ബലൂചിസ്ഥാനിൽ നിന്നുള്ള ആക്രമണങ്ങൾ രണ്ടിടത്തും പതിവാണ്. ഇറാനിലെ സിസ്റ്റാൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇക്കഴിഞ്ഞ വർഷം നടന്ന ആക്രമണത്തിൽ 11 ഇറാനിയൻ പൊലീസ് ഓഫീസർമാരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനിലെ മൂന്ന് ആക്രമണങ്ങളിൽ പാക് സൈനികരും കൊല്ലപ്പെട്ടു.
ബലൂചിസ്ഥാൻ, പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യ. പക്ഷേ, ജനസംഖ്യയിൽ ഏറ്റവും ചെറുത്. വരണ്ട ഭൂപ്രകൃതി. എണ്ണയിലും ധാതുശേഖരത്തിലും മുന്നിൽ. പക്ഷേ, പാകിസ്ഥാന്റെ കേന്ദ്രനേതൃത്വം എപ്പോഴും അവഗണിച്ചിരുന്ന പ്രവിശ്യ. വിഘടനവാദം ശക്തം. അവിടെയാണ് ഇറാൻ ആക്രമണലക്ഷ്യമാക്കിയത്. ബലൂച് പ്രശ്നം പാകിസ്ഥാന്റെയും ഇറാന്റെയും പ്രശ്നമാണ്. കാരണം പഴയ ബലൂചിസ്ഥാന്റെ കുറേ ഭാഗം ഇറാനിലാണ്, കുറേഭാഗം അഫ്ഗാനിസ്ഥാനിലും. പാക്, ഇറാൻ ബലൂചിസ്ഥാനുകൾ ഒരൊറ്റ ബലൂചിസ്ഥാനുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നു. ആക്രമണങ്ങളാണ് ആയുധം.
ഇറാനിയൻ പീഠഭൂമിയുടെ കിഴക്കൻ അറ്റം. ഇറാന്റെ സിസ്റ്റാൻ ബലൂചിസ്ഥാൻ, അഫ്ഗാന്റെ നിമ്രുസ്, ഹെൽമണ്ട്, കാണ്ഡഹാർ, പാകിസ് ബലൂചിസ്ഥാൻ. ഇതുവഴിയാണ് അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയിൽ നിന്ന് മടങ്ങിയത്, ഇവിടത്തെ മരുഭൂമിയിൽ അന്ന് മരിച്ചുവീണത് ആയിരക്കണക്കിന് പടയാളികളാണ്. ആദിമവിഭാഗമായ ബലൂച് ഗോത്രവർഗക്കാരിൽ നിന്നാണ് ബലൂചിസ്ഥാൻ എന്ന പേര് വന്നത്. സുന്നികളാണ്, ബലൂചിയാണ് സംസാരഭാഷ.
undefined
പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു പണ്ട്. പിന്നെ ഇന്ത്യയിലെ പല സാമ്രാജ്യങ്ങളുടെ ഭാഗം. അന്ന് ഹൈന്ദവരും ബുദ്ധമതക്കാരും സൊറോസ്ട്രിയൻ മതക്കാരുമായിരുന്നു കൂടുതൽ. ഇസ്ലാം മതം വേരുറപ്പിച്ചത് പിന്നീട്. പേർഷ്യൻ ഇന്ത്യൻ സാമ്രാജ്യങ്ങളുടെ കീഴിലായി മാറിമാറി. അതും കഴിഞ്ഞപ്പോൾ പല ഭാഗങ്ങളായി, പടിഞ്ഞാറ് പേർഷ്യൻ, കിഴക്ക് മുഗൾ. മുഗൾ രാജാവ് ഈ പ്രദേശത്തിന്റെ നിയന്ത്രണം KHANATE OF KALAT എന്ന ബ്രഹൂയി സംഘത്തിന് വിട്ടുകൊടുത്തു. തെക്കേ ഇന്ത്യയിലെ ദ്രാവിഡ ഭാഷകളോട് സാമ്യമുള്ള ഭാഷയാണ് ബ്രഹൂയി. അവരാണ് ഗ്വാദർ തുറമുഖം ഒമാന് വിട്ടുകൊടുത്തത്. അത് പിന്നീട് പാകിസ്ഥാൻ വിലകൊടുത്ത് വാങ്ങുകയായിരുന്നു. അത് മറ്റൊരു കഥ.
ബലൂചിസ്ഥാന്റെ കുറേഭാഗം അഫ്ഗാന്റെ കൈയിലായി. കുറേഭാഗം ഇറാന്റെ കൈയിലും. അഫ്ഗാനിസ്ഥാൻ കീഴടക്കിയ ബ്രിട്ടനും ഇറാനും തമ്മിലെ ധാരണകളിലാണ് ഇന്നത്തെ ബലൂചിസ്ഥാന്റെ അതിർത്തികൾ രൂപംകൊണ്ടത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ബലൂചിസ്ഥാനും സ്വതന്ത്രമായിരുന്നു, 227 ദിവസം മാത്രം നീണ്ടുനിന്ന സ്വാതന്ത്ര്യം. പിന്നെ അത് പാകിസ്ഥാൻ സ്വന്തമാക്കി. ഏതാണ്ട് ബലമായി തന്നെ. അന്ന് തുടങ്ങിയതാണ് ബലൂചിസ്ഥാനിലെ അസംതൃപ്തി. പലതവണ കലാപം പൊട്ടിപ്പുറപ്പെട്ടു. 2005 -ൽ അത് രൂക്ഷമായി. അന്നത്തെ ഗവർണർ നവാബ് അക്ബർ ഖാൻ ബുഗ്തി, പ്രദേശത്തിന്റെ പ്രകൃതിസമ്പത്തിൽ നിയന്ത്രണം ആവശ്യപ്പെട്ടു, അടുത്ത വർഷം നവാബ് കൊല്ലപ്പെട്ടു. പർവേസ് മുഷറഫായിരുന്നു അന്നത്തെ ഭരണാധികാരി. ദിവസങ്ങൾക്കകം മുഷറഫിനുനേരെയും വധശ്രമം നടന്നു. ഇന്ന് ബലൂചിസ്ഥാൻ ദരിദ്രമാണ്, അവഗണനയാണ് പാക് സർക്കാരിന്റെ ശിക്ഷ.
മേഖലയിലെ ഖനനം ചൈനയ്ക്കും വിട്ടുകൊടുത്തു. അതോടെ സംഘർഷം കടുത്തു. ഗ്വാദർ ചൈനയുടെ വൺ ബെൽറ്റ്, വൺ റോഡ് പദ്ധതിയിലെ നിർണായക സ്ഥാനത്താണ്. അതും ഇറാന്റെ ചാബഹാർ തുറമുഖവും ബലൂച് മേഖല സിസ്റ്റാൻ ബലൂചിസ്ഥാനിലാണ്. ചാബഹാർ തുറമുഖം വികസിപ്പിക്കുന്നത് ഇന്ത്യയാണ്. പാകിസ്ഥാന്റെ ചൈനീസ് ഗ്വാദോറിനുള്ള മറുപടി. സംഘർഷമുണ്ടായാൽ രണ്ടുകൂട്ടർക്കും തിരിച്ചടിയാവും.
ഇറാന്റെ കൈയിലായ സിസ്റ്റാൻ ബലൂചിസ്ഥാനും നേരിടുന്നത് അവഗണന തന്നെ. സുന്നി ഭൂരിപക്ഷത്തോട് രാജ്യത്തെ ഷിയാ നേതൃത്വത്തിന് താൽപര്യമില്ല. പാക് ബലൂചിസ്ഥാനിലെ അസംതൃപ്തി ഇവിടെയും പ്രതിഫലിക്കുന്നു. വികസനം തീരെയില്ലാ താനും. തീവ്രവാദ സംഘങ്ങൾ രൂപംകൊണ്ടു രണ്ടിടത്തും. ഇറാനിയൻ ബലൂചിസ്ഥാനും പാക് ബലൂചിസ്ഥാനും പരസ്പരം സഹായിക്കും. ബലൂച് തീവ്രവാദം അങ്ങനെ ഒരേസമയം പാക് ഇറാൻ പ്രശ്നമാണ്. ഇറാന് പാകിസ്ഥാനോടുള്ള ദേഷ്യം സുന്നി വിഘടനവാദികളായ ജെയ്‌ഷ് അൽ അദ്ല്‍ എന്ന സംഘടനയെ പ്രവർത്തിക്കാനും ഇറാനെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും അനുവദിക്കുന്നു എന്നതാണ്. അതിനെച്ചൊല്ലി അസ്വാരസ്യങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. ജെയ്‌ഷ് അൽ അദ്ല്‍ എന്ന ബലൂച് സംഘടന ഇറാന്റെ ബദ്ധശത്രുവായ സൗദി അറേബ്യയുടെ സഖ്യകക്ഷിയുമാണ്, അരിശത്തിന്റെ പ്രധാന കാരണം അതാണ്. വേറെയുമുണ്ട് സംഘടനകൾ, അൽ ഖ്വയ്‍ദ ബന്ധമുണ്ടെന്ന് ഇറാൻ ആരോപിക്കുന്ന ജുന്ദുള്ള, പിന്നെ താലിബാനും. ഇവർക്കൊക്കെ എതിരെ നടപടിയെടുക്കുന്നില്ല എന്നാണ് ഇറാന്റെ പരാതി.
ബലൂചിസ്ഥാനിൽ നിന്നുള്ള ആക്രമണങ്ങൾ രണ്ടിടത്തും പതിവാണ്. ഇറാനിലെ സിസ്റ്റാൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇക്കഴിഞ്ഞ വർഷം നടന്ന ആക്രമണത്തിൽ 11 ഇറാനിയൻ പൊലീസ് ഓഫീസർമാരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനിലെ മൂന്ന് ആക്രമണങ്ങളിൽ പാക് സൈനികരും കൊല്ലപ്പെട്ടു. അത് ഇറാനിയൻ ബലൂചിസ്ഥാനിൽ നിന്നുള്ള ആക്രമണമെന്നാണ് റിപ്പോർട്ട്. പോരാത്തതിന് ചൈനീസ് ആസ്ഥാനങ്ങളും ആക്രമണലക്ഷ്യമാകാറുണ്ട്. അടിച്ചമർത്താലണ് പാകിസ്ഥാന്റെ നയം. ആയിരക്കണക്കിന് പേർ അപ്രത്യക്ഷരായിട്ടുണ്ട്. പീഡനങ്ങൾക്കിരയായി കൊല്ലപ്പെട്ടിട്ടുണ്ട്.