'ഇഷ്ടമല്ലേല്‍ പിന്നെന്തിനാ എന്നെ പുറത്തെടുത്തത്,  വേഗമെന്നെ  വയറിനുള്ളിലേക്ക് തിരിച്ചിടൂ'

By Kutti Katha  |  First Published Apr 29, 2019, 5:25 PM IST

കുട്ടിക്കഥ: ഈ വാവേടെ ഒരു കാര്യം: രമ്യ കുളപ്പുറം എഴുതുന്നു 


കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

Latest Videos

മുതിര്‍ന്നവരുടേതിനേക്കാള്‍ വിശാലവും ഭാവനാ സാന്ദ്രവുമാണ് കുട്ടികളുടെ കാഴ്ചകളും ചിന്താരീതികളും. അവ എത്രമാത്രം വ്യത്യസ്തമാണെന്ന് എന്നെ നിരന്തരം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്  ഞങ്ങളുടെ മാളൂട്ടി (ജിയ കൃഷ്ണ). കുസൃതിത്തരങ്ങളാലും വാക്കുകളാലും നിരന്തരം എട്ടിന്റെ പണി തരുമെങ്കിലും
ഓര്‍ത്തെടുത്ത് ചിരിക്കാന്‍ ഒരു പാട്  രസമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നവള്‍. 

കഥ കേള്‍ക്കാനിഷ്ടമാണ് മാളൂന്. ഒരു ദിവസം രാത്രി  പൂതത്തിന്റെയും ഉണ്ണിയുടേയും കഥ പറഞ്ഞ് കൊടുത്ത് ഉറക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. പൂതം കൊണ്ടു പോയ തന്റെ ഉണ്ണിയെ തിരിച്ചു കിട്ടാനായി, സ്വന്തം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് പൂതത്തിനു സമര്‍പ്പിച്ച നങ്ങേലി അമ്മയുടെ  മാതൃസ്‌നേഹത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന  കവിത 'പൂതപ്പാട്ട്' മൂന്നര വയസുകാരിക്ക് മനസിലാവും വിധം കഥയാക്കി വിസ്തരിച്ച് പറഞ്ഞിട്ടും ഉറങ്ങാതെ കുറുമ്പു കാണിച്ചു അവള്‍.  

'വേഗം ഉറങ്ങിക്കോ ഇല്ലേല്‍ നങ്ങേലിയമ്മേടെ ഉണ്ണീ നെ കൊണ്ട് പോയ പൂതം വന്ന് മാളൂനേം പിടിക്കും ട്ടോ'- എന്ന് പറയേണ്ടി വന്നു എനിക്ക്.

'പൂതം പിടിച്ചാലെന്താ പ്രശ്‌നം? അമ്മ അമ്മേന്റെ കണ്ണ് ഊരിക്കൊടുത്ത് മാളൂനെ പൂതത്തിന്റടുത്ത് ന്ന് തിരിച്ച്  വാങ്ങൂലെ. നങ്ങേലിയമ്മ അവര്‌ടെ ഉണ്ണീ നെ വാങ്ങിയ പോലെ' എന്ന മറുപടി കൊണ്ട് മാളൂട്ടി എന്റെ  വായടപ്പിച്ചു. കണ്ണും മനസും നിറച്ച  ആ നിഷ്‌കളങ്കമായ വാക്കുകളില്‍ തെളിഞ്ഞു നിന്നത്  അമ്മയുടെ സ്‌നേഹത്തിലുള്ള കുഞ്ഞു മനസിന്റെ ഉറച്ച വിശ്വാസമായിരുന്നു. 

ഓണക്കാലത്ത് അംഗനവാടിയില്‍ ഓണസദ്യക്കിടെ  കുട്ടികളോട് 'സദ്യ എല്ലാവരും മുഴുവന്‍ കഴിക്കണം മാവേലി നിങ്ങളെ കാണാന്‍ ഇപ്പോള്‍ വരും. ഏത് വേഷത്തിലാ വരികയെന്നറീല്ലാട്ടോ' എന്ന് ടീച്ചര്‍ പറഞ്ഞു. ആ നേരം അവിടെയെത്തിയ ഒരു വല്യമ്മ,  (അവരെ പിള്ളേര്‍ക്കത്ര പരിചയം പോര) അവസരോചിതമായി താനാണ് മാവേലി എന്നും പറഞ്ഞ് അവിടെ തകര്‍ത്തഭിനയിച്ചു.  പിള്ളേരെല്ലാം വേഗം ഭക്ഷണം കഴിച്ചു. വല്യമ്മ കൈയുയര്‍ത്തി അവരെ അനുഗ്രഹിച്ചു. വീട്ടിലെത്തിയ മാളൂട്ടി പറയുകയാ ആ വന്നത് മാവേലി ഒന്നും അല്ല നമ്മളെ അവര്‍ പറ്റിച്ചതാണെന്ന്. അതെങ്ങനെ നിനക്ക് മനസിലായി എന്ന്  ചോദിച്ചപ്പോ അവള് പറയുകയാ 'അവരുടെ കയ്യില്‍ കറുപ്പ് നിറമുള്ള മടക്കുന്ന കുടയാ ഉണ്ടായിരുന്നേ.. മാവേലിക്ക് ഓലക്കുടയല്ലേ ഉള്ളത്' എന്ന്. 
 
ഒരിക്കല്‍ അവള്‍ എവിടുന്നോ പഴയ ഒരു  ഫേസ് ക്രബ് ക്രീം എടുത്ത് കൊണ്ട് വന്നു. ഇതെന്താന്ന് ചോദിച്ചപ്പോ അത് പല്ല് വേദനക്കുള്ള മരുന്നാണെന്ന് പറഞ്ഞ് തടിതപ്പി ഞാന്‍. (ഇല്ലേല്‍ അതപ്പോള്‍ തന്നെ മുഖത്ത് തേച്ച് പിടിപ്പിച്ച് ശരിയാക്കി തരുമായിരുന്നു.)

പിറ്റേന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവള്‍ പറഞ്ഞു, പല്ലിന് ചെറിയ വേദന തോന്നുന്നുവെന്ന്. പാത്രം കഴുകിക്കഴിഞ്ഞിട്ട്  നോക്കാം എന്നും  പറഞ്ഞ് സിങ്കിനടുത്തേക്ക് നീങ്ങി ഞാന്‍. കുറച്ച് കഴിഞ്ഞപ്പോ അടുത്തു വന്ന മോളോട് വേദന മാറിയോ എന്ന് ചോദിച്ച എന്നോട് അവള് പറയുകയാ, അമ്മേടെ 
പല്ല് വേദനേടെ മരുന്ന് വച്ചപ്പഴേ അത് മാറിയെന്ന്.  ഫേസ് സ്‌ക്രബ് പല്ലുവേദനേടെ മരുന്നാണെന്ന് അവളെ വിശ്വസിപ്പിച്ച ഞാന്‍ തന്നെ അതിന്റെ ശിക്ഷയെന്നോണം അവസാനം അത് വായില്‍ നിന്ന് തോണ്ടിയെടുത്ത് വൃത്തിയാക്കേണ്ടി വന്നു.  എത്ര മാത്രം നിഷ്‌കളങ്കരാണ് കുഞ്ഞുങ്ങളെന്നും ഇനിയൊരിക്കലും മക്കളോട് നിസ്സാര കാര്യത്തിനു പോലും കളവ് പറയരുതെന്നും എന്നെ പഠിപ്പിച്ചു നാലു വയസുകാരി.  

മറ്റൊരു ദിവസം മാളൂട്ടി കരഞ്ഞു കൊണ്ടോടി വന്ന് ഏട്ടന്‍തല്ലിയെന്ന് പരാതി പറഞ്ഞു. അവളെ ആശ്വസിപ്പിക്കാനായി 'മോള്‍ക്ക് വേദനിച്ചോ? അമ്മ അവന് നല്ല ശിക്ഷ കൊടുക്കാം ട്ടോ '' എന്നു ഞാന്‍  പറഞ്ഞ എന്നോട് 

'വേണ്ട അമ്മേ ഏട്ടന് നല്ല ശിഷ്ഷ വേണ്ട ..പൊട്ട ശിഷ്ഷ കൊട്ത്താ മതീ'-എന്നായിരുന്നു മറുപടി. ഓരോ വാക്കും കുഞ്ഞുങ്ങള്‍ക്ക് ഏതൊക്കെ അര്‍ത്ഥമാണ് നിറയ്ക്കുന്നതെന്ന് ഞാനന്തം വിട്ടു.    

ആകാശത്തിനുള്ളിലെന്താ ഉള്ളത് എന്നൊരിക്കലവള്‍ ചോദിച്ചപ്പോള്‍  അവളോട് തന്നെ ഉത്തരം പറയാന്‍ പറഞ്ഞു ഞാന്‍.  'ആകാശത്തിനുള്ളിലേയ്...ഒന്നും കൂടി ആകാശം'! എന്നായിരുന്നു ആ  കുഞ്ഞു വലിയ മറുപടി. അതിരില്ലാത്ത ആകാശം പോല്‍ വിശാലമാണ് കുട്ടികളുടെ ഭാവനയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. 

തിരമാലകള്‍ അലയടിച്ച് വരുന്നത്  കണ്ട്, വെള്ളം വെള്ളം കുടിക്കുന്നത് കണ്ടോ അമ്മേ എന്നവള്‍ പറഞ്ഞതുമോര്‍ക്കുന്നു. 

ഒരിക്കല്‍ എന്തോ വലിയ കുസൃതി ഒപ്പിച്ചപ്പോള്‍ എനിക്ക് എന്റെ മോനെയാണിഷ്ടം കുരുത്തക്കേട് കാട്ടുന്നവളെ എനിക്ക് വേണ്ടാന്ന് പറഞ്ഞ് പിണങ്ങിയിരുന്ന എന്നോട് അവളുടെ മറുപടി ഇതായിരുന്നു: 'മാളൂനെ ഇഷ്ടമല്ലേല്‍ പിന്നെ എന്തിനാ എന്നെ അമ്മേടെ വയറീന്ന് പുറത്തെടുത്തത്, ഞാന്‍ പറഞ്ഞിട്ടല്ലല്ലോ.. എന്നെ വേഗം അമ്മേടെ വയറിനുള്ളിലേക്ക് തിരിച്ചിടൂ'-ഇതും പറഞ്ഞ് വാശി പിടിച്ച് ഒരു രാത്രി വെളുപ്പിച്ചിട്ടുണ്ടവള്‍. നമ്മുടെ   നെഗറ്റീവ് മറുപടി കുട്ടികളുടെ  മൃദുല മനസിനെ എത്രമേല്‍ മുറിപ്പെടുത്തും  എന്ന് മനസിലാക്കാനുള്ള മാനസിക വലിപ്പം ചിലപ്പോഴെങ്കിലും  നമുക്കുണ്ടാവുന്നില്ല എന്നതൊരു സത്യമാണ്.

ഹെയര്‍ ഡൈ എടുത്ത് കണ്‍മഷി ആക്കി തേച്ചും, വെട്ടിത്തിളങ്ങാനായി വിം ബാര്‍ കൊണ്ട് പല്ല് വൃത്തിയാക്കിയും, മറ്റുള്ളോരുടെ ഗുളിക വിഴുങ്ങിയും, മുടി മൊട്ടയടിക്കാനുള്ള അവളുടെ ആഗ്രഹം സാധിപ്പിച്ച് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റയ്ക്ക് മുടി കണ്ടം കണ്ടമായി  മുറിച്ചും;  എന്നെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ടവള്‍ .

ഇപ്പോഴും  ചുമര് മുഴുവന്‍ ചിത്രം വരച്ച് കൂട്ടിയും സോഫയിലെ  സ്‌പോഞ്ച് വലിച്ചെടുത്ത് സ്ലേറ്റ് മായ്ച്ചും വലിയ വായില്‍ വര്‍ത്താനം പറഞ്ഞും ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ മുറിയെല്ലാം വലിച്ചു വാരിയിട്ടും എന്നെ പലപ്പോഴും  നാഗവല്ലിയാക്കാറുണ്ടവള്‍ . അതേ സമയം തന്നെ  എന്റെ മുഖമൊരല്‍പം വാടിയാല്‍  ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മകളാല്‍ മൂടി വാക്കുകളാല്‍  ആശ്വസിപ്പിച്ച് പ്രായത്തില്‍ കവിഞ്ഞ പക്വത കാട്ടുന്നവളുമാണവള്‍-എന്റെ കുറുമ്പി പെണ്ണ് മാളൂട്ടി.  

ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!