'എനിച്ച് പഴേ സ്‌ക്കൂളില് പോണം, ടീച്ചര്‍മാരെ കാണണം'

By Kutti Katha  |  First Published Apr 5, 2019, 4:55 PM IST

ഈ വാവേടെ കാര്യം: ഡോ. പി ജി ബീന എഴുതുന്നു


കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

കുഞ്ഞന്‍ എന്ന് അവനെ എപ്പോഴാണ് വിളിച്ചുതുടങ്ങിയതെന്നോര്‍മയില്ല. ജനിച്ചപ്പോള്‍ തന്നെ ഇത്തിരിക്കുഞ്ഞനായിരുന്നു. ആദ്യമേ പ്രശ്‌നക്കാരനായിരുന്നു. അവന് നീന്തിക്കളിക്കാന്‍ ഉള്ളില്‍ വെള്ളം കുറവ്. അതിനാല്‍ തന്നെ തല കുത്തി കിടക്കേണ്ടവന്‍ വിലങ്ങനെ നീണ്ടു നിവര്‍ന്നങ്ങ് കിടന്നു. ഏകദേശം പറഞ്ഞ പ്രസവത്തീയതിക്ക് കുറച്ച് ദിവസം മുമ്പ് തന്നെ സര്‍ജറി ചെയ്ത് പുറത്തെടുത്തു. തൂക്കം 2.3 കിലോ മാത്രം.

Latest Videos

പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയപ്പോ മുതല്‍ നടത്തമല്ല ഓട്ടമായിരുന്നു. പിന്നാലെ ഓടാന്‍ ഈ അമ്മയും, അതുകൊണ്ട് അമ്മ വലിയ തടിയൊന്നും വെക്കാതെ കഴിഞ്ഞു കൂടി.രണ്ടു വയസു വരെ അമ്മിഞ്ഞപ്പാലും പിന്നെ കുപ്പിപ്പാലും കുടിച്ചങ്ങനെ കഴിയുന്നു. മൂന്നരവയസായി,, പക്ഷേ കുപ്പി വിടുന്നില്ല,,നാട്ട് നടപ്പു പോലെ നഴ്‌സറിയില്‍ വിടണം. അവന് അതിനുള്ള പാകതയായില്ല എന്ന് ഞങ്ങള്‍ക്കു തോന്നുന്നുണ്ട്. അടുത്തുള്ള ചെറിയൊരു നഴ്‌സറി സ്‌കൂള്‍ മതിയെന്നാലോചിച്ചുവെങ്കിലും, ഏട്ടന്‍ പഠിക്കുന്ന സ്‌ക്കൂളിലായാല്‍ സൗകര്യമുണ്ടല്ലോ എന്നോര്‍ത്തു. അവിടത്തെ ചിട്ടവട്ടങ്ങള്‍ ഇവന് ഒക്കുമോ എന്ന് എനിക്ക് ബലമായ സംശയമുണ്ടായിരുന്നു. കുപ്പിപ്പാല്‍ കുടി അപ്പോഴും നിന്നിട്ടില്ല. അടങ്ങിയിരിക്കുക എന്നൊന്നില്ല. നേരാംവണ്ണം ഒന്നും പറയാനും അറിഞ്ഞൂടാ, വേണ്ടത്ര തിരിച്ചറിവായിട്ടില്ല എന്ന് എനിക്ക് പൂര്‍ണ ബോധ്യം. 

പക്ഷേ ജോലിക്ക് പോകണ്ടതിനാല്‍ സ്‌കൂള്‍ വേഗം ശീലിച്ചാല്‍  സൗകര്യമായല്ലോ എന്നും തോന്നി.അങ്ങനെ സ്‌കൂളില്‍ ചേര്‍ന്നു. വിചാരിച്ച പോലെത്തന്നെ അവന് ഇരിപ്പുറയ്ക്കുന്നില്ല. ടീച്ചര്‍ പഠിപ്പിക്കുന്നതും കേട്ട് ഇരിക്കാന്‍ വയ്യ. നടക്കണം. ചോറുണ്ണുമ്പോള്‍ മുഴുവന്‍ നിലത്ത്. നഴ്‌സറി റൈംസ് പാടാനും പഠിച്ചില്ല. പാലുകുടിക്കാന്‍ പറ്റാത്ത ദേഷ്യവും ഒരു ഭാഗത്ത്. സ്‌കൂള്‍ വിട്ടാല്‍ അടങ്ങി നില്‍ക്കാതെ ബസുകളുടെ ഇടയിലേക്കൊക്കെ ഓടുന്നു. രണ്ടാം ക്ലാസിലെ കുഞ്ഞേട്ടന് അവനെ നിയന്ത്രിക്കാനും പറ്റുന്നില്ല, ആ വലിയ സ്‌കൂളുമായി അവന്‍ പൊരുത്തപ്പെട്ടില്ല. സ്‌കൂളുകാര്‍ക്കും വിഷമം. ഞങ്ങളവനെ അടുത്തുള്ള ചെറിയ നഴ്‌സറി സ്‌കൂളിലേക്ക് മാറ്റി. ടീച്ചര്‍മാരോട് അവന്റെ കാര്യങ്ങള്‍ പറഞ്ഞു. 

എന്റെ കണ്‍വെട്ടത്തുന്നു മാറുമ്പോ വിളിച്ചു പറയും 'അമ്മേ ദാ,  ഞാനിവിടുണ്ട് ട്ടാ...

എല്ലാവരും ഇന്റര്‍വെലിന് ഗ്ലാസില്‍ പാലു കുടിക്കുമ്പോള്‍ ഇവന്‍ കുപ്പിയില്‍ തന്നെ പാല്‍ കുടിച്ചു. കുറേ നാള്‍ എല്ലാവരും ക്ലാസിലിരിക്കുമ്പോഴും അവന്‍ കളിക്കാനുള്ള മുറിയില്‍ സൈക്കിള്‍ ചവിട്ടി. സ്‌നേഹമുള്ള രണ്ടധ്യാപികമാരും കുറച്ച് നാള്‍ അവന്‍ അവന്റെ വഴിക്ക് നടക്കട്ടെ എന്ന് തന്നെ തീരുമാനിച്ചു. പതിയെ ഗ്ലാസില്‍ തന്നെ പാലുകുടിക്കാന്‍ തുടങ്ങി. ക്ലാസിലിരിക്കാനുള്ള മടിയൊക്കെ പിന്നെയും തുടര്‍ന്നു. എഴുതലും വായിക്കലുമൊന്നും നമുക്ക് ആയിട്ടേയില്ലെന്ന മട്ടിലായിരുന്നു രണ്ട് മൂന്നു മാസത്തെ ഭാവം. പിന്നെ പതുക്കെ പ്ലാസ്റ്റിക് കൊണ്ടുള്ള എ ബി സി ഡികള്‍ വാങ്ങി കളിച്ചു തുടങ്ങി. 1, 2, 3 കളെയും വാങ്ങി. അച്ഛന്റെ മടിയിലിരുത്തി ലാപ് ടോപ്പില്‍ എഴുതിച്ചു. പതുക്കെപ്പതുക്കെ സ്ലേറ്റിലേക്കും പെന്‍സിലിലേക്കും തിരിഞ്ഞു. ഒരു കൊല്ലം കൂടി എല്‍ കെ.ജി യില്‍ പഠിക്കണോ എന്ന ഞങ്ങളുടെ സംശയമൊക്കെ അവന്‍ കാറ്റില്‍ പറത്തി. പെട്ടെന്നങ്ങ് മിടുമിടുക്കനായില്ലെങ്കിലും കാര്യങ്ങള്‍ മനസിലാക്കിത്തുടങ്ങി. രണ്ടു നഴ്‌സറി ക്ലാസുകളും ഒരു കളി മുറിയുമുള്ള കെട്ടിടത്തില്‍ അവിടത്തെ രണ്ട് അധ്യാപികമാരും ആയയും മാത്രമുള്ള ലോകം, അവന് വീടിന്റെ ഒരു തുടര്‍ച്ച പോലെയായിരുന്നു. 

ഒന്നാം ക്ലാസിലെത്തി. സ്‌ക്കൂള്‍ തുറക്കും മുമ്പേ പറഞ്ഞിരുന്നു. കുറച്ച് ദൂരെയാണ് ഒന്നാം ക്ലാസിന്റെ സ്‌ക്കൂള്‍, പഴയ ടീച്ചര്‍മാര് അവിടെ ഉണ്ടാവില്ല എന്നൊക്കെ. എന്നാലും സ്‌ക്കൂളില്‍ ആദ്യ ദിവസം എത്തിയപ്പോള്‍ അവന്‍ വിങ്ങിക്കരഞ്ഞു. എനിച്ച് പഴേ സ്‌ക്കൂളില് പോണം. അവിടത്തെ ടീച്ചര്‍മാരെ കാണണം എന്നും പറഞ്ഞ്. 

രണ്ടു മൂന്നു ദിവസം കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു. പതിയെ അവിടവുമായും ഇണങ്ങി. കുറുമ്പുകള്‍ കൂടുതലായിരുന്നു. ഒന്നും മിണ്ടാതെയുള്ള ഓട്ടമാണ് ഏറ്റവും പ്രശ്‌നം. കുഞ്ഞാ എവിടെയാ എന്ന്  വിളിച്ചു നോക്കിക്കൊണ്ടേയിരിക്കും ഞാന്‍. പിണക്കം വന്നാല്‍ മുറ്റത്ത് മണ്ണില്‍ ചെവിയും ചേര്‍ത്ത് ഒറ്റ കിടത്തമാണ്. ഭൂമീദേവിയുടെ സംഗീതവും കേട്ട്. പിണക്കം മാറിയാലേ എഴുന്നേല്‍ക്കൂ. ഞാനിങ്ങനെ കാവല്‍ നില്‍ക്കും, അവന്‍ എഴുന്നേല്‍ക്കുന്നതും നോക്കി. വലിയ ശിക്ഷാ നടപടികളൊക്കെ കൊടുത്ത് അവനെ വല്ലാതെ കരയിപ്പിക്കുന്ന പതിവ് ഇല്ലായിരുന്നു. പെട്ടെന്ന് പെട്ടെന്നുള്ള ഓട്ടവും ചാടിക്കയറലുമൊക്കെ കാരണം ചെറിയ ചില വീഴ്ചകള്‍ പതിവായിരുന്നു. ഒരിക്കല്‍ പാര്‍ക്കില്‍ നിന്നു വീണ് നാവാണ് മുറിഞ്ഞത്. നീളത്തിലുള്ള മുറിവു കണ്ട് ഞാന്‍ ഭയന്നെങ്കിലും, അധികം ആഴമില്ലാത്തതിനാല്‍ തുന്നിടേണ്ടി വന്നില്ല.

കണ്ണടച്ചു തുറക്കും വേഗത്തില്‍ കുഞ്ഞനും വളര്‍ന്നു.അമ്മയുടെ ഉത്ക്ണ്ഠ മനസിലാക്കി, എന്റെ കണ്‍വെട്ടത്തുന്നു മാറുമ്പോ വിളിച്ചു പറയും 'അമ്മേ ദാ,  ഞാനിവിടുണ്ട് ട്ടാ...

ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!