ഹാത്രസ് ദുരന്തം; ഉറ്റവരെ കാത്ത് ജില്ലാ ആശുപത്രിക്ക് മുന്നിലെ ആൾക്കൂട്ടം, പാടത്ത് ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകൾ

By Dhanesh RavindranFirst Published Jul 4, 2024, 6:42 PM IST
Highlights

സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഹാത്രസിലെ സിക്കന്ദർ റൗവിലെ ദുരന്തഭൂമിയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍റെ ഗ്രൌണ്ട് റിപ്പോര്‍ട്ട് വായിക്കാം. 


80,000 പേര്‍ക്ക് അനുമതിയുണ്ടായിരുന്നിടത്ത് പങ്കെടുത്തത് രണ്ടരലക്ഷം പേര്‍. ആത്മീയ ശാന്തിക്കായി ഹാത്രസിലേക്കെത്തിയ ആ ലക്ഷം പേരില്‍ പലര്‍ക്കും ആത്മീയ ശാന്തിക്ക് പകരം ലഭിച്ചത് ഉറ്റവരുടെ മൃതദേഹങ്ങള്‍. ഒന്നും രണ്ടുമല്ല 121 പേരാണ് പുറകേ ഓടിയെത്തിയ ആള്‍ക്കുട്ടത്തിന്‍റെ ചവിട്ടേറ്റ് മരിച്ച് വീണത്. അതിലുമിരട്ടി പേര്‍ ഒടിവും ചതവും അടക്കമുള്ള പരിക്കുകള്‍ക്ക് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും അനുവധിക്കപ്പെട്ടതിനേക്കാള്‍ ഇരട്ടിയിലേറെ പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ ഭോലെ ബാബയെ മഷിയിട്ട് നോക്കിയിട്ടും കാണാനില്ലെന്ന് യുപി പോലീസ് പറയുന്നു. അദ്ദേഹത്തിന്‍റെ പേര് എഫ്ഐആറിലുമില്ല. 

പ്രകൃതിയുടെ കണ്ണീരെന്ന പോലെ ഇന്നലെ പെയ്തൊഴിഞ്ഞ മഴ വെള്ളം കെട്ടിക്കിടക്കുകയാണ് ഹാത്രസിലെ സിക്കന്ദർ റൗവിലെ ദുരന്തഭൂമിയില്‍. ഉപേക്ഷിക്കപ്പെട്ട ചെറുതും വലുതുമായ അനേകം ചെരുപ്പുകൾ, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ബാഗുകൾ, തിരിച്ചറിയൽ കാർഡുകൾ, ഭക്ഷണം... അങ്ങനെ ഒരു ജനക്കൂട്ടം കൈയില്‍ കരുതിയതെല്ലാം ആ ദുരന്തഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. എല്ലാം ചിതറി കിടക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്‌. സംഭവത്തിൽ 'സത്സംഗം'  സംഘാടകരായ ട്രസ്റ്റിനെതിരെയും ഭാരവാഹികൾക്കെതിരെയും മാത്രമാണ് യുപി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

Latest Videos

എഫ് ഐആറിൽ പോലും ഭോല ബാബെയുടെ പേര് ചേർത്തിട്ടില്ല. ഇയാൾ നിലവിൽ ഒളിവിലാനെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബാബയ്ക്കായി ആശ്രമത്തിലടക്കം പൊലീസ് പരിശോധന നടത്തിയെന്ന് അവകാശപ്പെടുന്നു. ഇത്രയേറെ ജീവനുകള്‍ ചവിട്ടിമെതിക്കപ്പെടാന്‍ കാരണമായി പോലീസ് പറയുന്നത് ആത്മീയ നേതാവായ ഭോലെ ബാബ വേദി വിട്ടിറങ്ങി കാറില്‍ കയറി പോയപ്പോള്‍ കാറിലെ ടയറിന് അടിയില്‍ നിന്നും ഉയര്‍ന്ന മണ്ണ് ശേഖരിക്കാനായി ആളുകള്‍ തിക്കിത്തിരക്കിയതാണെന്നാണ്. 

പൊലീസിൽ കോൺസ്റ്റബിളില്‍ നിന്ന് ആത്മീയ പ്രഭാഷകനിലേക്ക്; ആരാണ് ഭോലെ ബാബ?

മണ്ണ് ശേഖരിക്കാനായി ആദ്യമിരുന്ന ആളുകളെ ചവിട്ടിയിട്ട് പുറകേ വന്ന ആളുകള്‍ മുന്നോട്ട് പോയി. ചവിട്ട് കൊണ്ട് വീണവരുടെ മേലെ വീണ്ടും വീണ്ടും ചവിട്ടേറ്റു. ബാബയുടെ പ്രഭാഷണം കേള്‍ക്കാനായി കൂടുതലും തടിച്ച് കൂടിയത് സ്ത്രീകളും കുട്ടികളുമായിരുന്നതിനാല്‍ മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും തന്നെ. രണ്ടരലക്ഷം ആളുകള്‍ പങ്കെടുത്ത പരിപാടിയായിരുന്നിട്ടും കാര്യമായ പോലീസ് സാന്നിധ്യം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷികള്‍  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മരിച്ചവരില്‍ 20 ഓളം പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഹാത്രസിലെ ജില്ലാ ആശുപത്രിയ്ക്ക് മുന്നില്‍ ഇപ്പോഴുമുണ്ട് ചെറിയൊരു ആള്‍ക്കൂട്ടം. പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് വിളിക്കുമ്പോള്‍ ഓരോരുത്തരായി തങ്ങളുടെ ബന്ധുക്കളാണോ എന്നറിയാന്‍ അകത്തേക്ക് കയറും. നിറഞ്ഞ കണ്ണുകളുമായി അവര്‍ ഇറങ്ങി വരുന്ന കാഴ്ചയാണ് ഇപ്പോഴും ഈ ആശുപത്രിക്ക് മുന്നിലുള്ളത്.  മക്കള്‍ നഷ്ടപ്പെട്ടവര്‍, ഭാര്യയെ നഷ്ടമായവര്‍, മക്കളെ നഷ്ടമായവര്‍... അങ്ങനെ രക്തബന്ധങ്ങളുടെ മൃതദേഹത്തിനായി ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ കാത്തുനില്‍ക്കുകയാണ് ആ ആള്‍ക്കൂട്ടം ഇപ്പോഴും. ഭോലെ ബാബയ്ക്ക് ഒപ്പമുള്ളവരും അപ്പോഴും ഒളിവിൽ തന്നെ. കേസില്‍ പ്രതിപട്ടികയില്‍ ഒന്നാമതുള്ള മുഖ്യ സംഘാടകൻ ദേവപ്രകാശ് മധുകറും ഒളിവിലാണെന്ന് യുപി പോലീസ് ആവര്‍ത്തിക്കുന്നു. സിക്കന്ദർ റൗവിലെ പാടത്ത് അനാഥമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കും കുഞ്ഞിച്ചെരിപ്പുകള്‍ക്കും മീതെ വീണ്ടും മഴ പെയ്ത് തുടങ്ങിയിരിക്കുന്നു. 

click me!