എല്ലുകള്‍ ഒരുമിച്ച് ഒടിയുന്ന വേദന, അലറിക്കരയുന്നതിനിടെ കേട്ടു, മോന്റെ കരച്ചില്‍...

By Hospital Days  |  First Published Dec 10, 2022, 5:51 PM IST

വേദന കടിച്ചമര്‍ത്തി കിടക്കുമ്പോളും ആ കണ്ണുകളില്‍ നിറയുക പത്തുമാസമായി തന്റെ കുഞ്ഞിനെ കാണാന്‍ കൊതിച്ചുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്ന സന്തോഷമാണ്.


ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

 

Latest Videos

undefined


ഓര്‍ക്കുമ്പോള്‍ എപ്പോഴും ഒരു വേദന നിറഞ്ഞ സന്തോഷം ആണ് ഓരോ സ്ത്രീകള്‍ക്കും അവരുടെ പ്രസവവേദന. അമ്മ ആകുന്ന ആ നിമിഷം. 

വേദന കടിച്ചമര്‍ത്തി കിടക്കുമ്പോളും ആ കണ്ണുകളില്‍ നിറയുക പത്തുമാസമായി തന്റെ കുഞ്ഞിനെ കാണാന്‍ കൊതിച്ചുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്ന സന്തോഷമാണ്. കുഞ്ഞിനെ ഒന്ന് മാറോടു ചേര്‍ത്ത് വെച്ച് അവന്റെ കവിളില്‍ ഉമ്മവെക്കാനും കുഞ്ഞു വിരലുകളില്‍ തലോടാനും ഉള്ള ആവേശവും കൊതിയും. സുഖപ്രസവം എന്നാണ് പറയുന്നതെങ്കിലും ആ നിമിഷങ്ങള്‍ ഒട്ടും സുഖമുള്ളതായിരുന്നില്ല. 

എല്ലുകള്‍ എല്ലാം ഒരുമിച്ച് ഒടിയുന്ന വേദന. അലറിക്കരഞ്ഞുപോകാതിരിക്കാന്‍ ഹോസ്പിറ്റല്‍ ബെഡിന്റെ റെയ്ല്‍സില്‍ മുറുകെ പിടിച്ചുകൊണ്ട് വേദന കടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വേദന സഹിക്കാന്‍ പറ്റുന്നില്ലലോ ദൈവമേ എന്ന് ചിന്തിച്ച നിമിഷം കേട്ടു, അവന്റെ കരച്ചില്‍. അതെ, പത്തുമാസമായി കൊതിയോടെ കാത്തിരിക്കുന്ന കുഞ്ഞ് ഭൂമിയില്‍ വന്നു പിറന്നിരിക്കുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. സഹിച്ച വേദനയോര്‍ത്തല്ല, തന്റെ കുഞ്ഞിനെ കാണാന്‍ പോകുന്ന സന്തോഷത്താലുള്ള കണ്ണീര്. 

പൊക്കിള്‍കൊടി മുറിച്ചു മാറ്റിയ ശേഷം ഒരു മാലാഖ ഇത്തിരിപ്പോന്ന അവനെ മാറത്തേക്കു കിടത്തി. മാതൃത്വം എന്ന അനുഭൂതിയില്‍ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നത് അവള്‍ അറിഞ്ഞില്ല. പെട്ടെന്ന് ഒരു മാലാഖ അടുത്തെത്തി ചോദിച്ചു, എന്തിനാ കരയുന്നത്, എല്ലാം കഴിഞ്ഞല്ലോ, വേദനയുണ്ടോ? ഇന്‍ജക്ഷന്‍ എടുക്കണോ? 

'വേണ്ട, വേദനയില്ല സിസ്റ്റര്‍' എന്ന് പറഞ്ഞു ജീവന്റെ ജീവനെ മാറിലേക്ക് ചേര്‍ത്ത് കിടത്തി. തലയില്‍ തലോടി ഉമ്മകൊടുക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷമായിരുന്നു മനസ്സില്‍. 

'അമ്മ...അതെ ഞാനൊരു 'അമ്മ' ആയിരിക്കുന്നു.

എന്തെല്ലാമോ ചിന്തിച്ച് അവനെ തലോടി കിടന്നപ്പോള്‍ ഒരു നഴ്സ് അടുത്തേക്ക് ഒരു ഫോണും ആയി എത്തിയിട്ട് പറഞ്ഞു, ഹസ്ബന്റിനോട് വിളിച്ചു പറയൂ, അവരെല്ലാം കാത്തിരിക്കുകയല്ലേ...

അതെ കാത്തിരിക്കുകയാണ്. ലേബര്‍ റൂമിലേക്ക് കയറ്റിയിട്ട് 37 മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. ഇടക്കിടക്ക്  ഫോണിലൂടെ വിളിച്ചു വിവരങ്ങള്‍ അറിയുന്നുണ്ടെങ്കിലും ഒന്ന് കാണാന്‍ കഴിയാത്ത ടെന്‍ഷന്‍ ഉണ്ടാകും കെട്ട്യോനും അമ്മിച്ചിക്കും. ഹോസ്പിറ്റലില്‍ കൊണ്ടാക്കിയിട്ട് പോകേണ്ടി വന്ന വിഷമവും കാണും രണ്ടു പേര്‍ക്കും- ഓര്‍ത്തു.

നാട്ടിലെ പോലല്ലോ, ആര്‍ക്കും കൂടെ നില്‍ക്കാന്‍ പറ്റില്ല ഇവിടെ ഹോസ്പിറ്റലില്‍. അതിന്റെ വിഷമവും കാണും അമ്മിച്ചിക്ക്. പാവം! ഫോണ്‍ കയ്യില്‍ എടുത്ത് കെട്ട്യോന്റെ നമ്പര്‍ ഡയല്‍ ചെയ്തു. മറുവശത്തു നിന്നും പറഞ്ഞ ഹലോ കേട്ടപ്പോള്‍ തന്നെ മനസിലായി, വിവരങ്ങള്‍ ഒന്നും അറിയാത്ത ടെന്‍ഷന്‍ ഉണ്ട് ആ ശബ്ദത്തിലെന്ന്.

''ഞാനാ, ഡെലിവറി കഴിഞ്ഞു, ടെന്‍ഷന്‍ അടിക്കേണ്ട. കുഴപ്പൊന്നും ഇല്ല'

എന്ത് പറയണമെന്ന് അറിയാത്തതു കൊണ്ടാണോ, സന്തോഷം കൊണ്ടാണോ, അവന്റെ ഭാഗത്തു നിന്ന് കുറെ ചോദ്യങ്ങള്‍ ആയിരുന്നു മറുപടി. 'നിനക്കും കുഞ്ഞിനും സുഖാണോ? നോര്‍മല്‍ ആയിരുന്നോ? കുഞ്ഞ് എവിടെയാ? നിന്റെ അടുത്തുണ്ടോ? അവന്‍ ആരെ പോലെയാ ഇരിക്കുന്നേ? എന്നെ പോലാണോ? നിന്നെ പോലാണോ? എപ്പോഴാ എനിക്ക് കാണാന്‍ പറ്റുക?'

സന്തോഷം കൊണ്ട് അവന്‍ കരച്ചിലിന്റെ വക്കിലെത്തിയോ എന്ന് തോന്നി. 'ടെന്‍ഷന്‍ ആകേണ്ട, ഞങ്ങള്‍ രണ്ടു പേരും സുഖായിട്ടിരിക്കുന്നു. അവന്‍ ദേ, എന്റെ നെഞ്ചത്ത് കിടപ്പുണ്ട്. .അമ്മിച്ചി എവിടെ?'-ചോദിച്ചു. 

അവിടെ തന്റെ മകളോട് ഒന്ന് സംസാരിക്കാന്‍ ആ അമ്മ കാത്തിരിക്കുകയാണെന്ന് അവള്‍ക്കറിയാം. ഫോണ്‍ എടുത്ത ഉടനെ അമ്മ ചോദിച്ചു, 'എന്താ മോനെ ഇത്ര നേരായത് എന്താ? എന്താ പറ്റിയത്? കുഞ്ഞ് എവിടെയാ?'-ആ സ്വരത്തില്‍ ഒരു അമ്മയുടെ സ്‌നേഹം തുളുമ്പുന്ന ആകുലതകളായിരുന്നു.

'ഒന്നും ഇല്ല അമ്മേ, ടെന്‍ഷന്‍ ആകേണ്ട. ഞാനും കുഞ്ഞും സുഖമായിട്ടിരിക്കുന്നു. ഇപ്പോഴാ ഡെലിവറി കഴിഞ്ഞത്.' 

ഈ സംഭാഷണം കേട്ടിട്ടായിരിക്കണം അടുത്തുണ്ടായിരുന്ന നഴ്സ് പറഞ്ഞു. ഇപ്പോ ഇങ്ങോട് വരണ്ടാന്നു ഹസ്ബന്റിനോട് പറയു. ഇവിടെ കയറ്റി കാണിക്കില്ല. റൂമിലോട്ട് മാറ്റിയാല്‍ മാത്രമേ നിങ്ങളെ കാണിക്കൂ. ഇത് ഹസ്ബന്റിനോട് പറഞ്ഞപ്പോള്‍ അവനുണ്ടായ വികാരം ദേഷ്യമായിരുന്നോ അതോ നിരാശ ആയിരുന്നോ എന്ന് അറിയില്ല. 

റൂം കിട്ടാത്തത് കൊണ്ട് പിന്നെയും ലേബര്‍ റൂമില്‍ എത്ര മണിക്കൂര്‍ കൂടി കഴിച്ചു കൂട്ടേണ്ടി വരുമെന്ന് അന്നേരം അറിയില്ലായിരുന്നു. ജീവന്റെ ജീവനെ അവള്‍ കൗതുകത്തോടെ നോക്കി കണ്ടിരുന്നത് കൊണ്ടായിരിക്കണം സമയം പോയത് അറിഞ്ഞില്ല.

രാത്രി ആയി റൂം കിട്ടിയപ്പോള്‍. ലേബര്‍ റൂമില്‍ നിന്നും അവരെ വാര്‍ഡിലേക്ക് മാറ്റി.

വീട്ടില്‍ നിന്ന് അമ്മിച്ചിക്കും കെട്യോനും വന്നു. കൊച്ചിനെ കാണണമെങ്കില്‍ രാവിലെ 8 മണി ആകണം. സമയം പോകാത്തതു പോലെ. കുഞ്ഞു നിര്‍ത്താതെ കരയുന്നു. പാല്‍ കുടിച്ചിട്ടും കരച്ചില്‍ നിര്‍ത്തുന്നില്ല. വേദന ഉള്ളത് കൊണ്ട് എടുത്തു കൊണ്ട് നടക്കാനും പറ്റുന്നില്ല. എന്താ ചെയ്യണ്ടത് അറിയില്ല. എന്തിനാ ഇവന്‍ കരയുന്നത്. മനസിലാകുന്നില്ലലോ ദൈവമേ...അമ്മയാണ് ഇപ്പോള്‍ .കുഞ്ഞിന്റെ കരച്ചില്‍ മാറ്റിയേ പറ്റൂ. വേദന സഹിച്ച് കുഞ്ഞിനെ കൈയില്‍ എടുത്ത് ഹോസ്പിറ്റലില്‍ ബെഡിനു ചുറ്റും നടന്നും പാലു കൊടുത്തും നേരം വെളുപ്പിച്ചു.

ഹോ, സമയം 8 മണി ആയി. ഇപ്പോ കുഞ്ഞിനെ കാണാന്‍ അപ്പനും അമ്മൂമ്മയും എത്തും.

ദേ എത്തിയല്ലോ അവര്‍! ആ മുഖങ്ങളില്‍ കുഞ്ഞിനെ ഒന്ന് കാണാനും കൈയില്‍ എടുക്കാനും ഉള്ള ആകാംക്ഷ. അമ്മിച്ചി ഓടി വന്നു കുഞ്ഞിനെ എടുത്തു. പേരക്കുട്ടിയെ കൈയില്‍ എടുത്ത സന്തോഷം. അവര്‍ എത്തിയത് കൊണ്ടായിരിക്കും കുറച്ചു ആശ്വാസമായി.

അപ്പന്റെ മുഖത്തു കുഞ്ഞിനെ കണ്ട സന്തോഷം ആണ്. തന്റെ ചോരയാണ്. അമ്മിച്ചി കുഞ്ഞിനെ നന്നായി പൊതിഞ്ഞു കൈയിലേക്ക് കൊടുത്തു. ആദ്യമായ് ഒരു പൊടിക്കുഞ്ഞിനെ കയ്യില്‍ എടുക്കുന്ന കൊണ്ടുള്ള പേടിയും തന്റെ കുഞ്ഞിനെ കൈയില്‍ എടുത്ത സന്തോഷത്തിന്റെ തിളക്കവും ആ കണ്ണുകളില്‍ കാണാം 

അവന്‍ കുഞ്ഞിനെ കൈയില്‍ ആദ്യമായി കയ്യിലെടുത്ത നിമിഷം ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ അവള്‍ മറന്നില്ല.

സമയം പെട്ടെന്ന് മുന്നോട്ടു പോയി. ഡിസ്ചാര്‍ജ് ഇന്നില്ല നാളെ ഉണ്ടാകും' നഴ്സ് പറഞ്ഞു. വിസിറ്റിംഗ് ടൈം കഴിഞ്ഞു എന്നു നഴ്സ് വന്നു പറഞ്ഞപ്പോള്‍ സങ്കടം വന്നു. അമ്മിച്ചിയുടെയും കണ്ണ് നിറയുന്നുണ്ട്. മകളെയും കുഞ്ഞിനേയും തനിച്ചാക്കി പോകണ്ടി വരുമല്ലോ എന്നോര്‍ത്തായിരുന്നു അത്. ആ വിഷമം കണ്ടിട്ടായിരിക്കണം, അവന്‍ പറഞ്ഞു എന്തിനാ വിഷമിക്കുന്നത് നാളെ ഡിസ്ചാര്‍ജ് ആകുമല്ലോ, നാളെ വീട്ടിലേക്ക് പോകാമല്ലോ.

അന്ന് രാത്രിയും അവസ്ഥ മുമ്പത്തേത് പോലെ തന്നെ. കരച്ചില്‍ നിര്‍ത്താത്ത കുഞ്ഞിനെ എടുത്ത് കൈയില്‍ പിടിച്ചുകൊണ്ട് നേരം വെളുപ്പിച്ചെടുത്തു. പ്രതീക്ഷിച്ചതിനു വിപരീതമായിരുന്നു അന്ന് സംഭവിച്ചത്. കുറച്ചു ബ്ലഡ് റിസള്‍ട്‌സ് വരാനുണ്ട്, ഇന്ന് ഡിസ്ചാര്‍ജില്ല, നാളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ നോക്കാം എന്നു ഡോക്ടര്‍ പറഞ്ഞപ്പോ കുഞ്ഞിനേയും എടുത്ത് ഹോസ്പിറ്റലില്‍ നിന്ന് ഓടിപോയാലോ എന്ന് അവള്‍ക്കു തോന്നി. 

കുറച്ചു കഴിഞ്ഞു ഒരു നഴ്സ് എത്തി കുഞ്ഞിന് വാക്സിന്‍ എടുക്കാന്‍ എടുത്തിട്ട് പോയി. പുറകെ ചെന്ന് എങ്കിലും അവര്‍ അകത്തേക്ക് കയറ്റിയില്ല. റൂമിനു പുറത്തു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. കുഞ്ഞിന്റെ കരച്ചില്‍ അമ്മമാര്‍ക്കു സഹിക്കാന്‍ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ടായിരിക്കാം.

അകത്തു നിന്നും കുഞ്ഞു കരയുന്നത് കേട്ടു. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞു ജനിച്ചു വീഴുന്ന നിമിഷം മാത്രമെ അവന്റെ കരച്ചിലില്‍ സന്തോഷം തരുന്നതായി തോന്നുകയുള്ളൂ. പിന്നീട് എപ്പോഴും അവന്റെ കരച്ചില്‍ ഹൃദയത്തില്‍ മുള്ളുകൊണ്ട് കുത്തുന്ന വേദന ഉണ്ടാക്കും എന്നു അവള്‍ ആ നിമിഷം മനസിലാക്കി. ഒരു നഴ്സ് ആയിരുന്നിട്ടു പോലും ഹോസ്പിറ്റല്‍വാസം ബുദ്ധിമുട്ടുള്ള ഒന്നായിട്ട് തോന്നി.

എങ്ങിനെയൊക്കെയോ പിന്നെയും ഒരു ദിവസം കഴിച്ചു കൂട്ടി.

രാവിലെ തന്നെ അവനും അമ്മിച്ചിയും എത്തി. അവരെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്ക് കൊണ്ട് പോയി.

വീട്ടില്‍ എത്തിയതിന്റെ സന്തോഷമോ സമാധാനമോ .. എന്തോ ഒന്ന് മുഖത്തു കാണുന്നുണ്ട്. ചിലപ്പോള്‍ 'അമ്മ കൂടെയുണ്ട്'എന്ന ധൈര്യമായിരിക്കാം. ഡെലിവറി അടുക്കുമ്പോളും ഡെലിവറി കഴിയുമ്പോളും എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്നത് അവരുടെ അമ്മ കൂടെ ഉണ്ടാകണം എന്നു തന്നെ ആയിരിക്കും  

അമ്മ അടുത്തുള്ളത് വല്യ ആശ്വാസമായിത്തോന്നി. ദിവസങ്ങള്‍ കഴിഞ്ഞുപോയി. അമ്മിച്ചി പേരക്കിടാവിനെ കുളിപ്പിക്കുന്നതും താലോലിക്കുന്നതും താരാട്ടുപാടുന്നതും ഒക്കെ എന്‍ജോയ് ചെയ്യുകായിരുന്നു.

ദിവസങ്ങള്‍ എത്ര പെട്ടെന്നാണു മുന്നോട്ട് പോകുന്നത്. 40 ദിവസത്തെ മെറ്റേണിറ്റി ലീവ് കഴിഞ്ഞു. ജോലിയില്‍ തിരിച്ചു പ്രവേശിക്കണ്ട ദിവസമായി. കൈക്കുഞ്ഞിനെ വീട്ടിലാക്കി പോകുമ്പോളും ധൈര്യമായിരുന്നത് അമ്മയുടെ സാന്നിധ്യം തന്നെ ആയിരുന്നു. ''മോളെ സൂക്ഷിക്കണേ, ഡെലിവറി കഴിഞ്ഞിട്ട് കുറച്ചു ദിവസല്ലേ ആയിട്ടുള്ളൂ'-.അത് ഒരു അമ്മയുടെ സ്‌നേഹത്തിന്റെ ശബ്ദമാണ്.

അങ്ങനെ, ദിവസങ്ങള്‍, മാസങ്ങള്‍ പെട്ടെന്ന് കടന്നു പോകുകയാണ്.

click me!