ഈ വാവേടെ കാര്യം. ഷീബാ വിലാസിനി എഴുതുന്നു
കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും. നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.
'നീയൊന്ന് വേഗം വരുന്നുണ്ടോ...... '
'ദേ വരുന്നൂ...... '
പക്ഷെ, അതെവിടെ ....?' മറുപടി കൊടുക്കുന്നതിനിടയിലും മുറി മുഴുവന്‍ ഞാന്‍ തിരയുകയായിരുന്നു.
'കുറെ നേരമായല്ലൊ.... ട്രെയിന്‍ ഇങ്ങെത്താറായി ....'
കണവന്‍ ആകെ ചൂടുപിടിച്ചു തുടങ്ങി .എടുപിടീന്ന് തിളച്ചുമറിയുന്ന സ്വഭാവമായതുകൊണ്ട് എത്രയും വേഗം പുറത്തുചാടാനുള്ള തത്രപ്പാടിലായി ഞാന്‍. പക്ഷെ , അതെവിടെ അലമാരയും ബാഗും കട്ടിലും കസേരയും എന്നു വേണ്ട വീടു മുഴുവന്‍ ഓടിപ്പിടിച്ചു തപ്പിയതു തന്നെ മിച്ചം.
'എന്തുവാടി കുറേ നേരമായല്ലൊ. ട്രെയിന്‍ എത്താറായി '
'ഓ.... മനുഷ്യന് തലയ്ക്ക് തീപിടിക്കും'
വിദേശികളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത പകതോന്നി .ഏതു നേരത്താണോ ഈ ട്രെയിന്‍ ഇവിടെ കൊണ്ടുവരാന്‍ തോന്നിയത്. സൈ്വരക്കേട്......!
'എന്റെ പുതിയ ബ്ലൗസ് കാണാനില്ലന്ന് .'
'നീ തയ്യല്‍ക്കടേന്ന് കൊണ്ടുവന്നു കാണുകേല'
'ഏയ് ഞാനിവിടെ വെച്ചതാണല്ലൊ ....!'
'വേറെ ഏതെങ്കിലും വലിച്ചുകേറ്റിക്കൊണ്ട് ഇറങ്ങാന്‍ നോക്ക്. സമയമില്ല.... ' അക്ഷമയോടെ ഭര്‍ത്താവിന്റെ ഓര്‍ഡര്‍ .
എന്നാലും എന്റെ ദൈവമേ കല്യാണത്തിന് പോകാനായി ആറ്റുനോറ്റ് വാങ്ങിച്ച സാരിയാണ് .ഇനി പഴയതും ഇട്ട് പോകണമല്ലൊ. എന്റെ സങ്കടത്തെ ഫലിപ്പിക്കാന്‍ പറ്റിയ ഉപമയും ഉത്‌പ്രേക്ഷയും ഒന്നും വരുന്നുമില്ല. ഏതായാലും മക്കളെ രണ്ടു പേരെയും നേരത്തെ ഒരുക്കി നിര്‍ത്തിയത് നന്നായി . ഇനി ഏതെങ്കിലുമിട്ട് ഇറങ്ങുക തന്നെ.
'മോനേ ... വാവയെ നോക്കിക്കോണേ ...' ഇതിനിടയില്‍ മൂത്തയാളെ വിളിച്ച് ഓര്‍മ്മിപ്പിച്ചു . കുറച്ചു കഴിഞ്ഞപ്പോള്‍ വെളിയില്‍ നിന്നൊരു വിളി .
'അമ്മേ... വാവ തുണി കയുകുന്നേ....'
ദൈവമേ... ഏത് തുണി ....! ഓടിപ്പാഞ്ഞ് ചെന്നതും, പൈപ്പിനടിയിലിരുന്ന ബക്കറ്റില്‍ മണ്ണും വെള്ളവും ഒക്കെയായി കലങ്ങി മറിഞ്ഞ് എന്റെ പുതിയ ബ്ലൗസ്. അതൊക്കെ എങ്ങനെയും സഹിക്കാം. പുതിയ ഉടുപ്പൊക്കെ ഇട്ട് ഒരുക്കി നിര്‍ത്തിയ ആള്‍ ദേ, ഷൂവൊക്കെ ഊരിക്കളഞ്ഞ് തലവഴി നനഞ്ഞു കുളിച്ച് നില്‍ക്കുന്നു.
'കിച്ചുക്കുട്ടാാാ...... ' അലറി വിളിച്ചതു തന്നെ മിച്ചം. അവന് യാതൊരു കൂസലുമില്ല. അലക്കും കുളിയും തകൃതി. ആകാശഗംഗയില്‍ നിന്ന് തെന്നിതെറിച്ച് നിലത്തു വീണ് അച്ചുതണ്ടൊടിഞ്ഞ ഭൂമി പോലായി ഞാന്‍. ഭ്രമണവുമില്ല പരിക്രമണവുമില്ല. സര്‍വ്വത്ര നിശ്ചലം.
'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....'. ഇതിനിടയില്‍ സ്‌റ്റേഷനില്‍ നിന്നും അനൗണ്‍സ്‌മെന്റ് കേട്ടു തുടങ്ങി.
'നീയൊക്കെ ഇവിടെ നിന്നോ എന്നിട്ട് ട്രെയിനിന്റെ പുറകേ ഓടിക്കോ' -ചവിട്ടിത്തുള്ളി അതിയാനിറങ്ങി. ഒരാളെയെങ്കിലും കൂടെ പറഞ്ഞു വിടാന്‍ ശ്രമിച്ച ഞാന്‍ തോറ്റു. വാവേടെ കൂടയെ പോകു എന്ന് നിര്‍ബന്ധം പിടിച്ച് മൂത്തയാള്‍ ഒരേ നില്‍പ്പ്.
നനഞ്ഞതൊക്കെ വലിച്ചൂരി ഒരുവിധം തുടച്ചു വൃത്തിയാക്കി, കയ്യില്‍ കിട്ടിയ നിക്കറും ബനിയനും വല്ലവിധേനയും വലിച്ചു കേറ്റി കട്ടിലില്‍ പിടിച്ചിരുത്തി. . ഇറങ്ങിപ്പോകരുത്, .അടികിട്ടും എന്ന് കണ്ണുരുട്ടി ഒരു ഭീഷണിയും നടത്തി, ഞാന്‍ അടുക്കളയിലേയ്ക്ക് ഓടി. പക്ഷെ, അവിടെ തണുക്കാന്‍ വെച്ച പാല്‍ എവിടെ .....!
'ഇവിടിരുന്ന പാല്‍ എവിടെ ?'
'നാന്‍ ഒയിച്ചു കളഞ്ഞു .'
' എന്തിന് ?'
'വേണ്ട . ഇട്ടമല്ല'- മൂത്തവന്റേതാണ് മറുപടി.
'ഇട്ടമല്ല പോലും.... വണ്ടിയില്‍ കേറുന്നുടനെ പാല് വെള്ളം എന്നൊക്കെ ചിണുങ്ങാന്‍ തുടങ്ങ്. അന്നേരം നല്ല പിച്ചുതരും ഞാന്‍'- വിസ്‌ഫോടനത്തില്‍ ചിതറി തെറിച്ച ഉല്‍ക്കാപ്രവാഹം പോലെയായി എന്റെ ബോധം. പാല് ഇല്ലങ്കില്‍ വേണ്ട, ബാക്കിയിരുന്ന കുറുക്ക് ഒരു ചെറിയ പാത്രത്തില്‍ ഒഴിച്ച് അടപ്പ് നന്നായി മുറുക്കി ബാഗില്‍ വെച്ചു.
അന്നൊക്കെ എവിടെ പോയാലും എന്റെ ബാഗില്‍ എപ്പോഴും ഒരു ചെറിയ പ്ലേറ്റ്, സ്പൂണ്‍, ചെറിയ ഗ്ലാസ്സ് വെള്ളം, കുറുക്ക്, പാല്, ബിസ്‌ക്കറ്റ്, ടൗവ്വല്‍ എന്നു വേണ്ട സര്‍വ്വ തയാറെടുപ്പുകളും സുസജ്ജം. രണ്ടിനെയും എങ്ങനയൊക്കയോ വലിച്ചിറക്കി കതകടച്ചു പൂട്ടി ഞാനും ഇറങ്ങി.
കല്യാണത്തിനു മുന്‍പൊക്കെ മണിക്കൂറുകള്‍ എടുത്ത് ഒരുങ്ങിയിരുന്ന ഞാനാണ്. പൊട്ട് കുത്തീല്ല. കണ്ണെഴുതീല്ല. മുടി ചീകിയോ എന്തോ... സാരി കുത്തിയും കുത്താതെയും അതങ്ങനെ.
ബാഗെടുത്ത് തോളത്തിട്ട് ഇളയവനെ ഒക്കത്തും മൂത്തവനെ കൈയിലും ഷൂ എടുത്ത് വിരലിലും തൂക്കി ഞാന്‍ മാരത്തോണിന് തയാറായി . എന്റെ ഓട്ടത്തിന്റെ താളാത്മകതയില്‍ ബാഗിനുള്ളിലെ പാത്രങ്ങള്‍ മുട്ടിയുരുമ്മി പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
'ഇവിടിരുന്ന പാല്‍ എവിടെ ?'
'നാന്‍ ഒയിച്ചു കളഞ്ഞു .'
' എന്തിന് ?'
'വേണ്ട . ഇട്ടമല്ല'- മൂത്തവന്റേതാണ് മറുപടി.
നേരെ വഴി പോയാല്‍ ട്രെയിന്‍ കിട്ടില്ല ഉറപ്പ്. ഇടവഴി ചാടി പ്‌ളാറ്റ്‌ഫോമില്‍ വലിഞ്ഞു കേറി ഓവര്‍ബ്രിഡ്ജു വഴി എങ്ങനയൊക്കെയോ ഒന്നാമത്തെ പ്‌ളാറ്റ്‌ഫോമില്‍ ചാടി വീണു എന്നു പറഞ്ഞാല്‍ മതിയല്ലൊ അപ്പോള്‍ അതാ നില്‍ക്കുന്നു പട നയിച്ച വീരാളിയെ പോലെ നമ്മുടെ കണവന്‍. എന്തെങ്കിലും ചോദിക്കാന്‍ പോലും കഴിയാത്ത വിധം അടുത്തു കണ്ട കസേരയിലിരുന്ന് ഞാന്‍ ഒന്നു ദീര്‍ഘമായി നിശ്വസിച്ചു. ഭാഗ്യം ട്രെയിന്‍ പത്ത് മിനിറ്റ് ലേറ്റ്. അടുത്ത വീട്ടിലെ ചേച്ചി നടത്തുന്ന കടയുടെ അകത്ത് കയറി നിന്ന് സാരിയൊക്കെ ഒരു വിധം നന്നാക്കി. ട്രെയിന്‍ വന്നതോടെ ഉന്തിത്തള്ളിക്കയറി സീറ്റുപിടിച്ചു. സീറ്റുകിട്ടിയതോടെ ഭര്‍ത്താവദ്ദേഹം ലോക കാര്യത്തിലേയ്ക്ക് കടന്നു. അമേരിക്കയില്‍ എന്തു സംഭവിക്കുന്നു, ചൈനയില്‍ എന്തു സംഭവിക്കുന്നു, പാകിസ്ഥാനില്‍, ചെക്കോസ്ലോവാക്യയില്‍... അങ്ങനെ അങ്ങനെ വലിയ വലിയ കാര്യങ്ങളില്‍ തല പുകച്ച് പത്രപാരായണം, അടുത്തിരിക്കുന്നയാളുമായി ചര്‍ച്ച, പ്രസ്താവന, ഒരു രക്ഷയുമില്ല.
ഇതിനിടയില്‍ കുസൃതികള്‍ രണ്ടും കൂടി സൈഡ് സീറ്റിന് അടി തുടങ്ങി. ഒരു വിധമൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച് പിടിച്ചിരുത്തി, പുറത്തെ കാഴ്ചകളൊക്കെ കാണിച്ച് , കഥയും കഥാപാത്രങ്ങളും മെനഞ്ഞ് സ്വന്തമായൊരു ഭാവനാവലയം ഞങ്ങളും സൃഷ്ടിച്ചു. പശുവിനൊപ്പം നടക്കുന്ന കൊക്കും, എരുമയുടെ പുറത്തിരിക്കുന്ന കാക്കയും, ലെവല്‍ ക്രോസ്സിലെ വാഹനങ്ങളും, നീന്തിത്തിമിര്‍ക്കുന്ന താറാക്കൂട്ടവും പുഴയും കായലും പാലവും എന്നു വേണ്ട എല്ലാ കാഴ്ചകളേയും കൂടെകൂട്ടി ചിരിച്ചുല്ലസിച്ച് ചൂളമടിച്ച് ഓടുന്ന യാത്രയ്ക്കിടയില്‍ എപ്പഴോ ഇളയാള്‍ ഉറക്കം തുടങ്ങി. കുറച്ചു കഴിഞ്ഞ് മൂത്തയാളും .
വല്ലാത്തൊരു തലവേദന ശല്യപ്പെടുത്തല്‍ പോലെ എത്തിയപ്പോഴാണ് ഓര്‍ക്കുന്നത്, രാവിലെ ചായകുടിച്ചില്ല. അവിടെ എവിടെയോവെച്ച് മറന്നുപോയിരിക്കുന്നു. എന്നാല്‍ ട്രെയിന്റെകത്തുന്ന് ഒരു കാപ്പി വാങ്ങി കുടിക്കാന്നു വെച്ചാല്‍ കൈ എവിടെ? രണ്ടു കയ്യിലും രണ്ടുപേരും തൂങ്ങിക്കിടന്ന് നല്ല ഉറക്കം. സാരമില്ല ട്രെയിനിന്ന് ഇറങ്ങീട്ട് കുടിക്കാം, കണവന്റെ സമാശ്വാസ നടപടി. ഹിരോഷിമയിലും നാഗസാക്കിയിലും മാത്രമല്ല ഒരു ബോംബ് കിട്ടിയിരുന്നേല്‍ ഇതിയാന്റെ നേരെ എറിഞ്ഞു ഞാന്‍ പൊട്ടിച്ചേനെ.അതു പോലൊരു മാനസികാവസ്ഥയിലായി പിന്നീടുള്ള എന്റെ ഇരുപ്പ്
ട്രെയിന്‍ കുറേ ദൂരം ഓടിക്കഴിഞ്ഞപ്പോഴേയ്ക്കും ഇളയാള്‍ ഉണര്‍ന്ന് ചിണുങ്ങിക്കരയാന്‍ തുടങ്ങി. വിശന്നിട്ടാണെന്ന് വ്യക്തം. പക്ഷെ ഇതാന്ന് പറയുന്നതിനകം സ്റ്റേഷനെത്തും. മുലയൂട്ടാന്നു വെച്ചാല്‍, ഒന്നു ചരിഞ്ഞിരിക്കാന്‍ പോലും സൗകര്യമില്ലാത്ത വിധം തിരക്ക്. കുറുക്ക് കൊടുക്കാന്നു വെച്ചാല്‍, കോരിയൊക്കെ കൊടുത്ത് വരുമ്പഴേക്ക് സ്റ്റേഷനെത്തും .
'സാരമില്ല, നീ കൊടുക്ക്, സ്‌റ്റേഷനെത്തുമ്പഴേയ്ക്ക് ഞാന്‍ പറയാം'
'ചേട്ടാ സ്ഥലം നോക്കണെ' കുറുക്ക് കൊടുക്കുന്നതിനിടയിലും ഞാന്‍.
'ഞാന്‍ ശ്രദ്ധിച്ചോളാന്നു പറഞ്ഞല്ലൊ'-കണവന്റെ ഈര്‍ഷ്യ കലര്‍ന്ന ശബ്ദം .
കുറച്ചു കഴിഞ്ഞ് വീണ്ടും ആശങ്കപ്പെട്ട എന്നോട് പറഞ്ഞു, 'എനിക്കറിയാം..... '. താക്കീതിന്റെ സ്വരം. കണവന്റെ ഉത്തരവാദിത്വബോധത്തെ പിന്നെ ഞാന്‍ സംശയിച്ചില്ല. മൂത്തയാളിന്റെ കയ്യില്‍ ബിസ്‌ക്കറ്റ് പൊട്ടിച്ചു കൊടുത്തു. ഇളയാളിന് പതിയെ കുറുക്കും. ട്രെയിന്‍ മറന്നു.തിരക്കുകള്‍ മറന്നു. പുറം കാഴ്ചകള്‍ എല്ലാമേ മറന്നു അമ്മയുടെയും കുഞ്ഞിന്റെയും സംതൃപ്തിയുടെ മറ്റൊരു ലോകത്തേയ്ക്ക് ഞങ്ങള്‍ പോയി. കൊഞ്ചലും കുസൃതിയും നിറഞ്ഞ് വിശപ്പകന്ന് ചിരിക്കുന്ന കുഞ്ഞിക്കണ്ണുകളില്‍ ഉമ്മവെച്ച് പുറത്തേയ്ക്ക് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. ഇറങ്ങേണ്ട സ്റ്റേഷന്‍ പിന്നിട്ട് ട്രെയിന്‍ ഓടിത്തുടങ്ങി. സീറ്റില്‍ ചാരിയിരുന്ന് സുഖമായുറങ്ങുന്ന ഉത്തരവാദിത്വബോധത്തെ പൊക്കിയെടുത്ത് വെളിയില്‍ കളയാന്‍ തോന്നിയെങ്കിലും, 'യ്യോ ചേട്ടാ സ്റ്റേഷന്‍ കഴിഞ്ഞു.....' എന്നൊരു അങ്കലാപ്പു മാത്രം എന്നില്‍ നിന്നും പുറത്തുചാടി. എന്റെ വേവലാതി കണ്ടതോടെ അടുത്തിരുന്നവര്‍ സമാധാനിപ്പിച്ചു.
'എവിടെ നോക്കി ഇരിക്കുവാരുന്നെടി സ്ഥലം നോക്കാതെ'-ചാട്ടുളി പോലെ വീശിയടിച്ച ചോദ്യത്തില്‍ ഒന്നമ്പരന്നെങ്കിലും, തൊട്ടടുത്ത സ്‌റ്റേഷനില്‍ ഇറങ്ങാം എന്ന സമാശ്വാസ ചിന്ത ഒരു പച്ചത്തുരുത്തു പോലെ തെളിഞ്ഞു കിടന്നു .
ഒടുവില്‍ തൊട്ടടുത്ത സ്റ്റേഷനില്‍ ആരുടെ ഒക്കയോ സഹായത്തോടെ മക്കളെയും എടുത്ത് ലഗേജും വലിച്ച് ഞാനിറങ്ങി. എന്റെ കൂടെ വന്നതേയല്ലാത്ത പോലെ കണവന്റെ പദയാത്ര മുമ്പേ നടന്നു. എങ്ങോട്ടെന്ന് മനസ്സിലായില്ലങ്കിലും പുറകേ നടന്ന് എത്തിപ്പെട്ടത് ബസ് സ്റ്റാന്റില്‍. ഇതിനിടയില്‍ ഇതൊന്നും അമ്മമ്മയോട് പറയരുതെന്ന് മൂത്തവനെ ചട്ടംകെട്ടി. മഗല്ലന്റെ കപ്പല്‍യാത്ര പോലെ എവിടൊക്കെയോ തട്ടീം മുട്ടീം ഒടുവില്‍ തീരമണിഞ്ഞു. സാഹസിക യാത്രയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേയ്ക്കും കല്യാണം കഴിഞ്ഞിരുന്നു.
ആവലാതി പിടിച്ച കണ്ണകളുമായ് വഴിയില്‍ കാത്തുനില്‍ക്കുന്ന അമ്മയെ കണ്ടതു 'അമ്മമ്മേ ഞങ്ങള് വേറെ ചലത്ത് പോയി. വയിതെറ്റി അതാ. അമ്മമ്മയോട് പറയണ്ടന്നും പറഞ്ഞു' -എന്റെ കണ്ണുരുട്ടും ഭാവാഭിനയവും ഒന്നും ശ്രദ്ധിക്കാതെ വള്ളി പുള്ളി വിടാതെ അംഗവിക്ഷേപത്തോടെ അവന്‍ എല്ലാം പറഞ്ഞൊപ്പിച്ചു.
വേണ്ടാതീനം വേഗം പരക്കുമല്ലോ. കേട്ടവര്‍ കേട്ടവര്‍ ചിരിതുടങ്ങി. ഈശ്വരാ ഇതില്‍ ഭേദം ആ ട്രെയിനില്‍ നിന്ന് ചാടി ചാകുന്നതായിരുന്നു. ഏതായാലും ആ ട്രെയിന്‍ യാത്രയിലൂടെ ഞാന്‍ പഠിച്ച ഒരു പാഠമുണ്ട്. കൂടെ ഇരിക്കുന്നവര്‍ എത്ര വേണ്ടപ്പെട്ടവര്‍ ആണങ്കിലും ശരി നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ തന്നെ ശ്രദ്ധിക്കണം എന്ന ജീവിതപാഠം. ഇന്ന് ഈ കുസൃതികള്‍ ഒരുപാട് വളര്‍ന്നു. എന്നേക്കാള്‍ കൂടുതല്‍ എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന പൊന്നുമക്കളായി മാറി.
ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം