സ്പര്‍ശം, സെക്സ്, പ്രണയം, അകലം; കൊറോണക്കാലത്തെ ചോദ്യങ്ങള്‍. ലോക്ക് ഡൗണ്‍ കാല കുറിപ്പുകള്‍ ആറാം ദിവസം.കെ. പി റഷീദ്
എഴുതുന്നു
'അടുപ്പമല്ല, അകലമാണ് ഒരാള്‍ക്കും മറ്റു മനുഷ്യര്‍ക്കുമിടയില്‍ വേണ്ടത്' എന്നാണ്, നമ്മുടെ നാട്ടിലെ സെറ്റപ്പ് വെച്ച്, ലക്ഷണമൊത്ത ഒരു മോറല്‍ പൊലീസുകാരന്റെ സ്‌റ്റൈലില്‍ കൊറോണ വൈറസ്, മീശ പിരിച്ചു പറയുന്നത്. ചുമ്മാ പറച്ചിലല്ല, ഭീഷണിയാണത്. ആളുകള്‍ പരമാവധി മാറിനില്‍ക്കണമെന്ന് സര്‍ക്കാറുകള്‍ മുതല്‍ ജീവിതപങ്കാളികള്‍ വരെ മുന്നറിയിപ്പ് നല്‍കുന്നത് ആ ഭീഷണി കണ്ടു വിരണ്ടാണ്. അതിനാലാണ്, മനുഷ്യര്‍ വീടുകളില്‍ ലോക്ക് ഡൗണാവുന്നത്.
undefined
'മനസ്സിലുണ്ടെങ്കിലും നാം ഉച്ചത്തില്‍ പറയാന്‍ മടിക്കുന്ന ചോദ്യങ്ങള്‍'. ഇങ്ങനെയൊരു മുഖവുരയോടെയാണ്, സെക്‌സിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച, നിരന്തരം പറയുന്ന രണ്ട് പേര്‍ക്കുമുന്നില്‍, ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന നാലു ചോദ്യങ്ങള്‍ ബിബിസി ഓണ്‍ലൈന്‍ ചോദിച്ചത്. ലൈംഗികതയുമായി ബന്ധപ്പെട്ട 'ലവ് ഐലന്റ്' റിയാലിറ്റി ഷോയിലൂടെയും ഡോക്ടര്‍ എന്ന നിലയിലും ശ്രദ്ധേയനായ അലക്‌സ് ജോര്‍ജ്, സെക്‌സ് ജേണലിസ്റ്റും ബിബിസി റേഡിയോ അവതാരകയുമായ അലിക്‌സ് ഫോക്‌സ് എന്നിവരോടായിരുന്നു ചോദ്യങ്ങള്‍.
കൊവിഡ് 19 ഉയര്‍ത്തുന്ന സവിശേഷ സാഹചര്യം ഓര്‍ത്താലേ, ആ ചോദ്യങ്ങളുടെ പ്രസക്തി ബോധ്യപ്പെടൂ. അടുപ്പത്തെക്കുറിച്ച്, അകലത്തെക്കുറിച്ച്, സ്പര്‍ശത്തെക്കുറിച്ച് ഇന്നുവരെ നാം കരുതിപ്പോന്ന സങ്കല്‍പ്പങ്ങളൊക്കെ മാറ്റിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ആ സാഹചര്യം. 'അടുപ്പമല്ല, അകലമാണ് ഒരാള്‍ക്കും മറ്റു മനുഷ്യര്‍ക്കുമിടയില്‍ വേണ്ടത്' എന്നാണ്, നമ്മുടെ നാട്ടിലെ സെറ്റപ്പ് വെച്ച്, ലക്ഷണമൊത്ത ഒരു മോറല്‍ പൊലീസുകാരന്റെ സ്‌റ്റൈലില്‍ കൊറോണ വൈറസ്, മീശ പിരിച്ചു പറയുന്നത്. ചുമ്മാ പറച്ചിലല്ല, ഭീഷണിയാണത്. ആളുകള്‍ പരമാവധി മാറിനില്‍ക്കണമെന്ന് സര്‍ക്കാറുകള്‍ മുതല്‍ ജീവിതപങ്കാളികള്‍ വരെ മുന്നറിയിപ്പ് നല്‍കുന്നത് ആ ഭീഷണി കണ്ടു വിരണ്ടാണ്. അതിനാലാണ്, മനുഷ്യര്‍ വീടുകളില്‍ ലോക്ക് ഡൗണാവുന്നത്. രോഗലക്ഷണങ്ങളുള്ളവര്‍ ഏകാന്തവാസങ്ങള്‍ക്കു പോവുന്നത്. ഇത്രയും ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും മനസ്സിലാവണം, മുകളില്‍ പറഞ്ഞ ചോദ്യങ്ങളുടെ സാംഗത്യം.
അലിക്‌സ് ഫോക്‌സ്, അലക്‌സ് ജോര്‍ജ് Image courtesy: BBC
ആ ഏഴ് ചോദ്യങ്ങളില്‍ ഒന്നു മാത്രം ഇവിടെ പറയാം. ബാക്കി വായിക്കണമെന്നുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് ബിബിസി വാര്‍ത്തയില്‍ പോവാം.
ചോദ്യം ഇതാണ്: കൊറോണക്കാലത്ത് സെക്‌സ് പാടുണ്ടോ?
രണ്ട് വിദഗ്ധരും അതിനു നല്‍കിയ ഉത്തരം താഴെ വായിക്കാം.
കേട്ടല്ലോ, പറയുന്നത് അകലത്തെക്കുറിച്ചു തന്നെയാണ്. ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് പങ്കാളിയില്‍നിന്നു നാം പാലിക്കേണ്ട അകലം. ഇതുതന്നെയാണ്, മുകളില്‍ പറഞ്ഞതുപോലെ കൊവിഡ് 19 രോഗത്തെ വ്യത്യസ്തമാക്കുന്നത്. മനുഷ്യര്‍ തമ്മിലുള്ള ഗാഢമായ ശാരീരിക ബന്ധങ്ങള്‍ക്ക് ഇത്തിരി അകലം വെക്കാന്‍ അത് നിര്‍ബന്ധിക്കുന്നു. നിങ്ങളെ പുറം ലോകത്തുനിന്ന് വീട്ടിലേക്ക് മാറ്റിയ ശേഷമാണ് 'മോനേ, ഇനിയിത്തിരി ഗ്യാപ്പ് ഇട്ടോ' എന്ന് കൊറോണച്ചട്ടമ്പി മീശപിരിക്കുന്നത്. ലോക്ക് ഡൗണിന്റെ ഈ സവിശേഷ സാഹചര്യം മനുഷ്യര്‍ തമ്മിലുള്ള പല തരം ബന്ധങ്ങളെ എങ്ങനെയാവും ബാധിക്കുക?
Photo: Emilio Morenatti. Courtesy: AP
മാസ്‌ക് ധരിച്ച് ചുംബിക്കാമോ?
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദര്‍ശിപ്പിച്ച ഒരു ഇസ്രായേലി സിനിമയിലാണ് ആ മനുഷ്യരെ കണ്ടത്. സുന്ദരനായ ഒരു ചെറുപ്പക്കാരനും സുന്ദരിയായ ഒരു യുവതിയും. ഇസ്രായേല്‍ ഫലസ്തീന്‍ വിഷയം കത്തിനില്‍ക്കുന്നൊരു സമയത്താണ് കഥ നടക്കുന്നത്. പൊടുന്നനെ നഗരത്തില്‍ സൈറണ്‍ മുഴങ്ങുന്നു. 'മിസൈല്‍ ആക്രമണം ഉണ്ടാവും, എത്രയും വേഗം, രാസായുധ ഭീഷണികള്‍ അടക്കം പ്രതിരോധിക്കുന്ന, പ്രത്യേക മാസ്‌ക് ധരിച്ച ഭൂഗര്‍ഭ നിലവറകളിലേക്ക് മാറണം'-ഇതാണ് ആ സൈറണിന്റെ അര്‍ത്ഥം. അങ്ങനെ ഏതോ ജീവിതാവസ്ഥകളില്‍നിന്നിറങ്ങിവന്ന് നഗരവഴികളിലൂടെ നടക്കുന്നതിനിടെ നമ്മുടെ കഥാനായകനും നായികയ്ക്കുമിടയില്‍ ആ സൈറണ്‍ മുഴങ്ങുന്നു. ആളുകള്‍ ഭൂമിക്കുള്ളിലെ രക്ഷാമാര്‍ഗങ്ങളിലേക്ക് ക്ഷണനേരംകൊണ്ട് പാഞ്ഞൊളിക്കുന്നു. എങ്ങോട്ടുപോവണം എന്ന് അന്തംവിട്ട് നില്‍ക്കുന്ന ഇരുവരോടുമായി, താഴെയൊരു ഭൂഗര്‍ഭ നിലവറ ഉണ്ടെന്ന് വിളിച്ചു പറഞ്ഞ് ആരോ ഓടിപ്പോവുന്നൊരു ദൃശ്യം.
ഇപ്പോള്‍ അവരിവരുവരും ആ നിലവറയിലാണ്. അവരുടെ മുഖങ്ങളില്‍, ലോഹകവചിതമായ മാസ്‌കുകള്‍. പുറത്ത് സൈറണുകള്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. എവിടെയൊക്കെയോ പൊട്ടിത്തെറികളുടെ ശബ്ദം. ഭയം അതിന്റെ പൂച്ചക്കാലുകള്‍ കുത്തി അവര്‍ക്കിടയിലൂടെ ഇറങ്ങിനടക്കുന്ന ആ നിര്‍ണായക നിമിഷം, അവരിവരുവരും ഒന്നുകൂടി ചേര്‍ന്നിരുന്നു. ആരാണ്, എന്താണ്, ഏത് ജീവിത സാഹചര്യമാണ് എന്നറിയാത്ത ആ രണ്ടു മനുഷ്യര്‍ക്കിടയിലേക്ക്, ഏതു നിമിഷവും എത്താവുന്ന മരണത്തെക്കുറിച്ചുള്ള ഉള്‍ക്കിടിലമുണ്ടാക്കുന്ന ഭീതി ചുണ്ടനക്കുന്നു. അടുത്ത നിമിഷം, കനത്ത ലോഹച്ചട്ടകളുള്ള ഭീമാകാരമായ മാസ്‌കുകള്‍ ധരിച്ചു കൊണ്ട് അവര്‍ ഉമ്മ വെയ്ക്കാനാരംഭിക്കുന്നു. സൈറണ്‍ മുഴുങ്ങുന്നു. ഭയവും തീവ്രമായ വികാരങ്ങളും കൂടിക്കുഴയുന്ന ഏതോ നിമിഷത്തില്‍, ചെറുപ്പക്കാരന്‍ സ്വന്തം മാസ്‌ക് അഴിച്ചുവെച്ച്, അവളുടെ മാസ്‌ക് അഴിച്ചെടുത്ത് സമീപത്തുവെച്ച്, ചുണ്ടുകള്‍ പൊട്ടുമാറ് ചേര്‍ത്ത്, തീവ്രമായ ചുംബനങ്ങളിലേക്ക് വീഴുന്നു. മരണഭയവും ജീവിതാസക്തിയും മുഖാമുഖം നില്‍ക്കെ, അവര്‍ എല്ലാം മായ്ച്ചുകളയുന്ന, തീ പോലെ പൊള്ളുന്ന രതിയിലേക്ക് ഒളിച്ചോടുന്നു. അരക്ഷിതാവസ്ഥകളുടെ നിലവറയില്‍നിന്ന് ആ രണ്ടു മനുഷ്യര്‍ യാത്രപോവുന്നത് അയഥാര്‍ത്ഥമായൊരു സ്വപ്‌നത്തിലേക്കാണ്.
വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ എമിലിയാ മോറനാറ്റി പകര്‍ത്തിയ ഒരു ചിത്രം കഴിഞ്ഞ ദിവസം കണ്ടപ്പോഴാണ്, വര്‍ഷങ്ങള്‍ക്കുശേഷം, ഇപ്പോഴും പേരോര്‍മ്മയില്ലാത്ത ആ ഇസ്രായേലി ചിത്രം ഓര്‍മ്മവന്നത്.
രണ്ടു മനുഷ്യര്‍ മാസ്‌കിട്ട് ചുംബിക്കാനായുന്ന കൊറോണക്കാല ചിത്രമായിരുന്നു അത്. എല്ലാ സ്പര്‍ശങ്ങളെയും നാടു കടത്തുന്ന, അടുപ്പങ്ങളെയെല്ലാം അകലങ്ങളിലേക്ക് വലിച്ചു ചുരുക്കുന്ന കൊവിഡ് കാലത്ത്, ആ ചിത്രം അസാധാരണമായ ഒന്നായി മാറുന്നുണ്ട്. മുകളില്‍ പറഞ്ഞ സിനിമയും ഇപ്പോള്‍ പറഞ്ഞ ഫോട്ടോയും മാനുഷികമായ ഒരവസ്ഥയെക്കുറിച്ചാണ് പറയുന്നത്-പ്രണയത്തെക്കുറിച്ച്. ഏതു ഭയത്തില്‍നിന്നും ആളുകള്‍ക്ക് ഒളിച്ചോടാനുള്ള ഒരു മുറി പ്രണയം എപ്പോഴും ഒളിപ്പിച്ചു വെയ്ക്കുന്നു. എല്ലാ ഭയങ്ങളെയും ചവിട്ടിത്തെറിപ്പിക്കാന്‍ ഊര്‍ജം നല്‍കുന്ന വിധം തീവ്രമായ വൈകാരികതയുടെ ഒരു മുറി. എന്നാല്‍, അതേ സമയം തന്നെയാണ്, ഈ കുറിപ്പിന്റെ തുടക്കത്തില്‍ പരാമര്‍ശിക്കുന്ന ചോദ്യവും ഉയരുന്നത്. കൊറോണ കാലത്ത് സെക്‌സ് പാടുണ്ടോ എന്ന ചോദ്യം. പലരും ചോദിക്കാന്‍ മടിക്കുമെങ്കിലും, കൊറോണയുമായി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ അവസ്ഥയില്‍, ആദ്യം മുതലേ ലോകം ആഴത്തില്‍ ചര്‍ച്ച ചെയ്തിരുന്നു ഈ വശം.
വീട്ടകങ്ങളിലെ ആണും പെണ്ണും
ചൈനയില്‍നിന്നു വീശിയ കൊറോണക്കാറ്റില്‍, ലോകത്തെ മനുഷ്യരാകെ ഏകാന്ത ജീവിതങ്ങളുടെ സാമൂഹ്യ അകലങ്ങളിലേക്ക് മുറിഞ്ഞു വീഴുന്ന നേരത്താണ് ആ വാര്‍ത്ത പുറത്തു വന്നത്. കൊറോണക്കാലം കഴിയുമ്പോള്‍ ലോകം കാണാനിരിക്കുന്നത് ഒരു ബേബി ബൂം ആയിരിക്കും എന്ന വാര്‍ത്ത. പല ഡോക്ടര്‍മാരെയും ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആ വാര്‍ത്ത അതിവേഗം ലോകത്തെ എല്ലാ ഭാഷകളിലുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തു. ലോക്ക് ഡൗണ്‍ കാലം കഴിയുന്നത്, ലോകത്തിന് കൂടുതല്‍ കുഞ്ഞുങ്ങളെ സംഭാവന ചെയ്തായിരിക്കും എന്നതാണ് നമ്മളെല്ലാം വായിച്ചിരിക്കാവുന്ന ആ വാര്‍ത്തയുടെ പൊരുള്‍. ലാഭാധിഷ്ഠിതമായ ഒരു ലോകക്രമത്തില്‍, അവരവര്‍ പാര്‍ക്കുന്ന പുറംജീവിതങ്ങള്‍ ഉപേക്ഷിച്ച്, മനുഷ്യര്‍, വീടും കുടുംബവും പോലുള്ള ചെറിയ ഇടങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ എന്താവും സംഭവിക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അത്. ഇക്കാലമത്രയും സന്തോഷം നല്‍കിയ പുറംജീവിതം താല്‍ക്കാലികമായെങ്കിലും റദ്ദാവുമ്പോള്‍ ആളുകള്‍ ശരീരങ്ങളിലേക്ക് മടങ്ങിപ്പോവുമെന്ന പ്രവചനം. ഇണചേരലുകളും ഗര്‍ഭധാരണങ്ങളും പ്രസവങ്ങളും ചേര്‍ന്ന ഒരു കൊറോണക്കാല യാഥാര്‍ത്ഥ്യം. കുഞ്ഞുങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന് വെച്ചവരും അടുത്ത കുഞ്ഞ് വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നവരും ഇതൊന്നുമല്ലാത്തവരും ചേര്‍ന്ന് സാദ്ധ്യമാക്കുന്ന പുതിയ ഒരു കൊറോണാനന്തര തലമുറയെക്കുറിച്ചുള്ള ആലോചനകളാണ് ആ പ്രവചനങ്ങള്‍ ബാക്കിവെച്ചത്.
ലണ്ടനില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ട് ഇതുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രസവവേളയില്‍ ന്യൂമോണിയ ബാധിച്ചിരുന്ന ഒരു സ്ത്രീ ജന്‍മം നല്‍കിയ കുഞ്ഞ് കൊറോണ ടെസ്റ്റില്‍ പോസിറ്റീവ് ആയതായിരുന്നു വാര്‍ത്ത. വടക്കന്‍ ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള മിഡില്‍സെക്‌സ് ആശുപത്രിയിലായിരുന്നു സംഭവം. പ്രസവം കഴിഞ്ഞ ഉടനെ നടത്തിയ ടെസ്റ്റിലാണ് അമ്മയും കുഞ്ഞും പോസിറ്റീവാണ് എന്നു കണ്ടെത്തിയത്. ഗര്‍ഭപാത്രത്തില്‍ വെച്ചാണോ ജനനസമയത്താണോ കുഞ്ഞിന് വൈറസ് പകര്‍ന്നതെന്ന കാര്യം വ്യക്തമായിരുന്നില്ല. കൊറോണാനന്തര തലമുറയിലെ കുഞ്ഞുങ്ങള്‍ ഒരു പക്ഷേ, നേരിടേണ്ടി വന്നേക്കാവുന്ന സാദ്ധ്യതകള്‍ എന്തൊക്കെയാവും എന്ന ചര്‍ച്ചയ്ക്കാണ് ഇത് ഇടവരുത്തിയത്. 'ബേബി ബൂം' എന്ന വാര്‍ത്ത വായിച്ച് ചിരിച്ച, അതിന്റെ ട്രോളുകള്‍ കണ്ടു ചിരിച്ച നമ്മളാരും ഒരു പക്ഷേ, ചര്‍ച്ച ചെയ്തിരിക്കണമെന്നില്ല ഇങ്ങനെയൊരു സാദ്ധ്യത.
അടുപ്പം അകലം
പ്രണയവുമായി ബന്ധപ്പെട്ട് സാധാരണ ഉപയോഗിക്കാറുള്ള രണ്ട് വാക്കുകള്‍ക്ക് വന്നുപെട്ട അര്‍ത്ഥമാറ്റത്തെക്കുറിച്ചു കൂടി പറയാതെ, കൊറോണക്കാലത്തെ സ്പര്‍ശത്തെക്കുറിച്ചുള്ള ആലോചന തീരില്ല. അകലം, അടുപ്പം-ഇതാണ് ആ വാക്കുകള്‍.
ഈ രണ്ടു വാക്കുകള്‍ വെറുതെ സെര്‍ച്ച് എഞ്ചിനുകളിലോ സോഷ്യല്‍ മീഡിയയിലോ ഒന്ന് സെര്‍ച്ചു ചെയ്തു നോക്കൂ. റിസല്‍റ്റുകളില്‍ ഭൂരിഭാഗവും പ്രണയത്തെയും പ്രണയനഷ്ടത്തെയും കുറിച്ചുള്ളതായിരിക്കും. അതില്‍ കവിതയുണ്ടാവും, കഥയുണ്ടാവും, ഫിലോസഫി ഉണ്ടാവും, കമനീയമായി ഡിസൈന്‍ ചെയ്ത ഇമേജുകള്‍ ഉണ്ടാവും. എന്നാല്‍, നോക്കൂ, അതില്‍ കുറച്ചെങ്കിലും പ്രണയത്തെക്കുറിച്ചായിരിക്കില്ല. മുമ്പാണെങ്കില്‍,നമ്മള്‍ വിശ്വസിക്കാന്‍ സാദ്ധ്യത ഇല്ലാത്ത വിധം അവയെല്ലാം ഒരു രോഗത്തെക്കുറിച്ചായിരിക്കും, ഒരു രോഗാണുവിനെക്കുറിച്ചായിരിക്കും. അതെ, കൊറോണക്കാലം ആ വാക്കുകളെ പ്രണയത്തില്‍നിന്നും വലിച്ചെടുത്ത് സ്വന്തമാക്കിയിട്ടുണ്ട്. ടെക്‌സ്‌റ്റോ ഇമേജോ ആയി നാം കണ്ടെത്തുന്ന ആ വാചകങ്ങളില്‍ ഇങ്ങനെയൊക്കെ നിങ്ങള്‍ക്ക് വായിക്കാനാവും:
'കൈവിട്ട് പോവാതിരിക്കാന്‍ അല്‍പ്പം അകന്നിരിക്കാം'
'അധികമാവരുത് അടുപ്പം'
'അകലം പാലിക്കാം എന്നും അടുപ്പം സൂക്ഷിക്കാന്‍'
'ശാരീരിക അകലം മാനസിക അടുപ്പം'
'അകലമാണ് പുതിയ അടുപ്പം'
ഇക്കാലമത്രയും പ്രണയത്തിന്റെ വൈകാരികത വഹിച്ച വാക്കുകള്‍ നമുക്ക് ആലോചിക്കാന്‍ പോലുമാവാത്ത വിപരീത അര്‍ത്ഥങ്ങളിലേക്ക് പോവുന്നത് കാണുന്നില്ലേ? ഇതു തന്നെയാണ് സത്യത്തില്‍, കൊറോണ എന്ന മോറല്‍ പൊലീസുകാരന്‍ പ്രണയത്തോട് ചെയ്തത്.
അതു കൊണ്ടാണ്, 'അളിയാ, ചുറ്റിക്കളിയൊക്കെ നിര്‍ത്തിക്കോ' എന്ന ട്രോളുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ലോക്ക് ഡൗണിനെക്കുറിച്ചായിരുന്നില്ല ആ പറച്ചില്‍, ആളുകളുടെ രഹസ്യ ജീവിതങ്ങളെക്കുറിച്ചായിരുന്നു. പ്രണയവും രതിയുമൊക്കെ നിറഞ്ഞ രഹസ്യ ജീവിതം പൊടുന്നനെ പരസ്യമാകാനിടയുണ്ട് എന്ന സാദ്ധ്യതയെക്കുറിച്ചായിരുന്നു. സംഗതി റൂട്ട് മാപ്പ് ആണ്. കൊറോണ വൈറസ് ബാധിച്ച മനുഷ്യരുടെ സാമൂഹ്യ വ്യാപനത്തിന്റെ സാദ്ധ്യതകള്‍ അറിയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നതാണ് റൂട്ട് മാപ്പ്. നിശ്ചിത കാലയളവില്‍ രോഗബാധിതര്‍ എവിടെയൊക്കെ പോയി, ആരോടൊക്കെ ബന്ധപ്പെട്ടു എന്ന വിവരം നാട്ടുകാര്‍ക്കു മുന്നില്‍ പച്ചയ്ക്ക് വെളിവാകുന്ന സന്ദര്‍ഭമാണത്. രഹസ്യജീവിതം നയിക്കുന്നവര്‍ക്ക് ഇതിലും വലിയ അടി മറ്റെന്താണ് കിട്ടാനുള്ളത്? അതിനാലാണ്, അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പെന്നോണം, ആ ട്രോളുകള്‍ ഇറങ്ങിയത്. കൊറോണക്കാലമാണ്, അബദ്ധങ്ങളില്‍ ചെന്നു ചാടണ്ട എന്ന മുന്നറിയിപ്പ്, കളിയാക്കല്‍. അവിടെയും വില്ലനായി പ്രത്യക്ഷപ്പെടുന്നത് ആരെന്നല്ലേ, പ്രണയം!
അതെ, പ്രണയത്തെ, രതിയെ, സ്പര്‍ശത്തെ പല വിധത്തില്‍ തൊട്ടുപോവുന്ന ഒരു കാറ്റുവരവ് തന്നെയായിരുന്നു കൊറോണ. ആ കാറ്റില്‍ നമ്മള്‍ ഇത്ര കാലം ജീവിച്ച ജീവിതമാണ് മാറിപ്പോയത്. നമ്മുടെ പ്രണയസങ്കല്‍പ്പങ്ങള്‍, നമ്മുടെ രതി സങ്കല്‍പ്പങ്ങള്‍, സ്പര്‍ശത്തെയും അടുപ്പത്തെയും അകലത്തെയും കുറിച്ച് കാല്‍പ്പനികമായും അല്ലാതെയും നാം ആലോചിച്ചുണ്ടാക്കിയ ഭാവനാ, ഫാന്റസി ലോകങ്ങള്‍. ഫ്‌ളൈയിംഗ് കിസിനു മാത്രം സാധ്യതയുള്ള, ലിപ് ലോപ് ചുംബനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഒരു കാലം ശരീരങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണകളെയും ബോധ്യങ്ങളെയും ഏതു വിധമാവും മാറ്റിവരയ്ക്കുക?
കൊറോണ വാക്‌സിന്റെ വരവുപോലെ കാത്തിരുന്നു കാണാം.
ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍
ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.'
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?
നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?
അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?.