ് കുറഞ്ഞു പോയതാണ്. ളെ മനസ്സിലാവാത്തത് അതാണ്.'

'24 മണിക്കൂറും ഭാര്യ തന്നെ മുന്നില്‍. ഇതിലും ഭേദം കൊറോണ വൈറസ് ആയിരുന്നു. '

'കൊറോണ വൈറസ് ഭാര്യമാരെപ്പോലെയാണ്. തല്ലിയും തെറിപറഞ്ഞും നിലയ്ക്കുനിര്‍ത്താനാവില്ല, സോപ്പിടണം. '

 

കൊറോണ വൈറസിനെക്കുറിച്ച് ഞെട്ടിക്കുന്ന അറിവുകള്‍ വിളമ്പുന്ന വ്യാജ മെസേജുകള്‍ക്കൊപ്പമാണ് ട്രോളുകളുടെ കുപ്പായമിട്ട് ഈ മെസേജുകളും വന്നത്. ആളെക്കളിയാക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്ന ട്രോളുകളുടെ അതേ സ്വഭാവം. അതില്‍ കളിയാക്കപ്പെടുന്നത്, രാഷ്ട്രീയ നേതാക്കളോ സിനിമാക്കാരോ മണ്ടത്തരം വിളമ്പുന്ന സെലിബ്രിറ്റികളോ ഒന്നുമല്ല. ഭാര്യമാര്‍!

അതെ, ആ ഇമേജുകള്‍ക്കെല്ലാം വഷളന്‍ ആണ്‍ചിരിയുടെ മുഴക്കങ്ങളുണ്ടായിരുന്നു. ലോക്ക്ഡ് ഡൗണ്‍ കാലത്ത് വീട്ടില്‍ അകപ്പെട്ടുപോവുന്ന പാവം ഭര്‍ത്താക്കന്‍മാര്‍ അനുഭവിക്കുന്ന അതികഠോരമായ പ്രശ്‌നങ്ങള്‍. തികഞ്ഞ സെക്‌സിസ്റ്റ് കമന്റുകള്‍, അടിമുടി സ്ത്രീവിരുദ്ധത. ലിംഗം കൊണ്ടു മാത്രം ചിന്തിക്കുന്നവര്‍ക്ക് സഹജമായ വഷളന്‍ ഫാന്റസികള്‍.  പരിചയമുള്ള പല വാട്ട്‌സപ്പ് ഗ്രുപ്പുകളിലും ആ പോസ്റ്റുകള്‍ ഇളിഞ്ഞമുഖവുമായി നിന്നു. അതിനുതാഴെ, ആണും പെണ്ണുമടങ്ങുന്ന കൂട്ടം ചിരിയും കളിയും കൈയടിയുമായി നിരന്നു. അനേകം തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു.

 

രണ്ട്

ഇപ്പോഴുമിറങ്ങുന്നുണ്ട് ഭാര്യമാരെക്കുറിച്ചുള്ള ട്രോളുകള്‍. ഈ സീസണിലെ പ്രധാനവിഷയം അതായതു കൊണ്ടാവും, ലോക്ക്ഡൗണ്‍ കാലത്തുടനീളം ഇതിങ്ങനെ കാണേണ്ടിവരും. എങ്ങനെയാണ്, ഇത്തരം തമാശകള്‍ ഉണ്ടാവുന്നത്? അതെങ്ങനെയാണ്, സ്ത്രീകള്‍ക്കു പോലും ചിരിക്കാനുള്ള ഒന്നായി മാറുന്നത്? ആ ചിന്തകളാണ് ലോക്ക്ഡൗണ്‍ കാലത്തെ, ലിംഗഭേദത്തെക്കുറിച്ചുള്ള ആലോചനകളിലേക്ക് കൊണ്ടുപോയത്. ലോക്ക് ഡൗണ്‍ പോലുള്ള നിസ്സഹായതയില്‍നിന്നുണ്ടാവുന്ന ജീവിതാവസ്ഥകള്‍ ആണിനും പെണ്ണിനും ഒരേ അനുഭവമാണോ സമ്മാനിക്കുന്നത്? അതോ, രണ്ടിനുമിടയ്ക്ക് പതിവുപോലെ വലിയ വ്യത്യാസങ്ങളുണ്ടോ? അങ്ങനെയാണ് നാലു സുഹൃത്തുക്കളോട് താഴെപ്പറയുന്ന ചോദ്യം ചോദിച്ചത്.

'എന്താണ് നിങ്ങളുടെ ലോക്ക് ഡൗണ്‍ അനുഭവം?'

അവരതിനു മറുപടി പറഞ്ഞു. രണ്ടു പുരുഷന്‍മാര്‍. രണ്ട് സ്ത്രീകള്‍.  എല്ലാവരും അവരവരുടെ വീടുകളില്‍ കഴിയുന്നവര്‍. പുറത്തുപോവാന്‍ ഒരു മാര്‍ഗവുമില്ലാത്തവര്‍.

അതില്‍, ആദ്യത്തെ പുരുഷന്‍ അയാളുടെ അനുഭവത്തെ ഇങ്ങനെ രേഖപ്പെടുത്തി: 'പുസ്തകം വായിച്ചു. പാട്ടുകേട്ടു. സമാധാനത്തോടെ ഭക്ഷണം കഴിച്ചു. ഓഫീസിലെ തിരക്കുകളില്ലാതെ, സമ്മര്‍ദ്ദമില്ലാതെ വെറുതെയിരുന്നു. മക്കളോട് എത്രയോ കാലങ്ങള്‍ക്കു ശേഷം കഥ പറഞ്ഞു. അവര്‍ പറയുന്ന തമാശകള്‍ കേട്ടു.'

രണ്ടാമത്തെ പുരുഷന്‍ ഇങ്ങനെ പറഞ്ഞു: 'ഓര്‍മ്മവെച്ച കാലം മുതല്‍ വീട്ടിലിരിക്കാന്‍ എനിക്കിഷ്ടമില്ല. പുറത്തിറങ്ങാതെ, ആരെയും കാണാതെ, ഇഷ്ടപ്പെട്ട ഹോട്ടലിലോ ബാറിലോ കൂട്ടുകാര്‍ക്കൊപ്പം കറങ്ങാതെ, ഓഫീസ് കാര്യങ്ങളില്‍ മുഴുകാതെ ഇരുന്നിട്ടേയില്ല. മടുത്തുമടുത്ത് ഭ്രാന്തായി.''

ആദ്യത്തെ സ്ത്രീ: സഹിക്കാനാവുന്നതിലും അപ്പുറമാണ്. മൂപ്പര് ജോലിക്ക് പോവുന്ന സമയത്താണ് ആകെ ഒന്ന് ശ്വാസം വിടുന്നത്. ഇപ്പോള്‍ അത് പറ്റില്ല. എനിക്കും ഒന്നനങ്ങാന്‍ പറ്റില്ല. അയാളുടെ ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ എന്റെ മോളിലാണ് ഇപ്പോള്‍. എപ്പോഴും പണി ചെയ്‌തോണ്ടിരിക്കണം. മൊബൈലില്‍ ഒരു കോളെങ്ങാന്‍ വന്നാല്‍ കലിയിളകും. കുട്ടികളുടെ മുന്നില്‍നിന്നും തെറിയും വഴക്കും. രാത്രിയും പകലും എന്നില്ലാതെ അയാള്‍ക്കിപ്പോള്‍ ഒപ്പം കിടക്കണം'

രണ്ടാമത്തെ സ്ത്രീ സുഹൃത്ത് പറഞ്ഞത് ഇങ്ങനെ: 'എത്രയോ ഉറക്കമൊഴിച്ചാണ് ജോലി കിട്ടിയത്. രാവിലെ ഇറങ്ങിപ്പോവാമെന്ന സമാധാനമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍, ഫുള്‍ടൈം വീട്ടില്‍. കുട്ടികള്‍ അവരവരുടെ ലോകത്ത്. ഭര്‍ത്താവ് ടിവിക്കു മുന്നില്‍. പണിയെടുത്തു നടുവൊടിഞ്ഞു. ഈ പണ്ടാരം ഒന്നു കഴിഞ്ഞുകിട്ടിയാല്‍ മതിയായിരുന്നു''

സംഗതി സാമാന്യവല്‍ക്കരണമാണ് എന്നാദ്യമേ പറഞ്ഞുവരണ്ട, ലോക്ക് ഡൗണ്‍ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചറിയാന്‍ തുടങ്ങിയാല്‍ നിങ്ങളും എത്തുക ഇതുപോലുള്ള വാചകങ്ങളിലാവും. കാരണം, നമ്മുടെ നാട്ടിലെ സ്തീകളുടെയും പുരുഷന്‍മാരുടെയും ലോക്ക് ഡൗണ്‍ അനുഭവങ്ങള്‍  ഒരുപോലല്ല. അകം, പുറം എന്നിങ്ങനെ രണ്ട് അറകളിലായി കഴിഞ്ഞുപോവുന്ന മനുഷ്യര്‍ അതില്‍ ഒരു കമ്പാര്‍ട്ട്‌മെന്റില്‍ മാത്രമായി കുറച്ചു നാളുകള്‍ അടഞ്ഞു പോവുമ്പോള്‍ സംഭവിക്കുന്നത് ഒരേ കാര്യമാണെങ്കിലും ആണ്‍കോയ്മയുടെ കുടുംബ-സാമൂഹ്യക്രമത്തില്‍ അതുണ്ടാക്കുന്ന റിസല്‍റ്റുകള്‍ ഒരു പോലാവില്ല.  മുകളില്‍ നമ്മള്‍ കണ്ടതുപോലെ, സദാ സമയം ഓടിക്കൊണ്ടിരുന്നൊരു വണ്ടി പെട്ടെന്ന് ബ്രേക്കിട്ടു നിന്നതുപോലുള്ള അനുഭവമായി പുരുഷന്‍ ലോക്ക് ഡൗണിനെ അനുഭവിക്കുമ്പോള്‍, ഗാര്‍ഹിക പീഡനങ്ങള്‍ അടക്കമുള്ള ദുരിതങ്ങളുടെ സൂചിക്കുഴകള്‍ നൂണ്ടാണ് സ്ത്രീ അതിനെക്കുറിച്ച് പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇതത്ര പ്രകടമാവണമെന്നില്ല. പാട്രിയാര്‍ക്കിയുടെ കണ്ണുവെച്ചു നോക്കുമ്പോള്‍ ഇതിലൊന്നും ഒരു പ്രശ്‌നവും ആര്‍ക്കും കാണാനുമാവില്ല. അതു മനസ്സിലാവണമെങ്കില്‍, ജീവിതകാലം മുഴുവന്‍ ലോക്ക്ഡൗണില്‍ കഴിയുന്ന ചിലരെക്കുറിച്ച് അറിയേണ്ടതുണ്ട്.


മൂന്ന്

ജീവിതാവസാനം വരെ, എന്റെ ഉമ്മയുടെ ഇടം വീടായിരുന്നു. വീട്ടുജോലികള്‍ ചെയ്യുക, ഞങ്ങളുടെയെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കുക,   പശുവിനെയും കോഴിയെയുമെല്ലാം നോക്കുക എന്നിങ്ങനെ വീടെന്ന നാലതിരിനുള്ളില്‍ ഉമ്മ ഓടിക്കൊണ്ടേയിരുന്നു. ഞങ്ങളെല്ലാം പഠിക്കാന്‍ പുറത്തുപോവുമ്പോഴും തിരിച്ചെത്തുമ്പോഴും ഉമ്മ വീട്ടില്‍ത്തന്നെ കാണും. ഞങ്ങളെ പോലെ പുറത്തുപോവുന്ന ചില നേരങ്ങള്‍ ഉമ്മയ്ക്കുമുണ്ടായിരുന്നു. വിവാഹം, മരണം, ആശുപത്രി കാര്യങ്ങള്‍ എന്നീ അത്യാവശ്യ നേരങ്ങള്‍. പെണ്‍മക്കെള വിവാഹം ചെയ്തയച്ച വീടുകളില്‍ വല്ലപ്പോഴുമൊന്നു പോവും, അത്യാവശ്യ ഘട്ടങ്ങളില്‍ അടുത്ത കടയിലും. തീര്‍ന്നു. ഞങ്ങളെല്ലാവരും വീടിനു പുറത്തേക്കു വളര്‍ന്നപ്പോള്‍ ഉമ്മ മാത്രം വീട്ടിലേക്ക് കൂടുതല്‍ കൂടുതല്‍ ഒതുങ്ങി.

ഏതാണ്ട് സമാന അനുഭവം തന്നെയായിരുന്നു നാട്ടിലെ മറ്റു വീടുകളിലും. ഭര്‍ത്താവ് ഗള്‍ഫിലുള്ള ചില സ്ത്രീകള്‍ വീട്ടുജോലികള്‍ക്കു പുറമേ ഇടയക്ക് പുറത്തും പോയി. ബാങ്കില്‍ പോവുക, മക്കളെ ആശുപത്രിയിലാക്കുക, അത്യാവശ്യ ഘട്ടങ്ങളില്‍ കടകളില്‍ പോവുക എന്നിങ്ങനെ അടിയന്തിരമായ ആവശ്യങ്ങള്‍ക്കായിരുന്നു ആ വീടിറക്കം. അതിനെല്ലാം ഭര്‍ത്താവിന്റെ അനുമതി നിര്‍ബന്ധമായിരുന്നു. കടല്‍കടന്നുപോവാന്‍ കത്തുകള്‍ക്കു മാത്രം കഴിയുന്ന കാലത്ത് ഓരോ ചെറിയ കാര്യങ്ങള്‍ക്കും അവര്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് കത്തുകളെഴുതി. മുന്‍കൂര്‍ അനുമതിയുമായി മറുപടിക്കത്തുകള്‍ തിരികെവന്നു. കത്തിന്റെ പണി ലാന്റ് ഫോണുകളും സ്മാര്‍ട്ട് ഫോണുകളും ഏറ്റെടുത്ത കാലത്ത്, കാര്യങ്ങള്‍ക്ക് അല്‍പ്പം വേഗത വന്നുവെങ്കിലും ഉടമസ്ഥരോട് അനുവാദം ചോദിക്കുന്ന കലാപരിപാടി മാത്രം മാറ്റമില്ലാെത തുടര്‍ന്നു. ഏതെങ്കിലും ഒരു നാട്ടിലെ മാത്രം കാര്യമല്ല പറയുന്നത്. ഇതുവായിക്കുന്ന നിങ്ങളോരോരുത്തര്‍ക്കും അറിയാതിരിക്കില്ല ഇത്തരം കാര്യങ്ങള്‍.  

അങ്ങനെ നമ്മള്‍ ലോക്ക് ഡൗണിലേക്ക് മടങ്ങിവരുന്നു. കൊവിഡ് 19 എന്ന രോഗത്തെ ചെറുക്കാനുള്ള സമ്പര്‍ക്ക വിലക്കിന്റെ മുഖ്യ ഉപാധി. പുറംലോകവുമായുള്ള സര്‍വ്വ ബന്ധങ്ങളും മുറിക്കല്‍. അനാവശ്യമായി പുറത്തിറങ്ങുന്നത് കുറ്റകരമാണ്. അതിനാല്‍, നമ്മുടെ ഇടം ഇപ്പോള്‍ വീട് മാത്രമാണ്. പുറത്തുമാത്രമായി ജീവിതം മുന്നോട്ടുനീക്കുന്നവര്‍ അകത്തുപെട്ടുപോയല്ലോ എന്ന് ഈ സന്ദര്‍ഭത്തെ വിശേഷിപ്പിക്കുന്നു, 'ഇതിലെന്താണിത്ര അസാധാരണത്വം' എന്ന് ഇക്കാലമത്രയും വീടുകള്‍ക്കുള്ളില്‍ കഴിഞ്ഞുപോന്ന പെണ്ണുങ്ങള്‍ തിരിച്ചു ചോദിക്കുന്നു. അതെ, ലോക്ക് ഡൗണ്‍ എന്ന അനുഭവം, നമ്മുടെ പെണ്ണുങ്ങള്‍ക്കെങ്കിലും പുതുതല്ല. ദൈവത്തിന്‍േറത് മാത്രമല്ല, നിത്യവും ലോക്ക് ഡൗണില്‍ കഴിയുന്ന സത്രീകളുടെ കൂടി നാടാണ് കേരളം.

ലോക്ക്ഡൗണ്‍ എന്നു നാമിപ്പോള്‍ വിളിക്കുന്ന അവസ്ഥയെ നമ്മുടെ സ്ത്രീജീവിതങ്ങളിലെ അടഞ്ഞിരിപ്പുകളുമായി ചേര്‍ത്തുവായിക്കുന്നത് സാങ്കേതികമായി ശരിയാവണമെന്നില്ല. അതില്‍, രാഷ്ട്രീയശരികളുടെ പ്രശ്‌നമുണ്ടെന്നും വാദിക്കാം. കാരണം, ഈ ലോക്ക് ഡൗണ്‍ ലോകമാകെ ബാധിച്ച സവിശേഷ സാഹചര്യത്തിന്റെ സൃഷ്ടിയാണ്. രോഗം പടരാതിരിക്കാനും മരിച്ചുപോവാതിരിക്കാനുമുള്ള മുന്‍കരുതല്‍. സര്‍ക്കാറാണ് അത് പ്രഖ്യാപിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളാണ്, അവരുടെ കരുതലും നിതാന്ത ജാഗ്രതയുമാണ് നമ്മളെ വീടുകളില്‍ തന്നെ അടച്ചിടുന്നത്. സാമൂഹ്യ വിലക്ക് ലംഘിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് അതുറപ്പാക്കുന്നു.

മറ്റേതോ? സ്ത്രീകളുടെ ലോക്ക്ഡൗണ്‍. ചുമ്മാ ആേലാചിച്ചാല്‍ ഇവ തമ്മില്‍ ചില സാമ്യതകള്‍ കണ്ടെത്താനാവും. ആണ്‍കോയ്മയിലൂന്നിയ സാമൂഹ്യക്രമം മുന്നോട്ടുവെയ്ക്കുന്ന സവിശേഷ സാഹചര്യങ്ങളുടെ സൃഷ്ടിയാണ് നമ്മുടെ പെണ്ണുങ്ങള്‍ കാലങ്ങളായി അനുഭവിച്ചുപോരുന്ന ലോക്ക് ഡൗണ്‍.  അതിന്റെ പ്രഖ്യാപനം നടത്തുന്നത് സര്‍ക്കാറല്ല, പാട്രിയാര്‍ക്കിയാണ്. പിതൃദായക്രമം. അതില്‍നിന്നും വൈറസിനെപ്പോലെ പടര്‍ന്നുപിടിച്ച മാനസികനിലയാണ് ഈ ലോക്ക്ഡൗണ്‍ ഉറപ്പുവരുത്തുന്നത്. അതില്‍നിന്നും കുതറുകയും വിടുതല്‍ പ്രാപിക്കാന്‍ പൊരുതുകയും ചെയ്യുന്നവര്‍ മറ്റേ ലോക്ക്ഡൗണ്‍ കാലത്തെപോലെ ശിക്ഷിക്കപ്പെടുന്നുണ്ട്.


നാല്

ആ ലോക്ക്ഡൗണിനോടുള്ള ചെറുത്തുനില്‍പ്പുകളുടെ കഥയാണ് നമ്മുടെ നാട്ടിലെ സ്ത്രീകളുടെ സാമൂഹ്യ വളര്‍ച്ച. വിദ്യാഭ്യസത്തിലൂടെ, ജോലിയിലൂടെ, സാമ്പത്തിക സ്വാശ്രയത്വത്തിലൂടെ അവര്‍ മറികടക്കാന്‍ ശ്രമിച്ചത് തനിക്കു മുമ്പുള്ളവര്‍ അനുഭവിച്ചുപോന്ന നിത്യമായ ലോക്ക്ഡൗണിനെത്തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍, വിദ്യാഭ്യാസം, വീട്ടില്‍നിന്നുള്ള ഇറങ്ങിനടത്തമാണ്. ജോലി എന്നത് വീടിനുപുറത്ത് സ്വന്തം ഇടം കണ്ടെത്തലാണ്. സാമ്പത്തിക സ്വാശയത്വവും സ്വാതന്ത്ര്യബോധവുമെല്ലാം, വീടെന്ന ലോക്ക്ഡൗണ്‍ ഇടത്തിനോടുള്ള പോരാട്ടങ്ങളാണ്. അങ്ങനെ, വീടുകളില്‍നിന്ന് പുറത്തേക്ക് ഇറങ്ങി സ്വന്തം ഇടങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയവര്‍ തീര്‍ത്ത ചരിത്രമാണ് മലയാളി സ്ത്രീയുടെ വിമോചന സ്വപ്‌നങ്ങള്‍. ആണുങ്ങളെ സംബന്ധിച്ച് സ്വഭാവികമായി അവര്‍ ചെന്നുപറ്റേണ്ട ഇടം തന്നെയായിരുന്നു ഈ പുറംലോകം എന്നത്. പ്രായപൂര്‍ത്തിയാവുക, വീട്ടില്‍നിന്നിറങ്ങുക, നാലു കാശുണ്ടാക്കുന്ന പണി കണ്ടെത്തുക, സ്വന്തം കാലില്‍നില്‍ക്കുക, പെണ്ണുകെട്ടി കുടുംബമുണ്ടാക്കുക എന്നിങ്ങനെയുള്ള ചാക്രികചലനങ്ങളുടെ സ്വാഭാവിക മാര്‍ഗം. എന്നാല്‍, പെണ്ണിന് അതത്ര സ്വാഭാവികമായിരുന്നില്ല, എളുപ്പമായിരുന്നില്ല. നിരന്തര പോരാട്ടങ്ങളും സഹനങ്ങളും അതിരുഭേദിക്കലുകളും അതിന് അനിവാര്യമായിരുന്നു.

വീടുകളില്‍ അടഞ്ഞുപോവാനുള്ള തലവിധി മാറ്റിവെച്ച്, ഗാര്‍ഹിക സാഹചര്യങ്ങളില്‍നിന്ന് കുതറി, പുറംലോകത്തേക്ക് നടന്ന് സ്വന്തം ഇടമുണ്ടാക്കിയ ആ പെണ്ണുങ്ങെളയാണ് കൊറോണ വൈറസ് ഇപ്പോള്‍ വീണ്ടും ലോക്ക്ഡൗണിലാക്കിയത്.  പുറത്തിറങ്ങാന്‍ ഒരു വഴിയുമില്ലാതെ വീടുകളില്‍ അകപ്പെട്ടുപോയ മുന്‍ തലമുറയിലെ പെണ്ണുങ്ങളുടെ അതേ താവഴിയിലേക്കാണ് അവര്‍ ചെന്നുകയറിയത്. അരങ്ങത്തുനിന്നും അടുക്കളയിലേക്കുള്ള ആ വഴിദൂരമാണ് നമ്മുടെ സ്്ത്രീകള്‍ അനുഭവിക്കുന്ന ലോക്ക്ഡൗണിനെ സവിശേഷമായ ഒന്നാക്കിമാറ്റുന്നത്. അതിന്റെ നെറുകയില്‍ ഇരുന്നുകൊണ്ടാണ്, അവര്‍ ലോക്ക്ഡൗണ്‍കാലത്തെ പുരുഷന്‍മാരുടെ സഹനഗാഥകള്‍ സോഷ്യല്‍മീഡിയയില്‍ വായിച്ചുകൊണ്ടിരിക്കുന്നത്. അടുക്കളയിലേക്ക് തിരിച്ചുവന്ന ആ പെണ്ണുങ്ങളുടെ വിയര്‍ക്കുന്ന വാക്കുകളെ നോക്കിയാണ് പുരുഷപ്രജകള്‍ ഹോ, പെട്ടു എന്ന് ആത്മഗതം നടത്തുന്നത്.

നമ്മള്‍ പറഞ്ഞത്, പഠനവും ജോലിയും ഒക്കെയായി വീട്ടില്‍നിന്നിറങ്ങിപ്പോയ സ്ത്രീകളുടെ അടുക്കളയിലേക്കുള്ള തിരിച്ചുവരവിന്റെ കഥയാണ്. എന്നാല്‍, കാലങ്ങളായി അടുക്കളയില്‍ത്തന്നെ ഒതുങ്ങിപ്പോയ മറ്റു സ്ത്രീകളോ, അവര്‍ക്കീ ലോക്ക്ഡൗണ്‍, പുതിയ അനുഭവമാവണമെന്നില്ല. എന്നാല്‍, ഭര്‍ത്താവ് വീട്ടില്‍നിന്നിറങ്ങുന്ന നേരത്ത് മാത്രം വീട്ടിനകത്ത് ദീര്‍ഘനിശ്വാസം പൊഴിക്കുന്ന ചിലരെങ്കിലും അതിലുണ്ടാവണം. ഗാര്‍ഹികപീഡനങ്ങളുടെ ചെയിന്‍  ബ്രേക്ക് ചെയ്യപ്പെടുന്ന സന്ദര്‍ഭമായി കെട്ടിയോന്‍മാരുടെ പുറത്തുപോക്കുകളെ കാണുന്നവര്‍. അവരെ സംബന്ധിച്ച്, ഭര്‍ത്താവോ കുട്ടികളോ വീട്ടിലില്ലാത്ത നേരങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ കൂടി നേരങ്ങളാണ്. ആരെയും കൂസാതെ ശ്വാസം കഴിക്കുന്ന നേരങ്ങള്‍. ഭര്‍ത്താവ് ഇറങ്ങിപ്പോവുമ്പോഴാണ് അവര്‍ക്ക് വീട് തന്‍േറതാവുന്നത്. ഇതില്‍ സംശയിച്ച് കണ്ണുതള്ളുന്ന നിഷ്്കളങ്കര്‍ മലയാളി സ്ത്രീകള്‍ എഴുതുന്ന കവിതകളും കഥകളുമെല്ലാം ആഴത്തിലൊന്ന് വായിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. വൈകുന്നേരം വരെ അവര്‍ കൊണ്ടുനടക്കുന്ന ആ സ്വച്ഛന്ദതയിലേക്കാണിപ്പോള്‍ കൊറോണ വൈറസിനെ പേടിച്ച് പുറംലോകം ഒന്നങ്കടം ഇരമ്പിവന്നത്. ഭര്‍ത്താവും കുട്ടികളും ലോക്ക്ഡൗണ്‍ കാല ഗത്യന്തരമില്ലായ്മകളായി പറഞ്ഞുപോരുന്ന ആ ഇടമുണ്ടല്ലോ, അത് അവള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവായിരുന്നു.

എന്നാല്‍, സാമാന്യവല്‍ക്കരണത്തിന്റെ ചൂണ്ടക്കൊളുത്തുകളിലൊന്നും അങ്ങനെ നിന്നുകൊടുക്കാത്ത ചിലതുകൂടിയുണ്ട് സ്ത്രീ ജീവിതങ്ങളില്‍. തന്റെ ഇടം വീടാണെന്ന് കരുതുന്നവര്‍. അമ്മയമ്മൂമ്മമാരായി ഇങ്ങനെയൊക്കെയാണ് കഴിയുന്നതെന്ന് കംഫര്‍ടബിളായി ചിന്തിക്കുന്നവര്‍. പെണ്ണുങ്ങള്‍ എന്തിനാണ് പുറത്തുപോവുന്നതെന്നും ജോലി ചെയ്യുന്നതെന്നും അതിശയിക്കുന്നവര്‍. അമ്മത്തം എന്നത് അടിമത്തം ലോപിച്ച പദമാണോ എന്ന് സംശയിക്കുന്ന 'ഫെമിനിച്ചികള്‍', ഞങ്ങളില്‍ പെട്ടവരല്ല എന്ന് സദാ വിളംബരം ചെയ്യുന്നവര്‍. ജീവിതത്തിന്റെ സാധാരണത്വങ്ങളില്‍ ആശ്വാസം കണ്ടെത്തുന്നവര്‍. അവരെ സംബന്ധിച്ച്, ഇതൊക്കെ കെട്ടുകഥകളായിരിക്കാം. അവര്‍ക്ക്, ഈ ലോക്ക്ഡൗണ്‍ മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമുള്ള സന്തോഷകരമായ നേരങ്ങളുടെ ദിനസരിക്കുറിപ്പുകളായിരിക്കും. അവരെ സംബന്ധിച്ചിടത്തോളം ഈ അടഞ്ഞിരിപ്പുകള്‍, പാചകപരീക്ഷണങ്ങള്‍ക്കുള്ള വേളകളായിരിക്കും. എന്നാല്‍, അതല്ലാത്ത അനുഭവങ്ങള്‍ ഉള്ളവര്‍ക്കാവട്ടെ അവയൊന്നും നേര്‍ക്കുനേര്‍ പറയാനാവണമെന്നില്ല. സമൂഹത്തെയും ചുറ്റുമുള്ളവരെയുമൊക്കെ ഭയന്ന് അവര്‍ നിശ്ശബ്ദത പാലിക്കുമ്പോള്‍ കണ്‍മുന്നില്‍ നിറയുക ലോക്ക്ഡൗണ്‍ ആനന്ദങ്ങള്‍ മാത്രമായിരിക്കും.


അഞ്ച്

എങ്കിലും, ഗാര്‍ഹിക പീഡനം എന്നത് കെട്ടുകഥയേയല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തെ മൂന്നിലൊന്ന് സ്ത്രീകളും ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങള്‍ അനുഭവിക്കുന്നുണ്ട്. അടിമ -ഉടമ സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്ന കുടുംബവ്യവസ്ഥയെ വീടകങ്ങളില്‍ ചാരിനിര്‍ത്തുന്നത് കൊടുംപീഡനങ്ങളുടെ ഈ തൂണുകളാണ്. അവിടെ, വൈവാഹിക ബലാല്‍സംഗങ്ങളുണ്ട്. മാനസികമായും ശാരീരികമായും നിരന്തരം സ്ത്രീകള്‍ അകപ്പെട്ടുപോരുന്ന മുള്‍മുനകളുണ്ട്. അത് വീട്ടകങ്ങളില്‍ നിലനില്‍ക്കുന്ന അക്രമാസക്തമായ, ഭീഷണമായ, മേധാവിത്വപരമായ പെരുമാറ്റങ്ങളാണ്. ശാരീരിക കൈയേറ്റങ്ങള്‍, ലൈംഗികാതിക്രമം, വൈകാരികവും മാനസികവുമായ പീഡനങ്ങള്‍, സാമ്പത്തിക അടിമത്തം, സാമൂഹ്യമായ ഒറ്റപ്പെടുത്തല്‍ എന്നിങ്ങനെ പല വഴികളുണ്ട് അതിന്.  വീട്ടകങ്ങളില്‍ നിലനില്‍ക്കുന്ന ചോരയൊലിപ്പിക്കുന്ന ഈ മുറിവുകള്‍ വീണ്ടും കുത്തിപ്പഴുപ്പിക്കാന്‍ ലോക്ക്ഡൗണ്‍ കാലം കാരണമാവുന്നുണ്ട് എന്നാണ് ലോകമെങ്ങുംനിന്നുള്ള വാര്‍ത്തകള്‍. ചൈനയിലെ സിയാന്‍ നഗരത്തില്‍ കൊറോണക്കാലം കഴിഞ്ഞശേഷം, ഡിവോഴ്‌സ് കേസുകളില്‍ വന്‍വര്‍ദ്ധന ഉണ്ടായതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍െ ഗാര്‍ഹിക പീഡന ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹോട്ട്‌ലൈനില്‍ വിളിക്കുന്നവരുടെ എണ്ണം ഒരൊറ്റ മാസം കൊണ്ട് മൂന്നിരട്ടി ആയതായി ടൈം മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാര്‍ഹിക പീഡന ഇരകള്‍ ലോക്ക്ഡൗണ്‍ കാലങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങളില്‍ അകപ്പെടുന്നതായി യു. എസില്‍ ഇത്തരം സ്ത്രീകളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന 'ലൈഫ് വയര്‍' എന്ന സംഘടനയുടെ എക്‌സിക്യൂട്ട് ഡയരക്ടര്‍ റേച്ചല്‍ ക്രിന്‍സ്‌കി ചൂണ്ടിക്കാട്ടുന്നുണ്ട്. സിംഗപ്പൂരില്‍ ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന  'അവെയര്‍' എന്ന സന്നദ്ധസംഘടന പറയുന്നതും ഇക്കാര്യമാണ്. ഫെബ്രുവരി മാസത്തില്‍ മാത്രം ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ കോളുകളില്‍ 33 ശതമാനം വര്‍ദ്ധന ഉള്ളതായി 'അവെയര്‍' വ്യക്തമാക്കുന്നു. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണ്‍ ഗാര്‍ഹിക പീഡന ഇരകളെ ഗുരുതരമായി ബാധിക്കുന്നതായി യു എന്‍ വിമന്‍ ഡെപ്യട്ടി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അനിതാ ഭാട്ടിയ പറയുന്നു.

ഇതിലും ഭീകരമായ സാദ്ധ്യതകള്‍ നിലനില്‍ക്കുന്ന ഇടമാണ് ഇന്ത്യ എന്നാണ് മുകളില്‍ പറഞ്ഞതു മുഴുവന്‍. ആണ്‍കോയ്മയില്‍ അടിയുറച്ച നമ്മുടെ സാമൂഹ്യ, സാമ്പത്തികക്രമത്തില്‍ ഈ സാഹചര്യം വീട്ടകങ്ങളെ കൂടുതല്‍ നരകതുല്യമാക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ടതില്ല. കൊവിഡ് 19 രോഗത്തിനെതിരെ സര്‍വ്വവിധത്തിലും പ്രതിരോധം തീര്‍ക്കുന്ന സര്‍ക്കാറുകളും ഗവ. ഏജന്‍സികളും സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെേടണ്ടത് അനിവാര്യമാണ്. അത്തരമൊരു സാഹചര്യത്തെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകളാണ് നമ്മുടെയെല്ലാം മൊബൈല്‍ ഫോണുകളില്‍ വഷളന്‍ ചിരിയുമായി പ്രത്യക്ഷപ്പെടുന്ന സെക്‌സിസ്്റ്റ് സന്ദേശങ്ങളും ട്രോളുകളും. അവയ്ക്ക് ലഭിക്കുന്ന കൈയടികളും ഇമോജികളും സത്യമായും നമ്മെ ഭയപ്പെടുത്തേണ്ടതുണ്ട്.

 

ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ

 

 

 

 

click me!