രാജ്യമില്ലാത്ത ഏറ്റവും വലിയ ജനവിഭാഗം, ഇറാനിലും ഇറാഖിലും സിറിയയിലും തുർക്കിയിലും ചിതറിക്കിടക്കുന്ന ജനങ്ങൾ...

By Alaka Nanda  |  First Published Jan 26, 2024, 1:13 PM IST

സിറിയയിൽ കുർദ്ദുകൾക്ക് പൗരത്വം പോലുമില്ല. നിയമാനുസൃതമായി വിവാഹം കഴിക്കാൻ പോലും ആവില്ല. അതേസമയം ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തിൽ അമേരിക്കയുടെയും പടിഞ്ഞാറിന്റെയും സഖ്യകക്ഷിയായിരുന്നു കുർദ്ദുകൾ.


രാജ്യമില്ലാത്ത ജനതയാണ് കുർദ്ദുകൾ. രാജ്യമില്ലാത്ത ഏറ്റവും വലിയ ജനവിഭാഗം. ഇറാഖിലെ ഇറാന്റെ ലക്ഷ്യം അവരായിരുന്നു. അത് മറ്റൊരു കഥ.

ഇറാഖിലാണ് ആദ്യം ആക്രമണം നടന്നത്. അതിന്റെ കാരണം വ്യത്യസ്തമാണ്, കു‍ർദ് മേഖലയായ ഇർബിലാണ് ബാലിസ്റ്റിക് മിസൈലുകൾ വീണത്. അത് മുമ്പും ഉണ്ടായിട്ടുണ്ട്. കുർദ് യുവതിയായിരുന്നു മൊറാലിറ്റി പൊലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മഹ്‍സ അമിനി. രാജ്യമെങ്ങും വ്യാപിച്ച പ്രതിഷേധത്തിന് ഇറാഖിലെ കുർദുകളാണ് സഹായം നൽകുന്നതെന്നാണ് അന്ന് ആരോപിച്ചത്. സദ്ദാം ഹുസൈന്റെ കാലത്ത് കുർദ്ദുകൾക്ക് നേരെയുണ്ടായ വിഷപ്രയോഗത്തിനും പിന്നിൽ ഇറാനാണ് എന്ന് അന്ന് സദ്ദാം ആരോപിച്ചിരുന്നു. അതിന്റെ പശ്ചാത്തലം തന്നെ വേറെയാണ്. രാജ്യമില്ലാത്ത ജനതയാണ് കുർദുകൾ. ഇറാനിലും ഇറാഖിലും സിറിയയിലും തുർക്കിയിലുമായി ചിതറിക്കിടക്കുന്ന ജനവിഭാഗം. ഇറാഖിൽ അവർക്ക് സ്വയംഭരണപ്രദേശമുണ്ടിന്ന്. ഇറാഖി കുർദിസ്ഥാൻ. പക്ഷേ ഇറാനിലും തുർക്കിയിലും സിറിയയിലും സ്വയംഭരണമാവശ്യപ്പെട്ട് നിരന്തരം പോരാട്ടമാണ്. വിഘടനവാദത്തെ രണ്ടുകൂട്ടരും അടിച്ചമർത്തുന്നു. സിറിയൻ ആഭ്യന്തരയുദ്ധത്തിനുശേഷം അതിർത്തികടന്ന് അവരെ കൊന്നൊടുക്കി തുർക്കി.

Latest Videos

undefined

ലോകമഹായുദ്ധത്തിൽ ഓട്ടോമെൻ സാമ്രാജ്യം തകർന്നപ്പോൾ കുർദ്ദുകൾക്കായി ഒരു രാജ്യമെന്ന നിർദ്ദേശം Treaty Od Serves -ൽ മുന്നോട്ടുവച്ചിരുന്നു. പക്ഷേ, തുർക്കി നേതാവ് മുസ്തഫ കമാൽ അത്താതുർക്ക് ധാരണ തള്ളി. അതിൽ കുർദ്ദിഷ് രാജ്യമുണ്ടായിരുന്നില്ല. പകരം ആധുനിക തു‍ർക്കിയുടെ അതിർത്തികൾ വരക്കപ്പെട്ടു. അതോടെ ഓട്ടോമെൻ സാമ്രാജ്യത്തിലെ താമസക്കാരായിരുന്ന കുർദ്ദുകൾ നാല് രാജ്യങ്ങളിലായി ചിതറി. ഇറാനിൽ അവർ റിപ്പബ്ലിക്ക് ഓഫ് മഹബാദ് രൂപീകരിച്ചു, സോവിയറ്റ് യൂണിയന്റെ ഭരണകാലത്ത്. സോവിയറ്റ് യൂണിയൻ പിൻമാറിയതോടെ ഇറാൻ അത് കൈയടക്കി. ഇറാനിലെ ഇസ്ലാമിക വിപ്ലവം കുർദ്ദുകൾ പിന്തുണച്ചെങ്കിലും ഖൊമൈനിയുടെ ഭരണകൂടം അവരെ അടിച്ചമർത്തി. മഹ്സ അമിനിയുടെ മരണശേഷം അടിച്ചമർത്തൽ കടുപ്പിച്ചു. പലപ്പോഴും ആക്രമണം ഇറാഖ് അതിർത്തി കടന്നും ഉണ്ടായിട്ടുണ്ട്. പക് കലാപം എന്ന പേരിൽ. ഇറാഖിൽ മുസ്തഫ ബർസാനി, കുർദിഷ് പാർട്ടി രൂപീകരിച്ചു. 

പക്ഷേ, സദ്ദാമും ഇറാനിയൻ ഷായും തമ്മിൽ ചില ധാരണകളിലെത്തി, കരാറിലുമൊപ്പിട്ടു. കുർദ്ദുകൾക്കുള്ള പിന്തുണ ഇറാനും അമേരിക്കയും പിൻവലിച്ചു. അതോടെ ഇറാഖിലെ പോരാട്ടം തന്നെ നിർവീര്യമായി. പക്ഷേ, ഇറാൻ - ഇറാഖ് യുദ്ധത്തിൽ ഇറാഖി കുർദുകൾ ഇറാനെയും ഇറാനി കുർദുകൾ ഇറാഖിനെയും സഹായിച്ചു. അതിനുശേഷമാണ് ഇറാഖിലെ കുർദ്ദുകളുടെ വംശഹത്യ നടന്നത്. രാസ, വിഷവാതക പ്രയോഗം. കുവൈറ്റ് കൈയേറിയ ഇറാഖിനെ അമേരിക്ക തോൽപ്പിച്ച ശേഷമാണ് കുർദുകൾക്ക് സ്വയംഭരണപ്രദേശം കിട്ടിയത്. വടക്കൻ ഇറാഖിൽ. 2005 -ലെ ഭരണഘടനയിൽ ഇറാഖും അത് ശരിവച്ചു. പക്ഷേ, 2017 -ലെ അഭിപ്രായവോട്ടെടുപ്പിൽ സ്വാതന്ത്ര്യത്തിനായി വോട്ടുചെയ്തു കുർദ്ദുകൾ. അതോടെ അവരുടെ പ്രധാനവരുമാർഗമായിരുന്ന എണ്ണപ്പാടങ്ങൾ പിടിച്ചെടുത്തു, ഇറാഖ്, 

സിറിയയിൽ കുർദ്ദുകൾക്ക് പൗരത്വം പോലുമില്ല. നിയമാനുസൃതമായി വിവാഹം കഴിക്കാൻ പോലും ആവില്ല. അതേസമയം ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തിൽ അമേരിക്കയുടെയും പടിഞ്ഞാറിന്റെയും സഖ്യകക്ഷിയായിരുന്നു കുർദ്ദുകൾ. ഇറാഖിലും സിറിയയിലും. പക്ഷേ, പിന്നെയും അമേരിക്ക അവരെ കൈവിട്ടു.

തുർക്കിയിൽ സ്വതന്ത്ര സംസ്ഥാന വാദത്തിൽ തുടങ്ങിയ കുർദ്ദിഷ് വർക്കേഴ്സ് പാർട്ടി പിന്നെയത് സ്വയംഭരണാവകാശത്തിലേക്ക് ചുരുക്കി. സ്ഥാപക നേതാവ് 1999 -ൽ തടവിലായതാണ്. അക്രമം ആയുധമായപ്പോൾ കൂട്ടക്കൊലയാണ് തുർക്കി സ്വകരിച്ചിരിക്കുന്ന മാർഗം. സിറിയയിലേക്ക് വരെ നീണ്ടു അത്. സിറിയൻ ആഭ്യന്തരകലാപത്തിനിടെ കുർദ്ദുകൾ സ്വയംഭരണപ്രദേശം റൊജാവ രൂപീകരിച്ചിരുന്നു. അതിനുനേരെയാണ് തുർക്കിയുടെ ആക്രമണം. ഇതിന്റെയെല്ലാം ബാക്കിയാണ് ഇറാന്റെ ആക്രമണവും.

tags
click me!