ചിലപ്പൊഴൊക്കെ അവരെന്റെ അമ്മയും ഞാനവരുടെ കുഞ്ഞും ആവാറുണ്ട്

By Kutti Katha  |  First Published Apr 9, 2019, 5:22 PM IST

ഈ വാവേടെ കാര്യം:അനുശ്രീ നികേഷ് എഴുതുന്നു 


കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

Latest Videos

നീണ്ട പന്ത്രണ്ട് മണിക്കൂര്‍ നേരത്തെ വേദനകള്‍ക്കൊടുവിലാണ് അവള്‍ പിറന്നത്. എല്ലാം കഴിഞ്ഞതിന് ശേഷം വെറുതെ കിടന്ന് കണ്ണീരൊഴുക്കിയതെന്തിനാണെന്ന് എനിക്കിപ്പൊഴും അറിയില്ല.

ഇളം റോസ് നിറത്തില്‍ തുടുത്ത കവിളും വിടര്‍ന്ന കണ്ണുകളുമായി ഒരു മൊട്ടക്കുട്ടിയായിരുന്നു അവള്‍. പിന്നെയും പത്ത് മിനുട്ട് കഴിഞ്ഞ് തുണിയില്‍ പൊതിഞ്ഞ ആ ഇളം ചൂട് തൊട്ടപ്പൊള്‍ പേടിയും അങ്കലാപ്പും കൊണ്ട് വീര്‍പ്പുമുട്ടലായിരുന്നു. അതിനു മുന്‍പ് അത്രയും കുഞ്ഞൊരു കുഞ്ഞിനെ ദൂരെ നിന്ന് കാണുന്നതല്ലാതെ കയ്യിലെടുത്തിട്ടുണ്ടായിരുന്നില്ല.

അന്നു രാത്രിയോടെ തന്നെ അവളുടെ കുരുത്തക്കേടിന്റെ ഭാണ്ഡക്കെട്ട് പതുക്കെയഴിച്ച് അവള്‍ ഓരോന്നായി നിരത്താന്‍ തുടങ്ങിയിരുന്നു.

പകല്‍ മുഴുവന്‍ പാവം പോലെ കിടന്നുറങ്ങുകയും രാത്രി പാല് കുടിച്ചുറങ്ങുന്ന കുഞ്ഞിനെ പതുക്കെ കിടക്കയിലേക്ക് മാറ്റുമ്പോഴെക്കും ചുരുട്ടി വെച്ച കുഞ്ഞിക്കൈകള്‍ വിടര്‍ത്തി, മുഖം ചുവപ്പിച്ച്, കാലുകള്‍ കുടഞ്ഞ് കരയാന്‍ തുടങ്ങി.  പിന്നെ നീണ്ട രണ്ടര മാസക്കാലം രാത്രി മുഴുവന്‍ നിലവിളിച്ച് നേരം വെളുക്കുന്നതോടെ പാവം പൈതലായി ഉറങ്ങുകയും ചെയ്യുന്നത് അവള്‍ ശീലമാക്കിയിരുന്നു.

പിന്നീടങ്ങോട്ട് അവളും ഞാനും ഞാനും അവളുമായി പകലും രാത്രിയും പെട്ടെന്ന് കടന്ന് പോയ്‌ക്കൊണ്ടിരുന്നു.

പതുക്കെ ക്ഷമ എന്താണെന്നും, ദേഷ്യം എങ്ങനെ നിയന്ത്രണ വിധേയമാക്കാമെന്നും ഗവേഷണം നടത്തുകയും ഏറെക്കുറെ വിജയം കൈവരിക്കുകയും ചെയ്തു.

അങ്ങനെ പാകം വന്നൊരമ്മയുടെയും 'വാവ വേണം' എന്ന് എപ്പൊഴും പറഞ്ഞോണ്ടിരിക്കുന്ന ചേച്ചിക്കുഞ്ഞിന്റെയും ഇടയിലേക്ക് ഒരു അനിയത്തിക്കുഞ്ഞ് പിറന്ന് വീണു. അപ്പൊഴെക്കും ഈ അമ്മ ക്ഷമയുടെ നെല്ലിപ്പലകയൊരെണ്ണം സ്വന്തമായി കൊണ്ടു നടക്കാന്‍ തുടങ്ങിയിരുന്നു.

ചെറിയൊരു ജലദോഷം വന്നാല്‍ ഡോക്ടറെ കാണിക്കാനോടാത്ത, വെയിറ്റൊരല്‍പം കുറഞ്ഞാലും ആധിപിടിക്കാത്ത, പാരെന്റിംഗ് സൈറ്റുകളില്‍ നിന്ന് പൂര്‍ണ്ണമായും മോചനം നേടിയ ഒരമ്മയായി ഞാന്‍ രൂപാന്തരം പ്രാപിച്ചിരുന്നു.

ചേച്ചിയെക്കാളും കുരുത്തക്കേടും വാശിയും ദേഷ്യവും കൂടിയ അനിയത്തിയെക്കൊണ്ട് സഹികെട്ട് 'ഇങ്ങനത്തെ വാവയല്ല എനിക്ക് വേണ്ടിയിരുന്നത്' എന്ന് ചേച്ചിയെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിലായിരുന്നു അനിയത്തിയുടെ ചെയ്തികള്‍...

അപ്പോഴും കരിങ്കല്ലില്‍ കാറ്റു പിടിച്ച പോലെ 'ചില്‍ ബേബീ..ചില്‍' എന്ന് സ്വാസ്ഥ്യപ്പെടുന്ന ആളായിരിക്കുന്നു ഞാന്‍.

എങ്കിലും ചിലപ്പൊഴൊക്കെ ഞാനവരോട് മിഠായിക്കഷണത്തിന് കൈ നീട്ടാറുണ്ട്. ചിലപ്പൊഴൊക്കെ അവരെന്റെ അമ്മയും ഞാനവരുടെ കുഞ്ഞും ആവാറുണ്ട്. സത്യം.

ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!