ഒറ്റ വാക്കിലൊതുക്കാം ഈ ഗസലിന്റെ സത്ത!

By Babu Ramachandran  |  First Published Aug 17, 2019, 5:21 PM IST

ഗസല്‍: കേട്ട പാട്ടുകള്‍, കേള്‍ക്കാത്ത കഥകള്‍. പരമ്പര മൂന്നാം  ഭാഗം. യേ ദില്‍ യേ പാഗല്‍ ദില്‍ മേരാ


അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.

Latest Videos

undefined

സുപ്രസിദ്ധ ഉര്‍ദു കവി 'മൊഹ്‌സിൻ' നഖ്‌വി  എഴുതിയ മനോഹരമായൊരു ഗസലാണ്.. യേ ദില്‍ യേ പാഗല്‍ ദില്‍ മേരാ...

ഒരു മുന്‍കൂര്‍ ജാമ്യം 

ഈ ഗസലിന്റെ സത്ത മുഴുവനും നമുക്ക് ഒരൊറ്റ വാക്കിലൊതുക്കാം. 'ആവാര്‍ഗി..' മനോഹരമായൊരു ഉര്‍ദു വാക്കാണത്. പകരം വെക്കാന്‍ നമുക്ക് വൈകാരിക കൃത്യതയുള്ള  മറ്റൊരു പദമില്ലെന്നു തോന്നുന്നു. 'ആവാര്‍ഗി..' എന്നത് ഒരു മാനസികാവസ്ഥയാണ്.. ഒരു വികാരമല്ല.. പല വികാരങ്ങള്‍ ഉള്‍ക്കൊണ്ടുനില്‍ക്കുന്നൊരു പ്രത്യേക അവസ്ഥ.. അതിനെ അപഗ്രഥിക്കാനെളുപ്പമല്ല.. മനസ്സിലാക്കാന്‍ വേണ്ടി അതിനെ ഒന്ന് മൊഴിമാറ്റണമെങ്കില്‍പ്പോലും- ഇത്തിരി കിറുക്കും, സ്വല്പം വട്ടും, അലഞ്ഞുതിരിഞ്ഞ് നടക്കാനുള്ള ഉള്‍ത്തരിപ്പും, ഇത്തിരി ആധ്യാത്മികതയുടെ നിലാവെളിച്ചവും എന്നാല്‍ അതിലൊക്കെ നിലനില്‍ക്കുന്ന സംതൃപ്തിയും ഒക്കെച്ചേര്‍ന്ന ഒരു മാനസികാവസ്ഥ എന്ന് പറയാം.. ലോകത്തിന്റെ ക്‌ളീഷേകളില്‍ നിന്നുമൊക്കെ സ്വയം വേര്‍പ്പെടുത്തി, എന്നാല്‍ എല്ലാം ആസ്വദിച്ച്, ലക്ഷ്യത്തെക്കാളുപരി യാത്രയെ സ്‌നേഹിച്ചുകൊണ്ടുള്ളൊരു ജീവിതം. എന്തെങ്കിലും ഒരു വാക്ക് മലയാളത്തില്‍ അതിനു പകരം വെക്കണമല്ലോ എന്നതുകൊണ്ടുമാത്രം 'താന്തോന്നിത്തരം' എന്ന് പ്രയോഗിക്കുന്നു. കൂടുതല്‍ ചേരുന്ന പദം കിട്ടുകയാണെങ്കില്‍ വെച്ചുമാറ്റുന്നതാണ്..

ആമുഖം 
ഗസലിലേക്ക് കടക്കും മുമ്പ് രണ്ടു വരിയുള്ള ഏതെങ്കിലും പഞ്ച് ഷേര്‍ പറയുന്ന ശീലമുണ്ട് ഗസല്‍ പാടുന്നവരില്‍ പലര്‍ക്കും. ഈ ഗസലിന്റെ ആലാപനങ്ങളില്‍ ചിലതില്‍ ഗുലാം അലി സാബ് പറഞ്ഞു കേട്ട, ഷൗക്കത്ത് വസ്തി എഴുതിയ രണ്ടുവരി ഷേര്‍ ഇങ്ങനെ...

ബഡേ വസൂക് സെ ദുനിയാ 
ഫരേബ് ദേതീ ഹേ.. 
ബഡേ ഖൂലൂസ് സേ ഹം 
ഏത്ബാര്‍ കര്‍തേ ഹേ..

തികഞ്ഞ ആത്മവിശ്വാസത്തോടെ 
ലോകം വഞ്ചന കാട്ടുന്നു, 
അത്രതന്നെ നിഷ്‌കളങ്കമായി ഞാന്‍ 
അതിനെ വിശ്വസിച്ചു പോവുന്നു..

ഈ വരികള്‍ വരാന്‍പോകുന്ന ഗസലിനുചേര്‍ന്ന ഒരു പശ്ചാത്തലം ഒരുക്കുന്നു എന്നുപറയാം. തന്നോട് വീണ്ടും വീണ്ടും വിശ്വാസവഞ്ചന മാത്രം ചെയ്തുപോരുന്ന ലോകത്തെ കവി തുറന്നുകാട്ടുകയാണ് ഈ ഷേറിലൂടെ. ലോകം അങ്ങനെ ചെയ്യുന്നത് എന്തോ പുണ്യകര്‍മ്മം ചെയ്യുന്ന ലാഘവത്തോടെയാണ്. അത്രയ്ക്ക് ക്ലിനിക്കല്‍ പ്രിസിഷനോടെയാണ് ചതി  നടപ്പിലാകുന്നത്. ഇരയാകുന്ന കവിയാകട്ടെ അതിനെ അത്രമേല്‍ നിഷ്‌കപടമായി വിശ്വസിച്ചും പോകും ഓരോ വട്ടവും. 'കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം' എന്ന് പണ്ട് ചങ്ങമ്പുഴ പറഞ്ഞത് ഇതിനെ ഉദ്ദേശിച്ചാവും. കാപട്യം മാത്രം മുഖമുദ്രയായ ലോകത്തിലേക്ക് നിഷ്‌കളങ്കനായ കവി, എന്നെങ്കിലും തനിക്ക് അവിടെ ഒരിടം കിട്ടുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് തിരികെച്ചെല്ലുന്നത് വീണ്ടും. ആരില്‍ നിന്നും മനസ്സിന് സ്വസ്ഥത കിട്ടാതെ വരുമ്പോഴാണ് ഒടുവില്‍ കവി മൗനത്തില്‍ അഭയം പ്രാപിക്കുന്നത്. അവനവനുമൊത്ത് ദീര്‍ഘയാത്രകള്‍ക്ക് പുറപ്പെടുന്നത്. ഏകാന്തതയുടെ ലഹരി നുണയാന്‍ ശ്രമിക്കുന്നത്. 

കഠിനപദങ്ങള്‍ 

വസൂക് സെ- ആത്മവിശ്വാസത്തോടെ ഫരേബ് - വഞ്ചന,
ഖുലൂസ് - നിഷ്‌കളങ്കമായി, ആത്മാര്‍ത്ഥമായി, ഏത്ബാര്‍- വിശ്വാസം

 


ഇനി നഖ്‌വി സാബിന്റെ വരികളിലേക്ക്.. 

I

യേ ദില്‍ യേ പാഗല്‍ ദില്‍ മേരാ 
ക്യൂം ബുഝ് ഗയാ, ആവാര്‍ഗി.. 
ഇസ് ദശ്ത് മേ ഇക് ഷെഹര്‍ ഥാ.. 
വോ ക്യാ ഹുവാ, ആവാര്‍ഗി..

എനിക്ക് ഒരു കിറുക്കന്‍ 
ഹൃദയമുണ്ടായിരുന്നല്ലോ..
അതിന്റെ താന്തോന്നിത്തരം എന്തേ 
ഇന്ന് നഷ്ടപ്പെട്ടുപോയീ..? 
ഈ മണലാരണ്യത്തിന്റെ നടുക്ക് 
ഒരു നഗരമുണ്ടായിരുന്നല്ലോ.. 
അതെവിടെപ്പോയി..?

ഈ വരികള്‍ക്ക് പ്രത്യക്ഷമായുള്ളതിലും കൂടുതല്‍ അര്‍ത്ഥം വ്യാഖ്യാനിച്ചെടുക്കാം. തന്റെ മനസ്സിന്റെ അവസ്ഥ കവി മനസ്സിലാക്കുകയാണീ വരികളില്‍.. എന്താണെന്റെ കിറുക്കന്‍ ഹൃദയത്തിന് പറ്റിയതെന്നറിയില്ല. എന്റെ വട്ടെല്ലാം ഇപ്പോള്‍ എവിടെപ്പോയി? എന്റെ ഭ്രാന്തന്‍ മനസ്സ് എന്തേ ആകെ നിശ്ശബ്ദമായി..? ഈ മരുഭൂവില്‍ ഒരു സദാ കലമ്പിക്കൊണ്ടിരുന്ന നഗരമുണ്ടായിരുന്നല്ലോ, അതിപ്പോള്‍ കാണുന്നില്ലല്ലോ എന്ന്.. അതായത്, നിശ്ശബ്ദമായ ഈ ലോകത്ത് ആകെ ബഹളം വെച്ചുനടന്നിരുന്ന ഒരു മനസ്സുണ്ടായിരുന്നല്ലോ എനിക്ക്.. അതിപ്പോള്‍ എന്താണിങ്ങനെ ഒന്നും മിണ്ടാതിരിക്കുന്നതെന്ന്. 

കഠിനപദങ്ങള്‍ 

പാഗല്‍ - കിറുക്കന്‍, ബുഝ് ജാനാ- അണയുക, ദശ്ത്- മരുഭൂമി, ഷെഹര്‍-നഗരം

II

കല്‍ ശബ് മുഝേ ബേശക്ല് കീ 
ആവാസ് നേ ചോംകാ ദിയാ 
മേനേ കഹാ തൂ കോന്‍ ഹേ 
ഉസ്നേ കഹാ, ആവാര്‍ഗീ..

ഇന്നലെ രാത്രിയില്‍ 
ഒരു അശരീരി വന്നെന്നെ കുലുക്കിയുണര്‍ത്തി.. 
ഞാന്‍ ചോദിച്ചു.., 'നീയാരാണ്..?' 
അതു പറഞ്ഞു, 'നിന്റെ 'ആവാര്‍ഗി'യാണു ഞാന്‍..`

പ്രത്യക്ഷാര്‍ത്ഥം പോരാ ഇതിന്റെ ഭംഗി മനസ്സിലാക്കാന്‍. വളച്ചുകെട്ടി പറഞ്ഞിരിക്കുകയാണ് കവി ഇവിടെ. തലേന്ന് രാത്രി കവിയുടെ ഉള്ളില്‍ നിന്നു തന്നെ ഏതോ അജ്ഞാത ശബ്ദം കുലുക്കിയുണര്‍ത്തുകയാണ് കവിയെ. അത് കവിയുടെ ഉള്ളിലെ താന്തോന്നിത്തമാണ്.. കവിക്ക് അപരിചിതമായ ഒന്നാണ് അത്. പ്രഥമദൃഷ്ട്യാ അതിനെ കവി തിരിച്ചറിയുന്നില്ല.. ആരാണെന്ന് ചോദിക്കുന്നു കവി. അപ്പോള്‍, 'അന്തമില്ലാത്ത കാമനകളില്‍ അഭിരമിക്കുമ്പോള്‍ നീ അനുഭവിക്കുന്ന ഏകാന്തതയുടെ ലഹരി, അതിന്റെ സായുജ്യം അതാണ് ഞാന്‍..  ഞാന്‍ നിന്റെ 'ആവാര്‍ഗി'യാണ്' എന്ന് മറുപടി കിട്ടുന്നു. തന്റെയുള്ളിലെ താന്തോന്നിത്തത്തിന്റെ അസ്തിത്വത്തെപ്പറ്റി കവി സ്വയം ബോധവാനല്ല എന്നൊരു സൂചനയാണിവിടെ തരുന്നത്. 

കഠിനപദങ്ങള്‍ 

ശബ് - രാത്രി, ബേശക്ല് കി ആവാസ് - അശരീരി, ചോംകാ ദിയാ - പിടിച്ച് കുലുക്കി

III 

ഇക് തൂ കെ സദിയോം സേ മെരാ 
ഹംരാഹ് ഭീ ഹംരാസ് ഭി.. 
ഇക് മേ കി തേരാ നാം സേ 
നാ ആഷ്‌നാ, ആവാര്‍ഗീ..

നൂറ്റാണ്ടുകളായി നീയെന്റെ 
സഹയാത്രികനും ആത്മമിത്രവുമാണ്.. 
ഞാനാണെങ്കില്‍ നിന്നെയൊരിക്കല്‍പ്പോലും 
തിരിച്ചറിഞ്ഞതേയില്ല, ആവാര്‍ഗി..

തന്റെയുള്ളിലെ 'താന്തോന്നിത്ത'ത്തെ താന്‍ തിരിച്ചറിഞ്ഞില്ലല്ലോ എന്ന് സങ്കടപ്പെടുകയാണ് ഇവിടെ കവി.. ഒരിക്കലും തനിക്ക് ഏകാന്തത തോന്നാഞ്ഞതും ഈ 'താന്തോന്നിത്തം' തന്റെ ജീവന്റെ ഭാഗമായതിനാലാണ് എന്ന് കവി മനസ്സിലാക്കുന്നു. മനോഹരമാണീ ഷേര്‍. കാലങ്ങളായി ഈ സഹതാപലേശമില്ലാത്ത ലോകത്ത് ഭഗ്‌നഹൃദയനായി കഴിച്ചുകൂട്ടുകയായിരുന്നു കവി. തീര്‍ത്തും ഒറ്റയായി. മണിമുഴക്കത്തില്‍ ഇടപ്പള്ളി രാഘവന്‍ പിള്ള എഴുതിയപോലത്തെ ഒരു അവസ്ഥ. 

സഹതപിക്കാത്ത ലോകമേ-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ..!

ചൂഴ്ന്നുനില്ക്കുന്ന ലോകത്തിന് കവിയോട് ഒട്ടും അനുതാപമില്ല. ഇത് തനിക്കു പറ്റിയ ഇടമല്ല എന്ന സങ്കടത്തിലാണ് കവി കാലം കഴിച്ചുപോന്നത്. എന്നാല്‍, ഇത്രയും കാലമായി കൂടെത്തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു, ആത്മമിത്രമായിരുന്നു - കവിയുടെ 'താന്തോന്നിത്തം..' - അഥവാ ആവാര്‍ഗി..! 

കഠിനപദങ്ങള്‍ 

സദിയോം സേ - നൂറ്റാണ്ടുകളായി, ഹംരാസ് - കൂട്ടുകാരന്‍, ഹംരാഹ് - സഹയാത്രികന്‍, നാ ആഷ്‌നാ രഹ്നാ- തിരിച്ചറിയാതിരിക്കുക

IV

ഇക് അജ്‌നബീ ഝോംകേ നെ ജബ് 
പൂഛാ മെരേ ഗം കാ സബബ് 
സെഹരാ കീ ഭീഗീ രേത് പര്‍ 
മേനേ ലിഖാ, 'ആവാര്‍ഗി..'

അപരിചിതമായൊരു കാറ്റ് വന്ന് 
എന്നോടെന്റെ സങ്കടങ്ങള്‍ക്ക് കാരണം തിരക്കി.. 
മരുഭൂവിലെ നനഞ്ഞ മണലില്‍ ഞാനെഴുതി, 
'ആവാര്‍ഗി..'

മൗനിയായിരിക്കുന്ന കവിയോട് ഒരു കാറ്റുവന്ന്, 'എന്താണ് നിന്റെ സങ്കടത്തിന് കാരണ'മെന്ന് ചോദിച്ചത്രേ. കവിയുടെ മാനസികാവസ്ഥ കാറ്റിനു പിടികിട്ടുന്നില്ല.. ചാറ്റല്‍ മഴയത്ത് കുടചൂടാതെ ഇറങ്ങി നടക്കുന്നവന്റെ ലഹരി  കണ്ടു നില്‍ക്കുന്നവര്‍ക്ക് കിട്ടിക്കൊള്ളണമെന്നില്ലല്ലോ.. കവി കാറ്റിനുള്ള മറുപടി മരുഭൂമിയിലെ നനഞ്ഞ മണ്ണില്‍ വിരലുകള്‍ കൊണ്ട് എഴുതി, 'ആവാര്‍ഗി ' - എന്റെ താന്തോന്നിത്തം. എന്റെ സങ്കടങ്ങള്‍ക്കും, അളവറ്റ സന്തോഷത്തിനും എന്നും ഒരേയൊരു കാരണം അതുമാത്രം. 

ഇവിടെ മരുഭൂവിലെ നനഞ്ഞ മണ്ണെന്ന് പറഞ്ഞിരിക്കുന്നത്, കണ്ണുനീര്‍ വീണ് നനഞ്ഞു കുതിര്‍ന്നിരിക്കുന്ന സ്വന്തം മനസ്സിനെയാണ്.. എന്റെയുള്ളില്‍ നിറഞ്ഞു വിങ്ങുന്നത് കേവലസങ്കടമല്ല, അതെന്റെ ആവാര്‍ഗിയാണെന്ന് കവി മറുപടി കൊടുക്കുന്നു..

കഠിനപദങ്ങള്‍ 

ഝോംകാ - കാറ്റ്, അജ്‌നബി - അപരിചിതന്‍, സബബ് - കാരണം, സെഹരാ - മരുഭൂമി, ഭീഗി - നനഞ്ഞ, രേത് - മണല്‍)

V

യേ ദര്‍ദ് കീ തന്‍ഹായിയാം 
ഇസ് ദശ്ത് ക വീരാന്‍ സഫര്‍ 
ഹം ലോഗ് തോ ഉക്താ ഗയേ 
അപ്നീ സുനാ, ആവാര്‍ഗി..

വേദനകളുടെ ഏകാന്തതകള്‍ 
മരുഭൂവിലൂടുള്ള ഈ ഒഴിഞ്ഞയാത്രകള്‍ 
എന്നും ഇതെന്നെ തളര്‍ത്തിയിട്ടേയുള്ളൂ.. 
നിന്നെയോ.. പറയൂ.. ആവാര്‍ഗീ..

വിശദീകരിക്കാന്‍ ഏറെ ക്ലിഷ്ടമാണ് ഈ ഭാഗം. ഈ ആംബിയന്‍സ് എങ്ങനെ പറഞ്ഞു മനസ്സിലാക്കും.  ഭൈരവി രാഗത്തിലുള്ള സിത്താര്‍ വാദനം സങ്കല്‍പ്പിക്കുക. നിഖില്‍ ബാനര്‍ജി ആയിക്കോട്ടെ. ഒറ്റയ്‌ക്കൊരിടത്ത്, കയ്യില്‍ ഒരു മദിരാചഷകവുമേന്തി ഇരിക്കുന്ന കവി. സില്‍സില എന്ന ഋഷികേശ് മുഖര്‍ജി ചിത്രത്തില്‍ അമിതാഭ് 'മേം ആര്‍ മേരി തന്‍ഹായി, അക്സര്‍ യെ ബാതേം കര്‍ത്തെ ഹേ...' - ഞാനും എന്റെ ഏകാന്തതയും തമ്മില്‍ പലപ്പോഴും സംഭാഷണങ്ങളില്‍ മുഴുകാറുണ്ട്. കവിയുടെ ഉള്ളില്‍ മറ്റൊരു വ്യക്തി എന്നപോലെ കഴിയുകയാണ് അദ്ദേഹത്തിന്റെ സഹയാത്രികനും ആത്മമിത്രവുമായ 'താന്തോന്നിത്തം' - ആവാര്‍ഗി. 

ഈ ഷേറില്‍ കവി തന്റെയുള്ളിലെ താന്തോന്നിത്തത്തോട് ചോദിക്കുകയാണ്.. എന്റെ ജീവിതം ഏകാന്തമാണ്, ഒത്തിരി വേദനകളുണ്ടതില്‍, (ജീവിതമാകുന്ന) മരുഭൂവിലൂടെയുള്ള പ്രയാണവും ദുഷ്‌കരം തന്നെ.  മടുത്തുതുടങ്ങി ഈ വേദന. എന്താണ് നിന്റെ അവസ്ഥ...? അവിടെയും ഇതൊക്കെ തന്നെയോ..? എന്ന്. 

കഠിനപദങ്ങള്‍ 

ദര്‍ദ് - വേദന, തന്‍ഹായി - ഏകാന്തത, ദശ്ത് - മരുഭൂമി, വീരാന്‍ - ശൂന്യമായ, ഒഴിഞ്ഞ, തനിച്ചുള്ള, സഫര്‍ - യാത്ര, ഉക്താ ഗയാ - ബുദ്ധിമുട്ടി

VI

ലോഗോം ഭലാ ഉസ് ഷെഹര്‍ മേ 
കൈസേ ജിയേംഗേ ഹം ജഹാം 
ഹോ ജുര്‍മ് തന്‍ഹാ സോച്‌നാ, 
ലേകിന്‍ സസാ, ആവാര്‍ഗി..

തനിച്ചിരുന്ന് ചിന്തിക്കുന്നത് 
ഒരു പാപമായിട്ടുള്ള, 
എന്നാല്‍ ശിക്ഷ താന്തോന്നിത്തമായിട്ടുള 
ഈ നഗരത്തില്‍  
ഞാനെങ്ങനെ ജീവിക്കുമെന്ന് 
നിങ്ങള്‍ തന്നെ ഒന്നു പറയൂ..

'ഇതെന്തൊരു ലോക'മെന്ന് കവി പരിഭവിക്കുന്നു.. തനിച്ച് വല്ലതുമൊക്കെ ആലോചിച്ചോണ്ട് ഒരിടത്തങ്ങനെ ഇരുന്നാല്‍ അതൊരു കുറ്റമായി. ആളുകള്‍ ഇല്ലാത്ത കിറുക്ക് ആരോപിക്കലായി. ആരോടും മിണ്ടാന്‍ നില്‍ക്കാതെ, തനിച്ചൊരിടത്തിരുന്ന് ചിന്തിക്കുന്നവനെ, ആ കുറ്റത്തിനുള്ള ശിക്ഷയായി കിറുക്കനാക്കുന്ന ഈ ലോകത്ത് ഞാനെങ്ങനെ ജീവിക്കുമെന്ന് നിങ്ങള്‍ പറ, എന്നാണ് കവിയുടെ ചോദ്യം. അതായത്, ലോകത്തിന് അതിന്റെ ബഹളങ്ങള്‍ക്കൊത്തു നില്‍ക്കുന്നവരെ മതി. ആരെങ്കിലും ഒരാള്‍ അവനവനിലേക്ക് ഉള്‍വലിഞ്ഞു കൊണ്ട്, ഈ ലോകത്തിന്റെ കെട്ടുപാടുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി, ഏകാന്തതയുടെ, മൗനത്തിന്റെ ലഹരി നുണയാന്‍ ശ്രമിച്ചാല്‍ അവനെ കുറുക്കന്‍ എന്ന് വിധിക്കുന്ന ലോകമാണിത്. ഇവിടെ എങ്ങനെയാണ് ഞാന്‍ കഴിയുക..? നിങ്ങള്‍ തന്നെ പറ..!

കഠിനപദങ്ങള്‍ 

ജുര്‍മ് - കുറ്റം, തന്‍ഹാ - തനിച്ച്, സസാ - ശിക്ഷ


VII

കല്‍ രാത് തന്‍ഹാ ചാന്ദ് കോ 
ദേഖാ ഥാ മേനേ ഖ്വാബ് മേ.. 
`മൊഹ്‌സിന്‍`മുഝേ രാസ് ആയേഗി 
ഷായദ് സദാ, ആവാര്‍ഗി..

ഇന്നലെ രാത്രിയിലെന്റെ സ്വപ്നത്തില്‍ 
ഏകാകിയായ വെണ്‍ചന്ദ്രനെക്കണ്ടിരുന്നു.. 
അതു കണ്ടപ്പോള്‍, 
എന്റെ ഈ ആവാര്‍ഗിയെ എന്നെങ്കിലും 
ഞാന്‍ ഇഷ്ടപ്പെട്ടുതുടങ്ങുമെന്ന് 
എനിക്കുതോന്നുകയാണ്..

ഇത് ഗസലിന്റെ മഖ്ത്തയാണ്. ഇവിടെ മൊഹ്‌സിന്‍ എന്നപദം കവിയുടെ തഖല്ലുസ് ആണ്. കവി പറയുന്നു, ഇന്നലെ രാത്രി ഞാന്‍ വിശാലമായ ആകാശത്ത് തനിച്ചായിപ്പോയ ചന്ദ്രനെ എന്റെ സ്വപ്നത്തില്‍ കണ്ടിരുന്നു. സദാ നിലാവുപരത്തിക്കൊണ്ടുതന്നെയിരിക്കുന്നു പാവം. ലോകത്തിന് അതിന്റെ വെളിച്ചം അപ്പോഴും കിട്ടിക്കോണ്ടുതന്നെയിരുന്നു.. ആ കാഴ്ച കാണവേ കവിക്ക് തോന്നുന്നു, തന്റെ ഉള്ളിലെ താന്തോന്നിത്തത്തെ താനും എന്നെങ്കിലും ഇഷ്ടപ്പെട്ടുതുടങ്ങുമെന്ന്. രാത്രിയില്‍ മുഴുവന്‍ നിലാവെളിച്ചം പറത്തിക്കൊണ്ട് നിസ്സംഗനായി നിന്ന ചന്ദ്രനെക്കണ്ടപ്പോഴാണ് കവിക്ക് ഒരു സത്യം ബോധ്യപ്പെട്ടത്. തന്റെയുള്ളിലെ ഈ താന്തോന്നിത്തം തന്റെ വിധി തന്നെയാണ്. അത് മാര്‍ഗ്ഗമല്ല, ലക്ഷ്യം തന്നെയാണ്. അതുതന്നെയാണ് പരമപദം. അതുതന്നെയാണ് മോക്ഷം. ആ താന്തോന്നിത്തത്തിന്റെ ലഹരിയില്‍ അലയുക, ഏകാന്തതയുടെ സായുജ്യം നേടുക.. അതുതന്നെയാണ് കവി ചെയ്യേണ്ടുന്നത് എന്ന ബോധ്യം ഒടുവില്‍ കവിക്ക് ഉണ്ടാവുകയാണ്. 

കഠിനപദങ്ങള്‍ 

ഖ്വാബ് - സ്വപ്നം, രാസ് ആനാ- ഇഷ്ടമാവുക

'മൊഹ്‌സിൻ' നഖ്‌വി 


കവി പരിചയം 

'മൊഹ്‌സിൻ' നഖ്‌വി  എന്നപേരില്‍ പ്രസിദ്ധനായ കവിയുടെ യഥാര്‍ത്ഥ നാമം ഗുലാം അബ്ബാസ് നഖ്വി എന്നാണ്. പാക്കിസ്ഥാനിലെ ദേരാ ഗാസി ഖാന്‍ എന്ന പട്ടണത്തിനടുത്തുള്ള സാദത്ത് എന്ന ഗ്രാമത്തിലായിരുന്നു ജനനം. അച്ഛന്‍ സയ്യിദ് ചിരാഗ് ഹുസ്സൈന്‍ ഖാന്, കുതിരകളുടെ ജീനി നിര്‍മ്മാണമായിരുന്നു കുലത്തൊഴില്‍. പിന്നീട് ഒരു ഭക്ഷണശാല തുടങ്ങി അദ്ദേഹം. 

മുല്‍ത്താനിലെ സര്‍ക്കാര്‍ കോളേജില്‍ നിന്നും ബിരുദം. ലാഹോറിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം. ലാഹോറില്‍ എത്തും മുമ്പുതന്നെ അദ്ദേഹം ഉറുദു മുഷായിരകളില്‍ 'മൊഹ്സിന്‍' നഖ്വി എന്ന പേരില്‍ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അഹ്ല്‍-എ-ബൈത്തിലെ അറിയപ്പെടുന്ന കവിയായിരുന്നു അദ്ദേഹം. കര്‍ബലയെപ്പറ്റി അദ്ദേഹമെഴുതിയിട്ടുള്ള ദീര്‍ഘകവിതകള്‍ പാക്കിസ്ഥാനില്‍ പരക്കെ അറിയപ്പെടുന്നവയാണ്. മൊഹ്‌സിന്‍ തന്റെ കവിതകളിലൂടെ ഭരണവര്‍ഗ്ഗത്തോടും നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. ഒരു ശിയാ വിഭാഗക്കാരനായിരുന്ന അദ്ദേഹത്തെ ഒടുവില്‍ പാക്കിസ്ഥാനിലെ എതിര്‍ ചേരിയില്‍ പെട്ട മതമൗലിക വാദികള്‍ ലാഹോറിലെ ബാസാറിന് നടുവില്‍ വെച്ചുതന്നെ കൊലചെയ്യുകയായിരുന്നു. ഒടുവില്‍ നടുത്തെരുവില്‍ വെടിയേറ്റു വീണപ്പോഴും അദ്ദേഹം നാലുവരി കവിത ചൊല്ലിക്കൊണ്ടാണ് ഈ ലോകം വിട്ടു പോയത്.. 

ലേ സിന്ദഗീ കാ ഖുംസ് 'അലി കെ ഗുലാം' സെ 
ഏ മൗത്ത് ആ മഗര്‍ 'എഹ്‌തെറാം' സെ..
ആഷിക് ഹൂം, ഗര്‍ സറാ ഭി അസിയത് ഹുയി മുഝെ
ശിഖ്വാ കരൂംഗാ തേരാ, മേം അപ്‌നേ ഇമാം സെ.. 

എന്റെ ജീവന്‍ നീ എടുത്തോ, പ്രശ്‌നമില്ല... 
പക്ഷേ, പ്രിയ ഘാതകാ, ഒരിത്തിരി ബഹുമാനത്തോടെ..
ഞാനൊരു നിത്യപ്രണയിയാണ്.. 
എനിക്ക് അല്‍പ്പമെങ്കിലും 
ഉള്ളുലച്ചിലുണ്ടായാല്‍ 
നിന്നെപ്പറ്റി എന്റെ നാഥനോട് 
ഞാന്‍ പരാതി പറയും.. നോക്കിക്കോ..!

കഠിനപദങ്ങള്‍ 

ഖുംസ് : മുസ്ലിങ്ങള്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ അഞ്ചിലൊന്ന് ഏതെങ്കിലും ഫക്കീറിന് കൊടുക്കണം എന്നാണ്. അങ്ങനെ കൊടുക്കുന്ന മുതലാണ് ഖുംസ്. നീ ഖുംസ് ആയി എന്റെ ജീവന്‍ തന്നെ എടുത്തോ എന്റെ ഘാതകാ എന്ന്.. 
അലി കെ ഗുലാം : ദൈവദാസനായ (ഞാന്‍) 
ഏഹ്‌തെറാം സെ :  ബഹുമാനത്തോടെ 
ആഷിക് : പ്രണയി 
അസീയത് : ഉള്ളുലച്ചില്‍ 
ഇമാം - എന്നത് ദൈവത്തിന്റെ നേര്‍പ്രതിനിധിയാണ് ശിയാക്കള്‍ക്ക്. 

രാഗവിസ്താരം 
ഒരുപാട് തലമുറകളെ സ്വാധീനിച്ചിട്ടുള്ള ഈ ഗസലിനെ പലരും ട്യൂണ്‍ ചെയ്ത ആലപിച്ചിട്ടുണ്ടെങ്കിലും അതിന് അര്‍ഹമായ ജനപ്രിയത കിട്ടിയത്, ഒടുവില്‍ ഗുലാം അലി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അതിനെ ചിട്ടപ്പെടുത്തി ആലപിച്ചപ്പോഴാണ്. ഗുലാം അലിയുടെ വൈകാരികകൃത്യതയുള്ള സ്വരത്തിനേ ആ ഗസലിന്റെ അര്‍ത്ഥവ്യാപ്തി പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായിട്ടുള്ളൂ..

ബൈരാഗി ഭൈരവ് ആണ് അടിസ്ഥാന രാഗം. പലയിടത്തും വ്യത്യസ്തമായ മറ്റു പല നോട്ടുകളും ഉപയോഗിച്ചതായി കാണാമെങ്കിലും അതിനൊന്നും വിശേഷിച്ച് ഒരു രാഗമെന്ന് പറയാനാകില്ല. 

ഗസലറിവുകള്‍: 
ഒന്ന്: 
ചുപ്‌കേ ചുപ്‌കേ രാത് ദിൻ... 
രണ്ട്: വോ ജോ ഹം മേം തും മേം കറാറ് ഥാ

click me!