ഈ വാവേടെ ഒരു കാര്യം:രമ്യ പ്രമോദ് എഴുതുന്നു
കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും. നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.
ഒരു ഞായറാഴ്ച. രാവിലെ ഒരു ഒമ്പത് മണിയായിട്ടുണ്ടാവും. 'അമ്മേ അമ്മേ എണീക്കൂ' എന്ന മന്ത്രം കേട്ട് ഞാന്‍ ഉണര്‍ന്നപ്പോള്‍ മോന്‍ എന്നെ തുറിച്ചു നോക്കി നില്‍ക്കുന്നു.
വേഗം ഞെട്ടിപ്പിടഞ്ഞ് എണീറ്റു. നോക്കിയപ്പോള്‍ മോള്‍ അടുത്തില്ല. ഉണ്ണിമോള്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, ഞങ്ങള്‍ രണ്ടാളും നേരത്തെ എണീറ്റു. അമ്മക്കുള്ള ടീ ഉണ്ടാക്കി വെച്ചിട്ടുണ്ട്'
ഉറക്ക പ്രാന്ത് ആവിയായി. ഞാന്‍ അടുക്കളയിലേക്ക് ഓടി. മോളുണ്ട് ഊണ്‍മേശയിലിരുന്ന് എന്തോ കഴിക്കുന്നു.
എന്നെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാണ്, ഏട്ടന്‍ ഉണ്ടാക്കിത്തന്നെന്ന്. ഞാന്‍ അന്തംവിട്ട് നോക്കിയപ്പോള്‍ അവന്‍ പറഞ്ഞു ഞാന്‍ ചോകോസ് കഴിച്ചു, അവള്‍ക്കും മിക്‌സ് ചെയ്തു കൊടുത്തു എന്ന്.
അതിനു പാല് എവിടെ? ഫ്രിഡ്ജില്‍ ഉണ്ടായിരുന്നില്ലല്ലോ?
'പാല് പുറത്തുനിന്നും എടുത്ത് വന്നു'-അവന്‍ പറഞ്ഞു.
'എന്നിട്ടോ?'
'എന്നിട്ടെന്താ ഞാന്‍ ചൂടാക്കി. ഞാന്‍ കഴിച്ചു. അമ്മടെ ടീ അവിടെ വെച്ചിട്ടുണ്ട്. പക്ഷെ അമ്മേ ഒരു പ്രോബ്ലം. അമ്മ ടീ ഉണ്ടാക്കുമ്പോ പൗഡര്‍ അതില്‍ ഡിസോള്‍വ് ആവില്ലേ, ഞാന്‍ ഉണ്ടാക്കിയപ്പോ പൗഡര്‍ ഇങ്ങനെ ഫ്‌ളോട്ട് ചെയ്യാ. എന്താണാവോ'
ഞാന്‍ നോക്കിയപ്പോള്‍ പാല്‍പാക്കറ്റ് പൊട്ടിച്ച് കുറേ കുഞ്ഞി കുഞ്ഞി പാത്രങ്ങളിലേക്കു ഒഴിച്ച് വെച്ചിട്ടുണ്ട്. എന്നിട്ട് ഓരോന്നോരോന്നായി ഇന്‍ഡക്ഷന്‍ കുക്കറില്‍ വെച്ചു തിളപ്പിച്ചു. കുറേ തിളച്ചു പോയി. അതൊക്കെ തുടച്ചു വച്ചിട്ടുണ്ട്. ഈ പറഞ്ഞ ഒരു കുഞ്ഞിപ്പാത്രത്തിലാണ് എന്റെ ചായ.
കാര്യമൊക്കെ ശരിയാണ്. പക്ഷേ അവനു ഒരബദ്ധം പറ്റി. ചായപ്പൊടിക്ക് പകരം ഇട്ടത് കടുക് ആയിപ്പോയി!
ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം