കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ എന്നീ ക്രൈം ത്രില്ലറുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസുമായി വൈശാഖ് ആര്യന്‍ നടത്തുന്ന അഭിമുഖം
സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ കേരള വിഭാഗത്തിന്റെ റീജിയണല്‍ മാനേജര്‍ ജോലിയിലിരിക്കെയാണ് 2011ല്‍ ലാജോ മുഴുസമയ എഴുത്തിലേക്ക് ഇറങ്ങുന്നത്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് തിരക്കഥയെഴുതിയായിരുന്നു തുടക്കം. എഴുതിയ തിരക്കഥകളുമായി സിനിമയിലെ ഒരുപാട് പേരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ എഴുതിക്കൂട്ടിയ കഥകളില്‍ ഒന്നാണ് 2018 ഏപ്രിലില്‍ കോഫിഹൗസ് എന്ന പുസ്തകമാക്കിയത്.
ജോലി രാജിവച്ച് എഴുത്തുകാരനാകാനിറങ്ങിയതാണ് കോട്ടയം സ്വേദശിയായ ലാജോ ജോസ്. മുഖ്യധാരാ സാഹിത്യ ലോകത്ത് നിന്നും മാറിനിന്ന് സോഷ്യല്‍ മീഡിയ അടക്കമുള്ള പുതിയ സാദ്ധ്യതകള്‍ ഉപയോഗിച്ച് സ്വന്തം ഇടം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഈ ചെറുപ്പക്കാരന്‍. ക്രൈം ത്രില്ലറുകളാണ് ലാജോയുടെ വഴി. 'കോഫി ഹൗസ്' എന്ന ക്രൈം ത്രില്ലറിലൂടെയാണ് ലാജോ രംഗത്തേക്ക് വരുന്നത്. രണ്ടാമത്തെ ക്രൈം തില്ലറായ 'ഹൈഡ്രേഞ്ചിയ' ഏപ്രിലില്‍ പുറത്തിറങ്ങി. 10 ദിവസത്തിനുള്ളില്‍ രണ്ടാം പതിപ്പിറങ്ങിയ പുസ്തകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നുണ്ട്.
സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ കേരള വിഭാഗത്തിന്റെ റീജിയണല്‍ മാനേജര്‍ ജോലിയിലിരിക്കെയാണ് 2011ല്‍ ലാജോ മുഴുസമയ എഴുത്തിലേക്ക് ഇറങ്ങുന്നത്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് തിരക്കഥയെഴുതിയായിരുന്നു തുടക്കം. എഴുതിയ തിരക്കഥകളുമായി സിനിമയിലെ ഒരുപാട് പേരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ എഴുതിക്കൂട്ടിയ കഥകളില്‍ ഒന്നാണ് 2018 ഏപ്രിലില്‍ കോഫിഹൗസ് എന്ന പുസ്തകമാക്കിയത്. കോഫി ഹൗസ് നല്‍കിയ ആത്മവിശ്വാസമാണ് രണ്ടാമത്തെ നോവലില്‍ എത്തിച്ചത്. കോഫി ഹൗസ് ഇന്നും ബുക്സ്റ്റാളുകളില്‍ സജീവമാണ്.
എഴുത്തു കൊണ്ട് മാത്രം ജീവിക്കാനാവില്ലെന്ന പൊതുധാരണകളെ പോപ്പുലര്‍ ഫിക്ഷന്റെ വഴിയിലൂടെ തിരുത്താന്‍ ശ്രമിക്കുകയാണ് ലാജോ. എഴുത്തുവഴികളെക്കുറിച്ച് ലാജോ സംസാരിക്കുന്നു. വൈശാഖ് ആര്യന്‍ നടത്തിയ അഭിമുഖം.
ലാജോ ജോസ്
എങ്ങനെയാണ് ലാജോ ക്രൈം ത്രില്ലറിലെത്തിയത്?
ലോകത്തെല്ലായിടത്തും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ക്രൈം ഫിക്ഷന്‍ പുസ്തകവിഭാഗത്തില്‍ മലയാളത്തില്‍ വേണ്ടത്ര പരീക്ഷണങ്ങളുണ്ടാകുന്നില്ല എന്ന തിരിച്ചറിവില്‍നിന്നാണ് എന്തുകൊണ്ട് എനിക്കെഴുതിക്കൂടാ എന്ന ചിന്തയിലേക്ക് ഞാന്‍ എത്തുന്നത്. ജെയിംസ് പാറ്റേഴ്‌സന്റെ ലളിതമായ പുസ്തകങ്ങളായിരുന്നു എഴുത്തിനെ മോഹിപ്പിച്ചത്. കോട്ടയം പുഷ്പനാഥ് മുതല്‍ ജി ആര്‍ ഇന്ദുഗോപന്‍ വരെയുള്ള എഴുത്തുകാര്‍ എനിക്ക് വഴികാട്ടിയായെങ്കിലും കുറ്റകൃത്യങ്ങളുടെ കഥ പറയുമ്പോള്‍ എന്റേതായ ഒരു ലോകം എഴുത്തില്‍ വരച്ചെടുക്കണം എന്നായിരുന്നു മനസ്സിലുണ്ടായിരുന്നത്. ആദ്യ പുസ്തകമായ കോഫി ഹൗസ് ഒരു കുറ്റകൃത്യം എങ്ങനെയുണ്ടാകുന്നു എന്നാണ് ചര്‍ച്ചചെയ്തത്, നിരപരാധിയായ ഒരാളെ അതെങ്ങനെ ബാധിക്കുന്നു, ഒരു സ്ത്രീ അതിനിടയില്‍വരുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍. രണ്ടാം പുസ്തകമായ ഹൈഡ്രേഞ്ചിയ ഒരു കുറ്റവാളിയിലേക്ക് ഒരാളെ എത്തിക്കുന്ന സാഹചര്യങ്ങളില്‍ തുടങ്ങി ക്രിമിനലുകളുടെ ഭ്രാന്തമായ മാനസിക തലങ്ങളെ കുറിച്ചുവരെ വിശകലനം ചെയ്യുന്നു. പിങ്ക് നിറമുള്ള ഹൈഡ്രേഞ്ചിയ പൂക്കള്‍ കഥയില്‍ ഒരു പ്രധാന കഥാപാത്രമാണ്.
കോഫി ഹൗസിന്റെ തുടര്‍ച്ചയായാണ് ഹൈഡ്രേഞ്ചിയ അവതരിപ്പിച്ചതെങ്കിലും കഥ മാത്രമല്ല കഥാപാത്രങ്ങളും അപ്പാടെ മാറ്റി.
മലയാളി വായനക്കാര്‍ ക്രൈം ത്രില്ലറുകള്‍ ആവശ്യപ്പെടുന്നുണ്ടോ?
ഇഷ്ടമുള്ള വിഷയത്തില്‍ വായിക്കാന്‍ വേണ്ടത് മലയാളിക്ക് ലഭിക്കുന്നില്ല. പ്രത്യേകിച്ച് റൊമാന്‍സിലും ക്രൈമിലും. ഇതില്‍ ആദ്യത്തെ സ്‌പേസിലേക്കാണ് ഞാന്‍ കടന്നുചെല്ലാന്‍ ആഗ്രഹിച്ചത്. തരക്കേടില്ലാത്ത പുസ്തകം എന്നാണ് ഞാന്‍തന്നെ അതിനെ വിലയിരുത്തിയത്. ക്രൈമില്‍തന്നെ വിവിധ ഭാവങ്ങള്‍ എഴുത്തില്‍ കൊണ്ടുവരാനാകും എന്നാണ് വിശ്വാസം, അതിനാണ് ശ്രമം.
എന്താണ് ലാജോയുടെ എഴുത്ത് ശൈലി? ഏത് വശത്തിനാണ് ക്രൈം ത്രില്ലറില്‍ പ്രാധാന്യം നല്‍കുന്നത്?
കഥ കുറ്റാന്വേഷകന്റെയോ കേന്ദ്ര കഥാപാത്രത്തിന്റയോ ഒപ്പം സഞ്ചരിക്കുന്ന പതിവ് ശൈലി വിട്ട് മലയാളി വായനക്കാരെ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും വിവിധ തലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ഞാന്‍ നടത്തിയത്. കുറ്റവാളികള്‍ രൂപപ്പെടുന്നതും കുറ്റകൃത്യങ്ങള്‍ രൂപപ്പെടുന്നതുമെല്ലാം വിവരിക്കാനാണ് ശ്രമിച്ചത്.
വായനക്കാരനെ കുറ്റകൃത്യം വായിപ്പിച്ച് രസിപ്പിക്കുകയാണോ താങ്കളിലെ എഴുത്തുകാരന്‍?
ഒരിക്കലുമല്ല, കുറ്റകൃത്യത്തേക്കാള്‍ അതിലേക്കെത്തപ്പെടുന്ന സാഹചര്യങ്ങളും ഘടകങ്ങളുമെല്ലാം മലയാളി അറിയാനാഗ്രഹിക്കുന്നതാണ്. അത് വായനക്കാരിലെത്തിക്കുന്നത് ഒരിക്കലും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കലല്ല.
ഹൈഡ്രേഞ്ചിയ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് വില്‍പനയ്‌ക്കെത്തിച്ച സമയത്ത് ലാജോ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടു, താന്‍ മറ്റ് എഴുത്തുകാര്‍ക്കൊന്നും ഒരു ഭീഷണിയല്ലെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു കുറിപ്പ്. ഒരു പ്രത്യേക വിഭാഗം പുതിയ എഴുത്തുകാരെ താറടിക്കാനും വളര്‍ത്താതിരിക്കാനും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലാജോയുടെ ആരോപണം. എന്താണ് ഇതിന് അടിസ്ഥാനം?
എഴുത്തുകാര്‍ക്കിടയില്‍ പുതുതായി വളര്‍ന്നുവരുന്നവരെ ഇല്ലാതാക്കാന്‍ ഒരു പ്രത്യേക വിഭാഗം ശ്രമിക്കുന്നു എന്നുതന്നെയാണ് എന്റെ അഭിപ്രായം. അത്തരം ഗ്രൂപ്പുകള്‍ കാലങ്ങളായുണ്ട്. ത്രില്ലര്‍ വായനക്കാരുടെ പ്രിയങ്കരനായിട്ടും കോട്ടയം പുഷ്പനാഥിന്റെ മുഖം എത്രപേര്‍ക്ക് പരിചിതമാണ്, മരിച്ചതിനുശേഷമല്ലാതെ എന്നാണ് അദ്ദേഹത്തെ മലയാളി അനുസ്മരിച്ചത്? ഇപ്പോള്‍ പുതുമുഖ എഴുത്തുകാരുടെ നിരവധി മികച്ച കൃതികള്‍ പുറത്തിറങ്ങി. നമ്മള്‍ക്കറിയുന്ന എത്രപേര്‍ എവിടെയൊക്കെ അവരെപ്പറ്റി പറഞ്ഞു എന്നലോചിച്ചാല്‍ ഞാന്‍ പറഞ്ഞ കാര്യം വ്യക്തമാകും. ചില പ്രത്യേക പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്ന കൃതികള്‍ക്കും അതെഴുതിയ എഴുത്തുകാര്‍ക്കും നേരെയാണ് പലപ്പോഴും സൈബര്‍ ആക്രമണവും അപവാദം പറച്ചിലും. എന്നെപ്പോലുള്ള പുതുമുഖങ്ങള്‍ ഒരുതരത്തിലും അവരുടെ കൃതികള്‍ക്ക് ഭീഷണിയല്ല. എന്നിട്ടും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ പോലും ചിലര്‍ ശ്രമിച്ചു. ആ വിഷമത്തിലാണ് അന്ന് അങ്ങനെ ഒരു കുറിപ്പെഴുതിയത്.
അടുത്ത പ്രൊജക്ടുകള്‍ എന്തൊക്കെയാണ്?
മൂന്നാമത്തെ പുസ്തകത്തിന്റെ എഴുത്തു പൂര്‍ത്തിയായി. വൈകാതെ പുറത്തെത്തും. ആദ്യ രണ്ട് പുസ്തകങ്ങളിലും പറയാത്ത കുറ്റകൃത്യത്തിന്റെ തലം പറയണം അതില്‍ എന്നാണ് ആഗ്രഹം.
സിനിമാക്കാരനാവാന്‍ ശ്രമിച്ച് എഴുത്തുകാരനായതല്ലേ? ആ മോഹം ഇപ്പോഴുമുണ്ടോ?
ആ മോഹം കൈവിട്ടിട്ടില്ല. പലരും നോവല്‍ വായിച്ച് സിനിമയാക്കാന്‍ സമീപിക്കുന്നുണ്ട്. കോഫി ഹൗസും എസ്തറും വൈകാതെ ബിഗ് സ്‌ക്രീനിലെത്തുമെന്ന പ്രതീക്ഷയും എനിക്കുണ്ട്.