ഈ വാവേടെ കാര്യം. ധനുഷ പ്രശോഭ് എഴുതുന്നു
കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും. നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.
undefined
കുട്ടികളുടെ കളി ചിരികള്‍ എന്തു രസാല്ലേ. അവരുടെ ലോകം തന്നെ എത്ര മനോഹരമാണ്. അവിടെ സ്ഥായിയായ പിണക്കങ്ങള്‍ ഇല്ല. നാളെയെ കുറിച്ചുള്ള വ്യാകുലതകള്‍ ഇല്ല. അവര്‍ ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടേയിരിക്കുന്നു. നമ്മള്‍ വലിയവര്‍ പലപ്പോഴും ആ പഴയ കുട്ടിക്കാലത്തെ ഓര്‍ത്തു പോകുന്നതും വളരണ്ടായിരുന്നു എന്ന് പറയുന്നതിനും കാരണം അത്ര മനോഹരമായ കാലഘട്ടം പിന്നെയില്ല എന്ന തിരിച്ചറിവുകളില്‍ നിന്നു തന്നെയാണ്.
പാരന്റിംഗ് എന്ന മനോഹര റൈഡിലൂടെ ആണ് ഇപ്പോള്‍. മൂന്ന് വയസ്സുകാരന്‍ ശ്രാവണിന്റെ (കിച്ചു) കുറുമ്പുകളും കുസൃതികളും നിറഞ്ഞ ദിനങ്ങള്‍.
നമ്മുടെ ഏതൊരു മൂഡോഫിനേയും മാറ്റാന്‍ കുട്ടികള്‍ക്കു കഴിയും. അത്രയും ഡൗണ്‍ ആയിരിക്കുന്ന നേരത്ത് അവന്റെ ചിരി, കുഞ്ഞു കൈകളാല്‍ ചേര്‍ത്തുള്ള ആലിംഗനം, ആ അമ്മേ വിളി-ഇതൊക്കെ നമുക്ക് നല്‍കുന്ന ഒരു പൊസിറ്റീവ് വൈബ് ഉണ്ട്.
കഥകള്‍ ഏറേ ഇഷ്ടമുള്ള അവന് എപ്പോഴും കഥ പറഞ്ഞു കൊടുത്തു കൊണ്ടേ ഇരിക്കണം. കാര്‍ട്ടൂണ്‍ കാണുന്നതിലും അവനിഷ്ടം കഥകള്‍ കാണാനും പാട്ടു കേള്‍ക്കാനും ആണ്.
ലാപ് ടോപ്പില്‍ ഒരു കഥ വെച്ചു തരാമോ എന്ന ചോദ്യത്തോടെ കുണുങ്ങി വന്ന് നില്‍ക്കുന്ന അവനെ കാണുമ്പോ നല്ല രസാണ്.
അങ്ങനെ കഥ കേട്ടിരിക്കുമ്പോ ആണ് പൊടുന്നനെ ഒരു സംശയം വന്നത് ' അമ്മേ ഈ ബെസ്റ്റ് ഫ്രന്റ് എന്നാലെന്താ? മൂന്ന് വയസ്സുള്ള അവന്റെ ആ സംശയം അവനു മനസ്സിലാവുന്ന പോലെ അന്ന് എന്തൊക്കെയോ ഞാനും പറഞ്ഞു കൊടുത്തു.
ന്റെ കണ്ണുകള്‍ അപ്പൊ നിറഞ്ഞു കൊണ്ടേയിരുന്നു
കൃത്യം രണ്ട് ദിവസങ്ങള്‍ക്കിപ്പുറം ഉറങ്ങാന്‍ വരാത്ത അവനെ വഴക്കൊക്കെ പറഞ്ഞ് കൊണ്ട് കിടത്തി ഉറക്കാന്‍ നോക്കുമ്പോഴാണ് അവന്‍ എണീറ്റ് കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞത്: 'കിച്ചൂനു അമ്മയെ ഒത്തിരി ഇട്ടാ. കിച്ചൂന്റെ ബെസ്റ്റ് ഫ്രെണ്ടാ അമ്മ'
എത്രയൊക്കെ ശ്രമിച്ചിട്ടും പറഞ്ഞാല്‍ കേക്കാതെ എന്റെ കണ്ണുകള്‍ അപ്പൊ നിറഞ്ഞു കൊണ്ടേയിരുന്നു. കെട്ടിപ്പിടിച്ചു ഉമ്മ വെച്ച്, ഞാനും പറഞ്ഞു, 'അമ്മേടെ ബെസ്റ്റ് ഫ്രന്റ് കിച്ചുട്ടന്‍ ആണ് അമ്മയ്ക്കും ഒത്തിരി ഇഷ്ടാ' എന്ന്.
അവന്‍ വലുതായാല്‍ ഇനിയും ഒരു പക്ഷേ പറയുമായിരിക്കും, പക്ഷേ അന്ന് അത് പറഞ്ഞപ്പോ അവന്റെ മുഴുവന്‍ സ്‌നേഹം അതില്‍ ഉണ്ടായിരുന്നു. അത്ര നിഷ്‌കളങ്കതയോടെ ആണ് അത് പറഞ്ഞത്.
അവന്റെ കുട്ടിക്കുറുമ്പിനേക്കാളും കുസൃതിയേക്കാളും മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ഇതാണ്. ഇതിവിടെ കുറിക്കുന്നതും അവന്‍ വലുതാവുമ്പോള്‍ ഇത് അവനു കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ്.
കുഞ്ഞേ ഉയരങ്ങള്‍ നീ താണ്ടിയില്ലേലും നന്മയുള്ളവനാവുക. മൂത്തവരെ ബഹുമാനിക്കുക. നീ വെളിച്ചമാകുക മറ്റുള്ളവര്‍ക്കു വെളിച്ചമേകുക.
ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം