ഗസല്‍: കേട്ട പാട്ടുകള്‍, കേള്‍ക്കാത്ത കഥകള്‍. പരമ്പര.'ദില്‍ മേം ഏക് ലെഹര്‍ സി
അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.
undefined
അടുത്തതായി നസീര്‍ കാസ്മി എഴുതിയ 'ദില്‍ മേം ഏക് ലെഹര്‍ സി' എന്നുതുടങ്ങുന്ന അതിമനോഹരമായ ഒരു ഗസലാണ്. ഈ ഗസല്‍ പാടുന്നത് പ്രണയക്ഷതം പേറി കാലം കഴിക്കുന്ന ഹൃദയത്തില്‍, അപ്രതീക്ഷിതമായി ആഞ്ഞടിക്കുന്ന തിരമാലയെപ്പറ്റിയാണ്. അപ്രതീക്ഷിതമായി ഉള്ളില്‍ വീശുന്ന ഇളംകാറ്റിനെപ്പറ്റിയാണ്. .
I
दिल में इक लहर सी उठी है अभी
कोई ताज़ा हवा चली है अभी
ദില്‍ മേ എക് ലെഹര്‍ സീ ഉഠീ ഹേ അഭീ
കോയീ താസാ ഹവാ ചലീ ഹേ അഭീ
ഹൃദയത്തിലൊരു ഓളമെന്നപോല്‍
അലയടിച്ചുയര്‍ന്നിട്ടുണ്ടിപ്പോള്‍..
ഒരിളംകാറ്റെന്നുള്ളില്‍ വീശിയിട്ടുണ്ടിപ്പോള്‍..!
കവിയുടെ മനസ്സില്‍ ഒരിളം കാറ്റ് അലയടിച്ചിരിക്കുന്നു. തണുത്തൊരു കാറ്റ് കവിയുടെ ഉള്ളം തഴുകിക്കൊണ്ട് വീശിയിരിക്കുന്നു. അത് പൂര്‍വ്വപ്രണയിനിയെപ്പറ്റിയുള്ള ഓര്‍മകളാകാം. അല്ലെങ്കില്‍, പുതിയൊരു പ്രണയത്തിന്റെ സാന്നിധ്യമാകാം. വിരസമായ ജീവിതം നയിച്ചുകൊണ്ടിരുന്ന കവിയുടെ മനസ്സിലെ ഉഷ്ണസ്ഥലികളില്‍ അതൊരു ആശ്വാസത്തിന്റെ തണുപ്പുകാറ്റായാണ് അനുഭവപ്പെടുന്നത്. കവിയുടെ ഹൃദയത്തില്‍ വികാരങ്ങളുടെ അലയൊലികള്‍ അതുണ്ടാക്കുന്നു. പിന്നെയും പലതുമുണ്ടാകുന്നുണ്ട്. എന്തൊക്കെയെന്നല്ലേ ? അതേപ്പറ്റിയാണ് ഇനിയുള്ളവരികളില്‍
കഠിനപദങ്ങള്‍
ലെഹര്‍ - ഓളം, താസാ ഹവാ - ഇളം കാറ്റ്
II
शोर बरपा है ख़ाना-ए-दिल में
कोई दीवार सी गिरी है अभी
ശോര്‍ ബര്‍പാ ഹേ ഖാനാ-ഏ-ദില്‍ മേ..
കോയീ ദീവാര്‍ സീ ഗിരീ ഹേ അഭീ..
ഹൃദയത്തിന്റെ അകത്തളത്തില്‍ നിന്നും
ആകെ ഒച്ചപ്പാടുകേള്‍ക്കുന്നുണ്ടിപ്പോള്‍
ചുവരുപോലെന്തോ ഒന്നിടിഞ്ഞിട്ടുണ്ടിപ്പോള്‍..
കവിയുടെ ഹൃദയം ആകെ കോലാഹലത്തില്‍ മുങ്ങിക്കഴിഞ്ഞു. എന്തെന്നില്ലാത്ത കലമ്പലാണിപ്പോള്‍ ഉള്ളില്‍ നിന്ന്. മനസ്സിനുള്ളില്‍ ഒരു മതിലിടിഞ്ഞുവീണ സുഖം. കെട്ടിക്കിടന്ന എന്തൊക്കെയോ ഒഴിഞ്ഞുപോയ ആശ്വാസം. എന്താണ് എന്റെ മനസ്സില്‍ സംഭവിച്ചിരിക്കുന്നത്..? എന്തുപറ്റി എന്ന് കൃത്യമായറിയില്ല.
കഠിനപദങ്ങള്‍
ശോര്‍ - ബഹളം, ഒച്ചപ്പാട്, ദീവാര്‍ - ചുവര്‍
III
कुछ तो नाज़ुक मिज़ाज हैं हम भी
और ये चोट भी नई है अभी
കുഛ് തോ നാസുക് മിസാജ് ഹേ ഹം ഭീ
ഓര്‍ യേ ചോട്ട് ഭീ നയീ ഹേ അഭീ..
ഇത്തിരി ലോലഹൃദയനാണ് ഞാനും..
പിന്നെ, എന്റെയുള്ളു നൊന്തിട്ടും
അധികനേരമായില്ലല്ലോ..
തികച്ചും സ്വാഭാവികമായ ഒരു ഓര്‍മയാകാം. അല്ലെങ്കില്‍ സ്വാഭാവികമായ ഒരു പുതുസൗഹൃദമാകാം മനസ്സിന്റെ ഈ ഇളക്കത്തിന് പിന്നില്‍. മറ്റുള്ളവര്‍ ചിലപ്പോള്‍ ഇങ്ങനൊന്നുണ്ടായാല്‍ അറിഞ്ഞെന്നുപോലും വരില്ല. പക്ഷേ, ഇവിടെ കാര്യങ്ങള്‍ അങ്ങനെയല്ല. കവി പണ്ടുമുതലേ വളരെ പെട്ടെന്നുതന്നെ വികാരങ്ങള്‍ക്ക് അടിപ്പെടുന്നവനാണ്. എളുപ്പത്തില്‍ ഉള്ളുനോവുന്നവനാണ്. മാത്രവുമല്ല, കവിയുടെ ഹൃദയം മുറിപ്പെട്ടിട്ടും ഏറെനാളായിട്ടില്ലല്ലോ. ഈ വികാരത്തള്ളിച്ചയ്ക്ക് അതും ഒരു കാരണമാകാം..!
കഠിനപദങ്ങള്‍
നാസുക് - ലോലം, മിസാജ് - സ്വഭാവം, പ്രകൃതം, ചോട്ട് - മുറിവ്
IV
कुछ तो नाज़ुक मिज़ाज हैं हम भी
और ये चोट भी नई है अभी
യാദ് കേ ബേ നിശാന്‍ ജസീറോം സെ
തെരി ആവാസ് ആ രഹീ ഹേ അഭീ..
ഓര്‍മ്മയുടെ വഴിതിരിയാത്ത ദ്വീപുകളില്‍ നിന്നും
നിന്റെ സ്വരം ഞാന്‍ കേട്ടുതുടങ്ങിയിട്ടുണ്ടിപ്പോള്‍..
ഓര്‍മ്മ വല്ലാത്തൊരു ദ്വീപാണ്. ഒരു രാവണന്‍ കോട്ട. ഒരിക്കല്‍ ചെന്നുകേറിയാല്‍ പിന്നെ തിരിച്ചുവരാനുള്ള വഴിപോലും കണ്ടെത്താനാകാതെ ചുറ്റിത്തിരിയേണ്ടി വരും അതിനുള്ളില്‍. ആ ഓര്‍മകളുടെ വഴിയറിയാ ദ്വീപില്‍ നിന്ന് നിന്റെ സ്വരം എനിക്ക് കേള്‍ക്കാനാകുന്നുണ്ട്. നിന്നെക്കുറിച്ചുള്ള ഓര്‍മ്മ, അതുതന്നെയാകാം ഇതിനുപിന്നില്‍.
കഠിനപദങ്ങള്‍
ബേനിശാന്‍ - അടയാളമില്ലാത്ത, ജസീറാ - ദ്വീപ്
V
शहर की बेचिराग़ गलियों में
ज़िन्दगी तुझ को ढूँढती है अभी
ഷെഹര്‍ കീ ബേചരാഗ് ഗലിയോ മേ
സിന്ദഗീ തുഝ് കോ ഡൂണ്‍ഡ്തീ ഹേ അഭീ..
നഗരത്തിലെ ഇരുള്‍വീണ ഗലികളില്‍
എന്റെ ജീവിതം നിന്നെയും തിരഞ്ഞ്
അലയുകയാണിപ്പോള്‍...
നമ്മള്‍ വേര്‍പിരിഞ്ഞെങ്കിലും നിന്നെ മറക്കാന്‍ എനിക്കായിട്ടില്ല. നഗരത്തിലെ വെളിച്ചമില്ലാത്ത ഗലികളിലൂടെ, എന്റെ ജീവിതം, നിന്നെയും തേടി അലയുകയാണിന്നും. നീ എന്നെവിട്ടുപോയതോടെ എന്റെ നഗരത്തിലെ പ്രകാശം അസ്തമിച്ചു എന്നൊരു ധ്വനിയുമുണ്ട് ഇവിടെ. അതായത്, നീയായിരുന്നു എന്റെ വെളിച്ചം, നീ പോയതോടെ എന്റെ വെളിച്ചവും കെട്ടു. ഇപ്പോള്‍, നഗരത്തിലെ ഇരുളടഞ്ഞ ഗലികളില്‍ എന്റെ ജീവിതമിതാ നിന്നെയും തേടി നടക്കുന്നു.
കഠിനപദങ്ങള്‍
ബേചരാഗ് - വിളക്കില്ലാത്ത, ഡൂന്‍ഡ്‌നാ - തിരയുക..
VI
वक़्त अच्छा भी आयेगा 'नासिर'
ग़म न कर ज़िन्दगी पड़ी है अभी
വക്ത് അച്ഛാ ഭീ ആയേഗാ 'നാസിര്‍'
ഗം ന കര്‍ സിന്ദഗീ പഡീ ഹേ അഭീ..
നല്ല കാലവും പിന്നാലെ വന്നുചേരും..
നീ വിഷമിക്കാതെ, 'നാസിര്‍'..
ജീവിതമിങ്ങനെ നീണ്ടുകിടക്കയല്ലേ മുന്നില്‍..
എന്നാലും കവിക്ക് പ്രതീക്ഷകളുണ്ട്. നമ്മുടെ സമയവും വരും എന്ന പ്രത്യാശയുണ്ട് കവിക്ക്. ജീവിതമങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുകയല്ലേ മുന്നില്‍ എന്നാണ് കവി ആശ്വസിക്കുന്നത്. മക്തയാണ് ഇത് ഗസലിന്റെ. ഇതില്‍ 'നാസിര്‍' എന്നത് ശായറിന്റെ തഖല്ലുസ് ആണ്.
കഠിനപദങ്ങള്‍
വക്ത് : കാലം, സമയം ഗം : സങ്കടം
കവിപരിചയം
നസീര്‍ കാസ്മി. റാസാ കാസ്മി എന്ന പ്രസിദ്ധനായ പാകിസ്ഥാനി ഉറുദു കവി ലോകമെമ്പാടും അറിയപ്പെട്ടിരുന്നത് തന്റെ തഖല്ലുസ് ആയ 'നാസിര്‍' എന്ന ചേര്‍ത്താണ്. 'നാസിര്‍' കാസ്മി എന്ന പേരില്‍. 1925 ഡിസംബര്‍ 8-ന് അംബാലയില്‍ ജനിച്ച് പാകിസ്താനിലെ ലാഹോറിലേക്ക് കുടിയേറിയതാണ് കാസ്മിയുടെ കുടുംബം. പട്ടാളത്തിലെ മേജറായിരുന്നു അച്ഛന്‍ മുഹമ്മദ് സുല്‍ത്താന്‍. ഉറുദു പ്രസിദ്ധീകരണങ്ങളായ ഒറാഖ് നൗ, ഹുമയൂണ്‍ എന്നിവയുടെ പത്രാധിപരായിരുന്നു. റേഡിയോ പാകിസ്താനിലും നിരന്തരം പരിപാടികള്‍ അവതരിപ്പിച്ചു പോന്നിരുന്നു. ഫിറാഖ് ഗോരഖ്പുരിയുടെയും, മീര്‍ തകി മീറിന്റെയും ആരാധകനായിരുന്നു അദ്ദേഹം. ഏറെ ലളിതമായിരുന്നു നാസിറിന്റെ കാവ്യഭാഷ. അതുകൊണ്ടുതന്നെ പാക്കിസ്ഥാനിലേക്കും ഇന്ത്യയിലെയും ഗായകരുടെ ഇഷ്ട ശായര്‍ ആയിരുന്നു നാസിര്‍ കാസ്മി. അദ്ദേഹം ഇംഗ്ലീഷ് കവിതകളെ ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. 1972-ല്‍ ഉദരത്തെ ബാധിച്ച അര്‍ബുദം അദ്ദേഹത്തിന്റെ ജീവനെടുത്തു. ബര്‍ഗ്-എ-നായി, ദീവാന്‍ എന്നീ പേരുകളില്‍ രണ്ട് ഉറുദു കവിതാസമാഹാരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രാഗവിസ്താരം
പഹാഡി രാഗത്തിലാണ് ഗുലാം അലി ഈ ഗസല്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗുലാം അലിക്ക് പുറമെ തസവ്വര്‍ ഖാനവും ഇതേ ഗസല്‍ ആലപിച്ചിട്ടുണ്ട്.
ഗുലാം അലി
തസവ്വര്‍ ഖാനം
മഞ്ജരി
ഗസലറിവ് പരമ്പരയില്‍ ഇതുവരെ:
ചുപ്‌കേ ചുപ്‌കേ രാത് ദിൻ...