ഹൃദയസ്പര്‍ശിയായ ഒരു ഹോസ്പിറ്റല്‍ അനുഭവം. ശിബി വിപി എഴുതുന്നു
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്
undefined
ഡോക്ടറെ കണ്ടു മടങ്ങിപോരാമെന്നു കരുതിയ ദിവസം. അഡ്മിറ്റ് ചെയ്യണമെന്നും യൂട്രസിലെ ഫ്‌ളൂയിഡ് പൊട്ടിപ്പോവാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. എനിക്ക് വേദനയോ അസ്വസ്ഥതയോ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ഒട്ടും ആശങ്ക തോന്നിയില്ല.
സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ അമ്മയുടെ കയ്യില്‍ ഊരി കൊടുത്തു. പുതിയ നൈറ്റിയിട്ടു. പിന്നിക്കെട്ടിയ മുടി അമ്മ ഒതുക്കി തന്നു. ചിരിച്ചുകൊണ്ടാണ് ഞാന്‍ ലേബര്‍റൂമിലേക്ക് കേറിപോയത്. പാവം എനിക്കെന്തറിയാം!
അതു വേദനയുടെ മാത്രം ലോകമായിരുന്നു. കരച്ചിലുകള്‍ക്കും നിലവിളികള്‍ക്കും മാത്രം ഇടമുള്ള മുറി. യൂട്രസ് വികസിച്ചാലേ കുഞ്ഞു പുറത്തേക്ക് വരൂ. അതിനുവേണ്ടി യൂട്രസിനകത്തേക്ക് ട്യൂബിടണമെന്നു പറഞ്ഞപ്പോള്‍ ഭയം ശരീരത്തിലാകെ അരിച്ചു കയറി.
ട്യൂബിടാനായി ഒരോരുത്തരെ കയറ്റി. അവരുടെ വേദനയുടെ ഞരക്കങ്ങള്‍ എനിക്ക് പുറത്തേക്കു കേള്‍ക്കാമായിരുന്നു. ചൂരലടിക്കു കാത്തുനില്‍ക്കുന്ന ഒരു കുട്ടിയെപ്പോലെ ഞാന്‍ പേടിച്ചുവിറച്ചുകൊണ്ടിരുന്നു.
രക്ഷപ്പെടാന്‍കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. ഒഴിഞ്ഞുമാറാന്‍ കഴിയാത്തൊരിടമാണ് അതെന്നുഞാന്‍ എന്നെ പറഞ്ഞു മനസ്സിലാക്കി. ഈ വേദന സഹിച്ചേ മതിയാകൂ. ഞാന്‍ എനിക്കു ധൈര്യം നല്‍കി.
ട്യൂബിടുമ്പോള്‍ ഭയവും വേദനയും എന്നെ ബോധരഹിതയാക്കി. നേഴ്‌സ് മുഖത്തുതട്ടി ധൈര്യം തന്നുകൊണ്ടിരുന്നു. കവിളിലൂടെ ഊര്‍ന്നിറങ്ങുന്ന കണ്ണുനീര്‍ രണ്ടുകൈകൊണ്ടും തുടച്ചുകൊണ്ടാണ് ഞാന്‍ ഇറങ്ങി പോന്നത്. അന്നെനിക്ക് ഇരുപതു വയസ്സ്. പാവം, എനിക്കെന്തറിയാം?
വിവാഹത്തോടും ലൈംഗികതയോടും കടുത്ത വെറുപ്പ് തോന്നിയ നിമിഷം!
അധികം വൈകാതെ നട്ടെല്ലു മുഴുവന്‍ വേദന പടര്‍ന്നു കൊണ്ടിരുന്നു. ഇരിക്കാനും നില്‍ക്കാനും കഴിയാതെയായി. യോനീഭാഗം മുഴുവന്‍ വേദന സ്വന്തമാക്കി. അരക്കെട്ടുതാഴെ മുറിഞ്ഞു പോയപോലെ തോന്നി. കാലുകള്‍ കടഞ്ഞു കയറി. നൂല്‍ക്കമ്പികള്‍കൊണ്ട് കുത്തേല്‍ക്കുന്ന നീറ്റല്‍ ശരീരമാകെ പടര്‍ന്നു കയറി.
ഓരോ വേദനയിലും ഞാന്‍ കൂടുതല്‍ കൂടുതല്‍ ഞെട്ടി. ഉറങ്ങാന്‍ കഴിയാതെ ഞരങ്ങിയും മൂളിയും കരഞ്ഞും ഞാന്‍ പുലര്‍ച്ചയാക്കി. ഇപ്പൊ പ്രസവിക്കും എന്ന മട്ടില്‍ ഞാന്‍ നിലവിളിക്കുമ്പോഴും 'ആയിട്ടില്ല ' എന്നൊരൊറ്റ വാക്കുകൊണ്ട് അവരെന്നെ വീണ്ടും വേദനയ്ക്ക് കൊടുത്തു. ചുവന്ന ചുണ്ടുകളില്‍ വേദനയുടെ കറുപ്പ് പറ്റികിടന്നു. വെളുത്ത മുഖം ഇരുണ്ടു. നേരാനേരത്തിനു കൊണ്ടുതരുന്ന ഒരു ഭക്ഷണവും ഞാന്‍ കഴിച്ചില്ല. വേദന തിന്നു കിടന്നു. രാവിലെ ഡോക്ടര്‍ വിരലുകള്‍ ആഴങ്ങളിലിട്ടു കുത്തി പരിശോധിച്ചപ്പോള്‍ ഞാന്‍ കരഞ്ഞില്ല. ഒച്ചയിട്ടില്ല. ഒന്നു ഞരങ്ങിയതുകൂടിയില്ല. ഞാന്‍ മരിക്കാറായി എന്നെനിക്കു തോന്നി. അതോ ഞാന്‍ മരിച്ചു കഴിഞ്ഞോ? എന്തോ ഒരു ഫ്‌ലൂയിഡ് ഒലിച്ചിറങ്ങികൊണ്ടിരുന്നു.
എനിക്കൊന്നും മനസ്സിലായില്ല. ഡോക്ടര്‍ പെട്ടന്ന് സീസേറിയന്‍ ചെയ്യാന്‍ തീരുമാനിച്ചു. വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു മാറ്റിയപ്പോള്‍ എന്റെ നഗ്‌നത എല്ലാവരും കണ്ടതില്‍ എനിക്ക് ലജ്ജ തോന്നിയില്ല. വേദനയേക്കാള്‍ വലിയ വികാരമില്ല. മരിക്കാന്‍ കിടക്കുന്നവള്‍ക്ക് എന്ത് ലജ്ജ? എന്ത് നാണം?
വീട്ടുകാര്‍ക്കെന്നെ കാണിച്ചു കൊടുത്തപ്പോള്‍ ചിരിക്കാനോ കരയാനോ കഴിയാത്തവിധം ഞാന്‍ മരവിച്ചുപോയിരുന്നു. അനസ്‌തെറ്റിസ്റ്റ് എന്നെ വളച്ചു കിടത്തി. നടുവില്‍ കുത്തി.
'പേടിക്കണ്ട ശിബീ' ഡോക്ടര്‍ കവിളില്‍ തട്ടി.
എല്ലാം പെട്ടെന്നായിരുന്നു. ആണ്‍കുഞ്ഞാണെന്നു പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമോ സങ്കടമോ തോന്നിയില്ല. എന്റെ ജീവന്‍ തിരിച്ചു കിട്ടിയതില്‍ അല്‍പ്പം സമാധാനം തോന്നി. പിന്നീടുള്ള ദിവസങ്ങള്‍ കഠിനമായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ കഴിയാത്ത ഞാന്‍. അരികില്‍ കാറി കരയുന്ന കുഞ്ഞ്. കുഞ്ഞിനു കൊടുക്കാന്‍ ഒരിറ്റു പാലുപോലും ഇല്ലാത്ത എന്റെ തെറിച്ച മുലകള്‍. തുന്നിക്കൂട്ടിയ വയര്‍. ചിരിക്കാനോ ചുമക്കാനോ തുടങ്ങുമ്പോള്‍ അടിവയറ്റിലെ നീണ്ടമുറിവും തുന്നും ഓര്‍മവരും. ചിരിയെ ഞാന്‍ ഉമിനീരിനൊപ്പം ഇറക്കി വിടും. ചുമയെ തൊണ്ടയില്‍ ഒളിപ്പിച്ചുവെക്കും.
വേദന തിന്നും കുടിച്ചും കഴിഞ്ഞു കൂടിയ കുറച്ചു ദിവസങ്ങള്‍. അതിനൊപ്പം എഴുതാന്‍ കഴിയാതെപോയ എന്റെ ഫോര്‍ത്ത് സെമസ്റ്റര്‍ പരീക്ഷകള്‍. മുടങ്ങി പോകുന്ന ലാസ്റ്റ് ഇയര്‍ ക്ലാസുകള്‍. പഠിക്കാന്‍ കുന്നുകൂടുന്ന പാഠപുസ്തകങ്ങള്‍. എല്ലാറ്റിന്റെയും ഇടയില്‍ ഒരു ഇരുപതു വയസ്സുകാരി.
'അമ്മ 'എന്ന വാക്കു ചെറുതാണ്. പക്ഷേ അതു നല്‍കുന്ന അനുഭവങ്ങളും അനുഭൂതികളും വലുതാണ്. ഭയത്തോടെ മാത്രമേ എനിക്കിന്നും ആ ദിവസങ്ങളെ ഓര്‍ത്തെടുക്കാന്‍ കഴിയാറുള്ളു.