മരിച്ചില്ലായിരുന്നുവെങ്കില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് കെ. എം ബഷീര്‍ എന്ത് ചെയ്യുകയാവും?

By Rasheed KP  |  First Published Apr 6, 2020, 10:37 PM IST

കൊറോണക്കാലത്ത് കെ. എം ബഷീറിനെ ഓര്‍ക്കുമ്പോള്‍...ലോക്ക് ഡൗണ്‍ കുറിപ്പുകള്‍ പതിമൂന്നാം ദിവസം. കെ. പി റഷീദ് എഴുതുന്നു


ബഷീര്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തനം എന്ന ലക്ഷ്യത്തിനായി ഒപ്പം ഓടുന്ന മറ്റനേകം മനുഷ്യര്‍ക്കും ഇതേ അവസ്ഥ തന്നെയാണ്. ബാക്കിയെല്ലാവരും ലോക്ക്ഡൗണായി വീട്ടിലിരിക്കുമ്പോള്‍, അപകടങ്ങള്‍ പതിയിരിക്കുന്ന പുറംലോകത്തിലൂടെ ഓടിനടക്കുന്നവര്‍. ആവശ്യത്തിനുള്ള സുരക്ഷാ സജ്ജീകരണമോ സംവിധാനങ്ങളോ ഒന്നുമുണ്ടാവണമെന്നില്ല. എങ്കിലും, ഉള്ളില്‍നിന്നു വരുന്ന ഊര്‍ജത്തില്‍, ധൈര്യത്തില്‍ ഓടിക്കൊണ്ടിരിക്കും. അത് ചിലപ്പോള്‍ അനേകം കൊവിഡ് രോഗികളുള്ള ആശുപത്രിയിലേക്കായിരിക്കും. രോഗം ഭേദമായി പുറത്തിറങ്ങുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനായിരിക്കും. ചുറ്റിലും അപകടസാദ്ധ്യതകള്‍ മാത്രമായിരിക്കും. കൈയിലുണ്ടാവുക

 

Latest Videos

undefined

 

കൊറോണ വൈറസ്, കൊവിഡ് 19, ലോക്ക്ഡൗണ്‍. ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എന്തൊക്കെയാണ് നിങ്ങള്‍ക്ക് ഓര്‍മ്മ വരുന്നത്?

ഈ ചോദ്യത്തിന് ഓരോരുത്തര്‍ക്കും ഓരോ ഉത്തരങ്ങളുണ്ടാവും. അറിവും അനുഭവവും അനുസരിച്ച് പലതരം ഉത്തരങ്ങള്‍. ജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന വ്യത്യസ്തമായ ഓര്‍മ്മകള്‍.  

അങ്ങനെയെങ്കില്‍, തിരുവനന്തപുരം മ്യൂസിയത്തിനു മുന്നില്‍, അതിവേഗം പാഞ്ഞുവന്നൊരു കാറിടിച്ച് കൊല്ലപ്പെട്ട, മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിന്റെ കുടുംബാംഗങ്ങളുടെയും ഉറ്റവരുടെയും ഓര്‍മ്മയില്‍ ഈ കൊറോണക്കാലം എന്താവും ബാക്കിയാക്കുക? കൊവിഡ് 19 എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ആരുടെ മുഖമായിരിക്കും അവരുടെ മുന്നിലെത്തുക?

ഏറ്റവും ചുരുങ്ങിയത് അവരുടെ മനസ്സിലെങ്കിലും അത് കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ പുതുതായി നിയമിതനായ ഒരുദ്യോഗസ്ഥന്റെ മുഖമായിരിക്കും. പുതിയ വൈറസിനെതിരെ കൈയുംമെയ്യും മറന്ന് കേരളമാകെ ഒറ്റക്കെട്ടായി നിന്നു പൊരുതുന്ന നേരം, ആ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിയിലേക്ക് സര്‍ക്കാര്‍ കൈ പിടിച്ചുകൊണ്ടുവന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍. ആരോഗ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള കൊവിഡ് 19 സ്‌പെഷ്യല്‍ ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍. ലോക്ക്ഡൗണ്‍ നേരങ്ങളില്‍, വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറയുന്ന ആ ഐ എ എസ് ഉദ്യോഗസ്ഥനെ ബഷീറിന്റെ ഉറ്റവര്‍ എങ്ങനെ മറക്കാനാണ്?

വീട് ബഷീറിന്റെ വലിയൊരു സ്വപ്‌നമായിരുന്നു. അത് പണിപൂര്‍ത്തിയായപ്പോള്‍ അവിടെത്തന്നെ കുറേ നാളുകള്‍ നില്‍ക്കാന്‍ അയാള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ജോലി തിരുവനന്തപുരത്തും വീട് മലപ്പുറത്തും ആയിരിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ച് അതെങ്ങനെ നടക്കും?  അതിനാല്‍, കോഴിക്കോട്ടേക്ക് ഒരു ട്രാന്‍സ്ഫര്‍ വാങ്ങാനുള്ള ശ്രമത്തിലായിരുന്നു ബഷീര്‍. കുറഞ്ഞ കാലം കൊണ്ട്, തിരുവനന്തപുരത്താകെ നിറഞ്ഞ ഗാഢബന്ധങ്ങള്‍ മുറിച്ച്, നാട്ടിലേക്ക് മടങ്ങാന്‍ മാത്രം തീവ്രമായിരുന്നു ആ ആഗ്രഹം. അതു നടന്നിരുന്നെങ്കില്‍, മ്യൂസിയത്തിനു മുന്നില്‍ ഭ്രാന്തുപിടിച്ച് പാഞ്ഞുവന്ന നീലനിറമുള്ള കൊലയാളിക്കാറിനു ചെന്നുമുട്ടാന്‍ അയാളുണ്ടാവില്ലായിരുന്നു. നമ്മളെയാകെ ഞെട്ടിച്ച ആ മരണത്തിനു നാലു മാസം മുമ്പു മാത്രം കയറിത്താമസിച്ച ആ വീട്ടിലിപ്പോള്‍ ലോക്ക്ഡൗണ്‍ കഥകള്‍ വായിച്ചും വാര്‍ത്തകള്‍ കോഡിനേറ്റ് ചെയ്തും അയാളും ഉണ്ടാവുമായിരുന്നു.

എന്നിട്ടും, വാണിയന്നൂരിലെ വീട്ടില്‍ അയാളില്ല. കൊവിഡ് 19 വാര്‍ത്തകള്‍ ടിവിയില്‍ നിറയുന്ന സമയത്ത് അവിടെയുണ്ടാവുക ഭാര്യ ജസീലയും മക്കളായ ജന്നയും അസ്മിയും. ബഷീറും ജസീലയും തമ്മില്‍ അഞ്ചു വയസ്സിന്റെ വ്യത്യാസമാണ്. അയാളുടെ പിന്തുണയിലും താല്‍പ്പര്യത്തിലുമാണ് അവള്‍ ഡിഗ്രി മലയാളം പഠിച്ചത്. എല്ലാത്തിനും അയാളെ ആശ്രയിക്കുന്ന, അതിഷ്ടപ്പെടുന്ന അവളോട്, സര്‍ക്കാര്‍ ജോലി നേടണമെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ പറ്റണമെന്നുമൊക്കെ പറയാറുണ്ടെന്ന് വനിത മാസികയ്ക്കു നല്‍കിയ ഒരഭിമുഖത്തില്‍ ജസീല ഓര്‍ക്കുന്നുണ്ട്.  ''കല്യാണം കഴിഞ്ഞതു മുതല്‍ എല്ലാ പി എസ് സി പരീക്ഷകളും എഴുതിച്ചിട്ടുണ്ട്. അവസാനം വിളിച്ചപ്പോഴും പിഎസ് സി പരീക്ഷയെക്കുറിച്ചു പറഞ്ഞാണ് വച്ചത്.'' ആ ജസീലയ്ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ ജോലിയുണ്ട്. ബഷീറിന്റെ മരണശേഷം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അവള്‍ക്ക് മലയാളം സര്‍വകലാശലയില്‍ അസി. ഗ്രേഡ് ജോലി നല്‍കുകയായിരുന്നു. റിട്ടയര്‍ ചെയ്തു കഴിഞ്ഞാല്‍, വീട്ടിലിരുന്ന് കുറേ പുസ്തകങ്ങളൊക്കെ എഴുതണമെന്ന ബഷീറിന്റെ ആഗ്രഹം അഭിമുഖത്തില്‍ അവള്‍ ഓര്‍ക്കുന്നുണ്ട്. ആളുകള്‍ക്ക് ചികില്‍സാ സഹായവും മറ്റും ലഭ്യമാക്കാനുള്ള  സന്നദ്ധ സംഘടന പോലൊന്നും ബഷീറിന്റെ ഉള്ളിലുണ്ടായിരുന്നു.  തിരുവനന്തപുരം ആര്‍സിസിയിലേക്കൊക്കെ പോവുന്ന നാട്ടുകാരുടെയെല്ലാം അത്താണിയായിരുന്നു അയാള്‍. രോഗികള്‍ക്ക് ടോക്കണ്‍ കിട്ടാനും മറ്റുമായി ബഷീര്‍ ആശുപത്രികളില്‍ വിളിച്ചുകൊണ്ടിരിക്കുന്നത് തിരുവനന്തപുരത്തെ സുഹൃത്തുക്കളും ഓര്‍ക്കുന്നുണ്ട്.

ബഷീര്‍ ഇല്ലാതാവുന്ന നേരത്ത് അസ്മി കുഞ്ഞുകുട്ടിയായിരുന്നു. ഒമ്പതു മാസമുള്ള ഇള്ളക്കുട്ടി. ജന്ന രണ്ടാം ക്ലാസില്‍. മരിക്കുന്നതിന് തലേന്നായിരുന്നു അവള്‍ അബ്ബയോട് കുറച്ചു നേരം മിണ്ടിയത്. പിറ്റേന്ന് രാത്രി പതിനൊന്നരയ്ക്ക് വീട്ടിലും പുറത്തും ആളുകള്‍ നിറഞ്ഞ നേരത്ത് അല്‍പ്പ നേരം മാത്രം അവള്‍ക്ക് അബ്ബയെ കാണാനായി.

അവള്‍ക്കിപ്പോള്‍ സ്‌കൂളില്ല. കൊറോണ കാരണം  അടച്ചതാണ്. പരീക്ഷയോ പാഠപുസ്തകമോ ഒന്നുമോര്‍ക്കാതെ കുഞ്ഞനിയത്തിയെ നോക്കി നടക്കുകയാണ്, ജന്ന എന്ന ഇത്താത്ത.  

രണ്ട്

ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഈ ലോക്ക്ഡൗണ്‍ കാലത്ത് കെ. എം ബഷീര്‍ എന്തുചെയ്യുകയായിരിക്കും?  അയാള്‍ ആഗ്രഹിച്ചതുപോലെ ട്രാന്‍സ്ഫര്‍ ഒന്നും വന്നില്ലെങ്കില്‍, തിരുവനന്തപുരത്തുതന്നെ കാണണം. വീട്ടില്‍നിന്നും ഫീല്‍ഡില്‍നിന്നും ഡെസ്‌കില്‍നിന്നുമായി കൊറോണ വാര്‍ത്തകളെ സമഗ്രമായി കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ അയാളുമുണ്ടാവും. വാര്‍ത്തകളുടെ ഏകോപനത്തിന്റെ ചുമതല ഉള്ളതിനാല്‍,  ഫീല്‍ഡില്‍ തന്നെ ഓടിനടക്കാനാവും ബഷീര്‍ താല്‍പ്പര്യപ്പെടുക. അങ്ങനെയെങ്കില്‍, ഓരോ പുതിയ വിവരങ്ങള്‍ക്കുമായി അയാളും പാഞ്ഞുനടക്കുന്നുണ്ടാവും.

രാവിലെത്തന്നെ വീട്ടില്‍നിന്നിറങ്ങുന്ന അയാള്‍ പൊലീസുകാര്‍ക്ക് ഐഡി കാര്‍ഡ് കാണിച്ച് ഓഫീസിലേക്ക് എത്തും. അവിടെനിന്ന് പ്രധാന പരിപാടികള്‍ പ്ലാന്‍ ചെയ്ത്, ബ്യൂറോ യോഗവും കഴിഞ്ഞ്, പ്രസ് ക്ലബിലേക്കോ വാര്‍ത്തകള്‍ സംഭവിക്കുന്ന ഇടങ്ങളിലേക്കോ പായും.  മെഡിക്കല്‍ കോളജ് ആശുപത്രിക്കും ആരോഗ്യ വകുപ്പ് കാര്യാലയത്തിനും മുഖ്യമന്ത്രിയുടെ പത്രസമ്മേളന വേദിയിലും ഒക്കെയായി ബൈക്കിലോ സുഹൃത്തുക്കളുടെ വാഹനത്തിലോ ആയുള്ള ഓട്ടങ്ങള്‍. പത്രത്തിലാണെങ്കിലും ഓണ്‍ലൈനിനുവേണ്ടി അതിവേഗം വാര്‍ത്തകള്‍ എത്തിക്കേണ്ടതിനാല്‍, ഒഴിവുള്ള ഇടങ്ങളില്‍ ലാപടോപ്പുമായി ഇരുന്ന് തുരുതുരാ ടൈപ്പ് ചെയ്യുന്നുണ്ടാവുമയാള്‍. വാര്‍ത്തകള്‍ പൊട്ടിപ്പുറപ്പെടുന്ന ഇടങ്ങളില്‍ മറ്റെല്ലാം മറന്ന് കാത്തിരിക്കുന്ന സഹപ്രവര്‍ത്തകരോട് തമാശ പറഞ്ഞോ പുതിയ സംഭവങ്ങള്‍ ചര്‍ച്ച ചെയ്‌തോ നില്‍പ്പുണ്ടാവുമയാള്‍. വിവരങ്ങള്‍ അപ്പഴപ്പോള്‍ ഓഫീസിലേക്ക് മൊബൈല്‍ ഫോണില്‍ വിളിച്ചറിയിച്ചും സഹപ്രവര്‍ത്തകരുമായി ഇടയ്ക്കിടെ ബന്ധപ്പെട്ടും മറ്റെല്ലാം മറക്കുന്ന നേരങ്ങളാവും അയാളുടേത്.

മൂന്ന്

ബഷീര്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തനം എന്ന ലക്ഷ്യത്തിനായി ഒപ്പം ഓടുന്ന മറ്റനേകം മനുഷ്യര്‍ക്കും ഇതേ അവസ്ഥ തന്നെയാണ്. ബാക്കിയെല്ലാവരും ലോക്ക്ഡൗണായി വീട്ടിലിരിക്കുമ്പോള്‍, അപകടങ്ങള്‍ പതിയിരിക്കുന്ന പുറംലോകത്തിലൂടെ ഓടിനടക്കുന്നവര്‍. ആവശ്യത്തിനുള്ള സുരക്ഷാ സജ്ജീകരണമോ സംവിധാനങ്ങളോ ഒന്നുമുണ്ടാവണമെന്നില്ല. എങ്കിലും, ഉള്ളില്‍നിന്നു വരുന്ന ഊര്‍ജത്തില്‍, ധൈര്യത്തില്‍ ഓടിക്കൊണ്ടിരിക്കും. അത് ചിലപ്പോള്‍ അനേകം കൊവിഡ് രോഗികളുള്ള ആശുപത്രിയിലേക്കായിരിക്കും. രോഗം ഭേദമായി പുറത്തിറങ്ങുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനായിരിക്കും. ചുറ്റിലും അപകടസാദ്ധ്യതകള്‍ മാത്രമായിരിക്കും. കൈയിലുണ്ടാവുക വെറുമൊരു മാസ്‌ക്കാവും. കാതിലുണ്ടാവുക  'അല്‍പ്പം കൂടി പുറകോട്ട് നില്‍ക്കെടാ' എന്ന് വാര്‍ത്താ ഡെസ്‌കുകളില്‍നിന്ന് സുഹൃത്തുക്കള്‍ വിളിച്ചറിയിക്കുന്ന മുന്നറിയിപ്പുകളാവും. അത്രതന്നെ. എത്രയും വേഗം വാര്‍ത്തകള്‍ എത്തിക്കാനുള്ള ധൃതി. സ്വന്തം ജീവിതമോ ആരോഗ്യമോ ഒന്നും നോക്കാനുള്ള മാനസികാവസ്ഥ ആയിരിക്കില്ല അപ്പോള്‍. തുടര്‍ച്ചയായ ദിവസങ്ങളില്‍ വിശ്രമമില്ലാതെ വാര്‍ത്തകള്‍ക്കു പിന്നാലെ വെരുകിനെപ്പോലെ ഈ മനുഷ്യര്‍ ഓടിക്കൊണ്ടിരിക്കുന്നതു കൊണ്ടാണ് ലോക്ക്ഡൗണ്‍ ആലസ്യത്തില്‍ പത്രത്തിനോ ടിവിക്കു മുന്നിലിരുന്നാല്‍ നമുക്ക് വിവരങ്ങള്‍ അറിയാനാവുന്നത്. അവര്‍ക്കുമുണ്ടാവും വീടുകള്‍. അവിടെ ഉറ്റവര്‍. ലോക്ക്ഡൗണ്‍ നേരങ്ങളിലെ സന്തോഷം നിറഞ്ഞ കുടുംബ വിശ്രമ വേളകള്‍.

ഇതൊന്നും പക്ഷേ, ആരും കണ്ടെന്നു നടിക്കണമെന്നില്ല. കൊവിഡ് കാലത്ത് ജീവന്‍ പണയം വെച്ചു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് വാഗ്ദാനങ്ങള്‍ ഒരുങ്ങുമ്പോള്‍, അക്കൂട്ടത്തില്‍ സമാനസാഹചര്യങ്ങളില്‍ അപകടമുനമ്പുകളില്‍ പാഞ്ഞുനടക്കുന്ന മാധ്യമപ്രവര്‍ത്തകരുണ്ടാവണമെന്നില്ല. അതിനാലാണ്, കൊവിഡ്  ഇന്‍ഷുറന്‍സ് പരിധിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇടം വേണമെന്ന ആവശ്യമുയര്‍ന്നത്. അതാരും കേള്‍ക്കാതിരുന്നതും.

നാല്

ലോക്ക് ഡൗണ്‍ വീടുകളില്‍, ഇപ്പോള്‍ ടിവി ചാനലുകളുടെ നേരമായിരിക്കും. അതില്‍, വാര്‍ത്തകള്‍. കൊറോണ വൈറസ് പുതുതായി തൊട്ടവരുടെ വിവരങ്ങള്‍. എസോലേഷന്‍ മുറികളിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍. ടെസ്റ്റുകളില്‍ പോസിറ്റീവ് എന്നു തെളിഞ്ഞ്, ഒരു മഹാമാരിയുടെ ഇരുണ്ട ഇടനാഴികളില്‍ ഒറ്റയ്ക്ക് നടക്കാന്‍ വിധിക്കപ്പെട്ടവര്‍. രോഗം നെഗറ്റീവെന്ന് അറിഞ്ഞ സന്തോഷങ്ങളില്‍നിന്ന് സ്വന്തം വീടുകളുടെ, ഇടങ്ങളുടെ സുരക്ഷയിലേക്ക് തിരിച്ചുപോവുന്നവര്‍. മരിച്ചുപോയവര്‍. അവസാനമായി ഉറ്റവര്‍ക്കൊന്ന് കാണാന്‍ പോലും അവസരമില്ലാതെ, ലോകത്തുനിന്ന് മുറിഞ്ഞുപോയവര്‍. അവരുടെ സംസ്‌കാര ചടങ്ങുകള്‍. പിന്നെ, വീടകങ്ങളില്‍ മനുഷ്യര്‍ അടഞ്ഞുപോയ ലോക്ക്ഡൗണ്‍ നേരങ്ങള്‍. അടഞ്ഞുപോവാന്‍ വീടില്ലാത്തവര്‍. ജോലിയില്ലാതെ, അടുപ്പു പുകയാതായ വീടുകള്‍. മദ്യം കിട്ടാതെ, ആത്മാഹുതിയിലേക്ക് നടന്നുപോയവര്‍.

എല്ലാറ്റിനുമൊപ്പം, ചില ക്യാമറകളുണ്ടാവും. അതിനു പിന്നില്‍ ചില മനുഷ്യരുണ്ടാവും. അവര്‍ക്കൊപ്പം, ചില മാധ്യമ സ്ഥാപനങ്ങളുടെ പേരെഴുതിയ മൈക്കുകള്‍. ഓരോ വാര്‍ത്താനിമിഷങ്ങളും പ്രിന്റിലൂടെയും ടിവിയിലൂടെയും ഓണ്‍ലെനിലൂടെയും മറ്റു മനുഷ്യരിലെത്തിക്കാന്‍ പാഞ്ഞു നടക്കുന്ന ചിലര്‍. പറഞ്ഞുവരുമ്പോള്‍, അത് വലിയൊരു കൂട്ടം. വാര്‍ത്തകള്‍ക്കൊപ്പം ജീവിക്കുന്നവര്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ നമ്മുടെ സ്വീകരണമുറിയിലെത്തിക്കുന്നവര്‍. അതിനായി അവര്‍ നടത്തുന്ന ഓട്ടങ്ങളുടെ കൂടെ ചരിത്രമാണ് ഈ കോവിഡ് കാലം. അവരില്ലാതെ, വീടകങ്ങളില്‍ അടഞ്ഞുപോയ ഉറ്റവരുടെ കൂടി അനുഭവങ്ങളാണ് ലോക്ക് ഡൗണ്‍ നേരങ്ങള്‍.

കെ. എം ബഷീര്‍ ഓര്‍മ്മിപ്പിക്കുന്നത്, ഒപ്പമോടിയ അനേകം മനുഷ്യരെക്കൂടിയാണ്.

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 
ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?
അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?
ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!
ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?
എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?
ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

പത്താം ദിവസം:കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?
പതിനൊന്നാം ദിവസം: നമ്മള്‍ ഉണ്ടുറങ്ങുന്ന ബിഗ് ബോസ് വീടുകള്‍
പന്ത്രണ്ടാം ദിവസം: പൂ പോലുള്ള കുട്ടികള്‍, പുല്ലുതിന്നുന്ന കുട്ടികള്‍

click me!