കുട്ടിപ്പട്ടാളം ഓണ്‍ലൈന്‍ ക്ലാസിലാണ്

By Web Team  |  First Published Jun 16, 2021, 3:02 PM IST

കഥ പറയും കാലം, സാഗാ ജെയിംസ് എഴുതിയ കുട്ടികളുടെ നോവല്‍ അവസാനിക്കുന്നു


പ്രിയപ്പെട്ട കൂട്ടുകാരേ, 

പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ? 
സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.

Latest Videos

undefined

കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല.
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്.
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ.
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല.
അടുത്ത 12 ദിവസം കൊണ്ടാണ് ഈ കഥ പറയുക. 
ഇതിന്റെ പേര് എന്താണെന്നോ...? കഥ പറയും കാലം' 

നിങ്ങളുടെ ടീച്ചറെ പോലെ ഒരു ടീച്ചറാണ് ഇത് എഴുതിയത്. 
പേര് സാഗ ജെയിംസ്. സാഗ ടീച്ചര്‍ എന്നു വിളിച്ചോളൂ. 

ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്.
പേര് ബിന്ദു ദാസ്. സാഗട്ടീച്ചറിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. 

വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ടീച്ചറാന്റിയോട് പറയാനുണ്ടാവും.
അവയൊക്കെ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കണേ ട്ടോ. 
നിങ്ങളുടെ മെയിലുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം.

അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!

 

 

'മാസങ്ങള്‍ കഴിഞ്ഞിട്ടും കോവിഡ് വ്യാപനത്തിന് ഒരു കുറവുമില്ലല്ലോടീ അന്നാമ്മോ. ദേ. ഇതു കണ്ടില്ലേ?' കൈയിലിരുന്ന പത്രം ഉയര്‍ത്തിക്കാണിച്ചുകൊണ്ടു തോമാച്ചന്‍ അടുക്കളവരാന്തയിലെ സ്റ്റൂളില്‍ വന്നിരുന്നു.

കറിക്കു നുറുക്കുവായിരുന്ന അന്നാമ്മ തലയുയര്‍ത്തി പത്രത്തിലേക്ക് നോക്കി.

'അതേന്നേ.., ക്രിസ്റ്റി ഇന്നലെ വിളിച്ചപ്പോഴും ഇതു തന്നെയാ പറഞ്ഞത്. ഒക്കെ നിയന്ത്രണവിധേയമാണെന്ന് പറയുന്നുണ്ടെങ്കിലും ദിവസവും അവിടെ രോഗികളുടെ എണ്ണം പെരുകുകയാത്രേ. ജോക്കുട്ടനെ തിരികെ കൊണ്ടുപോകാന്‍ കഴിയാത്തതില്‍ അവന് നല്ല വിഷമമുണ്ട്.'

'എന്തു ചെയ്യാനാ.... ഇനിയിപ്പോ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ക്കനുസരിച്ച് കൊറോണയ്‌ക്കൊപ്പം നടക്കുക. അല്ലാതെന്താ വഴി...?'

'ഇവിടത്തെ സ്‌കൂളുകളിലെല്ലാം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിക്കഴിഞ്ഞു. കണ്ണനും അമ്മുവും ഉണ്ണിയും മുത്തും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യുന്നുണ്ട്. പക്ഷേ... ജോക്കുട്ടന്റെ കാര്യമാണ്...'

അന്നാമ്മ പറഞ്ഞു പൂര്‍ത്തിയാക്കാതെ നിര്‍ത്തി. എന്നിട്ട് തോമാച്ചനെ നോക്കി.

'ഉം... ജോക്കുട്ടനെ തല്‍ക്കാലം ഇവിടത്തെ ഏതെങ്കിലും സ്‌കൂളില്‍ ചേര്‍ക്കാം. കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുംവരെ അതായിരിക്കും നല്ലത്. ഞാനെന്തായാലും ക്രിസ്റ്റി വിളിക്കുമ്പോള്‍ ഇക്കാര്യം സംസാരിക്കാം.' തോമാച്ചന്‍ പറഞ്ഞു.

'അത് നല്ലൊരു കാര്യമാണ്' അന്നാമ്മയുടെ കണ്ണുകള്‍ സന്തോഷത്താല്‍ തിളങ്ങി.

അമ്മുവിനെ അന്വേഷിച്ച് അടുക്കളയിലെത്തിയ ജോക്കുട്ടന്‍ വല്യപ്പച്ചനും വല്യമ്മച്ചിയും സംസാരിക്കുന്നതു കേട്ടു. അത് തന്നെക്കുറിച്ചാണെന്ന് മനസ്സിലായപ്പോള്‍ അവന്‍ അടുക്കളവാതിലിനു പുറകില്‍ മറഞ്ഞു നിന്നു.

'ജോക്കുട്ടന്റെ സ്‌കൂളിന്നുള്ള റ്റി.സി. വാങ്ങി അയച്ചുതരാന്‍ പറയൂ അച്ചായാ. നമുക്കവനെ ഡെല്‍സി ടീച്ചറിന്റെ സ്‌കൂളില്‍ ചേര്‍ക്കാം.'

ഇത്രയും കേട്ടപ്പോള്‍ തന്നെ ജോക്കുട്ടന് സന്തോഷം സഹിക്കാന്‍ വയ്യാതായി. അവന്‍ വാതില്‍പ്പാളിയുടെ മറവില്‍ നിന്നും പുറത്തിറങ്ങി തുള്ളിച്ചാടി.

'വല്യപ്പച്ചാ... വല്യമ്മച്ചീ... ഞാനെല്ലാം കേട്ടേ. ഈ വര്‍ഷം ഞാനിവിടത്തെ സ്‌കൂളില്‍ പഠിച്ചോളാന്നേ... വേഗം അപ്പായോട് പറയൂ...'

'ആഹാ... എടാ കള്ളക്കുട്ടാ... നീ ഒളിച്ചു നിന്നെല്ലാം കേള്‍ക്കുവായിരുന്നല്ലേ?'

തോമാച്ചന്‍ ദേഷ്യം അഭിനയിച്ച് കണ്ണുരുട്ടി.

'ദേഷ്യപ്പെടല്ലേ തോമാച്ചാ... ജോക്കുട്ടന്‍ പാവോല്ലേ...?' ജോക്കുട്ടന്‍ കൊഞ്ചിക്കൊണ്ട് തോമാച്ചന്റെ അടുത്തേക്ക് ചെന്നു.
'ഉം.... പാവം... പാവം കള്ളക്കുട്ടന്‍'

തോമാച്ചന്‍ ജോക്കുട്ടനെ ചേര്‍ത്ത് പിടിച്ചു.

അപ്പായുടെ സമ്മതത്തോടെ ജോക്കുട്ടന്‍ നാട്ടിലെ സ്‌കൂളില്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസ്സിലിരിക്കാന്‍ തുടങ്ങി.

അങ്ങനെ, വല്യപ്പച്ചനും വല്യമ്മച്ചിക്കും ചെറിയ ചെറിയ തലവേദനകള്‍ സമ്മാനിച്ചുകൊണ്ട് ജോക്കുട്ടന്‍, കണ്ണന്‍, അമ്മു, ഉണ്ണി, മുത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഐവര്‍സംഘം കോവിഡ്കാലം ആഘോഷിച്ചു.

(അവസാനിക്കുന്നു)

കഥ പറയും കാലം

ഭാഗം ഒന്ന്: ''വൈറസ് വന്നതോണ്ട് ഒരു കാര്യണ്ടായി; അടുത്തൊന്നുമിനി ദുബായില്‍ പോണ്ട''

രണ്ടാം ഭാഗം. കുയിലിന് കാക്കക്കൂട്ടില്‍ എന്താണ് കാര്യം?

ഭാഗം മൂന്ന്: മയില്‍പ്പീലിക്ക് എവിടുന്നാണ് ഇത്രയും നിറങ്ങള്‍?

ഭാഗം നാല്: വല്യമ്മച്ചി കരയുന്നു...!

ഭാഗം അഞ്ച്: നീന്തല്‍താരം ഐസൂട്ടന്‍

ഭാഗം ആറ്: പാലും മുട്ടയും കഴിക്കുന്ന ചിലന്തി, ഉരുക്കിനേക്കാള്‍ ബലമുള്ള ചിലന്തിവല

ഏഴാം ഭാഗം: നെല്ലിക്ക ആദ്യം കയ്ച്ച് പിന്നെ  മധുരിക്കുന്നത് എന്തു കൊണ്ടാണ്?

എട്ടാം ഭാഗം: കുട്ടികള്‍ വെയിലു കൊള്ളാമോ?

ഒമ്പതാം ഭാഗം: എന്തുകൊണ്ടാണ് കൂര്‍ക്കംവലിക്കിടെ  ശബ്ദം കൂടുന്നത്?

പത്താം ഭാഗം: തണുക്കുമ്പോള്‍  വിറയ്ക്കുന്നതെന്താ?

ഭാഗം 11: ഉറക്കത്തില്‍ എണീറ്റു നടക്കുന്നത് എന്തുകൊണ്ടാണ്? 

 

click me!