ജൂലിയന്‍ അസാഞ്ച്; പതിന്നാല് വര്‍ഷം നീണ്ട യുഎസ് വേട്ടയാടലിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്

By Alakananda R  |  First Published Jul 5, 2024, 3:26 PM IST

അസാഞ്ചിന്‍റെ സുഹൃത്തും ബേവാച്ച് നടിയുമായ പമേല ആൻഡേഴ്സൻ അസാഞ്ചിന് വേണ്ടി രാജ്യം മുഴുവൻ യാത്ര നടത്തി. അന്ന് പ്രധാനമന്ത്രിയായിരുന്ന സ്കോട്ട് മോറിസൺ അതിനെ പരിഹസിച്ചു. 'തന്‍റെ സഹപ്രവർത്തകർ പലരും തന്‍റെ ദൂതനായി പമേലയുടെ അടുത്ത് പോകാനാഗ്രഹിക്കുന്നു' എന്നായിരുന്നു പരിഹാസം.  



തിന്നാല് വര്‍ഷം നീണ്ട വേട്ടയാടലിനൊടുവില്‍ അസാഞ്ച് സ്വതന്ത്രനായിരിക്കുന്നു. ജന്മദേശമായ ഓസ്ട്രേലിയ നടത്തിയ ശ്രമങ്ങളാണ് ഒടുവിൽ അസാഞ്ചിന്‍റെ മോചനത്തിന് വഴിയൊരുക്കിയത്. പക്ഷേ, ആദ്യകാലത്ത് അതായിരുന്നില്ല സ്ഥിതി. അസാഞ്ചിനെതിരെ സ്വീഡനിൽ നടപടി തുടങ്ങിയപ്പോൾ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ജൂലിയ ഗില്ലാ‍‍ഡ് പലപ്പോഴും അസാഞ്ചിനെതിരായി സംസാരിച്ചു. അസാഞ്ച് ചെയ്തത് 'കുറ്റം' എന്ന് തന്നെയാണ് അന്ന് ജൂലിയ ഗില്ലാ‍‍ഡ് ആവര്‍ത്തിച്ചത്. കേസില്‍ അമേരിക്കയുമായി സഹകരിക്കുമെന്നും പറഞ്ഞു. 'തന്നെ ചതിച്ചു' എന്നാണ് അന്ന് അസാഞ്ച് പറഞ്ഞത്. ഗില്ലാഡ് പിന്നെ സ്വരം ഒന്നു മയപ്പെടുത്തി. പക്ഷേ, ഒന്നും ചെയ്യാനില്ല, ചെയ്യേണ്ടതുമില്ല എന്നായി ഭാഷ്യം. പിന്നീട് ഏതാണ്ട് ഒരു ദശാബ്ദത്തോളം കഥ മാറ്റമില്ലാതെ തുടര്‍ന്നു.

ഇക്വഡോർ എംബസിയിലെ അഭയം

Latest Videos

undefined

സ്വീഡന്‍റെ അന്താരാഷ്ട്ര വാറണ്ടിനോട് പൊരുതിയ അസാഞ്ച്, ഇംഗ്ലണ്ടിലെ ഇക്വഡോർ എംബസിയിൽ അഭയം തേടി.  അക്കാലമൊക്കെ അസാഞ്ച് മാധ്യമങ്ങളെ കണ്ടത് ഇക്വഡോർ എംബസിയുടെ ബാല്‍ക്കണിയില്‍ നിന്ന് കൊണ്ടായിരുന്നു. എംബസിക്ക് പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാനായി രാവും പകലും ബ്രിട്ടന്‍റെ പോലീസ് കാത്ത് നിന്നത് ഏഴ് വര്‍ഷം. ഒടുവില്‍ ഇക്വഡോര്‍  2019 -ൽ എംബസിയുമായി ഉടക്കി പുറത്തിറങ്ങിയ അസാഞ്ചിനെ ബ്രിട്ടന്‍റെ പോലീസ് അറസ്റ്റ് ചെയ്തു. 50 ആഴ്ചത്തെ തടവായിരുന്നു ബ്രിട്ടീഷ് കോടതി വിധിച്ചത്. അങ്ങനെ ബെല്‍മഷ് ജയിലിലേക്ക്. അറസ്റ്റിലായ കാലത്തും അസാഞ്ചിന് വേണ്ടി ഓസ്ട്രേലിയയിൽ ശബ്ദമുയർന്നില്ല. ഒടുവില്‍ അസാഞ്ചിന്‍റെ  ആരോഗ്യം ക്ഷയിച്ചു തുടങ്ങിയപ്പോഴാണ് മോചനത്തിനായി ശ്രമിക്കണമെന്ന ആവശ്യം ഓസ്ട്രേലിയന്‍ രാഷ്ട്രീയ രംഗത്ത് കേട്ടു തുടങ്ങിയത്. അപ്പോഴും പ്രധാനമന്ത്രി തലംവരെ അതെത്തിയുമില്ല.

ഒന്നാം ഭാഗം:  ജൂലിയന്‍ അസാഞ്ച്; യുഎസിന് 'മോസ്റ്റ് വാണ്ടഡ്' ക്രിമിനലായതെങ്ങനെ ?

പമേല ആൻഡേഴ്സന്‍റെ പരിശ്രമങ്ങള്‍

അസാഞ്ചിന്‍റെ സുഹൃത്തും ബേവാച്ച് നടിയുമായ പമേല ആൻഡേഴ്സൻ അസാഞ്ചിന് വേണ്ടി രാജ്യം മുഴുവൻ യാത്ര നടത്തി. അന്ന് പ്രധാനമന്ത്രിയായിരുന്ന സ്കോട്ട് മോറിസൺ അതിനെ പരിഹസിച്ചു. 'തന്‍റെ സഹപ്രവർത്തകർ പലരും തന്‍റെ ദൂതനായി പമേലയുടെ അടുത്ത് പോകാനാഗ്രഹിക്കുന്നു' എന്നായിരുന്നു പരിഹാസം.  ആൻഡേഴ്സൻ മോറിസണ് ഒരു തുറന്ന കത്തെഴുതി. അസഭ്യവാക്കുകൾ പറഞ്ഞതിന് ശകാരിച്ച് കൊണ്ടും, അസാഞ്ചിന് വേണ്ടി പോരാടാൻ രാജ്യം ബാധ്യസ്ഥമാണെന്ന് ഓർമ്മിപ്പിച്ച് കൊണ്ടും.

ഒടുവില്‍ 2022 -ൽ ആന്‍റണി ആൽബനീസ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായതോടെയാണ് കാര്യങ്ങളിൽ മാറ്റം വന്ന് തുടങ്ങിയത്. സ്വീഡിഷ് പ്രോസിക്യൂട്ടർമാർ ബലാൽസംഗ പരാതിയില്‍ ഇതിനകം അന്വേഷണം അവസാനിപ്പിച്ചിരുന്നു.  അസാഞ്ചിനായി ഡോക്യുമെന്‍റികൾ ഇറങ്ങി. രാജ്യത്ത് ആള്‍ക്കൂട്ടങ്ങള്‍ അസാഞ്ചിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി തടിച്ച് കൂടി. അസാഞ്ച് രണ്ട് കുട്ടികളുടെ അച്ഛനായെന്ന വാർത്തയും പുറത്ത് വന്നു. ഗർഭിണിയായിരുന്ന കാലത്തൊക്കെ അത് മാധ്യമങ്ങളിൽ നിന്ന് മറച്ചുവയ്ക്കാൻ പാടുപെട്ടിരുന്നു സ്റ്റെല്ല അസാഞ്ച്.

അന്താരാഷ്ട്രാ പിന്തുണ

പതുക്കെ ഓസ്ട്രേലിയയിലും അന്താരാഷ്ട്രാതലത്തിലും  സഹതാപതരംഗം ഉയർന്നു. അസാഞ്ചിന്‍റെ എല്ലാ പ്രവർത്തികളും അംഗീകരിച്ചില്ലെങ്കിലും അനുഭവിച്ച ശിക്ഷ ഇത്രയും മതി എന്നായി ആന്‍റണി അല്‍ബനീസും. അമേരിക്കയിലും ബ്രിട്ടനിലും സമ്മർദ്ദം ചെലുത്തുന്നതിനെ ഓസ്ട്രേലിയന്‍ പാർലമെന്‍റും അനുകൂലിച്ചു. ഓസ്ട്രേലിയയെന്ന സഖ്യകക്ഷിയെ വെറുപ്പിക്കാൻ അമേരിക്കക്കും താൽപര്യമുണ്ടായിരുന്നില്ല. മുൻ പ്രധാനമന്ത്രി കൂടിയായ കെവിൻ റഡ്, മുൻ പ്രതിരോധ മന്ത്രി സ്റ്റീഫൻ സ്മിത്ത് എന്നിവരായിരുന്നു രാജ്യത്തിന്‍റെ അമേരിക്കൻ / ബ്രിട്ടിഷ് പ്രതിനിധികൾ. അസാഞ്ച് കേസില്‍ മധ്യസ്ഥരായതും അവരാണ്. എങ്കിലും കഴിഞ്ഞ ജൂലൈ വരെ
ഒരു സാധ്യതയും അസാഞ്ചിന് മുന്നില്‍ തെളിഞ്ഞിരുന്നില്ല.

ഒടുവില്‍, ഏപ്രിലിൽ ബൈഡൻ വിഷയം പരിഗണനയിലെന്ന് അറിയിച്ചു. അതിനിടെ ലണ്ടൻ ഹൈക്കോടതി അസാഞ്ചിന് അപ്പീലന് അനുമതി നൽകി. അതോടെ നിയമയുദ്ധം പിന്നെയും നീളുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീളുന്നത് എന്ന പ്രതീതി ഉയര്‍ന്നു. പക്ഷേ, കാര്യങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കണമെന്നായി രണ്ട് കൂട്ടർക്കും. പിന്നെ ചൂടുപിടിച്ച ചർച്ചകൾ. അമേരിക്കയിലേക്കില്ല, എന്ന അസാഞ്ചിന്‍റെ വാദവും അംഗീകരിക്കപ്പെട്ടു.

ട്രംപ് - ബൈഡന്‍ സംവാദം; പ്രായാധിക്യത്തില്‍ കിതയ്ക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

സ്വാതന്ത്ര്യത്തിലേക്ക്

ഒടുവില്‍, 2024 ജൂണ്‍ 24  തിങ്കളാഴ്ച അർദ്ധരാത്രി ബെൽമാർഷ് ജയിലിൽ നിന്ന് അസാഞ്ചിനെ വിമാനത്താവളത്തിലേക്ക് മാറ്റി. അതും അതീവ രഹസ്യമായി. പുതുക്കെ മോചനത്തിന്‍റെ വിവരങ്ങളെല്ലാം പുറത്തുവന്നു. അസാഞ്ചിനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിനായി വിമാന ചെലവ് ഓസ്ട്രേലിയയാണ് വഹിക്കുന്നതെന്ന് വിവരമടക്കം. ഇതോടെ വിമാനച്ചെലവ് ഓസ്ട്രേലിയൻ സർക്കാരിന് തിരിച്ചുകൊടുക്കാൻ ക്രൌഡ് ഫണ്ടിംഗ് ക്യാമ്പൈന്‍ തുടങ്ങി. ബുധനാഴ്ച ആയപ്പോഴേക്ക്, വെറും മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷം ഡോളർ ശേഖരിച്ചു കഴിഞ്ഞിരുന്നു.

സായിപാന്‍ ദ്വീപ്

അസാഞ്ചിന്‍റെ മോചനത്തിന് നോര്‍ത്തേണ്‍ മരിയാന ദ്വിപ് തന്നെ വേദിയയായതിന് കാരണമുണ്ട്. അമേരിക്കയിൽ ഏതാണ്ട് 100 ജില്ലാ കോടതികളുണ്ട്. സായിപാനിലേത് അതിൽ ഏറ്റവും ചെറുതും പുതിയും ഏറ്റവും ദൂരെയുള്ളതുമാണ്. അമേരിക്കയിലേക്ക് പോകാനുള്ള അസാഞ്ചിന്‍റെ വിസമ്മതം കാരണമാണ് സായിപാൻ കോടതി തെരഞ്ഞെടുക്കപ്പെട്ടത്. ഓസ്രടേലിയയോട് അടുത്തുള്ളതും സായിപാനാണ്. 3,000 കിലോമീറ്ററിനുള്ളില്‍ 14 ചെറുദ്വീപുകൾ ചേർന്ന ദ്വീപു സമൂഹം. 50,000 പേരാണ് താമസക്കാർ. അമേരിക്കൻ പൗരത്വമുണ്ടെങ്കിലും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ദ്വീപുകാര്‍ക്ക് വോട്ടവകാശമില്ല.

രണ്ടാം ലോക മഹായുദ്ധ കാലത്ത്  അമേരിക്ക പിടിച്ചെടുത്തതാണീ ചെറു ദ്വീപുകൾ. യുദ്ധ കാലത്ത്  ജപ്പാന്‍റെ അധീനതയിലായിരുന്നു ഇവ. അന്ന് ഈ ദ്വീപുകളില്‍ മരിച്ച് വീണത് ആയിരക്കണക്കിന് ജാപ്പനീസ് , അമേരിക്കൻ സൈനികരാണ്. അമേരിക്കയ്ക്ക് കീഴടങ്ങുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് ചിന്തിച്ച് ദ്വീപിലെ ജാപ്പനീസ് വംശജർ കടലിലേക്ക് ചാടി ജീവത്യാഗം ചെയ്തു. അതിനുശേഷം അമേരിക്ക ജപ്പാനെ ആക്രമിക്കാൻ സായിപാനില്‍ സൈനികാസ്ഥാനം സ്ഥാപിച്ചു. ഈ ചരിത്രം ഓർമ്മപ്പെടുത്തിയാണ് ജഡ്ജി അസാഞ്ചിന്‍റെ വിധി പറഞ്ഞതും. സമാധാനത്തിന്‍റെ എൺപതാം വാർഷികം ആഘോഷിക്കുകയാണ് സായിപാനെന്നും ഓർമ്മിപ്പിച്ചു.  1975 -ലാണ് മരിയാന, അമേരിക്കയുടെ ഭാഗമായത്. ജനപ്രതിനിധി സഭയിൽ പ്രതിനിധിയുണ്ട്. ചൈനീസ്, കൊറിയൻ സഞ്ചാരികളുടെ പറുദീസയാണ് ഇവിടം. ചൈനീസ് വംശജർക്ക് വിസ കൂടാതെ കയറി ചെല്ലാന്‍ കഴിയുന്ന ഒരേ ഒരു അമേരിക്കൻ ഭൂമി.

ധാരണയുടെ എല്ലാ വശങ്ങളും കോടതി പരിശോധിച്ചു. അസാഞ്ച് അതിൽ സംതൃപ്തനാണെന്നും കോടതി ഉറപ്പിച്ചു. എത്രയും വേഗം എല്ലാം തീർന്നുകിട്ടണമെന്ന ആഗ്രഹത്തിലായിരുന്നു അസാഞ്ച്. നിയമലംഘനം നടത്തിയോ എന്ന ചോദ്യത്തിന് മാത്രം അസാഞ്ചിന്‍റെ പഴയ മുഖം കണ്ടു എന്നാണ് മാധ്യമ റിപ്പോർട്ട്. വിക്കി ലീക്സിലൂടെ രേഖകൾ പുറത്തു വിട്ടപ്പോൾ അമേരിക്കൻ ഭരണഘടനയുടെ ആദ്യത്തെ ഭേദഗതി, 'തന്നെ സംരക്ഷിക്കും' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം. അത് അന്ന്.  പക്ഷേ ഇന്ന് തന്‍റെ പ്രവര്‍ത്തി 'നിയമ ലംഘനം' എന്ന്  അംഗീകരിക്കുന്നു എന്ന് അസാഞ്ച് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ കടലായിരുന്നു കോടതി മുറിക്ക് പുറത്ത്. കോടതി വിധി വന്ന് മിനിറ്റുകൾക്കകം അസാഞ്ച് പുറത്തെത്തി. പിന്നീട് കാറിൽ വിമാനത്താവളത്തിലേക്ക്. അവിടെ നിന്ന് ഓസ്ട്രേലിയയിലേക്കും.

ഭരണം സുഗമമാക്കാൻ തെരഞ്ഞെടുപ്പ് നേരത്തെയാക്കി; മക്രോണിന് അടിപതറുമോ?

പല അഭിപ്രായങ്ങൾ, എങ്കിലും ലോകമേ നന്ദി

അസാഞ്ചിനെ ധൈര്യശാലിയെന്ന് പുകഴ്ത്തിയവരും വിക്കീലീക്സ് വെളിപ്പെടുത്തലുകൾ കൊലപാതകങ്ങൾക്ക് വഴിവയ്ക്കുമെന്ന് പേടിച്ചവരും, പല പക്ഷമായിരുന്നു ജനം. ഓസ്ട്രേലിയയുടെ പിന്തുണക്ക് സ്റ്റെല്ല അസാഞ്ച് നന്ദി പറഞ്ഞു. പക്ഷേ, ഇപ്പോഴും രാജ്യത്ത് എല്ലാവരും അസാഞ്ചിനൊപ്പമല്ലെന്നാണ് റിപ്പോർട്ടുകൾ. രാജ്യം ഇടപെടരുത് എന്ന് വാദിച്ച മുൻമന്ത്രിമാരുണ്ട്. ഇടപെടണം എന്ന് വാദിച്ചവരുമുണ്ട്. പലരും രണ്ടിനുമിടയിലാണ്. മോചനം വേണം, പക്ഷേ ചെയ്തത് ശരിയായില്ലെന്ന് ചിലർ, ധീരനായകനായും മാധ്യമപ്രവർത്തകനായും വരച്ചുകാട്ടണ്ട എന്ന് വേറെ ചിലർ.  ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസും പാർലമെന്‍റിൽ പറഞ്ഞത് ഏതാണ്ടങ്ങനെയൊക്കെ തന്നെ.  അസാഞ്ചിന്‍റെ ചെയ്തികൾ ശരിയാണെങ്കിലും അല്ലെങ്കിലും കേസ് വേണ്ടതിലുമധികം നീണ്ടുകഴിഞ്ഞു എന്നായിരുന്നു ആ വാക്കുകളിലെ ധ്വനി.

സ്വാതന്ത്ര്യം, അതൊരു ചെറിയ വാക്കല്ല

അസാഞ്ച് പുറത്തിറങ്ങുന്നതിന്‍റെയും യാത്ര ചെയ്യുന്നതിന്‍റെയും വീഡിയോ പങ്കുവച്ച് ഭാര്യ കുറിച്ചു. 'HE IS FREE.' കരച്ചിൽ നിർത്താന്‍ അവര്‍ ഏറെ പാടുപെട്ടു. നേരിട്ട് കാണുന്നതുവരെ വിശ്വസിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. രണ്ട് കുട്ടികളുമായി സ്റ്റെല്ലാ അസാഞ്ച് ഓസ്ട്രേലിയയില്‍ കാത്തിരുന്നു. നാല് വയസുകാരൻ ഗബ്രിയേൽ, രണ്ട് വയസുകാരൻ മാക്സ്. രണ്ടുപേരും അച്ഛനെ ജയിലിലേ കണ്ടിട്ടുള്ളൂ. യുകെയിലെ വീട്ടുതടങ്കൽ കാലത്ത് അസാഞ്ചിന്‍റെ അഭിഭാഷകയായിരുന്നു സ്റ്റെല്ല.  ഇക്വഡോർ എംബസിയിൽ പുറത്തിറങ്ങാനാകാതെ അസാഞ്ച് കഴിഞ്ഞിരുന്ന കാലത്താണ് അവർ തമ്മിലിൽ ഇഷ്ടപ്പെടുന്നത്.  പിന്നീട് ബെല്‍മഷ് ജയിലിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. പിന്നെയും 5 വർഷം അസാഞ്ച് ജയിലി കിടന്നു. അവിടെ നിന്നാണ് ഇപ്പോൾ ജന്മനാട്ടിലേക്ക്, ഭാര്യയുടെയും കുട്ടികളുടെയും അടുത്തേക്ക്... നീണ്ട 14 വര്‍ഷത്തെ വേട്ടയാടലിന് ശേഷം സ്വാതന്ത്ര്യത്തിലേക്ക്. അപ്പോഴും യുഎസ് സൈനികര്‍ കൊലപ്പെടുത്തിയ അഫ്ഗാനിലെ സാധാരണക്കാരും മാധ്യമ പ്രവര്‍ത്തകരെ കുറിച്ചും ഇനിയാര് വെളിപ്പെടുത്തുമെന്ന ചോദ്യം ബാക്കി.
 

click me!