യോദ്ധാവോ മാലാഖയോ അല്ലാത്ത ഈ നഴ്‌സുമാരുടെ ചോരയ്ക്ക് നമ്മളെത്ര വിലയിടും?

By Rasheed KP  |  First Published Apr 8, 2020, 10:32 PM IST

ജീവിതത്തിനും മരണത്തിനുമിടയില്‍ നമ്മുടെ നഴ്‌സുമാരുടെ കൊവിഡ് കാല ജീവിതം.ലോക്ക്ഡൗണ്‍ കുറിപ്പുകള്‍.  15-ാം ദിവസം
 


ഭ്രാന്തു പിടിച്ച ഒരു കൊലയാളിക്കടുത്തു നിന്നാണ് നമ്മുടെ നഴ്‌സുമാര്‍ വിശ്രമമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അവരില്‍ ചിലരുടെ കൈയില്‍ അതിനുള്ള സുരക്ഷാ വസ്ത്രങ്ങളുണ്ട്. മറ്റുചിലരുടെ കൈയില്‍ അതില്ല. അവര്‍ക്കൊപ്പം ആകെയുള്ളത്, സ്വന്തം ജോലിയോടുള്ള പ്രതിബദ്ധതയും മറ്റു മനുഷ്യരെ മരണത്തില്‍നിന്ന് കരകയറ്റണമെന്ന ആഗ്രഹവും മാത്രമാണ്. സൂപ്പര്‍ ഹീറോ ആണെന്നൊക്കെ പറയാന്‍ എളുപ്പമാണ്. കുഴിബോംബുകള്‍ മറഞ്ഞിരിക്കുന്ന യുദ്ധക്കളങ്ങളില്‍, മരണത്തിനു മുന്നില്‍ നിസ്സംഗമായി  നിന്നുകൊടുക്കുക എന്നതല്ലാതെ ഒരു സൂപ്പര്‍ ഹീറോയ്ക്കും പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടാവില്ല. അങ്ങനെയാരു സാഹചര്യത്തില്‍, ഈ മനുഷ്യരുടെ ജീവന്‍ കാക്കേണ്ട ഉത്തരവാദിത്തം നമുക്കാണ്, സമൂഹത്തിനാണ്, സര്‍ക്കാറുകള്‍ക്കാണ്. സര്‍വ്വതും ത്യജിച്ച്, മറ്റുള്ളവര്‍ക്കു വേണ്ടി അപായസാദ്ധ്യതകളുടെ മുനമ്പിലേക്ക് ഇറങ്ങുന്ന ഈ സഹജീവികള്‍ക്ക് വേണ്ടി  ശബ്ദമുയര്‍ത്താന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. കാരണം, മാലാഖയോ പോരാളിയോ സൂപ്പര്‍ ഹീറോയോ ഒന്നുമല്ലാത്ത സാധാരണ മനുഷ്യരാണ് അവര്‍. നമ്മുടെ സ്വന്തം സഹജീവികള്‍.

 

Latest Videos


 

 

കാലുവെയ്ക്കാനാവില്ലെന്ന് പഴഞ്ചൊല്ലുകള്‍ ഉറപ്പിച്ചുപറഞ്ഞ രണ്ടു തോണികളില്‍ ഒരേ സമയം കാലുവെച്ചാണ് കൊറോണക്കാലത്ത് നഴ്‌സുമാരുടെ ജീവിതം. ഒരു തോണി മാലാഖയുടേതാണ്. മറ്റേത് യോദ്ധാവിന്‍േറത്. ഒരിക്കലും ചേര്‍ന്നുപോവാത്ത രണ്ടു വഴികള്‍. ഒന്ന് നന്‍മയുടെ, നിഷ്‌കളങ്കതയുടെ, ദൈവികതയുടെ കൊടിയടയാളം. മറ്റേത്, ധീരതയുടെ, കണ്ണില്‍ചോരയില്ലായ്മയുടെ, നിര്‍ഭയത്വത്തിന്റെ കിരീടം. ചോരയും മരണവും കൊണ്ടിളകാത്ത മനസ്സുറപ്പാണ് പോരാളിയുടെ കരുത്ത്. സ്പര്‍ശം കൊണ്ടോ സ്‌നേഹം കൊണ്ടോ സര്‍വ്വ മുറിവുകളും ഉണക്കുന്ന സാന്ത്വനമാണ് മാലാഖയുടെ കരുത്തും പ്രകൃതവും. എന്നിട്ടും, മാലാഖയെന്നു വിളിച്ച അതേ നാവു കൊണ്ട് നഴ്‌സുമാരെ യോദ്ധാക്കള്‍ എന്നു വിളിക്കുന്നു, ഇന്ന് ലോകം. കൊവിഡ്- 19 എന്ന മഹാമാരിക്കെതിരായ ആഗോള യുദ്ധത്തിലെ മുന്‍നിര പോരാളികളെന്ന് അവരെ ആദരിക്കുന്നു. എന്നിട്ടും, യോദ്ധാവോ മാലാഖയോ അല്ലാത്ത പച്ചമനുഷ്യരായി, സ്വന്തം കര്‍ത്തവ്യം മുടങ്ങാതെ ചെയ്ത് മനുഷ്യരെ ദുരിതക്കടലുകളില്‍നിന്ന് വകഞ്ഞുമാറ്റുന്നു ഇവര്‍. അതിനിടെ, അവരില്‍ച്ചിലര്‍ രോഗത്തിലേക്കോ മരണത്തിലേക്കോ വീണുപോവുന്നു. മറ്റു ചിലര്‍ കൊറോണക്കാലത്തിന്റെ ആധികളത്രയും മറന്ന്, അതിജീവനത്തിന്റെ രക്ഷാവാതിലുകള്‍ കടന്ന് ജീവിതം തിരിച്ചുപിടിക്കുന്നു.

ലോക്ക്ഡൗണ്‍ എന്ന വാക്കിന് പുറത്താണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം. മറ്റുള്ളവര്‍ക്ക് വീടുകള്‍ ഒരുക്കുന്ന സുരക്ഷാ കവചങ്ങളുണ്ട്. സുരക്ഷിതമായ അകലങ്ങള്‍ കൊണ്ട് ചങ്ങലകള്‍ പൊട്ടിക്കാനുള്ള സാദ്ധ്യതകള്‍. എന്നാല്‍, നഴ്‌സുമാര്‍ക്ക്  പോവാതെ വയ്യ. ലോകത്തെ നശിപ്പിക്കാനായി കൊടുങ്കാറ്റ് പോലെത്തിയ വൈറസിനുമുന്നില്‍ നിര്‍ഭയം നിവര്‍ന്ന് നില്‍ക്കാതെ വയ്യ. അവര്‍ക്കറിയാം, വീടുകളില്‍ ഉറ്റവരുണ്ട്. സുരക്ഷയുടെ വാതിലുകളുണ്ട്. എന്നിട്ടും, പോര്‍ക്കളങ്ങളായി പൊടുന്നനെ രൂപം മാറിയ ആശുപത്രി മുറികളിലേക്കും ഐസോലേഷന്‍ വാര്‍ഡുകളിലേക്കും തീവ്രപരിചരണ വിഭാഗത്തിന്റെ മൂളക്കമുള്ള നിശ്ശബ്ദതകളിലേക്കും അവര്‍ ഇറങ്ങിപ്പോവുന്നു. അവിടെ ഒരുപാടു മനുഷ്യര്‍ ശ്വാസത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലങ്ങളിലൂടെ നടക്കുന്നുണ്ട്. അവര്‍ക്കരികിലേക്കാണ്, കൈകള്‍ കഴുകിയും മുഖമറയണിഞ്ഞും സുരക്ഷിതമെന്ന്  സ്വയം വിശ്വസിപ്പിച്ച് അവര്‍ ചെല്ലുന്നത്.  രോഗാണുക്കള്‍ ഇര കാത്തുകിടക്കുന്ന സ്രവങ്ങളിലേക്കും ശ്വാസങ്ങളിലേക്കുമാണ് ഒരു പനിച്ചൂടു പോലുമില്ലെന്നുറപ്പിച്ച് അവര്‍ ചുവടുവെയ്ക്കുന്നത്. അവിടെയവര്‍ക്ക്, കരയുന്ന മനുഷ്യര്‍ക്ക് സാന്ത്വനമാവേണ്ടതുണ്ട്. എല്ലാം നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കൊറോണ വൈറസിന്റെ ആയുധങ്ങളോരോന്നായി അരിഞ്ഞുതള്ളാന്‍ ശ്രമിക്കേണ്ടതുണ്ട്. പോരാടാനുള്ള ആസക്തി കൊണ്ടല്ല, ജീവിക്കാനുള്ള നിവൃത്തികേടു കൊണ്ടാണ് ആയുധമെടുക്കുന്നതെന്ന് ഓരോ നിമിഷവും അവര്‍ക്ക് സ്വയം ബോധ്യപ്പെടുത്തേണ്ടതുണ്ട്.

മരണം നൃത്തംവെയ്ക്കുന്ന ഏതു പടക്കളങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചില പ്രിവിലേജുകളുണ്ട്. അവര്‍ ആക്രമിക്കപ്പെടില്ല. കരയില്‍നിന്നോ ആകാശത്തുനിന്നോ കടലില്‍നിന്നോ പാഞ്ഞെത്തുന്ന ഒരായുധവും അവരെ ലക്ഷ്യം വെയ്ക്കാന്‍ പാടില്ലെന്നാണ് യുദ്ധനിയമം. എന്നാല്‍, ഇവിടെ, കൊറോണ വൈറസിനെതിരായ ഈ യുദ്ധത്തില്‍ അവര്‍ക്ക് ഒരു പ്രിവിലേജുമില്ല. ഒരു യുദ്ധനിയമവും പാലിക്കപ്പെടാത്ത ആ പോര്‍ക്കളത്തില്‍, അവര്‍ ഒരേ സമയം യോദ്ധാവും ആതുരശുശ്രൂഷകരും ഇരകളുമാണ്. ഏതു നേരവും ഒരാക്രമണമുണ്ടാവാം. ഏതുനിമിഷവും വീണുപോയേക്കാം. ഏതു മരണത്തിനും കീഴടങ്ങേണ്ടി വന്നേക്കാം. എന്നിട്ടും, മറ്റെല്ലാം മറന്ന് അവര്‍ അവിടെത്തന്നെയുണ്ട്. 'തങ്ങള്‍ക്കേ ഈ ദുരവസ്ഥയില്‍നിന്ന് ലോകത്തെ പഴയ സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാനാവൂ' എന്ന തിരിച്ചറിവോടെ, അവര്‍ പൊരുതിക്കൊണ്ടേയിരിക്കുന്നു. കൊറോണ വൈറസ് ആദ്യവെടി പൊട്ടിച്ച ചൈനയിലെ വുഹാനിലും മരണം മഴപ്പാറ്റകളെപ്പോലെ പാറിനടന്ന ഇറ്റലിയുടെ തെരുവുകളിലും അമേരിക്കയിലും ഇറാനിലും ജര്‍മ്മനിയിലും ഇന്ത്യയിലും പാക്കിസ്ഥാനിലും ബ്രിട്ടനിലും സ്വീഡനിലുമെല്ലാം എല്ലാം മറന്ന് അവര്‍ നിലയുറപ്പിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ആരോഗ്യദിനാചരണം നഴ്‌സുമാര്‍ക്കായി സമര്‍പ്പിക്കുമ്പോള്‍ ലോകാരോഗ്യ സംഘടന പോലും ഓര്‍ത്തിരിക്കില്ല, നഴ്‌സുമാര്‍ക്ക് ഈയാണ്ട് എന്താവും തളികയില്‍ ഒരുക്കിവെച്ചിരിക്കുകയെന്ന്. ഈ വര്‍ഷം തങ്ങളുടേതാക്കാന്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഏതേതുകനല്‍പ്പാതകളാവും ഈ മനുഷ്യര്‍ക്ക് താണ്ടേണ്ടി വരിക?

 

"

 

രണ്ട്

നമുക്കിനി കോട്ടയം മെഡിക്കല്‍ കോളജ്  ആശുപത്രിയിലേക്ക് പോവാം. അവിടെയാണ്, രാജ്യത്തെ ഏറ്റവും പ്രായമേറിയ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരുന്ന ഐസിയു. 93 വയസ്സായ തോമസും, 88 വയസ്സുള്ള മറിയാമ്മയും.  കഴിഞ്ഞ ദിവസം അവര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിപ്പോയി. വൃദ്ധരെ തെരഞ്ഞുപിടിച്ച് കൊല്ലാന്‍ കൂര്‍ത്തപല്ലും നീട്ടിയിരിക്കുന്ന കൊറോണയെക്കുറിച്ച് ലോകം പുലര്‍ത്തുന്ന ആധികള്‍ക്കിടയിലൂടെ, അവര്‍ക്ക് ഇറങ്ങിപ്പോവാന്‍ കഴിഞ്ഞത് ഊണും ഉറക്കവും വെടിഞ്ഞ് കുറേ നഴ്‌സുമാര്‍ കൂടി നടത്തിയ പോരാട്ടങ്ങളാണ്.

അങ്ങനെയൊരു പോരാട്ടരാവില്‍നിന്ന്, തന്റെ ഫോണിലേക്ക് വന്നൊരു മെസേജ്  കളയാതെ കാത്തുവെച്ചിട്ടുണ്ട് ആ മുതിര്‍ന്ന നഴ്‌സ്. അപ്പൂപ്പനും അമ്മൂമ്മയും അസുഖംമാറി ഇറങ്ങിപ്പോവുന്ന സന്തോഷ നേരത്ത് അവരത് മാധ്യമസുഹൃത്തുക്കള്‍ക്ക് കാട്ടിക്കൊടുത്തു.

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്‌സ് അയച്ച ആ മെസേജ് ഇതായിരുന്നു:

''അപ്പച്ചനും അമ്മച്ചിയും ഇന്ന് നന്നായി ഉറങ്ങി കേട്ടോ. പുലര്‍ച്ചെ വരെ ഞാനിരുന്ന് പാട്ടു പാടുവായിരുന്നു.''

കൊച്ചു കുട്ടികളെപ്പോലെയായിരുന്നു അപ്പൂപ്പനും അമ്മൂമ്മയും. ഭാര്യയെ കാണണമെന്ന് തോമസും, ഭര്‍ത്താവിനെ കാണണമെന്ന് മറിയാമ്മയും വാശി പിടിച്ചു. ചിലപ്പോള്‍ പിണങ്ങി ഉറങ്ങാതെ ഇരുന്നു. ചിലപ്പോള്‍ ഭക്ഷണം കഴിക്കാതിരുന്നു. വീട്ടിലെ ഭക്ഷണം കിട്ടിയില്ലെങ്കില്‍ കഴിക്കില്ലെന്ന് പിണങ്ങി. കൊച്ചുകുട്ടികളെ നോക്കുന്നത് പോലെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ട്രെയിനി നഴ്‌സുമാരും മുതിര്‍ന്ന നഴ്‌സുമാരും അവരുടെ ഒപ്പം ഇരുന്നത്. അങ്ങനെയൊരു രാവിലാണ്, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കുറുമ്പു മാറ്റാന്‍ ആ നഴ്‌സ് രാത്രി മുഴുവന്‍ പാട്ടുപാടിയിരുന്നത്.

ഇത് ആ ആശുപത്രിയില്‍ മാത്രമാവണമെന്നില്ല. പല തരം മനുഷ്യരെയാണ് കൊവിഡ് കാലത്ത് നഴ്‌സുമാര്‍ കൈകാര്യം ചെയ്യുന്നത്. മരിച്ചുപോവുമോ എന്ന ഭീതിയുടെ നടുക്കലില്‍ കഴിയുന്നവര്‍ മുതല്‍, ആത്മവിശ്വാസം കൊണ്ട് ജ്വലിച്ചുനില്‍ക്കുന്നവര്‍ വരെ അതിലുണ്ടാവും. പല പ്രായക്കാര്‍. പല സ്വഭാവക്കാര്‍ പല സാമ്പത്തിക, സാമൂഹ്യ പദവികളിലുള്ളവര്‍. അവരെയൊക്കെ ഒരുമിച്ചു കൊണ്ടുപോവുക എന്നത് ഒട്ടും എളുപ്പമേയല്ല. എങ്കിലും, പരിചയവും കഴിവും മനുഷ്യപ്പറ്റും കൊണ്ട് നഴ്‌സുമാര്‍ ആ കടമ്പകള്‍ കടക്കുക തന്നെ ചെയ്യുന്നു, അതു പാട്ടുപാടിയിട്ടായാലും, കഥപറഞ്ഞിട്ടായാലും. അതു കൊണ്ടുതന്നെയാണ് മറ്റാരേക്കാളും അടുപ്പം രോഗികള്‍ക്ക് നഴ്‌സുമാരോട് ഉണ്ടാവുന്നത്്. ഡോക്ടര്‍മാര്‍ വരും പോവും, നഴ്‌സുമാര്‍ സദാസമയം അവര്‍ക്കൊപ്പമുണ്ടാവും.  


മൂന്ന്

എന്തുകൊണ്ടാണ് നഴ്‌സുമാര്‍ക്ക് കൊവിഡ് രോഗം പകരാനുള്ള സാദ്ധ്യത കൂടുന്നത്?

എഴുത്തുകാരന്‍ കൂടിയായ ഡോ. മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ ആ ചോദ്യത്തിനുത്തരം പറയുന്നത് ഇങ്ങനെയാണ്: ''ഡോക്ടര്‍മാരെക്കാള്‍ കൂടുതല്‍ സമയം, ചിലപ്പോള്‍ പലമടങ്ങ് സമയം ഒരു രോഗിയുമായി അടുത്ത് ഇടപഴകേണ്ടി വരുന്നത് നഴ്‌സുമാര്‍ക്ക് ആണ്. പ്രത്യേകിച്ചും ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍, ഡയാലിസിസ് റൂമുകളില്‍, അതുപോലെ നിരന്തരം രോഗിയെ മോണിറ്റര്‍ ചെയ്യേണ്ടി വരുന്ന സമയങ്ങളില്‍ ഒക്കെ. അഡ്മിറ്റ് ആയിരിക്കുന്ന ഒരു രോഗി അയാളുടെ പ്രശ്‌നങ്ങള്‍ ആദ്യം പറയുന്നത് ഡ്യൂട്ടിയുള്ള നേഴ്‌സിനോട് ആയിരിക്കും.''

അതെ, അതു തന്നെയാണ് കാരണം. പ്രത്യേകിച്ച് കൊറോണക്കാലത്ത്. സര്‍വ്വപ്രതീക്ഷകളുമറ്റ രോഗികള്‍ അക്കൂട്ടത്തിലുണ്ടാവും. സ്വന്തം പ്രായമോ രോഗപ്രതിരോധ ശേഷിയില്ലായ്മയോ ഒക്കെ ജീവിതത്തിന്റെ ചീട്ടുകീറുമെന്ന് വിശ്വസിക്കുന്നവര്‍. മനസ്സു തളരുമ്പോള്‍ അവര്‍ക്ക് ചെന്നുചായാന്‍ പറ്റുന്നത് നഴ്‌സുമാരുടെ അടുത്തേക്കാണ്. അത് മനുഷ്യര്‍ക്കു മാത്രം മനസ്സിലാവുന്ന വിനിമയമാണ്. എല്ലാ അഭയസ്ഥാനങ്ങളും അറ്റുപോവുന്നവരുടെ വിധി. ദൈവം പോലെയോ, മാലാഖയെപ്പോലെയോ അന്നേരം അവര്‍ക്കു മുന്നില്‍ ഒരു നഴസ് ഉണ്ടാവുക തന്നെ ചെയ്യും.

കഴിഞ്ഞ ദിവസം ഒരു നഴ്‌സ് ഓണ്‍ലൈനില്‍ പങ്കുവെച്ചത് ആ അനുഭവമായിരുന്നു:

''രോഗികളില്‍ പലരും മാനസിക സംഘര്‍ഷമനുഭവിക്കുന്നവരാണ്. 14 മുതല്‍ 28 ദിവസം വരെ ഒരു മുറിയില്‍ കണ്ടുമുട്ടുമ്പോള്‍ വല്ലാത്തൊരടുപ്പം വരും. ചിലര്‍ ഇടയ്ക്ക് ആശ്വാസത്തിനുവേണ്ടി കയ്യില്‍ കയറിപ്പിടിക്കും. ആശങ്കയുടെ മുറുക്കമുള്ള പിടി ചിലപ്പോള്‍ വിടുവിക്കാന്‍ കഴിയില്ല. 'സോഷ്യല്‍ ഡിസ്റ്റന്‍സ്' എന്ന ആരോഗ്യ അകലം ചിലപ്പോള്‍ തെറ്റിപ്പോകും. രോഗികളെ അത് അറിയിക്കാന്‍ പാടില്ല. അവര്‍ പാനിക് ആകും. ഐസലേഷനില്‍ കഴിയുന്നവരില്‍ ചിലരൊക്കെ ദുര്‍ബല ഹൃദയരാണ്. പരിശോധനാഫലം വന്നോ എന്ന് ഇടയ്ക്കിടെ ചോദിക്കും.   അമ്മമാരൊക്കെയാണെങ്കില്‍ ചിലപ്പോള്‍ ദേഹത്തേക്കു ചാഞ്ഞ് കരയും. കൊവിഡ് കാലത്ത് അത്ര അടുപ്പം പാടില്ലെന്നു പറയാന്‍ നാവു പൊന്തില്ല. ആശ്വസിപ്പിക്കും. കരച്ചില്‍ തീര്‍ന്നാല്‍ വീണ്ടും പോയി കൈകള്‍ കഴുകി വൃത്തിയാക്കും. തിരിച്ചു ബെഡിനരികില്‍ വന്നിരിക്കുമ്പോള്‍ അറിയാതെ കണ്ണ് ഭാരം കൊണ്ടു തൂങ്ങും''

ഈ മനസ്സിനോട് നാമെന്ത് യുക്തിയാണ് പകരം പറയുക. സ്വന്തം ജീവിതത്തെ മറന്ന് മറ്റുള്ളവരെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഈ മനുഷ്യരോട് സാമൂഹ്യ അകലത്തെക്കുറിച്ച് ഇനിയേതു ഭാഷയിലാണ് നമുക്ക് സംസാരിക്കാനാവുക? ഒരുത്തരവുമില്ലാത്ത ചോദ്യമാണത്. എന്നാല്‍, ഉത്തരങ്ങള്‍ ഒരു പാടുള്ള മറ്റൊരു ചോദ്യമുണ്ട്. സമൂഹം എന്ന നിലയില്‍ നാമെല്ലാം മറുപടി പറയേണ്ട ചോദ്യം.

ഇതുപോലെ സ്വയം മറന്ന്, ജീവന്‍മരണ സാദ്ധ്യതകള്‍ മറന്ന്, മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് പകരമായി നാമെന്താണ് നല്‍കുന്നത്?  

 

"

 

നാല്

ഇന്നിറങ്ങിയ പത്രത്തിലാണ് ആ നഴ്‌സിനെ കണ്ടത്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജിസാ സെബാസ്റ്റിയന്‍ എന്ന നഴ്‌സ്. കൊവിഡ് ഐസോലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ 14 ദിവസം രാപ്പകലില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജിസ. ഒട്ടുമുറങ്ങാത്ത രണ്ടാഴ്ചയ്ക്ക് ശേഷം, മുഖത്തൊരു മാസ്‌കുമണിഞ്ഞ്, തളര്‍ന്ന കണ്ണുകളില്‍ ചിരി നിറച്ച്, വീട്ടിലേക്ക് ഇറങ്ങിയ ജിസയെ കയ്യടികളോടെ യാത്രയാക്കുകയാണ് സഹപ്രവര്‍ത്തകര്‍. ആ നിമിഷമായിരുന്നു ഒരു വാര്‍ത്താ ചിത്രമായി എന്റെ മുന്നിലെ പത്രത്തില്‍ നിറഞ്ഞുനിന്നത്.  

രണ്ടാഴ്ചത്തെ രാവും പകലുമില്ലാത്ത ജോലി.അതും, അങ്ങേയറ്റം ഭീതിജനകമായ അന്തരീക്ഷത്തില്‍, കൊവിഡ് ഐസോലേഷന്‍ വാര്‍ഡില്‍. ആലോചിക്കാനാവുന്നുണ്ടോ ആ അവസ്ഥ.? എങ്കില്‍ അറിയുക, കൊറോണക്കാലത്തെ മിക്കവാറും നഴ്‌സുമാരുടെ നിത്യജീവിതമാണത്. ജിസ മാത്രമല്ല, ഇതുപോലെത്രയോ നഴ്‌സുമാര്‍ ഒരു പോള കണ്ണടക്കാതെ കഴിച്ചുകൂട്ടിയ ദിവസങ്ങളുടെ ആകത്തുക കൂടിയാണ് നമ്മുടെ കൊറോണ യുദ്ധം.  ജിസയുടെ അവസ്ഥ ഭാഗ്യത്തിന്  മാധ്യമ ക്യാമറകളില്‍ പതിഞ്ഞു. അതിനൊന്നും ഭാഗ്യമില്ലാതെ, വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളുടെ കരച്ചിലുകളും പ്രിയപ്പെട്ടവരുടെ മുഖവും മറവിയിലേക്ക് വകഞ്ഞുമാറ്റി, കഠിനമായ ഈ ദിവസങ്ങള്‍ വകഞ്ഞുജീവിക്കുന്ന  എത്ര നഴ്‌സുമാരുണ്ടാവും നമുക്ക് ചുറ്റിലും.
 
കൊവിഡ് രോഗികള്‍ക്ക് വേണ്ടി ഊണും ഉറക്കവും കളഞ്ഞാല്‍, ലഭിക്കുന്ന കൂലി എന്താണെന്നു കൂടി ആേലാചിക്കണം. ദല്‍ഹിസ്റ്റേറ്റ് ഹോസ്പിറ്റല്‍ നഴ്സസ് യൂണിയന്‍ ഭാരവാഹിയായ ജീമോള്‍ ഷാജി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു മുന്നില്‍ അതിനുത്തരം പറഞ്ഞു.

''നഴ്‌സുമാര്‍ കൊറോണ വാര്‍ഡില്‍ 15 ദിവസം തുടര്‍ച്ചയായി ജോലിചെയ്യണമെന്നാണ് വ്യവസ്ഥ. അതു കഴിഞ്ഞിറങ്ങിയാല്‍ വീട്ടില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. താഹിര്‍പുര്‍ രാജീവ് ഗാന്ധി ആശുപത്രിയില്‍ ഇങ്ങനെ ഒരു ബാച്ചിലുള്ള 120 പേരുടെ ഡ്യൂട്ടി ഈ വെള്ളിയാഴ്ച അവസാനിക്കും. അവരൊക്കെ വീട്ടില്‍ ചെന്ന് ആരുമായും സമ്പര്‍ക്കമില്ലാതെ കഴിയണം. എന്നാല്‍, ഇവരില്‍നിന്നു കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആരു സമാധാനം പറയും?''

ജിസ മോള്‍ അക്കാര്യം പറഞ്ഞത്, ദല്‍ഹിയിലെ സവിശേഷമായ സാഹചര്യത്തിലാണ്. കൊവിഡ് രോഗികളെ പരിചരിച്ചതിന്റെ പകരമായി അസുഖം ബാധിച്ച പത്തുമുപ്പത് മലയാളി നഴ്‌സുമാരാണ്  ഒരാളും തിരിഞ്ഞുനോക്കാനില്ലാതെ, ഗത്യന്തരാവസ്ഥയില്‍ കഴിയുന്നത്. ചികില്‍സയും പരിചരണവും പോയിട്ട് കുടിക്കാന്‍ വെള്ളം പോലും കിട്ടുന്നില്ലെന്നാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ അവര്‍ കരഞ്ഞ് പറഞ്ഞത്. ദില്ലി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന കിഴുവള്ളൂര്‍ സ്വദേശി പറയുന്നത് കേള്‍ക്കുക: ''ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലെ ബെഡിലാണ് കിടക്കുന്നത്. വേറെ എങ്ങും നിര്‍ത്താനിടമില്ലാത്തതിനാല്‍ രണ്ട് കുഞ്ഞുങ്ങളും ഒപ്പമുണ്ട്. കുഞ്ഞുങ്ങളുടെ കൊവിഡ് ടെസ്റ്റ് പോലും ഇത് വരെ നടത്തിയിട്ടില്ല. മരുന്നും ചികിത്സയും മാത്രമല്ല വിശന്നാല്‍ ആഹാരമോ കുടിവെള്ളമോ പോലും ഇല്ലാത്ത അവസ്ഥയാണ്.''

പറഞ്ഞുവന്നത്, ഈ മനുഷ്യരോട് നമ്മള്‍ അടങ്ങുന്ന സമൂഹം ചെയ്യുന്ന ക്രൂരതകളാണ്. ഇത് ദില്ലിയിലെ മാത്രം കാര്യമാണെന്ന് കരുതരുത്. ലോകമെങ്ങൂം നിന്നുള്ള വാര്‍ത്തകളില്‍ സര്‍ക്കാറുകടെയും പൊതു സമൂഹത്തിന്റെയും നന്ദികേടിന്റെ അനേകം ഉദാഹരണങ്ങള്‍ കാണാം. മാസ്‌ക് പോലുമില്ലാതെ കൊവിഡ് പോരാട്ടത്തിനിറങ്ങേണ്ടി വന്ന അവസ്ഥയാണ് ഇറ്റലിയില്‍നിന്നുള്ള മലയാളി നഴ്‌സുമാര്‍ പറയുന്നത്. എങ്ങനെയെങ്കിലും കേരളത്തിലേക്ക് തിരിച്ചു വരണമെന്നാണ് അമേരിക്കയില്‍നിന്നുള്ളവര്‍ മാധ്യമങ്ങളോട് പറയുന്നത്. പല തരത്തിലുള്ള വിവേചനങ്ങളാണ് ഇവര്‍ അനുഭവിക്കുന്നത്. ഇതുപോലൊരു പോരാട്ടത്തിനിറങ്ങുമ്പോള്‍ അടിയന്തിരമായി വേണ്ട കവചകുണ്ഡലങ്ങള്‍ നല്‍കാതെയാണ് ഈ മനുഷ്യരെ പോര്‍മുഖത്തേക്ക് തള്ളിയിടുന്നത്. പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ് (പി പി ഇ) വേണമെന്നു പറഞ്ഞ് നിലവിളിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എത്രയെങ്കിലും ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ കാണാം. ഇതിന്റെ ബാക്കിപത്രമാണ് അമേരിക്കയില്‍നിന്നടക്കം വരുന്ന നഴ്‌സുമാരുടെ മരണ വാര്‍ത്തകള്‍. പരിചരണത്തിനു തൊട്ടുപിന്നാലെ, നൂറു കണക്കിന് നഴ്‌സുമാര്‍ കൊവിഡ് ബാധിതരാവുന്നത് ഇതു കൊണ്ടു തന്നെയാണ്. അവരുടെ കുടുംബങ്ങള്‍ രോഗപ്പകര്‍ച്ചയുടെ ഭീഷണിയിലാവുന്നതും അതിനാലാണ്. മുംബൈയില്‍ നിന്നും ദില്ലിയില്‍നിന്നുമൊക്കെയുള്ള വാര്‍ത്തകളില്‍, മനുഷ്യരാണെന്ന പരിഗണന പോലും ലഭിക്കാതെ പീഡിപ്പിക്കപ്പെടുന്ന നഴ്‌സുമാരുണ്ട്. നന്ദി ഒന്നും ഇവര്‍ ആവശ്യപ്പെടുന്നില്ല. മറ്റെല്ലാവര്‍ക്കും നല്‍കുന്ന പരിഗണനയെങ്കിലും നല്‍കിക്കൂടേ എന്നാണ് നിശ്ശബ്ദമായി അവര്‍ ചോദിക്കുന്നത്.  

അഞ്ച്

''കഴിഞ്ഞ ദിവസം ഒരു പോസിറ്റീവ് പേഷ്യന്റിന്റെ ട്രാന്‍സ്‌ഫെറിനായി പോകേണ്ടി വന്നു. ഞാന്‍ ഇന്‍വോള്‍വ്ഡ് ആയ ആദ്യത്തെ കേസാണ് . ടി വി യിലും മറ്റും മാത്രം കണ്ട കിറ്റുകള്‍ സ്വയമണിഞ്ഞു നിന്നപ്പോള്‍ എന്താണ് തോന്നുന്നതെന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നതിന് മുമ്പേ ഇറങ്ങി തിരിക്കേണ്ടി വന്നു . തിരിച്ചു വന്ന് ചേഞ്ചിങ് റൂമില്‍ ഇരുന്നപ്പോള്‍ ഐ ഫെല്‍റ്റ് ലൈക് എ സൂപ്പര്‍ ഹീറോ എന്ന് ഒരു സഹപ്രവര്‍ത്തകയുടെ ആത്മഗതം. എനിക്ക് തോന്നിയത് നേരെ മറിച്ചായിരുന്നു. വള്‍നറബില്‍ ആയ ഒരു ഹ്യൂമന്‍ ബീയിങ്. അതാണ് ആ അവസ്ഥയില്‍ എനിക്ക് തോന്നിയത്. ഹീറോയിസത്തിന്റെ ഒരു കണിക പോലുമെന്നില്‍ ഉണ്ടെന്ന് തോന്നിയില്ല ആ നിമിഷങ്ങളില്‍. സത്യത്തില്‍ തോന്നിയത്, അടക്കി പിടിക്കാതെ ഒന്ന് കരഞ്ഞു തീര്‍ക്കാനാണ് . പേടിയോ സങ്കടമോ ഒന്നുമായിട്ടല്ല, എന്നിട്ടും അങ്ങനെയാണ് തോന്നിയത്''

എഴുത്തുകാരി കൂടിയായ സിമ്മി കുറ്റിക്കാട്ട് ഫേസ് ബുക്കില്‍ എഴുതിയ വാക്കുകളാണ് ഇത്. ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസസില്‍ നഴ്‌സായ സിമ്മി കൊവിഡ് പ്രതിരോധ നിരയുടെ മുന്നണിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും, സിമ്മി പങ്കുവെയ്ക്കുന്നത്, മാലാഖയെന്നും പോരാളിയെന്നും പുറത്തുനിന്നും ആര്‍പ്പുവിളിക്കുന്ന നമുക്ക് അത്രയെളുപ്പം മനസ്സിലാവാത്ത ഒരു സാഹചര്യമാണ്. ഭയമല്ല അത്, വല്ലാത്ത നിസ്സംഗതയാണ്. അഭയമറ്റ നിലവിളി. അതുണ്ടാവുന്നത്, എന്താണ് ചുറ്റുമുള്ള യഥാര്‍ത്ഥ സാഹചര്യം എന്ന പൂര്‍ണ്ണ ബോധ്യത്തില്‍നിന്നാണ്.

കഴിഞ്ഞ നിപ കാലത്താണ് ലിനി പുതുശേരി എന്ന നഴ്‌സ് നമുക്കു മുന്നിലൂടെ മരണത്തിലേക്ക് മറഞ്ഞുപോയത്. കോഴിക്കോട് ചങ്ങരോത്ത് ഗ്രാമത്തിലെ സാബിത്തിന് പനി ബാധിച്ചപ്പോള്‍ അയാള്‍ ചെന്നത് ലിനി ജോലി ചെയ്തിരുന്ന പേരാമ്പ്ര താലൂക്കാശുപത്രിയിലേക്കാണ്. ദിവസവേതനത്തില്‍ ജോലി ചെയ്തിരുന്ന നഴ്‌സിങ് ജീവനക്കാരിയായിരുന്നു ലിനി. സാബിത് അഡ്മിറ്റ് ചെയ്യപ്പെട്ട രാത്രിയില്‍ അവര്‍  ഉറക്കമൊഴിച്ച് അയാളെ പരിചരിച്ചു. അസുഖം എന്താണ് എന്നറിയാതെ, വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതെ ആയിരുന്നു ആ പരിചരണം. താമസിച്ചില്ല, ലിനിക്കും നിപ ബാധിച്ചു. രോഗം മൂര്‍ച്ഛിച്ച് അവര്‍ മരിച്ചു. വൈറസ് ഏതെന്നു കണ്ടെത്തിയപ്പോള്‍ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  മതിയായ സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍, ലിനിയ്ക്ക് അതിനു സ്വന്തം ജീവന്‍ കൊടുക്കേണ്ടി വന്നു.

ഇതല്ല കൊറോണക്കാലത്തെ അവസ്ഥ. ഭ്രാന്തു പിടിച്ച ഒരു കൊലയാളിക്കടുത്തു നിന്നാണ് നമ്മുടെ നഴ്‌സുമാര്‍ വിശ്രമമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അവരില്‍ ചിലരുടെ കൈയില്‍ അതിനുള്ള സുരക്ഷാ വസ്ത്രങ്ങളുണ്ട്. മറ്റുചിലരുടെ കൈയില്‍ അതില്ല. അവര്‍ക്കൊപ്പം ആകെയുള്ളത്, സ്വന്തം ജോലിയോടുള്ള പ്രതിബദ്ധതയും മറ്റു മനുഷ്യരെ മരണത്തില്‍നിന്ന് കരകയറ്റണമെന്ന ആഗ്രഹവും മാത്രമാണ്. സൂപ്പര്‍ ഹീറോ ആണെന്നൊക്കെ പറയാന്‍ എളുപ്പമാണ്. കുഴിബോംബുകള്‍ മറഞ്ഞിരിക്കുന്ന യുദ്ധക്കളങ്ങളില്‍, മരണത്തിനു മുന്നില്‍ നിസ്സംഗമായി  നിന്നുകൊടുക്കുക എന്നതല്ലാതെ ഒരു സൂപ്പര്‍ ഹീറോയ്ക്കും പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടാവില്ല. അങ്ങനെയാരു സാഹചര്യത്തില്‍, ഈ മനുഷ്യരുടെ ജീവന്‍ കാക്കേണ്ട ഉത്തരവാദിത്തം നമുക്കാണ്, സമൂഹത്തിനാണ്, സര്‍ക്കാറുകള്‍ക്കാണ്. സര്‍വ്വതും ത്യജിച്ച്, മറ്റുള്ളവര്‍ക്കു വേണ്ടി അപായസാദ്ധ്യതകളുടെ മുനമ്പിലേക്ക് ഇറങ്ങുന്ന ഈ സഹജീവികള്‍ക്ക് വേണ്ടി നമ്മള്‍ ശബ്ദമുയര്‍ത്തിയേ മതിയാവൂ. കാരണം, മാലാഖയോ പോരാളിയോ സൂപ്പര്‍ ഹീറോയോ ഒന്നുമല്ലാത്ത സാധാരണ മനുഷ്യരാണ് അവര്‍. നമ്മുടെ സ്വന്തം സഹജീവികള്‍.

ഓര്‍ക്കുക, റീ ടേക്കുകള്‍ ഒട്ടും സാദ്ധ്യമല്ലാത്ത ഒരു സിനിമയിലാണ് നാമിപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.

 

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 
ആദ്യ ദിവസം:'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?
അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?
ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!
ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?
എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?
ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

പത്താം ദിവസം:കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?
പതിനൊന്നാം ദിവസം: നമ്മള്‍ ഉണ്ടുറങ്ങുന്ന ബിഗ് ബോസ് വീടുകള്‍
പന്ത്രണ്ടാം ദിവസം: പൂ പോലുള്ള കുട്ടികള്‍, പുല്ലുതിന്നുന്ന കുട്ടികള്‍
പതിമൂന്നാം ദിവസം: മരിച്ചില്ലായിരുന്നുവെങ്കില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് കെ. എം ബഷീര്‍ എന്ത് ചെയ്യുകയാവും?

പതിനാലാം ദിവസം: അടുക്കള ഒരത്ഭുത ലോകമാണ്, കേരളവും! 

click me!