ഓളിങ്ങനെ ജീവന്റെ ജീവനോട് പറ്റിച്ചേര്‍ന്ന് പിടിച്ചിട്ട് അഞ്ച് വര്‍ഷങ്ങളും ചില്ലറ മാസങ്ങളും കഴിഞ്ഞു. വളര്‍ച്ചയുടെ ഓരോ പടവുകളിലും എന്റെ മാത്രം കുസൃതിക്കാരിയുടെ വീര സാഹസികത മണ്ടത്തരങ്ങള്‍ തലച്ചോറിന്റെ ഒരു കോണില്‍ ശേഖരിച്ച് വെച്ചിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും. നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.
''ഉമ്മച്ചിയേ...''
''ഉം..''
''ഇങ്ങള് ഭക്ഷണം കഴിച്ചോ...?''
''ഉം..''
''ഉച്ചക്ക് കഴിച്ചോ...?
''ഇല്ലാ...
''ഇനി കഴിക്കോ..?''
''ചിലപ്പോ..''
''ഉമ്മച്ചി, രാത്രി കഴിക്കോ...?''
''ഉം...''
''വേണ്ടൂമ്മാ..''
''ങേ..''
''ന്റെ മുത്തുമ്മല്ലേ..''
''അതെന്താ ഞാന്‍ കഴിച്ചാല്..?''
''ഭക്ഷണം കഴിച്ചാലേ വല്യതാകുന്നല്ലേ ഉമ്മച്ചി പറയാറ്..''
''ഹാ...''
''വല്യതായലല്ലേ മരിച്ച് പോകാറ്..''
''ങേ''
''അപ്പോ, ഭക്ഷണം കഴിച്ച ഉമ്മച്ചി വല്യതാവൂല്ലേ, വല്യതായാ ഉമ്മച്ചി മരിച്ച് പോകൂല്ലേ ''
ഉമ്മച്ചി മരിക്കാണ്ടിരിക്കാല്‍ള്ള സൂത്രം മോള് കണ്ടുപിടിച്ചാണ്...!
'പടച്ചോനെ......''
ഇതിപ്പോ രണ്ടുവര്‍ഷങ്ങള്‍ പിന്നോട്ടടിച്ചാല്‍, ഇടയിലെവിടോ കിടക്കുന്ന ഫ്ളാഷ്ബാക്കാണ്. പ്രിയപ്പെട്ടവളുടെ സ്നേഹത്തിന്റെ മ്യാരക വേര്‍ഷന്‍.
ഓളിങ്ങനെ ജീവന്റെ ജീവനോട് പറ്റിച്ചേര്‍ന്ന് പിടിച്ചിട്ട് അഞ്ച് വര്‍ഷങ്ങളും ചില്ലറ മാസങ്ങളും കഴിഞ്ഞു. വളര്‍ച്ചയുടെ ഓരോ പടവുകളിലും എന്റെ മാത്രം കുസൃതിക്കാരിയുടെ വീര സാഹസികത മണ്ടത്തരങ്ങള്‍ തലച്ചോറിന്റെ ഒരു കോണില്‍ ശേഖരിച്ച് വെച്ചിട്ടുണ്ട്.
ഇടക്കൊന്ന് പൊടി തട്ടി, ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍. ഓള് വല്യുമ്മ ചമയുമ്പോള്‍ ചെറിയ ഓര്‍മ്മപ്പെടുത്തലില്‍ ഒന്ന് ചമ്മിപ്പിക്കാന്‍. ആ ചമ്മലില്‍, എന്റെ ദുനിയാവിന്റെ മുഴുവന്‍ പരിഭവവും ഒറ്റയിരുപ്പില്‍ കണ്ടുതീര്‍ക്കാന്‍.
ഓള്‍ക്കും വേണം സ്വന്തായി മീന്‍. എന്നിട്ട് മീനിന് പേരിടണം.
വര്‍ഷം ഒന്ന് കഴിഞ്ഞ് കാണണം, ഓള്‍ക്കൊരു മോഹം.
കൂടെ പഠിക്കണ അന്‍ഫാസും, ഹിബയും, അഭിനന്ദും എല്ലാരും സ്വന്തായി മീനുള്ള വീട്ടിലെ കുട്ടികളാണ്.
ഹിബ ഓള്‍ടെ മീനിനെ ചിന്നൂന്നാണ് വിളിക്കാറ്.
അവരെ പോലെ ഓള്‍ക്കും വേണം സ്വന്തായി മീന്‍. എന്നിട്ട് മീനിന് പേരിടണം. ചോറും കറീം ബിസ്‌ക്കറ്റും കൊടുത്ത് പോറ്റി വളര്‍ത്തണം. ചോറും കറീം ബിസ്‌ക്കറ്റും കൊടുക്കൂല്ലാന്ന് ഉറപ്പുണ്ടേല്‍ വളര്‍ത്താന്‍ മീന്‍ വാങ്ങിച്ച് തരാന്ന് ഞാനും.
അങ്ങനെ ഓള്‍ടെ ആഗ്രഹത്തിന്റെ സാഫല്യമായി പിറ്റേന്ന് മീനെത്തി.
ഒരു കുഞ്ഞു ബൗളില്‍, ഒരു കുഞ്ഞ് ഗോള്‍ഡന്‍ ഫിഷ്.
അടുത്ത ചടങ്ങ് മീനിന് പേരിടലാണ്.
അതിന് ആദ്യം ലിംഗനിര്‍ണ്ണയം നടത്തണോല്ലോ...!
''ഉമ്മ, മീന്‍ ആണാണോ, പെണ്ണണോ..?''
കൗമാരത്തിന്റെ പടിവാതില്‍ക്കല്‍ കണ്ണും നട്ടിരുന്ന കാലത്ത് ഒരു ആടിന്റെ ലിംഗനിര്‍ണ്ണയം നടത്താന്‍ ഞാന്‍ പെട്ട പെടാപാട് എനിക്കേ അറിയു. ആ എന്നോടാണ് ഓള്‍ടെ ചോദ്യമെന്ന് ഓര്‍ക്കണം.
കാര്യം അങ്ങനാണേലും മീന്‍ പെണ്ണു തന്നെയെന്ന് ഞാനുറപ്പു പറഞ്ഞു. അങ്ങനെ പേരിട്ടു-അമ്മു!
അമ്മൂന്നുള്ള പേരെല്ലാം സ്വീകരിച്ച് മീനിങ്ങനെ രാജകിയ പദവിയില്‍ വളര്‍ന്ന് പോന്നു.
സാധാരണ നിലയില്‍ എന്റെ നിരീക്ഷണത്തില്‍ വളരുന്ന മീനുകള്‍ രണ്ട് ദിവസം കൊണ്ട് പരലോകയാത്ര പുല്‍കലാണ് പതിവ്. മോള്‍ടെ അമ്മു പതിവ് തെറ്റിച്ച് ആറും ഏഴും ദിവസം പിന്നിട്ടു.
മോള് ഏറെ സമയം അമ്മൂന്റെയടുത്ത് ചിലവഴിച്ചു. വന്ന് വന്ന്, ഹോം വര്‍ക്കുകള്‍ പോലും എന്റെ തലയിലായി തുടങ്ങി. നല്ല കാലത്ത് ഹോംവര്‍ക്കുകള്‍ ചെയ്യുകയെന്നത് അലര്‍ജിയായിരുന്ന എനിക്ക് ആ ബാധ്യത ഭയങ്കര വല്യ ബാധ്യത തന്നായിരുന്നു..
അതിന്റെ സകല കാര്യങ്ങളിലും ആവശ്യമില്ലാതെ തലവച്ച് ഓളിങ്ങനെ മീനിന്റെ കുഞ്ഞുമ്മ ചമഞ്ഞ് നടന്നു. ചില സമയത്ത്, ആ മീനെടുത്ത് ചട്ടീലിട്ട് പൊരിച്ചാലോന്ന് വരെ തോന്നിപ്പോയി...
അന്ന് ശനിയാഴ്ച്ചയാണ്,
തലേന്ന് സ്‌ക്കൂളീന്ന് കൊണ്ടുവന്നൊരു ദു:ഖ വാര്‍ത്ത ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓളെന്നെ ബോറടിപ്പിച്ചു കൊണ്ടേയിരുന്നു.
ഹിബാന്റെ ചിന്നുമീന്‍ പനി വന്നു മരിച്ചുപോയി.
''ഉമ്മച്ചി, ന്റെ മീനിന് പനി വര്വോ..?''
ഇല്ലെന്ന് ആവര്‍ത്തിച്ച് എനിക്ക് പനി വരണ അവസ്ഥ.
''പനി വന്നാ ഡോക്ടാറെ കാണാന്‍ കൊണ്ടോകണം...''
പനി വന്നാല്‍ അപ്പോ നോക്കാന്നും പറഞ്ഞ് ഓളെ ഒഴിവാക്കി. എന്നാലും പുള്ളിക്കാരീടെ മുഖത്ത് ടെന്‍ഷന്‍ കുറയണ വഴിയില്ലാ.
മീനിന്റെ കൊലപാതക കുറ്റം എന്നില്‍ ആരോപിക്കപ്പെട്ടു...
ചോദ്യങ്ങളും സംശയങ്ങളും എന്നും കൂടുതലാണ് കുട്ടിക്ക്.
അവധി ദിവസങ്ങള്‍ എന്നത്, എന്നെ സംബന്ധിച്ച് പേടിസ്വപ്‌നമാണ്. അവള്‍ക്ക് ഞാനൊരു വിശ്വവിജ്ഞാനകോശം പോലാകണം. എന്റെ തലക്കകത്താണേല്‍ അതില്‍മാത്രമുള്ള ആള്‍താമസം ഇല്ലതാനും.
അനാവശ്യ ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടിച്ച് ഓളെന്റെ ഉച്ചയുറക്കം ആവിയാക്കി...
അന്നാണേല്‍, ഓള്‍ക്ക് ചായേം വേണ്ട, മീന്‍ എങ്ങാനും പനി വന്ന് മരിച്ചാല്‍, ആ ഒരൊറ്റ ചിന്തയില്‍ സ്വന്തം ചായ കുടിവരെ മുട്ടിച്ചു.
അന്നത്തെ ദിവസം പാതിയും തീര്‍ന്ന് കാണും.
''ഉമ്മച്ചീ...''
(ആ വിളിയില്‍ ഒരു പൊട്ടിത്തെറിക്ക് മുന്‍പുള്ള ശാന്തത.)
''എന്തേ..?''
മോള്‍ടെ പനിക്കുള്ള ആ സിറപ്പ് തരോ..?
എന്തിനാ, നിനക്ക് പനിക്കണില്ലാലോ..
മോള്‍ക്കല്ലാ, അമ്മൂനാ..
അമ്മൂന്, എന്തേ..?
വെള്ളത്തില് കളിച്ച് കളിച്ച് പനി വന്നെന്ന്.
പുറത്ത് കിടന്ന് പിടക്കുണു. പനിയാണ്..
നീ അതിനെ പുറത്തെടുത്തോ..?
ഹാ, വെള്ളത്തില് ഒരുപാട് കളിച്ചാ പനി വരൂന്നല്ലേ ഉമ്മച്ചി പറയാറ്. ഹിബാന്റെ മീന്‍ മരിച്ചത് അങ്ങനാണ്. അമ്മൂന് പനിയുണ്ടോന്ന് നോക്കാനാ എടുത്തേ....
എന്നിട്ട് പനിയുണ്ടോ...?
ഉണ്ട് ഉമ്മാ..
അവിടെക്കിടന്ന് തണുത്ത് വിറക്കുവാ..
നല്ലോണം വിറക്കുണ്ടോ..?
ഹാ...
രണ്ട് വല്യ കണ്ണുകള്‍ അങ്ങ് നിറഞ്ഞ് കവിഞ്ഞ് ഒഴുകി തുടങ്ങി.
ദുരന്തമേഖല ഞാന്‍ സന്ദര്‍ശിക്കുമ്പോഴേക്കും മീന്‍ ചത്ത് മലച്ച് ദുനിയാവ് വിട്ടിരുന്നു..
മീന്‍ വെള്ളത്തീന്ന് പുറത്തേക്കെടുത്താല്‍ ചത്ത് പോകുന്നുള്ളത്, അവളെ പഠിപ്പിക്കാതിരുന്ന ഞാന്‍ തന്നെയാണ് തെറ്റുകാരി.
കുറ്റം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു ഞാന്‍ എന്നിട്ടും, പനിയുടെ മരുന്ന് കൊടുക്കാത്തതിന്റെ പേരില്‍ മീനിന്റെ കൊലപാതക കുറ്റം എന്നില്‍ ആരോപിക്കപ്പെട്ടു...
ഹാ, അടുത്താഴ്ച്ച, പുതിയൊരു മീന്‍ കുടുംബത്ത് വരും വരെ ആ കുറ്റം ഇടക്കിടെ എന്നെ ചോദ്യം ചെയ്തു കൊണ്ടിരുന്നു.
പുതിയ മീന്‍ മരിച്ചത് ഹൃദയാഘാതം വന്നാകണം. എന്നാലും മോള്‍ക്ക് ഇപ്പോളറിയാം ഈ മീന്‍ വെള്ളത്തില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ജീവിയാണെന്ന്..
'എന്നാലും എന്റെ വാവേ, നീ എന്നെയൊരു കൊലപാതകിയാക്കീല്ലേ....'
ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം