ഈ വാവേടെ ഒരു കാര്യം. രാധികാ മേനോന്‍ എഴുതുന്നു
കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും. നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.
ഓര്‍മ്മയില്‍ ആ നാളുകളുണ്ട്. 'നോട്ടി ബോയ്' എന്നവിളി അംഗീകാരം പോലെ എടുക്കുന്ന ആ കുറുമ്പന്‍ ചെക്കന്റെ കുസൃതിക്കാലം. തിരിഞ്ഞുനോക്കുമ്പോള്‍ അനേകം ഓര്‍മ്മകളുണ്ട്. അവയെ ചേര്‍ത്തുവെക്കുമ്പോള്‍ ഇങ്ങനെയൊക്കെ പറയാം:
അറിയാതെ ആരെങ്കിലും ഫ്രിഡ്ജിലെ കിഡ്‌സ് ലോക്ക് തുറന്നാല്‍ ഓടിപ്പോയി ഒരു പാത്രമൊപ്പിച്ച് കുടിവെള്ളമെടുത്ത് ഒരേചെടിയെത്തന്നെ തണുത്ത വെള്ളം തുടരെത്തുടരെ കുടിപ്പിച്ച് കുടിപ്പിച്ച് കുടിപ്പിച്ച് കൊല്ലുക.
പേനയോ പെന്‍സിലോ കിട്ടിയാല്‍ കണ്‍വെട്ടത്തുനിന്നും പതുങ്ങിപ്പോയി ചുവരിലും വാതിലിലും സോഫയിലും മോഡേണ്‍ ആര്‍ട്ട് വരക്കുക.
അമ്മയുടെ ഫോണെടുത്ത് വെറുതെ വോയ്സ് മെമോ മണിക്കൂറുകളോളം റെക്കോര്‍ഡ് ചെയ്യുക. (വീട്ടിലെ അര്‍ത്ഥവത്തായ പലതരം ആഭ്യന്തരചര്‍ച്ചകളുടെ ഈ റെക്കോര്‍ഡിങ്ങ് പിന്നീട് കേട്ട് നമ്മള്‍ ബോധരഹിതരാവുക)
മൗസ്, ഫോണ്‍ ചാര്‍ജര്‍ എന്നിവയൊക്കെ സുരക്ഷിതമായി അടുക്കള സിങ്കില്‍ നിക്ഷേപിക്കുക.
അമ്മയുടേയോ അച്ഛയുടെയോ ഫോണില്‍ സെല്‍ഫിപ്പൂരം (ഫോട്ടോയായും വീഡിയോയായും) തീര്‍ക്കുക.
ആരെങ്കിലും ഡിഷ്വാഷര്‍ ലോഡ് ചെയ്യുമ്പോള്‍ അടുത്തു ചെന്ന് കുഞ്ഞുകാല്‍വിരലുകളിലൂന്നി പൊന്തിനിന്ന് ഡിഷ്വാഷറില്‍ കുളിക്കാന്‍ തയ്യാറായിരിക്കുന്ന പാത്രങ്ങളെ ഒന്നൊന്നായെടുത്ത് സിങ്കിലേക്കുതന്നെ തിരിച്ചെറിയുക.
അടുക്കളയില്‍ ആര് പാചകം ചെയ്യുകയാണെങ്കിലും ശരി, കത്തുന്ന അടുപ്പിനെ ശരവേഗത്തിലോടിവന്നു ഓഫാക്കുക. നമ്മള്‍ പിന്നെയും പിന്നെയും കത്തിക്കുമ്പോള്‍ പിന്നെയും പിന്നെയും ഓടിത്തന്നെയെത്തി ഓഫാക്കുക.
അലമാരകള്‍, വാതിലുകള്‍, വലിപ്പുകള്‍ തുടങ്ങിയവയൊന്നും തന്നെ ഈ വീട്ടില്‍ തുറന്നുകിടക്കാന്‍ പാടില്ലെന്ന തുഗ്ലക് നിയമം കൊണ്ടുവരുകയും അത് നടപ്പിലാക്കാന്‍ അഹോരാത്രം പണിപ്പെടുകയും ചെയ്യുക.
വീട്ടിലെ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉറങ്ങുക. എല്ലാവര്‍ക്കും മുമ്പേയുണര്‍ന്ന് നേരം വെളുത്തതായി പ്രഖ്യാപിക്കുക.
ഏട്ടന്മാരെ അമ്മയോ അച്ഛനോ ഒന്ന് കൊഞ്ചിക്കുന്നത് അറിഞ്ഞാല്‍ സോഫയില്‍ നിന്ന് വീഴുന്നതായി അഭിനയിച്ചോ തല മേശയില്‍ മുട്ടിയതായി കാണിച്ചോ ഉടന്‍ ശ്രദ്ധ പിടിച്ചുപറ്റുക.
നമ്മുടെ അരിശം മുഴങ്ങുന്നതെങ്കിലും പരമാവധി മാന്യമായ 'നോട്ടി ബോയ്' എന്ന വിളി ഒരു അംഗീകാരം പോലെ സ്വീകരിച്ചു ചിരിച്ചു നമ്മളെ മയക്കുക.
അങ്ങനെയങ്ങനെയങ്ങനെ............
കുട്ടികളുള്ള, കുട്ടിക്കുറുമ്പുകളുള്ള, ലോകം എത്ര സംഭവബഹുലമാണ്! എത്ര സുന്ദരമാണ്!
ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം