ഓരോ കുഞ്ഞും അമ്മയെ ഓര്‍മ്മപ്പെടുത്തുന്ന ചിലതുണ്ട്

By Kutti Katha  |  First Published Apr 10, 2019, 5:12 PM IST

ഈ വാവേടെ കാര്യം:വിജിത ജിജു എഴുതുന്നു


കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

Latest Videos

ലേബര്‍ റൂമിലെ ഒരു രാത്രിയും നീണ്ട പകലും   നീല വിരിയിട്ട ബെഡും, മണിക്കൂറുകള്‍ക്കറ്റമില്ലാത്ത നെടുകെ കീറിയെറിയുന്ന  വേദനയുടെ കാഠിന്യത്തില്‍ പല കിടക്കകളില്‍ നിന്നും ഇടയ്ക്കിടെ തെറിച്ചു പോകുന്ന തലയിണകളും, വേദനയുടെ വേലിയേറ്റങ്ങളിലും പരസ്പരം നോക്കി ആശ്വാസത്തിന്റെ ചിരി സമ്മാനിക്കുന്ന മറ്റനേകം പേരും, നിലവിളികള്‍ക്കൊടുവില്‍ ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന കുഞ്ഞുകരച്ചിലുകളും, ചിരിച്ചു കൊണ്ടും ആശ്വാസവാക്കുകള്‍ പറഞ്ഞും ഒപ്പം നില്‍ക്കുന്ന ഭൂമിയിലെ മാലാഖമാരും...

പറഞ്ഞു വരുന്നത് ആറു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പാറുവിന്റെ സംഭവബഹുലമായ ഫസ്റ്റ്  ആന്‍ഡ് മാസ് എന്‍ട്രി ആണ്..

രാവും പകലും നീണ്ട വേദനക്കൊടുവില്‍ കോംപ്ലികേറ്റഡ് എന്ന് വിധിയെഴുതി ലേബര്‍ റൂമില്‍ നിന്നും ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റാന്‍ തയ്യാറെടുക്കുമ്പോള്‍ കുഞ്ഞിക്കാല്‍ ഭൂമിയിലേക്ക് നീട്ടി എല്ലാവരെയും അത്ഭുതപ്പെടുത്തിയവള്‍.

നീട്ടിയ കുഞ്ഞികാലില്‍ കേറിയ സിറിഞ്ചില്‍ നിന്നും ആദ്യമായി വേദനിക്കാന്‍ പഠിച്ചവള്‍.

ഫോര്‍പ്‌സിന്റെ കിരീടം ധാരണം നടത്തി പുറത്തേക്കാനയിക്കപ്പെട്ടവള്‍..

ഓരോ കുഞ്ഞും ഓരോ അമ്മയെയും ഓര്‍മ്മപ്പെടുത്തുന്ന ചിലതുണ്ട്.

ആ കുഞ്ഞു മുഖവും, കുസൃതികളും, അമ്മയുടെ ശരി തെറ്റുകള്‍ക്ക് തടയിട്ടു കൊണ്ട് ഒരു മഹാപ്രളയത്തിലോ, കൊടും വരള്‍ച്ചയിലോ അവസാനിക്കേണ്ടതല്ല തന്റെ അമ്മയെന്ന് അടയാളപ്പെടുത്തുന്നുണ്ട്. നോക്കിലും വാക്കിലും അമ്മയെ അത്ഭുതപ്പെടുത്തി  അമ്മയുടെ ബലഹീനതകളെ അമ്മയേക്കാളേറെ അറിയുന്നുണ്ട്. ഇഷ്ടങ്ങളെ, സ്വാതന്ത്ര്യത്തെ ഉറക്കെ പ്രഖ്യാപിച്ചും, അനിഷ്ടങ്ങളെ, ആജ്ഞകളെ പാടെ നിഷേധിച്ചും, ഒരേ സമയം രക്ഷയും ശിക്ഷയും കരുതലും അവഗണനയും തന്ന് അമ്മയെ ജീവിക്കാന്‍ പഠിപ്പിക്കുന്നുണ്ട്.

ഭൂഗോളത്തിന്റെ സ്പന്ദനം വല്ല മലയാളത്തിലോ ഇംഗ്ലീഷിലോ മറ്റോ മതിയായിരുന്നു..

സന്തോഷാധിക്യത്തില്‍ കുഞ്ഞിക്കൈകള്‍ കൊണ്ട് കഴുത്തിലൂടെ ചേര്‍ത്ത് പിടിച്ച് കവിളത്ത് അമര്‍ത്തി തരുന്ന ഉമ്മയില്‍, അമ്മേടെ ബെസ്റ്റ് ഫ്രണ്ട് ആരാ എന്ന ചോദ്യത്തിന്, പാറു എന്ന അഭിമാനം കൊള്ളുന്ന പൊട്ടിച്ചിരിയില്‍, അടി കിട്ടി നോവും നേരം കെട്ടിപ്പിടിച്ച് കോംപ്രമൈസ് ചെയ്യാന്‍ ചെല്ലുമ്പോള്‍ അമ്മമാരായാല്‍ ഇത്ര കുറുമ്പ് പാടില്ല, ഞാനച്ചച്ചയോട് പറഞ്ഞ് കൊടുത്ത് അമ്മയക്ക് നല്ല അടി കൊടുക്കാന്‍  പറയുംലോ എന്ന പരാതി തുളുമ്പുന്ന ഉഗ്ര ഭീഷണിയില്‍, കറിക്കരിയുമ്പോള്‍ കത്തി കൊണ്ടറിയാതെ ഉണ്ടാവുന്ന മുറിവില്‍ ചോര പൊടിയുമ്പോഴേയ്ക്കും അമ്മയ്ക്ക് വേദനിക്കുന്നുണ്ടോ ടാ എന്ന ചോദ്യത്തിനൊപ്പം കുഞ്ഞിക്കണ്ണില്‍ പിടയുന്ന കണ്ണീരിന്റെ കരുതലില്‍, അതിലെല്ലാം 5 വര്‍ഷമായി ഞാനനുഭവിക്കുന്ന അമ്മയില്ലായ്മയുടെ ശൂന്യത ഞാന്‍ മറക്കാറുണ്ട്.

ഹൈപ്പര്‍ ആക്ടീവാണ് പാറു. 5 മിനുട്ട് പോയി ഒരു സെക്കന്‍ഡ് പോലും അടങ്ങിയിരിക്കില്ല. എപ്പോഴും ചോദ്യങ്ങളാണ്. ഉത്തരങ്ങള്‍ക്ക് എന്തിനും വിശദീകരണം വേണം.

അതും അവള്‍ക്ക് തൃപ്തിയാകും വരെ. കുഞ്ഞിപ്പാറു ജോലിയൊക്കെ ചെയ്യും കേട്ടോ. ഹോസ് വച്ച് ചെടി നനയ്ക്കുക.  അവളായി വലിച്ചിട്ടത്തും കീറികളഞ്ഞതും ഒക്കെ വൃത്തിയാക്കുക, അവളുടെ ഡ്രസ്സ് മടക്കി വക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ. പക്ഷേ സമയാസമയം ഗ്രേറ്റ്, ഗുഡ്, സ്മാര്‍ട്ട് എന്നൊക്കെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കണം എന്ന് മാത്രം. ഒരിത്തിരി അധികം ജോലി ചെയ്തു എന്ന് തോന്നിയാല്‍ കൂലി, കോമ്പന്‍സേഷന്‍ തുടങ്ങിയവ ചോക്ലേറ്റ്, നൂഡില്‍സ് ഇത്യാദികളിലൂടെ വസൂലാക്കുകയും ചെയ്യും.

പഠനത്തില്‍ ഞങ്ങള്‍ വേറെ ലെവലാണ്.

സിബിഎസ്ഇ സ്‌കൂളില്‍ 10 വര്‍ഷത്തിലേറെ പഠിപ്പിച്ച എനിക്ക് പോലും സിലബസൊക്കെ ഇത്രയും അശാസ്ത്രീയമാണ് എന്ന് മനസ്സിലായി തുടങ്ങുന്നത് ഇപ്പോഴാണ് കേട്ടോ. അല്ലെങ്കില്‍ പിന്നെ ഈ 6 + 4 = 10 സമ്മതിക്കാം, പക്ഷേ ഏഴും മൂന്നും കൂട്ടിയാലും അഞ്ചും അഞ്ചും കൂട്ടിയാലും  ഒക്കെ ഇങ്ങനെ 10 കിട്ടാവോ? ചുമ്മാ പിള്ളേര്‍ക്ക് പണിയുണ്ടാക്കാന്‍! 

പകച്ച് പോയെന്റെ അധ്യാപനം!

ഭൂഗോളത്തിന്റെ സ്പന്ദനം വല്ല മലയാളത്തിലോ ഇംഗ്ലീഷിലോ മറ്റോ മതിയായിരുന്നു..

ഇതൊക്കെ സാമ്പിളുകള്‍ മാത്രം!

ഓരോ ദിവസവും ഇരുളും വെളിച്ചവും കടക്കുമ്പോഴേക്കും ഇങ്ങനെ എത്രയെത്ര നിരീക്ഷണങ്ങള്‍! എത്രയെത്ര നിഗമനങ്ങള്‍! എത്രയെത്ര ഉപസംഹാരങ്ങള്‍ !

ഓര്‍ക്കുകയായിരുന്നു, എത്ര വേഗമാണ് ആകാശം സ്വപ്നം കണ്ടിരുന്ന ഒരമ്മ ഇത്തിരി പോന്ന ഒരു കുഞ്ഞിപ്പാറുവിലേക്ക് സ്വയം ചുരുങ്ങി വന്നത്, ഒരിക്കല്‍ പ്രാണനായിരുന്ന പുസ്തകങ്ങളില്‍ നിന്നും കളിപ്പാട്ടങ്ങളുടെയും കുഞ്ഞുടുപ്പുകളുടെയും ലോകത്തിലേക്ക് ഇടറി വീണത്, അവളുടെ പനിച്ചൂടില്‍ സ്വയം ഉരുകാന്‍ തുടങ്ങിയത്, അവളുടെ മുട്ടിലെ മുറിവ് കൊണ്ടെന്റെ നെഞ്ചില്‍ ചോര പൊടിഞ്ഞത്, ഒരു കൊച്ചുകുഞ്ഞിനോടെന്നപോലെ അവളെ ലാളിച്ചതും മുതിര്‍ന്ന ആളോടെന്നപോലെ അവളോട് കലഹിച്ചും അവളുടെ ഐഡിയല്‍ അമ്മ ആയി തുടങ്ങിയത്...

ഓരോ കുഞ്ഞും ഒരോ അമ്മയ്ക്കും നല്‍കുന്നത് ഒരു പുതിയ ലോകമാണ്.. അവര്‍ക്കിടയില്‍ സ്‌നേഹം കൊണ്ട് പൂത്തും വാത്സല്യം കൊണ്ട് തളിര്‍ത്തും ആകസ്മികങ്ങളായെത്തുന്ന ആകുലതയില്‍ വാടിയും കരുതലില്‍ വീണ്ടും കിളിര്‍ത്തും അതിജീവനത്തിന്റെ പച്ചപ്പു തേടുന്ന, അവര്‍ക്ക് മാത്രമായി സൃഷ്ടിക്കപ്പെടുന്ന മറ്റൊരു ലോകം.

click me!