കൊറോണക്കാലത്തെ ഫേസ്ബുക്ക് വാളുകളില്‍ ചലഞ്ചുകള്‍ നിറയുന്നതിന്റെ പിന്നിലെന്താണ്. ലോക്ക് ഡൗണ്‍ കുറിപ്പുകള്‍ പതിനൊന്നാം ദിവസം. കെ. പി റഷീദ് എഴുതുന്നു
ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോയിലൊക്കെ കാണാറുള്ള അസാധാരണ സാഹചര്യം. സമ്മര്‍ദ്ദങ്ങളുടെ നാടകമാണ് അത്തരം റിയാലിറ്റി ഷോകള്‍. സാധാരണ സാഹചര്യങ്ങളുടെ നദിയില്‍നിന്നും ആളുകളെ പിടിച്ചുകൊണ്ടു വന്ന് അസാധാരണ സാഹചര്യങ്ങളുടെ കരയിലിടുന്ന പരിപാടി. അത്രയും നാള്‍ കണ്ടുപരിചയമുള്ള നമ്മളേ ആവണമെന്നില്ല, ആ സമയത്ത് പൊങ്ങിവരുന്നത്. പല രാജ്യങ്ങളില്‍നിന്നുള്ള വ്യത്യാസ്ത സാഹചര്യങ്ങളിലുള്ള മനുഷ്യരെ പത്തഞ്ഞൂറ് ദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ അടച്ചുപൂട്ടുന്ന തരം സോഷ്യല്‍ എക്‌സ്‌പെരിമന്റുകള്‍ കണ്ടിട്ടില്ലേ? അതുപോലൊരു ബൃഹത്തായ സോഷ്യല്‍ എക്‌സ്‌പെരിമന്റ് ഷോയ്ക്കുള്ളില്‍ തന്നെയാണ് നമ്മള്‍.
കുന്ദംകുളത്തെ കൊറോണ കള്ളനെക്കുറിച്ചായിരുന്നു ഇന്നലത്തെ ലോക്ക് ഡൗണ്‍ കുറിപ്പ്. ചുമ്മാ ഭയം വിതറി ആളുകളെ റോട്ടിലിറക്കുന്ന ഒരൊന്നൊന്നര കള്ളന്റെ കഥ. ആ കുറിപ്പിനു വന്നൊരു രസികന്‍ കമന്റിലാണ് ഇന്ന് നമ്മള്‍ തുടങ്ങുന്നത്. ഇന്നലത്തെ കുറിപ്പ് കാണാത്തവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്താല്‍ അതു വായിക്കാം. കഥയറിഞ്ഞാലേ, ആട്ടം മനസ്സിലാവൂ.
ആ കമന്റ് എഴുതിയത്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവാണ്. മലയാളത്തിലെ എണ്ണംപറഞ്ഞ എഴുത്തുകാരന്‍. അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്:
''റഷീദ്,
കുന്ദംകുളത്തിനടുത്താണ്.
കള്ളന്‍ കളി എന്ന് ഇതിനെ വിളിക്കാം. ഫോക് ലോറാണ്
രാത്രി കാലത്ത് ഞാനും ഒരു ആസ്വാദകനാണിവിടെ.
പക്ഷേ, പോലീസുകാര്‍ സകല ത്രില്ലും കളഞ്ഞു. അരസികന്മാര്‍.
ബോറടിച്ച് ചാവാതിരിക്കാനുള്ള ഒരു സാമൂഹ്യ അന്തര്‍മുഖഫ്രൊയിഡിയന്‍ കലയും അങ്ങനെ പോലീസ് വന്ന് സപ്രസ് ചെയ്‌തെന്ന് പറഞ്ഞാല്‍ മതിയല്ലോ.''
അതുവായിച്ചതും, ഇന്നലെ കുത്തിപ്പിടിച്ച് എഴുതിയത് മുഴുവന്‍ ആവിയായത് പോലെ തോന്നി. പ്ലിംഗ്! അങ്ങനെയൊരു സാദ്ധ്യത ആലോചിച്ചിരുന്നില്ലെന്ന് ആ കുറിപ്പ് വായിച്ചാല്‍ മനസ്സിലാവും. ശിഹാബുദ്ദീന്‍ എഴുതിയതു പോലെ ആലോചിക്കുക, സാധാരണ മട്ടില്‍ എളുപ്പമല്ലെന്നും.
പറയുന്നത് കള്ളന്‍ കളിയെക്കുറിച്ചാണെങ്കിലും അതിലൊരുഗ്രന്‍ കാര്യമുണ്ടായിരുന്നു. അങ്ങേയറ്റം മസിലുപിടിച്ച് പൊലീസും മാധ്യമങ്ങളും അധികാരികളുമെല്ലാം കാണുന്ന, കുന്ദംകുളത്തെ ലോക്ക്ഡൗണ്‍ നേരത്തെ ആളിറക്കം ഒരു കളി കൂടിയാവാം. ബോറടിച്ച് ചാവാതിരിക്കാന്‍ ഒരു സമൂഹം കണ്ടെത്തുന്ന അനേകം കളികളിലൊന്ന്. സംഗതി ശരിയാണ്, അസാധാരണമായ നേരങ്ങളില്‍ സാധാരണ കളികളൊന്നും മതിയാവണമെന്നില്ല. ആളുകള്‍ കണ്ടെത്തുന്നതായാലും സമൂഹം കണ്ടെത്തുന്നതായാലും, ബിഗ് ബോസില്‍ മോഹന്‍ലാല്‍ പറയുന്നതുപോലെ അതൊരു ചെറിയ കളിയാവണമെന്നില്ല.
ശിഹാബുദ്ദീന്‍ എഴുതിപ്പോയ സാദ്ധ്യതയിലൂടെ നമുക്ക് ഒന്നു നടന്നു നോക്കിയാലോ? എവിടെയാവും എത്തിപ്പെടുക എന്നറിയാമോ, പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ 'ഒഴിവു ദിവസത്തെ കളി' എന്ന കഥയില്‍. അതല്ലെങ്കില്‍, സനല്‍ കുമാര്‍ ശശിധരന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട, അതേപേരുള്ള സിനിമയില്‍. ഇതുപോലൊരു പിടിവിട്ട നേരത്തിന്റെ കഥയാണത്. ഒരു കുട്ടിക്കളി കൊണ്ട് മടുപ്പിനെ മറികടക്കാന്‍ നാലഞ്ചാണുങ്ങള്‍ നടത്തിയൊരു ശ്രമം, ചോരക്കളി ആയി മാറിയ കഥ. മസിലുപിടിച്ച് നമ്മള്‍ ജീവിക്കുന്ന ജീവിതത്തിന്റെ ചായ്പുകളില്‍, മേക്കപ്പും മര്യാദകളും കൊണ്ട് നാം ഒളിപ്പിച്ചുവെയ്ക്കുന്ന, സര്‍വ്വത്ര ദുഷിപ്പുകളും ഒറ്റയടിക്ക് പുറത്തുവരുന്ന, രസികനൊരു കളി.
സമൂഹം എന്ന നിലയില്‍ നമ്മള്‍ ആ അവസ്ഥയിലാണോ? അല്ലെന്ന് പറയാനാവാത്ത വിധം സങ്കീര്‍ണ്ണമായിരിക്കും ഈ ചോദ്യത്തിന്റെ ഉത്തരം. കാരണം, ആഴ്ചയിലെ അവധി ദിവസങ്ങള്‍ മാത്രം വീടുകളില്‍ കഴിഞ്ഞുപോന്നിരുന്ന നമ്മളില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ വീട്ടകങ്ങളിലാണ്. പുറത്തിറങ്ങിയാല്‍ പൊലീസ് പിടിക്കും. അകത്തുതന്നെയിരുന്നാല്‍ ബോറടിക്കും. പിന്നെന്തു ചെയ്യും? അതിനുത്തരം അറിയാന്‍ നമ്മള്‍ ചുമ്മാ ഫേസ്് ബുക്കിലൊന്നു കയറി നോക്കിയാല്‍ മതി.
രണ്ട്
അവിടെയിപ്പോള്‍ ചലഞ്ചുകളുടെ വേളയാണ്. സാരി ചലഞ്ചും മുണ്ട് ചലഞ്ചുമെല്ലാം കഴിഞ്ഞ്, പല മാതിരി ചലഞ്ചുകള്‍, ദേ വന്നേ എന്ന മട്ടില്‍, നമ്മളെയും കാത്തിരിക്കുന്നു. ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെയും സിനിമകളുടെയും ചലഞ്ചു നേരങ്ങള്‍ കഴിഞ്ഞു. സ്ത്രീകളും പുരുഷന്‍മാരും അവരവരുടെ പിന്‍ഭാഗം കാണിക്കുന്ന ചലഞ്ച്, ആളുകളുടെ കുളിനേരങ്ങള്‍ കാണിക്കുന്ന ചലഞ്ച്, കോട്ടുവാ ചലഞ്ച്, കുട്ടിക്കളി ചലഞ്ച് എന്നിങ്ങനെ എന്തോരം കലാപരിപാടികള്‍. അതിലെല്ലാം ആളുകള്‍ 'ഇടപെട്ടാളയും' എന്ന മട്ടില്‍ തലകുത്തിനില്‍ക്കുന്നുണ്ട്. അതീവ ഗൗരവത്തോടെ ഫോട്ടോകള്‍ തപ്പിയെടുത്ത് ഇടുന്നതു മുതല്‍, അത്തരം ഫോട്ടോകള്‍ക്ക് കുത്തിപ്പിടിച്ച് തമാശ കമന്റുകളിടുന്നതു വരെ തിരക്കോട് തിരക്ക്.
ഇതിലെ തമാശ എന്താണെന്നുവെച്ചാല്‍, ഇപ്പറഞ്ഞ ലോക്ക് ഡൗണ്‍ തുടങ്ങുന്നതുവരെ, കൊവിഡ് 19 ഇത്രയ്ക്കങ്ങ് പേടിപ്പിക്കുന്നതുവരെ, ഫേസ്ബുക്കായ ഫേസ്ബുക്കിലെല്ലാം ഉണ്ടായിരുന്നത് അരുതുകളുടെ ഒരു വമ്പന്‍ പട്ടികയായിരുന്നു. 'നമ്മളൊരു വമ്പന്‍ പോരാട്ടത്തിലാണ്, അതിനിടയ്ക്ക് ഊള പോസ്റ്റുകളും സെല്‍ഫികളും കവിതപോലെ തോന്നിപ്പിക്കുന്ന ഉരുപ്പടികളും പോസ്റ്റ് ചെയ്താല്‍ ബ്ലോക്ക് ഓഫീസ് ഉറപ്പ്' എന്ന മട്ടിലുള്ള കണ്ണുരുട്ടലുകള്‍. ഇതുപോലൊരു നേരത്ത് വഷളന്‍ പോസ്റ്റിട്ടതിനാല്‍ ഞാന്‍ അണ്‍ഫ്രന്‍്രറ് ചെയ്ത ആളുകളുടെ ലിസ്റ്റ് എന്നിങ്ങനെ അതീവഗൗരവം നിറഞ്ഞ ഉറുമിവീശലുകള്‍. അതു കഴിഞ്ഞ്, ലോക്ക് ഡൗണ്‍ തുടങ്ങി. വീടുതന്നെ ലോകം എന്ന അവസ്ഥ വന്നു. അതോടെയാണ്, ഫേസ്ബുക്ക്, മാഷില്ലാത്ത പ്രൈമറി സ്‌കൂള്‍ ക്ലാസ്മുറി പോലായത്.
''മലയാളത്തിലെ അശ്‌ളീലഗാനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ പോകുന്നു. സഹായിക്കാമോ?
ഉദാ: ചെപ്പുകിലുക്കണ ചെങ്ങാതീ നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂല്ലേ...''
ഇങ്ങനെയൊരു പോസ്റ്റ് കണ്ടിരുന്നോ നിങ്ങള്‍? ശ്രദ്ധേയയായ മലയാള കവി അമ്മു ദീപ ഫേസ്ബുക്കിലിട്ടതായിരുന്നു ഈ പോസ്റ്റ്. ആളുകള്‍ ഓടിക്കൂടീന്നു പറഞ്ഞാല്‍ മതിയല്ലോ. പിന്നെ, പാട്ടുകളെ വാലേപ്പിടിച്ചുള്ള അടിയായിരുന്നു. ഇത്ര നാളും സാധാരണ മട്ടില്‍ പാടിക്കൊണ്ടിരുന്ന, കേട്ടുകൊണ്ടിരുന്ന പാട്ടുകള്‍, അവയുടെ ഭാവനത്തിളക്കമുള്ള കുപ്പായങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച അശ്ലീലങ്ങള്‍ ആളുകള്‍ പുറത്തുകൊണ്ടുവന്നു. മലയാള സിനിമാ ഗാന ചരിത്രത്തിലെ അതിമനോഹരമായ വരികള്‍, അല്‍പ്പമൊന്നു മാറിനിന്നു നോക്കിയാല്‍, ദ്വയാര്‍ത്ഥങ്ങള്‍ ഒളിപ്പിച്ചുവെച്ച വഷളന്‍ ചിരിയാണെന്നു തോന്നിപ്പോവുന്ന സന്ദര്‍ഭം. പാട്ടുകളിലല്ല അശ്ലീലം, ആളുകളുടെ മനസ്സിലാണ് എന്നാണ് ഇതു കണ്ടു തോന്നുന്നതെന്ന് ചിലര്‍ അതിനടിയില്‍ കമന്റിട്ടു.
മൂന്ന്
പറഞ്ഞുവന്നത്, കാര്യമാത്രപ്രസക്തമായ പോസ്റ്റുകളാല്‍ പോര്‍വീര്യം പ്രകടിപ്പിക്കേണ്ടൊരു സമയത്തെ, ലോക്ക്ഡൗണ്‍ എന്ന അവസ്ഥ മാറ്റിമറിച്ചതിനെ കുറിച്ചാണ്. അത് സ്വാഭാവികവുമാണ്. അത്രമാത്രം നേരങ്ങള്‍ നമ്മളിപ്പോള്‍ വീട്ടിലുണ്ട്. അതുവരെ, കൃത്യമായ സമയനിഷ്ഠകളില്‍ ഓടിക്കൊണ്ടിരുന്ന മനുഷ്യരാണ്, അലാറം എടുത്തൊരേറ് കൊടുത്ത്, തോന്നുംപോലെ ഉറങ്ങിയും ഏതെങ്കിലും നേരത്ത് ഉണരുകയുമൊക്കെ ചെയ്യുന്നത്. ഇതൊരു സവിശേഷമായ സാമൂഹ്യ സാഹചര്യമാണ്. ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോയിലൊക്കെ കാണാറുള്ള അസാധാരണ സാഹചര്യം. സമ്മര്‍ദ്ദങ്ങളുടെ നാടകമാണ് അത്തരം റിയാലിറ്റി ഷോകള്‍. സാധാരണ സാഹചര്യങ്ങളുടെ നദിയില്‍നിന്നും ആളുകളെ പിടിച്ചുകൊണ്ടു വന്ന് അസാധാരണ സാഹചര്യങ്ങളുടെ കരയിലിടുന്ന പരിപാടി. അത്രയും നാള്‍ കണ്ടുപരിചയമുള്ള നമ്മളേ ആവണമെന്നില്ല, ആ സമയത്ത് പൊങ്ങിവരുന്നത്. പല രാജ്യങ്ങളില്‍നിന്നുള്ള വ്യത്യാസ്ത സാഹചര്യങ്ങളിലുള്ള മനുഷ്യരെ പത്തഞ്ഞൂറ് ദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ അടച്ചുപൂട്ടുന്ന തരം സോഷ്യല്‍ എക്‌സ്‌പെരിമന്റുകള്‍ കണ്ടിട്ടില്ലേ? അതുപോലൊരു ബൃഹത്തായ സോഷ്യല്‍ എക്‌സ്‌പെരിമന്റ് ഷോയ്ക്കുള്ളില്‍ തന്നെയാണ് നമ്മള്‍. ഇക്കണ്ടതൊന്നുമാവില്ല, അവസ്ഥകള്‍ സങ്കീര്‍ണ്ണമായി തുടങ്ങിയാല്‍ മനുഷ്യരുടെ പെരുമാറ്റരീതികള്‍.
അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ സൈക്കോളജി പ്രൊഫസര്‍ ലോറി സാന്‍േറാസിന്റെ ലോക്ക്ഡൗണ്‍ നിരീക്ഷണങ്ങളില്‍ ഈ അവസ്ഥയുണ്ട്: ശീലങ്ങളുടെ സൃഷ്ടിയാണ് മനുഷ്യര്‍. ഇതുപോലൊരു അനിശ്ചിതാവസ്ഥയുടെ കാലത്ത്, നാമെത്തിപ്പെടോന്‍ സാദ്ധ്യതയുള്ള അനിശ്ചിതാവസ്ഥ, മറികടക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ. ശീലങ്ങള്‍ തിരിച്ചുപിടിക്കല്‍. ജോലി ചെയ്യുമ്പോഴും വെറുതെ ഇരിക്കുമ്പോഴും നാം ശീലിച്ചുകൊണ്ടിരുന്ന ദിനചര്യയിലേക്ക് തിരിച്ചുപോവല്‍. ഇല്ലെങ്കില്‍, ശീലങ്ങള്‍ നമ്മുടെ ജീവിതത്തെ മാറ്റിയെഴുതും.
പ്രൊഫ. ലോറി പറയുന്നതുപോലെ അനിശ്ചിതവും അരക്ഷിതവുമായ കൊറോണക്കാലം തിന്നുതീര്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ തന്നെയാണ് നമ്മള്‍. ബോധപൂര്‍വ്വമായ ശ്രമങ്ങളിലൂടെ പിടിച്ചുകെട്ടിയില്ലെങ്കില്‍, നമുക്കുതന്നെ നമ്മെ മടുത്തുവെന്നു വരാം. സ്വയം ബോറടിച്ചെന്നു വരാം. അതുണ്ടാക്കുന്ന അസ്വാസ്ഥ്യവും കൈയിലിരിപ്പുമെല്ലാം ചേര്‍ന്ന് വീട്ടുകാരെ മുഴുവന്‍ വെറുപ്പിച്ചെന്നു വരാം. അല്ലെങ്കില്‍, അവരോട് ക്രൂരമായി പെരുമാറുന്ന ഒരാളായി നാം മാറിയെന്നും വരാം.
സത്യത്തില്‍, ലോക്ക് ഡൗണ്‍ കഴിഞ്ഞിറങ്ങിയാല്‍ എന്തു സംഭവിക്കുമെന്ന ആധിയല്ലാതെ, മറ്റെന്താണ് നമ്മുടെ മുന്നിലിപ്പോള്‍ ഉള്ളത്.
നാല്
രസകരമായ ഒരു വാര്‍ത്ത ഈയിടെ പുറത്തുവന്നിരുന്നു. ആരും തിരിഞ്ഞുനോക്കാനില്ലാതിരുന്ന ഒരു മൊബൈല്‍ ആപ്പ്, ലോക്ക് ഡൗണ്‍ കാലത്ത് വമ്പന്‍ ഹിറ്റായി മാറിയ കഥ. duolingo എന്നാണ് ഈ ആപ്പിന്റെ പേര്. ഓഹരിവിപണികള്‍ ഇടിഞ്ഞുപൊളിയുകയും വാണിജ്യമേഖല കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്യുന്ന നേരത്ത് പോലും വാണിജ്യവിജയം നേടാന്‍ ഈ ആപ്പിന് കഴിഞ്ഞത് എങ്ങനെയാണ്?
ഇതൊരു ഭാഷാ ആപ്പാണ്. ആളുകള്‍ക്ക് വ്യത്യസ്ത ഭാഷകള്‍ പഠിക്കാന്‍ അവസരം നല്‍കുന്ന ആപ്പ്. സാധാരണ മട്ടില്‍ ഒഴിവുനേരം കിട്ടിയാല്‍, ഭാഷാ പഠനത്തിലേക്കൊന്നും ആളുകള്‍ പോവണമെന്നില്ല. അതുകൊണ്ട് തന്നെയാണ് ഇത്ര നാളും അതാരും തിരിഞ്ഞുനോക്കാതിരുന്നത്. എന്നാല്‍, ലോക്ക് ഡൗണ്‍ വെറുമൊരു അവധിക്കാലമല്ല. അതിനാല്‍, ആളുകള്‍ അപരിചിത ഭാഷകള്‍ തെരഞ്ഞെടുക്കുന്നു, പഠിക്കുന്നു, പുരോഗതി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നു. കഷ്ടപ്പാടാണെങ്കിലും, ഇത്തിരി കഴിഞ്ഞാല്‍ ഒരു ഭാഷ സ്വന്തമാവും എന്ന സാദ്ധ്യതയാണ് യൂസര്‍ ഫ്രന്‍്രറ്‌ലി ആയ ഈ ആപ്പ് നല്‍കുന്നത്. 36 ഭാഷകള്‍ ഇങ്ങനെ പഠിക്കാം. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം സ്‌പെയിനില്‍ മാത്രം ഈ ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 126 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. ഇറ്റലിയിലും അമേരിക്കയിലുമെല്ലാം സമാന അനുഭവമുണ്ടായി. വീടകങ്ങളില്‍ ബോറടിച്ചോ പേടിച്ചോ കിടക്കുന്നവര്‍ ഒന്നിച്ചു ഇരച്ചുകയറിയതോടെ അവിടങ്ങളിലും യൂസര്‍ നിരക്ക് പല മടങ്ങായി വര്‍ദ്ധിച്ചു.
തൊട്ടുമുമ്പു പറഞ്ഞ സാമൂഹ്യ ആധിയാണ്, ആര്‍ക്കും വേണ്ടാത്ത ഒരു മൊബൈല്‍ ആപ്പിനെ ഇത്രയ്ക്ക് ഹിറ്റാക്കിയത്. അങ്ങനെ ആധി കൂടിയിട്ടാണ് ജര്‍മനിയിലെ ഹെസ്സേ സ്‌റ്റേറ്റിലെ ധനകാര്യമന്ത്രി തോമസ് ഷീഫര്‍ ആത്മഹത്യ ചെയ്തത്. കൊറോണപ്പേടി മൂത്താണ്, 54 വയസ്സുള്ള ഈ മനുഷ്യന്‍ റെയില്‍വേ പാളത്തിലൂടെ മരണത്തിലേക്കു നടന്നുപോയത്. 'നാം ഞെട്ടലിലാണ്, അങ്ങേയറ്റം അവിശ്വാസത്തിലാണ്, കൊടും ദു:ഖത്തിലാണ്' എന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാചകങ്ങള്‍.
ഇതേ ആധിയുടെ തുമ്പാത്താണ്, ലോക്ക് ഡൗണ്‍ എന്നു കേട്ടപ്പോള്‍ കൊറോണ വ്യാപനം മറന്ന് നമ്മള്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇരച്ചു കയറിയത്. അതേ ഭീതിയുടെ വക്കത്തുനിന്നാണ്, ഡെല്‍ഹിയിലെ കുടിയേറ്റ തൊഴിലാളികള്‍, ഒരൊറ്റ വണ്ടിയും ഓടാത്ത സമയത്ത്, പത്തും അഞ്ഞൂറും കിലോ മീറ്ററുകള്‍ അകലെ സ്വന്തം ഗ്രാമങ്ങളിലേക്ക് കുഞ്ഞുകുട്ടികളും ഭാര്യമാരുമായി പൊള്ളുന്ന വെയിലത്ത് നടക്കാന്‍ തുടങ്ങിയത്. അത്രയും കഷ്ടപ്പെട്ട് അകലെനിന്നെത്തിയ ഉറ്റവരെ, വീടുകളിലേക്ക് അടുപ്പിക്കാതെ ഉറ്റവര്‍ പൊലീസിനെ വിളിച്ചതും അതേ തീ ഉള്ളിലുള്ളതു കൊണ്ടാണ്. അതിന്റെയെല്ലാം ബാക്കിയാണ് വീട്ടിനുള്ളിലിരിക്കുന്ന നമ്മള്‍. എല്ലാ വഴികളിലും വാര്‍ത്തകള്‍ തിരഞ്ഞുകൊണ്ടേയിരിക്കുന്ന, ഓരോ കൊറോണ വ്യാപന വാര്‍ത്തയിലും തളരുന്ന, ജീവനില്‍ കൊതിയുള്ള നമ്മള്‍. അതു കൊണ്ടാണ്, നമ്മുടെ ശരീരഭാഷകള്‍ മാറിയത്. നമ്മുടെ ഉറക്കങ്ങളുടെയും ഉണര്‍വുകളുടെയും താളം മാറിയത്. നമ്മള്‍ മാറിയത്. നാമെല്ലാം ജീവിക്കുന്ന സോഷ്യല്‍ മീഡിയാ ഇടങ്ങളില്‍ ആ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നത്.
അഞ്ച്
കുറച്ചു കാലം മുമ്പു കണ്ടൊരു സിനിമയുണ്ട്. നാസിപീഡന മുറികളിലെ രക്തമുറയുന്ന ഭീതിയെ മറികടക്കാന്‍ കറുത്ത നര്‍മ്മം അസാമാന്യ ചാരുതയോടെ ഉപയോഗിക്കുന്ന റോബര്‍ട്ടോ ബെനിഞ്ഞിയുടെ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍'. ഏതു നിമിഷവും നാസികളുടെ കൈയില്‍പെട്ട് മരിച്ചുപോവുമെന്ന് ഉറപ്പുള്ള ഒരച്ഛന്‍ മകനു പറഞ്ഞുകൊടുക്കുന്ന തമാശക്കഥകളാണ് സിനിമ. കോണ്‍സെന്‍േ്രടഷന്‍ ക്യാമ്പിലെ ഓരോ കാഴ്ചകളെയും കുറിച്ച്, ബെനിഞ്ഞി തന്നെ അവതരിപ്പിച്ച പിതാവിന്റെ കഥാപാത്രം, മകനോട് കള്ളക്കഥ പറഞ്ഞു കൊടുക്കുന്നു. തങ്ങളൊരു മല്‍സരത്തിലാണെന്നും നന്നായി പെര്‍ഫോം ചെയ്താല്‍ സമ്മാനം ഉറപ്പാണെന്നും ആ കുട്ടിയെ ബോധ്യപ്പെടുത്തുന്നു. കത്തിമുനയുടെ മൂര്‍ച്ചയുള്ള അത്തരമൊരു നേരത്ത് എങ്ങനെയാണ് മനുഷ്യര്‍ തമാശ പറയുക? മരണം ഉറപ്പാവുന്ന നേരത്ത് ആളുകള്‍ക്കു മുന്നില്‍ വന്നുപെടുന്ന നിസ്സംഗതയുടെ മരവിപ്പു മാത്രമാവും, ആ തമാശ. തൊട്ടു മുന്നിലുള്ള നിമിഷം. അതിനപ്പുറം മറ്റൊന്നുമില്ല അന്നേരം. പിടിച്ചുനില്‍ക്കുക എന്നതിനപ്പുറം മറ്റൊരാഗ്രഹങ്ങളുമുണ്ടാവില്ല.
സമാനമായ അവസ്ഥകള്‍ മുന്നില്‍ വരുമ്പോള്‍ ഏതു കളിയും നമുക്ക് ആശ്വാസമാവും. ഏതു ഉറവയും ചിരിപ്പിക്കാനുള്ള നദിയാവും.
അതിജീവനം മാത്രമേ ഉണ്ടാവൂ അന്നേരം മുന്നില്‍. പച്ച ജീവിതത്തിന്റെ പിടച്ചില്‍. അന്നന്നേരങ്ങള്‍ കടന്നു പോവല്‍. മരിക്കാതിരിക്കാനുള്ള കുതറലുകള്‍. പിടച്ചിലുകള്‍. അത് മാത്രമാവണം അത്തരം അരക്ഷിത, സന്ദിഗ്ധ ഘട്ടങ്ങളില്‍ നമുക്കും ജീവിതം. .
പര്‍വതാരോഹകരെ കുറിച്ച് പറയാറുള്ളൊരു കാര്യമുണ്ട്. അവരെപ്പോഴും തൊട്ടുമുന്നിലേ നോക്കൂ. മുകളിലേക്ക് നോക്കില്ല. താഴേക്കും. മുകളിലേക്ക് നോക്കിയാല്‍ ഇനിയിത്ര കയറാനുണ്ടല്ലോ എന്ന നെഞ്ചിടിപ്പും ഭയവുമാവും മിച്ചം. മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുന്ന ഒരു സാധ്യത. താഴേക്ക് നോക്കിയാലും ഇത് തന്നെ അവസ്ഥ. ഇത്രയും ആഴമാണല്ലോ അടിയില്‍ എന്ന ഞെട്ടലാവും ഫലം. അതും മരണത്തെ വലിച്ചടുപ്പിക്കുന്ന സാധ്യത.
അതിനാല്‍ തൊട്ടു മുന്നിലേക്ക് മാത്രം നോക്കി നടക്കാനാണ് പര്‍വതാരോഹകര്‍ പഠിക്കുന്നത്. പഠിപ്പിക്കുന്നത്. തൊട്ടടുത്ത കാല്‍ വെപ്പ് മാത്രം നോക്കിയുള്ള നടത്തം. ഇത് പോലെ, കഠിന യാഥാര്‍ത്ഥ്യങ്ങളുടെ ഒരു കാലത്തും അത് തന്നെയാവും നമുക്കും അതിജീവനത്തിന്റെ പാതയാവുക. സാഹചര്യങ്ങള്‍ കൂട്ടിവായിച്ചാല്‍, ജീവിക്കാന്‍ ഒരു വഴിയുമില്ലെന്ന് തോന്നിപ്പോകാവുന്ന ഒരു കാലത്ത് തൊട്ടു മുന്നിലെ, ചുവട് മാത്രം കണ്ട് ചലിക്കുന്നതാവും നമ്മെ ബാക്കിയാക്കുക. ലോക്ക് ഡൗണ്‍ കാലത്തെ അസംബന്ധങ്ങള്‍ പോലും സാമൂഹ്യമായ അതിജീവനത്തില്‍ പ്രധാനമായി മാറുന്നത് അതു കൊണ്ടാണ്.
ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍
ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.'
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?
നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?
അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?
ആറാം ദിവസം:
ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?
എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?
ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!
പത്താം ദിവസം:കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?