പൂ പോലുള്ള കുട്ടികള്‍, പുല്ലുതിന്നുന്ന കുട്ടികള്‍

By Rasheed KP  |  First Published Apr 5, 2020, 11:04 PM IST

വീടകങ്ങളില്‍ നമ്മുടെ കുട്ടികള്‍ ജീവിക്കുന്ന വിധം. ലോക്ക്ഡൗണ്‍ കുറിപ്പുകള്‍ പന്ത്രണ്ടാം ദിവസം. കെ പി റഷീദ് എഴുതുന്നു


നമ്മുടെ വീടുകള്‍ വെറും വീടുകള്‍ മാത്രമല്ല, ചില ഇടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് അത് പീഡനകേന്ദ്രങ്ങള്‍ കൂടിയാണ്. അതങ്ങനെ ആക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ്. കുഞ്ഞുങ്ങളെ നല്ല വഴിക്ക് എത്തിക്കാന്‍ അടി മാത്രമാണ് മരുന്ന് എന്നു വിശ്വസിക്കുന്ന ചിലര്‍. നിരന്തര വഴക്കുകളുടെ കലിപ്പ് കുട്ടികളുടെ മേല്‍ തീര്‍ക്കുന്ന മറ്റു ചിലര്‍. കലി തീരുവോളം കുട്ടികളെ തല്ലിച്ചതയ്ക്കുന്ന, ക്ഷിപ്രകോപം കുട്ടികളുടെ മേല്‍ സദാ തീര്‍ക്കുന്ന, യന്ത്രങ്ങളെ പോലെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ശ്രമിക്കുന്ന വേറെ ചിലര്‍. ശാരീരിക- മാനസിക പീഡനങ്ങളുടെ ഗാര്‍ഹിക ചന്തകള്‍.

 

Latest Videos

 

ലോക്ക് ഡൗണ്‍ മറികടക്കാന്‍ അഞ്ചനെ ആരും പഠിപ്പിക്കേണ്ടതില്ല. സെറിബ്രല്‍ പാല്‍സിക്കൊപ്പമുള്ള ജീവിതം അവനെ അതിന് പ്രാപ്തനാക്കിയിട്ടുണ്ട്. ഏതെങ്കിലും വീട്ടുമുറിയില്‍ എന്നേക്കുമായി അടഞ്ഞുപോവേണ്ടിയിരുന്ന ജീവിതത്തെ  ഭാവനയും പ്രതിഭയും സര്‍ഗാത്മകതയും കൊണ്ടാണ് അവന്‍ മാറ്റിവരച്ചത്. അതിന്റെ വഴികളില്‍ അവനൊപ്പം അമ്മയും അച്ഛനുമുണ്ടായിരുന്നു. മകന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി സ്വന്തം ജീവിതങ്ങള്‍ മാറ്റിവെച്ച രണ്ട് മനുഷ്യര്‍. അടഞ്ഞുപോവലിന്റെ ആഴം സ്വയമറിയുന്നതു കൊണ്ടുതന്നെയാണ് ലോക്ക്ഡൗണ്‍ കാലത്ത്  വീടുകളില്‍ അടഞ്ഞുപോയ കുട്ടികളെക്കുറിച്ച് അവനാലോചിച്ചത്. അവര്‍ക്ക് ചിത്രം വര പഠിപ്പിക്കാനായി വാട്ട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്. ദിവസം ഏറെ മണിക്കൂറുകള്‍ അതിനായി ചെലവിടുന്നത്. നൂറ്റമ്പതിലേറെ കുട്ടികളുണ്ട് ഇപ്പോള്‍ അവന്റെ വാട്ട്‌സാപ്പ് ക്ലാസില്‍.

പതിനേഴു വര്‍ഷം മുമ്പാണ് അഞ്ചനെ ആദ്യമായി കാണുന്നത്. സെറിബ്രല്‍ പാല്‍സിയെ മറികടന്ന് ഒരു കുട്ടി വരച്ച ചിത്രങ്ങള്‍ എറണാകുളം മഹാരാജാസ് കോളജില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നറിഞ്ഞു പോയതായിരുന്നു. കുട്ടികള്‍ക്കു മാത്രം വരയ്ക്കാനാവുന്ന ഭൂമിയും ജീവിതവുമായിരുന്നു പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങളില്‍. ശാരീരിക അവശതകള്‍ വകവെയ്ക്കാതെ, ഭംഗിയായി വസ്ത്രം ധരിച്ച്, ഒരു കൊച്ചുകുട്ടി അതിനരികെ നിന്നിരുന്നു. അവനരികെ, അന്ന് ഫെഡറല്‍ ബാങ്കില്‍ ജോലിയുണ്ടായിരുന്ന അച്ഛന്‍ സതീഷും അമ്മ ലതികയും. അവരോട് ഏറെ നേരം സംസാരിച്ചശേഷം അന്നെഴുതിയ ഫീച്ചര്‍ സ്‌റ്റോറിയുടെ തലക്കെട്ട്, 'അഞ്ചന്റെ മഴവില്ലാകാശങ്ങള്‍' എന്നോ മറ്റോ ആയിരുന്നു.

അതു കഴിഞ്ഞ് ഇത്ര കാലങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടകങ്ങളില്‍പ്പെട്ട കുട്ടികളെ വാട്ട്‌സപ്പിലൂടെ ചിത്രം വരപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഭിന്നശേഷിയുള്ള ചെറുപ്പക്കാരനെക്കുറിച്ചുള്ള വാര്‍ത്ത കണ്ടാണ് ശ്രദ്ധിച്ചത്. അത് അവനായിരുന്നു. കൊച്ചിയിലെ അഞ്ചന്‍ സതീഷ്. പഴയ കുട്ടിയല്ല,  30 വയസ്സുള്ള ഒത്ത യുവാവ്. ആ വാട്ട്‌സാപ്പ് നമ്പറില്‍ വിളിച്ചപ്പോള്‍, അച്ഛന്‍ സതീഷിനെ കിട്ടി. അദ്ദേഹം ബാങ്കില്‍നിന്ന് റിട്ടയര്‍ ചെയ്തിരിക്കുന്നു. എങ്കിലും ജീവിതം ഇന്നും അഞ്ചനൊപ്പം. 'ഇപ്പോഴും അവന് സംസാരിക്കാനൊന്നും പറ്റില്ല, അവന്റെ കാതും നാവുമെല്ലാം ഇന്നും ഞങ്ങള്‍ തന്നെയാണ്'-ഫോണിന്റെ മറ്റേത്തലയ്ക്കല്‍ അദ്ദേഹം പറഞ്ഞു.

 

അഞ്ചന്‍ സതീഷ്

 

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന തൃപ്പൂണിത്തുറക്കടുത്തുള്ള ആദര്‍ശ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ചിത്രകലാധ്യാപകനാണ് ഇന്ന് അഞ്ചന്‍. 2015-ല്‍ കേന്ദ്ര സര്‍ക്കാറിന്റെ 'ദ് മോസ്റ്റ് ക്രിയേറ്റീവ് അഡല്‍റ്റ് വിത് ഡിസബിലിറ്റീസ്' ദേശീയ പുരസ്‌കാരം നേടി. തൊട്ടടുത്ത വര്‍ഷം എബിലിറ്റി ഫൗണ്ടേഷന്‍ അവാര്‍ഡ്. പിന്നെയുമൊരുപാട് പുരസ്‌കാരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ഐക്കണ്‍. എന്നാല്‍, ഇതിനെക്കുറിച്ചൊന്നുമായിരുന്നില്ല അഞ്ചന് പറയാനുണ്ടായിരുന്നത്.

അച്ഛന്റെ നാവിലൂടെ അവന്‍ പറഞ്ഞത്,  ലോക്ക്ഡൗണ്‍ കാലത്ത് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന, നാമാരും ശ്രദ്ധിക്കാത്ത അവസ്ഥകളാണ്. ദിവസവും സ്‌കൂളില്‍ച്ചെന്ന്, പല തലങ്ങളിലുള്ള പ്രത്യേകപരിശീലനം നേടി മുന്നോട്ടുപോവുന്നവരാണ്, സെറിബ്രല്‍ പാല്‍സി, ഓട്ടിസം എന്നിങ്ങനെ രോഗങ്ങളുള്ള കുഞ്ഞുങ്ങള്‍. അവര്‍ക്ക് നിത്യപരിശീലനം വേണം. അത് മുടങ്ങിയാല്‍ പിന്നെ വീണ്ടും ആദ്യം മുതല്‍ തുടങ്ങണ്ടേി വരും. അതീവകൃത്യതയോടെ നടത്തേണ്ട പരിശീലനം വീടുകളില്‍ അവര്‍ക്കൊരിക്കലും ആ വിധം ലഭ്യമാവില്ല. അതെ, അഞ്ചന്‍ പറയുന്നത്, ആ കുഞ്ഞുങ്ങളെക്കുറിച്ചാണ്. മറ്റാരെപ്പോലുമാവില്ല, ലോക്ക്ഡൗണ്‍ അവര്‍ക്കെന്നാണ്. അതിന്റെ തീവ്രത നന്നായി അറിയുന്നതുകൊണ്ടാണ്, അഞ്ചന്‍ തന്റെ വിഷമം  വീട്ടില്‍പറഞ്ഞത്. അങ്ങനെയാണ് അവനും അച്ഛനും അമ്മയും ആേലാചിച്ച്, വീട്ടകങ്ങളില്‍ കഴിയുന്ന ആ കുട്ടികള്‍ക്ക് ചിത്രപരിശീലനം തുടരുന്നതിന് വാട്ട്‌സപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. പിന്നെയാണ്, ലോക്ക്ഡൗണായ മറ്റു കുട്ടികള്‍ക്കുകൂടി ഉപകാരമാവുന്ന വിധം അവന്‍ മറ്റൊരു വാട്ട്‌സപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ലളിതമാണ് പരിശീലനം. ദിവസവും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ഗ്രൂപ്പില്‍ ചിത്രങ്ങള്‍ വരച്ചിടും. ഒപ്പം, അത് വരയ്ക്കാനുള്ള സചിത്രനിര്‍ദ്ദേശങ്ങളും. അത് നോക്കിപ്പഠിച്ച്, കുട്ടികള്‍ക്ക് ചിത്രം വരച്ച് ഗ്രൂപ്പിലിടാം. അതു കണ്ട്, വേണ്ട നിര്‍ദേശം നല്‍കും, അഞ്ചന്‍.

അഞ്ചനു കഴിയുന്നത് അവന്‍ ചെയ്യുന്നു. അതിനവനെ പ്രേരിപ്പിക്കുന്നത് അനുഭവങ്ങളാണ്. അടഞ്ഞുപോവുക എന്ന അവസ്ഥയുടെ തീക്ഷ്ണത ഉള്ളുകൊണ്ടറിഞ്ഞ ഒരു ചെറുപ്പക്കാരന്റെ തിരിച്ചറിവാണ് അത്.  അതിലേക്കാണ്, 150 -ലേറെ വീട്ടുമുറികളിലുള്ള കുട്ടികള്‍ വന്നുചേര്‍ന്നത്. എന്നാല്‍, അങ്ങനെയൊന്നും അവസരം കിട്ടാത്ത എത്ര കുട്ടികളുണ്ടാവും.? അവരുടെ അവസ്ഥകള്‍ എന്തായിരിക്കും? അങ്ങനെയൊരു ചോദ്യം കൂടി അഞ്ചന്റെ ചിന്തകള്‍ നമുക്കു മുന്നില്‍ വെയ്ക്കുന്നുണ്ട്. ആ വഴിക്കുപോയാല്‍, വന്‍ നഗരങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ നമ്മുടെ മുന്നിലേക്കു വരും. അച്ഛനമ്മമാര്‍ക്കൊപ്പം, അഞ്ഞൂറും അറുനൂറും കിലോ മീറ്റര്‍ ദൂരങ്ങളിലുള്ള വീടുകളിലേക്ക് പൊരിവെയിലില്‍ നടന്നുതുടങ്ങിയ കുട്ടികള്‍. നാട്ടിലെത്തിക്കാന്‍ ബസുണ്ടാവുമെന്നറിഞ്ഞ് ദല്‍ഹിയിലെ തെരുവുകളില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടങ്ങളിലെ വിശന്നുപൊരിഞ്ഞു തളര്‍ന്ന കുഞ്ഞുങ്ങള്‍. ലോക്ക്ഡൗണ്‍ ആയതോടെ ജോലി ഇല്ലാതായവരുടെ മക്കള്‍. ജീവിതമാര്‍ഗങ്ങള്‍ ഒന്നിച്ചടഞ്ഞതോടെ അടുപ്പില്‍ തീ പുകയാതായ അനേകം വീടുകളിലെ കുട്ടികള്‍. തെരുവു കുഞ്ഞുങ്ങള്‍, അനാഥര്‍.  അവരൊക്കെ എങ്ങനെയാവും ഈ ലോക്ക്ഡൗണ്‍ നാളുകള്‍ അതിജീവിക്കുന്നുണ്ടാവുക?

 

 

രണ്ട്

റാണി, പൂജ, വിശാല്‍, നീതു, സോണി, ഗോലു. പ്രധാനമ്രന്തിയുടെ മണ്ഡലമായ വാരാണസിയിലെ, വെറും അഞ്ചോ ആറോ വയസ്സുള്ള ഈ കുട്ടികളെ നമുക്കറിയാന്‍ വഴിയില്ല. എന്നാല്‍,  ഫോട്ടോ കണ്ടാല്‍, നമുക്കെന്തായാലും അവരെ ഓര്‍മ്മ കിട്ടുകതന്നെ ചെയ്യും. കാരണം, മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഇവരുടെ ഫോട്ടോ.

മുസാഹര്‍ സമുദായക്കാര്‍ താമസിക്കുന്ന ബസ്തിയില്‍ താമസിക്കുന്ന ഈ കുരുന്നുകള്‍ നിലത്ത് കുനിഞ്ഞിരുന്ന് പുല്ലുതിന്നുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ലോക്ക്ഡൗണ്‍ കാരണം മാതാപിതാക്കള്‍ക്ക് പണിയില്ലാതായി. വീട്ടില്‍ വിശപ്പു മാത്രമായി. അങ്ങനെ അവര്‍ അക്രി ' എന്നറിയപ്പെടുന്ന പുല്ലും കന്നുകാലികള്‍ക്ക് വൈക്കോലിനൊപ്പം കൊടുക്കുന്ന 'ഫലിയാന്‍' എന്ന കുരുവും കഴിച്ച് വിശപ്പടക്കി. നാലുനാളായി കുട്ടികള്‍ പട്ടിണിയിലായിരുന്നുവെന്നാണ് സംഭവം പുറത്തു കൊണ്ടുവന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ രാജ് കുമാര്‍ തിവാരി വ്യക്തമാക്കുന്നത്.

ആദ്യനാള്‍ സമീപത്തെ ഫാമിലെ ഉരുളക്കിഴങ്ങ് പെറുക്കി തിന്നു. അടുത്ത രണ്ടുനാള്‍ ഒരു വകയുമില്ലാതെ, പട്ടിണിയിരുന്നു. പിറ്റേന്നാണ് വിശപ്പ് സഹിക്കാനാകാതെ വെള്ളവും ഉപ്പും ചേര്‍ത്ത് പുല്ല് തിന്നത്. വാര്‍ത്ത പുറത്തുവന്നതോടെ അധികൃതരും സഹായവുമെത്തി. ഭക്ഷ്യവസ്തുക്കള്‍ വീടുകളിലെത്തി. ക്യാമറക്കണ്ണില്‍ പെട്ടതുകൊണ്ടാണ് ആ കുരുന്നുകള്‍ വാര്‍ത്തയായത്. ക്യാമറ കാണാത്ത കുട്ടികളുടെ പട്ടിണിയിലേക്ക് എവിടെ നിന്നാണ് സഹായം കിട്ടുക? അവരുടെ കണ്ണീര് ആരാണ് കാണുന്നുണ്ടാവുക?

ഇത്തരം കുരുന്നുകളുടേതു കൂടിയാണ് ഈ ലോക്ക്ഡൗണ്‍ നാളുകള്‍. ആരും കാണാനില്ലാത്ത, അവരുടെ ദൈന്യതകളുടേയും അരക്ഷിതാവസ്ഥകളുടെയും കൂടി നാളുകള്‍. ദാരിദ്ര്യമോ പട്ടിണിയോ ഫിക്ഷനല്ലാത്ത ഒരു രാജ്യമാണ്. അസംഘടിത തൊഴിലാളികളുടെ സ്വന്തം നാട്. അവിടെയാണ്, ഒരു നാള്‍ പൊടുന്നനെ തൊഴിലിടങ്ങള്‍ അടഞ്ഞുപോയത്. നാളുകളോളം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടായത്. വെറുതെ, ആലോചിച്ചു നോക്കിയാല്‍ മതി, അവിടെയൊക്കെ എത്ര കുഞ്ഞുങ്ങളുണ്ടാവും? അവിടെയൊക്കെ എത്ര അടുപ്പുകള്‍ പുകയാതുണ്ടാവും? പിന്നീടൊരിക്കല്‍ ആലോചിക്കുമ്പോള്‍ ഈ നാളുകള്‍ എങ്ങനെയാവും അവര്‍ക്ക് ഓര്‍ക്കാനാാവുക?


മൂന്ന്
കൂട്ടുകാരുടെ മകനാണ് രാഹുല്‍. ആറു വയസ്സ്. രണ്ട് സ്ഥാപനങ്ങളില്‍, രണ്ടു ഷിഫ്റ്റുകളില്‍ ജീവിതം ഓടിക്കൊണ്ടിരിക്കുന്ന അമ്മയെയും അച്ഛനെയും ഇത്രയടുത്ത് കിട്ടിയത് ആദ്യമായാണെന്ന് അവന്‍ പറയുന്നു. അതിനാല്‍, ലോക്ക്ഡൗണ്‍ അവനും അസാധാരണമായ സാഹചര്യമാണ്. അമ്മയും അച്ഛനും സദാസമയം അരികില്‍. ''എപ്പോ വേണമെങ്കിലും ഉറങ്ങാം, ഉണരാം, അതുതന്നെയാ അങ്കിളേ, ഇതിന്റെയൊരു രസം. പരീക്ഷയില്ല. പുസ്തകമില്ല. ഒന്നും പഠിക്കേണ്ട. എന്താ സുഖം?''-ലോക്ക്ഡൗണ്‍ അനുഭവം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ഇങ്ങനെ സംഗ്രഹിക്കാം.

സംഗതി ശരിയാണെന്ന് അവരുടെ ജീവിതം നന്നായറിയുന്ന ഒരാളെന്ന നിലയ്ക്ക് മനസ്സിലാവും  അലാറം വെച്ച് പായുന്ന ഒരോട്ടമല്‍സരമായിരുന്നു ഇത്രനാളും അവിടെ ജീവിതം. അവന്‍ രാവിലെ സ്‌കൂളില്‍ പോവും. അതു കഴിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് അമ്മ. വൈകിട്ട് മൂന്നു മണിക്ക് അച്ഛന്‍. സ്‌കൂള്‍ ബസ് അവനെ ആദ്യമെത്തിക്കും. വീടുതുറന്ന് അവന്‍ ടിവിക്കു മുന്നിലിരിക്കും. സന്ധ്യയാവുമ്പോള്‍, ഒരു കൈയില്‍ പച്ചക്കറികളും സാധനങ്ങളുമായി അമ്മ വരും. വന്നയുടന്‍ അടുക്കളയില്‍ കയറും. അവനു ഭക്ഷണം കൊടുക്കും. പാതിരായ്ക്ക് അച്ഛന്റെ ബൈക്ക് വീടണയുമ്പോള്‍ അവന്‍ ഉറങ്ങിയിരിക്കും. ഈ ശീലങ്ങളിലേക്കാണ്, ഒരവധി ദിവസത്തിലും സംഭവിക്കാത്തതുപോലെ അച്‌നമ്മമാരുടെ ഇള്ളക്കുട്ടിയായി, കൊഞ്ചിക്കുഴഞ്ഞ് കുസൃതികളുമായി അവന്‍ ഓടിനടക്കുന്നത്. അച്ഛനിപ്പോള്‍ ദിവസവും കഥ പറഞ്ഞു തരുന്നുണ്ടെന്ന്,  അമ്മ, രാത്രി വൈകുവോളം സിനിമ കാണാന്‍ ഒപ്പമിരിക്കാറുണ്ടെന്ന് അവന്‍ പറയുന്നു.

സമാനമാണ്, അടുത്തറിയുന്ന പലരുടെയും ലോക്ക് ഡൗണ്‍ ജീവിതം. ഏതാണ്ട് ഇതുപോലെയൊക്കെ ആവും മിക്ക വീടകങ്ങളിലും ലോക്ക്ഡൗണ്‍ വന്നുചേര്‍ന്നതും. മാതാപിതാക്കളും കുട്ടികളുമെല്ലാം അങ്ങേയറ്റം റിലാക്‌സ്ഡ് ആയ അവസ്ഥ. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് പാട്ടും വായനയും സിനിമയും ചിത്രംവരയും ഒക്കെയായി ജീവിതം സുഖകരമായി പോവുന്നു. എന്നാല്‍, പലയിടങ്ങളിലും സ്ത്രീകളുടെ അവസ്ഥ ഇതല്ല. അടുക്കളയും വീട്ടുജോലികളും തീര്‍ന്ന് ഒന്നു നടുനീര്‍ത്താന്‍ വഴി അന്വേഷിക്കുന്നവര്‍ ഒരുപാടുണ്ട്.  എന്നാല്‍, പുതിയ തലമുറയിലെ ചിലരെങ്കിലും ഒരുമിച്ച് വീട്ടുജോലികള്‍ ചെയ്യുന്നവരാണ്. 'നീയൊന്ന് വിശ്രമിക്ക്' എന്നു പറഞ്ഞ് ഭാര്യമാരെ മുറികളിലേക്ക് വിട്ട് നളവേഷം എടുത്തണിഞ്ഞ കൂട്ടുകാരെയും അറിയാം. എന്നാല്‍, സാമാന്യവല്‍ക്കരണം കൊണ്ട് വായിച്ചെടുക്കാനാവാത്തവിധം സങ്കീര്‍ണ്ണമാണ് നമ്മുടെ കുടുംബങ്ങളിലെ പാട്രിയാര്‍ക്കല്‍ -അധികാര ക്രമങ്ങള്‍.

വീട്ടിനുള്ളില്‍ അടഞ്ഞുപോവുന്ന കുട്ടികള്‍ ചുമ്മാ ഇരിക്കുകയാണെന്നൊന്നും കരുതേണ്ടതില്ല. അവര്‍ക്ക് വായിക്കാനും എഴുതാനും വരയ്ക്കാനും നൃത്തം ചെയ്യാനും പാട്ടുപാടാനുമൊക്കെയുള്ള ഓണ്‍ലൈന്‍ അവസരങ്ങള്‍ ഏറെയുണ്ട്. വിവിധ മാധ്യമങ്ങളും സംഘടനകളുമല്ലാം ഇതിനായി രംഗത്തുണ്ട്. പലരും കുട്ടികള്‍ക്കായി മല്‍സരങ്ങള്‍ നടത്തുന്നു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന്റെ ആഭിമുഖത്തില്‍ പരിസരത്തുള്ള കുട്ടികള്‍ക്കു വേണ്ടി രചനാ മല്‍സരങ്ങള്‍ തന്നെ നടത്തി. ബാലസംഘവും കുട്ടികള്‍ക്കു വേണ്ടി മല്‍സരങ്ങള്‍ നടത്തുന്നുണ്ട്. വിവിധ സംഘടനകള്‍, വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ എന്നിവയും സജീവമായി രംഗത്തുണ്ട്.

 


 

 

നാല്

'പറക്കാന്‍ സാധിക്കാത്ത നാളുകളില്‍ ഈ ചിറക് ഒരു ഭാരമാണ്'.

വാട്ട്‌സാപ്പില്‍ ഒരു സുഹൃത്ത് അയച്ചുതന്നതാണ് ഈ വരികള്‍. ഒപ്പം ഒരു ചിത്രവും. അതില്‍, മുഖം പൊത്തി, ചിറകുകള്‍ തളര്‍ന്നിരിക്കുന്ന ഒരു കുഞ്ഞുമാലാഖ. പെന്‍സില്‍ കൊണ്ടു വരച്ച ആ ചിത്രത്തില്‍ മാലാഖയുടെ മുഖത്താകെ ആധിയായിരുന്നു.

അതൊരു കുട്ടി ഏതോ വാട്ട്‌സാപ്പ് ഗ്രൂപ്പിലിട്ട ചിത്രമായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു മാലാഖക്കുട്ടി. ആ ചിത്രവും ആ വരികളും ഒന്നിച്ചു കാണുമ്പോള്‍ നിശ്ശബ്ദമായ ചില നിലവിളികള്‍ നമുക്ക് കേള്‍ക്കാനാവും. വീട്ടകങ്ങളിലെ അധികമാരും കേള്‍ക്കാത്ത വിങ്ങലുകള്‍. അതെ,  നമ്മുടെ വീടുകള്‍ വെറും വീടുകള്‍ മാത്രമല്ല, ചില ഇടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് അത് പീഡനകേന്ദ്രങ്ങള്‍ കൂടിയാണ്. അതങ്ങനെ ആക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ്. കുഞ്ഞുങ്ങളെ നല്ല വഴിക്ക് എത്തിക്കാന്‍ അടി മാത്രമാണ് മരുന്ന് എന്നു വിശ്വസിക്കുന്ന ചിലര്‍. നിരന്തര വഴക്കുകളുടെ കലിപ്പ് കുട്ടികളുടെ മേല്‍ തീര്‍ക്കുന്ന മറ്റു ചിലര്‍. കലി തീരുവോളം കുട്ടികളെ തല്ലിച്ചതയ്ക്കുന്ന, ക്ഷിപ്രകോപം കുട്ടികളുടെ മേല്‍ സദാ തീര്‍ക്കുന്ന, യന്ത്രങ്ങളെ പോലെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ശ്രമിക്കുന്ന വേറെ ചിലര്‍. ശാരീരികം മാനസിക പീഡനങ്ങളുടെ ഗാര്‍ഹിക ചന്തകള്‍.

പലപ്പോഴും ആണ്‍കുട്ടികളേക്കാള്‍ ഏറെയാണ് നമ്മുടെ വീടകങ്ങളില്‍ പെണ്‍കുട്ടികള്‍ സഹിക്കുന്നത്.  അനുസരണയും ഒതുക്കവും ഒള്ളവളാക്കി വളര്‍ത്തുന്നതിന് ചെറുപ്പത്തിലേ കടുംവെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന മാതാപിതാക്കളുണ്ട്. ശബ്ദംകുറച്ചു മാത്രം സംസാരിക്കണെമെന്ന്, ഉറക്കെ ചിരിക്കരുതെന്ന്, വലിയവരുടെ മുന്നില്‍ വിധേയരായി നില്‍ക്കണമെന്ന് കുഞ്ഞുന്നാളിലേ മക്കളെ പഠിപ്പിക്കുന്നവര്‍. അവര്‍ കുട്ടികളെ ഹിംകള്‍ കൊണ്ട് മെരുക്കാന്‍ ശ്രമിക്കുന്നവരാണ്. വിധേയത്വത്തിന്റെ ഭാഷകളിലേക്ക് പെണ്‍കുട്ടികളെ ജ്ഞാനസ്‌നാനപ്പെടുത്തുന്നവര്‍. അതിനുമപ്പുറത്താണ്, പെണ്‍കുട്ടികള്‍ക്കു നേരെ വീടകങ്ങളില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍. ജീവിതം മുഴുവന്‍ അവരെ ബാധിക്കുന്ന ഉണങ്ങാത്ത മുറവാണത്. എത്ര വളര്‍ന്നാലും, എത്ര വലിയ നിലയില്‍ എത്തിയാലും പിന്നാലെ വന്ന് അവരെ മാനസികമായി തളര്‍ത്തിക്കളയുന്ന ഓര്‍മ്മകളുടെ വ്രണങ്ങള്‍. പലപ്പോഴൂം ഉറ്റ ബന്ധുക്കളാവും വീടകങ്ങളില്‍ പെണ്‍കുട്ടികളുടെ ഉടലുകള്‍ തേടി വരുന്നത്. ചിലയിടങ്ങളില്‍ അത് പിതാക്കന്‍മാര്‍. മറ്റുചിലയിടങ്ങളില്‍ അമ്മയുടെ കാമുകന്‍മാര്‍. രണ്ടാനച്ഛന്‍മാര്‍. ആരായാലും, കുട്ടികളുടെ മനസ്സില്‍ ഇവരെല്ലാം ചേര്‍ന്ന് ബാക്കിയാക്കുക മുറിവുകള്‍ മാത്രമാവും.

അത്തരം വീടകങ്ങളിലേക്ക് ലോക്ക്ഡൗണ്‍ കൊണ്ടുവരിക ഭീകരമായ അവസ്ഥകളാവും. പുറത്തുപോവുക എന്ന സാദ്ധ്യത പൂര്‍ണ്ണമായി അടഞ്ഞുപോവുമ്പോള്‍, ഹിംസയുടെ നഖമുനകള്‍ക്കു മുന്നില്‍ നിശ്ശബ്ദമാവുക എന്നതുമാത്രമായിരിക്കും ഈ കുട്ടികളുടെ തലവിധി. ലോകമെങ്ങും നിന്ന്, അത്തരം മുന്നറിയിപ്പുകള്‍ ഒരുപാട് വരുന്നുണ്ട്. ഓണ്‍ലൈനിലൂടെ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ കൂടുന്നതായി യൂറോപ്യന്‍ യൂനിയന്റെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായ യൂറോപോള്‍ ഇന്നലെയാണ് വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ ഗാര്‍ഹിക പീഡന ഇരകളെ ഗുരുതരമായി ബാധിക്കുന്നതായി യു എന്‍ വിമന്‍ ഡെപ്യട്ടി എക്സിക്യൂട്ടീവ് ഡയരക്ടര്‍ അനിതാ ഭാട്ടിയ പറയുന്നു. അമേരിക്കയിലും ബ്രിട്ടനിലും സ്‌പെയിനിലും ഒക്കെയുള്ള സന്നദ്ധസംഘടനകളും കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന  ഗ്രൂപ്പുകളുമെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

ലോക്ക്ഡൗണ്‍ കാലയളവില്‍ ശരിക്കും അടഞ്ഞുപോവുക ഇത്തരം കുട്ടികളാവും. പറയാനുള്ളതെല്ലാം നിശ്ശബ്ദതയില്‍ പൂട്ടിയിടാന്‍ നിര്‍ബന്ധിതമാവുന്നവര്‍. ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്തവര്‍. അവര്‍ക്കു പറയാനും അവരെ കേള്‍ക്കാനുമുള്ള അവസരങ്ങളാണ് ഉണ്ടാവേണ്ടത്. കൗണ്‍സലിംഗിനും മറ്റുമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം. സ്‌കൂള്‍ കൗണ്‍സിലര്‍മാരും മറ്റും ലോക്ക്ഡൗണ്‍ കാലയളവില്‍ കണ്ണും കാതും തുറന്നുനില്‍ക്കണം. പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയമായ ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇതിനായി മാതൃകാപരമായ ഇടപെടലാണ് നടത്തിയത്. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒ ആര്‍ സി (Our Right to Children) എന്ന പ്രൊജക്ടിന്റെ മുന്‍കൈയില്‍ സ്‌കൂളിലൊരു കുട്ടികളുടെ പാനല്‍ ആരംഭിച്ചു, അവര്‍. ഗാര്‍ഹിക പീഡനം അടക്കമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ ഈ പാനലിലുള്ള കുട്ടികളുമായി കണക്ട് ചെയ്യും. പാനലിലെ ഒരു കുട്ടിക്ക് നാല് കുട്ടികളുടെ ചുമതലയുണ്ടാവും. അവര്‍ ഈ കുട്ടികളെ വിളിച്ച് വെറുതെ സൗഹാര്‍ദ്ദത്തോടെ സംസാരിക്കണം. അതിനിടയില്‍, തങ്ങളൊരു കാതുപോലെ അരികിലുണ്ടെന്ന കാര്യം അവരെ ധരിപ്പിക്കും. എന്താവശ്യം ഉണ്ടായാലും വിളിക്കാനുള്ള ഒരു നമ്പറാണ് ഇതിലൂടെ കുട്ടികള്‍ക്ക് നല്‍കുന്നത്. അടഞ്ഞുപോവുന്ന അവസ്ഥകളില്‍ കേള്‍ക്കാനുള്ള ഒരു കാത്. ഉറപ്പായും മറ്റു വിദ്യാലയങ്ങള്‍ക്കും ഇക്കാലത്ത് സ്വീകരിക്കാനുള്ള മാതൃകയാണിത്.


അഞ്ച്

ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകളാണ് കുട്ടിക്കാലം. സമാധാനവും സന്തോഷവും തുളുമ്പേണ്ട കാലം. അവര്‍ ലോകത്തെ കണ്ടു പഠിക്കുകയാണ്. വളര്‍ച്ചയുടെ ആഹ്ലാദങ്ങളിലേക്കും അറിവുകളിലേക്കും പതിയെ പടരുകയാണ്. സ്വപ്‌നങ്ങളുടെ കൈ പിടിച്ച് പ്രകൃതിയുടെ അത്ഭുതങ്ങളിലേക്ക് നടക്കുകയാണ്. വീടകങ്ങള്‍ നല്‍കുന്ന സമാധാനവും സുരക്ഷിതത്വവുമൊക്കെയാണ് ആ നടത്തത്തില്‍ താങ്ങായി നില്‍ക്കേണ്ടത്. എന്നാല്‍, ഏറ്റവും ക്രൂരമായാണ് പലപ്പോഴും കുഞ്ഞുങ്ങെള മുര്‍ന്നവരുടെ ലോകം പരിഗണിക്കാറുള്ളത്. ചെറിയ സങ്കടങ്ങള്‍ പോലും ആഴത്തില്‍ വേദനിപ്പിക്കുന്ന ആ പ്രായത്തിലേക്കാണ് കുത്തിമുറിക്കുന്ന മുറിവുകള്‍ വന്നണയുന്നത്. കുഞ്ഞുമുറിവുകള്‍ പോലും, ഉണങ്ങാവ്രണമായി നില്‍ക്കുന്ന മനസ്സുകളിലേക്കാണ് ദുരനുഭവങ്ങളുടെ കത്തിമുനകള്‍ ആഴ്ന്നിറങ്ങുന്നത്. ജീവിതം മുഴുവന്‍ പിന്തുടരുന്ന പേക്കിനാവുകളാണ് മുതിര്‍ന്നവരുടെ ലോകം അവര്‍ക്ക് സമ്പാദ്യമായി നല്‍കുന്നത്. അത് തിരിച്ചറിയേണ്ടത് മുതിര്‍ന്നവര്‍ തന്നെയാണ്. നമ്മളെന്താണ് ഈ കുഞ്ഞുങ്ങള്‍ക്ക് വരമായി നല്‍കുന്നതെന്ന്. നമ്മളെങ്ങനെയാണ് ഈ കുഞ്ഞുടലുകളെ പരിഗണിക്കുന്നതെന്ന്.  പൂപോലുള്ള ഈ മനസ്സുകളെ നാമെങ്ങനെയാണ് പരുവപ്പെടുത്തുന്നതെന്ന്. അതറിയുമ്പോള്‍, ആ ബോധ്യം നമുക്കുണ്ടാവുമ്പോള്‍, ആ തിരിച്ചറിവോടെ കുട്ടികളെ സമീപിക്കുമ്പോള്‍, അവര്‍ക്കു ചുറ്റുമൊരു ലോകം പതുക്കെ ഉയര്‍ന്നുവരും.

ആ ലോകത്തില്‍, പൂക്കളും പൂമ്പാറ്റകളുമുണ്ടാവും. അവര്‍ക്ക് മാത്രം തൊട്ടെടുക്കാനാവുന്ന ഭാവനയുടെ മഴവില്ലുകളുണ്ടാവും. അവര്‍ക്ക് മാത്രം കാണാനാവുന്ന വിധം, മഞ്ഞ നിറമുള്ള പുലികളും പല നിറങ്ങളുള്ള കാക്കകളും വാന്‍ഗോഗിന്റെ മുറിപോലെ നിറങ്ങള്‍ം വാരിത്തൂകിയ വീട്ടകങ്ങളുമുണ്ടാവും. അവരുടെ കാതുകളിലന്നേരം, പുല്ലാങ്കുഴല്‍ സുഷിരങ്ങളില്‍ കാറ്റ് നൃത്തം ചെയ്യുമ്പോള്‍ പൊഴിയുന്ന സംഗീതം വന്നുനിറയും. അവരുടെ കാലടികള്‍ക്കു കീഴെ ഭൂമി, സ്വപ്‌നം പോലെ പൂത്തുനില്‍ക്കും. സത്യമായും, നമ്മുടെ കുഞ്ഞുങ്ങള്‍ കുറേ കൂടി നല്ല കാലം അര്‍ഹിക്കുന്നുണ്ട്. അകംപുറം അടഞ്ഞുപോയ ഈ ലോക്ക്ഡൗണ്‍ കാലം നമ്മോട് പറയുന്നത് അതല്ലാതെ മറ്റൊന്നുമല്ല.


ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 
ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?
അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?
ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!
ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?
എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?
ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

പത്താം ദിവസം:കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?
പതിനൊന്നാം ദിവസം: നമ്മള്‍ ഉണ്ടുറങ്ങുന്ന ബിഗ് ബോസ് വീടുകള്‍

click me!