ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
അപ്പോഴായിരുന്നു അവന്റെ വരവ്! കാപ്പിപ്പൊടി കളര്‍ ഷര്‍ട്ടും ക്രീം കളര്‍ പാന്റുമിട്ട് രണ്ട് തോളിലും അവനേക്കാള്‍ ഭാരം വരുന്ന രണ്ട് ബാഗുകളിട്ട് അവന്‍ പടി കടന്ന് വന്നു.
undefined
For Every action, there is an equal and opposite reaction!
ഒള്ളതാ! പക്ഷേ, ഈ ഒരു സംഭവം അമ്മക്ക് അത് വരെ അറിയില്ലായിരുന്നു.
ഏത് വരെ?
പറയാം, വെയ്റ്റ്!
അതിനു മുമ്പേ അമ്മയുടെ ദൈനംദിന ജോലികളെക്കുറിച്ച് പറയേണ്ടതുണ്ട്.
അപ്പച്ചനും ഞാനും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ അമ്മ, അമ്മയുടെ പണികള്‍ തുടങ്ങുകയായി.
നല്ല മെനകേടായി കിടക്കുന്ന വീടിനെ വെറുതേ കേറി അടിച്ച് തുടച്ച് ക്ലീനാക്കിയിടും. വീണ്ടും വൃത്തികേടാവാനുള്ള ഒന്നിനെ അതിന്റെ പാട്ടിന് വിടണം. എന്റെ ചിന്ത അതാണ്.
ക്ലീനിങ് കഴിഞ്ഞാല്‍ അടുക്കളയില്‍ കയറി ചോറും ഒരു കറിയും വെക്കും. ഒരു കറിയല്ലാതെ മിനിമം മൂന്ന് തരം കറികള്‍ വെക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം.
ചോറും കറിയും വെച്ച് കഴിഞ്ഞാല്‍ അമ്മ ഒരു കെട്ട് തുണിയുമെടുത്ത് കിണറ്റിന്‍ കരയിലേക്ക് പോകും. കിണറില്‍ നിന്നും വെള്ളം കോരിയാണ് അലക്കല്‍. അതായത്, വായിട്ടലക്കല്‍.
അമ്മ അലക്കുന്ന അതേ സമയത്ത് തന്നെ അപ്പുറത്തെ വീട്ടിലെ ലൂസി ചേച്ചിയും ഇപ്പുറത്തെ വീട്ടിലെ മാഗി ടീച്ചറും അലക്കല്‍ തുടങ്ങും. ഒത്തൊരുമൈ. ഐ മീന്‍ ഒത്ത് കൊണ്ടുള്ള ഒരു 'മ' - ഒരുമ!
അപ്പുറത്തേയും ഇപ്പുറത്തേയും വര്‍ത്തമാനം ഇപ്പുറത്തേക്കും അപ്പുറത്തേക്കും എത്തിച്ചിരുന്നത് അമ്മയായിരുന്നു. കാരണം, അമ്മയാണല്ലോ നടുക്കില്‍ നിന്നലക്കുന്നത്.
അങ്ങനെയുള്ള ഒരു ഒത്തൊരുമ ദിവസത്തിലാണ് ലൂസി ചേച്ചി ആ കാര്യം പറഞ്ഞത്:
'ജോളി ചേച്ച്യേ, വാതിലൊക്കെ അടച്ചിട്ടല്ലേ അലക്കാന്‍ വന്നത്?'
'അതെന്താ ഇപ്പൊ ഒരു പുതിയ പതിവ് ലൂസീ?'
'അല്ല അതേയ്, കള്ളന്മാര് ഇറങ്ങീട്ടുണ്ട് ത്രേ. ഈ ബാഗും തൂക്കി സാധനങ്ങള് വിക്കാന്‍ ഓരോരുത്തര് വരില്ലേ, ഹിന്ദിക്കാര്.'
'ആഹ് അവര്‌ടേല് നല്ല സാരികളും പാത്രങ്ങളൊക്കെ ഉണ്ടാവും. വലിയ വെലേമുണ്ടാവില്ല. അല്ലേ?'
സാധനങ്ങള്‍ വാങ്ങാന്‍ കൈയിലുള്ള കള്ളപ്പണം തികയുമോ എന്ന് ഓര്‍ത്ത് കൊണ്ട് അമ്മ പറഞ്ഞു.
'ഔ ! എന്റെ ജോള്യേച്ച്യേ, പറയണത് കേട്ടേ. അങ്ങനെ വരണ ഹിന്ദിക്കാരേയ് കള്ളന്മാരാന്നാ പറയണത്. അവര് സാധനം വില്‍ക്കണത് പോലെ വന്നിട്ട് അകത്തേക്ക് കയറി പറ്റും. എന്നിട്ട് നമ്മുടെ തലക്കിട്ടടിച്ചിട്ട് കക്കും.'
ഇതിന്റെ വാലും തലയും മാത്രം കേട്ട മാഗി ടീച്ചര്‍ അലക്കല്‍ നിര്‍ത്തി അകത്ത് കയറി വാതിലടച്ചിരുന്നു. മാഗി ടീച്ചര്‍ ഹിന്ദി ആയിരുന്നു സ്‌കൂളില്‍ പഠിപ്പിച്ചിരുന്നത്.
ഇത് കേട്ടിട്ടും കുലുങ്ങാത്ത അമ്മ കുലുങ്ങി കുലുങ്ങി തുണി കല്ലിലിട്ട് കുത്തി കുടുംബം വെളുപ്പിച്ചു കൊണ്ടേയിരുന്നു.
'എന്റെ വീടിന്റകത്തേക്ക് ആരും കടക്കില്ല്യ ലൂസ്യേ. കടന്നാലവന്റെ കാര്യം എന്റെ കിച്ചു നോക്കിക്കോളും.'
ഞങ്ങള്‍ ആവശ്യത്തിലധികം കൊഞ്ചിച്ച് വളര്‍ത്തുന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലെ പട്ടിയാണ് കിച്ചു. കിച്ചു അകത്തുള്ളത് കൊണ്ട് ആരും ആ പടി കടക്കാറുമില്ല. അതിന്റെ അഹങ്കാരമായിരുന്നു അമ്മയുടെ വാക്കുകളില്‍.
അത് കേട്ട് അത്ര സുഖിക്കാത്ത ലൂസി ചേച്ചി ഒരു പുച്ഛരസം മുഖത്തൊട്ടിച്ച് പറഞ്ഞു:
'ഓ നിങ്ങടെ കിച്ചൂന് ഹിന്ദി അറിയാലോ ലേ. അത് ഞാനങ്ങ് മറന്നു.'
ആ ഒരു നിമിഷം കൊണ്ട് അവര്‍ ശത്രുക്കളായി മാറി. തുണിയലക്കുന്നതിന്റേയും വെള്ളം കോരുന്നതിന്റേയും ശബ്ദം മാത്രമായി ബാക്കി.
രണ്ടു പേരും കൊഞ്ഞനം കുത്തിക്കൊണ്ട് അകത്തേക്ക് കയറിപ്പോന്നു.
കിച്ചു വാലാട്ടിക്കൊണ്ട് അമ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ലൂസി ചേച്ചിയെ സപ്പോര്‍ട്ട് ചെയ്താല്‍ പട്ടിണി ആയിരിക്കും ഫലം എന്ന് കിച്ചുവിന് അനുഭവം ഉണ്ട്. ആയതിനാല്‍, ലൂസി ചേച്ചിയുടെ വീടിന് നേര്‍ക്ക് നോക്കി കിച്ചു നാല് കുരയും പാസ്സാക്കി.
ഉച്ചക്കൂണ് കഴിക്കാന്‍ വന്ന അപ്പച്ചനോടും ലൂസിയുടെ പോക്കത്ര ശരിയല്ലെന്ന് പറഞ്ഞു.
'ലൂസിക്ക് പോയാലും ഇല്ലേലും എനിക്കതറിയണ്ട. നീ ചോറിട്.'
അപ്പച്ചന്റെ കണ്ണുരുണ്ടപ്പോള്‍ അമ്മ നിര്‍ത്തി. ഭക്ഷണം കഴിച്ചിറങ്ങാന്‍ നേരം അപ്പച്ചന്‍ പറഞ്ഞു:
'എന്തായാലും വാതിലും തുറന്ന് മലര്‍ത്തിയിട്ട് കിടക്കണ്ട, അടച്ചിട്ടോ.'
അന്നത്തെ ഉച്ചയുറക്കവും കഴിഞ്ഞ് അമ്മ പതിവ് പോലെ വരാന്തയില്‍ പോയി ഇരുന്നു. ആ സമയത്ത് വഴിയില്‍ കൂടെ പോകുന്ന പരിചയക്കാരോട് കണ്ട പട്ടീം പൂച്ചേം പ്രസവിച്ചതും ഒക്കെ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ആകും കോളേജില്‍ നിന്നും എന്റെ എഴുന്നള്ളത്ത്.
അന്ന്, ഞാനെത്താന്‍ സമയം ആയിട്ടില്ല. അപ്പോഴായിരുന്നു അവന്റെ വരവ്! കാപ്പിപ്പൊടി കളര്‍ ഷര്‍ട്ടും ക്രീം കളര്‍ പാന്റുമിട്ട് രണ്ട് തോളിലും അവനേക്കാള്‍ ഭാരം വരുന്ന രണ്ട് ബാഗുകളിട്ട് അവന്‍ പടി കടന്ന് വന്നു.
'ഗുഡ് ഈവ്‌നിങ്ങ് മാഡം.'
'നീയേതാടാ ചെക്കാ?'
'മാഡം. ഹംമരാ പാസ്സ് നൈറ്റി സാഡീ സല്‍വാര്‍സ് ഹേ. പൂരാ ന്യൂ ഫാഷന്‍ ഹേ മാഡം. ദിഖാവൂ?'
അപ്പോഴാണ് , ആ സെക്കന്റിലാണ് അമ്മയുടെ മെര്‍ക്കുറി ബള്‍ബ് കത്തിയത്.
ഇവന്‍ അവന്‍ തന്നെ!
ലൂസി പറഞ്ഞ ഹിന്ദി പറയുന്ന കള്ളന്‍!
എന്ത് ചെയ്യും. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഇവനിന്നെന്നെ കൊല്ലും. ഇവനെ എങ്ങനെ പറഞ്ഞയക്കും..? ഇതിപ്പോ ഇവനോട് ഞാനെങ്ങെനെ ഹിന്ദി പറയും..? ശ്ശെടാ! അകത്തിരുന്നാ മതിയാര്ന്ന്.
'മാഡം, സര്‍ ജി ഹേ ഖര്‍ പേ?'
ഓഹോ ഇവന്‍ വര്‍ക്ക് തുടങ്ങി കഴിഞ്ഞു. സാറുണ്ടോ എന്നായിരിക്കും ചോദിച്ചത്. വീട്ടില്‍ ആരുമില്ല എന്നുറപ്പിക്കാനുള്ള തന്ത്രം.
അമ്മക്ക് സംസാര ശേഷിയില്ലെന്ന് പയ്യന്‍ തെറ്റിദ്ധരിച്ചാവണം, അവന്‍ ബാഗ് നിലത്ത് വെച്ച് ആംഗ്യം കാണിച്ച് അമ്മയെ മനസ്സിലാക്കിപ്പിക്കാന്‍ ഒരു ശ്രമം നടത്തി.
ഒരു കൈ ബാഗിന് നേരെ നീട്ടി, മറ്റേ കൈ അമ്മയുടെ നൈറ്റിക്ക് നേരേയും നീട്ടി പറഞ്ഞു :
'അരേ മാഡം ജീ, യേ ബാഗ് മേ നൈറ്റീ ഹേ, സാഡീ ഹേ, നയാ ഫാഷന്‍ കപടാ ഹേ.'
അമ്മക്ക് നേരെ നീണ്ട കൈയില്‍ ഒരു തട്ട് കൊടുത്തിട്ട് അമ്മ പറഞ്ഞു :
'എനിക്ക് ഹിന്ദീ നഹീ നഹീ.'
'ഓ! കോയി പ്രോബ്‌ളം നഹി മാഡം. തും കപടാ ദേഖോ നാ. പ്രൈസ് ബഹുത് കം ഹേ. തും അന്തര്‍ ബൈഠ് കേ ദേഖ് നാ.'
ഇതും പറഞ്ഞ് പയ്യന്‍ നിലത്ത് നിന്ന് ബാഗുമെടുത്ത് അമ്മയുടെ അടുത്തേക്ക് വന്നു.
അമ്മ വാതിലിന് കുറുകേ നിന്ന് പുലമ്പി.
'നഹീന്ന് പറഞ്ഞാ നഹീ. ക്യാ ഡാ അന്തര്‍? റൂമില്‍ കിച്ചൂ ഹേ. കിച്ചു വന്നാല്‍ തും ബൗ ബൗ ബൗ. ങാഹാ ! കള്ളത്തെണ്ടീ.'
'കോന്‍ ഹേ യേ കിച്ചൂ? സര്‍ ജീ കാ നാം ഹേ ? ഉസ്‌കോ ബി ബുലാവോ നാ മാഡം ജീ. മേരേ പാസ്സ് ചീപ്പ് റേറ്റ് ബ്രാന്‍ഡഡ് അണ്ടര്‍വെയേര്‍സ് ബീ ഹേ.'
അണ്ടര്‍വെയറിന്റെ അര്‍ത്ഥം കൃത്യമായി മനസ്സിലായ അമ്മക്ക് അപകടം മണത്തു.
യെവന്റെ ഉദ്ദേശം പീഡനം തന്നെ! കര്‍ത്താവേ, കാത്തോണേ.
പണ്ട് പഠിച്ച ഹിന്ദി അക്ഷരമാലകളും ചിത്രഹാറിലെ ചില പ്രത്യേക വാക്കുകളും അമ്മയുടെ തലച്ചോറിലൂടെ പാറി പറക്കാന്‍ തുടങ്ങി.
അവസാനം ആക്ഷനോട് കൂടെ തന്നെ അമ്മ വരാന്തയില്‍ നിന്നുകൊണ്ട്, കൈ പുറത്തേക്ക് നീട്ടിപ്പിടിച്ച് കോപാക്രാന്തയായി അമ്മ അവനോട് ഇങ്ങനെ അലറി :
'തും ഇദര്‍ ആവോ ടാ. ഇദര്‍ ആവോ ടാ പട്ടീ. ഈ ഗേറ്റ്‌ന് ഇദര്‍ ആവോ ടാ.'
സന്തോഷത്തോടെ പയ്യന്‍ അകത്തേക്ക് കയറാന്‍ ഒരുങ്ങി.
'തും കുത്താ ക ബച്ചാ. എറങ്ങി പോടാ എന്റെ വീട്ടീന്ന്.'
സെയില്‍സ്മാന്‍ നിക്കണാ പോണാ എന്ന എക്‌സ്പ്രഷനോടെ അവിടെ തന്നെ നിക്കുമ്പോഴാണ് എന്റെ വരവ്.
എന്നെ കണ്ട അമ്മക്കും ആശ്വാസം, അയാള്‍ക്കും ആശ്വാസം.
'അരേ ബഹന്‍, യേ മാഡം പാഗല്‍ ഹേ ക്യാ? മുജേ ടര്‍ ഹോ രഹാ ഹേ. ആപ് പ്ലീസ് ഉസേ അന്തര്‍ ലേകേ ജാവോ.'
അവനവിടുന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടു. അമ്മ കള്ളനെ ഹിന്ദി പറഞ്ഞ് ഓടിപ്പിച്ചു എന്ന അഹങ്കാരത്തില്‍ അകത്തേക്ക് കയറി. എനിക്കാണേല്‍, ഹിന്ദി പറയാനൊരു അവസരം കിട്ടിയതുമില്ല.
ഗുണപാഠം: every action has an Opposite reaction. So.....ഒരു പ്രവര്‍ത്തിയും ചെയ്യാതെ കിടന്നുറങ്ങിയാല്‍ ഈ ഓപ്പോസിറ്റ് സംഭവങ്ങളൊക്കെ ഒഴിവാക്കാം.
ടുലുനാടന്‍ കഥകള്‍: ഇവിടെ ക്ലിക്ക് ചെയ്താല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല!